സ്‌നേഹത്തോടെ: ഭാഗം 14

snehathode

രചന: മഹാദേവൻ

ഇത് എന്റെ ഒരു സംശയം മാത്രമാണ്. ആ അനിരുദ്ധൻ തന്നെ ആണോ അന്ന് മോളെ അന്വോഷിച്ചു ചെന്ന അനിരുദ്ധൻ ? !. നീ പറഞ്ഞിട്ടാണോ അവർ സ്നേഹയെ പിന്തുടർന്നതും അന്ന് ആ വലിയ ഒരാപത്തിൽ നിന്നും രക്ഷിച്ചതും !? അവൾ ആദ്യമൊന്ന് മടിച്ചെങ്കിലും പതിയെ അതെ എന്നവൾ തലയാട്ടുമ്പോൾ അവന്റെ കണ്ണിൽ കണ്ടത് സന്തോഷത്തിന്റെ പുഞ്ചിരി ആയിരുന്നു. തന്റെ മകൾക്ക് വേണ്ടി ഏത് അറ്റം വരെയും പോകാൻ മടിയില്ലാത്ത ഒരമ്മയെ അവൻ അവളിൽ കാണുകയായിരുന്നു. അതെ സമയത്തായിരുന്നു സ്നേഹ ഹാളിലേക്ക് വന്നത്. ഡ്രസ്സ്‌ മാറാതെ, ഒന്ന് ഒരുങ്ങുകപ്പോലും ചെയ്യാതെ ഉള്ള അവളുടെ വരവ് കണ്ടപ്പോൾ ഹരി സംശയത്തോടെ അവളെ നോക്കി. "ഈ കോലത്തിലാണോ മോള് വരുന്നത്. പോയി നല്ല വല്ല ഡ്രെസ്സും എടുത്തിട്ട് ഓടി വാ കൊച്ചേ. " പക്ഷേ, അവളിൽ പുറത്ത് പോകാനുള്ള ഉത്സാഹമൊന്നും ഹരി കണ്ടില്ല. " ന്ത്‌ പറ്റി സ്നേഹേ നിനക്ക്. നീ വരണില്ലേ ടൗണിലേക്ക്. അല്ലെങ്കിൽ വിളിക്കുന്നതിന്‌ മുന്നേ ഓടിയിറങ്ങുന്ന പെണ്ണാണെന്നോ. ഇന്നിപ്പോ ന്ത്‌ പറ്റി? !" " ഞാൻ വരണില്ല അച്ഛാ. ന്തോ, വല്ലാത്തൊരു തലവേദന. അച്ഛൻ പോയേച്ചും വാ ഞാൻ ഇച്ചിരി നേരം കിടന്നോട്ടെ "

സ്നേഹ പുഞ്ചിരിയ്ക്കാൻ ശ്രമിച്ചുകൊണ്ട് പതിയെ അകത്തേക്ക് തന്നെ തിരിഞ്ഞു നടക്കുമ്പോൾ ഇവൾക്കിത് എന്ത് പറ്റി എന്ന സംശയത്തിൽ ആയിരുന്നു ഹരി. അവൾക്ക് വയ്യെന്ന് പറഞ്ഞപ്പോൾ അതെ സംശയവും വേവലാതിയും രമയുടെ മുഖത്തും ഉണ്ടായിരുന്നു. "എന്ന പിന്നെ ഹരിയേട്ടൻ പോയിട്ട് വാ.. ഞാൻ അവളുടെ അടുത്തേക്ക് ഒന്ന് ചെല്ലട്ടെ " എന്നും പറഞ്ഞ് രമയും അകത്തേക്ക് പോകാൻ തുടങ്ങുമ്പോൾ " ആഹ് എന്നാ ഞാൻ ഇപ്പോൾ വരാ, എനിക്കൊരാളെ കാണാനും ഉണ്ട് . ആഹ് പിന്നൊരു കാര്യം. നീ ആ അനിരുദ്ധന്റെ നമ്പർ ഒന്ന് വാട്സപ്പ് ചെയ്തേക്ക്. ഒന്നല്ലെങ്കിൽ വലിയ ഒരാപത്തിൽ നിന്നും മോളെ രക്ഷിച്ച ആളോട് മനസ്സ് നിറഞ്ഞ ഒരു നന്ദി എങ്കിലും പറഞ്ഞില്ലെങ്കിൽ മോശമല്ലേ., " എന്നും പറഞ്ഞ് ഹരി പുറത്തേക്ക് നടക്കുമ്പോൾ രമ മറുപടിയെന്നോണം തലയാട്ടിക്കൊണ്ട് അവനെ നോക്കി പുഞ്ചിരിച്ചു. രമ റൂമിലെത്തുമ്പോൾ വാതിൽക്കൽ നിന്ന് തന്നെ കേട്ടിരുന്നു ഒരു തേങ്ങൽ. അവൾ വേഗം അകത്തേക്ക് കടക്കുമ്പോൾ കട്ടിലിൽ കിടന്നിരുന്ന സ്നേഹ രമയെ കണ്ടതും വേഗം എഴുനേറ്റ് കണ്ണുകൾ തുടച്ചു. " മോള് കരയുവായിരുന്നോ? " രമ അവൾക്കരികിലേക്ക് ചേർന്നിരുന്ന് ആ മുടിയിലൂടെ ഒന്ന് തഴുകുമ്പോൾ അല്ലെന്നവൾ തലയാട്ടി.

