താലി 🥀: ഭാഗം 34

thali

എഴുത്തുകാരി: Crazy Girl

"പത്ത് ലക്ഷം രൂപയും സഞ്ചരിക്കാൻ ഒരു bmw കാറും... സ്വപ്നയുടെ അച്ഛന്റെ കമ്പനിയിൽ എംഡി എന്ന പതവിയും ...." ഇതൊക്കെ ആയിരുന്നു സ്ത്രീധനമായി ദേവിന് വെച്ചു നീട്ടിയത്... ഇതൊന്നും തന്നെ കൊണ്ട് സാധിക്കാത്തത് കൊണ്ടല്ലേ അവൻ എന്നെ.... പിന്നെന്തിനായിരുന്നു സ്നേഹമാണെന്ന് പ്രണയമാണെന്ന് പറഞ്ഞു തനിക്കൊപ്പം കൂടിയത്... ആരുമില്ലാത്ത നേരം ഈ വീട്ടിൽ എന്നെ കൊണ്ട് വന്നത്... ചതിയനാ.... ദേവന്ന ചതിയൻ തന്റെ കണ്ണ് മൂടി കെട്ടിയപ്പോൾ അറിയാതെ എങ്കിലും അവന്റെ കെണിയിൽ താൻ വീണ് പോയിരുന്നുവെങ്കിൽ.... അന്നവൻ ആരുമില്ലാത്ത നേരം തന്നെ ഇവിടെ കൊണ്ട് വന്നത് എന്ത് ഉദ്ദേശത്തിലാണെങ്കിലും കാശിയേട്ടൻ ഉള്ളത് കൊണ്ട് അങ്ങനെയൊക്കെ സംഭവിച്ചു...

അല്ലെങ്കിൽ അവനോടുള്ള പ്രണയംമൂത്ത് അവനു വിധേയായി കിടന്നു കൊടുത്തേനെ ഞാൻ... അവളുടെ മനസ്സ് അവനെ പ്രണയിച്ചതിൽ സ്വയം കുറ്റം പറഞ്ഞുകൊണ്ടിരുന്നു....ചിന്തകൾ തല പെരുപ്പിച്ചു....ഭക്ഷണമെല്ലാം കഴിച്ചു ഉമ്മറത്തു ഇരുന്നു സംസാരിക്കുന്ന സ്വപ്നയുടെ കുടുംബക്കാരുടെ മഹിമ കേൾക്കാൻ വയ്യാതെ വൈശാലി മുകളിലേക്ക് നടന്നു.... അവിടെ സോഫയിൽ ഇരിക്കുന്ന ദേവിനേം അവനു മുട്ടിയിരിക്കുന്ന സ്വപ്നയെയും കണ്ടതും അവളിൽ പുച്ഛം നിറഞ്ഞു.... "വൈശാലി വാ "സ്വപന അവളെ കണ്ടു വിളിച്ചതും മനസ്സില്ലാ മനസ്സോടെ പുഞ്ചിരി വരുത്തിയവൾ അവർക്കടുത്തേക്ക് നടന്നു... .

"ഇനി വൈശാലി എന്ന് വിളിക്കാൻ കഴിയില്ലല്ലോ... ഏട്ടത്തി അല്ലെ "സ്വപ്ന പറഞ്ഞതും അവൾ പുഞ്ചിരിച്ചു കൊടുത്തു... ദേവ് അപ്പോഴും തന്നിൽ മുറുകിയ സ്വപ്നയുടെ കൈകൾ വിടുവെക്കാൻ ശ്രേമിച്ചുകൊണ്ടിരുന്നെങ്കിലും അപ്പോഴും സ്വപ്ന അവന്റെ കൈകളെ അവളുടെ കൈകളിലായി മുറുക്കി വെച്ചു... "കാശിയേട്ടനെ ഞാൻ കണ്ടു... ഒരുപാട് മാറി... കാണാൻ നല്ല ലുക്കും ഉണ്ട് ... ഇപ്പൊ ആരും ഒന്ന് നോക്കി പോകും..."സ്വപ്ന പറയുന്നത് കേട്ടതും അവൾക് ചേറഞ്ഞു കേറി...എങ്കിലും നിയന്ത്രണം പാലിച്ചവൾ നിന്നു... "അതെന്തേ ദേവ് സുന്ദരൻ അല്ലെ... നിങ്ങൾ തമ്മിൽ നല്ല ചേർച്ചയില്ലേ... Made for each other "അവൾ ദേവിനെ കനപ്പിച്ചു നോക്കി പറഞ്ഞതും അവന്റെ മുഖം കുനിഞ്ഞു...

"അതുകൊണ്ടാണല്ലോ... പത്ത് ലക്ഷം രൂപയും കാറും കൊടുത്തു ഇവനെ തന്നെ ഞങ്ങൾ സ്വപ്നമോൾക്ക് ഉറപ്പിച്ചത് "വലിയ ഗമയോടെ പറയുന്ന സ്ത്രീയെ കേൾക്കേ അവളുടെ മനസ്സിൽ പുച്ഛം നിറഞ്ഞെങ്കിലും പുറത്ത് മാന്യമായി നിന്നു ... "അപ്പച്ചിക്ക് മനസ്സിലായോ ഇതാരാണെന്ന് ദേവിന്റെ ചേട്ടന്റെ വൈഫ്‌ ആണ് "സ്വപ്ന "ഹ്മ്മ് ഞാൻ കണ്ടു താഴേന്നു...അല്ലാ കുട്ടിയെന്താ സ്ത്രീധനമായി കൊടുത്തത് "അവരുടെ ചോദ്യം ഉയർന്നതും വൈശാലി എന്ത് പറയണം എന്നറിയാതെ നിന്നു.... "അപ്പച്ചി...ആ ചേട്ടന് സുഖമില്ലായിരുന്നല്ലോ..ഭ്രാന്തായിരുന്നില്ലേ... അതുകൊണ്ട് സ്ത്രീധനമൊന്നും വാങ്ങിയില്ലാ... പെണ്ണിനെ കിട്ടിയത് തന്നെ പുണ്യമല്ലേ "

