🌻സൂര്യകാന്തി 🌻: ഭാഗം 25

Sooryakanthi mizhi

രചന: മിഴി

അവിടെ നിന്നു പരുങ്ങേണ്ട... ഇങ്ങു കയറിപ്പോരേ... അനുവാദം ചോദിച്ചു കയറാനിതു ക്ലാസ്സ്‌റൂമല്ല നമ്മുടെ ബെഡ്‌റൂമാണ്... വാതിൽക്കൽ സംശയിച്ചുനിൽക്കുന്ന പെണ്ണിനെ നോക്കി അൽപ്പം ഗൗരവത്തിൽ സൂര്യൻ പറഞ്ഞു.. രാത്രി അത്താഴം കഴിഞ്ഞു കുഞ്ഞിനെയുറക്കിയ ശേഷം സ്വാതിയ്ക്കും വിഷ്ണുവിനുമൊപ്പം സംസാരിച്ചിരിക്കുകയായിരുന്നു കാന്തി... റൂമിലേയ്ക്ക് പോകുന്ന കാര്യമോർത്തു ടെൻഷനോടെ ഇരുന്നവളെ ഇരുവരും ഉന്തിത്തള്ളി സൂര്യന്റെ റൂമിനു പുറത്തെത്തിച്ചു... അവിടെ അങ്കലാപ്പോടെ നിൽക്കുമ്പോഴാണ് സൂര്യൻ വിളിച്ചത്... നിലത്തേക്ക് ദൃഷ്ടിയൂന്നി വെപ്രാളത്തോടെ ഉള്ളിലേയ്ക്ക് കടന്നവൾ ബെഡിനടുത്തായി വന്നുനിന്നു... വിറയ്ക്കുന്ന കൈവിരലുകളുടെ ചലനം നോക്കിനിൽക്കെ ഉള്ളിൽ ഒന്നരവർഷക്കാലം മുൻപുള്ളൊരു വിവാഹരാത്രി കടന്നുവന്നു... ഇതുപോലെ നാണിച്ചു വിറച്ചുനിൽക്കുന്നൊരു പെൺകുട്ടിയെ സ്വപ്നം കണ്ടിരുന്നൊരു യുവാവ്... നാണതോടൊപ്പം ചുവന്ന കവിളുകളിലും ചുണ്ടിലും പ്രണയത്തോടെ അതിലേറെ സാഫല്യത്തോടെ സ്നേഹമുദ്രപതിപ്പിക്കാൻ കൊതിച്ചിരുന്നൊരാൾ...

പക്ഷേ....... സ്നേഹം നിറഞ്ഞുതുളുമ്പിയ ഹൃദയത്തെ നിഷ്കരുണം തച്ചുടച്ചിരുന്നവൾ... അതിലേറെ ആഴത്തിൽ മുറിവേൽപ്പിച്ചിരുന്നു... തുറന്നിട്ടിരുന്ന ബാൽക്കണി വാതിലിലൂടെ ഒഴുകിയെത്തിയ മാമ്പൂമണം അവനെ ചിന്തകളിൽനിന്നുണർത്തി... അപ്പോഴും തനിക്കുമുന്നിൽ വിനയാന്നിതയായി നിൽക്കുന്ന പെണ്ണിനെക്കാണേ ഉള്ളിലൊരു കുളിർമ നിറയുന്നതവനറിഞ്ഞു... അവളുടെ മനസ്സിലോടി മറഞ്ഞേക്കാവുന്ന ചിന്തകളെക്കുറിച്ചൊരേകദേശ ധരണയവനുണ്ടായിരുന്നു.. സംരക്ഷിക്കപ്പെടേണ്ടവനിൽനിന്നും ക്രൂരത ഏറ്റുവാങ്ങിയവളാണ്... അന്നുമുതലിന്നുവരെ പൊതിഞ്ഞുപിടിക്കാനൊരു കരവലയമാഗ്രഹിച്ചവളാണ് ... ഇനിയെന്നും ഞാൻ മാത്രം അഭയമായുള്ളവളാണ്.... കൈവിടില്ല... ചേർത്തുപിടിക്കും... ആദ്യം പകർന്നുനൽകേണ്ടത് വാത്സല്യമാണ്..... സുരക്ഷിതത്വമാണ്... അവനോർത്തു... പറഞ്ഞത് മനസ്സിലായോ കാന്തി...? ചുണ്ടിലൊളിപ്പിച്ച പുഞ്ചിരിയുമായി എന്നാൽ ഗൗരവമൊട്ടും വിടാതെയവൻ തിരക്കി.. മ്മ്..... മെല്ലെയവൾ തലയാട്ടി...

