താലി 🥀: ഭാഗം 8

thali

എഴുത്തുകാരി: Crazy Girl

മുറിയിൽ നിന്ന് ഇറങ്ങുമ്പോൾ വൈശാലിയുടെ മനസ്സാകെ അസ്വസ്ഥമായിരുന്നു.... അച്ഛനോട് ശബ്ദമുയർത്തി സംസാരിക്കാൻ പാടില്ലായിരുന്നു... തന്നെക്കാൾ ഒരുപാട് മുതിർന്നതാണ്... എന്റെ അച്ഛനെ പോലെയാ... എന്നിട്ടും ഞാൻ... അവൾ സ്വയം കുറ്റപ്പെടുത്തി താഴേക്ക് നടന്നു.. അവൾ ഒന്ന് ആലോചിച്ചു കൊണ്ട് അച്ഛന്റേം അമ്മയുടെയും മുറിക്ക് പുറത്ത് നിന്ന് ഡോറിൽ മെല്ലെ മുട്ടി... ഡോർ തുറന്ന അമ്മ വൈശാലിയെ കണ്ടതും അകത്തേക്ക് വിളിച്ചു...അവൾ അമ്മക്ക് നേരെ ഒന്ന് പുഞ്ചിരി വരുത്തി... ശേഷം അച്ഛനെ നോക്കി... അയാൾ അവളെ തന്നെ നോക്കുവായിരുന്നു കണ്ണിൽ ദയനീയത നിറഞ്ഞു നില്കുന്നത് കാണെ അവൾക് വല്ലാതെ തോന്നി... ബെഡിൽ ഇരിക്കുന്ന അച്ഛനെ നോക്കിയവൾ അച്ഛന് നേരെ നിലത്ത് മുട്ട് കുത്തിയിരുന്നു.... "സോറി അച്ചാ... കാശിയേട്ടനെ അടിക്കുന്ന കണ്ടപ്പോൾ സഹിച്ചില്ല... അതാ ഞാൻ...

എന്നോട് ദേഷ്യമൊന്നും തോന്നല്ലേ.. വേണേൽ എന്നേ രണ്ട് തല്ലിക്കോ... എന്റെ അച്ഛന് തന്നതാണെന്ന് കരുതിക്കോളാം... പക്ഷെ ഒന്നുമറിയാത്ത ആ പാവത്തിനെ നോവിക്കല്ലേ..."വൈശാലി പറഞ്ഞത് കേട്ട് അയാൾ അവളെ ഉറ്റുനോക്കി... അയാളുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് അവൾ കാണുന്നുണ്ടായിരുന്നു...അവൾ അദ്ദേഹത്തിന്റെ കൈകളിൽ പിടിച്ചു.... "കണ്ടോ സുഭദ്രേ... ഈശ്വരൻ നമ്മളെ കൈവിട്ടിട്ടില്ല... അതുകൊണ്ടല്ലേ നമ്മുടെ കാശിക്ക് ഈ മോളെ ദൈവം തന്നത്..."അവളെ നെറുകിൽ തലോടി അമ്മയെ നോക്കി അച്ഛന് കണ്ണ് നിറച്ചു പറയുമ്പോൾ അമ്മയുടെ ചുണ്ടും വിതുമ്പിയിരുന്നു... "അച്ഛന് ആഗ്രഹമുണ്ടായിട്ടല്ല മോളെ...

കാശിയുടെ ദേഹത്തു പതിയുന്ന ഒരു അടിയും ഈ എനിക്ക് തന്നെയാ നോവുന്നത്... എന്നിട്ടും അച്ഛന് അവന് അടിക്കുന്നത് അത് കണ്ടെങ്കിലും മറ്റുള്ളവരുടെ പരാതി തീരട്ടെ എന്ന് കരുതിയാണ്.... എന്റെ മോന് സുഖമില്ലെന്ന് അറിയാം എങ്കിലും അവനെ പറ്റി മോശം പറയുമ്പോൾ അച്ഛന് സഹിക്കാൻ പറ്റുന്നില്ല... അതുകൊണ്ടാ അവനെ ഞാൻ... അങ്ങനെയെങ്കിലും എന്റെ കുട്ടി ആർക്കും ദ്രോഹമില്ലാതെ ഒരു മുറിയിൽ ഒതുങ്ങട്ടെ എന്ന് കരുതി...." അയാളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി അവളുടെ കൈകളിൽ പതിഞ്ഞു...അവൾ പൊള്ളിപിടഞ്ഞുപോയി... "അച്ഛന് കണ്ടതാ ഇന്ന് മോൾടെ സ്നേഹം... ഒരുപാട് സന്തോഷം തോന്നി... എന്റെ മകന് ഒപ്പം നിൽക്കാൻ മോളുണ്ടല്ലോ... അത് മതി അച്ഛന്... ഇത്രയും കാലം ഞങ്ങൾ മരിക്കുന്നതിനേക്കാൾ പേടി ഞങ്ങൾ പോയാൽ അവൻ ആരാണെന്ന് ഓർത്താണ്...

