🌻സൂര്യകാന്തി 🌻: ഭാഗം 42

Sooryakanthi mizhi

രചന: മിഴി

സൂര്യനിറങ്ങി വരുമ്പോൾ മുറ്റത്തു വാതുക്കലേയ്ക്ക് കണ്ണുനട്ടുനിൽക്കുന്ന കാന്തിയെയെയാണ് കണ്ടത്.. റിച്ചുമോൾ അവളുടെ അടുത്തായി നിലത്തിരുന്നു മുല്ലപ്പൂക്കൾ പെറുക്കി വാസനിക്കുന്ന തിരക്കിലും.. അപ്പോഴും മറുകൈ കാന്തിയുടെ ഷോളിന്നറ്റം മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു.. എന്റെ ഭാര്യേ... താനെന്തിനാ ഇത്രയും ടെൻഷൻ അടിക്കുന്നെ.. സൂര്യൻ അവളെ തോളിലൂടെ കൈയിട്ടു ചേർത്തു പിടിച്ചുകൊണ്ടു തിരക്കി.. സാർ... അമ്മ... അയാളെ... അവളപ്പോഴും ലതിക വരുമ്പോൾ രവിയിനി തുടങ്ങാൻ പോകുന്ന അടുത്ത ഡ്രാമയെപ്പറ്റിയുള്ള ആലോചനയിലായിരുന്നു.. ഇനിയും കുത്തുവാക്കിലും ശാപവചനങ്ങളിലും മുങ്ങി തിരിച്ചുപോകേണ്ടി വരുമോയെന്ന പേടിയിലായിരുന്നു.. ഒന്നും ഓർക്കേണ്ട... ഇതിന്റെ പേരിൽ എന്തുണ്ടായാലും കാര്യമാക്കേണ്ട.. നമ്മൾ ജസ്റ്റ്‌ ഒന്ന് വന്നെന്നേയുള്ളു.. വന്ന സ്ഥിതിയ്ക്കു ഇനി അമ്മയെ കണ്ടിട്ട് പോകാം.. തെറ്റ് കണ്ടാൽ... അരുതാത്തതാണെന്നു അറിഞ്ഞാൽ... പ്രതികരിക്കണം.. അതാരായാലും..

ദാ.. ഇപ്പോൾ അവിടെ ചെയ്തത് പോലെ.. കേട്ടോ...? സൂര്യൻ ആശ്വസിപ്പിക്കാനെന്നോണം അവളുടെ ചുമലിലൊന്നു തട്ടി.. മ്മ്... പക്ഷേ.. എന്നോടുള്ള ദേഷ്യം സാറിനോട് തീർക്കുമൊയെന്ന പേടിയേയുള്ളൂ എനിക്ക്.. ഇവിടെ നിന്നും സാർ അപമാനിതനായി ഇറങ്ങുന്നത് സഹിക്കാൻ കഴിയില്ല.. അത് പറയുമ്പോഴേയ്ക്കും മുഖം ദുഃഖഭാരത്താൽ കുനിഞ്ഞുപോയിരുന്നു.. കാന്തിയോടെന്തോ പറയാൻ ഒരുങ്ങുമ്പോഴാണ് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടത്.. ഇരുവരും ഒരുപോലെ തിരിഞ്ഞുനോക്കി.. ലതികയാണ് ആദ്യം ഉള്ളിലേയ്ക്ക് കയറിയത്.. പുറകെ അച്ചുവും സാവിത്രിയുമുണ്ട്.. ലതിക ഒരുനിമിഷം കാന്തിയെ ചേർത്തുപിടിച്ചുനിൽക്കുന്ന സൂര്യനെ നോക്കി.. മ്മാ... അപരിചിതരെക്കണ്ട വെപ്രാളത്തിൽ റിച്ചുമോൾ കാന്തിയെ ചുറ്റിപ്പിടിച്ചു.. എടുക്കാനായി കൈ ഉയർത്തി.. ആ നിമിഷം മൂവരും കുഞ്ഞിലേയ്ക്കായി നോട്ടം. സാവിത്രി ഒന്നു ചിറി കോട്ടി ഗർവോടെ അശ്വതിയെ ചേർത്തു പിടിച്ചു. കാന്തിയും നോക്കി കാണുവായിരുന്നു അമ്മയുടെ ഭാവങ്ങൾ..

