🌻സൂര്യകാന്തി 🌻: ഭാഗം 11

Sooryakanthi mizhi

രചന: മിഴി

എന്താ മോളേ ഇങ്ങനെ അന്തംവിട്ടു നോക്കുന്നത്..? ഞാൻ അപ്പോഴേ പറഞ്ഞില്ലേ ലതേ.. മോൾക്ക് നമ്മളെക്കാണുമ്പോൾ സന്തോഷമാകുമെന്ന്..? കാന്തിയിൽനിന്നും കണ്ണെടുക്കാതെ ആകെയൊന്നുഴിഞ്ഞുകൊണ്ട് രവി പുറകിലായി നിൽക്കുന്ന ലതികയോടായി പറഞ്ഞു... പിന്നെമെല്ലെ അവളെ വട്ടംചുറ്റി കാലിൽ മുഖമൊളിപ്പിച്ചു നിൽക്കുന്ന കുഞ്ഞിനെയൊന്നു നോക്കി.. അതിന്റെ അമ്മേയെന്നുള്ള വിളി അയാളുടെ കാതിൽ മുഴങ്ങിക്കേട്ടു.. ഒപ്പം ഉള്ളിലെ ദേഷ്യം കണ്ണിൽ ചുവപ്പുപടർത്തി... അപ്പോഴും ലതികയുടെ നോട്ടം കുഞ്ഞിലും കാന്തിയിലും മാറിമാറി വീണുകൊണ്ടിരുന്നു...... . പതിയെ ആ നോട്ടം രൂക്ഷമായി കാന്തിയിൽത്തറഞ്ഞുനിന്നു... ഇപ്പോയെന്തായി..? നേരിട്ട് കണ്ടപ്പോൾ വിശ്വാസമായല്ലോ അല്ലേ ? ഇതുവരെയും നിന്റെ മനസ്സിൽ പൂർണമായും വിശ്വാസം വന്നിട്ടില്ലായിരുന്നല്ലോ? കണ്ടില്ലേ മോളിവിടെ ഏതോ ഒരുത്തന്റെ കുഞ്ഞുമായി നിൽക്കുന്നത്..? പുറകിൽ അവരെത്തന്നെ നോക്കിയിരിക്കുന്ന സ്വാതിയെ ശ്രദ്ധിച്ചുകൊണ്ട് അവൾകേൾക്കാത്തപോലെ രവി ലതികയോടായി പറഞ്ഞു...

റിച്ചുവിൽ വീഴുന്ന രവിയുടെ ദൃഷ്ടി കാന്തിയിൽ അറപ്പും ദേഷ്യവും നിറച്ചു... എന്നാൽ അമ്മയുടെ മുഖത്തെ രൗദ്രഭവം ഉള്ളിൽ അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്ന ഭയവുമുണർത്തി... അവൾ കുഞ്ഞിനെ എടുത്തു തന്റെ ഷോളിനാൽ പൊതിഞ്ഞുകൊണ്ട് തോളിൽ ചായ്ച്ചുകിടത്തി.. ഇടയ്ക്ക് സ്വാതിയെ തലചരിച്ചുനോക്കി.. അഡ്മിഷൻ സമയത്ത് ഇരുവരെയും കണ്ട പരിചയമുള്ളതിനാൽ സ്വാതി ചെറുചിരിയോടെ അവരേതന്നെ നോക്കിനിന്നു... അപ്പോൾ ഇനിയെന്താ ലതേ തീരുമാനം? പേരുദോഷം കേൾപ്പിക്കാൻ വിടണോ? രവിയുടെ കണ്ണുകുറുക്കിയുള്ള ചോദ്യം കേട്ടു കാന്തിയൊന്നു പകച്ചു.... അമ്മയെ ദയനീയമായി നോക്കി.. എന്നാൽ നിറഞ്ഞകണ്ണുകളിൽ ശൗര്യം നിറച്ചു ലതിക തലമെല്ലെ വേണ്ടായെന്നു ചലിപ്പിച്ചു... എല്ലാം ഏട്ടൻ പറയുംപോലെ... മിണ്ടപ്പൂച്ചപോലെ നടന്ന പെണ്ണാണ്... എന്റെ സാരിതുമ്പു പിടിച്ചേ ഇതുവരെയും നടന്നിട്ടുള്ളു... അങ്ങനെയുള്ള ഇവളെപ്പറ്റി പെട്ടെന്ന് കേട്ടപ്പോൾ വിശ്വസിക്കാനായില്ല... എന്നാൽ ഇന്നീ കൊച്ചിന്റെ കൂടെ യും ഒരുത്തന്റെ കൂടെയും കണ്ടപ്പോൾ നെഞ്ചുപൊട്ടിപ്പോയി ഏട്ടാ...

