സ്‌നേഹത്തോടെ: ഭാഗം 8

snehathode

രചന: മഹാദേവൻ

നന്ദി, " അനിരുദ്ധൻ എല്ലാവരെയും നോക്കിക്കൊണ്ട് ചിരിയോടെ വേദിയിൽ നിന്ന് ഇറങ്ങുമ്പോൾ പിന്നിൽ അവന്റെ വാക്കുകൾക്ക് കയ്യടിക്കാൻ അവനുമുണ്ടായിരുന്നു. "ശിവൻ "  തോളിൽ കിട്ടിയ അടിയിലാണ് പെട്ടന്ന് അനിരുദ്ധൻ ഓർമ്മകളിൽ നിന്നും പുറത്ത് വന്നത്. മുന്നിൽ ശിവൻ സംശയത്തോടെ മുഖത്തേക്ക് നോക്കുന്നത് കണ്ടപ്പോൾ അനിരുദ്ധൻ ചിരിക്കാൻ ശ്രമിച്ചു. " നീ ഇവിടെയൊന്നും അല്ലേ? എന്താടോ ഒരു ആലോചന.? " " ഒന്നുമില്ലെടാ... ചില ഓർമ്മകളിങ്ങനെ ഇടയ്ക്കിടെ മനസ്സിനെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കും. പണ്ട് നമ്മുടെ ആ കോളേജ് കാലവും നീയും രമയും അടിയും സൗഹൃദവും എല്ലാം. എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും പ്രതീക്ഷിക്കാതെ അതിങ്ങനെ ഇടയ്ക്കിടെ കേറിവരും. " " അതൊക്കെ കഴിഞ്ഞില്ലെടാ... സത്യത്തിൽ നിന്നോടുള്ള ദേഷ്യമാണ് പലപ്പോഴും രമയോട് കാണിച്ചത്. പക്ഷേ, അവളൊരു പാവമായിരുന്നു.അന്നൊക്കെ ഞങ്ങൾക്ക് തോന്നിയിട്ടുണ്ട് നിങ്ങൾ തമ്മിൽ പ്രേമമാണെന്ന്. പക്ഷേ അതിനേക്കാളൊക്കെ മേലെ നിങ്ങടെ സൗഹൃദം വളർന്നുനിന്നപ്പോൾ എന്തോ വല്ലാത്ത മതിപ്പ് ആയിരുന്നു.

എന്റെ അമ്മ എപ്പോഴും പറയുമായിരുന്നു സ്നേഹത്തെ തിരിച്ചറിയാനല്ല, സ്നേഹത്തിന്റെ വഴി തിരിച്ചറിയാൻ ആണ് പ്രയാസം എന്ന്. " " അതെ ശിവ. സ്നേഹം വല്ലാത്തൊരു നോവ് കൂടിയാണ്. നീയൊക്കെ പറഞ്ഞപ്പോലെ വല്ലാത്തൊരു സൗഹൃദം ആയിരുന്നു ഞങ്ങടെ. പക്ഷേ എപ്പഴോ എനിക്കവളോട് പ്രണയം തോന്നിയിട്ടുണ്ടെടോ. അവളെ പോലെ ഒരുവളെ സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നു. അവളോട് എന്നും അങ്ങനെ സംസാരിച്ചിരിക്കാൻ മനസ്സ് കൊതിച്ചിരുന്നു. പക്ഷേ, ഒരിക്കൽ പോലും ഞാനത് പറഞ്ഞിട്ടില്ല ആരോടും. എന്റെ അമ്മ മാത്രം പറയാറുണ്ട് ഒരിക്കലും ഇത്രേം കാലം നിങ്ങൾക്ക് സുഹൃത്തുക്കൾ ആയിരിക്കാൻ കഴിയില്ലെന്ന്. പുറമേ കാണിക്കുന്നില്ലെങ്കിലും ആരുടെയെങ്കിലും ഒരാളുടെ മനസ്സിൽ പറയാത്തൊരിഷ്ടം നോവിക്കുന്നുണ്ടാകും എന്ന്. സത്യാടോ. അങ്ങനെ ഒരിഷ്ടം എന്നും എന്നെ നോവിച്ചിട്ടുണ്ട്. അവൾക്ക് അങ്ങനെ ഒരു നോവ് ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. പക്ഷേ, മനസ്സിന്റെ ആ ഇഷ്ടം അവളോട് പറഞ്ഞാൽ ചിലപ്പോൾ.... ഒരു വാക്ക് കൊണ്ട് ആ സൗഹൃദം നഷ്ട്ടപ്പെടുത്താനോ അവളുടെ സാമീപ്യവും നിഷ്ക്കളങ്കമായ സംസാരവും ചിരിയുമൊന്നും നഷ്ട്ടപ്പെടുത്താൻ കഴിയാത്തത് കൊണ്ട് എല്ലാം നെഞ്ചിൽ മാത്രം ഒതുക്കിവെച്ചു.