" പിന്നെ കണ്ണുകൾ ഒക്കെ ചുവന്നിരുപ്പുണ്ടല്ലോ. സത്യം പറ മോള് കരഞ്ഞില്ലേ? " രമയ്ക്ക് എന്തോ സംശയം തോന്നിയിട്ടുണ്ടെന്ന് മനസ്സിലായപ്പോൾ പറഞ്ഞ കള്ളം മറയ്ക്കാനായി സ്നേഹ വീണ്ടും പറഞ്ഞത് കള്ളമായിരുന്നു. " ഏയ്യ് ഇല്ല രമമ്മേ.. തലവേദന കാരണ കണ്ണൊക്കെ ങ്ങനെ. " " മോൾക്ക് അമ്മയോട് പറയാൻ പറ്റാത്ത കാര്യം ആണെങ്കിൽ പറയണ്ട. പക്ഷേ, ഒരു കാര്യം മറയ്ക്കാനായി ഒൻപത് കള്ളം പറഞ്ഞാലും മതിയാകില്ല. നിന്നെ പ്രസവിച്ചില്ലന്നെ ഉളളൂ . പക്ഷേ, നിന്റെ മനസ്സിന്റെ വിഷമം എനിക്ക് മനസ്സിലാക്കാൻ പറ്റും. " രമ അളെ ഒന്നുകൂടി തഴുകിക്കൊണ്ട് അവൾക്കരികിൽ നിന്ന് എഴുന്നേൽക്കുമ്പോൾ സ്നേഹ ആ കയ്യിൽ പിടിച്ച് രമയെ അടുത്തിരുത്തി ആ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞു. എന്തോ കാര്യമായിതന്നെ സംഭവിച്ചിട്ടുണ്ടെന്ന് രമയ്ക്ക് മനസ്സിലായി. പക്ഷേ, എന്തെന്ന് അവൾ ചോദിച്ചില്ല. കരഞ്ഞാൽ മാറുന്ന വിഷമം ആണെങ്കിൽ മാറട്ടെ എന്ന് കരുതി സ്നേഹയെ ചേർത്തുപിടിച്ചു. . ഏറെ നേരം രമയുടെ തോളിലേക്ക് മുഖം ചേർത്ത് പൊട്ടിക്കരഞ്ഞു സ്നേഹ, അതിനിടയിൽ പറയുന്നുണ്ടായിരുന്നു