പക്ഷെ ഇപ്പൊ എനിക്കുറപ്പുണ്ട് അവന് ഒരിക്കലും തനിച്ചാവില്ല... മോളുള്ളടുത്തോളം എന്റെ കാശി തനിച്ചാവില്ല.... ഇട്ടേച്ചു പോകല്ലേ മോളെ... പാവാ... വെറുക്കല്ലേ എന്റെ മോനെ "അവളുടെ കൈകൾ കൂട്ടി പിടിച്ചു തേങ്ങുന്ന അച്ഛനെ കാണെ അവളിൽ സങ്കടം തികട്ടി വന്നു... കണ്ണുകൾ നിറഞ്ഞൊഴുകി.... മകനെ ഓർത്തുള്ള ആ മനസ്സിന്റെ പിടച്ചിൽ എത്രമാത്രമുണ്ടെന്ന് അവൾ അറിയുന്നുണ്ടായിരുന്നു... "കരയല്ലെന്ന് പറ അമ്മേ... ഞാൻ... ഞാൻ കാശിയേട്ടനെ നോക്കിക്കോളാം..."അവൾ വിതുമ്പി കരയുന്ന അമ്മയെ നോക്കി പറഞ്ഞു... അമ്മ കണ്ണുകൾ തുടച്ചു അച്ഛനടുത്തു ഇരുന്നു അദ്ദേഹത്തിന്റെ പുറത്ത് തലോടി... "ഏയ് സന്തോഷം കൊണ്ടാ..."അയാൾ കണ്ണ് തുടച്ചു പറഞ്ഞു... അച്ഛനെ കണ്ണ് നിറച്ചു നോക്കുന്ന വൈശാലിയുടെ മുടിയിഴയിൽ അമ്മ തലോടി... അവളുടെ കണ്ണുകൾ അവരിലേക്ക് നീങ്ങി... "കാശിയേട്ടന് പണ്ടേ സുഖമില്ലമ്മേ "

അവൾ ഇരുവരേം നോക്കി പതിയെ ചോദിച്ചു... അത് കേൾക്കെ ആ അമ്മ ഒന്ന് മന്ദഹസിച്ചു...അവൾ ഇരുവരേം നോക്കി നിന്നു.... ഒരു മറുപടിക്കായി... "മോള് കേറി ഇരിക്ക്..."അവളെ നിലത്ത് നിന്ന് എഴുനെൽപ്പിച്ചു അമ്മ അച്ഛനടുത്തു ഇരുത്തി... ശേഷം ഷെൽഫിനടുത്തേക്ക് നടക്കുന്നത് കണ്ടു അവൾ കണ്ണുകൾ അമർത്തി തുടച്ചു... ഷെൽഫ് തുറന്നു കയ്യില് ഒരു മൊബൈലും എടുത്തു അവൾക്കടുത്തേക്ക് നടന്നു അവൾക് നേരെ മൊബൈൽ നീട്ടുന്ന അമ്മയെ അവൾ സംശയത്തോടെ നോക്കി.. "ഇത് പിടിക്ക് "അവർ അവൾക് നേരെ മൊബൈൽ നീട്ടിയതും അവൾ അത് വാങ്ങി... "കാശിയുടെ ഫോണാ "അമ്മ പറഞ്ഞത് കേട്ടവളുടെ കണ്ണുകൾ വിടർന്നു... അവൾ ആ മൊബൈൽ ഒന്ന് കണ്ണോടിച്ചു കൊണ്ട് സ്വിച്ച് ഓൺ ചെയ്തു.... എന്തിനോ അതോണാവുന്ന നിമിഷങ്ങളിൽ അവളുടെ നെഞ്ചമീടിച്ചു കൊണ്ടിരുന്നു....

