സ്‌നേഹത്തോടെ: ഭാഗം 18

snehathode

രചന: മഹാദേവൻ

അനിരുദ്ധൻ ഫോൺ കട്ട്‌ ആക്കി പോക്കറ്റിൽ ഇട്ട് ശിവനോട് വണ്ടി എടുക്കാൻ ആവശ്യപ്പെട്ടു. പിന്നെ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന പെൺകുട്ടികളെ അരികിലേക്ക് വിളിച്ചു. "നിങ്ങൾ ഈ കാണിച്ചത് തെറ്റാണെന്ന് പൂർണ്ണബോധ്യം ഉണ്ടെങ്കിൽ മുന്നിൽ നടന്നോ, പിറകെ ഞങ്ങൾ ഉണ്ടാകും. ഒരു ഏട്ടൻ ആണെന്ന് കരുതിയാൽ മതി. വഴിയിൽ ഇട്ട് പോകില്ല. പക്ഷേ, ഇനി വഴി തെറ്റരുത് ആരുടേയും. " അവർ കണ്ണുകൾ തുടച്ചുകൊണ്ട് മുന്നോട്ട് നടക്കുമ്പോൾ പിറകിൽ ആനിയും നടന്നു. അവരുടെ ഏട്ടനായി ! ---------------------------------------------------------------- " രമ, ഇനിയും നിന്റ ഒറ്റപ്പെട്ട ഈ ജീവിതം കാണാൻ പറ്റില്ല. അതുകൊണ്ട് ഞാൻ അത് തീരുമാനിക്കുവാ.. അനിരുദ്ധനുമായുള്ള നിന്റ വിവാഹം. " ഹരിയുടെ വാക്ക് കേട്ട് ഞെട്ടലോടെ ആണ് അവൾ തല ഉയർത്തിയത്. വിവാഹത്തിന് നിർബന്ധിക്കുമ്പോൾ ഹരിയേട്ടന്റെ മനസ്സിൽ അനിയാണെന്ന് അറിയില്ലായിരുന്നു. പെട്ടന്നൊരു മറുപടി പറയാൻ കഴിയാത്ത അവസ്ഥ ആയിരുന്നു അവളിൽ. " നീ ഒന്നും പറഞ്ഞില്ല..... ".

അവൻ അവളിൽ നിന്നുള്ള ഒരു മറുപടി പ്രതീക്ഷിക്കുന്നുണ്ടായിരുന്നു. " നിങ്ങളുടെ സൗഹൃദം എനിക്കറിയാം. അതിനപ്പുറം നിങ്ങളിൽ ഒരിഷ്ടം ഉണ്ടാകുമെന്നാണ് എന്റെ വിശ്വാസം. ആ ഇഷ്ടം ഇനിയും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. " അവന്റെ വാക്കുകൾ രമയ്ക്ക് വീർപ്പുമുട്ടൽ ഉണ്ടാക്കുന്നതായിരുന്നു. " അനിരുദ്ധൻ എന്റെ നല്ലൊരു സുഹൃത്ത് ആണ്.. അതിനപ്പുറം എന്തേലും ഉണ്ടോ എന്ന് ചോദിച്ചാൽ..... എനിക്ക് അറിയില്ല.. പക്ഷേ, ആ സൗഹൃദം ഞാൻ ഇഷ്ടപ്പെടുന്നു, എന്നും കൂടെ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു, പക്ഷേ, ഒരു വിവാഹം ഞാൻ..... " അവൾ വാക്കുകൾ കിട്ടാതെ ഉഴറുമ്പോൾ ഹരി ഒന്ന് പുഞ്ചിരിച്ചു. " കൂടെ വേണമെന്ന് ആഗ്രഹിക്കുന്ന ആ സൗഹൃദം ഇനി എന്നും കൂട്ടായി നിൽക്കാൻ ആണ് ഞാൻ ഈ പറയുന്നത്. എത്ര വലിയ ആത്മാർത്ഥസൗഹൃദം ആയാലും മനസ്സിൽ പറയാത്ത ഒരിഷ്ടം ഉണ്ടാകും. പറഞ്ഞാൽ സൗഹൃദം നഷ്ടമാകുമോ എന്ന് പേടിച്ച് പറയാതെ മനസ്സിൽ അടക്കിവെക്കുന്ന ആ ഒരിഷ്ടം. ആ ഇഷ്ടം നിങ്ങളിലും ഉണ്ടെന്ന് ആണ് എന്റെ വിശ്വാസം. അല്ല, ഉണ്ട്.. "