അവർ സരിതലപ്പു കൊണ്ടു കണ്ണുതുടച്ചു... അമ്മാ... അമ്മ എന്തൊക്കെയാ ഈ പറയുന്നത്.. നിങ്ങളെന്തോ അറിയാണ്ട് പറയുകയാ... ഇതെന്റെ സാറിന്റെ മകളാ... അല്ലാതെ വേറൊന്നുമില്ല... കാന്തി അമ്മയുടെ അടുത്തേയ്ക്കു നീങ്ങിനിന്നു ആ ചുമലിൽ പിടിച്ചു... തൊട്ടുപോകരുതെന്നെ... എല്ലാം അറിഞ്ഞിട്ടു തന്നാ പറയുന്നത്.. കൊച്ച് സാറിന്റെ തന്നാണെന്നറിഞ്ഞിട്ടല്ലേ നീയയാളുടെ കൂടെ നടക്കുന്നത്... അയാളേം അനിയനേം ഒരുമിച്ചു കൊണ്ടുനടക്കുന്നെന്ന് പറഞ്ഞുകേട്ടപ്പോൾ തൊലിയുരിഞ്ഞുപോയി.. ഒന്നുമില്ലേലും ആരെയേം വാക്ക് കേൾക്കാതെ നിന്നെ വിശ്വസിച്ചു നിന്റെ തോന്നിവാസത്തിനു ഇങ്ങോട്ടയച്ച എന്നെയെങ്കിലും ഓർത്തൂടായിരുന്നോ..? മതി.. നിന്റെ പഠിത്തവും കൂത്തും... ഇപ്പോൾ വന്നോളണം.. ലതിക കാന്തിയുടെ കൈ തോളിൽനിന്നും തട്ടിമാറ്റിക്കൊണ്ട് പറഞ്ഞു.. പെട്ടെന്നുള്ള ലതികയുടെ പ്രവർത്തിയിൽ അവളൊന്നു പുറകെക്കാഞ്ഞു.. തോളിൽകിടന്ന കുഞ്ഞു ഞെട്ടി ഒന്നേങ്ങി.. അതറിഞ്ഞവൽ പതിയെ പുറത്തുതട്ടി ആശ്വസിപ്പിച്ചു... ഒന്നും വ്യക്തമായി കേട്ടില്ലെങ്കിലും രംഗം പന്തിയല്ലെന്ന് മനസ്സിലാക്കി സ്വാതി അവർക്കടുത്തേയ്ക്കു വന്നു... എന്താ കാന്തി ? എന്താടാ കരയുന്നെ ?

അവൾ ഏങ്ങൽ ചീളുകൾ പുറത്തുവരുന്ന കാന്തിയെ പുറത്തുതട്ടി തിരക്കി... ഒപ്പം രവിയെയും ലതികയേയും ചോദ്യഭാവത്തിൽ നോക്കി.. ഏയ്... ഒന്നുമില്ല കുഞ്ഞേ... അവര് അമ്മയും മോളും കുറേദിവസം കഴിഞ്ഞു കണ്ടതിന്റെ പരിഭവം തീർത്തതാ.. രവി പറഞ്ഞതിലത്ര വിശ്വാസം പോരാതെ സ്വാതി സംശയത്തിൽ കാന്തിയെ നോക്കി.. മുഖം കുനിച്ചു വിതുമ്പുന്ന ആളെ കാൺകെ സംഭവം കുറച്ചു ഗൗരവമുള്ളതാണെന്നു തോന്നി... സ്വാതി കാന്തിയെവിട്ടുപോകാൻ ഭാവമില്ലെന്നു മനസ്സിലാക്കി രവി പതിയെ ഒരു തന്ത്രമിറക്കി.. മോള് കാന്തിയുടെ കൂട്ടുകാരിയായിരിക്കുമല്ലേ ? സ്നേഹം നിറച്ചു രവി തിരക്കി... ആ... അതേ.... ഞാൻ സ്വാതി.. ഞങ്ങൾ ഹോസ്റ്റലിൽ ഒരേ റൂമിലാ... അവൾ സ്വയം പരിചയപ്പെടുത്തി... സ്വാതവയുള്ള വാചലതയും ചുറുചുറുക്കും നിറഞ്ഞ സ്വാതിയുടെ ശൈലി രവിയ്ക്ക് നന്നായി ബോധിച്ചു... പൊക്കം കുറഞ്ഞു ഗുണ്ടുമണി പോലെയിരിക്കുന്ന അവളുടെ ശരീരവടിവിൽ അയാളുടെ കണ്ണുകൾ ഒഴുകിനടന്നു... എന്നാൽ സ്വാതി ഇതൊന്നുമറിയാതെ കാന്തിയുടെ വിഷമത്തിന്റെ കാരണം തിരയുകയായിരുന്നു... ഒരുവേള നിവർന്നുനോക്കവേ തന്റെ സുഹൃത്തിൽ പതിയുന്ന അയാളുടെ നീചദൃഷ്ടി കാന്തിയിൽ പരിഭ്രമമുണ്ടാക്കി...