ആയല്ലോ..അപ്പോൾ ഞാൻ അധ്യാപകനുമല്ല... അൽപ്പം കുസൃതിയോടെ സൂര്യൻ അവൾക്കടുത്തേയ്ക്കു മുഖമടുപ്പിച്ചുകൊണ്ട് പറഞ്ഞു... ആ ശ്വാസചൂടിൽ ഞെട്ടിപ്പിടഞ്ഞു നോക്കുമ്പോഴേയ്ക്കും ഇരുതോളിലും പിടിച്ചവനവളെ തനിക്കഭിമുഖമായി നിർത്തിയിരുന്നു.. ഭർത്താവാണ്... നിന്റെ കഴുത്തിൽ ഈ താലിചാർത്തിയവൻ.... നെറുകയിലീ സിന്ദൂരചുവപ്പണിയിച്ചവൻ... പറയുന്നതോടൊപ്പം ടോപ്പിനുള്ളിലായിമറഞ്ഞുകിടന്ന താലി പുറത്തേക്കാക്കിയതിൽ കൊതിയോടെ നോക്കിയവൻ.. ഒപ്പം അവളുടെ നെറുകയിൽ പടർന്നിരിയ്ക്കുന്ന സിന്ദൂരചുവപ്പിൽ വിരലോടിച്ചിരുന്നു... പെട്ടെന്നുള്ള സൂര്യന്റെ പ്രവർത്തിയിലവളൊന്നു പേടിച്ചു... എങ്കിലും ആ മുഖത്ത് നിറയുന്ന ഭാവത്തിലവൾ തന്റെ പിടപ്പൊളിപ്പിച്ചു... കാരണം അത്രമേൽ ആർദ്രമായിരുന്നു.... സന്തോഷമായിരുന്നു... അതിന്റെ പ്രതിഫലനമെന്നൊണമവന്റെ കണ്ണുകളും നിറഞ്ഞിരുന്നു... ഓഹ്... സോറി... ഞാൻ പെട്ടെന്ന്... അറിയാതെ... ഒരുനിമിഷം കൈവിട്ട മനസ്സിനെ വരുത്തിയിലാക്കിക്കൊണ്ടവൻ സ്വയം നെറ്റിയിൽ വിരലമർത്തി..

തനിക്ക് ഉറക്കം വരുന്നുണ്ടോ ? ഇല്ലായെന്നവൾ മെല്ലെ തലയാട്ടി.. മ്മ്... എന്നാൽ വാ നമുക്ക് ബാൽക്കണിയിലേക്കിരിക്കാം... പറഞ്ഞുകൊണ്ടവൻ തിരിഞ്ഞുനടന്നു... എന്റെ കുഞ്ഞേ... കുറച്ചു പറയാനുണ്ടെനിക്ക്... അതൊക്കെ കേൾക്കാനും മിണ്ടാനുമൊക്കെ എനിക്ക് നീയെയുള്ളൂ.... ഇവിടെനിന്നു കുഞ്ഞിനെ ഉണർത്തേണ്ട.. അതുകൊണ്ടാ അവിടേയ്ക്കു വിളിച്ചത്... എന്തുവേണമെന്നറിയാതെ നിൽക്കുന്ന പെണ്ണിനേനോക്കിയവൻ വീണ്ടും തുടർന്നു... ആദ്യമായാണ് തികച്ചും അപരിചിതമായൊരിടത്തു... അതും ഒരു പുരുഷനൊപ്പം... രവിയുടെ ക്രൂരതകൾക്ക് ഇരയായ ശേഷം എല്ലാം പേടിയോടെ മാത്രമേ നോക്കിക്കണ്ടിട്ടുള്ളു... ഇതിപ്പോൾ തന്റെ ഭർത്താവാണ് വിളിക്കുന്നത്‌.. കഴിഞ്ഞുപോയ നിമിഷങ്ങളിലെല്ലാം കരുതലും സ്നേഹവുമല്ലാതെ വിഷമിപ്പിക്കുന്നൊരു നോട്ടം പോലും ആ മനുഷ്യനിൽനിന്നുമുണ്ടായിട്ടില്ല... ഒരിക്കൽ തകർന്ന ആ ജീവിതം.. സ്വപ്‌നങ്ങൾ... ഒന്നുമിനിയും താൻ കാരണം തകരാനിടയാകരുത്... അവൾ മെല്ലെ അവനൊപ്പം പുറത്തേയ്ക്കു നടന്നു..