രമ ഒരു മറുപടി പറയാൻ കഴിയാതെ നിൽകുമ്പോൾ ഹരി അവളുടെ തോളിൽ കൈ വെച്ചു, " കൂടുതൽ ഒന്നും ആലോചിക്കണ്ട. " പതിയെ അവൻ പിൻതിരിച്ചു നടക്കുമ്പോൾ അവൾ മുഖത്തെ വിയർപ്പുകൾ തുടച്ചുകൊണ്ട് ചുവരിലേക്ക് ചേർന്ന് നിന്നു. ------- -------- -------- ---------- ---------- ------- അനിരുദ്ധന്റെ കാൾ വരുമ്പോൾ അവൾ പ്രതീക്ഷയോടെ ആണ് അറ്റന്റ് ചെയ്തത്. സ്നേഹയുടെ കാര്യത്തിൽ ന്തെങ്കിലും ചെയ്തിട്ടുണ്ടാകും എന്ന സന്തോഷം ഉണ്ടായിരുന്നു അവളിൽ. " ഇനി മോൾക്ക് അവനൊരു ശല്യം ആകില്ല " എന്നവൻ പറയുമ്പോൾ രമ സന്തോഷം കൊണ്ട് വീർപ്പുമുട്ടുകയായിരുന്നു. ആ സന്തോഷം അടുത്തറിയുംപ്പോലെ അനിയും അവൾക്കൊപ്പം ചേരുമ്പോൾ അവൾ പെട്ടന്നായിരുന്നു അത് ചോദിച്ചത് " നിങ്ങൾക്ക് ന്നോട് പ്രണയം തോന്നിയിട്ടുണ്ടോ?" ഒരു നിമിഷം എന്ത് പറയണമെന്ന് അറിയാതെ പതറി അനിരുദ്ധൻ. " അങ്ങനെ ചോദിച്ചാൽ.... ഇല്ലെന്ന് കള്ളം പറയുന്നില്ല ഞാൻ. പലരും അങ്ങനെ ആണെന്ന് വരുത്തിതീർത്തപ്പോൾ എന്നോ എന്റെ മനസ്സിലും... പക്ഷേ, ഒരിക്കലും നിന്റ സൗഹൃദത്തേക്കാൾ ഏറെ ആ പ്രണയത്തെ ഞാൻ കണ്ടിട്ടില്ല, ആഗ്രഹിച്ചിട്ടില്ല.

ഇനി ഞാൻ ചോദിക്കട്ടെ... നിനക്ക് എന്നോട് പ്രണയം തോന്നിയിട്ടുണ്ടോ? " അവളുടെ മറുപടിക്ക് വേണ്ടി ആകാംഷയോടെ ആണവൻ കാത്തിരുന്നത്. അനിരുദ്ധന്റെ ചോദ്യം കേട്ട് അവളൊന്ന് പുഞ്ചിരിച്ചു. " ഉണ്ട്... " അവളിലെ ആ മറുപടി അവന് ആശ്ചര്യമായിരുന്നു. പിന്നീട് അവൾ പറഞ്ഞ വാക്കുകൾക്ക് അവൻ ചെവിയോർക്കുമ്പോൾ പുറത്ത് ഒരു മഴയ്ക്കുള്ള തെയ്യാറെടുപ്പെന്നപ്പോലെ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നുണ്ടായിരുന്നു. ---- ----- ----- ----- ------ ------ ------- ------ ------- ------- ഇന്ന് രമയുടെ വിവാഹമാണ്. രെജിസ്റ്റർഓഫീസിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ഹരിയുടെ മനസ്സിനെ അസ്വസ്ഥമാക്കിയത് ഇതുവരെ അമ്മയോട് മറച്ചുവെച്ച ആാാ സത്യം നേരിൽ കാണുമ്പോൾ ഉണ്ടാകുന്ന അവസ്ഥ ഓർത്തായിരുന്നു. മകൻ രമയുടെ കഴുത്തിൽ താലി ചാർത്തുന്നത് കാണാൻ വരുന്ന അമ്മയ്ക്ക് മുന്നിൽ വെച്ച് അനിരുദ്ധൻ അവളുടെ കൈ പിടിക്കുമ്പോൾ അമ്മ എങ്ങനെ അതിനെ ഉൾക്കൊളുമെന്നോ പ്രതികരിക്കുമെന്നോ അറിയില്ലായിരുന്നു ഹരിക്ക്.

