തമസ്സ്‌ : ഭാഗം 52

thamass

എഴുത്തുകാരി: നീലിമ

""""""നമ്മുടെ സമൂഹവും സമൂഹത്തിന്റെ ചിന്ദാഗതികളും മാറാത്തിടത്തോളം എന്നെപ്പോലെ ഉള്ളവർക്ക് ഇങ്ങനെയെ തീരുമാനിക്കാൻ കഴിയൂ മായേച്ചി.... മായേച്ചി ഒന്നാലോചിച്ചു നോക്കൂ... അകന്ന് നിൽക്കുമ്പോഴാണ് സന്തോഷം കിട്ടുന്നതെങ്കിൽ ... സമാധാനം കിട്ടുന്നതെങ്കിൽ അടുക്കാതിരിക്കുന്നതല്ലേ നല്ലത്....? """"" ജാനിയുടെ ചോദ്യത്തിന് മറുപടി ഇല്ലാതെ നിന്നു പോയി മായ... മൗനിയായിരുന്നു മോഹൻ... ഏറെ നേരം... എന്തൊക്കെയോ ചിന്തകളിൽ അവന്റെ മനസ്സ് കുടുങ്ങി കിടന്നു .... ജാനി പറഞ്ഞതൊക്കെയും വാസ്തവമാണെന്ന് ബുദ്ധി സമർത്ഥിക്കാൻ ശ്രമിക്കുമ്പോഴും ഹൃദയം അവൾക്കായി കേണ് കൊണ്ടിരുന്നു.... ഉയർന്ന മിടിപ്പുകളിലൂടെ തന്റെ വ്യഥ അവനോട് പങ്ക് വച്ച് കൊണ്ടിരുന്നു.... കുറച്ചു സമയത്തിന് ശേഷമാണ് മോഹൻ എഴുന്നേറ്റത്.... അവന്റെ പ്രതികരണത്തിനായി മായയും ആൽവിയും നിശബ്ദരായി നിന്നു. മോഹൻ ജാനിയ്ക്ക് മുന്നിലേക്ക് വന്നു.... അവന്റെ വാക്കുകൾക്കായി അവളും ചെവിയോർത്തു നിൽക്കുകയായിരുന്നു.... """"താൻ പറഞ്ഞതൊക്കെയും ഞാൻ സമ്മതിക്കുന്നു ജാനി.... പക്ഷെ താൻ ഒന്നോർക്കണം... കുഞ്ഞിയ്ക്ക് വേണ്ടി തന്നെയോ തനിക്ക് വേണ്ടി കുഞ്ഞിയെയോ എനിക്ക് മാറ്റി നിർത്താനാകില്ല.... എനിക്കറിയാം നിന്റെ മനസ്സ് ഞങ്ങൾക്കൊപ്പം തന്നെ ആണെന്ന്...

എവിടെ ആയാലും നിന്റെ മനസ്സ് കുഞ്ഞിയ്‌ക്കൊപ്പം തന്നെ ആയിരിക്കും. ഏത് നേരവും കുഞ്ഞിയെക്കുറിച്ച് ഓർത്ത് ഓർത്ത് വേദനിച്ചു വേദനിച്ചു ദൈവം ബാക്കി തന്ന ആയുസും കൂടി നീ ഇല്ലാതെയാക്കും... അപ്പൊ ഞങ്ങൾക്ക് സന്തോഷം കിട്ടുമോ? സമാധാനം ഉണ്ടാകുമോ?"""" """"ഇപ്പൊ നീ എടുത്ത ഈ തീരുമാനം കുറച്ചു നാൾ കഴിയുമ്പോൾ നിന്നെത്തന്നെ വേദനിപ്പിക്കും ജാനി... നീ ഇപ്പൊ കരയാതിരിക്കുന്നത് പോലും മുൻകൂട്ടി എടുത്ത ഈ തീരുമാനത്തിന്റെ പേരിൽ ഒരുപാട് കരഞ്ഞു കണ്ണുകൾ തോർന്നു പോയത് കൊണ്ടല്ലേ....? """" ജാനി ദയനീയമായി മോഹനെ നോക്കി. നിങ്ങൾ എപ്പോഴും എന്നെ തോൽപ്പിക്കുകയാണല്ലോ ജയേട്ടാ.... നിങ്ങൾ ഇല്ലാതെ കുഞ്ഞി മോള് ഇല്ലാതെ എനിക്ക് കഴിയില്ല എന്ന് എനിക്കറിയാം... പക്ഷെ ഇങ്ങനെ ചിന്തിക്കാനേ ഇപ്പൊ എനിക്ക് കഴിയുന്നുള്ളൂ.... എന്റെ മകളുടെ ഭാവിയെക്കുറിച്ച് ആലോചിക്കുമ്പോൾ സ്വാർത്ഥയാകാൻ എനിക്ക് കഴിയുന്നില്ല... ഓരോ നിമിഷവും എന്റെ ചിന്തകളിൽ നിങ്ങൾ മാത്രമായിരിക്കും.. പക്ഷെ ഇപ്പോൾ ഇങ്ങനെ ചിന്ദിക്കാനേ എനിക്ക് കഴിയുന്നുള്ളൂ... വീണ്ടും മൗനം സംവദിച്ചു... """"താൻ പറഞ്ഞത് പോലെ കുറ്റപ്പെടുത്തലുകൾ ഉണ്ടാകും.. കുത്ത് വാക്കുകൾ ഉണ്ടാകും.... ഭൂരിഭാഗം പേരുടെയും കണ്ണുകളും നാവുകളും ചലിക്കുന്നത് മറ്റുള്ളവരുടെ വേദന കണ്ട് രസിക്കാൻ വേണ്ടി ആണല്ലോ...? കുറച്ചു നാൾ കഴിയുമ്പോൾ ഒക്കെ താനേ നിൽക്കും.. പുതിയ ഒരു വിഷയം കിട്ടുമ്പോൾ എല്ലാരും അതിന്റെ പിറകെ പോകും...