ബാൽക്കണിയിലേക്ക്കിറങ്ങും മുന്നേ സൂര്യൻ റൂമിലെ വെട്ടം കെടുത്തി... ടേബിൾ ലാമ്പ് ഓൺ ആക്കി... കുഞ്ഞിനെ ഒന്നുകൂടിനോക്കി സോപനത്തിലേയ്ക്കിരുന്നു.. തനിക്കരികിലായി നിൽക്കുന്നവളെ കൈകാട്ടി അടുത്തായിരിയ്ക്കാൻ പറഞ്ഞു.. ഇപ്രാവശ്യം മടിയൊന്നും കൂടാതെയവൾ അവനടുത്തായിരുന്നു... മിഴികൾ പുറത്ത് മാവിന് ഇടയിലൂടെ കാണുന്ന ചന്ദ്രക്കലയിൽ ഉടക്കിനിന്നു.. അവനും നോക്കിക്കാണുകയായിരുന്നവളെ....... ഒരു കുഞ്ഞുപെണ്ണ്... തന്നെക്കാൾ ഒരുപാടിളപ്പം ... ആ കുഞ്ഞി മുഖത്തിലെ ഇത്തിരിവിടർന്ന ഉണ്ടക്കണ്ണുകളിലെ കൃഷ്ണമണിയിൽ തെളിഞ്ഞുകാണുന്ന ചന്ദ്രക്കലയെ നോക്കിയിരിക്കെ... ഈ ജന്മം മുഴുവനുംഇതുപോലെ ഇവളിലലിയാൻ കഴിഞ്ഞെങ്കിലെന്നവനാശിച്ചു... സങ്കടങ്ങൾ കേൾക്കാനൊരു കാതുണ്ടാകണം.. നമുക്കുനേരെ നോക്കാൻ രണ്ടു കണ്ണുണ്ടാകണം.. നമ്മുക്കൊപ്പമൊഴുകാൻ ഒരു കവിൾത്തടമുണ്ടാകണം.. ഇല്ലെങ്കിൽ... പിന്നത് ഭ്രാന്തിൽച്ചെന്നാവുമവസാനിക്കുക...

അല്ലെങ്കിൽ... ആത്മഹത്യയിൽ... ( ബെന്യാമിൻ ) ഇത്രയൊക്കെയേ ഞാനും ആശിച്ചിരുന്നുള്ളൂ... പക്ഷേ.... നാം ആശിക്കുന്നതൊന്നും ജീവിതത്തിൽ നടക്കണമെന്നില്ലല്ലോ..? എന്റെ കാര്യത്തിലും ഒന്നും കിട്ടിയില്ല... താങ്ങാനൊരു കൈത്തടം പോലും.. കടമയും കടപ്പാടും നോക്കി ജീവിതം ത്യാഗം ചെയ്തപ്പോൾ മൃതിയടഞ്ഞതെന്റെ സ്വപ്നങ്ങളായിരുന്നു... അല്ല.... ഈ സൂര്യജിത്തിന്റെ ചേതനയായിരുന്നു... ഒരിക്കലും ഒന്നിക്കാത്ത സാമാന്തര രേഖയാണെന്നറിഞ്ഞിട്ടും.. അതിനെ അതിന്റെ വഴിക്കുവിട്ടു ജീവിതം ആടിത്തിമിർത്തു... ഒടുവിൽ എല്ലാം കൈവിട്ടപ്പോൾ തകർന്നുപോയി... എല്ലാവർക്കുമുന്നിലും മിടുക്കനായ സൂര്യൻ വട്ടപ്പൂജ്യമായതറിയിക്കാൻ കഴിയാതെ... സ്വയം തീർത്ത ഹോമകുണ്ഠത്തിൽ എരിഞ്ഞുതീരുമ്പോഴും... ഉള്ളിൽ ഭ്രാന്തമായ അവസ്ഥയായിരുന്നു... മരിക്കാൻ ആശിച്ചിട്ടുണ്ട്.. പക്ഷേ... ഒന്നുമറിയാത്ത എന്റെ കുഞ്ഞ്... നാശത്തിലേയ്ക്കാണെന്നറിഞ്ഞിട്ടും അതിനെക്കൂടി വലിച്ചിട്ടില്ലേ... ഞാൻ കൂടിപ്പോയാൽ പാവമതെന്തു തെറ്റ് ചെയ്തു... ഇന്നും ഈ സൂര്യന്റെ തുടിപ്പിന്റെ കാരണം അവളാണ്.. റിച്ചു... നഷ്ടപ്പെട്ടതൊക്കെ നോക്കി വിലപിച്ചിട്ടെന്തു നേടാൻ... ഇനിയെങ്കിലും ജീവിക്കണമെന്ന് തോന്നുന്നു... തനിക്കെന്നെ ഉൾക്കൊള്ളാൻ കഴിയുമോ?

