സ്നേഹദൂരം.....💜: ഭാഗം 5

snehadooram

എഴുത്തുകാരി: റിൻസി പ്രിൻസ്

എന്ത് ഒരു മഹാപാപമാണ് താൻ ഈ നിമിഷം ചിന്തിച്ചു കൂട്ടി കൊണ്ടിരിക്കുന്നത് എന്ന് അവൾ വീണ്ടും മനസ്സിന് ശകാരിക്കുന്നുണ്ടായിരുന്നു...... പക്ഷേ എത്ര ശ്രെമിച്ചിട്ടും മനസ്സ് കടിഞ്ഞാണില്ലാതെ പായുകയാണ്...... അടക്കി നിർത്താൻ പലവുരു പണിപ്പെട്ടിട്ടും സാധിക്കാത്ത ഒരു മനസും ബുദ്ധിയും ആയിരുന്നു അവളിൽ ആ നിമിഷം ആധിപത്യം ഉറപ്പിച്ചിരുന്നത്..... തൻറെ മനസ്സിനുള്ളിൽ എന്താണെന്ന് ഓർത്ത് അവൾ സ്വയം പഴിക്കാൻ തുടങ്ങിയിരുന്നു...... ഹരി ചേട്ടനെ പറ്റി അങ്ങനെ ചിന്തിക്കാൻ പാടില്ല.......... പെട്ടെന്ന് തന്നെ ഫോൺവിളി തീർത്തു ഹരി അകത്തേക്ക് വന്നിരുന്നു...... "എന്നിട്ട്......... നിൻറെ കോളേജിലെ വിശേഷങ്ങളൊക്കെ പറ.......

ആദ്യമായിട്ട് കോളേജിൽ പോയപ്പോൾ ആരെങ്കിലും റാഗ് ചെയ്തിരുന്നോ.....? അവളുടെ കയ്യിൽ പിടിച്ചു വലിച്ചു തൻറെ അരികിലേക്ക് ഇരുത്തി തോളിലൂടെ കൈയിട്ടു കൊണ്ട് തന്നെയാണ് അവൻ വിശേഷങ്ങളൊക്കെ ചോദിക്കുന്നത്...... ഇതുവരെ അവനോട് സംസാരിച്ചപ്പോൾ തോന്നാത്ത എന്തൊക്കെയോ വെപ്രാളവും പരവേശവും ഒക്കെ തന്നിൽ ഉണരുന്നത് അവൾ അറിയാൻ തുടങ്ങിയിരുന്നു......ഹരിചേട്ടന്റെ സാമിപ്യവും സ്പർശവും ഒക്കെ തന്നിൽ മാറ്റങ്ങൾ വരുത്തി തുടങ്ങുന്നത് പോലെ....... ആ ഇഷ്ടത്തിന്റെ നിറം മാറി തുടങ്ങിയിരിക്കുന്നു എന്ന് അവൾ ഉൾക്കിടിലത്തോടെ അറിഞ്ഞു.........

അങ്ങനെ ചിന്തിക്കാൻ പാടില്ല എന്ന് മനസ്സിനെ അവൾ കടിഞ്ഞാണിട്ടു നിർത്തുമ്പോഴും അടുത്ത നിമിഷം വീണ്ടും മനസ്സ് അവനിലേക്ക് കയറു പൊട്ടിച്ച് പായുന്നത് പോലെ അവൾക്ക് തോന്നി ......... ചോദിക്കുന്നതിനു മറുപടി നൽകാൻ സാധിക്കുന്നില്ല...... മനസ്സ് മറ്റേതൊരു തലങ്ങളിലേക്ക് സഞ്ചരിക്കുന്നു........ അവനോട് എന്തൊക്കെയൊ ഇഷ്ടങ്ങൾ വരുന്നു...... " ജാനിക്കുട്ടി.......!! ഒരിക്കൽകൂടി അവൻ കുലുക്കി വിളിച്ചപ്പോഴാണ് യാഥാർത്ഥ്യത്തിലേക്ക് അവൾ തിരിച്ചു വന്നിരുന്നത്...... " എന്താ.... ഹരി ചേട്ടാ ചോദിച്ചത്.....? പരിഭ്രമത്തോടെ അവൾ ചോദിച്ചു..... " നീ ഈ ലോകത്തൊന്നുമല്ലേ......? ഞാൻ എന്തൊക്കെ ചോദിച്ചു..... അവൻ അവളെ കൂർപ്പിച്ചു നോക്കി പറഞ്ഞു....