അടുത്തോട്ടു വരുന്നെങ്കിലും ഒരു പ്രസന്നതയും മുഖത്തില്ല.. എന്നാൽ ദേഷ്യവുമില്ല. മുൻപത്തെതിലും കുറച്ചു ക്ഷീണിച്ചതായി തോന്നി.. കയറി ഇരിക്കാമായിരുന്നില്ലേ.. മോനുണ്ടായിരുന്നല്ലോ ഇവിടെ.. സൂര്യനോടായി പറഞ്ഞുകൊണ്ട് വാതിലിൽ നിന്നും ഉള്ളിലേയ്ക്ക് നോക്കി കിച്ചനെ വിളിച്ചു.. ഇവനെവിടെ പോയി.. പോയപ്പോൾ ഇവിടുണ്ടാരുന്നല്ലോ...? അവനപ്പുറത്തെങ്ങാനും പോയിക്കാണും ചേച്ചി.. നിങ്ങളകത്തേയ്ക്ക് വാ.. സാവിത്രി അവരെ അകത്തേയ്ക്ക് ക്ഷണിച്ചു.. സൂര്യനും കാന്തിയും അവർക്കൊപ്പം അകത്തേയ്ക്ക് കയറി. കാന്തിയപ്പോൾ മുറിയ്ക്കകത്തേയ്ക്ക് പേടിയോടെ ദൃഷ്ടി പായിച്ചു.. അതറിഞ്ഞെന്നോണം സൂര്യൻ അവളുടെ കൈയിൽ ഒന്നമർത്തി.. എന്താ... കാന്തി സുഖമല്ലേ..? എങ്ങനുണ്ട് പുതിയ ജീവിതമൊക്കെ..? കുഞ്ഞുമായി ഹാളിന് ഒരോരത്തായി നിൽക്കുന്ന കാന്തിയെയൊന്നിരുത്തി നോക്കി സാവിത്രി ചോദിച്ചു.. സുഖം മാമി... നന്നായിരിക്കുന്നു.. ഒട്ടും പതർച്ചയില്ലാതെ കാന്തി ഉടനടി മറുപടി പറഞ്ഞു.

അതുകേൾക്കേ സാവിത്രി ലതികയെയൊന്നിടം കണ്ണിട്ടു നോക്കി.. ഇതുവരെയും നുള്ളിപ്പെറുക്കി നിമിഷങ്ങളെടുത്തു മിണ്ടിപ്പറഞ്ഞിരുന്നവളാണ് നിമിഷ നേരത്തിനുള്ളിൽ മറുപടി പറഞ്ഞിരിക്കുന്നത്.. അതൊന്നും കേട്ടില്ലെന്ന പോലെ ലതിക അടുക്കളയിലേയ്ക്ക് പോയി. അല്ല കൊച്ചനേ... ആദ്യത്തെ ബന്ധം കളഞ്ഞേച്ചു എത്ര നാളായി..? സാവിത്രി സ്വതസിദ്ധമായ പരിപാടിക്ക് തുടക്കമിട്ടുകൊണ്ട് തിരക്കി.. സൂര്യനിരിക്കുന്ന സോഫയ്ക്ക് അഭിമുഖമായി അടുക്കളയിലേയ്ക്കുള്ള വാതിലിൽ ചാരിയാണ് നിൽപ്പ്. ചോദ്യം അൽപ്പമുറക്കെ ലതിക കൂടി കേൾക്കുന്നവണ്ണമാണ്.. സാവിത്രി എന്തേലുമൊക്കെ കുത്തിചോദിക്കുമെന്നറിയാമായിരുന്നെങ്കിലും ഇങ്ങനൊരു ചോദ്യം കാന്തി ഒട്ടും പ്രതീക്ഷിച്ചില്ല. അതിനാൽത്തന്നെ അവളൽപ്പം പരിഭ്രമിച്ചു. സൂര്യനത് വിഷമമാകുമോയെന്ന ചിന്തയിൽ മുഖം വിവർണ്ണമായി.. ഞാൻ ആദ്യമൊരു വിവാഹം കഴിച്ചിരുന്നു.. എന്നാൽ പരസ്പരം പൊരുത്തപ്പെട്ടു പോകാൻ കഴിയാത്തതുകൊണ്ട് ഞങ്ങൾ നിയമപരമായി വേർപിരിഞ്ഞു.. അത് കഴിഞ്ഞിട്ടിപ്പോൾ ഒന്നൊന്നര വർഷമായി.. തന്നെ ദയനീയമായി നോക്കിനിൽക്കുന്ന കാന്തിയോടായി ഒന്ന് കണ്ണുചിമ്മി സൂര്യൻ മറുപടി പറഞ്ഞു..