അവൾ പതിയെ സ്വാതിയ്ക്ക് മുൻപിലേക്ക് ചരിഞ്ഞു മറപോലെ നിന്നു.... ദൃഷ്ടിസുഖം നഷ്‌ടമായ നിരാശയിൽ കാന്തിയെയൊന്നു നോക്കി ദഹിപ്പിച്ചയാൾ വീണ്ടും പറഞ്ഞു... ആ... മോൾക്ക്‌ ബുദ്ധിമുട്ടാകില്ലായെങ്കിൽ ഒരുപകാരം ചെയ്യാമോ? അയാൾ പരമാവധി ദയനീയഭാവത്തിൽ തിരക്കി ഏയ്.... എന്ത് ബുദ്ധിമുട്ട്... എന്താ അങ്കിളേ ? പറഞ്ഞോളു... സ്വാതി മറുപടി നൽകി. ഇവൾക്ക് നല്ല തലവേദനയുണ്ട്... ഒരുപാട് യാത്ര ചെയ്‌തെന്റെയാ... അടുത്തു ചായ കിട്ടണ കട വല്ലതുമുണ്ടോ മോളേ ? ലതികയേനോക്കി രവി സ്വാതിയോടായി തിരക്കി.. ആണോ ആന്റി...? ദേ... കോളേജിന് ഓപ്പോസിറ്റ് കാണുന്ന ബേക്കറിയിൽ നല്ല ചൂട് ചായ കിട്ടും.. ഒരു ചായ കുടിക്കുമ്പോൾ തെല്ലൊരാശ്വാസം കിട്ടും... സ്വാതി ലതികയോടായി നിഷ്കളങ്കമായി പറഞ്ഞു... ഏയ്... വേണ്ട ഏട്ടാ... ഇപ്പോൾ കുറവുണ്ട്... ഇനിയും തിരിച്ചൊരുപാട് യാത്ര ഉള്ളതല്ലേ വച്ചോണ്ടിരിക്കണ്ട... നീ പോയൊരു ചായ കുടിച്ചിട്ട് വാ ലതേ.. ദേ.. സ്വാതി മോളും കൂടി വരും... അല്ലേ മോളേ? കൗശലത്തോടെ രവി പറഞ്ഞൊപ്പിച്ചു...

അതേ ആന്റി... ഞാൻ ദാ.. ഇപ്പൊ വരാവേ... ഒന്നു പേഴ്സ് എടുത്തിട്ട് വരാം... ലതികയുടെ കൈയിലൊന്നു തട്ടി കാന്തിയോടായി കണ്ണുകൾകൊണ്ട് പോയി വരാമെന്നു കാട്ടി തിരിഞ്ഞു നടന്നു... ദയനീയമായ ഒരു നോട്ടമായിരുന്നു കാന്തിയിൽ നിന്നുമവൾക്ക് മറുപടിയായി കിട്ടിയത്... ഏട്ടാ.. ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും എന്റെ തോണ്ടെന്നു പച്ചവെള്ളം ഇറങ്ങുമെന്ന് തോന്നുന്നുണ്ടോ ? എനിക്കിപ്പോ ചായയൊന്നും വേണ്ട... ലതിക രവിയോടായി പരിതവിച്ചു.. ഡീ... ഞങ്ങൾ ഹോസ്റ്റലിൽ പോയിട്ടാ വന്നത്... ഇവിടുന്നു ഫീസിന്റെ പേയ്‌മെന്റ് കറക്റ്റ് ആക്കി ലെറ്റർ മേടിച്ചു ചെന്നാൽ ഇന്നുതന്നെ റൂം വെക്കേറ്റു ചെയ്യാം... അതിനുള്ള ഏർപ്പാട് എന്താന്ന് വെച്ചാൽ ചെയ്യ്... പെട്ടെന്ന് വേണം രാത്രി എട്ടുമണിക്കാ ട്രെയിൻ.... ലതിക അമർഷത്തോടെ എന്നാൽ ഉറപ്പോടെ പറഞ്ഞു... രവിയുടെ കള്ളക്കളിയിൽ തന്റെ സ്വപ്‌നങ്ങൾ തകർന്നടിഞ്ഞിരിക്കുന്നുവെന്നവൾക്ക് ബോധ്യമായി... അമ്മേ... ദയവുചെയ്‌തെന്നെയൊന്നു കേൾക്ക്... എനിക്ക് പഠിക്കണം... തിങ്കളാഴ്ച സ്കൂൾ വിസിറ്റ് തുടങ്ങാണ്..