" ഞാൻ മറ്റെന്തോ ആലോചിച്ചിരുന്നു പോയി....... " ഈ പ്രായത്തിൽ എന്താ നിനക്ക് ഇത്ര വലിയ ആലോചന......!! പെട്ടെന്ന് ഹരിയിൽ ഗൗരവം ഉണർന്നു...... " ഞാൻ വിദ്യചേച്ചിയോട് സംസാരിച്ചിരുന്നപ്പോൾ ആണ് ഇങ്ങോട്ട് വന്നത്...... എന്നെ കാണാതെ ചേച്ചി വിഷമിക്കുന്നുണ്ടാവും...... ഞാൻ താഴേക്ക് പോട്ടെ...... അവന്റെ മുഖത്തു നോക്കാതെ അവൾ പറഞ്ഞു.... " കുറച്ചു കഴിഞ്ഞിട്ട് താഴേക്കിറങ്ങി പോകാടി..... അവൾക്ക് അറിയില്ലെ അവിടെ കണ്ടില്ല എങ്കിൽ നീ ഇവിടെ എൻറെ അടുത്ത് ഉണ്ടാവുമെന്ന്....... " എങ്കിലും ഞാൻ ഒന്ന് താഴേക്ക് പോട്ടെ....... ഇനി കൂടുതൽ സമയം അവിടെ ഇരുന്നാൽ മനസ്സ് കൈവിട്ടു പോകും എന്ന് അവൾക്ക് തോന്നിയിരുന്നു....... അവനെ നോക്കാൻ പോലും വയ്യ, എന്തോ വലിയ തെറ്റ് ചെയ്യുന്നത് പോലെ...... അവിടെ നിന്നും ഇറങ്ങി നേരെ ബാൽക്കണിയിലേക്ക് ആയിരുന്നു നടന്നിരുന്നത്......

ബാൽകാണിയിലെ പാർഗോളയുടെ താഴെ ആയി ഇട്ടിരിക്കുന്ന കസേരയിൽ ഇരുന്നു..... തനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ഒരു അവലോകനം നടത്തി....... വെറുതെ തോന്നിയ ഒരു ചിന്ത അത് തന്നെ വല്ലാത്തൊരു ആശയക്കുഴപ്പത്തിൽ കൊണ്ടുചെന്ന് എത്തിച്ചിരിക്കുന്നു...... അങ്ങനെ ഒരു കാര്യം ചിന്തിക്കാൻ തോന്നിയ നിമിഷത്തെ പോലും അവൾ ശപിച്ചിരുന്നു...... ഇല്ല ഒരിക്കലും അങ്ങനെ താൻ ചിന്തിക്കാൻ പാടില്ല....... മഹാപാപമാണ് താൻ ചിന്തിക്കുന്നത്...... സഹോദരനായി വിചാരിക്കേണ്ട ഒരുവനെ പ്പറ്റി വലിയ പാപമായ ഒരു കാര്യമാണ്......... സ്വപ്നത്തിൽ പോലും തന്നെക്കുറിച്ച് ഹരി ചേട്ടൻ അങ്ങനെ ചിന്തിച്ചിട്ടുണ്ടാവില്ല എന്ന് അവൾ മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചു.......

