സ്‌നേഹത്തോടെ: ഭാഗം 5

snehathode

രചന: മഹാദേവൻ

തിരികെയുള്ള യാത്രയിൽ സ്നേഹ ഒന്നും മിണ്ടാൻ കഴിയാതെ ആ ഷോക്കിൽ തന്നെ ആയിരുന്നു. പരസ്പ്പരം ഒന്നും മിണ്ടാതെയുള്ള ആ യാത്രയിൽ അഭി ഇടയ്ക്കിടെ ദേഷ്യത്തോടെ സൈഡ്ഗ്ലാസിലൂടെ പിറകിലോട്ട് നോക്കി, പിറകിൽ മറുത്തൊരു ചലനത്തിന് പോലും ഇട നൽകാതെ പിന്തുടരുന്ന ശിവനെ അനുരുദ്ധനെയും.. !  വീട്ടിലെത്തുമ്പോൾ ഹാളിലെ സെറ്റിയിൽ മയക്കത്തിലായിരുന്നു അമ്മ. ആാാ മുഖത്തേക്ക് അല്പനേരം നോക്കിനിന്നു അനിരുദ്ധൻ. പിന്നെ വന്നെന്ന് അറിയിക്കാനെന്നോണം ഒന്ന് ചുമച്ചുകൊണ്ട് അകത്തേക്ക് നടക്കുമ്പോൾ ആളനക്കം കേട്ട് ശാരദ കണ്ണ് തുറന്നു. എന്നും പാതിരാ നേരത്ത് കേറിവരുന്നവൻ ഇന്ന് നേരത്തെ ആണല്ലോ എന്നോർത്ത്‌ ആശ്വാസത്തോടെ അഴിഞ്ഞ മുടിയൊന്ന് വാരിക്കെട്ടി സെറ്റിയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ " ഇന്നെന്തു പറ്റി നേരത്തെ " എന്ന് ചോദിക്കാൻ മറന്നില്ല അവർ. "

ആഹ്, ഇപ്പോൾ നേരത്തെ വന്നതായോ കുറ്റം " എന്ന് തമാശമട്ടിൽ ചോദിച്ചുകൊണ്ട് അനിരുദ്ധൻ വാഷ്ബേസിനിൽ കയ്യും മുഖവും കഴുകി ഡൈനിങ്ടേബിളിലേക്ക് ഇരുന്നു. " ഹോ, ഇന്നെന്താണ് അറിയില്ല നല്ല വിശപ്പ്. അമ്മ വേഗം ചോറ് എടുത്തേ, ഇച്ചിരി നല്ല കട്ട തൈരും എടുക്ക്.. ഉള്ളൊന്ന് തണുക്കട്ടെ " അവൻ ടേബിളിൽ ഇരിക്കുന്ന പാത്രത്തിന്റെ മൂടി തുറന്ന് പൊരിച്ചുവെച്ച പപ്പടം പൊട്ടിച്ചെടുത്തു വായിലേക്ക് വെച്ചുകൊണ്ട് പുഞ്ചിരിക്കുമ്പോൾ ശാരദാമ്മയ്ക്ക് ദേഷ്യമാണ് വന്നത്. " അഹ്, ഇവിടെ ഇങ്ങനെ വെച്ചുവിളമ്പിത്തരാനും കാത്തിരിക്കാനും ആളുള്ളുണ്ടല്ലേ നീയൊക്കെ ഇങ്ങനെ തോന്ന്യപ്പോലെ നടക്കുന്നത്. എന്റെ കാലം കഴിഞ്ഞാൽ കാണാം ന്താ ണ്ടാവാന്ന്. ഒരു പെണ്ണ് കെട്ടാൻ പറഞ്ഞാൽ കേൾക്കില്ല. അപ്പൊ നൂറ് കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറും. എന്നോ ഒരുത്തിയെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ കല്യാണമേ വേണ്ടെന്നും പറഞ്ഞ് നടക്കുന്ന മണ്ടൻ ലോകത്തു നീയേ ഉണ്ടാകൂ. " അമ്മയുടെ മുഖത്തെ ദേഷ്യവും വിഷമവും കലർന്ന ഭാവം കണ്ടപ്പോൾ അനിരുദ്ധന് ചിരിയാണ് വന്നത്.