എന്തോ പരവേഷം തോന്നി അവൾക്... മൊബൈൽ ഓൺ ആയതും അതിലെ സ്‌ക്രീനിൽ വാൾപേപ്പർ വെച്ചിരിക്കുന്ന ഫോട്ടോ കാണെ അവളുടെ കണ്ണുകൾ ചുളിച്ചു മൊബൈൽ ഉയർത്തി നോക്കി.. "കാശിയാ "അമ്മ ചെറുചിരിയോടെ പറയുന്നത് കേട്ടവളുടെ കൃഷ്ണമണി വികസിച്ചു വന്നു.... ട്രിം ചെയ്തിരിക്കുന്ന താടിയും ഒതുക്കി വെട്ടിയ മുടിയുമായി മനോഹരമായി ചിരിക്കുന്ന നെഞ്ചിൽ കൈകൾ പിണച്ചുകെട്ടി നിൽക്കുന്ന ഒരുവൻ... ചിരിക്കുമ്പോൾ ചുണ്ടിനു താഴെയുള്ള ചുഴി മുഖമാകെ വല്ലാത്തൊരു ഭംഗി നൽകുന്നു... അവൾ കാണുകയായിരുന്നു താടിയും മുടിയും നീട്ടി വളർത്തിയ മനുഷ്യന്റെ യഥാർത്ഥ രൂപം... അവൾക് വിശ്വസിക്കാൻ തോന്നിയില്ല... അതിൽ കാണുന്നത് തന്റെ ഭർത്താവ് കാശിനാദ് ആണെന്ന്... അത്രയും വ്യത്യാസമുണ്ട് തന്റെ ഒപ്പമുള്ള കാശിയേട്ടനും ഫോട്ടോയിൽ കാണുന്ന കാശിയേട്ടനും... വല്ലാത്തൊരു ഭംഗി...

ആരെയും ആകർഷിക്കുന്ന ചിരി.... ഒരുമാത്ര അവളുടെ കണ്ണുകൾ അവന്റെ ചിരിയിൽ കുടുങ്ങി നിന്നു.... അവളിലെ ചുണ്ടുകളിൽ പുഞ്ചിരി വിടരുന്നത് അറിയാതെ അവൾ അതിൽ ലയിച്ചു നോക്കി നിന്നു പോയി..... "കാശിയേട്ടനെ കാണാൻ എന്ത് രസവാ അമ്മേ "അവൾ മൊബൈലിൽ നോക്കി ചോദിച്ചത് കേട്ട് അച്ഛനും അമ്മയും ഒന്ന് ചിരിച്ചു... "മോള് ഗാല്ലറി എടുത്തു നോക്ക് "അച്ഛന് പറഞ്ഞത് കേട്ട് അവൾ തലയാട്ടി ഗാല്ലറി ഓപ്പൺ ചെയ്തു... അതിൽ നിറയെ കാശിയേട്ടന്റെ ഫോട്ടോസ് ആയിരുന്നു... പല സ്ഥലത്ത് നിന്നുള്ളത്...അമ്മ തന്റെ കയ്യിലുള്ള മൊബൈലിൽ ഒന്ന് തൊട്ടതും ബാക്ക്ഗ്രൗണ്ട് കോളേജിന് മുന്നിൽ കാശിയേട്ടനും ഒപ്പം രണ്ടു പേരും ഉള്ള ഒരു പിക്ക് ആണ് വന്നത്.... അവൾ ഫോട്ടോയിലേക്കും അമ്മയിലേക്കും നെറ്റി ചുളിച്ചു നോക്കി... "കൊച്ചിയിലാണ് അവനു പിജിക്ക് അഡ്മിഷൻ കിട്ടിയത് അവിടെ ബോയ്സ് ഹോസ്റ്റലിലാണ് അവന്റെ താമസം ....