സ്വപ്ന പറഞ്ഞതും വൈശാലി അവളെ തറപ്പിച്ചു നോക്കി... "ആ അത് ശെരിയാ... പക്ഷെ ഇപ്പൊ അവനെ കൊണ്ട് കെട്ടിച്ചാൽ ഇവന്റെ ഇരട്ടി സ്ത്രീധനം വാങ്ങാം "അവർ പറഞ്ഞതും വൈശാലിയുടെ കൈ ചുരുട്ടി പിടിച്ചു... "പക്ഷെ കെട്ടിപ്പോയില്ലേ... ഇനി വേറെ കെട്ടിക്കാൻ ആവില്ലല്ലോ"തമാശ രൂപേണ ആണ് അവൾ പറഞ്ഞതെങ്കിലും അവളുടെ മനസ്സിൽ ആ സ്ത്രീയുടെ കഴുത്തിനു പിടിക്കാനുള്ള ദേഷ്യമുണ്ടായിരുന്നു.... "പിന്നെ ഇന്നത്തെ കാലത്ത് സ്ത്രീധനമൊന്നും ഇല്ലാ... വെറുതെ പെണ്ണിന്റെ ചിലവിൽ തിന്ന് മുടിക്കാം..എന്ന് ആഗ്രഹിക്കുന്നവർ മാത്രമേ ഇപ്പൊ സ്ത്രീധനമൊക്കെ വാങ്ങുന്നുള്ളു...

സ്വന്തമായി വാങ്ങിയ കാറിൽ പോകുന്നത്ര സുഖമൊന്നും കല്യാണം കഴിച്ചപ്പോൾ ധാനമായി കിട്ടിയ കാറിൽ പോകുമ്പോൾ കിട്ടില്ലല്ലോ ... എന്തൊക്കെ പറഞ്ഞാലും പെണ്ണിനെ കിട്ടുമ്പോൾ ഫ്രീ ആയിട്ട് കിട്ടിയതാണല്ലോ ഇതൊക്കെ...അതിന്റെ ഒരു അഭിമാനക്കേട് ആണുങ്ങൾക് ഉണ്ടാകും.... അല്ലാ ഈ അഭിമാനം ഉള്ളോരുടെ കാര്യമാട്ടോ പറഞ്ഞത് " വൈശാലി പറഞ്ഞുകഴിഞ്ഞതും സ്വപ്നയുടെ അപ്പച്ചിയുടെ മുഖം കൊട്ട കണക്കെ വീർത്തിരുന്നു... ദേവിനു ചവിയിട്ടിയോളം താഴ്ന്ന പോലെ തോന്നി... "കൊടുക്കാനുള്ള വകയില്ലാത്തവർക്ക് ഇങ്ങനെയൊക്കെ പറയാം...

"തോറ്റു കൊടുക്കാൻ മനസ്സില്ലാതെ ആ സ്ത്രീ വീണ്ടും മുഖം കറുപ്പിച്ചു പറഞ്ഞതും ഇനിയും പറഞ്ഞാൽ കൂടി പോകും എന്ന് അറിയുന്നത് കൊണ്ട് തന്നെ മൂവർക്കും നല്ലൊരു പുഞ്ചിരി നൽകിയവൾ മുറിയിലേക്ക് നടന്നു ഡോർ അടച്ചിരുന്നു.... ബെഡിൽ അമർന്നിരിക്കുമ്പോൾ അവളുടെ മനസ്സ് ദേഷ്യത്താൽ തിളച്ചിരുന്നു... "എന്തൊക്കെയാ അവർക്ക് അറിയേണ്ടത്.. സ്വന്തം മരുമോളെ അങ്ങ് കെട്ടിച് വിട്ടാ പോരെ... അവിടെയുള്ള പെമ്പിള്ളേരെ കെട്ടിച്ചതിനെ പറ്റിയും അറിയണോ... ഇടുമ്പി തള്ളാ... അതിനു പറ്റിയ ഒരു മരുമോളും... ഇനിയും അവളുടെ നാവിന്ന് കാശിയേട്ടനെ ഭ്രാന്താനെന്ന് വീണാൽ എന്റെ തനി സ്വഭാവം അറിയും... അല്ലേലും എന്ത് പെങ്കോന്തനാ അവൻ...

സ്വന്തം ചേട്ടനെ പറ്റിയല്ലേ പറയുന്നേ... എതിർത്തൊരു അക്ഷരം പറഞ്ഞില്ലല്ലോ... പറയില്ല... അല്ലെങ്കിലും അതൊക്കെ എന്നെ കുത്തി നോവിക്കുകയെ ഉള്ളു എന്നവൻ അറിയാം... അവനു സഹിക്കുന്നുണ്ടാവില്ല ഞാൻ സന്തോഷത്തോടെ ജീവിക്കുന്നത്... ഇത്രയും ദ്രോഹിച്ചത് മതിയായില്ലേ അവനു.. ഇനിയെന്താണാവോ വേണ്ടത്... വൈച്ചു ന്നുള്ള വിളി കേൾക്കുമ്പോ ചൊറിഞ്ഞു വരും..." സ്വയം പിറുത്തുകൊണ്ടവൾ കയ്യിലെ തലയണയിൽ പിടി മുറുക്കി ഉള്ള ദേഷ്യം മൊത്തം അതിനോട് തീർത്തു... എന്നിട്ടും മതിയാവാതെ മൂവരുടെയും മുഖം മനസ്സിൽ ഓർത്തവൾ തലയണയിൽ തല്ലി ദേഷ്യം തീർത്തുകൊണ്ടിരുന്നു....