" അതേടാ, നീ ചിരിച്ചോ. എന്തേലും പറഞ്ഞാൽ അപ്പൊ അമ്മേ കളിയാക്കി ചിരിച്ചാൽ മതിയല്ലോ. എനിക്ക് മടുത്തു ങ്ങനെ തീ തിന്ന ജീവിതം. " ന്റെ അമ്മേ, ഇവിടിപ്പോ പെണ്ണ് കെട്ടൽ ഒരു പ്രശ്നണോ ! അല്ലങ്കിൽ തന്നെ പെണ്ണ് കെട്ടാതെ എത്രയോ പേര് ജീവിക്കുന്നില്ലേ ഇവിടെ. പെണ്ണ് കെട്ടാഞ്ഞിട്ട് അവർക്ക് ഒന്നും സംഭവിച്ചതായി ഞാൻ കേട്ടിട്ടില്ല. " അവൻ ഒഴുക്കൻമട്ടിൽ പറഞ്ഞുകൊണ്ട് അമ്മയെ നോക്കുമ്പോൾ അവർ ഒന്നുകൂടി ദേഷ്യത്തോടെ അവനെ തറപ്പിച്ചു നോക്കി. " നീ കെട്ടണ്ട. നിന്റ ഇഷ്ടം പോലെ ജീവിച്ചോ. " അമ്മ ചവിട്ടിത്തുള്ളി അകത്തേക്ക് പോകുന്നതും അടുക്കളയിൽ പാത്രങ്ങൾ പതിവിൽ കൂടുതൽ ശബ്ദിക്കുന്നതും കേട്ടപ്പോൾ അവന് മനസ്സിലായി ഇന്നിനി കരച്ചിലും പരിഭവം പറച്ചിലും മാത്രമായിരിക്കുമെന്ന്. അപ്പോഴേക്കും പോയതിനേക്കാൾ സ്പീഡിൽ കയ്യിൽ ചോറെടുത്ത പ്ളേറ്റുമായി അമ്മ തിരികെ വന്നു. ആ പ്ളേറ്റ് അവന്റെ മുന്നിലേക്ക് നീക്കിവെച്ചു ഒന്നും മിണ്ടാതെ തിരിയുമ്പോൾ അവൻ അമ്മയുടെ കയ്യിൽ ബലമായി പിടിച്ച് "

അമ്മ ഇവിടെ ഇരുന്നേ " എന്നും പറഞ്ഞുകൊണ്ട് അടുത്ത കസേരയിലേക്ക് ഇരുത്തി. " എന്റെ അമ്മേ. അമ്മ പറ. ഈ പ്രായത്തിൽ എനിക്കിനി ആര് പെണ്ണ് തരാനാ.. വയസ്സ് നാല്പതു കഴിഞ്ഞു. പുറമേ കണ്ടാൽ ചെറുപ്പകാരനാണെന്നൊക്കെ തോന്നുമെങ്കിലും 40 കഴിഞ്ഞാ മധ്യവയസ്ക്കൻ ആയി. " " അതിന് ഇന്നും ഇന്നലേം ഒന്നും പറയാൻ തുടങ്ങിയതല്ലല്ലോ ഞാൻ ഒരു പെണ്ണ് കെട്ടാൻ. സ്വന്തം മോൻ ഒരു ജീവിതം ഉണ്ടായിക്കാണാൻ ഏതമ്മയാടാ ആഗ്രഹിക്കാത്തത്.? അപ്പൊ നീ അന്ന് മനസ്സിൽ കൊണ്ട്നടന്നവൾ പോയ സങ്കടത്തിൽ താടീം മുടീം നീട്ടി വളർത്തി നടന്നു. നിന്നെ വേണ്ടെന്ന് വെച്ച് ഒരു ഗൾഫുകാരനായ രണ്ടാംകെട്ടുകാരന് കഴുത്ത് നീട്ടി കൊടുത്ത്‌ അവള് സ്വന്തം ജീവിതം സേഫ് ആക്കിയപ്പോൾ നീ അവളേം മനസ്സിലിട്ട് ജീവിതം നശിപ്പിച്ചു. എന്നിട്ടിപ്പോ ന്തായി. നീ ഇപ്പോഴും ഒറ്റത്തടി, അവളോ, ഗൾഫുകാരന്റെ ഭാര്യയായി വിലസുന്നു.! അമ്മ പറയുന്നത് മുഴുവൻ കേട്ടിരുന്നു അവൻ.

