സ്‌നേഹത്തോടെ: ഭാഗം 3

snehathode

രചന: മഹാദേവൻ

അവൾ പുഞ്ചിരിയോടെ രണ്ട് പേർക്കും നേരേ കൈ നീട്ടുമ്പോൾ കുറച്ചപ്പുറത്ത്‌ അവരെ മാത്രം ശ്രദ്ധിച്ചുകൊണ്ട് ഒരു ബൈക്ക് നിൽപ്പുണ്ടായിരുന്നു. അതിൽ രണ്ട് പേരും........ ! ഹർഷനെയും അഹാനയെയും കണ്ടപ്പോൾ കുറച്ച് ആശ്വാസം തോന്നി സ്നേഹയ്ക്ക്. ഒറ്റപ്പെട്ട ഒരിടത് അഭിയോടൊപ്പം എത്തിയപ്പോൾ ഉണ്ടായ ഉൾകിടിലത്തിന് അയവ് വന്നിരുന്നു അവളുടെ മനസ്സിൽ. ആ സന്തോഷം മറച്ചുവെക്കാതെ തന്നെ അവൾ അഹാനയെ ആലിംഗനം ചെയ്യുമ്പോൾ ഹർഷൻ അഭിയുടെ തോളിൽ കയ്യിട്ട്കൊണ്ട് എല്ലാം ആസ്വദിക്കുകയായിരുന്നു. " അപ്പൊ എങ്ങനാ കാര്യങ്ങൾ. ഈ സ്വർഗ്ഗത്തിലേക്ക് വരുന്നുണ്ടോ അതോ.... " ഹർഷൻ ചിരിയോടെ രണ്ട് പേരോടുമായി ചോദിക്കുമ്പോൾ അഭി സ്നേഹയെ ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് പറയുന്നുണ്ടായിരുന്നു " അതെന്ത് ചോദ്യാ ഇഷ്ട്ടാ... ഞങ്ങളിത്ര ദൂരം വന്നത് തന്നെ ഈ സ്വർഗ്ഗത്തിൽ എല്ലാം മറന്ന് പറന്നു നടക്കാനല്ലേ. "

അവൻ ചിരിയോടെ കണ്ണടച്ച് കാണിക്കുമ്പോൾ അഹാന ചുണ്ടുകൾ നനച്ചുകൊണ്ട് എല്ലാം മനസ്സിലായെന്ന മട്ടിൽ തലയാട്ടുന്നുണ്ടായിരുന്നു. " എന്നാ മോളൊരു കാര്യം ചെയ്യ്, ഇവളോടൊപ്പം പോയി ഈ ഡ്രെസ്സൊക്കെ ഒന്ന് മാറ്. അപ്പോഴേക്കും ഞങ്ങൾ കാര്യങ്ങളൊക്കെ ഒന്ന് സെറ്റ് ആക്കട്ടെ. " എന്നും പറഞ്ഞ് അഭി പതിയെ സ്നേഹയുടെ തോളിൽ തട്ടുമ്പോൾ അവൾ ശരിയെന്നു തലയാട്ടിക്കൊണ്ട് അഹാനയുടെ കയ്യിൽ പിടിച്ചുകൊണ്ട് അകത്തേക്ക് നടന്നു. വാതിൽ കടന്ന് ഉള്ളിലേക്ക് കയറുമ്പോൾ അഹാന പതിയെ ഒന്ന് തിരിഞ്ഞുനോക്കി ഘൂടമായ ചിരിയോടെ. ആ ചിരിയിൽ ഒളിഞ്ഞിരിക്കുന്ന അർത്ഥം മനസ്സിലായപ്പോലെ അഭി കണ്ണിറുക്കി കാണിച്ചുകൊണ്ട് ചുണ്ട് നുണയുമ്പോൾ സംഭവിക്കാൻ പോകുന്നതെന്തെന്ന് അറിയാതെ സ്നേഹ അഹാന കാണിച്ച മുറിയിലേക്ക് സന്തോഷത്തോടെ കയറിയിരുന്നു. 