ദേ ഈ കൂടെ നില്കുന്ന രണ്ടു പേരാ അവന്റെ ഫ്രണ്ട്‌സ്... കാശിക്ക് ഇടവും വലവുമായി രണ്ടുപേർ അവന്റെ കഴുത്തിൽ കയ്യിട്ടു അവനെ ഇക്കിളിയാകുന്നു... കാശി നന്നായി പൊട്ടിചിരിക്കുന്നു മറ്റുരണ്ടുപേർ അവനെ ഇക്കിളിയാക്കി പരസ്പരം നോക്കി ചിരിക്കുന്ന ഒരു ഫോട്ടോ....അവൾ മൂവരേം കണ്ണോടിച്ചു.... അവസാനം നടുവിൽ നിന്ന് ചിരിക്കുന്ന കാശിയിൽ കണ്ണുടക്കി നിന്നു... കയ്യില്ലാത്ത ഒരു ബ്ലാക്ക് ബനിയനും ബ്ലാക്ക് ജീൻ പാന്റും കൂടെ ബ്ലാക്ക് ഷൂ അതാണ്‌ വേഷം... മുടിയെ സ്വാതന്ത്രമാക്കി കാറ്റിന് വിട്ടത് പോലെ അത് അലങ്കോലമായി പാറി കളിക്കുന്നു... ഇരു കൈകളും ഇക്കിളിയാകുന്നത് തടയാൻ എന്നാ പോലെ വയറിൽ മൂടി വെചിരിക്കുന്നു... കൂടെ പൊട്ടിയുള്ള ചിരിയും... അവൾക് കണ്ണുകൾ എടുക്കാൻ തോന്നിയില്ലാ... "എന്ത് ഭംഗിയുള്ള ചിരിയാ "അവൾ മനസ്സിൽ ഓർത്തു... "ഇത് പ്രവീൺ കൊച്ചിയിൽ തന്നെയാ അവന്റെ വീട്...

മോൾ ഇവന്റെ അച്ഛനെ ടിവിയിലൊക്കെ കണ്ടിട്ടുണ്ടാകും... മന്ത്രിയുടെ pA ആണ്... ടീവിയിലെ മീറ്റിംഗിലൊക്കെ മന്ത്രിക്കൊപ്പം ഉണ്ടാകാറുണ്ട് " അവന്റെ ഇടത് ഭാഗത്തു നില്കുന്നവനെ തൊട്ടു അമ്മ പറഞ്ഞു... വൈശാലിയുടെ കണ്ണുകൾ കാശിയിൽ നിന്ന് പ്രവീണിലേക്ക് നീങ്ങി... താടിയൊന്നുമില്ല... പക്ഷെ കാണാൻ ഭംഗിയൊക്കെ ഉണ്ട്... ഫുൾ സ്ലീവ് ടീഷർട് ആണ് വേഷം... കൂടെ മുട്ടിനു കീറലുള്ള ട്രെൻഡി പാന്റും... ഒരു കാതിൽ കമ്മൽ ഉണ്ട് കഴുത്തിൽ ഒരു സ്വർണ മാലയും... കയ്യിലും ഒരു ചെയിൻ... ആകെ മൊത്തം ഒരു ഫ്രീക്കൻ... "ഇത് അലോക്...ഇവനും കൊച്ചിയിൽ തന്നെയാ... ഒരു പാവം...കാശിയുടെ മാത്രം പാൽകുപ്പി... അങ്ങനെയാ അവൻ ഞങ്ങളെ പരിചയപെടുത്തിയത് " വലത് ഭാഗത്തുള്ളവനെ നോക്കി അമ്മ പറഞ്ഞത് കേട്ട് അവൾ അലോകിലേക്ക് കണ്ണുകൾ പതിപ്പിച്ചു... ഷർട്ട്‌ ആണ് വേഷം ഫുൾ സ്ലീവ് കൈ മുട്ട് വരെ മടക്കി വെച്ചിട്ടുണ്ട്...