അത് വരെ പിടിച്ചു നിൽക്കാൻ താങ്ങായി ഒരു തോളാണ് തനിയ്ക്ക് വേണ്ടത്... തനിക്ക് താങ്ങാകാൻ എനിക്ക് കഴിയില്ല എന്ന് തോന്നുന്നുണ്ടോടോ ..?"""" മോഹന്റെ വാക്കുകളിൽ എവിടെയോ ഒരു നേരിയ നൊമ്പരം ദൃശ്യമായിരുന്നു. """"അതല്ല ജയേട്ടാ.... ജയേട്ടനിൽ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല... നമ്മുടെ മോള്... അവളുടെ ഭാവി.... അതൊക്കെ അല്ലെ ഇപ്പൊ നമുക്ക് പ്രധാനം...?""""" """""അപ്പൊ അവൾക്ക് നിഷേധിക്കപ്പെടുന്ന ഒരമ്മയുടെ സ്നേഹമോ? അത് പ്രധാനം അല്ലെ ജാനി...? അകന്ന് നിൽക്കുമ്പോൾ എന്റയും തന്റെയും ഉള്ളിൽ പിറവിയെടുക്കുന്ന നൊമ്പരം... അത് പ്രധാനമല്ലേ ജാനി...?"""" പറയാൻ മറുപടി ഇല്ലാതെ അവൾ തല താഴ്ത്തി.... """""കുഞ്ഞിയ്ക്ക് ഇപ്പോൾ വേണ്ടത് ഒരമ്മയുടെ സ്നേഹമാണ് ജാനി... ഒരമ്മയുടെ സ്നേഹവും വാത്സല്യവും പരിചരണവുമൊക്കെ അവൾ വല്ലാതെ കൊതിക്കുന്നുണ്ട്. അത് കൊണ്ടാണ് അവൾ ഒരിക്കൽ അവളുടെ കീർത്തി അമ്മയെ വിവാഹം ചെയ്യാൻ എന്നോട് പറഞ്ഞത്. റോസമ്മയെ ഒപ്പം കൂട്ടാൻ പറഞ്ഞത്... എന്തിന്റെ പേരിൽ ആയാലും ഇനിയും അതൊന്നും അവൾക്ക് നിഷേധിക്കരുത്. അവളോട് ആരും എന്തും പറഞ്ഞു കൊള്ളട്ടെ... അവളുടെ മനസ്സ് വേദനിക്കുമായിരിക്കും.... ആ വേദനയെ നമുക്ക് സ്നേഹം കൊണ്ടു മാറ്റി എടുക്കാമെടോ.... മനസിനേറ്റ മുറിവുകൾക്ക് സ്നേഹത്തോളം നല്ല മരുന്ന് വേറെ ഉണ്ടാവില്ലെടോ...."""" ജയേട്ടന്റെ വാക്കുകൾ മനസിന്‌ ആശ്വാസം പകരുന്നുണ്ട്. പക്ഷെ അപ്പോഴും പേരറിയാത്ത എന്തോ ഒന്ന് ഒരു തീരുമാനം എടുക്കുന്നതിൽ നിന്നും മനസിനെ തടയുന്നു.... """"മോഹൻ... ജാനി പറഞ്ഞതും പൂർണമായി തള്ളിക്കളയണ്ടെടാ....""""