അത് അറ്റൻഡ് ചെയ്തില്ലെങ്കിൽ എനിക്ക് കോഴ്സ് തുടരാനാകില്ല ... ഒന്നു മനസ്സിലാക്കമ്മാ... അവസാനശ്രമമെന്നോണം അവൾ കേണു പറഞ്ഞു... വേണ്ട... അഭിമാനം കളഞ്ഞിട്ട് നീയൊന്നും പഠിക്കണ്ട.... ഇതുവരെയുള്ള പഠിപ്പ് മതി... പറഞ്ഞത് കേട്ട് വന്നോണം വെറുതേ ആൾക്കാരെ അറിയിച്ച് ഞങ്ങളെ ഇനിയും നാണം കെടുത്തരുത്.... ഇത്രയും വളർത്തിയതിന്റെ നന്ദിയെങ്കിലും കാണിക്ക്... അവർ ആകെതകർന്നപോലെ പറഞ്ഞു... എന്റെ ലതേ.. നീ ഇങ്ങനെ വിഷമിക്കാതെ... നമ്മുടെ കൊച്ചിനൊരു തെറ്റുപറ്റി.. ഇതൊക്കെ പ്രായത്തിന്റെ പിടിപ്പുകേടായി കണ്ടാൽ മതി... അവൾക്കു കാര്യം പറഞ്ഞാൽ മനസ്സിലാകും.. നീ പോയൊരു ചായ കുടിച്ചിട്ടുവാ.. അപ്പോഴേയ്ക്കും ഞാൻ മോളോട് കാര്യങ്ങളൊക്കെ പറഞ്ഞു മനസിലാക്കാം... നീ ചെല്ല് ദേ അതവിടെ കാത്ത് നിൽക്കുന്നുണ്ട്. കുറച്ചുമാറി വിഷ്ണുവിനോട് സംസാരിച്ചു നിൽക്കുന്ന സ്വാതിയെ കാട്ടി രവി പറഞ്ഞു.. കുശാഗ്രബുദ്ധിയോടെ തന്നെ വലയിൽ വീഴ്ത്തുന്ന രവിയിലെ കുറുക്കനെ നിസ്സഹായയായി നോക്കിനിൽക്കാനേ ആ പെണ്ണിനായുള്ളൂ...