കാശി ഡോർ തുറന്നതും കാണുന്നത് തലയണയിൽ ഗുസ്തി പിടിക്കുന്ന വൈശാലിയെ ആണ്... ഡോർ തുറന്ന ശബ്ദം കേട്ടവൾ ഞെട്ടി തിരിഞ്ഞു നോക്കി... അതിലും ഞെട്ടലോടെ ആയിരുന്നു അവന്റെ ഭാവം... മുടിയൊക്കെ പാറി അലങ്കോലമായി ചുവന്നു കിടക്കുന്ന വൈശാലിയുടെ മുഖവും കയ്യിൽ ഞെരുക്കി പിടിച്ചു ശ്വാസം മുട്ടിക്കുന്ന പോലെ പിടിച്ചിരിക്കുന്ന തലയണയിലും അവൻ ഒന്ന് നോക്കി... "അത്... ഞാൻ... ചുമ്മാ "അവനെ കണ്ടവൾ ബെഡിൽ നിന്ന് മെല്ലെ എണീറ്റു... "ഏയ് you continue... ഞാൻ പോകാം "അവളോട് അത്രയും പറഞ്ഞവൻ പുറത്തേക്ക് ഇറങ്ങി ഡോർ അടച്ചു... "ശ്യെ "സ്വയം നെറ്റിയിൽ അടിച്ചവൾ ബെഡിൽ ഇരുന്നു....

സ്വപ്നയും അവളുടെ അപ്പച്ചിയും കൂടെ വൈശാലിയോട് സ്ത്രീധനത്തെ പറ്റി ചോദിച്ചത് മുത്തശ്ശിയുടെ മുറിയിൽ ഇരുന്നു കല്ലു കേട്ടിരുന്നു...ഇരുവർക്കും തക്കതായ മറുപടി അവൾ കൊടുത്തിരുന്നു എങ്കിലും അവളുടെ മനസ്സ് വേദനിച്ചിട്ടുണ്ടാവും എന്ന് കല്ലു പറഞ്ഞത് കൊണ്ടാ മുറിയിൽ ചെന്ന് നോക്കിയത്... എന്നാൽ ഉള്ള ദേഷ്യം മൊത്തം ആ തലയണയോട് തീർക്കുന്നത് കണ്ടത് ഓർത്തവനിൽ ചിരി പൊട്ടി.... ആ സമയത്തെ അവളുടെ ചമ്മിയ മുഖവും പാറി പറന്ന മുടിയുമെല്ലാം മനസ്സിൽ തെളിഞ്ഞതും അവനിൽ ചിരിയുടെ ആക്കം കൂടിയിരുന്നു.... "ഈ പെണ്ണിനെ കൊണ്ട് " സ്വയം തല കുടഞ്ഞവൻ തിരികെ താഴെ ചെല്ലുമ്പോൾ ചിരിയടക്കാൻ സ്വയം നിയന്ത്രിച്ചു...

"എന്നാ ശെരി ഞങ്ങൾ ഇറങ്ങാ.."മുതിർന്ന കാർണോർ പറഞ്ഞതും മുത്തശ്ശിയും അച്ഛനും എല്ലാവരേം യാത്രയാക്കി... പോകുന്നവർക്കൊക്കെ ചിരി നൽകി കൊണ്ട് വൈശാലി കാശിയെ നോക്കിയതും അവനും എല്ലാവരോടും യാത്രയാക്കി മുഖം തിരിച്ചു... ഒരു നിമിഷം വൈശാലിയുടെയും കാശ്ശിയുടെയും കണ്ണുകൾ പരസ്പരം ഉടക്കി....എന്നാൽ മുഖം വെട്ടിച്ചു ചുണ്ട് ചുള്ക്കി പോകുന്നവളെ കാണെ അവന്റെ നെറ്റി ചുളിഞ്ഞെങ്കിലും ചുണ്ടിൽ ചിരി വന്നിരുന്നു.... *************** "എത്രയും പെട്ടെന്ന് കല്യാണ കുറി അടിക്കണം.... ഒരുമാസം ഉണ്ടെങ്കിലും എല്ലാം പെട്ടെന്ന് ചെയ്തു തുടങ്ങണം പിന്നെ തൊടങ്ങാം എന്ന് കരുതിയാൽ അവസാനം വെപ്രാളംപെട്ടു തുടങ്ങേണ്ടി വരും...

"മുത്തശ്ശി പറഞ്ഞതും എല്ലാവരും അനുസരണയോടെ തലയാട്ടി... "വിളിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കണം..."അച്ഛൻ "ആ പിന്നെ... വൈശാലിയുടെ വീട്ടിൽ കാശിയും വൈശാലിയും ചെല്ലട്ടെ... ഇന്നേവരെ കാശി അവിടെ ചെന്ന് കണ്ടിട്ടില്ലല്ലോ " അമ്മ പറഞ്ഞത് കേട്ടതും ഒന്നിലും തലയിടാതെ ഇരുന്ന വൈശാലിയുടെ മുഖം വിടർന്നു... "ക്ഷണിക്കാനായി പിന്നെ പോകാം.... ആദ്യം ഇരുവരും ഒന്ന് പോകണം എന്നാണ് എന്റെ അഭിപ്രായം... കല്യാണം കഴിഞ്ഞിട്ട് കാശി ഇത് വരെ അവിടെ പോയില്ലല്ലോ... എന്താ കാശി നിനക് പറയാനുള്ളത് " മുത്തശ്ശി കാശിക്ക് നേരെ തിരിഞ്ഞു... "പോകാം മുത്തശ്ശി..."കാശി പറഞ്ഞുകൊണ്ട് മുകളിലേക്ക് നടന്നു...

കുറച്ചു അവിടെ ഇരുന്നു വൈശാലിയും മുകളിലേക്ക് വലിഞ്ഞു.... കാശി ബാത്‌റൂമിൽ ആണെന്ന് മനസ്സിലായത്തും വൈശാലി ഡോർ അടച്ചുകൊണ്ട് ജനലൊരം വന്നു നിന്നു... എത്രയൊക്കെ ഒന്നുമില്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചാലും മനസ്സ് ആസ്വസ്ഥമായികൊണ്ടിരിക്കുന്നു... "ഒന്നും നൽകാതെയാണ് ഈ വീട്ടിലേക്ക് താൻ വന്നത്... ദേവിന് സ്വപ്നയുടെ കുടുംബം അത്രയും നൽകുമ്പോൾ മൂത്ത മരുമകളായി വന്ന ഞാൻ കഴുത്തിലെ അഞ്ചാറു പവൻ മാത്രമുള്ള സ്വർണവുമായി...കാശിയേട്ടന് വെറുപ്പ് തോന്നുമോ തന്നോട്....ആ സ്ത്രീ പറഞ്ഞ പോലെ ഇപ്പൊ കെട്ടിയാൽ ഇരട്ടി കിട്ടും... എന്നും കരുതി ഒഴിവാക്കില്ലെന്ന് അറിയാം എങ്കിലും മനസ്സിൽ ഒരിഷ്ടക്കേട് തോന്നുമോ...