അത് വരെ എന്തൊക്കെയോ ആലോചനകളിലിൽ മുഴുകി നിന്ന ആൽവിയാണ്.... """"സ്നേഹം കൊണ്ട് കുഞ്ഞിയെ ചേർത്ത് നിർത്താം. അത് ശെരി തന്നെയാണ്. പക്ഷെ മറ്റുള്ളവർ ഒറ്റപ്പെടുത്തുമ്പോൾ അവളുടെ മനസിനുണ്ടാകുന്ന വിഷമം പൂർണമായും ഇല്ലാതാക്കാൻ കഴിയും എന്നെനിക്ക് തോന്നുന്നില്ല. ചെറിയ കാര്യങ്ങൾ പോലും കുഞ്ഞ് മനസുകളെ വേദനിപ്പിക്കും... കുഞ്ഞിന്റെ ബുദ്ധി വികസിച്ചുവരുന്ന പ്രായമാണ്... ആ അവസരത്തിൽ മനസിന്‌ വേദന ഉണ്ടാക്കുന്നതൊക്കെ ഉണ്ടായാൽ അതവളുടെ പഠനത്തെ കൂടി ബാധിക്കും....ഭാവിയെ ബാധിക്കും.... അത് നമ്മൾ ഓർക്കാതെ പോകരുത്..."""" """"കുഞ്ഞിയ്ക്ക് വേണ്ടി ജാനിയെ മാറ്റി നിർത്തുന്നതും ശെരിയല്ല.... മാനസിക സമ്മർദ്ദം ഒഴിവാക്കുന്നതാണ് ഈ അവസ്ഥയിൽ ജാനിയ്ക്കും നല്ലത്. അതിന് മോഹനും കുഞ്ഞിയും ഒപ്പം വേണം...."""" ആൽവി പതിയെ മോഹനരികിലേയ്ക്ക് നീങ്ങി. """"മോഹൻ.. ഒരു വഴി ഞാൻ പറയാം... ചിന്ദിച്ചപ്പോൾ നല്ലതാണെന്നു തോന്നി. നീ നന്നായി ആലോചിച്ചു തീരുമാനമെടുത്താൽ മതി."""" മോഹൻ സംശയ ഭാവത്തിൽ ആൽവിയെ നോക്കി.. ഒപ്പം മായയും ജാനിയും... """"നിനക്കറിയാല്ലോ... മായയുടെ അപ്പന്റെ ബിസിനെസ് ഒക്കെ മലേഷ്യയിൽ ആണെന്ന്. ഇവളുടെ നിർബന്ധം കാരണം ഒക്കെ അദ്ദേഹത്തിന്റെ സഹോദരനെ ഏൽപ്പിച്ചാണ് ഇപ്പൊ ഇവിടെ വന്ന് നിൽക്കുന്നത്. ഇപ്പൊ അപ്പച്ചന്റെ അനിയച്ചാർക്ക് ഒക്കേം കൂടി ഒറ്റയ്ക്ക് നോക്കാൻ പറ്റണില്ല എന്ന പറയണത്. കുറെ ആയി അപ്പച്ചൻ എന്നേം ഇവളേം കൂടെ വിളിക്കുന്നു.

രാഷ്ട്രീയം തലയ്ക്കു പിടിച്ചു നാട് നന്നാക്കിക്കളയാം എന്ന് മോഹിച്ചാണ് ഞാൻ പോകാൻ മടിച്ച് നിന്നത്. പിന്നേ നിന്നെയും ഓർത്തു. ഞാൻ ഇവിടെ ഉണ്ടെങ്കിൽ നിനക്ക് ഒരാശ്വാസം ആകുമല്ലോ എന്ന് കരുതി. പക്ഷെ ഇപ്പൊ തോന്നുന്നു നമ്മളെപ്പോലെ ഉള്ളവർക്കൊന്നും രാഷ്ട്രീയക്കാരായി ജീവിക്കാൻ പറ്റില്ലാ എന്ന്. നാട് വളരുന്നതല്ല വീട് വളരുന്നതാണ് പലർക്കും മുഖ്യം.... അതിനിടയിലും ഉണ്ട്‌ കേട്ടോ നാടിന്റെ നന്മയെക്കുറിച്ച് ചിന്ദിക്കുന്ന ചുരുക്കം ചിലർ.... അങ്ങനെ കുറച്ചു പേര് വിചാരിച്ചാലൊന്നും ജനങ്ങളുടെ ക്ഷേമവും നാടിന്റെ വളർച്ചയും സാധ്യമാകില്ല എന്നെനിക്ക് ബോധ്യമാകാൻ ഇത്രയും നാൾ വേണ്ടി വന്നു.... മടുത്തെടാ.... ഒക്കെ മതിയാക്കാൻ പോകുവാ ഞാൻ...."""" """""നിങ്ങളും ഒപ്പം വരികയാണെങ്കിൽ നമുക്ക് മലേഷ്യയിലേയ്ക്ക് പോകാം. നീ ഇപ്പൊ പുതിയതായി വാങ്ങിയ ബേക്കറിയും സ്ഥലവും നമുക്ക് വിൽക്കാം. അവിടെ പോയി ഒരു ചെറിയ ബിസിനസ് തുടങ്ങാം. ഇവിടുത്തെപ്പോലെ ബാക്കേറി പോലെ എന്തെങ്കിലും ആണ് നിനക്ക് കംഫർട്ടബിൾ എങ്കിൽ അങ്ങനെ.... പഴയ ബേക്കറിയും സ്റ്റേഷനറി സ്റ്റോറും വീടും ഒന്നും വിൽക്കണ്ട. കിച്ചു ഉണ്ടല്ലോ.. അവൻ നോക്കിക്കോളും... അവിടെ ആകുമ്പോ നിങ്ങളുടെ പാസ്ററ് അറിയുന്നവർ ആരും ഉണ്ടാകില്ല. കുഞ്ഞിയെക്കുറിച്ച് ആലോചിച്ച് നിങ്ങൾക്ക് വേദനിക്കേണ്ടി വരില്ല....പിന്നേ യാത്രയുടെ കാര്യങ്ങൾ ഒക്കെ റെഡി ആകുന്നത് വരെ ജാനി ഇവിടെ തന്നെ നിൽക്കട്ടെ...