" ഇത്രയും നാൾ കൂടെ നടന്നിട്ടും രണ്ട് പേരുടെയും സൗഹൃദം അത്രയേറെ കൊതിയോടെ നോക്കിക്കണ്ടിട്ടും ഇതുപോലെ ഒരിഷ്ടം ഇവന്റെ മനസ്സിലുണ്ടെന്ന് ശിവന് വല്ലാത്തൊരു അത്ഭുതമായിരുന്നു. " ടാ, അങ്ങനെ നിനക്കൊരു ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ അവളോട് പറയാമായിരുന്നില്ലേ. എന്നാൽ ചിലപ്പോൾ...... ! അനിരുദ്ധൻ വിഷാദം നിറഞ്ഞ ചിരിയോടെ ശിവനെ നോക്കി. " പറയണമെന്ന് ആഗ്രഹിച്ചിരുന്നു. അന്ന് ഞാൻ ഗൾഫിൽ പോയ സമയത്താണ് അവളുടെ വിവാഹം കഴിഞ്ഞെന്ന് അറിയുന്നത്. ഭർത്താവ് ഒരു രണ്ടാംകെട്ടുകാരൻ ആണെന്ന് കൂടി അറിഞ്ഞപ്പോൾ ശരിക്കും മനസ്സ് പിടച്ചു. ഞാൻ ഒന്ന് പറഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ ഇങ്ങനെ ഒരു ജീവിതം അവൾക്ക് ഉണ്ടാകില്ലായിരുന്നു എന്നൊക്കെ ചിന്തിച്ചപ്പോൾ ഒരുപാട് വിഷമിച്ചു. അന്നൊന്നും ഇതുപോലെ സംസാരിക്കാൻ ഫോൺ ഒന്നും കയ്യിൽ ഇല്ലായിരുന്നല്ലോ. അതുകൊണ്ട് തന്നെ പിന്നീട് കുറെ കാലം അവളോട് മിണ്ടാൻ കഴിഞ്ഞില്ല. കുറച്ചു വര്ഷങ്ങള്ക്ക് ശേഷമാണ് അവളോട് സംസാരിക്കാൻ കഴിയുന്നത്.

ഫോൺ കയ്യിൽ വന്നതിന് ശേഷം. പഴയ ആ രമയെ അവളിൽ കാണാൻ കഴിയില്ലെന്ന് അറിയാം. എന്നാലും എവിടെയോ മുറിഞ്ഞുപോയ ആ സൗഹൃദം വീണ്ടും വന്നപ്പോൾ ഏറെ സന്തോഷിച്ചു. എന്റെ മനസ്സിൽ കുഴിച്ചുമൂടിയ ഇഷ്ടം ഇനി തോണ്ടി പിറത്തെടുക്കുന്നതിൽ അർത്ഥമില്ലല്ലോ. അവൾക്കൊരു ജീവിതം ഉണ്ട് ഇപ്പോൾ. അതുകൊണ്ട് ഓർക്കാൻ കുറെ ഓർമ്മകൾ നല്കുന്ന ആ സൗഹൃദം തന്നെ മതി എന്ന് മനസ്സാൽ തീരുമാനിച്ചതാണ് അവളോട് സംസാരിക്കാൻ തുടങ്ങിയത്. " " അതേടാ അനി, അത് മതി ഇനി. എവിടെയോ നഷ്ട്ടപ്പെട്ട ആ സൗഹൃദം ഇനിയും തളിർത്തു വളരട്ടെ. അതവൾക്കും സന്തോഷം നല്കുമെങ്കിൽ നിനക്ക് നൽകാൻ കഴിയുന്ന വലിയ ഒരു കാര്യം ആണത്." ശിവൻ തോളിൽ കയ്യിട്ട് ഒന്ന് ചേർത്തുപിടിച്ചു കൂട്ടുകാരനെ. " ആ സൗഹൃദത്തിന്റെ പേരിൽ ഇപ്പോൾ അവൾ നിന്നോടൊരു സഹായം ആവശ്യപ്പെട്ടപ്പോൾ ചെയ്യാൻ കഴിഞ്ഞല്ലോ നമുക്ക്. അതൊക്കെ അല്ലേടാ സന്തോഷം. അവളുടെ മോളെ വലിയ ഒരു ആപത്തിൽ നിന്നും രക്ഷിക്കാൻ കഴിഞ്ഞില്ലേ.