എല്ലാവരും അതിയായ സന്തോഷത്തോടെ കാറിലേക്ക് കയറുമ്പോൾ രമയുടെ മുഖത് മാത്രം വല്യ ഭാവമാറ്റം ഇല്ലായിരുന്നു. സ്നേഹമോളെ ഉപേക്ഷിച്ചൊരു ജീവിതം അവൾക് ചിന്തിക്കാൻ പോലും കഴിയുന്നില്ലായിരുന്നു. ആ വീട് വിട്ടിറങ്ങാൻ മനസ്സ് അനുവദിയ്ക്കാത്തപ്പോലെ അവൾ തിരിഞ്ഞുനോക്കി. പിന്നെ പതിയെ സ്നേഹയെ ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു. അവിടെ എത്തുന്നത് വരെ സ്നേഹയോടോ അമ്മയോടോ ഒന്നും പറയരുത് എന്ന് ഹരി പറഞ്ഞത് കൊണ്ട് ഒന്നും മിണ്ടാൻ കഴിയാതെ മനസ്സിന്റെ വീർപ്പുമുട്ടൽ മഴപ്പോലെ കണ്ണുകൾ നനച്ചിറങ്ങിയിരുന്നു. രെജിസ്റ്റർ ഓഫീസിൽ എത്തുമ്പോൾ പുറത്ത് തന്നെ nനിൽപ്പുണ്ടായിരുന്നു അനിരുദ്ധനും ശിവനും. കാർ ഒതുക്കി നിർത്തി പുറത്തേക്കിറങ്ങിയ ഹരി അവർക്കരികിൽ എത്തുമ്പോൾ അനിരുദ്ധൻ ഒന്ന് പുഞ്ചിരിച്ചു. " ഒരുപാട് നേരം ആയോ വന്നിട്ട് "ഹരിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് ശിവൻ ആയിരുന്നു. " ഏയ്യ്.. ഇപ്പോൾ വന്നതേ ഉളളൂ.. പിന്നെ നിങ്ങളെല്ലാവരും വന്നിട്ട് അകത്തു കയറാം എന്ന് കരുതി നിന്നതാ " ഹരി ചിരിച്ചുകൊണ്ട് ഒന്ന് തലയാട്ടി. പിന്നെ കാറിനരികിൽ നിൽക്കുന്ന അമ്മയ്ക്കും രാമയ്‌ക്കും അരികിലേക്ക് ചെന്നു. " എന്നാ ഇനി സമയം കളയണ്ട,