പണമില്ലാത്തതിന്റെ പേരിലാണ് ദേവ് തന്നെ മാറ്റി നിർത്തിയത്.... കാഷിയെട്ടനും അത് പോലെ..."അവളിൽ ചോദ്യങ്ങളും ചിന്തകളും മനസ്സിനേം തലച്ചോറിനേം കാർന്നു തിന്നു... മനസ്സ് വല്ലാതെ ആസ്വസ്ഥമാകുന്നു... ജനക്കമ്പിയിൽ പിടിമുറുക്കിയവൾ പുറത്തേക്ക് കണ്ണിട്ടിരുന്നു... ആകാശം ഇരുട്ട് മൂടി തുടങ്ങിയിരിക്കുന്നു... ഒന്നോ രണ്ടോ നക്ഷത്രം തെളിഞ്ഞു തുടങ്ങി... ബാത്‌റൂമിൽ നിന്ന ഇറങ്ങിയ കാശി കാണുന്നത് പുറത്തേക്ക് നോക്കി നില്കുന്നവളെ ആണ്... എന്തോ ആലോചനയിൽ ആണെന്ന് മനസ്സിലായതും അവന്റെ മുഖം ചുളിഞ്ഞു... ഒന്ന് മുരടനക്കിയവൻ മുന്നോട്ട് നടന്നു... കാശി ബാത്‌റൂമിൽ ഇറങ്ങിയത് അറിഞ്ഞവൾ തിരിഞ്ഞു നിന്നു അവനെ നോക്കി....

ഷെൽഫിൽ നിന്ന ഓയിന്മെന്റ് എടുത്തു വരുവായിരുന്നു അവൻ... "ഞാൻ ഇട്ടു തരാം "പതിയെ പറഞ്ഞവൾ അവന്റെ കയ്യിൽ നിന്ന ഓയിന്മെന്റ് വാങ്ങി.. എന്നാൽ മുഖത്ത് തെളിച്ചമില്ലാതെ നില്കുന്നവളെ കണ്ട് ഒന്ന് സംശയിച്ചവൻ ബെഡിൽ ഇരുന്നു കൊടുത്തു... വിരലിൽ ഓയിന്മെന്റ് ആകിയവൾ അവന്റെ പുറത്ത് മെല്ലെ തൊട്ടു കൊടുത്തു... "കാശിയേട്ടാ " മുറിയിൽ തളംകെട്ടിയ മൗനത്തെ വെടിഞ്ഞവൾ മെല്ലെ വിളിച്ചു... "ഹ്മ്മ്മ് " "അത് പിന്നെ... ഞാൻ ഒന്ന് ചോദിച്ചോട്ടെ "മടിച്ചു മടിച്ചവൾ മെല്ലെ ചോദിച്ചതും അവളെന്താണ് ചോദിക്കാൻ പോകുന്നത് എന്നറിയാതെ അവന് സംശയത്തോടെ മൂളി... "അത് വേറൊന്നുമല്ല... ദേവിന് സ്വപ്നയുടെ അച്ഛൻ നൽകിയ പോലെ...

എന്റെ അച്ഛന് നിങ്ങൾക് വേണ്ടി നൽകാനുള്ള ശേഷിയൊന്നുമില്ല... അപ്പൊ എന്നെ കെട്ടിയത് കുറച്ചിലായിട്ട് തോന്നുന്നുണ്ടോ " ശബ്ദം താഴ്ത്തിയാണ് ചോദിച്ചതെങ്കിലും അവളുടെ മനസ്സ് വിങ്ങി പൊട്ടുന്നുണ്ടായിരുന്നു.... ഓയിന്മെന്റ് തേച്ചെന്ന് ഉറപ്പ് വരുത്തിയവൻ ബെഡിൽ നിന്ന എണീറ്റു അവളുടെ മുന്നിൽ കൈകെട്ടി നിന്നു.... "ഏതെങ്കിലും അച്ഛൻ ഭ്രാന്തനു സ്ത്രീധനം നൽകുമോ..."അവന്റെ ചോദ്യം കേട്ടതും അവൾ ഞെട്ടലോടെ അവനെ നോക്കി... "നീ തന്നെ പറഞ്ഞു നമ്മുടെ കല്യാണം കഴിയാനുള്ള സാഹചര്യം എന്താണെന്ന്.... പിന്നെ സ്ത്രീധനം... അതൊക്കെ വെറും പ്രഹസനമാണ്... കാശിനു ആണിനെ വാങ്ങുന്നത് പോലെ അല്ലെങ്കിൽ പൈസ അങ്ങോട്ട് കൊടുത്തു പെണ്ണിന്റെ വില കളയുന്ന പോലെ...

സത്യം പറഞ്ഞാൽ ദേവ് സ്ത്രീധനം വാങ്ങുന്നതിൽ ഇവിടെ ആർക്കും ഇഷ്ടമല്ല...മുത്തശ്ശി പറഞ്ഞത് കേട്ടു എൻഗേജ്മെന്റിനു നേരം അവനോട് അതൊന്നും വേണ്ടാ എന്ന് പറയണം എന്ന് പറഞ്ഞു എന്ന്... പക്ഷെ അവനാണ് പറഞ്ഞത് കിട്ടുന്നതെന്തിനു വേണ്ടെന്ന് വെക്കണം എന്ന്... അതവന്റെ തീരുമാനം... അവനാണ് കെട്ടുന്നത്... അതുകൊണ്ട് അവൻ ഇത് വേണേലും ചെയ്തോട്ടെ അവര് കൊണ്ട് വന്നതൊന്നും നമ്മൾ നോക്കേണ്ടതില്ല അത് ദേവും സ്വപ്നയും എന്താന്ന് വെച്ചാൽ ചെയ്തോട്ടെ എന്നായിരുന്നു മുത്തശ്ശി പറഞ്ഞത്...അപ്പൊ പറഞ്ഞു വന്നത് ഇവിടെ ആർക്കും സ്ത്രീധനത്തിൽ ഒരു വിലയും കല്പിക്കുന്നില്ല..