നമുക്ക് ചെയാൻ കഴിയുന്നത് ഇതൊക്കെ അല്ലേടാ " അനിരുദ്ധൻ പുഞ്ചിരിച്ചുകൊണ്ട് ഒന്ന് മൂളുകമാത്രം ചെയ്തു. " പക്ഷേ ശിവാ ഞാൻ ഇപ്പോൾ അതല്ല ചിന്തിക്കുന്നത്. രമയ്ക്ക് എന്നോട് പറയാൻ തോന്നിയത് കൊണ്ട് നമുക്ക് ആ കുട്ടിയെ രക്ഷിക്കാൻ പറ്റി. ഇതുപോലെ നമ്മളറിയാത്ത വേറേം പെണ്കുട്ടികൾ അവന്മാരുടെ ഇരകളായിട്ടുണ്ടാകില്ലേ? ഇതുപോലെ പല കുട്ടികളെയും അവർ കഞ്ചാവിന് അടിമയാക്കി ഉപയോഗിക്കുന്നുണ്ടാകില്ലേ? ശരിക്കും നമ്മളവരെ അങ്ങനെ വിട്ട് പോന്നത് ശരിയായില്ല ശിവാ. ഇപ്പോൾ ഒരു പെൺകുട്ടിയെ നമുക്ക് രക്ഷിക്കാൻ കഴിഞ്ഞു, പക്ഷേ ഒന്ന് പോയാൽ ഒൻപത് എണ്ണത്തിനെ അവന്മാർ ചൂണ്ടയിട്ടു പിടിക്കും. അതിനി പാടില്ല. അതിനുള്ള വഴിയാണിനി നമ്മൾ ചിന്തിക്കേണ്ടത്. ഇതിന്റെ പേരിൽ ഒരമ്മയും കരയരുത്. " അനിരുദ്ധൻ പറയുന്നത് ശരിയാണെന്ന് ശിവനും തോന്നി. അപ്പൊ ആ കുട്ടിയെ അവിടെ നിന്ന് ഒന്നും സംഭവിക്കാതെ വീട്ടിൽ എത്തിക്കുക എന്ന് മാത്രമേ ചിന്തിച്ചുള്ളൂ. അതുകൊണ്ട് തന്നെ അവന്മാർ ഒരു തരത്തിൽ രക്ഷപ്പെടുകയാണ് ചെയ്തത്. പക്ഷേ, പാടില്ല. അങ്ങനെ ഒരു ഒഴിവാക്കൽ കൊണ്ടുപ്പോലും ഇതുപോലെ ഉള്ളവർ വളരാൻ പാടില്ല. ശിവൻ മനസ്സിൽ എന്തോ ഉറപ്പിച്ചപ്പോലെ ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വെച്ചു.