ഹരിയേട്ടൻ തന്റെ സഹോദരനാണ്....... തൻറെ അമ്മയുടെ വയറ്റിൽ ജനിച്ചില്ല എന്നു മാത്രമേയുള്ളൂ....... തൻറെ സ്വന്തം സഹോദരൻ....... തനിക്ക് എന്ത് കാര്യവും തുറന്നു പറയാൻ പറ്റുന്ന ഏതു സമയത്തും തനിക്ക് ഓടി ചെല്ലാൻ പറ്റുന്ന തനിക്കുള്ള ഒരു കരുതൽ നൽകുന്ന കൈത്താങ്ങ് നൽകുന്ന ഒരാൾ..... അതിനപ്പുറം മറ്റു വർണ്ണങ്ങൾ ഒന്നും ആ ബന്ധത്തിന് കൊടുക്കാൻ പാടില്ല...... ഏറ്റവും പവിത്രമായി മാത്രം നിലകൊള്ളുന്ന ഒരു ബന്ധമാണ്....... അങ്ങനെ പലവഴിക്ക് ചിന്തകളെ തിരിച്ചു വിട്ട് അവൾ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിച്ചിരുന്നു....... ഇല്ല ഹരിയേട്ടൻ ഇല്ലാതെ പറ്റില്ല..... അതിനെ പറ്റി തനിക്ക് ആലോചിക്കാൻ പോലും സാധിക്കില്ല......

അവനോട് സ്നേഹം മനസ്സിൽ വർധിക്കുന്നതും അവൾ അറിയുന്നുണ്ടായിരുന്നു...... അവൻ മറ്റൊരു വിവാഹം കഴിക്കുന്നതിനെ പറ്റി സങ്കൽപ്പിക്കാൻ തനിക്ക് കഴിയോ.....? തന്റെ നെഞ്ചു പിടയുന്നതുപോലെ....... അതെല്ലാം ഹരിച്ചേട്ടനെ പിരിയുന്നതിന്റെ വേദന ആയിരിക്കും എന്നായിരുന്നു കരുതിയിരുന്നത്... . ഇന്ന് പെണ്ണ് കാണാൻ ചെന്നപ്പോൾ പോലും താൻ ആഗ്രഹിച്ചിരുന്നില്ലേ ആ പെൺകുട്ടിയെ ഹരി ചേട്ടന് ഇഷ്ടം ആകരുത് എന്ന്......? അതിനർത്ഥം ഇതാണോ.....? ഒരിക്കലുമല്ല അവൾ സ്വയം ന്യായീകരിച്ചു...... താനൊരിക്കലും ഹരി ചേട്ടനെ മോശം കണ്ണോടെ ഈ നിമിഷം വരെ കണ്ടിട്ടില്ല...... തൻറെ മനസ്സിൽ അവനെ പിരിയരുത് എന്ന ആഗ്രഹം മാത്രമേ ഉള്ളൂ....... അതിനുവേണ്ടി ഒരു പക്ഷേ തന്റെ മനസ്സ് കണ്ടുപിടിച്ച ഒരു മുഖംമൂടി ആയിരിക്കാം ഈ ഇഷ്ട്ടം എന്ന് പോലും അവൾക്ക് തോന്നിയിരുന്നു .....

അപ്പോഴും മനസ്സിന്റെ മറുഭാഗം അതല്ല തന്റെ മനസിലെ ഇഷ്ട്ടം എന്ന് വാദിച്ചു..... സാക്ഷയിട്ട് ഭദ്രമാക്കിയ തന്റെ ഹൃദയവാതിൽ തള്ളി തുറന്നു അവൻ അകത്തു കയറി എന്ന് മനസ്സ് മന്ത്രിച്ചു..... ഹൃദയത്തിന്റെ ഓരോ വാതായനങ്ങൾക്കും അരികിൽ ഈ ഒരാൾ മാത്രം..... എവിടെയും ആ ഒരുവൻ മാത്രം നിനവിലും നിശബ്ദതയിലും ആ ഒരുവൻ മാത്രം.... ഉയിരിന്റെ ഉദാത്തമായ ഭാവം ആയി അവൻ അവളുടെ മനസ്സിൽ ജ്വലിച്ചു നിന്നു... മറ്റുള്ള കാഴ്ച്ചകൾ അന്യമായ ഒരുവളിൽ അവനോട് ഉള്ള സ്നേഹമന്ത്രണം മാത്രം ബാക്കി ആയി.....! നടുക്കത്തോടെ അവൾ മനസിലാക്കി ശ്രീഹരിയോട് ജാനകിക്ക് പ്രണയം ആണ്.....!! ഈയൊരു വിവരം ആരോടും തനിക്ക് തുറന്നു പറയാൻ പോലും സാധിക്കില്ല......