മോളേ... അമ്മയും മാമയും പറയുന്നത് നിന്റെ നല്ലതിനാ.. ഇപ്പോൾ ഞങ്ങടെ കൂടെ വാ.. വീട്ടിലെത്തിയിട്ട് നമുക്ക് തീരുമാനിക്കാം . ഇവിടെ നിന്നാൽ നിനക്ക് ഈ കുഞ്ഞിനേം ആ പയ്യനെയുമൊക്കെ കാണുമ്പോൾ വീണ്ടും അരുതാത്തതൊക്കെ തോന്നും.. അടുത്ത വർഷം അവിടെവിടേലും നമുക്ക് ഈ കോഴ്സിന് തന്നെ ചേരാം... നീ അമ്മ പറയുന്നത് കേൾക്കണം.. കണ്ണുതുടച്ചുകൊണ്ട് ലതിക പുറത്തേയ്ക്കു നടന്നു.. തന്റെ ചൂടിൽ പറ്റിച്ചേർന്നിരിക്കുന്ന റിച്ചുവിനെ വാത്സല്യത്തോടെ അവൾ തഴുകി... ഇല്ല.. ആലോചിക്കാൻ കൂടി കഴിയുന്നില്ല.. പക്ഷേ.. അമ്മയുടെ കണ്ണീരും തള്ളിക്കളയാനാകില്ല.. മനസ്സിൽ ശരിയും തെറ്റും തിരിച്ചറിയാനാകാതെ ഒരു പിടിവലിതന്നെ നടന്നു... 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 സ്വാതി നേരെ പോയത് വിഷ്ണുവിനടുത്തേയ്ക്കാണ്.. വിഷ്ണു.... കാന്തിയുടെ അമ്മയും മാമനും വന്നിട്ടുണ്ട്.... ആ... ഞാൻ കണ്ടു... എന്നോടാണ് കാന്തിയെ തിരക്കിയത്... മ്മ്.... പിന്നെ.. അവളുടെ അമ്മയ്ക്ക് എന്തോ വയ്യായ്ക.. ഒരു ചായ വേണമെന്ന് പറഞ്ഞു.. ഞാൻ അവർക്കൊരു ചായ മേടിച്ചു കൊടുത്തിട്ട് വരാം...

അവളവിടെനിൽപ്പുണ്ട്.. ഇടയ്ക്കൊന്നു നോക്കിയേക്കണേ... സ്വാതി ചെറിയൊരു ആധിയോടെ പറഞ്ഞു.. അവളുടെ മുഖത്തെ പരിഭ്രമം കണ്ടവൻ എഴുന്നേറ്റടുത്തേയ്ക്ക് വന്നു.. അതെന്താടോ അവളൊറ്റയ്ക്കല്ലല്ലോ? അവിടെ അവളുടെ മാമനുണ്ടല്ലോ ? അതല്ല വിഷ്ണു... അവർ വന്നപ്പോൾ മുതൽ അവളാകെ ഡെസ്പ് ആണ്.. എന്തോ വിഷമമുള്ളതുപോലെ... ഒന്നു ശ്രെദ്ധിച്ചേക്കണേ ഞാൻ പോയിട്ട് വരാം.. ലതിക അടുത്തേയ്ക്കു വരുന്നത് കണ്ടവൾ അവനോടു പറഞ്ഞു അവർക്കടുത്തേയ്ക്ക് നടന്നു... സ്വാതി... എനിതിങ് സീരിയസ്...? വിഷ്ണു അസ്വസ്ഥതയോടെ വിളിച്ചു തിരക്കി.. ഏയ്‌... ഒന്നുല്ല.... ഞാൻ വന്നിട്ട് പറയാം.. അവൾ അടുത്തെതിയ ലതികയേക്കണ്ടു വിഷ്ണുവിനെനോക്കി കൈകൊണ്ട് ആംഗ്യം കാട്ടി.. എപ്പോഴും കളിച്ചു ചിരിച്ചുനടക്കുന്ന സ്വാതിയിലെ ഈ ഗൗരവം വിഷ്ണുവിൽ ആദി നിറച്ചു.. കാന്തിയുടെ അരികിലെത്താൻ മനസ്സ് വെമ്പി.. പക്ഷേ.. അവിടേയ്ക്കു അനാവശ്വമായ്‌ പോകാൻ പറ്റില്ലല്ലോ... അവൻ അസ്വസ്ഥതയോടെ വരാന്തയിലിരുന്നു.. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