അയ്യോ.. അപ്പോളീ കുഞ്ഞ് ജനിച്ചുടനെ ആ പെൺകൊച്ചു അതിനേം തന്നേച്ചു പോയോ..? ആ... എന്തായാലും അധികം വൈകാതെ ഇവളെ കെട്ടിയതു നന്നായി.. സാവിത്രി കാന്തിയെ ഒന്ന് നോക്കി കൊള്ളിച്ചുകൊണ്ട് പറഞ്ഞു.. ഇനിയൊന്നും സാവിത്രിയോട് പറഞ്ഞിട്ട് കാര്യമില്ലെന്നു സൂര്യന് മനസ്സിലായി.. ടി വി സ്റ്റാൻഡിനടുത്തായി മറ്റേതോ ലോകത്തെന്നപോലെ നിൽക്കുന്ന അശ്വതിയിലേയ്ക്കായി അവന്റെ ശ്രദ്ധ.. ഇവിടെ നടക്കുന്നതൊന്നും അറിയുന്നു കൂടിയില്ല.. അപ്പോഴേയ്ക്കും കിച്ചൻ എത്തിയിരുന്നു.. നീയെവിടാടാ പോയത്..? ഇവരിവിടെ വന്നത് അറിഞ്ഞില്ലേ..? സാവിത്രി ചോദിച്ചു.. ഞാൻ.. മാമനെ വിളിക്കാൻ പോയതാ.. കിച്ചൻ വാതിൽക്കൽത്തന്നെ നിന്നുകൊണ്ട് പറഞ്ഞു. എന്നിട്ട് നിന്റെ മാമനെവിടെ..? ഇങ്ങോട്ട് പോരുവായെന്നു പറഞ്ഞു വന്നതാ... ദേ.. ഇപ്പൊ നോക്കിയപ്പോ റൂമിൽ കിടക്കുന്നു.. പിന്നെ വരാം.. എന്നോട് പൊയ്ക്കൊള്ളാൻ പറഞ്ഞു.. കിച്ചൻ സാവിത്രിയോടായി പറഞ്ഞു.. അതുകേൾക്കേ കാന്തിയ്ക്കുള്ളിൽ ഒരാന്തലുണ്ടായി.. മുൻവാതിലിൽ കൂടി പോകുന്ന കണ്ടില്ല.