കേൾക്കുന്നവർ എല്ലാവരും തന്റെ മുഖത്ത് അടച്ചതിനു ശേഷം മാത്രമേ മറുപടി പറയുകയുള്ളൂ...... ഈ രഹസ്യം എങ്ങനെ താങ്ങും എന്ന് അവൾക്ക് അറിയുമായിരുന്നില്ല...... വീണ്ടും വീണ്ടും അവൾ മറിച്ചു ചിന്തിക്കാൻ തുടങ്ങി..... തന്റെ പ്രായം ഉള്ളതുകൊണ്ട് മാത്രമാണ് ആ പെൺകുട്ടിയെ വിവാഹം കഴിക്കില്ല എന്ന് പോലും ഹരി ചേട്ടൻ പറഞ്ഞത്..... അവൻ പറഞ്ഞ ഒരു വാചകം അപ്പോഴും അവളുടെ കാതിൽ അലയടിച്ചു.... "നമ്മുടെ ജാനിമോളെ കല്യാണം കഴിക്കാൻ പറഞ്ഞാൽ എങ്ങനെയിരിക്കും....? അതുപോലെ തന്നെയല്ലേ ആ കുട്ടി....! അങ്ങനെ ചിന്തിക്കുന്ന ഒരാളെ പറ്റി താൻ ഒരിക്കലും ഇങ്ങനെ ചിന്തിക്കാൻ പാടില്ല എന്ന് അവൾ മനസ്സിനെ വിലക്കിയെങ്കിലും മനസ്സ് പിടിവലി നടത്തുകയായിരുന്നു.....

എത്ര ശ്രമിച്ചിട്ടും അടക്കാൻ കഴിയാത്ത എന്തോ മനസ്സിൽ ഉണ്ട് എന്ന് ആ നിമിഷം അവൾ തിരിച്ചറിയുകയായിരുന്നു... " നീ ഇവിടെ വന്ന് നിൽക്കാണോ.....? വിദ്യയുടെ ചോദ്യമാണ് ഓർമകളുടെ തിരശീല ഭേദിച്ചു യാഥാർഥ്യത്തിലേക്ക് അവളെ കൊണ്ടുവന്നത്.... പെട്ടന്ന് ചിന്തകളിൽ നിന്ന് ഉണർന്നു അവൾ..... അവളുടെ വിളറിവെളുത്ത മുഖം കണ്ടപ്പോൾ എന്തോ പന്തികേട് വിദ്യയ്ക്കും തോന്നിയിരുന്നു... " എന്തുപറ്റി....? നിനക്ക് വയ്യേ.... " ഒന്നുമില്ല ചേച്ചി..... ഞാൻ ഇവിടെ വെറുതെ നിൽക്കുന്നു...... ഊണ് കഴിക്കാൻ സമയമായി, എല്ലാരും നിന്നെ തിരക്കുന്നു...... ഹരി ചേട്ടൻ ആണ് പറഞ്ഞത് നീ ഇവിടെ കാണുമെന്ന്....... എങ്കിൽ പിന്നെ നിന്നെ വിളിച്ചിട്ട് വരാം എന്ന് വിചാരിച്ചു..... നമുക്ക് ഭക്ഷണം കഴിക്കാം .. ദേവ് വന്നിട്ടുണ്ട്......

അവൻ പറഞ്ഞത് വൈകുന്നേരം നമുക്ക് എല്ലാവർക്കും സിനിമയ്ക്ക് പോകാം എന്നാണ്.... ഹരിയേട്ടൻ സമ്മതിച്ചു....... നമുക്ക് നാലുപേർക്കും കൂടി അടിച്ചു പൊളിച്ചിട്ട് വരാം........ വിദ്യ ഉത്സാഹത്തോടെ പറഞ്ഞു.... സാധാരണ ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ മനസ്സ് അങ്ങേയറ്റം സന്തോഷിക്കേണ്ടതാണ്...... പക്ഷേ ഇന്ന് എന്തോ അതിന് സാധിക്കുന്നില്ല..... കാരണം എന്താണെന്ന് ആ നിമിഷം അവൾക്കറിയില്ലായിരുന്നു...... ഒരൊറ്റ കാരണമേ ഉള്ളൂ എന്ന് മനസ്സ് ആർത്തലച്ചു പറഞ്ഞു...... ജാനകി പ്രണയിക്കുകയാണ് ശ്രീഹരിയെ....... നിൻറെ മനസ്സിൽ ഉള്ളത് സാഹോദര്യം അല്ല പ്രണയമാണ് ആർത്തലച്ച് മനസ്സ് അങ്ങനെ പറയുമ്പോഴും ദുർബലമായ ചെറുത്തുനിൽപ്പുകൾ നടത്തുവാൻ അവളുടെ മനസ്സ് ശ്രമിക്കുന്നുണ്ടായിരുന്നു...... പക്ഷേ അതെല്ലാം വിഫലമായി മാറി........