ലതികപോയപ്പോൾ ഇനിയും ക്ലാസ്സ്‌ മുറിയിൽ അയാളോടൊപ്പം ഒറ്റയ്ക്ക് നിൽക്കാൻ കാന്തിയ്ക്കു പേടിതോന്നി.. അവൾ മെല്ലെകുഞ്ഞുമായി പുറത്തേക്കിറങ്ങാൻ നിന്നു.. പുറത്ത് വിഷ്ണുവുണ്ടല്ലോയെന്ന ആശ്വാസമാണ്... അല്ലാതെ അകത്തുനിന്നു വിളിച്ചാൽപോലും ഗാർഡനിൽ നിൽക്കുന്ന വിഷ്ണുവിന് കേൾക്കാൻ കഴിയില്ല.. സ്റ്റാഫ്‌റൂമിൽ ഒന്നൊരണ്ടോ ടീച്ചേഴ്സല്ലാതെ വേറാരുമില്ല.. ഇവിടെനിന്നും വിളിച്ചാൽ അവരും കേൾക്കാൻ പോകുന്നില്ല... പുറത്തേയ്ക്കൊന്നു എത്തിനോക്കി രവി വാതിലിൽനിന്നും പുറത്ത് കാണാത്തരീതിയിൽ കുറച്ചകത്തേയ്ക്ക് കയറി നിന്നു... കൈകൾക്കൊണ്ട് കാന്തിയെ തടഞ്ഞു... എവിടേയ്ക്കാ മാമന്റെ മോളിത്ര ദൃതിയിൽ....? ഹേ.... എത്ര നാളുകൂടി ഒന്നു കാണുന്നതാ... ഒന്നു കണ്ണുനിറയെ കണ്ടോട്ടെ... അയാൾ അവളെ ആകെയൊന്നുഴിഞ്ഞുകൊണ്ട് പറഞ്ഞു... അയാളുടെ നോട്ടം ശരീരത്തിൽ പുഴു നുഴയുംപോലെ അവൾക്ക് തോന്നി... തനിയ്ക്കടുത്തേയ്ക്ക് നീങ്ങുന്ന ആളില്നിന്നും പതിയെ പുറകോട്ട് മാറിക്കൊണ്ടിരുന്നു... ഒടുവിൽപുറകിലെ ചുവരിൽത്തട്ടിയവൾ വിറച്ചു നിന്നു... എന്താ.... ഇനി ചുവര് പൊളിച്ചു പോകുമോ ? പേടിച്ചോ എന്റെ കുഞ്ഞ്..? എന്നാൽ പേടിക്കണം... തത്തയെ പറഞ്ഞു പഠിപ്പിക്കുമ്പോലെ ഒരു നൂറുവട്ടം പറഞ്ഞതല്ലേ...

എന്നെ അനുസരിക്കണമെന്ന്.... എന്നിട്ടും നീ കേട്ടില്ല... ആറ്റുനോറ്റ് വളർത്തി വന്നപ്പോ അവളിവിടെ വന്നു കണ്ടവന്മാരുടെ കൂടെ നടക്കുന്നു... നിന്നെ മോഹിച്ചു നടക്കുന്ന ഈ മാമയ്ക്ക് അത് താങ്ങാൻ പറ്റുമെന്നെന്റെ മോൾക്ക്‌ തോന്നുന്നുണ്ടോ? വന്യമായ ചിരിയോടെ അയാൾ അവളുടെ മുഖത്തേയ്ക്കു തന്റെ മുഖം അടുപ്പിച്ചു... കാന്തി അറപ്പോടെ മുഖം ഒരുവശത്തേയ്ക്ക് ചരിച്ചു... എന്താടി മുഖം തിരിച്ചത്... ഇങ്ങോട്ട് നോക്കെടി ##₹₹#### മോളേ..? കാന്തിയുടെ കവിളിൽ കുത്തിപ്പിടിച്ചു രവി അലറി... അയാളുടെ ഒച്ചയിൽ കുഞ്ഞ് ഞെട്ടി ഉണർന്നു... മുന്നിൽ ഗർജിച്ചുനിൽക്കുന്ന രവിയേക്കണ്ടു പേടിച്ചു കരഞ്ഞു... കാന്തി കവിള്പുകയുന്ന വേദനയിലും കുഞ്ഞിനെ പുറത്തുതട്ടി ആശ്വസിപ്പിച്ചു... സഹിക്കില്ലെനിക്ക്.... എന്റെ മുതലിനെ മറ്റൊരാൾ അനുഭവിക്കുന്നത് സഹിക്കില്ലെനിക്ക്... കൊന്നുകളയും ഞാൻ... ഊക്കോടെ അവളുടെ കവിളിൽ കൈകൊണ്ടു തള്ളിവിട്ടു.... കൊല്ല്.... എന്തിനാ ഇങ്ങനെയൊരു ജന്മം.... കൊന്നുകളഞ്ഞേക്ക്... ഇയാള് നശിപ്പിച്ച ഈ ശരീരവുംകൊണ്ടെനിക്ക് ജീവിക്കണ്ട....

