സ്‌നേഹത്തോടെ: ഭാഗം 11

snehathode

രചന: മഹാദേവൻ

അമ്മമ്മ അത് പറയേണ്ട താമസം അവൾ വേഗം രമയുടെ മുറി ലക്ഷ്യമാക്കി ഓടി. അവിടെ എത്തുമ്പോൾ മുറി അടച്ചിട്ട നിലയിൽ ആയിരുന്നു. കുറെ വാതിലിൽ തട്ടി അമ്മേ എന്ന് വിളിച്ചെങ്കിലും പ്രതികരണം ഒന്നും കേൾക്കാതായപ്പോൾ പരിഭ്രമത്തോടെ സ്നേഹ അമ്മമ്മയെ വിളിച്ചു. പിന്നെ കയ്യിൽ കിട്ടിയ ചിരവ കൊണ്ട് വാതിലിൽ ആഞ്ഞടിച്ചു. ഏറെ നേരത്തെ ശ്രമത്തിൽ വാതിൽ മലർക്കെ തുറക്കുമ്പോൾ ഉള്ളിലെ കാഴ്ച കണ്ട് അവൾ അമ്മേ എന്നുറക്കെ വിളിച്ചുകൊണ്ട് അകത്തേക്കു പാഞ്ഞു. നിലത്തു ബോധമറ്റ് കിടക്കുന്ന രമയ്ക്കരികിൽ അവൾ കിതപ്പോടെ ഇരിക്കുമ്പോൾ നിലത്താകെ പരന്ന ചോരയിലേക്ക് സ്നേഹ ഞെട്ടലോടെ നോക്കി. പിന്നെ രമയെ " അമ്മേ," എന്നും വിളിച്ചുകൊണ്ട് കുലുക്കിവിളിക്കാൻ ശ്രമിച്ചെങ്കിലും ഒരനക്കവും അവളിൽ ഇല്ലായിരുന്നു. അതെ സമയം സ്നേഹയുടെ നിലവിളി കേട്ട് റൂമിലേക്ക് വന്ന അമ്മമ്മയും ആ കാഴ്ച കണ്ടു വിറങ്ങലിച്ചു നിൽക്കുകയായിരുന്നു . " മോളെ.... രമേ... " ഒരനക്കവും ഇല്ലാതെ കിടക്കുന്ന രമയെ വിളിക്കാൻ ശ്രമിച്ചെങ്കിലും നിരാശ യോടെ അവർ പരസ്പ്പരം നോക്കി. " അമ്മമ്മേ... അമ്മ... " അവൾ വിറയ്ക്കുന്ന കൈകളോടെ അമ്മമ്മയുടെ കയ്യിൽ പിടിക്കുമ്പോൾ അവരും വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു

. " മോളെ, അപ്രത്തെ സുകുവേട്ടന്റെ വണ്ടി ഒന്ന് വേം വിളി, ഫോണിൽ വിളിക്ക് മോളെ " അമ്മമ്മ പറയേണ്ട താമസം അവൾ വേഗം റൂമിലേക്ക് ഓടി. വേഗം ഫോൺ എടുത്ത് ടൗണിൽ ടാക്സി ഓടിക്കുന്ന സുകുവിന്റെ നമ്പളിൽ വിളിച്ചു വേഗം വീട്ടിലേക്ക് വരാൻ പറഞ്ഞു. തിരികെ അതിവേഗം രമയുടെ മുറിയിൽ എത്തുമ്പോൾ കയ്യിലെ മുറിഞ്ഞ ഞെരമ്പിൽ നിന്നും ചോര തളം കെട്ടിയിരുന്നു. സ്നേഹ വേഗം അടുത്ത് കിടന്ന ഒരു ഷാൾ എടുത്ത് ആ മുറിവ് ചേർത്ത് കെട്ടുമ്പോൾ അവർക്ക് ആശ്വാസമായി രമയിൽ ഒരു ഞെരുക്കം മാത്രം അവശേഷിച്ചിരുന്നു. ഹോസ്പിറ്റലിലെ നീളൻ വരാന്തയിൽ അക്ഷമയോടെ ആയിരുന്നു സ്നേഹയും അമ്മമ്മയുടെ ഇരുന്നത് . രമയ്ക്ക് ഡോക്ടർ ഇട്ട സമയം 48 മണിക്കൂർ ആയിരുന്നു . വെന്റിലേറ്ററിൽ മരണത്തിലും ജീവിതത്തിനുമിടയ്ക്കുള്ള ആ നാല്പത്തിയെട്ട് മണിക്കൂർ സ്നേഹയ്ക്ക് ഇന്നുവരെ അനുഭവിക്കാത്ത വേദനയുടെ ആയിരുന്നു. എല്ലാത്തിനും കാരണം താൻ ആണല്ലോ എന്ന ചിന്ത അവളുടെ മനസ്സിനെ ചുട്ടുപൊള്ളിച്ചു. എന്ന് മുതലാണ് അമ്മ എന്ന വിളിച്ച മനസ്സിൽ അവരെ വേറൊരു രീതിയിൽ പ്രതിഷ്ഠിച്ചത് എന്നോർമ്മയില്ല.