അപ്പോൾ ആള് അടുക്കള വാതിലിൽ കൂടി പോയിക്കാണും.. അവളോർത്തു.. നീയെന്താടി കൊച്ചേ... പുതുപ്പെണ്ണിനെപ്പോലെ വാതിൽക്കൽ നിക്കണേ.. അങ്ങോട്ട്‌ ചെല്ല്.. അമ്മയോടൊന്നും മിണ്ടാനില്ലേ..? സാവിത്രിയുടെ ചോദ്യം കേട്ടവൾ സൂര്യനെയൊന്നു നോക്കി മെല്ലെ അടുക്കളയിലോട്ടു നടന്നു.. ലതിക ചായ ഗ്ലാസിലേയ്ക്ക് പകരുകയാണ്. കാന്തി അവർക്കടുത്തായി സ്ലാബിൽ ചാരി നിന്നു... റിച്ചു മോൾ സ്ലാബിലേയ്ക്ക് ഊർന്നിറങ്ങാൻ ശ്രമിക്കുന്നുണ്ട്.. കുഞ്ഞിന് പാൽ ചൂടാറാൻ വെച്ചിട്ടുണ്ട്.. തിരിഞ്ഞു നോക്കാതെത്തന്നെ ലതിക പറഞ്ഞു.. മ്മ്.. അവിടെ ആരൊക്കെയുണ്ട് കാന്തി...? എല്ലാരുമെങ്ങനാ..? സാവിത്രി അടുത്തേയ്ക്ക് വന്നു തഞ്ചത്തിൽ ചോദിച്ചു.. ഒപ്പം അവളെയൊന്നകമാനം സ്കാൻ ചെയ്തു. സാറിന്റെ അമ്മയും അനിയനു മുണ്ട്.. അവൾ കുഞ്ഞിനെ സ്ലാബിലേയ്ക്കിരുതി പാൽ അല്പാൽപ്പമായി ഗ്ലാസിൽ പകർന്നുകൊടുത്തുകൊണ്ട് പറഞ്ഞു. ഏത്. അന്നവിടെ ഉണ്ടായിരുന്ന പയ്യനാണോ..? ലതിക പെട്ടന്ന് ചോദിച്ചു. ആ.. വിഷ്ണു.. മ്മാ... റിച്ചുമോൾ അടുത്തായിരുന്നോരു പാത്രത്തിൽ പിടിക്കാനായി ആഞ്ഞുകൊണ്ട് വിളിച്ചു..

എന്നാലുമെന്റെ കാന്തി.. നിനക്കെന്തിന്റെ കേടായിരുന്നെടി കൊച്ചേ.. ഈ ഒരു കൊച്ചുള്ള ചെറുക്കനെ പോയി പ്രേമിക്കാൻ.. ചുറ്റിക്കളി ഉണ്ടെന്നറിഞ്ഞപ്പോഴും കൂടെപ്പഠിക്കുന്ന വല്ല പിള്ളേരും ആകുന്നാ ഞാൻ കരുതിയെ..? ഇതിപ്പോ നാട്ടുകാരെക്കൊണ്ട് ഓരോന്നു പറയിക്കാൻ.. സാവിത്രി മൂക്കതു വിരൽ വെച്ചു.. കാന്തി അപ്പോഴും അമ്മയുടെ മുഖത്തെ ഭാവങ്ങൾ നോക്കി നിൽക്കുകയായിരുന്നു.. മുഖം വലിഞ്ഞുമുറുകുന്നതും കണ്ണ് ചുവക്കുന്നതും വ്യക്തമായവൾ കണ്ടു. സാവിത്രി തന്റെ ശ്രമം വിജയിച്ച സന്തോഷത്തിൽ ലതികയിലെ മാറ്റം നോക്കി ഉള്ളിൽ ഊറി ചിരിച്ചു. ആഹ്... ഇനി പറഞ്ഞിട്ടെന്താ കാര്യം.. ലതേച്ചിടെ ഒരു അവസ്ഥയെ.. ആറ്റു നോറ്റു വളർത്തിയ പെൺകൊച്ചു പേരുദോഷം കേപ്പിച്ചില്ലേ.. എന്നാ... ചേച്ചി ഞാൻ അങ്ങോട്ട് ചെല്ലട്ടെ.. രവിയേട്ടനെ കണ്ടില്ലല്ലോ.. നോക്കട്ടെ.. ആദ്യത്തേത് ആത്മഗതമെന്നോണം പറഞ്ഞോടുവിൽ ലതികയോടായി പറഞ്ഞു അടുക്കളവാതിലിൽകൂടി പുറകുവശത്തുള്ള വീട്ടിലേയ്ക്ക് നടന്നു.. മോളേ അച്ചു.. നീ വരുന്നില്ലെടി... ഒന്നും കഴിച്ചില്ലല്ലോ..?