"അനി. നീ പറഞ്ഞപ്പോലെ ഇനി ഒരു പെൺകുട്ടിയും അവന്മാരുടെ ഇരയാവരുത്. " അതൊരു ഉറച്ച തീരൂമാനം ആയിരുന്നു. അനിരുദ്ധനും അതെ അഭിപ്രായത്തോടെ തലയാട്ടുമ്പോൾ മനസ്സിൽ ചില കണക്കുകൂട്ടലുകളോടെ ശിവൻ സിഗരറ്റിനു തീ കൊളുത്തി.റൂമിൽ നിന്ന് പുറത്തിറങ്ങുന്നുണ്ടെങ്കിലും ആരോടും മിണ്ടാതെ മൗനം പാലിക്കുകയായിരുന്നു സ്നേഹ. അമ്മമ്മ അവളോട് സ്നേഹത്തോടെ സംസാരിക്കാൻ ശ്രമിക്കുമ്പോൾ എല്ലാം അവൾ അവരിൽ നിന്നും ഒഴിഞ്ഞുമാറി. രമയാണെങ്കിൽ അവളുടെ ആ അവസ്ഥയിൽ വല്ലാതെ വിഷമിക്കുന്നുണ്ടായിരുന്നു. ഗൾഫിലുള്ള അവളുടെ അച്ഛനോട് എല്ലാം പറഞ്ഞാലോ എന്ന് പലവട്ടം ആലോചിച്ചതാണ്. പക്ഷേ, ചിലപ്പോൾ ഇത് കേൾക്കുമ്പോൾ അദ്ദേഹത്തിന് വിഷമമാകും എന്നോർത്തപ്പോൾ പിന്നെ അത് വേണ്ടെന്ന് വെച്ചു. ആരും അറിയാതെ എല്ലാം നല്ല രീതിയിൽ അവസാനിക്കുകയാണെങ്കിൽ അവസാനിക്കട്ടെ എന്ന് കരുതി. വീട്ടുകാർ അറിഞ്ഞാൽ പിന്നെയും സഹിക്കാം, പക്ഷേ നാട്ടുകാർ എങ്ങാനും ഇതെല്ലാം അറിഞ്ഞാൽ പെൺകുട്ടിയുടെ ഭാവിയെന്താകും എന്നോർക്കുമ്പോൾ രമയ്ക്ക് വല്ലാത്ത പേടി ഉണ്ടായിരുന്നു. ആരും ഒന്നും അറിയരുതേ എന്ന് മാത്രമായിരുന്നു അവളുടെ പ്രാർത്ഥന. ഇടക്കൊന്ന് ഭക്ഷണം കഴിക്കാൻ ഇരുന്ന സ്നേഹക്കരിയെത്തി മോളെ എന്ന് വിളിച്ചപ്പോൾ അതിനവൾ പ്രതികരിച്ചത് മുന്നിലുള്ള ഭക്ഷണം രമയ്ക്ക് നേരേ വലിച്ചെറിഞ്ഞുകൊണ്ട് ആയിരുന്നു.

അതിന് ശേഷം രമയെ ഒന്ന് രൂക്ഷമായി നോക്കിക്കൊണ്ട് സ്നേഹ ചാടിത്തുള്ളി റൂമിലേക്ക് പോയപ്പോൾ ദേഹത്ത്‌ അവിടെയിവിടെയൊക്കെ ആയ ഭക്ഷണം തൂത്തുതുടച്ചു അവൾ. പിന്നെ നിലത്തു ചിതറിക്കിടന്ന ഭക്ഷണവും പാത്രയും എടുത്ത് അടുക്കളയിലേക്ക് വെച്ച് അവിടെയാകെ തൂത്തുതുടച് വൃത്തിയാക്കുമ്പോൾ ആണ് തൊടിയിലായിരുന്ന അമ്മ ശബ്ദം കേട്ട് ഉള്ളിലേക്ക് കയറിവന്നത്. " എന്ത് പറ്റി മോളെ" എന്ന് ചോദിച്ചുകൊണ്ട് ഹാളിലേക്ക് വന്ന അമ്മയോട് ഒന്നുമില്ലെന്ന് പറഞ്ഞവൾ നിറഞ്ഞ കണ്ണുകൾ അമ്മ കാണാതിരിക്കാൻ വേഗം അടുക്കളയിലേക്ക് നടന്നു. അതുവരെ പിടിച്ച് നിർത്തിയ വിഷമമെല്ലാം അടുക്കളയിൽ ഒരു പൊട്ടിക്കരച്ചിലായി മാറിയപ്പോൾ പുറത്ത് ഹാളിലെ വൃത്തിയാക്കലും രമയുടെ ദേഹത്തു കണ്ട കറിയുടെ പാടുകളും അടുക്കളയിൽ നിന്നുള്ള അടക്കിപ്പിടിച്ച തേങ്ങലുമെല്ലാം കണ്ട് കുറച്ചൊക്കെ ഉണ്ടായ കാര്യങ്ങൾ ഊഹിച്ചെടുത്ത അമ്മ ദേഷ്യത്തോടെ സ്നേഹയുടെ മുറിയിലേക്ക് നടന്നു....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story