" അനി നീ എവിടാ " ഫോൺ വൈബ്രെറ്റ് ചെയ്യുന്നത് കണ്ടു നോക്കിയപ്പോൾ അമ്മയാണ്. എടുത്താൽ നൂറുകൂട്ടം പരാതിയും ഉപദേശവും ആകുമെന്ന് അറിയാവുന്നതുകൊണ്ട് തന്നെ ആദ്യമൊന്ന് മടിച്ചാണെങ്കിലും ഫോൺ അറ്റന്റ് ചെയ്യുമ്പോൾ തന്നെ വേവലാതിയോടെ ആയിരുന്നു ചോദ്യം. " എന്റെ അമ്മേ ഞാൻ ഒരു കൂട്ടുകാരന്റെ വീട്ടിൽ ഉണ്ട്. ഇങ്ങനെ ഇടയ്ക്കിടെ വിളിച്ച് അന്വോഷിക്കണ്ട. കേട്ടല്ലോ. ഞാൻ നാട് വിട്ടൊന്നും പോണില്ല " അവൻ അല്പം ദേഷ്യം കലർത്തിയാണ് പറഞ്ഞതെങ്കിലും പിന്നെ തോന്നി വേണ്ടായിരുന്നെന്ന്. അപ്പോഴേക്കും അപ്പുറത്ത്‌ നിന്ന് അമ്മയുടെ പായാരം പറച്ചിൽ തുടങ്ങിയിരുന്നു. " അതേടാ, ഞാൻ ഒന്നും അന്വോഷിക്കണ്ട, ഒന്നും ചോദിക്കാനും പാടില്ല പറയാനും പാടില്ല. നിങ്ങള് കാട്ടികൂട്ടുന്ന തോന്നിവാസങ്ങളൊക്ക കണ്ടു മനസ്സ് വേദനിച്ചു കണ്ണടച്ചിരിക്കണം. നീയൊക്കെ പുറത്ത് പോകുമ്പോൾ തന്നേ നെഞ്ചിൽ തീയാ..

ആരോടാണ് ഇന്ന് തല്ല് ഉണ്ടാക്കേണ്ടത് എന്നും ചിന്തിച്ചല്ലേ നീയൊക്കെ വീട്ടിൽ നിന്ന് ഇറങ്ങുന്നത് തന്നെ. അങ്ങനെയുള്ള നീയൊക്കെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തുടങ്ങും നെഞ്ചിടിപ്പ്. പിന്നെ എങ്ങനെ വിളിക്കാതിരിക്കുമെടാ ഞാൻ. പെറ്റ വയറിന്റെ ദണ്ണമറിഞ്ഞാൽ നീയൊന്നും ഇങ്ങനെ തല്ലാനും കൊല്ലാനും നടക്കില്ലലോ. മതിയായി. ഒന്ന് ചത്താൽ മതി എനിക്ക് " അപ്പുറത്ത് നിന്ന് അമ്മ കരച്ചിൽ തുടങ്ങിയെന്നു മനസ്സിലായപ്പോൾ അനിരുദ്ധ് വേഗം ഫോൺ കട്ട്‌ ചെയ്തു. " ആരാടാ " ബൈക്കിന് പിന്നിൽ ഇരിക്കുന്ന ശിവൻ പതിയെ ബൈക്കിൽ നിന്നിറങ്ങി ആകെ മൊത്തം ആ സ്ഥലം വീക്ഷിക്കുന്നതിനിടയിൽ അനിയോട് ആരായുമ്പോൾ അവൻ കാട് പോലെ വളർന്ന താടിയിൽ തടവിക്കൊണ്ട് ബൈക്കിൽ നിന്നിറങ്ങി. " അത് അമ്മയാടാ, അന്നത്തെ പ്രശ്നത്തിന് ശേഷം ഞാൻ വീട്ടിൽ നിന്ന് ഇറങ്ങുന്നതേ അമ്മയ്ക്ക് പേടിയാ.

എത്ര പറഞ്ഞാലും അമ്മയുടെ വേവലാതി മാറുകയും ഇല്ല. " അവൻ തല കുടഞ്ഞുകൊണ്ട് ബൈക്കിലേക്ക് കാൽ ചേർത്ത് വെച്ച് നിൽക്കുമ്പോൾ അവന്റെ വാക്കുകൾക്കു ചെവി കൊടുക്കുന്നുണ്ടെങ്കിലും വേറെ ചിലയിടത്ത് ശ്രദ്ധയിലായിരുന്നു ശിവൻ.  ഡ്രസ്സ്‌ ഒക്കെ മാറി സ്നേഹ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ അവൾക്ക് കുടിക്കാൻ കയ്യിൽ ജ്യുസുമായി കാത്തുനിൽപ്പുണ്ടായിരുന്നു അഹാന. പുറത്തിറങ്ങിയ അവൾക്ക് മുന്നിലേക്ക് ചിരിയോടെ ഗ്ലാസ് നീട്ടുമ്പോൾ സന്തോഷത്തോടെ തന്നെ അവളാ ഗ്ലാസ്‌ വാങ്ങി " താങ്ക്സ് " പറഞ്ഞ് ചുണ്ടോട് ചേർത്തു. പിന്നെ പതിയെ പുറത്തേയ്ക്ക് നടക്കുമ്പോൾ അഭിയും ഹർഷനും പുറത്ത് സംസാരിച്ചിരിപ്പുണ്ടായിരുന്നു. അവളെ കണ്ട മാത്രയിൽ ഹർഷൻ അവനരികിൽ നിന്നും എഴുനേറ്റ് " ഇനി നിങ്ങള് ഇരിക്ക്, അപ്പോഴേക്കും ഞങ്ങൾ എന്തേലും ഫുഡ്‌ സെറ്റ് ആക്കാം " ഇന്നും പറഞ്ഞ് അഹാനയുടെ തോളിൽ കയ്യിട്ട് കൊണ്ട് അകത്തേക്ക് നടന്നു. ആ പോക്കും നോക്കികൊണ്ട് സ്നേഹ അഭിക്കരികിൽ ഇരിക്കുമ്പോൾ അവൻ അവളെ ഒന്ന് ചേർത്തുപിടിച്ചു.