" അവൻ ന്നേ ചതിക്കുകയായിരുന്നു " എന്ന്. അത് കേട്ട് ഞെട്ടലോടെ ആണ് രമ സ്നേഹയുടെ മുഖം പിടിച്ചുയർത്തിയത്. വല്ല അബദ്ധവും സംഭവിച്ചോ എന്നായിരുന്നു അവളുടെ പേടി. "മോളെ... നീ...... " രമ പേടിയോടെ സ്നേഹയുടെ തോളിൽ പിടിച്ചു കുലുക്കുമ്പോൾ അവൾ കുറച്ചു മുന്നേ ഉണ്ടായ സംഭവങ്ങളെല്ലാം രമയ്ക്ക് മുന്നിൽ തുറന്ന് പറഞ്ഞു. അവൾ പറയുന്നതെല്ലാം കേട്ട് തല ചുറ്റുന്നത്പ്പോലെ തോന്നി രമയ്ക്ക്. വലിയ ഒരു അപകടത്തിൽ ആണ് അവൾ പെട്ടിരിക്കുന്നത്. ചിലന്തിവലയിൽ കുരുങ്ങിയ പ്രാണിയാണിപ്പോൾ ഇവൾ. " തെറ്റ് പറ്റി നിക്ക്. ഇനി ന്ത്‌ ചെയ്യും... പോലീസിനോട് പറഞ്ഞാൽ അവൻ അതൊക്ക....." വാക്കുകൾ മുഴുവനാക്കാൻ കഴിയാതെ സ്നേഹ കൈകൾ കൊണ്ട് മുഖം പൊത്തി കരയുമ്പോൾ അവളെ ആശ്വസിപ്പിക്കാൻപോലും കഴിയാത്ത അവസ്ഥയിൽ ആയിരുന്നു രമ. " മോളിങ്ങനെ കരയാതെ, ഇത്ര അല്ലേ സംഭവിച്ചുള്ളൂ. അവൻ ഉപദ്രവിക്കുകയോ മറ്റോ ചെയ്തിരുന്നെങ്കിലോ. ഓർക്കുമ്പോൾ തന്നെ പേടിയാകുന്നു. മോള് ധൈര്യമായി ഇരിക്ക്. ഒന്നും സംഭവിക്കില്ല. അമ്മയല്ലേ പറയുന്നേ. " രമ അവളുടെ കയ്യിൽ മുറുക്കെ പിടിക്കുമ്പോൾ മനസ്സിൽ ചിലത് കണക്ക് കൂട്ടുകയായിരുന്നു.

" അനിരുദ്ധൻ..... " ഭാരതപ്പുഴയ്ക്ക് കുറുകെ ഉള്ള പാലത്തിന്റെ കൈവരിയിൽ ഇരിക്കുമ്പോൾ ആയിരുന്നു അടുത്ത് വന്നു നിന്ന കാറിൽ നിന്നും ഒരാൾ ഇറങ്ങി അനിരുദ്ധന്റെയും ശിവന്റെയും അടുത്തേക്ക് വന്നത്. ചോദ്യം കേട്ടപ്പോൾ അതെ എന്ന് തലയാട്ടിക്കൊണ്ട് മുന്നിൽ നിൽക്കുന്ന ആളെ നോക്കുമ്പോൾ അയാൾ ചിരിച്ചുകൊണ്ട് അനിരുദ്ധന്റെയും ശിവന്റെയും നേരേ കൈ നീട്ടി. "ഞാൻ ഹരി. ഞാനാണ് കുറച്ചു മുന്നേ വിളിച്ചതും. എന്നെ മനസിലായോ എന്ന് അറിയില്ല. രമയെ അറിയാലോ. അവളെന്റെ വീട്ടിലാണ് ഉള്ളത് " അത് പറയുമ്പോൾ പെട്ടന്ന് ഓർത്തെടുക്കുംപ്പോലെ അനിരുദ്ധൻ ആശ്ചര്യം നിറഞ ഭാവത്തോടെ പുഞ്ചിരിച്ചു. " ഓഹ്. രമയുടെ ഹസ്ബന്റ് ആണല്ലേ. സത്യം പറഞ്ഞാൽ മുന്നേ എപ്പോഴോ അവൾ കാണിച്ചു തന്നിട്ടുണ്ട് ഫോട്ടോയിൽ. പക്ഷേ പെട്ടന്ന് ഓർത്തെടുക്കാൻ കഴിഞ്ഞില്ലാട്ടോ.. സോറി " അനിരുദ്ധൻ ക്ഷമാപണം നടത്തുമ്പോൾ ഹരി പുഞ്ചിരിച്ചു. " അതിനെന്തിനാടൊ സോറി. ഒറ്റനോട്ടത്തിൽ മനസ്സിൽ പതിയാനും ഓർത്തെടുക്കാനും മാത്രം അത്ര വലിയ ആളൊന്നും അല്ലെടോ ഞാൻ. പിന്നെ ഇയാൾ ഇപ്പോൾ പറഞ്ഞതിൽ ഒരു തിരുത്തുണ്ട്... രമ എന്റെ മോൾടെ അമ്മയാണ്.. പക്ഷേ, എന്റെ ഭാര്യ അല്ലാട്ടോ " അയാൾ എന്താണ് പറയുന്നത് എന്ന് മനസ്സിലാകാതെ അന്തം വിട്ട് നിൽക്കുകയായിരുന്നു ശിവനും അനിരുദ്ധനും. "വിശ്വാസം ആയില്ല അല്ലേ? സത്യാടോ. അവളെന്റെ ഭാര്യ ഒന്നുമല്ല. ഞാൻ .