മുടിയൊക്കെ ഒതുക്കി ചീകിയിട്ടുണ്ട്... അലങ്കാരമെന്ന് പറയാൻ ഒരു സ്പെക്സ്... പഠിപ്പിയാണ് തെളിയിക്കാൻ വേറൊന്നും വേണ്ടാ... അവൾ ഓർത്തു... അവൾ ഫോട്ടോ മെല്ലെ സ്വൈപ് ചെയ്തു... അടുത്ത ഫോട്ടോയിലേക്ക് നീങ്ങിയതും അവളുടെ മുഖം ചുളിഞ്ഞു... അവൾ അമ്മയെ മുഖമുയർത്തി നോക്കി... "അലോഷി അലോഖിന്റെ ഒരേ ഒരു പെങ്ങൾ... അവനു സ്വന്തമെന്ന് പറയാൻ അവളും അവൾക് സ്വന്തമെന്ന് പറയാൻ അവനും മാത്രമേ ഉള്ളു... വളർന്നു വലുതായത് ഒക്കെ ഓർഫനാജിൽ... അലോഷി പ്ലസ് ടു ആയപ്പോൾ അവളെ കെട്ടിക്കണം എന്നാ നിർദ്ദേശവുമായി ഓർഫനെജുകാർ മുന്നോട്ട് വന്നപ്പോൾ അലോക് അവളുമായി അവിടം വിട്ട് ഇറങ്ങി കോളേജിനടുത് ഒരു വീടെടുത്തു താമസിച്ചു... അലോക് പിജി യിലുള്ളപ്പോ അലോഷി കോളേജ് ഫസ്റ്റ് ഇയറിലായിരുന്നു ..." അമ്മ പറഞ്ഞത് കേട്ട് അവൾ ആ ഫോട്ടോയിൽ തന്നെ നോക്കി...

അലോഷിയുടെ ഇരുതോളിലും കയ്യിട്ട് നിൽക്കുന്ന അലോക്.. അവന്റെ ഇരു തോളിലും കയ്യിട്ടു നിക്കുന്ന കാശിയും പ്രവീണും.. മറ്റേ കൈകൾ കൊണ്ട് അലോഷിയെയും ചേർത്ത് പിടിച്ചു നിക്കുന്നു.... വൈശാലി അവർ പൊതിഞ്ഞു പിടിച്ചു നിൽക്കുന്ന ആ പെണ്ണിനെ സൂം ചെയ്തു...സ്വർണ നിറം പോലെ തിളങ്ങുന്ന അപ്സരസ്സിനെ പോലെയുണ്ട് കാണാൻ... അതിൽ അവളെ കൂടുതൽ സുന്ദരിയാകുന്നത് ആ കാപ്പി മുടികളാണ്... ചിരിക്കുമ്പോൾ കുറുക്കുന്ന കണ്ണുകൾ.... അവൾ അലോകിനെയും നോക്കി... വീണ്ടും അലോഷിയെ നോക്കി... രണ്ടുപേർക്കും ഒരേ ചിരിയാണ്.... ചിരിക്കുമ്പോൾ കുറുക്കുന്ന കണ്ണുകളും.... "ഏട്ടനെ പോലെ തന്നെയുണ്ട് "വൈശാലി ഫോട്ടോയിൽ നോക്കി പറഞ്ഞു... "ശെരിയാ കാണാൻ ഏട്ടനെ പോലെയാ... പക്ഷെ സ്വഭാവം രണ്ട് രീതിയാണ്... അലോക് ആവിശ്യത്തിന് മാത്രമേ സംസാരിക്കൂ... എന്തിനും ഏതിനും ചിരിക്കും അതുപോലെ പെട്ടെന്ന് സങ്കടവും വരും...

അവനിൽ ഇല്ലാത്തത് ദേഷ്യമാണ്... ആരോടും ദേഷ്യപ്പെടാൻ അറിയില്ല പാവത്തിന് .... എന്നാൽ അലോഷി കുറുമ്പിയാണ്... കളിയാക്കിയാൽ വീർത്തു വരും മുഖം...എന്നാൽ സ്നേഹം കൊണ്ട് പൊതിയും അവൾ.... അത്രയും പാവമാണ്... അലോകിനെ പോലെ..." അത് പറയുമ്പോൾ അമ്മയുടെ ചുണ്ടിലെ പുഞ്ചിരി അവൾ നോക്കിയിരുന്നു പോയി... "അലോകിനെ പോലെ കാശിയും പ്രവീണും അവൾക് സ്വന്തം പോലെ ആയിരുന്നു... എന്ത് കുറുമ്പ് കാട്ടിയാലും കോളേജിൽ ആരേലും എന്തേലും പറഞ്ഞാലും കാശിയാടുത്തോ പ്രവീണിനടുത്തോ ചെന്ന് പരാതി പറയും.... എന്തേലും കേൾക്കാൻ കാത്ത് നിന്ന പോലെ അവർ ചെന്ന് അവരെ അടിക്കുകയും ചെയ്യും... എന്നാൽ അലോകിനോട് അവൾ പറയില്ല... കാരണം അവന് സമാധാനത്തിന്റെ വെള്ളരിപ്രാവ് ആണ്... സംസാരിച്ചു കാൽ പിടിച്ചു ഒത്തു തീർപ്പാക്കും എന്ന് പറഞ്ഞവൾ അവനെ കളിയാക്കും...."