കൊന്നുകളഞ്ഞേക്ക്... എങ്ങികരഞ്ഞവൾ കുഞ്ഞിനേയും കൊണ്ടു ചുവരിൽക്കൂടി നിലത്തേയ്ക്കൂർന്നിരുന്നു... മ്മേ... മ്മ്മാ... വിതുമ്പിക്കൊണ്ട് കരയുന്ന കാന്തിയുടെ കവിളിൽ റിച്ചു ഉമ്മ വെച്ചു... അവൾ ആ കുരുന്നിനെ നെഞ്ചോടടക്കിപ്പിടിച്ചു.. കൊല്ലാനോ... നിന്നെയോ ? ഒരിക്കലുമില്ല... എന്തിന്.. നിനക്ക് സ്വയം ഈ ശരീരം നശിപ്പിക്കാനുള്ള സ്വാതന്ത്രം പോലുമില്ല... ക്രൂരമായി ചിരിച്ചുകൊണ്ട് അവളുടെ അടുത്തേയ്ക്കൊരു കസേര വലിച്ചിട്ടതിലിരുന്നു കൊണ്ട് രവി പറഞ്ഞു.. സംശയത്തോടെ കാന്തി അയാളെ നോക്കി.. മനസ്സിലായില്ലേ... മനസ്സിലാക്കിത്തരാം... തന്റെ ഷർട്ടിന്റെ പോക്കറ്റിൽനിന്നും മൊബൈലെടുത്തു അതിലെന്തൊക്കെയോ ചെയ്തു... ശേഷം ഒരു വീഡിയോ അവൾക്കു നേരെ കാട്ടി.... കുഞ്ഞ് കാന്തിയുടെ ചിത്രം മിഴിവോടെ തെളിഞ്ഞു... വർഷങ്ങൾക്കു മുൻപ് പകർത്തിയ തന്റെ കാണാൻ പാടില്ലാത്ത ഒരുപാട് ക്ലിപ്പുകൾ.. അതിനൊപ്പം തന്നെ പ്രായത്തിലുള്ള ഒരു പെൺകുട്ടിയുടെ ചിത്രവുമുണ്ട്.. മുഖം വ്യക്തമല്ല... കണ്ടോ... ലാസ്റ്റ് കണ്ട ചിത്രം ആരാണെന്നു മനസ്സിലായോ..? സംശയിക്കണ്ട മോള് തന്നെയാ.. എത്ര കഷ്ടപ്പെട്ടോപ്പിച്ചതാണെന്നോ..? പക്ഷേ.. മുഖം ക്ലിയർ അല്ല അല്ലേ..? അതുസാരമില്ല അത് നിന്റേതാക്കാനാണോ പാട്...

ഇതൊക്കെ ലൈവ് ആയി ഓടും... എവിടെ....? നമ്മുടെ യൂട്യുബിലും പോൺ സൈറ്റിലുമൊക്കെ... പിന്നത്തെ സ്ഥിതി ഓർക്കേണ്ടല്ലോ..? ഇപ്പോൾ ഇവിടെ കരഞ്ഞുവിളിച്ചുനടന്ന നിന്റെ തള്ള അപ്പോഴേ നെഞ്ചുപൊട്ടി ചാകും.. അതുകൊണ്ട് മരിക്കാൻ പോലും ഭയക്കണം നീ.. ഇനി ഞാൻ പറയുന്നത് കേട്ട് എനിക്ക് വഴങ്ങി ജീവിച്ചാൽ ഇതൊക്കെ നമ്മുടെ ഇടയിൽ മാത്രം ഒതുങ്ങുന്ന രഹസ്യമായി മണ്ണടിയും... പിന്നെ.... എല്ലാം തുറന്നുപറഞ്ഞു രക്ഷപ്പെടാമെന്നു വല്ല വ്യാമോഹവുമുണ്ടെങ്കിൽ വേണ്ട... അകത്തുകിടന്നാലും മുചൂടും മുടിച്ചേ ഈ രവി അടങ്ങുള്ളൂ.. അതുകൊണ്ട് പെട്ടെന്ന് കൂടും കുടുക്കയുമെടുത്തു ഇറങ്ങിക്കോ... കസേര ഇടം കാലാൽ പുറകെയ്‌ക്കു നിരക്കി എഴുന്നേറ്റുകൊണ്ടയാൾ കാന്തിയെ കൈയിൽതൂക്കി എഴുന്നേൽപ്പിച്ചു... കേട്ട വാക്കുകൾ കാന്തിയെ കൊല്ലാതെ കൊന്നു... ഇത്രയും നാളും ഭയപ്പെട്ടത് നടക്കാൻ പോകുന്നു... മരിക്കാനും ജീവിക്കാനുമാകാതെ ചത്തുജീവിക്കാൻ തയ്യാറായി വേണം ഈ പടികളിറങ്ങാനെന്നവൾക്ക് ബോധ്യമായി... തന്റെ വിധിയിൽ ഉള്ളുരുകിയവൾ ദൈവത്തോട് കേണു... പ്രതീക്ഷകൾ നഷ്ടപ്പെടുമ്പോഴും താൻ സ്വപ്നത്തിലറിഞ്ഞ ആ സുരക്ഷകരങ്ങൾക്കായി ദൈവത്തോട് പ്രാർത്ഥിച്ചു... ഇനി എന്ത് നോക്കി നിൽക്കാടി... വാ...