എന്ന് പിണങ്ങുമ്പോഴും അമ്മ പറയുന്ന കാര്യം ആയത്കൊണ്ട് പ്രത്യേകിച്ചൊരു ഫീലും തോന്നിയില്ല അനിരുദ്ധന്. " അമ്മേ, ഈ വിഷയം നമ്മൾ ഒരുപാട് സംസാരിച്ചതല്ലേ. ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ ജീവിതം ഹോമിച്ചുകളഞ്ഞതല്ല ഞാൻ. ഇതൊക്കെ എന്നോ കഴിഞ്ഞ കാര്യങ്ങൾ ആണ്. അവൾക്ക് അന്ന് അങ്ങനെ ഒരു തീരുമാനം എടുക്കാനുണ്ടായ സാഹചര്യവും ഞാൻ പറഞ്ഞതാണ്. പിന്നേം എന്തിനാണമ്മേ അവളെ ഇങ്ങനെ ഇതിനിടയിലേക്ക് വലിച്ചിഴയ്ക്കുന്നത്. അവളുടെ വിവാഹശേഷവും ഞങ്ങളുടെ സൗഹൃദത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല. ഇന്നും അവളെന്റെ നല്ല ഒരു സുഹൃത്ത് ആണ്. " അത് വരെ അവന്റെ മുഖത്തുണ്ടായിരുന്ന സന്തോഷം ഇടയ്ക്കെങ്ങോ മാഞ്ഞുപോയിരുന്നു. താൻ വിവാഹം കഴിക്കാത്തത് അവൾ കാരണമാണെന്ന് എന്നും പഴി പറയുമ്പോൾ അവളെങ്ങനെ ചെയ്യാൻ ഉണ്ടായ സാഹചര്യം അമ്മയ്ക്ക് എത്ര പറഞ്ഞാലും മനസ്സിലാകുന്നില്ലല്ലോ എന്നതായിരുന്നു വിഷമം.

മകന്റെ ജീവിതത്തെ ഓർത്തുള്ള ഒരമ്മയുടെ വിഷമവും വേവലാതിയുമാണ് ഇങ്ങനൊക്കെ പറയാൻ പ്രേരിപ്പിക്കുന്നത് എന്നറിയാം, പക്ഷേ, ..... അവൻ കഴിക്കുന്നിടത്തു നിന്ന് പതിയെ എഴുനേറ്റു കൈ കഴുകുമ്പോൾ അമ്മയ്‌ക്കത് കൂടുതൽ സങ്കടമായി. വെറുതെ ഒന്നോ രണ്ടോ വാ കഴിച്ചെന്നു വരുത്തി. വിളമ്പിയ ചോറ് അപ്പാടെ പ്ളേറ്റിൽ തന്നെ ഇരിക്കുന്നു. " ടാ, നീ ഭക്ഷണം കഴിക്കാതെ എവിടെ പോവാ. " എന്നും ചോദിച്ചുകൊണ്ട് അമ്മ അവന് പിറകെ എത്തിയപ്പോഴേക്കും അനിരുദ്ധൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് പുറത്തേക്ക് പോയിരുന്നു. അവന്റെ പോക്ക് നോക്കി ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് അമ്മ തിരികെ നടക്കുമ്പോൾ മനസ്സിൽ പത്തുപതിനഞ്ചു വർഷം മുൻപ് മകന്റെ കൂടെ കണ്ടിട്ടുള്ള ആ പെൺകുട്ടിയുടെ മുഖം വല്ലാതെ നോവിക്കുന്നുണ്ടായിരുന്നു. മനസ്സിൽ മരുമകളായി പ്രതിഷ്ഠിച്ചവളെ ഇന്നും മറക്കാൻ കഴിയാത്തപ്പോലെ ! 