ഇതൊരു ഒളിച്ചോട്ടം ആണെന്ന് കരുതണ്ട മോഹൻ.... ജീവിതത്തിൽ കിട്ടുന്നത് ഇത്തിരി സന്തോഷ ആണ്. കഴിയുമെങ്കിൽ അത് സംരക്ഷിക്കണ്ടേ നമ്മൾ? ആലോചിക്ക്.... നന്നായി ആലോചിയ്ക്ക്... എന്നിട്ടു ഒരു മറുപടി തന്നാൽ മതി..."""" ആൽവി മോഹന്റെ തോളിലേയ്ക്ക് കൈ അമർത്തി പറഞ്ഞു നിർത്തി. പിന്നേ തിരിഞ്ഞു ജാനിയെ നോക്കി. """"നീയും ഒന്ന് ചിന്തിച്ചു നോക്ക് മോളെ... ആൽവിച്ചായൻ പറഞ്ഞതാണ് ശെരിയെന്നു അപ്പൊ മനസിലാകും.... രണ്ട് പേരും കൂടി ആലോചിച്ചൊരു തീരുമാനമെടുക്ക്.... മായേ... വന്നേ...."""" ആൽവി മായയുടെ കൈ പിടിച്ചു തിരിഞ്ഞു നടന്നു..... ജാനി അപ്പോഴും ആലോചനയിൽ ആയിരുന്നു... """"ജാനി.. ഇപ്പൊ ഒന്നും ആലോചിക്കേണ്ട... തീരുമാനം നമ്മുടേത് മാത്രമല്ലല്ലോ... അമ്മയോടും അച്ഛനോടും കൂടി ചോദിക്കണ്ടേ? ഓരോന്ന് ആലോചിച്ചു മനസിന്‌ ഇനിയും സമ്മർദ്ദം കൊടുക്കരുത്. ഞാനും കുഞ്ഞിയും തന്റെ ഒപ്പം തന്നെ ഉണ്ടാകും... അതിനി സന്തോഷത്തിൽ ആണെങ്കിലും സങ്കടത്തിൽ ആണെങ്കിലും...""""" ആശ്വാസം പകരാനെന്ന പോലെ മോഹൻ അവളുടെ വലത് കൈ തന്റെ കൈക്കുള്ളിലാക്കി പൊതിഞ്ഞു പിടിച്ചു..... മനസിന്റെ ഭാരം വല്ലാതെ കുറയുന്നതറിഞ്ഞു ജാനി. അതൊരു നേർത്ത പുഞ്ചിരിയായി അവളുടെ ചുണ്ടിൽ പ്രതിഫലിച്ചു. 🍁🍁🍁🍁🍁🍁🍁 പ്രഭാകരനും ജയയും മായയുടെ അമ്മമ്മയുടെ വീട്ടിൽ വന്നാണ് ജാനിയെ കാണുന്നത്.

അപ്പോഴേയ്ക്കും അവര് മലേഷ്യയ്ക്ക് പോകുന്നതിനെക്കുറിച്ച് ഏകദേശ ധാരണയിൽ എത്തിയിരുന്നു. ജാനിയെ കണ്ടപ്പോൾ കുറ്റബോധത്താൽ ഭാരിച്ച ആ അമ്മ മനത്തിന്റെ നൊമ്പരം വർധിച്ചതേ ഉള്ളൂ. അവര് ഓടി എത്തി അവളെ മുറുകെ പുണർന്നു നിന്നു... ഏറെ നേരം... മൗനമായി.... ഇരുവരുടെയും കണ്ണുകൾ മാത്രം ഒഴുകിക്കൊണ്ടിരുന്നു. അമ്മക്കോഴിയുടെ ചിറകിനടിയിൽ ആ സ്നേഹച്ചൂടേറ്റ് ഒതുങ്ങി നിൽക്കുന്ന കുഞ്ഞായി മാത്രം മാറി ജാനി.... പരിഭവങ്ങളും വേദനകളുമൊക്കെ ആലിംഗനങ്ങളിലും ചുമബനങ്ങളിലും അലിഞ്ഞില്ലാതായി.... തങ്ങൾക്ക് ഇടയിലേയ്ക്ക് ആരൊ നുഴഞ്ഞു കയറുന്നതറിഞ്ഞാണ്‌ ഇരുവരും അകന്ന് മാറിയത്. നോക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു നിൽക്കുകയാണ് കുഞ്ഞി. ജാനി അവൾക്കരികിലായി മുട്ടിന്മേൽ ഇരുന്നു... കുഞ്ഞി അവളുടെ കഴുത്തിലൂടെ കൈ ചുറ്റി പിടിച്ചു ചേർന്ന് നിന്നു വലിയ വായിൽ കരയാൻ തുടങ്ങി. """"എന്തിനാ അമ്മേടെ ചക്കര കരയണേ...?"""" ഒരു കൈ കൊണ്ട് മുടിയിൽ തഴുകി മറു കൈ കൊണ്ട് മുതുകിൽ ചെറുതായി തട്ടിക്കൊണ്ടു ജാനി ചോദിച്ചു.... """"അമ്മൂമ്മ കരഞ്ഞപ്പോഴല്ലേ അമ്മ നെറയെ ഉമ്മ കൊടുത്തേ... എനിക്കും നെറേ ഉമ്മ വേണം.... അമ്മൂമ്മയ്ക്ക് കൊടുത്തേനേക്കാളും കൂടുതൽ വേണം...."""" കുഞ്ഞിക്കൈകൾ ഒന്ന് കൂടി അവളിൽ മുറുകി. അത് വരെ വല്ലാത്തൊരു നൊമ്പരം നിറഞ്ഞു നിന്ന മുഖങ്ങളിൽ പുഞ്ചിരി വിരിയ്ക്കാൻ കുഞ്ഞിയുടെ കുറച്ചു വാക്കുകൾക്ക് നിഷ്പ്രയാസം കഴിഞ്ഞു ... ജയയും ജാനിയ്ക്കരികിലായി ഇരുന്നു. """"ഇതേ.. എന്റെ മോളാ.. ഇവള് എനിക്കെ ഉമ്മ തരൂ....അല്ലെ മോളെ....?""""