അവസാനം മനസ്സ് ആ സത്യത്തെ അംഗീകരിച്ചു........ പക്ഷേ ഇത് ഒരിക്കലും നടക്കുന്ന കാര്യമല്ല...... വിദ്യയ്ക്ക് ഒപ്പം പടികളിറങ്ങി പോകുമ്പോഴും അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു....... യാന്ത്രികമായി ഊണ് മേശക്കരികിൽ എത്തിയപ്പോഴും ആദ്യം കണ്ണിലുടക്കിയത് ആ മുഖം തന്നെ ......... ചെറുചിരിയോടെ എല്ലാവരോടും എന്തോ പറഞ്ഞു ഭക്ഷണം കഴിക്കുന്ന ഹരിയേട്ടൻ......... ആദ്യമായി ഹരിയേട്ടനെ കാണും പോലെ.... ആ സാന്നിധ്യത്തിൽ വല്ലാത്ത ഒരു അസ്വസ്ഥത അനുഭവിക്കുന്നതായി ജാനകി മനസ്സിലാക്കി .... എല്ലാവരും ഇരുന്നതിനു ശേഷം കിട്ടിയതോ ഹരിയേട്ടന്റെ തൊട്ടടുത്തുള്ള കസേരയിൽ തന്നെ...... ശരീരം വല്ലാതെ തണുത്തുറയുന്ന പോലെ അവൾക്ക് തോന്നി...... കൈകൾ ദുർബലമാകുന്നു...... താൻ തന്നെ മറന്നു പോകുന്നത് പോലെ..... അറിയാതെ ഇടയ്ക്കിടെ മിഴികൾ തമ്മിൽ കൊരുത്തുപോയി.....

അപ്പോഴെല്ലാം ചെറുചിരിയോടെ ഓരോ വിഭാവങ്ങളായി തനിക്ക് നേരെ നീക്കിവെച്ചു ഹരിയേട്ടൻ......... ഭക്ഷണം കഴിക്കാതെ നുള്ളിപ്പെറുക്കി ഇരിക്കുന്ന തൻറെ ചോറിലേക്ക് പുളിശ്ശേരി ഒഴിച്ചു കൊണ്ട് ഹരിയേട്ടൻ പറഞ്ഞു...... " ശരിക്കങ്ങ് വാരി കഴിക്കടി പെണ്ണേ....... ഇങ്ങനെ ചിക്കി പെറുക്കി ഇരിക്കുന്നതുകൊണ്ട് ആണ് ഇങ്ങനെ ഇരിക്കുന്നത്........ അത് പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചെങ്കിലും തനിക്ക് മാത്രം ആ തമാശ ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല...... വീണ്ടും ഹരിയേട്ടൻ കണ്ണുകൊണ്ട് നന്നായി ഭക്ഷണം കഴിക്കൂ എന്ന് കാണിച്ചു..... അപ്പോഴും മനസ്സ് മറ്റെവിടെയോ ആയിരുന്നു....... ആർക്കും സംശയം തോന്നാതിരിക്കാൻ വേണ്ടി പാടുപെടുകയായിരുന്നു അവൾ.....