സ്നേഹ ബാഗുമായി തല താഴ്ത്തി ഗേറ്റ് തുറന്ന് വീട്ടിലേക്ക് കയറുമ്പോൾ അവളെയും പ്രതീക്ഷിച്ചു മുന്നിൽ തന്നെ നിൽപ്പുണ്ടായിരുന്നു രമ. ഗേറ്റ് തുറന്ന് വരുന്ന സ്നേഹയെ കണ്ടമാത്രയിൽ ആശ്വാസത്തോടെ അവൾക്ക് മുഖം കൊടുക്കാതെ വേഗം അകത്തേക്ക് നടക്കുമ്പോൾ അടുത്ത് നിൽക്കുന്ന അമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കുകമാത്രം ചെയ്തു. രാവിലെ മുതൽ നടന്ന സംഭവങ്ങളുടെ ഞെട്ടലും പരിഭ്രമവും ഉള്ളിൽ ഉണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ സ്നേഹ ഉമ്മറത്തേക്ക് കയറി. അവളുടെ മുഖത്തെ വിളർച്ചയും മറ്റും കണ്ടപ്പോൾ അമ്മമ്മയ്ക്ക് എന്തോ പന്തിക്കേട് തോന്നിയിരുന്നു. അതെ സമയത്താണ് അവർ സ്നേഹ ഇട്ടിരുന്ന ഡ്രെസ്സിലേക്കും ശ്രദ്ധിച്ചത്. " മോളെ നീ രാവിലെ യൂണിഫോം ഇട്ടല്ലേ പോയത്. പിന്നെ ഈ ഡ്രസ്സ്‌ എങ്ങനെ? " അമ്മമ്മയുടെ സംശയം നിറഞ്ഞ നോട്ടത്തോടെയുള്ള ചോദ്യം കേട്ടപ്പോൾ ആണ് അവളും ഞെട്ടലോടെ അക്കാര്യമോർത്തത്. അഭിയുടെ കൂടെ അവിടെ പോയപ്പോൾ മാറ്റിയ ഡ്രസ്സ്‌ ആണ് ഇപ്പോൾ. അതിന് ശേഷമുണ്ടായ പ്രശ്നങ്ങൾക്കിടയിൽ ഡ്രസ്സ്‌ മാറാനോ, അല്ലെങ്കിൽ അതോർത്തത് പോലുമില്ല എന്നതാണ് സത്യം.

എങ്ങനെ എങ്കിലും ആ വന്നവർക്ക് മുന്നിൽ നിന്ന് രക്ഷപ്പെട്ടാൽ മതി എന്നായിരുന്നു അപ്പൊൾ ചിന്ത. അതിനിടയ്ക്ക് മാറിയ ഡ്രസ്സ്‌ മനസ്സിൽപോലും വന്നില്ല. പക്ഷേ, ഇപ്പോൾ അമ്മമ്മയുടെ സംശയം നിറഞ്ഞ ചോദ്യം അവളുടെ നെഞ്ചിടിപ്പ് കൂട്ടി. " ചോദിച്ചത് കേട്ടില്ലേ. നീ രാവിലെ ഇട്ടിട്ട് പോയ ഡ്രസ്സ്‌ എവിടെ? " " അത്.... ഞാൻ.... സ്കൂളിൽ .... വീണപ്പോൾ... " അവൾ വിക്കലോടെ ഒരു കള്ളം മെനഞ്ഞെടുക്കുമ്പോൾ അമ്മമ്മ അവളുടെ അരികിലേക്ക് ഒന്നുകൂടി നീങ്ങിനിന്നു. " അതിന് നിനക്ക് സ്കൂളിൽ വീഴുമെന്ന് നേരത്തെ അറിയാനുള്ള വല്ല ദിവ്യശക്തിയും ഉണ്ടോ വേറെ ഡ്രെസ്സും കയ്യിൽ കരുതി പോവാൻ? " അവൾ ഉത്തരം പറയാൻ കഴിയാതെ നിന്ന് പരുങ്ങി. അമ്മമ്മയുടെ മുഖത്തേക്ക് നോക്കാൻ കഴിയാതെ തല താഴ്ത്തി നിൽക്കുമ്പോൾ അമ്മമ്മയുടെ ചോദ്യത്തിൽ ദേഷ്യത്തിന്റ ധ്വനി ഉണ്ടായിരുന്നു. " നിന്നോട് ചോദിച്ചത് കേട്ടില്ലേ? വീട്ടീന്ന് സ്കൂളിൽ പോകുമ്പോൾ ഒരു ഡ്രസ്സ്‌, വരുമ്പോൾ വേറൊന്ന്.