കുഞ്ഞിയെ വാശി കയറ്റാനായി ജാനിയുടെ തോളിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചു ജയ പറയുമ്പോൾ കുഞ്ഞിയുടെ മുഖം ബലൂൺ പോലെ വീർത്തു കഴിഞ്ഞിരുന്നു... ഒപ്പം കൈ കൊണ്ട് ജയയെ തള്ളി മാറ്റാനും തുടങ്ങി. """"അമ്മൂമ്മ പോയെ... ഇത് ന്റെ അമ്മയാണ്...."""". കുഞ്ഞി ജാനിയെ ഒന്ന് കൂടി മുറുകെ പിടിച്ചു. """"അസൂയ ഒട്ടും ഇല്ലാ അല്ലെ? അമ്മ വന്നപ്പോ ഞാൻ ഔട്ടാ ആയി ഇല്ലേ?"""" പിണക്കം ഭാവിച്ചു മുഖം വീർപ്പിച്ചു തിരിഞ്ഞിരുന്നു അവർ ... കുഞ്ഞി മുഖമുയർത്തി നോക്കുമ്പോ കരയുന്ന ഭാവത്തിൽ ഇരിക്കുകയാണ് ജയ. ഒരു നിമിഷം ജാനിയുടെ നെഞ്ചിൽ നിന്നും ജയയുടെ നെഞ്ചിലേയ്ക്ക് ചേക്കേറി അവൾ.... """""കുഞ്ഞിയ്ക്ക് രണ്ട് പേരും വേണം... കുഞ്ഞിയ്ക്ക് എല്ലാരും വേണം... പിണങ്ങല്ലേ അമ്മൂമ്മേ ....""""" കുഞ്ഞി കരഞ്ഞു തുടങ്ങിയിരുന്നു.... ജാനിയും ജയയും ചേർന്ന് കുഞ്ഞിയെ പൊതിഞ്ഞു പിടിച്ചു. പിന്നേ ഇരുവരും അവളുടെ കുഞ്ഞ് മുഖത്ത് ആകെ ചുംബനങ്ങൾ കൊണ്ട് മൂടി. മോഹനും പ്രഭാകരനും കൂടി അവരുടെ ഒപ്പം കൂടി.... എല്ലാമുഖങ്ങളിലും എന്നോ നഷ്ടമായ മനോഹരമായ പുഞ്ചിരി തിരികെ എത്തിയിരുന്നു..... 🍁🍁🍁🍁🍁🍁🍁 ആൽവി പറഞ്ഞത് പോലെ യാത്രയുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയാകുന്നത് വരെ ജാനി മായയുടെ അമ്മാമ്മയുടെ വീട്ടിൽ തന്നെ നിൽക്കാൻ തീരുമാനിച്ചു... പ്രഭാകരനും ജയയും മലേഷ്യയ്ക്ക് പോകുന്നതിൽ നിന്നും ഒഴിഞ്ഞു നിന്നു.