തൻറെ മുഖത്ത് എന്തെങ്കിലും മാറ്റം ഉണ്ടോ എന്ന് അവൾ സ്വയം ചിന്തിക്കുകയായിരുന്നു...... തന്റെ നോട്ടത്തിൽ എങ്കിലും എന്തെങ്കിലും ഒരു പിശക് ഹരിയേട്ടന് തോന്നി പോയാൽ പിന്നീട് താൻ തകർന്നുപോകും എന്ന് അവൾ വിചാരിക്കുക ആയിരുന്നു...... എത്ര നിയന്ത്രിച്ചിട്ടും മിഴികൾ അറിയാതെ ഹരിയേട്ടനിലേക്ക് തന്നെയായിരുന്നു പോകുന്നത്. ...... അത് ഹരിയേട്ടൻ കാണാതിരിക്കാൻ വേണ്ടിയായി പിന്നെ ശ്രമം..... അറിയാതെ ആ മുഖത്തേക്ക് തന്നെ നോക്കാൻ തുടങ്ങി, കാണുന്തോറും ആ സൗന്ദര്യം ഇരട്ടിക്കുന്നതുപോലെ...... ആ മുഖത്ത് എന്തോ ഒരു പ്രത്യേക തനിക്കായി ഉള്ളതുപോലെ.. ... ചിരിക്കുമ്പോൾ വിരിയുന്ന ആ നുണക്കുഴി കണ്ടപ്പോൾ വീണ്ടും പ്രണയം നിറയുന്നത് പോലെ.....

നീ ചെയ്യുന്നത് ശരിയല്ല എന്ന് മനസ്സ് ഒരുഭാഗത്ത് മനസ്സ് അലമുറയിട്ട് പറയുമ്പോഴും, അവന്റെ സാന്നിധ്യത്തിൽ സ്വയം വിസ്മരിച്ചു ഒരു ഹൃദയം പ്രണയത്താൽ ഒരു വസന്തം തീർത്തിരുന്നു...... മനസാക്ഷി ഇത് ശരിയാണെന്ന് വിളിച്ചു പറയുന്നത് പോലെ..... അല്ലെങ്കിലും പ്രണയത്തിന് കണ്ണില്ല എന്നാണല്ലോ പറയുന്നത്...... ഒടുവിൽ എങ്ങനെയൊക്കെയോ ഭക്ഷണം കഴിച്ചു എന്ന് വരുത്തി ...... മുതിർന്നവർ എല്ലാവരും പകൽ ഉറക്കത്തിനായി പോയപ്പോൾ ഹരിയേട്ടൻ മുകളിലേക്ക് കയറാൻ തുടങ്ങി...... ആ സമയത്ത് വിദ്യാ ചേച്ചി ആയിരുന്നു ഹരിയേട്ടനെ കൈകളിൽ പിടിച്ച് നിർത്തിയിരുന്നത്..... " നമുക്ക് പുറത്ത് പോകേണ്ടതല്ലേ ഹരിയേട്ടാ..... എന്തൊക്കെ ചെയ്യണമെന്ന് പ്ലാൻ ചെയ്യാം..... " ഒന്നും പ്ലാൻ ചെയ്യാൻ ഇല്ല നിങ്ങൾ പ്ലാൻ ചെയ്തോ എനിക്ക് കുറച്ചു നേരം കിടക്കണം..... ഹരി ചേട്ടൻ കൊച്ചുകുട്ടികളെപ്പോലെ വാശിപിടിച്ചു.... "ഒരു ദിവസത്തേക്ക് ഉറങ്ങണ്ട....