ഓരോന്ന് കാട്ടികൂട്ടി കേറി വരുന്നത് ആരും ഒന്നും അറിയില്ല, പറയില്ല എന്ന് കരുതിയാണോ? " അമ്മമ്മയും ദേഷ്യത്തിൽ ആണെന്ന് മനസ്സിലായപ്പോൾ അവിടെ നിന്ന് രക്ഷപ്പെടാനെന്നോണം സ്നേഹ വേഗം റൂമിലേക്ക് നടന്നു. റൂമിൽ കയറി വാതിൽ അടച്ച പാടെ കയ്യിലെ ബാഗ് ബെഡിലേക്ക് ഇട്ട് അവൾ ബെഡിലേക്ക് വെട്ടിയിട്ടപ്പോലെ വീണു. അത് വരെ നടന്ന ഓരോ നിമിഷങ്ങളും അവളിൽ അപ്പോഴും നെഞ്ചിടിപ്പ് ആയിരുന്നു. ശരീരത്തിന്റെ വിറയൽ മാറിയിരുന്നില്ല. ആ കിടപ്പ് എത്ര നേരം കിടന്നെന്ന് അറിയില്ല. പെട്ടന്ന് എന്തോ ഓർത്തെടുത്തപ്പോലെ ഞെട്ടലോടെ ആണവൾ ആ കിടപ്പിൽ നിന്ന് എഴുന്നേറ്റത്.

അത് വരെ ഉണ്ടായിരുന്ന ഭയം ഒന്നുകൂടി വര്ധിച്ചപ്പോലെ അവൾ വേഗം ബാഗ് കൈയ്യിലെടുത്ത്‌ അതിന്റ സിബ്ബ് തുറന്നു. പിന്നെ നെറ്റിയിലും കഴുത്തിലും ഭയത്താൽ പൊടിഞ്ഞ വിയർപ്പുതുള്ളികൾ ബെഡിൽ അലസമായി കിടന്നിരുന്ന ബ്ളാങ്കെറ്റിൽ തുടയ്ച്ചുകൊണ്ട് വിറയ്ക്കുന്ന കൈകളാൽ ബാഗിന്റെ അറയിൽ നിന്ന് ഒരു പൊതി കയ്യിൽ എടുത്തു. പിന്നെ പതിയെ ആ പൊതി തുറന്ന് അതിലേക്ക് ഭയത്തോടെ നോക്കുമ്പോൾ അഭി പറഞ്ഞ വാക്കായിരുന്നു അവളിൽ ഓടിയെത്തിയത്. " ഇതാണ് നീ കൊതിയോടെ കാത്തിരുന്ന ആ സാധനം ! മനസ്സിനെ ഒരു പറവയെപ്പോലെ വിഹായസ്സിലുടനീളം പറത്താൻ കഴിവുള്ള ജിന്ന് ! സാക്ഷാൽ കഞ്ചാവ്..... " ...തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story