ജനിച്ചു വളർന്ന നാട്ടിൽ നിന്നും ഇനി ഒരു പറിച്ചു നടൽ ആ വൃദ്ധ മനസുകൾക്ക് സാധ്യമായിരുന്നില്ല.... അവരെ ഒറ്റയ്ക്കാക്കി പോകുന്നതിൽ മോഹനും ജാനിയും വിഷമം പ്രകടിപ്പിച്ചപ്പോൾ കിച്ചു അവരോടൊപ്പം താമസിക്കാം എന്ന് നിശ്ചയിച്ചു... ബേക്കറിയും സ്റ്റോറും കിച്ചുവിനെയും പ്രഭാകരനെയും ഏൽപ്പിച്ചു പോകുന്നതിൽ ആശ്വാസം തോന്നി എങ്കിലും അവരോപ്പം ഇല്ലാത്തത് മോഹന്റെയും ജാനിയുടെയും മനസ്സിൽ കുഞ്ഞ് നൊമ്പരമായി അവശേഷിച്ചു.... 🍁🍁🍁🍁🍁🍁🍁 ഇതിനിടയിൽ വരുണിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു മാസത്തോളം നീണ്ട ആശുപത്രിയിൽ വാസത്തിനു ശേഷം... അത്ര നാളും ബഹുമാനത്തോടെ നോക്കിയിരുന്നവർ വെറുപ്പോടെ നോക്കാൻ തുടങ്ങിയത് വരുണിന് അസ്സഹനീയമായിരുന്നു. സഹപ്രവർത്തകരിൽ നിന്നും സമൂഹത്തിൽ നിന്നും എന്തിന് സ്വന്തം അമ്മയിൽ നിന്നും പോലും നേരിടേണ്ടി വന്ന അവഗണയും അപമാനവും വരുണിനെ മാനസികമായി തളർത്തി കഴിഞ്ഞിരുന്നു..... ഇതിനൊപ്പം അന്ന് ആ പെൺകുട്ടികളുടെ കൂട്ടമായ ആക്രമത്തിൽ നടുവിനേറ്റ ശക്തമായ പ്രഹരം ഒന്ന് എഴുന്നേൽക്കാൻ പോലും ആകാത്ത വിധം അവനെ തളർത്തി കളഞ്ഞിരുന്നു...... രുഗ്മിണിയുടെ മുഴുവൻ സ്വത്തുക്കളും ഓർഫനേജിലേയ്ക്ക് എഴുതി വയ്ക്കപ്പെട്ടു. രാധുവിന്റെ നിർബന്ധ പ്രകാരം രാധുവും മാതു അമ്മയും മദറിന്റെ ഓർഫനേജിനടുത്തായുള്ള ഒരു വീട്ടിലേയ്ക്ക് താമസം മാറി. അത്ര നാളും തന്നെ ചെറുമകളായിക്കണ്ടു സ്നേഹിച്ച ആ സ്ത്രീയെയും രാധു അവർക്കൊപ്പം കൂട്ടി. വെക്കേഷൻസ് ഒക്കെ കേരളത്തിൽ ആയിരുന്നത് കൊണ്ട് കേരളത്തോട് രാധുവിനു ഒരു പ്രത്യേക താല്പര്യം ഉണ്ടായിരുന്നു.... ഇടയ്ക്കൊക്കെ രാധുവിന്റെ കാൾ ജാനിയെത്തേടി വന്നു...

കുഞ്ഞിയെക്കുറിച്ചും ജാനിയെയും മോഹനെയും കുറിച്ചുമൊക്കെയുള്ള വിശേഷങ്ങൾ തിരക്കുന്നതിനൊപ്പം അവൾ പോലും അറിയാതെ ഇടയ്ക്കിടെ ശരത്തിന്റെ പേര് കടന്ന് വരുന്നത് ജാനി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.... രാധുവിന്റെ മനസ്സിൽ എവിടെയോ ശരത്തിനു ഒരുസ്ഥാനം ഉണ്ടെന്ന് അവൾ മനസിലാക്കി. രാധു ശരത്തിന്റെ നൊമ്പരങ്ങൾക്ക് ഒരു ആശ്വാസം ആയിരുന്നെങ്കിൽ എന്നവൾ അതിയായി ആഗ്രഹിച്ചു. 🍁🍁🍁🍁🍁🍁🍁 മോഹനും ജാനിയും ഓർഫനേജിലേയ്ക്ക് എത്തുമ്പോൾ മദറിനൊപ്പം ശരത്തും അവരെ കാത്തിരിപ്പുണ്ടായിരുന്നു.... ജാനിയെ കണ്ട ഉടനെ മദർ അവളെ ആസ്ലേഷിച്ചു.... ചുണ്ടിലെ പുഞ്ചിരിക്കൊപ്പം ഇരുവരുടെയും കണ്ണുകളും ഈറനണിഞ്ഞു... """"കുറച്ചു നാളെ ഒപ്പം ഉണ്ടായിരുന്നുള്ളൂ എങ്കിലും വല്ലാത്തൊരു അടുപ്പം തോന്നിയിട്ടുണ്ട് നിന്നോട്....മോള് മനസ്സ് നിറഞ്ഞൊന്നു ചിരിച്ചു കാണാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു ഞാൻ.... ഇപ്പൊ നിങ്ങളെ രണ്ട് പേരെയും ഇങ്ങനെ ഒന്നിച്ചു കാണുമ്പോൾ... മോളുടെ മുഖത്തെ ഈ ചിരി കാണുമ്പോൾ.... എന്താ പറയേണ്ടത്...? മനസ്സ് നിറഞ്ഞു നിൽക്കുവാണ്‌..... ജീവിതത്തിൽ ഇനി സന്തോഷം മാത്രം ഉണ്ടാവട്ടെ... പ്രാർത്ഥിക്കാം ഞാൻ....."""" പുഞ്ചിരിയോടെ മദർ ഒന്ന് കൂടി അവളെ പുണർന്നു.... ശരത്തും മോഹനും അപ്പോഴേയ്ക്കും എന്തൊക്കെയോ സംസാരിച്ചു പുറത്തേക്കിറങ്ങിയിരുന്നു. ഏറെ നേരം ജാനിയും മദറും വിശേഷങ്ങൾ പങ്ക് വച്ചിരുന്നു. ഇടയ്ക്കെപ്പോഴോ ട്രീസ സിസ്റ്ററും കൂടി.... ലിന്റയെ തിരികെ കിട്ടിയതിൽ അവർക്ക് സന്തോഷം ഉണ്ടായിരുന്നു..