കൈയിൽപിടിച്ചുവലിച്ചവളെ ചേർത്തുപിടിക്കാൻ നോക്കി... കുതറി പിടയുന്ന അവളെ വാശിയോടെ അയാൾ തന്നിലേക്കടുപ്പിക്കാൻ ശ്രമിച്ചു. ഇനി നിനക്കൊരു മടക്കമില്ല ഈ രവിയിൽനിന്നും.... ഇവിടുന്നിറങ്ങുമ്പോൾ മുതൽ നീ എന്റേത് മാത്രമായിരിക്കും..... അവളുടെ കാതോരം മൊഴിഞ്ഞുകൊണ്ട് ആ കഴുത്തിടുക്കിലേയ്ക്ക് മുഖം അടുപ്പിച്ചു... കുഞ്ഞ് ഉറക്കെ കരഞ്ഞുകൊണ്ട് അയാളെ തള്ളിമാറ്റാൻ ശ്രമിക്കുന്നുണ്ട്... താൻ പൂർണമായും തകർന്നിരിക്കുന്നുവെന്ന ചിന്ത കാന്തിയെ മതിച്ചുകൊണ്ടിരുന്നു... എങ്കിലും കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചിട്ടുണ്ട്... ഡോ.... വിടടോ അവളെ..... ഹാളിൽ മുഴങ്ങിക്കേട്ട ശബ്ദത്തിന്റെ ഉടമയെത്തേടി കാന്തിയുടെ അടഞ്ഞ കണ്ണുകൾ മെല്ലെ തുറന്നു.. രവി പെട്ടെന്ന് ഞെട്ടിത്തിരിഞ്ഞുനോക്കി.. കൈകൾ അറിയാതെ അയഞ്ഞു... ആ തക്കത്തിനു കാന്തി അയാളെ തള്ളിമാറ്റി മുൻപോട്ട് ഓടി... ഹൃദയത്തിനേറ്റ മുറിവ് ശരീരത്തെ ആകെ തളർത്തിയിരുന്നു... കുഞ്ഞിനെ നെഞ്ചോട്ലൊതുക്കിയവൾ വേച്ചു വെച്ചു മുന്നോട്ടു നടന്നു..

ഹാളിലേക്കു ദേഷ്യത്തിൽ പാഞ്ഞുവരുന്ന സൂര്യന്റെ നെഞ്ചിലേക്ക് ഓടിയണഞ്ഞു.. വാടിതളർന്നു വീഴാറായപോലെ തന്റെ നെഞ്ചിൽ വീണ ആ പെണ്ണിനെ അലിവോടെ നോക്കിയവൻ കരയുന്ന കുഞ്ഞിനെ വാങ്ങി തോളിലേയ്ക്കിട്ടു... വലംകൈയാൽ കാന്തിയെ നെഞ്ചിൽ ചേർത്തു പുറത്ത് തട്ടി ആശ്വസിപ്പിച്ചു... വിറയ്ക്കുന്ന ശരീരവും ഉയർന്ന ഹൃദ്യമിടിപ്പും ആ പെണ്ണിന്റെ ഭയവും നിസ്സഹായതയും വിളിച്ചോതുന്നുണ്ടായിരുന്നു... ആ ചൂട്.... താൻ സ്വപ്നത്തിൽ അഭയം തേടാറുള്ള ആ സാമീപ്യം.... ആ അനുഭൂതി.... തന്നെ തഴുകുന്നതായി കാന്തിയ്ക്കു തോന്നി... ബോധം മറഞ്ഞുപോകുംപോലെ തളരുമ്പോഴും ആ മാറിൽ മുഖമൊളിപ്പിച്ചു അവന്റെ പുറത്ത് മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു... ആശ്രയമെന്നപോലെ.... ആശ്വാസത്തോടെ.......... കാത്തിരിക്കുക...💕

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story