എല്ലാരും വാ. രെജിസ്റ്റർ ആണെങ്കിലും നല്ല കാര്യങ്ങൾക്ക് ഒരു സമയം ഒക്കെ ഉണ്ടല്ലോ. ആ മുഹൂർത്തസമയം കഴിയുമുന്നേ കാര്യങ്ങൾ ഭംഗിയായി നടക്കട്ടെ " ഹരി ശിവനോടും അനിയോടും അകത്തേക്ക് വരാൻ ആംഗ്യം കാണിച്ചുകൊണ്ട് മുന്നേ നടക്കുമ്പോൾ അമ്മയും സ്നേഹയുടെ രമയും അവനെ അനുഗമിച്ചു. ആ സമയത്തെല്ലാം അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു ആ അമ്മ. അവളുടെ മുഖത്ത്‌ വലിയ തെളിച്ചം കാണാത്തത് അവരെ ഒന്ന് ചിന്തിപ്പിച്ചു. ഇനി ഹരിയുമായിട്ടുള്ള വിവാഹം രമയ്ക്ക് സമ്മതമല്ലേ എന്ന് വരെ ആ മനസ്സിലൂടെ ഓടിമറയുമ്പോൾ അനിരുദ്ധനാണ് കഴുത്തിൽ താലി കെട്ടാൻ പോകുന്നതെന്ന് അമ്മ അറിയുമ്പോൾ ഉള്ള നിമിഷത്തെ കുറിച്ചുള്ള വ്യാകുലത ആയിരുന്നു രമയുടെ മനസ്സിൽ. രജിസ്ട്രാറുടെ മുന്നിൽ നിൽക്കുമ്പോൾ ഹരിയുടെയും അനിയുടെയും സ്നേഹയുടെയും മുഖത്ത്‌ മാത്രം ആയിരുന്നു പുഞ്ചിരി. മറ്റു നടപടിക്രമങ്ങൾ എല്ലാം കഴിഞ്ഞ് ഒപ്പിടാം എന്ന് പറഞ്ഞ് ഓഫീസർ ബുക്ക്‌ അവർക്ക് മുന്നിലേക്ക് നീട്ടുമ്പോൾ അനിരുദ്ധൻ വേഗം പേന വാങ്ങി.

പിന്നെ എല്ലാവരെയും ഒന്ന് നോക്കുമ്പോൾ രമയുടെ മുഖത്ത്‌ കണ്ണുകൾ ഉടക്കി. തല താഴ്ത്തി നിൽക്കുന്ന അവളെ ഒരിക്കൽ കൂടി നോക്കികൊണ്ട് അനിരുദ്ധൻ ആ ബുക്കിൽ പേരെഴുതി ഒപ്പിട്ടു. " ഇനി നീ ഒപ്പിടൂ " ഹരി രമയെ മുന്നോട്ട് വിളിച്ചുകൊണ്ട് പേന നീട്ടുമ്പോൾ അവൾ വിറയ്ക്കുന്ന കൈകളാൽ പേന വാങ്ങി. പിന്നെ പതിയെ ആ റെജിസ്റ്റർ ബുക്കിലേക്ക് മിഴികലാഴ്ത്തുമ്പോൾ ഒരു നിമിഷം അവളിൽ ഒരു ഞെട്ടലുണ്ടായി. അവൾ ആ ഞെട്ടലും അമ്പരപ്പും മാറാതെ മുഖം ഉയർത്തി അനിരുദ്ധനെ നോക്കുമ്പോൾ അവൻ അവളെ കണ്ണിറുക്കി കാണിച്ചുകൊണ്ട് പുഞ്ചിരിച്ചു. അവളുടെ പെട്ടന്നുള്ള ഭാവമാറ്റം കണ്ടായിരുന്നു ഹരിയും അത് ശ്രദ്ധിച്ചത്. മുന്നിൽ നടക്കുന്നത് എന്തെന്ന് മനസ്സിലാകാതെ അവനും അനിരുദ്ധനെ അമ്പരപ്പോടെ നോക്കുമ്പോൾ അനിയുടെ മുഖത്തെ പുഞ്ചിരിയ്ക്ക് കുറച്ചു കൂടി ചന്തം കൂടിയിരുന്നു. താഴെ ആ ബുക്കിൽ അവന്റെ കൈപ്പടയിൽ പേര് തെളിയുമ്പോൾ അതിന് മുന്നിൽ അടയാളപ്പെടുത്തിയത് ഇങ്ങനെ ആയിരുന്നു, " സാക്ഷി "..തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story