വിദ്യ ചേച്ചി വിടാൻ ഭാവം ഇല്ല.... "അവിടെ വച്ചു ശരിക്ക് ഞാൻ ഉറങ്ങാറില്ല....... ഇവിടെ വരുമ്പോൾ അല്ലേ എനിക്ക് റസ്റ്റ് എടുക്കാൻ പറ്റൂ...... അങ്ങേയറ്റം സെന്റിയോട് ചേട്ടൻ ചോദിച്ചപ്പോഴും വിദ്യ ചേച്ചി വിടാൻ ഭാവമില്ല ..... ഒടുവിൽ വിദ്യയുടെ കൈ ശക്തമായി കുടഞ്ഞെറിഞ്ഞു പോകാൻ തുടങ്ങിയ ഹരിയേട്ടനെ വിദ്യേച്ചി വട്ടം പിടിച്ചു..... അതിനുശേഷം തന്നോടും പറഞ്ഞു......... "കൈയിൽ പിടിക്കടി.... ചേച്ചി പറഞ്ഞപ്പോഴേക്കും ചെയ്യാതിരിക്കുന്നത് മോശമല്ലേ എന്ന് കരുതി താനും ചേട്ടന്റെ കൈയ്യിൽ പിടിക്കാൻ ഒരു ശ്രമം നടത്തിയിരുന്നു..... ആ സ്പർശനമറിഞ്ഞപ്പോൾ എന്തോ ഒരു അനുഭൂതി ഉണരുന്നത് അവളറിഞ്ഞു...... "നമുക്ക് ഒരു സിനിമ കാണണം ബാർബി ക്യു കഴിച്ചിട്ട് തിരിച്ചു പോരണം.....

വിദ്യേച്ചി പറഞ്ഞു തുടങ്ങി.... താൻ ഒന്നും കേൾക്കുന്നില്ല കണ്ണുകൾ ഹരിയേട്ടനിൽ തന്നെ തങ്ങി നിൽക്കുകയാണ്..... എത്രശ്രമിച്ചിട്ടും അവിടെ നിന്നും തിരിച്ചു വരാൻ കൂട്ടാക്കാത്ത പോലെ..... " നീ എന്താ ഒന്നും പറയാതിരിക്കുന്നത്.....? ദേവേട്ടൻ ചോദിച്ചപ്പോഴാണ് ബോധം വന്നത് തന്നെ..... " ഞാനെന്തു പറയാൻ നിങ്ങൾ തന്നെ തീരുമാനിക്കുക..... " സാധാരണ അങ്ങനെ അല്ലല്ലോ നീ ആണല്ലോ ഇതൊക്കെ മുന്നിൽ പറയുന്നത്..... ദേവേട്ടൻ പറഞ്ഞപ്പോഴാണ് തൻറെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നു തുടങ്ങി എന്ന് അവൾക്ക് ബോധ്യമായത്..... പാടില്ല....!! ആർക്കും യാതൊരു സംശയത്തിനും ഇട കൊടുക്കാൻ പാടില്ല......തൻറെ മനസ്സിൽ ഉള്ളത് തൻറെ മനസ്സിൽ തന്നെയിരിക്കട്ടെ......

പുറത്തറിയിക്കാൻ പാടില്ല എന്ന് അവൾ മനസ്സിനെ വിലക്കുകയും ചെയ്തിരുന്നു..... പക്ഷേ ഇനി ഒരിക്കലും തനിക്ക് ഹരിയേട്ടന്റെ മുൻപിൽ ഹരിയേട്ടന്റെ ജാനി ആയി മാറാൻ കഴിയില്ല എന്ന സത്യം ആ നിമിഷം തന്നെ അവൾ മനസ്സിലാക്കി...... ഹരിയേട്ടനെ ഒരിക്കലും തനിക്ക് ഇനി കളങ്കമില്ലാത്ത മനസ്സോടെ ഹരിയേട്ടാ എന്ന് വിളിക്കാൻ കഴിയില്ല.... ആത്മസംതൃപ്തിയോടെ ആ നെഞ്ചിൽ ഒതുങ്ങി നിൽക്കാൻ കഴിയില്ല.... ചേട്ടൻറെ ഒരു സ്പർശനം പോലും തന്നില്ല മറ്റു വികാരങ്ങൾ ആയിരിക്കും സമ്മാനിക്കുന്നത് എന്ന് അവൾ മനസ്സിലാക്കുകയായിരുന്നു...... നിഷ്കളങ്കമായ സ്നേഹത്തോടെ ഒരിക്കലും ഇനി തനിക്ക് ഹരിയേട്ടനെ നോക്കാൻ സാധിക്കില്ല.... ഹരിയേട്ടനെ കാണുമ്പോൾ, ചേർന്ന് നിൽക്കുമ്പോൾ എല്ലാം തന്നിൽ നിറയുന്നത് അതീന്ദ്രമായ മറ്റെന്തോ ആയിരിക്കും......................... തുടരും.............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story