ഒപ്പം താൻ കാരണം അനുജത്തിയുടെ ജീവിതം ഇല്ലാതായി എന്നോർത്ത് വേദനയും... എല്ലാവരുടെയും നന്മ മാത്രം കാംക്ഷിക്കുന്ന ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത തങ്ങൾക്ക് വന്ന് ചേർന്ന വിധി ഓർത്ത് അവര് പതം പറഞ്ഞു കരഞ്ഞു....ജാനി അവരെ ആശ്വസിപ്പിച്ചു... """"സിസ്റ്റർ... നിങ്ങൾ ഒരു തെറ്റും ചെയ്‌തിട്ടില്ല. അങ്ങനെ ചിന്തിച്ചു മനസ്സ് വേദനിപ്പിക്കരുത്. ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിക്കുന്നവരെക്കാൾ തെറ്റുകൾ ഏതും ചെയ്യാതെ ശിക്ഷിക്കപ്പവടുന്നവരാണ് അധികവും.... ഞാനും സിസ്റ്ററും ലിന്റയും കാവുവും ജയേട്ടനും ശരത് സാറും ഒക്കെ അതിൽ പെടുന്നവരാണ്.... നമ്മുടെ ജീവിതം നമ്മൾ ഡിസൈൻ ചെയ്യുന്നതല്ലല്ലോ...? ഏതോ ഒരു ശക്തി അത് നിയന്ത്രിക്കുന്നു... പലതും പലരും നമ്മൾ പോലും അറിയാതെ നമ്മളിലേയ്ക്ക് എത്തിപ്പെടുന്നു.... നമ്മളിൽ നിന്നും അകന്ന് പോകുന്നു.... ജീവിതം ഒരു പുഴ പോലെയാണ്.... ഏതോ ഒരു അദൃശ്യ ശക്തിയുടെ നിയന്ത്രണത്തിൽ ഒഴുക്കിനൊപ്പം നമ്മളും സഞ്ചരിക്കുന്നു........ പുഴയിലെ ഒഴുകുന്ന ജലത്തിനെന്ന പോലെ നമ്മുടെ ജീവിതത്തിലും ഉണ്ടാകും ഒരുപാട് തടസങ്ങൾ... ചെറുതും വലുതും... ചിലത് നമുക്ക് മറികടക്കാനാകും... ഒക്കെയും വിധത്താവിന്റെ തീരുമാനങ്ങളാണ്.... ഓരോ മനുഷ്യനും അവന്റെ കർമ ഫലമാണ് ഈ ഭൂമിയിൽ അനുഭവിക്കുന്നത് എന്നാണ് ഞാൻ പറഞ്ഞു കെട്ടിട്ടുള്ളത്.... പക്ഷെ പൂർണമായും അങ്ങനെ ആണെന്ന് എനിക്ക് തോന്നിയിട്ടില്ല.......കർമ ഫലമാണ് അനുഭവിക്കുന്നതെങ്കിൽ മനസ്സിൽ നന്മ ഉള്ളവർക്കൊരിക്കലും തിന്മ ഉണ്ടാവില്ലലോ...?""""