പകുതിയെത്തി തിരിഞ്ഞു നോക്കി സാവിത്രി വിളിച്ചു ചോദിച്ചു.. ഇ.. ഇല്ല.. ഞാൻ പിന്നെ വരാം.. അടുക്കളപ്പടിയിലിരിക്കുകയായിരു ന്ന അശ്വതി പറഞ്ഞു.. കണ്ണുകളിൽ ഭയവും ശബ്ദത്തിൽ പരിഭ്രമവും നിഴലിച്ചിരുന്നു.. കാന്തി അവളെയൊന്നു സസൂക്ഷ്മമം നോക്കി.. എപ്പോഴും ചുറുചുറുക്കൊടെ വായിട്ടലച്ചു നടക്കുന്ന പെണ്ണാണ്. ഇവിടെ വന്നാൽ കിച്ചനൊപ്പം മാറാതെ നടക്കും.. അച്ചുവിലെ ഈ മാറ്റം കാന്തിയെ തെല്ലമ്പരപ്പിച്ചു. ചായ കുടിച്ചിട്ട് അപ്പുറത്ത് പോയി മാമനെ കാണ്.. അവനെക്കൂടി വിളിച്ചോ.. ലതിക ട്രെയിലേക്കു ചായയും ബിസ്ക്കറ്റും എടുത്തു വെച്ചുകൊണ്ട് പറഞ്ഞു.. ഞാൻ അമ്മയേക്കാണാനാണ് വന്നത്.. വേറെങ്ങോട്ടും പോകുന്നില്ല.. കാന്തി ഭാവഭേദമന്യേ പറഞ്ഞു. ഇത്രെയും നീയെന്നെ നാണം കെടുത്തിയിട്ടും എല്ലാം പൊറുത്തു തിരികെ വിളിച്ചില്ലേ... കേൾക്കാൻ കാത്തുനിന്നതുപോലെ നീയിങ്ങോട്ട് ഭർത്താവിനേം അവന്റെ കൊച്ചിനേം കൊണ്ട് ഓടി വന്നില്ലേ.. ഇതൊക്കെ ആ മനുഷ്യന്റെ നല്ല മനസ്സ് കൊണ്ടാ.. ഇത്രയൊക്കെ നന്ദികേട് നീ അദ്ദേഹത്തോട് കാണിച്ചിട്ടും എല്ലാം മറന്നു നിന്നെ വിളിക്കാൻ പറഞ്ഞതും..