" ന്താ പെണ്ണെ, ഇപ്പോൾ പേടിയൊക്കെ പോയോ " ഉവ്വെന്ന് അവൾ തലയാട്ടുമ്പോൾ അവൻ പതിയെ അവളുടെ നെറ്റിയിൽ തന്റെ നെറ്റിയൊന്നു മുട്ടിച്ചു. പെട്ടന്നവൾ അവനിൽ നിന്നും ഒഴിഞ്ഞുമാറിക്കൊണ്ട് അവനെ നോക്കി കൊഞ്ഞനം കുത്തി. " മോനെ, അത് വേണ്ട, ഇതൊന്നും എനിക്ക് ഇഷ്ടമല്ലാത്ത കാര്യമാണ്. അങ്ങനെ വല്ല ഉദ്ദേശത്തോടെയും ആണ് ഈ സൗഹൃദം എങ്കിൽ... " അവളുടെ വാക്കിലെ താക്കീത് മനസ്സിലായപ്പോൾ അവൻ സ്വയമൊന്നടങ്ങി. " എന്റെ പോന്നോ.. എനിക്കൊന്നും വേണ്ടേ. നിന്റ ഈ സൗഹൃദം തന്നെ ധാരാളം. പിന്നെ, ഈ മുഖമിങ്ങനെ കാണുമ്പോൾ ഒന്ന് ചുംബിക്കാൻ ആർക്കുമൊന്ന് തോന്നും. വേണ്ട, നിനക്ക് ഇഷ്ടമല്ലാത്തതൊന്നും എനിക്ക് വേണ്ട. " അതും പറഞ്ഞവൻ ചിരിക്കാൻ ശ്രമിക്കുമ്പോൾ " ഗുഡ് ബോയ് " എന്നും പറഞ്ഞവൾ ചിരിയോടെ അഭിയുടെ തലയിലൊന്ന് തട്ടി. " അപ്പൊ ഈ അസുലഭനിമിഷത്തിൽ ഞാൻ നിനക്ക് ഒരു സർപ്രൈസ് തരാൻ പോകാണ്, ഒന്ന് കണ്ണടച്ചേ " അഭിയുടെ പറച്ചിൽ കേട്ട് ആദ്യമൊന്ന് ശങ്കിച്ചെങ്കിലും പതിയെ അവൾ കണ്ണടച്ച് ഇരുന്നു അവന് മുന്നിൽ.

" എന്നാ ഇനി മോളാ കൈ നീട്ടിക്കെ " എന്ന് പറഞ്ഞ അഭിയ്ക്ക് മുന്നിലേക്ക് കൈ നീട്ടി പിടിക്കുമ്പോൾ അവളുടെ കൈ പിടിച്ച് അതിലേക്ക് ഒരു ചെറിയ പൊതി വെച്ചുകൊടുത്തു അഭി. " ഇനി കണ്ണ് തുറന്നോ " അവൾ പതിയെ കണ്ണ് തുറന്ന് ആശ്ചര്യത്തോടെ കയ്യിലേക്കും പിന്നെ അവന്റെ മുഖത്തേക്കും നോക്കുമ്പോൾ അവനാ പൊതി അവൾക്ക് മുന്നിൽ പതിയെ അഴിച്ചുവെച്ചു. " ഇതാണ് നീ കൊതിയോടെ കാത്തിരുന്ന ആ സാധനം. മനസ്സിനെ ഒരു പറവപോലെ വിഹായസ്സിലുടനീളം പറത്തുന്ന ആ സാധനം... സാക്ഷാൽ കഞ്ചാവ്. " അവൾ അത്ഭുതത്തോടെ അതിലേക്ക് നോക്കി. പിന്നെ അവനെ ആഞ്ഞൊന്ന് കെട്ടിപിടിച്ചു. അവൻ ഘൂടമായ ചിരിയോടെ അവളെ പതിയെ അടർത്തിമാറ്റി ആ പൊതി അവളുടെ ബാഗിലേക്ക് വെച്ചു. പിന്നെ പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്തു ചുണ്ടോട് ചേർത്തുവെച്ചു കൊളുത്തി. ഒന്ന് രണ്ട് വട്ടം അവനത് ആഞ്ഞുവലിച്ചു.