ഉശിരുള്ള തടി ഉള്ളടുത്തോളം വെറുതെ കിട്ടുന്നത് വാങ്ങി വെച്ചു കഴിയേണ്ട ഗതികേട് ഒന്നും ഇവിടെ ആർക്കുമില്ല ..." കാശി പറഞ്ഞുകൊണ്ട് അവളെ നോക്കിയതും അവളുടെ കണ്ണീർ കവിളിൽ പെയ്തിറങ്ങിയിരുന്നു... അവൾ ഓർക്കുകക്കായിരുന്നു ദേവിൽ നിന്ന് അന്ന് പണമില്ലാത്തതിന്റെ പേരിൽ തന്നെ അപമാനിച്ചു സംസാരിച്ചത്...അവൻ മുഖത്ത് നോക്കി പറഞ്ഞു പെൻഷൻ ആശ്രയിച്ചു ജീവികുന്ന തന്റെ അച്ഛനിൽ നിന്ന ഒരു തരി പൊന്നു പോലും കിട്ടില്ലെന്ന്‌....അതുകൊണ്ടാണ് തന്നെ കെട്ടാൻ അവനു ഇഷ്ടമില്ലാത്തത് എന്ന്.... എന്നാൽ അവന്റെ ചോര തന്നെയല്ലേ ഈ മുന്നിൽ നിൽക്കുന്നതും... ഒരേ അമ്മയുടെ വയറ്റിൽ പിറന്നവർ തന്നെയല്ലേ .. എന്നിട്ടെന്തേ രണ്ട് തരമായി പോയി...

ഒരുവൻ സ്നേഹിക്കുന്നു എന്ന് പറഞ്ഞു ഞാനെന്ന പെണ്ണിനെ പറ്റിച്ചുകൊണ്ടിരുന്നു... എന്നാൽ മറ്റൊരുവൻ ഓർമയില്ലാത്ത നേരത്ത് വിവാഹം കഴിഞ്ഞിട്ടും... അത് ഉൾകൊള്ളാൻ പറ്റാതെ വന്നിട്ടും തന്നെ നോവിച്ചിട്ടില്ലാ.. അകറ്റി നിർത്തിയിട്ടില്ലാ... വെറുത്തില്ലാ... എന്നാൽ ഞാനോ എത്രമാത്രം നോവിച്ചിട്ടുണ്ട്..ഭ്രാന്തനെന്ന് വിളിച്ചിട്ടുണ്ട്... ഇഷ്ടമല്ല എന്ന് പറഞ്ഞിട്ടുണ്ട്... ദൂരേക്ക് മാറ്റി നിർത്തിയിട്ടുണ്ട്.. എന്നിട്ടും തന്നെ സ്നേഹം കൊണ്ട് കീഴടക്കിയില്ലേ....സ്വയബോധം വന്നിട്ടും ഞാൻ ആരെണെന്നോ ഏതാണെന്നോ അറിയാതിരിന്നിട്ടും... ഭാര്യ ആണെന്ന് പറഞ്ഞിട്ടും തന്നെ തള്ളി പറഞ്ഞില്ലാ.... നിങ്ങൾക് മാത്രമേ അതിനു കഴിയൂ...

അതുകൊണ്ടാ കാശിയേട്ടാ ഞാൻ പറയുന്നേ നിങ്ങളെന്തോ special ആണ്.... ഇത് വരെ അനുഭവിക്കാത്തത് ആണ് നിങ്ങളിൽ ഞാൻ അനുഭവിക്കുന്നത്.... അവൾക് സന്തോഷം തോന്നി... അവനെ കെട്ടിപുണരണം എന്ന് തോന്നി...പക്ഷെ വേണ്ടാ... ഒന്നൂടെ അവനെ നോക്കിയവൾ ബെഡിൽ കേറി കിടന്നു... "ഇപ്പോഴേ കിടക്കുവാണോ... ഫുഡ്‌ കഴിക്കണ്ടേ "അവൻ കിടക്കുന്നവളെ നെറ്റി ചുളിച്ചു നോക്കി... "വിശപ്പില്ല കാശിയേട്ടാ... ഒന്ന് കിടക്കണം "മെല്ലെ പറഞ്ഞവൾ കണ്ണുകൾ അടച്ചു... "ഹ്മ്മ്മ് എങ്കിൽ കിടന്നോ... കല്ലുവിനെ വീട്ടിൽ കൊണ്ട് വിടണം എനിക്ക്..."അത്രയും പറഞ്ഞവൻ ബൈക്കിന്റെ താക്കോൽ എടുത്തു മുറിയിൽ നിന്ന് ഇറങ്ങി... അവളുടെ മനസ്സ് ശാന്തമായിരുന്നു...