ആ ഒറ്റൊരാളുടെ ഔദാര്യമാണ്.. എന്നിട്ടും നാണമില്ലാതെ പറയുന്നത് കേട്ടില്ലേ.. അശ്വതിയെല്ലാം കേൾക്കുന്ന അമർഷം കൂടി ഉള്ളിലൊതുക്കി എന്നാൽ പുറത്തോട്ടു ഒച്ചയധികം എടുക്കാതെ ലതിക കാന്തിയോടായി പറഞ്ഞു.. അപ്പോൾ അമ്മയുടെ സംസാരത്തിലെ അതൃപ്തി ഇതായിരുന്നു.. പെട്ടെന്നുള്ള മാറ്റം പോലും ആ നീചന്റെ ചരടുവലിയായിരുന്നു.. അതോർക്കുംതോറും കുറച്ചു മുൻപേകൂടി തളർച്ചബാധിച്ച അമ്മയുടെ മുഖം കണ്ടപ്പോൾ ഉള്ളിൽ തോന്നിയ സ്നേഹത്തിന്റെ നീരുറവ പെട്ടെന്ന് ആവിയായിപ്പോകുംപോലെ അവൾക്കു തോന്നി.. അപ്പോൾ അമ്മയ്ക്ക് തോന്നി വിളിച്ചതല്ലേ... ഞാൻ അന്നത്രയും പറഞ്ഞിട്ടും ഒരു തരിമ്പും ഈ മകളെ വിശ്വാസം വന്നില്ലേ... കഷ്ടം തന്നെ അമ്മാ..... കുറച്ചുമുൻപേ പറഞ്ഞില്ലേ ഞാൻ നാണംകെടുത്തിയെന്ന്... ആ പറഞ്ഞ മനുഷ്യന്റെയും കുഞ്ഞിന്റെയും ജീവിതത്തിൽ ഞാൻ കടന്നു ചെന്നതുപോലും ഈ അരക്ഷിതാവസ്ഥയിലുള്ള ഭയമാണ്.. പക്ഷേ... ഞാനിപ്പോൾ ആ ജീവിതം ഇഷ്ടപ്പെടുന്നു.. കാരണം ഇവിടെത്തെപോലെ മാനം ഭയന്ന് കഴിയേണ്ടല്ലോ...

കാന്തി കിതപ്പോടെ പറഞ്ഞു.. അതേടി.. എനിക്ക് എന്റെ ഏട്ടനേക്കഴിഞ്ഞേയുള്ളൂ എന്തും.. ഈ നീ പോലും ഇന്ന് നിവർന്നുനിന്ന് സംസാരിക്കാൻ പാകത്തിനായതു ആ മനുഷ്യന്റെ ദയയാണ്.. അല്ലാതെ അന്യനാട്ടിൽ കുടിച്ചും കൂത്താടിയും നടക്കുന്ന നിന്റെ അച്ഛന്റെ പണത്തിലല്ല.. അതൊക്കെ ചോരത്തിളപ്പിൽ നീ മറന്നുകാണും. പക്ഷേ.. ഈ ലതിക സ്വന്തം ചോരയെ തള്ളിപ്പറയില്ല.. നീയോ ഇങ്ങനെയായി.. ഇനി ആകെയുള്ളൊരു പ്രതീക്ഷ എന്റെ കുഞ്ഞാ.. അതിനെയെങ്കിലും നല്ലൊരു നിലയിലെത്തിക്കണമെനിക്ക്.. ദേഷ്യം ശബ്ദത്തിന്റെ തീവ്രത കൂട്ടി.. കൊള്ളാമമ്മേ... സ്വന്തം ചോര.. അപ്പോൾ ഈ ഞാൻ ആരാ.. ഞാനും ഈ വയറ്റിൽ നിന്നുതന്നെയല്ലേ വന്നത്.. പാടില്ലായിരുന്നു.. ഇങ്ങോട്ട് വരാൻ ഒട്ടും പാടില്ലായിരുന്നു.. കാന്തിയുടെ സ്വരം പലയിടത്തും ചിലമ്പിച്ചിരുന്നു.. ആശ്വതിയപ്പോഴും നിസ്സംഗമായി എല്ലാം ശ്രവിച്ചിരുന്നു.. ലതികയുടെ വാക്കുകൾ ഓർക്കേ ചുണ്ടിലൊരു പരിഹാസച്ചുവ തെളിഞ്ഞു.. ചായയുമായി ലതിക സൂര്യനടുത്തേയ്ക്ക് പോയി.. പുറകെ കാന്തി കുഞ്ഞുമായി ചെന്നു. ചായഗ്ലാസു കൈയിലെടുക്കുമ്പോൾ അവൻ വാതിൽക്കൽ നിൽക്കുന്ന കാന്തിയെ ഒന്ന് പാളി നോക്കി.