പിന്നെ പുക മുകളിലേക്ക് വിട്ടുകൊണ്ട് ആ സിഗരറ്റ് അവൾക്ക് നേരേ നീട്ടി. " ആ പൊതി നീ കയ്യിൽ വെച്ചൊ, പക്ഷേ ആരും കാണരുത്, കേട്ടല്ലോ. എന്നിട്ട് ഇപ്പോൾ ഇത് വലിച്ചോ. സെയിം സാധനം ആണ്. പൊന്നിൻവിലയുള്ള മൊതലാ. ഒരു പുക എടുത്തുനോക്ക്, സ്വർഗ്ഗം പിന്നെ നിനക്കരികിലാകും. " അവന്റെ കയ്യിൽ നിന്ന് സ്നേഹ ആ സിഗരറ്റ് വാങ്ങി ഒരു നിമിഷം ആലോചിച്ചിരുന്നു. ഇതുവരെ ഉപയോഗിക്കാത്തത് കൊണ്ട് ഒരു മടി ഉണ്ടെങ്കിലും അഭിയുടെ മുഖത്തെ പ്രസരിപ്പ് കണ്ടപ്പോൾ അവൾ മറുത്തൊന്നും ആലോചിക്കാതെ അത് ചുണ്ടിലേക്ക് വെക്കാൻ തുടങ്ങിയതും അവർക്ക് മുന്നിൽ ഒരു ബൈക്ക് വന്നു നിന്നിരുന്നു. പെട്ടന്ന് രണ്ട് പേരെ മുന്നിൽ കണ്ട സ്നേഹ പേടിയോടെ സിഗരറ്റ് നിലത്തിടുമ്പോൾ അഭിയും പെട്ടന്ന് രണ്ട് പേര് മുന്നിൽ കണ്ടതിന്റെ വെപ്രാളത്തിൽ ചാടി എഴുനേറ്റു. അഭിയുടെ വെപ്രാളവും സ്നേഹയിലെ പരവേശവും കണ്ട് ചിരിയോടെ ബൈക്ക് ഓഫ്‌ ചെയ്ത് രണ്ട് പേരും ഇറങ്ങുമ്പോൾ സ്വയമൊന്ന് പരിചയപ്പെടുത്താൻ മറന്നില്ല അവർ !

" ഞാൻ അനിരുദ്ധ്, ഇത് ശിവൻ. "! " നിങ്ങളൊക്കെ എന്താ ഇവിടെ.... " അഭി ചെറിയ വിക്കലോടെ ചോദിച്ചുകൊണ്ട് രണ്ട് പേരെയും നോക്കുമ്പോൾ അനി ചിരിച്ചുകൊണ്ട് അവന്റെ തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ച് ചെവിയിൽ പറയുന്നുണ്ടായിരുന്നു " മക്കള് പേടിക്കണ്ട, ചേട്ടന്മാര് ഇച്ചിരി കഞ്ചാവ് തേടി ഇറങ്ങിയതാ " എന്ന്. അത് കേട്ടപ്പോൾ അഭി മൊത്തത്തിൽ വിയർത്തുതുടങ്ങി. ആ സമയത്തായിരുന്നു അനിയുടെ ഫോൺ റിങ് ചെയ്തത്. അവൻ അഭിയെ ചേർത്തുപിടിച്ചുകൊണ്ട് തന്നെ ഹോൺ എടുത്ത് ചെവിയോട് ചേർത്തു, " പേടിക്കണ്ട, കുട്ടി ഇവിടെ സേഫ് ആണ്. അവളുടെ കൂടെ തങ്കപ്പെട്ട ഒരു പയ്യൻ ഉള്ളത് കൊണ്ട് അവൾക്കൊന്നും സംഭവിക്കില്ലെന്നേ, നിങ്ങൾ ധൈര്യമായിരി " അതും പറഞ്ഞ് അനിരുദ്ധ് ഫോൺ കട്ട്‌ ചെയ്ത് അഭിയെ നോക്കി ചിരിക്കുമ്പോൾ അഭിക്ക് മനസ്സിലായിരുന്നു വന്നവർ വഴിതെറ്റി കേറിയതല്ല, സ്നേഹയെ വീഴ്ത്താൻ താൻ വെട്ടിയ വഴിയടയ്ക്കാൻ വന്നവരാണെന്ന്. ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story