ചുണ്ടിൽ നേരിയ പുഞ്ചിരി വിടർന്നു... തന്നോട് പറഞ്ഞല്ലോ... ചോദിച്ചിട്ടാണല്ലോ പോയത്.. എന്നത് അവളുടെ മനസ്സിൽ കുളിരണിയിച്ചു.... അവൾ അറിയുകയായിരുന്നു ഒരുനാൾ ഭ്രാന്തനെന്ന് വിളിച്ചു നോവിച്ചതിന്റെ പേരിൽ കുറ്റബോധത്താൽ അല്ലെങ്കിൽ. പ്രായശ്ചിത്തത്താൽ ചേർത്ത് നിർത്തിയ വികരമല്ലാ... പകരം പ്രണയമെന്ന വികാരം തന്നിൽ മൊട്ടിട്ടു തുടങ്ങിയിരിക്കുന്നു... അതെ കാശിയേട്ടനിൽ നിന്ന് ലഭിക്കുന്ന ഓരോ നോട്ടവും ചിരിയും വേദനയും... തന്നോട് മൊഴിയുന്ന ഓരോ വാക്കുകളും തന്റെ ഹൃദയത്തിൽ മായാത്ത വിധം പതിഞ്ഞു കിടക്കുന്നു... അതിനർത്ഥം കാശിയേട്ടന്റെ വാവ കാശിയേട്ടനെ പ്രണയിക്കുന്നു...❤️

അതെ ഒരിക്കലും സാധിക്കില്ലെന്ന് കരുതിയ തന്റെ 🥀 താലി 🥀യുടെ അവകാശിയിയോട് തനിക് പ്രണയം തോന്നുന്നു... അവളുടെ കവിളുകൾ എന്തിനോ ചുവന്നു... കാശിനാദ് എന്ന് കോർത്തിയ താലിയിൽ ചുംബിച്ചവൾ നാണത്താൽ തലയണയിൽ മുഖമർത്തി.... *************** കാശിയുമൊത്ത് വീട്ടിലേക്ക് പോകുമ്പോൾ അവളുടെ മനസ്സ് സന്തോഷത്തിന്റെ മുൾമുനയിൽ എത്തിയിരുന്നു.... മുറ്റത്തെ ചെടികളിൽ തലോടിയവൾ പുഞ്ചിരിയോടെ നടന്നു.... കാശിയുടെ കണ്ണുകൾ അവളിലായിരുന്നു.... "അച്ചാ "ഉമ്മറത്തേക്ക് കയറിയവൾ ബെൽ പോലും അടിക്കാതെ അകത്തേക്ക് നീട്ടി വിളിച്ചു... കുറച്ചു നേരമേ കാത്ത് നിൽക്കേണ്ടി വന്നുള്ളൂ വെള്ള ബെന്യനും കാവി മുണ്ടും ധരിച്ചൊരാൾ ഡോർ തുറന്നു...

തുറക്കേണ്ട താമസം അവൾ അദ്ദേഹത്തെ കെട്ടിപ്പുണർന്നിരുന്നു... അയാളുടെ ചുക്കി ചുളിഞ്ഞ മുഖത്ത് സന്തോഷത്താൽ കുതിർന്നൊരു പുഞ്ചിരി വിരിഞ്ഞു... "അമ്മേ " ചുവന്ന കരയുള്ള വെള്ള കോട്ടൺ സാരിയണിഞ്ഞ അമ്മയിലേക്ക് അവൾ ചാഞ്ഞു പുണർന്നു... "കാശിയേട്ടാ വാ " അപ്പോഴാണ് അവൾക് കാശിയെ ഓർമ വന്നത് തിരിഞ്ഞു നിന്നവൾ അവനെ കൈമാടി വിളിച്ചതും അച്ഛനും അമ്മയും അവനെ നോക്കി.. അപ്പോഴാണ് അവനെ അവർ കാണുന്നത്... അവരുടെ കണ്ണുകൾ അമ്പരത്താൽ വിടർന്നു... മകളെ കൈപിടിച്ചേൽപ്പിക്കുമ്പോളുള്ള രൂപമല്ലാ... പകരം സുന്ദരും സുമുഖനയാ ഒരു ചെറുപ്പക്കാരൻ.... "കാശിനാദ് "അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു.....

കാശി അദ്ദേഹത്തെ പുണർന്നു കൊണ്ട് മാറി നിന്നു.... "മാഷിന് മനസ്സിലായില്ലേ എന്നെ "അവൻ പുഞ്ചിരി വരുത്തി ചോദിച്ചു അയാൾ സംശയത്താൽ നെറ്റി തടവി വൈശാലിയും അവനെ നെറ്റി ചുളിച്ചു നോക്കി... "കാശിനാദ്... കേശവന്റെ മൂത്തമകൻ.... നണിയൂർ ഗവണ്മെന്റ് സ്കൂളിൽ എട്ടിൽ പഠിക്കുമ്പോൾ കെമിസ്ട്രിയിൽ മാർക്ക്‌ കുറഞ്ഞതിനാൽ പ്രത്യേകം കൂടെ ഇരുത്തി പഠിപ്പിക്കണം എന്ന് പറഞ്ഞു പോയ പദ്മാവധിയുടെ പേരക്കുട്ടി... ഫുട്ബോൾ കളിയുള്ളതിനാൽ ആരോടും പറയാതെ ക്ലാസ്സ്‌ കട്ട്‌ ചെയ്ത് മുങ്ങിയതിനു മാഷിനെ കുറെ വെള്ളം കുടിപ്പിച്ചിട്ടുണ്ട് ഞാൻ " കാശി ചിരിയോടെ പറഞ്ഞതും അയാളിൽ ആ ഓർമകളിൽ ചുണ്ടിൽ ചിരി തെളിഞ്ഞിരുന്നു....

"കാശിനാഥാ "അയാൾ വിളിച്ചതും പണ്ട് കുരുത്തക്കേട് കളിച്ചാൽ നീട്ടി വിളിക്കുന്ന അതെ ഗാംഭീരമുണ്ടെന്ന് തോന്നി അവനു... "എനിക്ക് മനസ്സിലായില്ലല്ലോ കുട്ടി നിന്നെ"അയാൾ അവനെ ഉറ്റുനോക്കി... "കല്യാണത്തിന് അന്ന് മുത്തശ്ശിയെ കണ്ടിരുന്നേൽ ഒരു പക്ഷെ മനസ്സിലായിരുന്നേനെ... മുത്തശ്ശി അന്ന് തിരക്കിൽ പെട്ടു പോയത് കൊണ്ട് കല്യാണത്തിന് പങ്കെടുത്തില്ലാ... മുത്തശ്ശി തന്നെയാണ് തന്നോട് പറഞ്ഞതും എന്നെ പഠിപ്പിച്ച ആദ്യാപകന്റെ മകളാണ് വൈശാലി എന്ന് " കാശി പറയുമ്പോൾ വൈശാലി അവനെ അമ്പരന്ന് നോക്കിയിരുന്നു.... "കേറി വാ മോനെ "അയാൾ അവനെ സന്തോഷത്തോടെ അകത്തേക്ക് ക്ഷണിച്ചു... ചെറുചിരിയോടെ അവനും അകത്തേക്ക് കയറി...