പലരും പലതും പറഞ്ഞു. വിശ്വസിക്കുന്ന രീതിയിൽ. അച്ഛന്റെ സ്നേഹവും അമ്മയുടെ സാമീപ്യവും എല്ലാം നഷ്ടപ്പെടുത്തിയ ഒരാൾ ആയിട്ടായിരുന്നു പിന്നീട് മനസ്സിൽ . അതിനിടയിൽ തനിലുണ്ടായ മാറ്റങ്ങൾ എല്ലാം പിന്നീട് ആരോടൊക്കെയോ ഉള്ള ദേഷ്യം ആയിരുന്നു. രമയമ്മയോട്, അച്ഛനോട്..... പക്ഷേ, എല്ലാത്തിനും പിന്നിൽ ഇങ്ങനെ ഒക്കെ സംഭവിച്ചെന്ന് അറിയുമ്പോൾ കൂടെ ഒന്ന് മാപ്പ് പറഞ്ഞ് കെട്ടിപ്പിടിക്കാൻ പോലും അവർ അടുത്തില്ലലോ എന്നോർത്തപ്പോൾ അവളുടെ നെഞ്ച് വിങ്ങി. പെട്ടന്ന് അവൾ മനസ്സിൽ ഓർത്തത് അച്ഛനെ ആയിരുന്നു. ഇതുവരെ ഉണ്ടായതൊന്നും അച്ഛൻ അറിഞ്ഞിട്ടില്ലെന്ന് അറിയാം. രമയമ്മ ഒന്നും പറഞ്ഞിട്ടുണ്ടാകില്ല. പക്ഷേ, എല്ലാം അച്ഛൻ അറിയണം. തനിക്ക് പറ്റിയ തെറ്റും, താൻ കാരണമാണ് അമ്മ ഇപ്പോൾ.... എല്ലാം അച്ഛൻ അറിയണം.. ചെയ്ത തെറ്റ് ഏറ്റുപറയണം... ആ രാത്രി സ്നേഹ അച്ഛന്റെ കോളിനായി കാത്തിരുന്നു, ഒരു തുറന്നുപറച്ചിലിനായി. നാല്പത്തിയെട്ട് മണിക്കൂർ ഡോക്ടർ പറഞ്ഞെങ്കിലും അതിന് മുൻപ് തന്നെ രമ കണ്ണ് തുറന്നു. വലിച്ചു തുറന്ന കണ്ണുകളിലെ മങ്ങൽ മാറുമ്പോൾ അവൾക്ക് മനസ്സിലായി താൻ ഹോസ്പിറ്റലിൽ ആണെന്ന്. പക്ഷേ, എങ്ങനെ ഇവിടെ എത്തി എന്നവൾ ഓർത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഓർമ്മകൾ ആകെ മങ്ങിനിൽക്കുകയായിരുന്നു.

" ഹായ് രമ, " മുന്നിൽ ഡോക്ടറുടെ ചിരിക്കുന്ന മുഖം കണ്ടപ്പോൾ അവൾ വരണ്ട ചുണ്ടുകൾ വിടർത്തി ഒന്ന് പുഞ്ചിരിയ്ക്കാൻ ശ്രമിച്ചു. " ഡോക്ടർ... ഞാൻ..ഇവിടെ... ആരാ... എന്നെ.. " അവളുടെ മുഖത്തും വാക്കിലും നിറഞ്ഞുനിന്ന സംശയങ്ങൾക്ക് മറുപടിയെന്നോണം അയാൾ അവളുടെ ചുമലിൽ ഒന്ന് തട്ടി ആശ്വസിപ്പിച്ചു. പിന്നെ പൾസും മറ്റും നോക്കുന്നതിനിടയിൽ അയാൾ പറയുന്നുണ്ടായിരുന്നു, " ഇപ്പോൾ ഇയാൾ ഓക്കെ ആയിട്ടുണ്ട്. ഇയാടെ മോളും അമ്മയുമാണ് തക്ക സമയത്ത് ഇവിടെ എത്തിച്ചത്. " "അത് പറയുമ്പോൾ രമയുടെ കണ്ണുകൾ വിടർന്നു. "മോളോ.... !!"" അവൾ ആശ്ചര്യത്തോടെ ഡോക്ടറുടെ മുഖത്തേക്ക് നോക്കുമ്പോൾ അതെ എന്നയാൾ തലയാട്ടി. "ഡോക്ടർ... എനിക്ക്.... എനിക്ക് മോളോട് ഒന്ന് സംസാരിക്കാൻ പറ്റോ? " രമ പ്രതീക്ഷയോടെ അയാളുടെ മുഖത്തേക്ക് നോക്കി. " സംസാരിക്കുന്നതിൽ കുഴപ്പമില്ല. പക്ഷേ, ഇപ്പോൾ ഇയാളുടെ അവസ്ഥ എന്താണെന്ന് ഇയാൾ കൂടി മനസ്സിലാക്കണം. ഒരുപാട് നേരം സംസാരിക്കരുത്. അതുപോലെ ഒരുപാട് സ്‌ട്രെയിൻ ചെയ്‌തും സംസാരിക്കരുത്. കേട്ടല്ലോ." അവൾ ഉവ്വെന്ന അർത്ഥത്തിൽ തലയാട്ടി. " ഓക്കേ, അപ്പൊ ഇയാൾ നല്ലപോലെ റസ്റ്റ്‌ എടുക്കൂ. പിന്നെ പറഞ്ഞത് ഓർമ്മയുണ്ടല്ലോ.