അമ്മ പറഞ്ഞത് കേട്ട് അവൾ ചിരിയോടെ ഫോട്ടോയിലേക്ക് നോക്കി... "ആഴ്ചയിൽ അല്ലെങ്കിൽ വെക്കേഷനിൽ കാശിയോടപ്പം ഇവരും ഉണ്ടാകും.... പിന്നെ ഇവിടെ ബഹളമാണ് എല്ലാരേം കൊണ്ട്... അലോഷി അന്യ വീടാണെന്നുള്ള ഒരു ഭാവമോ അകൽച്ചയോ അവൾക്കില്ല... അച്ഛാ അമ്മേ എന്ന് വിളിച്ചു പുറകെ കൂടും....ഞങ്ങളെ ചുറ്റിപറ്റി പാറിനടക്കും...അലോക് അവളുടെ അമിത സ്വാതന്ത്രം തടയാൻ കണ്ണ് കൊണ്ട് ശകരിക്കുമെങ്കിലും എന്റെ കാശിയേട്ടന്റെ അച്ഛനും അമ്മയും എന്റേം അച്ഛനമ്മയെ പോലെയല്ലേ എന്ന് പറഞ്ഞു മുഖം വീർപ്പിക്കും...ദേവ് ആയിരുന്നു അവള്ടെ ശത്രു... അവളെ കാണുമ്പോൾ അവന് എന്തേലും പറഞ്ഞു ചൊറിയും... അവൾ അവനെ നോക്കി മുഖം വീർപ്പിച്ചു ചുണ്ട് കോട്ടും അല്ലേൽ അവസരം കിട്ടിയാൽ പുറത്തടിച്ചു കൊണ്ട് ഓടും... കുറുമ്പി..... എല്ലാവരുമുള്ള ദിവസം മറക്കാനാകില്ല... അത്രയും സുന്ദരമായിരുന്നു...

"അമ്മയുടെ കണ്ണ് നിറഞ്ഞു...എനിയും കേൾക്കാനുള്ളത് പോലെ അവൾ കാതോർത്തിരുന്നു... മൂന്ന് വർഷങ്ങൾക് മുന്നെയാ അവസാനമായി ഈ വീട്ടിൽ നിന്ന് അവൾ യാത്ര പറഞ്ഞിറങ്ങിയത്... ഞങ്ങൾ അറിഞ്ഞില്ലാ... അവൾ എന്നെന്നേക്കുമായി യാത്ര പറഞ്ഞിറങ്ങിയതാണെന്ന്...അവൾ പറഞ്ഞു അടുത്ത വെക്കേഷനും വരാട്ടോ എന്ന്... പക്ഷെ എന്റെ കുട്ടി അറിഞ്ഞു കാണില്ല ഇനിയൊരു വരവ് അവൾക് സാധ്യമല്ലെന്ന് " അമ്മയുടെ തേങ്ങൽ അവിടെ ഉയർന്നു... അച്ഛന്റെ കണ്ണുകളും നിറഞ്ഞിരിക്കുന്നു... വൈശാലിക്ക് മനസ്സാകെ ആസ്വസ്തമായത് പോലെ...... "എന്താ അമ്മേ സംഭവിച്ചത് "അവളുടെ ശബ്ദം ഇടറി... "അറിയില്ല മോളെ... ഒന്നുമറിയില്ല ഞങ്ങള്ക്....കൊച്ചിയിലെ പോലീസ് സ്റ്റേഷനിൽ നിന്നുള്ള വിളി വന്നു...രാത്രി പന്ത്രണ്ട് മണിക്കാണ് ഞങ്ങൾ ഇവിടുന്ന് ഇറങ്ങിയത്.... അവിടെ എത്തുമ്പോഴേക്കും മൂന്ന് മണിക്കൂർ കഴിഞ്ഞിരുന്നു.....