ഭാര്യയുപേക്ഷിച്ച ഒരുവനെ മനസ്സറിഞ്ഞു സ്വീകരിക്കാൻ കഴിയുമോ? റിച്ചുവിന്റെ അച്ഛനായിത്തന്നെ സ്വീകരിക്കാൻ... അവൻ പ്രതീക്ഷയോടെ കാന്തിയെനോക്കി....... ഓരോവാക്കിലും നിറഞ്ഞുനിന്ന ഒറ്റപ്പെടലിന്റെ.. നഷ്ടപ്പെടലിന്റെ.... മുറിവേറ്റവന്റെ വ്യഥ.... രവിയുടെ ക്രൂരത നിറഞ്ഞ മുഖം മാത്രം കണ്ടുശീലിച്ച താനിന്നു... നിസ്സഹായനായ.. ഒരുപുരുഷനെ കണ്ടു... ഒരുവൻ ഈ ജീവിതം പിച്ചിക്കീറിയെങ്കിലിതാ... മറ്റൊരുവൻ തനിക്കുമുന്പിൽ അതേ ജീവിതം യാചിക്കുന്നു... ഉള്ളിൽ സങ്കടം നിറയുന്നു... തന്റെ പാതിയുടെ ഉള്ളം നീറുന്നതിലും ആഴത്തിൽ നോവുന്നു... ആദ്യമായിതാ ഒരു പുരുഷൻ കരയുന്നത് കാണുന്നു... സങ്കടങ്ങൾക്ക് സ്ത്രീപുരുഷ വ്യത്യാസമില്ല......... ഹൃദയമുള്ളവർക്ക് വ്യഥ ഒരുപോലെയാണല്ലോ.. അല്ലെങ്കിലും ജീവിതസ്വപ്നങ്ങൾ സ്ത്രീകൾക്ക് മാത്രമല്ല.. ചിലപ്പോൾ അതിലേറെ മുകളിൽ ആഗ്രഹങ്ങളും പ്രതീക്ഷകളും നിറച്ചായിരിയ്ക്കും ഓരോ പുരുഷനും ഒരു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തുന്നത്... ഇപ്പോഴുമറിയില്ല.. അവർക്കിടയിലെന്തെന്ന്.......

പക്ഷേ അറിയണ്ട... തനിക്കിനിയൊന്നുമറിയേണ്ട... ഓർമയ്‌ക്കൊപ്പം അവളുടെ മുഖവും വേണ്ടായെന്നു കാട്ടിക്കൊണ്ടിരുന്നു.. എന്താടോ..... ഉൾക്കൊള്ളനാവുന്നില്ലേ ഈ സൂര്യനെ... ക്ലാസ്സിൽ ഗൗരവത്തിന്റെ മുഖമൂടിയണിഞ്ഞ സൂര്യജിത്തിനെ കണ്ടുപരിചയിച്ചതിനാലാകമല്ലേ...? പക്ഷേ... ഈ മുറിക്കുള്ളിൽ ഞാനിതായിരുന്നു... ഇപ്പോൾ നിന്റെ മുന്നിലും... ഇനിയുമൊരുപാട് സംശയങ്ങൾ ഉള്ളിലുണ്ടെന്നറിയാം.. അതൊന്നുമിപ്പോൾ പറയാൻ കഴിയുന്നില്ല... അതൊക്കെ നീയിതുപോലെ നിർജീവമായിരുന്നു കേൾക്കുമ്പോൾ ഞാൻ വെറും കഥാകാരനാകില്ലേ... പക്ഷേ... പൊള്ളിക്കുന്ന ആ ഓർമ്മകൾ പങ്കുവെയ്ക്കുമ്പോൾ ചായാനീ തോളും.... നോവിനെ തഴുകിമറയ്ക്കാൻ ഈ കൈകളും വേണം കാന്തീ... അല്ലെങ്കിൽ... ഞാൻ.... വാക്കുകൾ മുഴുമിപ്പിക്കാനാകാതെ അവൻ മെല്ലെയെഴുന്നേറ്റു.... ഇപ്പോഴുമൊന്നും പറയാതെ തന്നെനോക്കി തരിച്ചിരിക്കുന്ന പെണ്ണിൽ നിന്നുമൊന്നും കേൾക്കില്ലെന്ന നിരാശയിലവൻ തിരിഞ്ഞു നടന്നു... വേണ്ട.... നിക്കൊന്നും അറിയേണ്ട...