" ഒരിക്കൽ കൂടി അവളെ ഓർമിപ്പിച്ചുകൊണ്ട് കൂടെ ഉള്ള നേഴ്സിനോട് പുറത്ത് നിൽക്കുന്ന മോളെ വിളിക്കാൻ ഏൽപ്പിച്ച് ഡോക്ടർ പിറത്തേക്ക് നടന്നു. വെറുപ്പോടെ മാത്രം കണ്ടവൾ ആണ് തന്നെ ഇവിടെ എത്തിച്ചത് എന്നോർത്തപ്പോൾ രമയുടെ ഉള്ളൊന്ന് പിടഞ്ഞു. പക്ഷേ, അപ്പോഴും അവൾക്ക് സംശയമുണ്ടായിരുന്നു മോള് കാണാൻ ഉള്ളിലേക്ക് വരുമോ എന്ന്. ചിലപ്പോൾ ആ അവസ്ഥയിൽ കണ്ട വെപ്രാളത്തിൽ കൊണ്ട്വന്നതാണെങ്കിൽ... അവൾ വീർപ്പുമുട്ടലോടെ കണ്ണടച്ച് കിടന്നു. രണ്ട് കൈകൾ തന്റെ കാലുകളിൽ സ്പർശ്ശിക്കുന്നത്പ്പോലെ തോന്നിയിട്ടാണ് രമ കണ്ണുകൾ തുറന്നത്. ഒരുവേള അവൾക്ക് തന്റെ കണ്ണുകളെ പോലും വിശ്വസിക്കാൻ കഴിഞ്ഞില്ല. "മോളെ.... " ആ വിളി കേട്ട് സ്നേഹ മുഖം ഉയർത്തുമ്പോൾ അവളുടെ കണ്ണുകളിൽ നിന്നും അടർന്ന മിഴിനീർ രമയുടെ പാദങ്ങളിൽ വീഴുകയായിരുന്നു. " അമ്മ... സോറി... " സ്നേഹ aആ കാലിൽ നിന്നും പിടി വിടാതെ മാപ്പ് ചോദിക്കുമ്പോൾ രമയുടെ കവിളിലൂടെയും നീർച്ചാലുകൾ രൂപപ്പെട്ടിരുന്നു. " മോളിങ് അടുത്ത് വാ... " അവൾ പതിയെ അവൾക്കരികിലേക്ക് വന്നു. പിന്നെ വിറയലോടെ അവൾക്ക് നേരേ നീണ്ട രമയുടെ കയ്യിൽ നിറകണ്ണുകളോടെ അമർത്തിപിടിച്ചു.

"മോൾക്ക് ഇപ്പോഴും അമ്മയോട് ദേഷ്യം ആണോ" രമയുടെ ചോദ്യം കേട്ട് സ്നേഹ പിടിച്ചുനിൽക്കാൻ കഴിയാതെ അവളുടെ കയ്യിൽ മുഖം ചേർത്ത് പൊട്ടിക്കരഞ്ഞു. "സോറി അമ്മ... ഞാൻ അങ്ങനെ ഒക്കെ..... എന്നോട് ക്ഷമിച്ചൂടെ അമ്മയ്ക്ക്... " രമ പുഞ്ചിരിയോടെ അവളുടെ നെറുകയിൽ തലോടി " അമ്മയ്ക്ക് അല്ലേലും മോളോട് ഒരു ദേഷ്യവും ഇല്ലല്ലോ. അല്ലെങ്കിലും മകളോട് അങ്ങനെ ദേഷ്യപെട്ടു നിൽക്കാൻ ഒരമ്മയ്ക്കും പറ്റില്ല. ന്റെ മോളോട് അമ്മയ്ക്ക് ഒരു ദേഷ്യവും ഇല്ല. ന്റെ മോൾടെ നന്മ മാത്രേ അമ്മക്ക് ആഗ്രഹം ഉളളൂ.. ഞാൻ പ്രസവിച്ചില്ലേലും ന്റെ മോള് തന്ന നീ... " രമ നിറഞ്ഞ കണ്ണുകൾക്കിടയിലും പുഞ്ചിരിയുടെ നിറം പകരുമ്പോൾ ആ അമ്മയോട് ചെയ്തതും പറഞ്ഞതുമായ എല്ലാത്തിനും മനസ്സാൽ മാപ്പ് പറയുകയായിരുന്നു സ്നേഹ അമ്മ എന്ന വാക്കിന് അമൃതിനോളം മധുരമുണ്ടെന്നു മനസ്സിലാക്കാൻ വൈകിയതിൽ......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story