എന്താണെന്ന് അറിയാതെ പേടിയോടെ സ്റ്റേഷനിൽ കയറിയ ഞങ്ങൾ കാണുന്നത് അടികൊണ്ട് തളർന്നു വീണിരിക്കുന്ന എന്റെ കാശിയെ ആണ്.... ഏതൊരമ്മയും കാണാൻ ആഗ്രഹിക്കാത്തത് കേൾക്കാൻ ആഗ്രഹിക്കാത്ത അവിടെ നിന്ന് കേൾക്കേണ്ടി വന്നു.... അവനോട് ഒന്നും ചോദിക്കാനുള്ള മാനസികവസ്ഥയിൽ ആയിരുന്നില്ല ഞങ്ങൾ.... ഒന്നും പറയാനും അവനും പറ്റിയില്ല... അത്രമേൽ അവന്റെ നാവുകൾ പോലും തളർന്നിരുന്നു... അലോക്കിന്റെ വീട്ടു മുറ്റത് ഇറങ്ങുമ്പോൾ ആൾക്കൂട്ടം വീടാകേ വളഞ്ഞിരുന്നു.... വീടിനു പടിയിൽ അനങ്ങാതെ മിണ്ടാതെ എന്തിനു ചലന ശേഷി പോലും നഷ്ടപെട്ടവനെ പോലെ അലോക് ഇരിക്കുന്നുണ്ടായിരുന്നു... അവനെ നോക്കാനുള്ള ത്രാണി ഞങ്ങൾക്കുണ്ടായില്ല... ഹൃദയം പിടഞ്ഞു പോയി ഞങ്ങള്ക്ക്... അകത്തേക്ക് ഓരോ കാലടി വെക്കുമ്പോഴും പതറാതിരിക്കാൻ ഞാൻ കഷ്ടപ്പെട്ടു പോയി... മുന്നിൽ വെള്ള പുതച്ചു കിടക്കുന്ന എന്റെ അലോഷി മോള്.... ഒരു നോക്കെ കണ്ടുള്ളു... വെട്ടിതിരിഞ്ഞു പുറത്തേക്ക് നടന്നു... എന്റെ മോളായിരുന്നില്ലേ...

മുഖമാകെ മുറിഞ്ഞു ചുണ്ടുകൾ ചോരയിൽ കറുപ്പ്നിറത്തിൽ വികൃതമായി കിടക്കുന്ന അവളെ കാണാൻ ഒരമ്മയെന്ന എനിക്ക് സാധിക്കുമോ... ഒരു പെണ്ണായാ എനിക്ക് സാധിക്കുമോ..? "കരച്ചിലോടപ്പം അമ്മയുടെ ശബ്ദം ഉയർന്നു... "ചങ്കാണ് ഫ്രണ്ട് ആണ് എന്ന് പറഞ്ഞു കൂടെ വാലായി നടക്കുന്നവനാ... ഒരവസരം കിട്ടിയപ്പോൾ കൂട്ടുക്കാരന്റെ അനിയത്തിയെ പിച്ചിച്ചീന്ദിയിരിക്കുന്നു... കൊല്ലണം ഇവനെയൊക്കെ... അല്ലേൽ പറഞ്ഞിട്ടെന്താ കാര്യം കൂട്ടുക്കാരൊക്കെ നല്ലതാ എന്ന് വെച്ചു വീട്ടിൽ കയറിനുള്ള സ്വാതന്ത്രം നൽകരുത്... ഒന്നുല്ലേലും പ്രായപൂർത്തിയായ പെണ്ണല്ലേ അവൾ " വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പലരുടെയും പിറുമുറുക്കം കേൾക്കേ ഭൂമി തലകീഴായി മറിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.... അമ്മയുടെ കണ്ണുകൾ പെയ്തിറങ്ങി... അപ്പോഴും ശ്വാസം വിലങ്ങിയവൾ തറഞ്ഞിരുന്നു കേട്ടതൊന്നും വിശ്വസിക്കാനാവാതെ.........................തുടരും…………

താലി : ഭാഗം 7

Share this story