അമ്മയോടും അച്ഛനോടുമോപ്പമുള്ള നിമിഷങ്ങൾ അവളെ പഴേ മാഷിന്റേം അമ്മേടേം കുറുമ്പി വൈശാലി ആക്കി മാറ്റിയിരുന്നു.... മനസ്സിലൊന്നുമില്ല പകരം സന്തോഷത്താൽ അതിമറന്നുപോയി അവൾ... കാശിയിലും മടിയോ അപരിചിത്തമോ തോന്നിയില്ലാ...പകരം അവന് കാണുകയായിരുന്നു അവളുടെ ആ കൊച്ചുകുടുംബത്തെ... അവിടെ നിന്നു അവരെ യാത്രയാകുമ്പോൾ ആ പിതൃമനസും മാതൃമനസ്സും സന്തോഷത്താൽ നിറഞ്ഞിരുന്നു... മകളുടെ കണ്ണിലെ തിളക്കം മുഖത്തെ വെളിച്ചം ഇത് മതിയായിരുന്നു അവരുടെ മനസ്സ് നിറയ്ക്കാൻ.... *************** "കാശിയേട്ടാ " ബൈക്കിനു പുറകിൽ ഇരുന്നവൾ അവനെ തോണ്ടി.... "ഹ്മ്മ്മ് " "ഇനിയെങ്ങോട്ടാ "

"വീട്ടിലോട്ട്... അല്ലാതെ എവിടെ പോകാനാ "അവന്റെ ശബ്ദം കനത്തു... "നമുക്ക് വേറെവിടേലും പോകാം... കുറച്ചു നേരം "അവൾ പുറകിലിരുന്ന് കെഞ്ചി... "എനിക്കൊന്നും വയ്യ "അവൻ പറഞ്ഞത് കേട്ടതും ചുണ്ട് കൊട്ടിയവൾ അവന്റെ പുറത്ത് മുഖം ചേർത്ത് വീർപ്പിച്ചിരുന്നു... അവൻ ബൈക്ക് കുതിച്ചലോടെ മുന്നോട്ടെടുത്തു... "വാ ഇറങ് "അവൻ പറഞ്ഞത് കേട്ടവൾ മടിയോടെ മുഖം ഉയർത്തിയതും മുന്നിലെ കടൽത്തീരത്തെ കാണെ അവളുടെ കണ്ണുകൾ വിടർന്നു... "ഹാപ്പി "അവൻ അവളെ നോക്കി ചോദിച്ചു "ഡബിൾ... അല്ലാ തൃബിൾ ഹാപ്പി "അവനെ നോക്കി പറഞ്ഞവൾ മുന്നോട്ട് പാഞ്ഞു... പുറകെ ചിരിയോടെ അവനും...

വെള്ളത്തിൽ കാൽ തട്ടാതെ മുന്നിലേക്ക് ഓടി വെള്ളം കരയിലേക്ക് വീശി വരുമ്പോൾ അതിനെ കബളിപ്പിച്ചു കൊണ്ട് പിന്നിലേക്ക് ഓടി വരുന്നവളെ നോക്കി നിന്നവൻ അവിടെ നിന്നു.... അവസാനം കാശിയിലേക്ക് പാഞ്ഞവൾ അവന്റെ കയ്യിൽ തൂങ്ങി പിടിച്ചു... അവൻ അവളെ ഗൗരവത്തോടെ നോക്കി... "ഇനി നടക്കാം "അവന്റെ കയ്യിൽ മുഖമുരസിയവൾ പറഞ്ഞതും അവൻ അമർത്തി മൂളി കൊണ്ട് നടന്നു... "എന്നാലും അച്ഛൻ പഠിപ്പിച്ച കുട്ടിയാണെന്ന് കാശിയെട്ടൻ എന്നോട് പറഞ്ഞില്ലാലോ "നടക്കുംനേരം അവളുടെ ചോദ്യം കേട്ടവൻ അവളെ കനപ്പിച്ചു നോക്കി... "എന്തെ നിന്നോട് പറഞ്ഞില്ലേൽ ആകാശം ഇടിഞ്ഞു വീഴുമോ"അവൻ പുരികമുയർത്തി ചോദിച്ചു...

"എന്റെ അച്ഛൻ പഠിപ്പിച്ചിരുന്നു എന്ന് പറഞ്ഞാലും ആകാശം ഇടിഞ്ഞു വീഴില്ല "ചുണ്ട് കൂർപ്പിച്ചുകൊണ്ടവൾ അവന്റെ കൈ വിട്ടു അവനു മുന്നിൽ നിന്ന് പുറകോട്ടു കാലുകൾ വെച്ചു... "ദേ നേരെ നടക്കട്ടെ വീഴും "അവൻ മുന്നോട്ട് നടന്നു പറഞ്ഞതും അവൾ അത് കാര്യമാക്കാതെ അവനെ നോക്കി പുറകോട്ടു നടന്നു... "ഞാനും ചെറുപ്പത്തിൽ നണിയൂർ സ്കൂളിൽ അച്ഛന്റെ കൂടെ വന്നിട്ടുണ്ട്... അപ്പൊ കാശിയേട്ടനെ കണ്ടിട്ടുണ്ടാവുമായിരിക്കും അല്ലേ..."അവൾ ആലോചനയിൽ മുഴുകി ചോദിച്ചത് കേട്ട് അവൻ ചിരിച്ചു... "നീ കണ്ടിരുന്നോ എന്നറിയില്ല... പക്ഷെ ഞാൻ കണ്ടിട്ടുണ്ട് "അവന് പറഞ്ഞത് കേട്ടതും അവൾ സഡൻ ബ്രേക്ക് ഇട്ട പോലെ നിന്നു...