സത്യം പറഞ്ഞാൽ എന്റെ മോൾക്ക് വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുവാ അവൾ. അവളുടെ പ്രിയപ്പെട്ട കൂട്ടുകാരിക്ക്, എന്റെ മോൾടെ അമ്മയ്ക്ക് കൊടുത്ത വാക്ക്. അത് പാലിക്കാൻ വേണ്ടി അവളുടെ ജീവിതം ആണ് അവൾ. പുറമെ എല്ലാവരും കരുതുന്നത് അവളെ ഞാൻ വിവാഹം കഴിച്ചെന്ന് ആണ്. അല്ലെന്ന് പറയാനോ ആരെയും തിരുത്താനോ അവളും നിന്നില്ലെന്ന് മാത്രം. എല്ലാം എന്റെ മോൾക്ക് വേണ്ടി " അത് പറയുമ്പോൾ അവളോടുള്ള സ്നേഹത്തിന്റെയും കടപ്പാടിന്റെയും പ്രതിഫലനം ഹരിയുടെ കണ്ണുകളിൽ ഉണ്ടായിരുന്നു. എന്നാൽ ഹരി പറഞ്ഞതൊന്നും അപ്പോഴും വിശ്വസിക്കാൻ കഴിയാതെ നിൽക്കുകയായിരുന്നു ആനിയും ശിവനും. " പിന്നെ ഞാനിപ്പോ നിങ്ങളെ തേടി വന്നത് ഒരു നന്ദി പറയാൻ കൂടിയാണ്. എന്റെ മോള് പറ്റിയ തെറ്റ് eഏറ്റുപറയുമ്പോൾ അവളെ ആ തെറ്റിൽ നിന്നും രക്ഷിച്ച രണ്ട് പേരുകൾ പറഞ്ഞു. രമയിൽ നിന്നും അത് നിങ്ങൾ ആണെന്ന് കൂടി അറിഞ്ഞപ്പോൾ ഒന്ന് നേരിൽ കാണണമെന്ന് തോന്നി. വലിയൊരു അപകടത്തിൽ നിന്നാണ് നിങ്ങൾ എന്റെ മോളെ രക്ഷിച്ചത്.

ഒരു നന്ദി പറച്ചിൽ കൊണ്ട് തീരില്ല എന്നറിയാം. എന്നാലും ഒത്തിരി നന്ദി, മറക്കില്ല ഒരിക്കലും. " ഹരി അനിയുടെയും ശിവന്റെയും കയ്യിൽ പിടിച്ചു മനസ്സിന്റെ സന്തോഷം പങ്കുവെക്കുമ്പോൾ ശിവൻ ഹരിയുടെ തോളിൽ പിടിച്ചു. " ഇതൊനൊക്കെ ഒരു നന്ദിപറച്ചിൽ ആവശ്യമുണ്ടോ. ഏതൊരു പെൺകുട്ടിയും ഇതുപോലെ ഒരു അപകടത്തിൽ പെട്ടെന്നറിഞ്ഞാൽ ആരായാലും ചെയുന്നതേ ഞങ്ങളും ചെയ്തുള്ളൂ. പക്ഷേ,ഞങ്ങൾക്ക് അവരെ പിന്തുടരാൻ പറ്റിയതും കറക്റ്റ് സമയത്ത് എത്താൻ പറ്റിയതും രമ കാരണമാണ്. ഈ നന്ദി ഒക്കെ അർഹിക്കുന്നത് അവളാണ്. " ശിവന്റെ വാക്കുകൾ കേട്ടപ്പോൾ ഹരി മനസ്സ് നിറഞ്ഞു ചിരിച്ചു. ആ സംസാരം ഒരുപാട് നേരം നീളുന്നതായിരുന്നു. ആ കൈവരിയിൽ നിന്ന് ബാറിന്റെ ഇരുണ്ട മൂലയിലേ ഒഴിഞ്ഞ ടേബിളിലേക്ക് ആ സംസാരം പറിച്ചുനടുമ്പോൾ പലതും ഹരി അറിയുകയായിരുന്നു മദ്യലഹരിയിലുള്ള ശിവനിലൂടെ.... അനിരുദ്ധന്റെയും രമയുടെയും കോളേജ് കാലം മുതൽ ഇന്നുവരെ ഉള്ള ഓരോ നിമിഷവും നിശ്വാസവും. അതിനിടയിൽ പറയാതെ മനസ്സിൽ കൊണ്ടുനടന്ന ഒരു കുഞ്ഞ് ഇഷ്ടവും. !.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story