""""ഓരോ സംഭവങ്ങൾക്കും പിറകിലും ഓരോ കാരണങ്ങൾ ഉണ്ടാകും.... ഓരോ ലക്ഷ്യങ്ങൾ ഉണ്ടാകും.... എന്റെ ജീവിതത്തിൽ നടന്ന അപ്രതീക്ഷിതമായ കുറെ സംഭവങ്ങൾ... അതിനോടുവിൽ എത്ര പേർക്കാണ് നഷ്ടമായി എന്ന് കരുതിയ ജീവിതം തിരികെ ലഭിച്ചത്....? ഒടുവിൽ ദേ മോഹനേട്ടനിൽ നിന്നും കുഞ്ഞിയിൽ നിന്നും ഞാൻ സ്വയം അകന്ന് മാറാൻ ശ്രമിച്ചിട്ടും വിധി എന്നെ അവരോട് കൂട്ടിച്ചേർത്തിരിക്കുന്നു...... എന്നിൽ നിന്നും തട്ടി മാറ്റിയ സന്തോഷങ്ങൾ വീണ്ടും എന്നിലേയ്ക്ക് എത്തിച്ചേർന്നിരിക്കുന്നു.... ഇതൊക്കെ എന്നെ എന്റെ ജീവിതം പഠിപ്പിച്ചതാണ് ... ജീവിതാനുഭവനങ്ങളോളം മികച്ച അദ്ധ്യാപകൻ വേറെ ആരാനുള്ളത്...? ദൈവം നീതിമാനാണ് എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും ഞാൻ ഇഷ്ടപ്പെടുന്നത്. ലിന്റ തിരികെ വന്നില്ലേ? അവൾക്കായും എന്തെങ്കിലും കാത്തിരിപ്പുണ്ടാകും..... പ്രതീക്ഷ കൈ വെടിയരുത് എന്ന് പറയണം ലിന്റയോട്..... ഒരിക്കലും..... ശുഭ പ്രതീക്ഷയോളം ജീവിതത്തെ മുന്നോട്ട് നയിക്കാനുള്ള കഴിവ് വേറെ ഒന്നിനും ഇല്ലാ...."""" ജാനി പറഞ്ഞു നിർത്തുമ്പോൾ മദർ അവളുടെ കരം കവർന്നിരുന്നു... """"ഒരുപാട് പാഠങ്ങൾ പഠിച്ചിരിക്കുന്നു എന്റെ കുഞ്ഞ്... ഈ ഒരു ചെറിയ ജീവിതത്തിൽ നിന്നും.. ഇല്ലേ?""""" """""ശെരിയാണ് മദർ..... ഒരുപാട് പഠിപ്പിച്ചു എന്നെ ഈ ജീവിതം... ബാഹ്യ സൗന്ദര്യമാണ് വലുത് എന്ന് കരുതി മാറ്റി നിർത്തിയിരുന്ന ഒരു മനുഷ്യൻ സ്നേഹം കൊണ്ട് എന്നെ കീഴടക്കി.... സ്നേഹമാണഖിലസാരമൂഴിയിൽ എന്ന കവി വാക്യം എത്ര സത്യമാണെന്ന് തിരിച്ചറിഞ്ഞത് അദ്ദേഹത്തിലൂടെയാണ്.... ജീവിതം എന്നെ പഠിപ്പിച്ച ആദ്യ പാഠം....!

പിന്നീട് അദ്ദേഹത്തോടൊപ്പമുള്ള ജീവിതത്തിൽ അദ്ദേഹത്തിന്റെ പ്രവർത്തികളിലൂടെ ഞാൻ അറിഞ്ഞതൊക്കെയും ഓരോ പുതിയ പാഠങ്ങൾ തന്നെ ആയിരുന്നു... വിനോദിന്റെ ചതിയിൽ അകപ്പെട്ടപ്പോൾ ജീവിതം തന്നെ വെറുത്ത് പോയിരുന്നു... ദൈവത്തെയും... പക്ഷെ ആ ജീവിതവും എന്നെ പലതും പഠിപ്പിച്ചു..... ഒരിക്കൽ വെറുത്ത ജീവിതത്തോട് ഇപ്പോൾ വല്ലാത്ത കൊതിയാണ്.... നാളെ ഞാൻ ഉണ്ടാകുമോ എന്ന് ഉറപ്പ് പറയാനാകില്ല.... അങ്ങനെ ഉള്ളപ്പോഴാണ് നമ്മൾ ജീവിത്തെ വല്ലാതെ അങ്ങ് സ്നേഹിച്ചു പോകുന്നത്.... ജീവിതം അവസാനിക്കാറായി എന്ന് തോന്നുമ്പോഴാണ് കൂടുതൽ ജീവിക്കണം എന്ന് മോഹിക്കുന്നത്.... കടന്ന് പോകുന്ന ഓരോ നിമിഷത്തെയും ഞാൻ ഇഷ്ടപ്പെടുന്നുണ്ട്... ആസ്വദിക്കുന്നുണ്ട്... എന്റെ ജയേട്ടനും കുഞ്ഞിയുമൊത്തു ഇനിയും ഒരുപാട് നാൾ ജീവിക്കാൻ മോഹിക്കുന്നുണ്ട്....""""" ജീവിതത്തോടുള്ള അടങ്ങാത്ത മോഹം അവളുടെ കണ്ണുകളിൽ പോലും പ്രതിഭലിച്ചു നിന്നു. """""സാധിക്കും... മോഹനും കുഞ്ഞിയ്ക്കുമൊപ്പം സന്തോഷം മാത്രം നിറഞ്ഞൊരു ജീവിതം ഉണ്ടാകും നിനക്ക്.... ഞങ്ങളുടെ എല്ലാം പ്രാർത്ഥനകൾ ഒപ്പം ഉള്ളപ്പോൾ ഇനി വേദനകൾ ഉണ്ടാവില്ല...."""""" പുഞ്ചിരിയോടെ ജാനിയുടെ കവിളിൽ തട്ടി മദർ പറയുമ്പോൾ ജാനിയുടെ ചുണ്ടും ഒരു നേർത്ത പുഞ്ചിരിയാൽ വിടർന്നു നിന്നു.....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story