തിരിഞ്ഞുനടന്നവന്റെ കൈകളിൽ പിടിത്തമിട്ടുകൊണ്ടവൾ ഇടറുന്ന ശബ്ദത്തിൽ പറഞ്ഞു.. ഉള്ളിലൊരു മഞ്ഞുതുള്ളി വീണലിഞ്ഞു.. നീറുന്ന പൊള്ളലിൽ ഒരു ചെറു തണുവു പകർന്നു... നിമിഷർഥത്തിൽ തിരിഞ്ഞവൻ അവളെ കണ്ണിമയ്ക്കാതെ നോക്കിനിന്നു... സാർ പറഞ്ഞത് ശരിയാ... ഇതുവരെയുള്ള എന്റെ ജീവിതത്തിൽ.. ഈ കൈപിടിക്കുന്നതൊഴിചെല്ലാം... അമ്മയുടെ ഇഷ്ടങ്ങളായിരുന്നു... അമ്മയുടെ സന്തോഷങ്ങളായിരുന്നു.. ആ.. ദുഷ്ടനെന്നെ ഞെരിച്ചമർത്തുമ്പോൾ മിണ്ടാണ്ട് സഹിച്ചതുപോലും.... എല്ലാമറിഞ്ഞാൽ നോവുന്ന ആ അമ്മ മനം ഓർത്തായിരുന്നു... ഊണിലും ഉറക്കത്തിലും അമ്മ അഭിമാനം കൊള്ളുന്ന കുടുബത്തിന്റെ ഭാവിയോർത്തായിരുന്നു... എന്നിട്ടും ഒന്നും നേടിയില്ല ഞാൻ... പകരം എല്ലാം നഷ്ടപ്പെട്ടു... സ്വന്തം... സ്വന്തം... മാനം പോലും... അതുപറയുമ്പോഴേയ്ക്കും പെണ്ണിന്റെ വാക്കുകൾ പാതിയും മുറിഞ്ഞിരുന്നു...

അതറിഞ്ഞിട്ടെന്നോണം സൂര്യനവളെ ചേർത്തുപിടിച്ചു... തന്റെ ചാരെ നിൽക്കുന്നവനെ മുറുകെപ്പിടിച്ചവൾ ഉള്ളിലെ പിടപ്പിറക്കി.. എങ്ങുമ്പോൾ വിറയ്ക്കുന്ന ദേഹം തന്നോട് ചേർത്തവൻ മെല്ലെ മുടിയിൽ തഴുകി... ഓർക്കേണ്ട... ഒന്നും.... ഇനിമുതൽ കൂട്ടിനു ഞാനുണ്ട്... എന്നെ പൂർണമായും നിനക്കുമുൻപിൽ തുറന്നുകാട്ടാൻ കുറച്ചുകൂടി സമയം വേണം.. പരസ്പരം അറിയുംവരെ... മനസ്സിലാക്കുംവരെ... നാം ഇതുവരെ അറിയാത്ത പ്രണയമെന്ന ഭാവം അറിയും വരെ... ഇതുപോലെ പരസ്പരം താങ്ങായി മുന്നോട്ടുപോകാം... പക്ഷേ... ഒരിക്കലുമെന്നേ നീ ഭയത്തോടെ നോക്കരുത്.... അകറ്റരുത്.. എന്നോടൊപ്പം വേണമെന്നും... അവളുടെ ഉള്ളമറിഞ്ഞപോലെ പറഞ്ഞു.. ഇവിടിപ്പോൾ നിറഞ്ഞിരിക്കുന്നത് എന്നോടുള്ള സ്നേഹമല്ലേ..... അതിലേറെ വാത്സല്യമല്ലേ... ഇതുവരെ അറിയാത്തൊരു ഭാവമാണെനിക്കിതു... അതൊരിക്കലും നഷ്ടപ്പെടുത്തില്ല ഞാൻ.. അവളുടെ ചുണ്ടുകളും പയ്യെ മന്ത്രിച്ചു........ കാത്തിരിക്കുക...💕

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story