"എപ്പോ "അവളിൽ അമ്പരപ്പ് നിറഞ്ഞു "അതൊക്കെ കണ്ടിട്ടുണ്ട് "അവളെ നോക്കി പറഞ്ഞുകൊണ്ടവൻ അവളെ മറികടന്നു നടക്കുമ്പോൾ ചുണ്ടിന് കോണിൽ പുഞ്ചിരി ഒളിപ്പിച്ചിരുന്നു... കുറച്ചു നേരം സംശയിച്ചു നിന്നവൾ മുന്നോട്ട് നടക്കുന്നവന്റെ മുന്നിൽ ഓടി ചെന്ന് നിന്നു... "പറയ്യ് എപ്പോഴാ കണ്ടത്..."അവൾ അവന്റെ മുന്നിൽ വാശിയോടെ നിന്നു... "പറയട്ടെ "അവൻ കൈകൾ. കെട്ടി നിന്നു "ആഹ് "അവളും കേൾക്കാനായി കാതോർത്തു... "മൂന്നാം ക്ലാസ്സിൽ പോകാനായി ഉറക്കപ്പിച്ചിൽ മടിപിടിച്ചു മുറ്റത്തെ പൈപ്പിന് ചോട്ടിൽ കുട്ടിയുടുപ്പും ഇട്ടു കരയുന്ന നിന്നെ നിന്റമ്മ പല്ല് തേപ്പിക്കുന്നത് " അവൻ പറഞ്ഞു കഴിഞ്ഞതും അവളുടെ മൂക്ക് ചുവന്നു...

"കള്ളം.."അവൾ മുഖം വീർത്തു കെട്ടി പറഞ്ഞു... "കണ്ടോ ഇതാ ഞാൻ പറയാഞ്ഞേ... വേണേൽ നീ നിന്റെ അച്ഛനോട് ചോദിച്ചോ... എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ....രാവിലെ കളി കഴിഞ്ഞാൽ സ്കൂളിൽ പോകുന്നതിനു മുന്നേ എന്റെ ബുക്ക് മാഷിന്റെ കയ്യിൽ വാങ്ങണമെന്ന് പറഞ്ഞത് കൊണ്ട് രാവിലെ അവിടെ ചെന്ന് ബുക്ക്‌ വാങ്ങിയത്... അന്ന് സ്കൂളിൽ പോകാൻ മടിപിടിച്ചു കരയുന്ന നിന്നെ കാലിനിട്ടു രണ്ടെണ്ണം തന്നു കൊണ്ട് നിന്റെമ്മ നിന്നെ പല്ല് തേപ്പിക്കുന്നത് ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടതാ " അവൻ പറഞ്ഞതും അവൾക് ചമ്മൽ തോന്നി കാരണം ഇത്രയും വെക്തമായി പറയുന്നുണ്ടെങ്കിൽ സത്യമാണെന്നു അവൾക് ഉറപ്പായിരുന്നു...

"അതെങ്ങനാ ഇത്ര കൃത്യമായി ഓർമ വന്നു "എങ്കിലും വിട്ട് കൊടുക്കാൻ മടി തോന്നിയവൾ മുഖം ചുവന്നു ചുണ്ട് കൂർപ്പിച്ചു ചോദിച്ചു... "നിന്റെ വീട്ടിൽ പോകുന്നതു വരെ ഓർമയില്ലായിരുന്നു... പക്ഷെ..."അവൻ ഒന്ന് നിർത്തി അവളെ നോക്കി... അവളും എന്താണെന്ന് അറിയാൻ കൂർപ്പിച്ചിരിക്കുന്നത് കാണെ അവനിൽ കുസൃതി നിറഞ്ഞു .. "പക്ഷെ ഈ ഫോട്ടോ കണ്ടപ്പോ ഓർമ വന്നു "പോക്കറ്റിൽ നിന്നും ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ അവൾക് നേരെ നീട്ടിയതും അവളുടെ കണ്ണ് മിഴിഞ്ഞു... ചോക്ലേറ്റ് കഴിച്ചതിനാൽ മുന്നിലെ പല്ല് കെട്ട്... എന്നാൽ ആ പല്ല് മൊത്തം കാണിച്ചു...

വെള്ള പെറ്റിക്കോട്ടും ഇട്ടു ചിരിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ അച്ഛന്റെ മുറിയിലെ ചുമരിൽ ഒട്ടിച്ചു വെച്ചതാണത്... അത് കാണെ അവളുടെ മുഖം ചുവന്നു തുടുത്തു...അത് തട്ടിപ്പറിക്കാൻ നോക്കിയതും അവനതു പുറകിലേക്ക് വലിച്ചു... "കള്ളൻ എന്റെ ഫോട്ടോ താ... ഞാൻ ന്റെ അച്ചയോട് പറഞ്ഞോടുക്കും " ഫോട്ടോ തരാതെ അവളിൽ നിന്ന ദൂരെ മാറ്റിയാവന്റെ കയ്യിൽ നിന്ന് തട്ടിപ്പറിക്കാൻ ശ്രേമിക്കുമ്പോൾ മുന്നിലേക്ക്ക് ഓടുന്നവന്റെ പുറകെ ഓടിയവൾ വിളിച്ചു പറഞ്ഞു... "നീ പോയി പറഞ്ഞ് കൊടുത്തോ... നിന്റെ അച്ഛനോട് ചോദിച്ചിട്ട് തന്നെയാ എടുത്തത്.."അവൻ വിളിച്ചു പറഞ്ഞതും അവളുടെ മുഖം വീർത്തു... "എന്റെ ഫോട്ടോ താ കള്ളാ "അവൾ പുറകെ ഓടിക്കൊണ്ട് വിളിച്ചു... "നീ പോ പെണ്ണെ "അവനും വിട്ട് കൊടുക്കാതെ മുന്നിലേക്ക് പാഞ്ഞു...പുറകെ അവനെ പിടിക്കാനായി അവളും..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story