നിറഞ്ഞ കണ്ണുകളും വിതുമ്പുന്ന ചുണ്ടുകളും തൊട്ടുമുൻപെന്തോ അസുഖകരമായി നടന്നതിന്റെ സൂചന നൽകിയിരുന്നു. അതുകൊണ്ടുതന്നെ പെട്ടെന്ന് ചായ കുടിച്ചെന്നു വരുത്തി സൂര്യൻ ഗ്ലാസ്‌ തിരികെ തൊട്ടു മുൻപിലുള്ള ടീപ്പൊയിലേയ്ക്ക് വെച്ചു.. എന്നാൽ ഞങ്ങളിറങ്ങട്ടെ... ഇവിടടുത്തു വരെ വന്നപ്പോൾ ഒന്ന് കയറിപ്പോകാമെന്ന് കരുതി.. സൂര്യൻ പോകാനായെഴുന്നേറ്റുകൊണ്ട് കാന്തിയോട് കണ്ണുകാട്ടി.. അവൾ മറുത്തൊന്നും പറയാതെ അവനടുത്തേയ്ക്ക് നടന്നു.. പോകാണ്... ഇനിയും സ്നേഹം കാട്ടി വഞ്ചിക്കരുത്.. ഈ മനസ്സിൽ ആത്മാർഥമായിട്ടും മകളെ കാണണമെന്ന് തോന്നുകാണെങ്കിൽ മാത്രം വിളിക്കണം.. അല്ലാതെ മറ്റാർക്കും വേണ്ടി അഭിനയിക്കരുത്.. അമ്മയിപ്പോൾ വിശ്വസിക്കുന്ന പലതും തെറ്റായിരുന്നെന്നു ബോധ്യമാകുന്നൊരു ദിവസം വരും. അന്ന് നെഞ്ചുപൊട്ടിപ്പോകാതിരിക്കാൻ ദൈവം ശക്തിതരട്ടെ.. ലതികയുടെ മുന്നിലായി നിന്നുകൊണ്ടവൾ പറഞ്ഞു. ഇതുവരെയും തന്നെയൊരു നോട്ടംകൊണ്ടുപോലും ശ്രദ്ധിയ്ക്കാത്ത അനിയനോടെന്തുപറയാനെന്നവൾ ഒരുനിമിഷം നോവോടെയോർത്തു..

മിഴികൾ അച്ചുവിനായി തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. സൂര്യന്റെ കൈപിടിച്ച് നടക്കുമ്പോഴും ഉള്ളം നീറുകയായിരുന്നു.. ബന്ധങ്ങളെയോർത്തു... മതി കുഞ്ഞേ.. ഞങ്ങളില്ലേ.. റിച്ചുമോളെ ഒന്നുകൂടി ചേർത്തുപിടിച്ചുകൊണ്ട് സൂര്യൻ മറുകൈയാൽ അവളെ ചേർത്തുനിർത്തി.. ജീവിതത്തിൽ ചില ബന്ധങ്ങളെ... വ്യക്തികളെ നമ്മൾ വല്ലാതങ്ങു വിശ്വസിക്കും... സ്നേഹിക്കും.. എത്ര അവഗണിച്ചാലും വെറുക്കാതെ ചേർത്തുനിർത്തും.. എന്നാൽ നമ്മൾക്കവരുടെ ജീവിതത്തിൽ ഒരു സ്ഥാനവുമില്ലെന്നറിയുന്ന ആ നിമിഷമുണ്ടല്ലോ.. ഉള്ളിൽ കുത്തിയൊലിക്കുന്ന ചോരയ്‌ക്കൊപ്പം വെറുപ്പും തലപൊക്കും.. അതിനു നൽകാൻ കഴിയുന്ന ധൈര്യമുണ്ടല്ലോ.. ഒരു മോട്ടിവേഷൻ ക്ലാസ്സിനും തരാൻ പറ്റില്ലല്ലേ... കാന്തി സ്വയമെന്നോണം പറഞ്ഞു...... കാത്തിരിക്കുക...💕

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story