തമസ്സ്‌ : ഭാഗം 54

thamass

എഴുത്തുകാരി: നീലിമ

അന്നും പതിവ് പോലെ മോഹനാണ് ആദ്യം ഉറങ്ങിയത്... കുഞ്ഞിയും ഉറങ്ങിക്കഴിഞ്ഞും ജാനിയുടെ കണ്ണുകളോട് ഉറക്കം കൂട്ട് കൂടാതെ മാറി നിന്നു. ഒത്തിരി നാളുകൾക്ക് ശേഷം കാരണം അറിയാത്തോരസ്വസ്ഥത മനസിനെ ആകെ വന്ന് മൂടുന്നതറിഞ്ഞു ജാനി..... കിടന്നാലും ഉറങ്ങാൻ കഴിയില്ല എന്ന് മനസിലായപ്പോൾ പതിയെ എഴുന്നേറ്റു റൂമിന് പുറത്തേയ്ക്ക് നടന്നു.... പുറത്തേയ്ക്കുള്ള ഡോർ തുറന്ന് ബാൽക്കണിയിലേയ്ക്ക് ഇറങ്ങി നിന്നു. ലൈറ്റ് ഓൺ ആക്കിയില്ല.. നോട്ടം പതിയെ ആകാശത്തിലേയ്ക്ക് നീണ്ടു. പ്രകാശം പരത്തി നിൽക്കുന്ന പൂർണ ചന്ദ്രനും കറുത്ത പരവതാനിയിൽ ആരോ മുല്ല മൊട്ടുകൾ വാരി വിതറിയത് പോലെ നക്ഷത്രങ്ങളും..... രാവിലെ മുഴുവൻ മഴ ആയിരുന്നു. എന്നിട്ടും നല്ല തെളിമായുള്ള ആകാശം. കുഞ്ഞിയുടെ ഇഷ്ടപ്രകാരം നട്ട് വളർത്തിയ റോസാ ചെടികളിലൊക്കെ നിറയെ പൂക്കൾ വിടർന്നു നിൽപ്പുണ്ട്. നിലാവിൽ അവയ്ക്കൊക്കെ ഒരു പ്രത്യേക ചന്തം ഉള്ളത് പോലെ തോന്നി ജാനിയ്ക്ക്..... പകലിനെക്കാൾ നൂറ് മടങ്ങു ഭംഗിയുണ്ട് നിലാവിൽ മുങ്ങി നിൽക്കുന്ന ഈ ഇരവിന്.... അകലെ നക്ഷത്രങ്ങൾ തന്നെ കണ്ണ് ചിമ്മി ആശ്വസിപ്പിക്കുന്നത് പോലെ.... കുറച്ചു സമയം അവളാ നക്ഷത്രങ്ങളിലേയ്ക്കും പൂർണ ചന്ദ്രനിലേയ്ക്കും നോട്ടം ഉറപ്പിച്ചു നിന്നു.... ആ കുറച്ചു നിമിഷങ്ങൾ ജാനിയുടെ ഉള്ളിൽ നിറഞ്ഞു നിന്ന ആസ്വസ്ഥതകൾ മുഴുവൻ ആ പൂർണ ചന്ദ്രൻ കവർന്നെടുത്തു.... കുറച്ചു നിമിഷങ്ങൾ മാത്രം.... വീണ്ടും പഴയ ചിന്തകൾ പൂരവാധികം ശക്തിയോടെ രാവോരുക്കിയ ആശ്വാസത്തിന്റെ കവാസം ഭേദിച്ചു മനസിലേയ്ക്ക് ഇടിച്ച് കയറി വന്നു..... എന്ത്‌ കാണ്ടാണ് മനസ്സ് ഇങ്ങനെ ആസ്വസ്ഥമാകുന്നത്...?

ഇന്നലെ ശരത്തിന്റെ കാൾ വന്നപ്പോൾ തുടങ്ങിയതാണോ ഈ ആസ്വസ്ഥത......? വരുണിന്റെ മരണം...! അത് തന്നെ ഇങ്ങനെ അസ്വസ്ഥയാക്കുന്നതെന്തിനാണ്....? സന്തോഷിക്കുകയല്ലേ വേണ്ടത്...? അതോ അവന് ലഭിച്ച ശിക്ഷ കുറച്ചു പോയി എന്ന തോന്നൽ ഉണ്ടോ....? ഇല്ലാ.. അങ്ങനെ ഒന്നുമില്ലാ... അഞ്ച് വർഷങ്ങൾ പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലും കഴിയാതെ അവൻ കിടന്നതല്ലേ....? കാശിന്റെ ബലത്തിൽ കേസൊക്കെ ഒതുക്കി തീർത്തെങ്കിലും ആ കാശു കൊണ്ട് നഷ്ടമായ ആരോഗ്യം വിലയ്ക്ക് വാങ്ങാൻ കഴിയാതെ പോയി അവന് .... അഞ്ച് വർഷങ്ങൾ അപമാനം സഹിച്ചു ജീവിച്ചു..... ആ അഞ്ച് വർഷങ്ങൾ ജീവിതത്തിൽ അറിയാതെ പോയ ചില സത്യങ്ങൾ അവൻ തിരിച്ചറിഞ്ഞിട്ടുണ്ടാകണം..... അഭിമാനവും ആരോഗ്യവും മനഃസമാധാനവും ബന്ധങ്ങളും സമൂഹം നമുക്ക് നൽകുന്ന മാന്യതയുമൊന്നും കാശ് കൊണ്ട് നേടാനാകുന്നതല്ല എന്ന സത്യം....! അവന്റെ മരണം തന്നെ വേദനിപ്പിക്കുമോ? തന്നിൽ അസ്വസ്ഥത നിറയ്ക്കുമോ...? ഇല്ല... ഒരിക്കലുമില്ല..... പിന്നേ എന്താണ്....? അസുഖം.... തന്റെ അസുഖമാണോ ഈ ആസ്വസ്ഥതയ്ക്ക് കാരണം....? അതുമല്ല...... തന്റെ അസുഖത്തെ പ്രതി വിഷമിക്കേണ്ടതില്ല എന്ന് ഡോക്ടർ തന്നെ പലവുരു പറഞ്ഞതാണ്..... മറ്റെന്താണ് എന്നെ അലട്ടുന്നത്...? ആ സ്വപ്നം... അതേ... കുറച്ചു നാളായി കാണാറുള്ള ആ സ്വപ്നം..... പക്ഷെ അതെന്നെ എന്തിനാണ് അസ്വസ്ഥയാക്കുന്നത്.....?

കന്യാകുമാരി ദേവിയുടെ വിഗ്രഹം ഇതിന് മുൻപും എത്രയോ തവണ എന്റെ സ്വപ്നത്തിൽ വന്നിട്ടുണ്ട്.... അന്നൊക്കെയും അതെന്നെ അവല്ലാതെ ആനന്ദിപ്പിച്ചിട്ടുണ്ട്.... പക്ഷെ ഇപ്പോൾ.... ഇപ്പോൾ അതെന്നെ ആസ്വസ്ഥയാക്കുന്നത് എന്തിനാണ്....? ആ വിഗ്രഹം അതിന് വല്ലാത്തൊരു ചൈതന്യം ഉണ്ടായിരുന്നു .... മൂക്കുത്തിയിലെ പ്രഭ വല്ലാതെ കൂടിയത് പോലെ..... ദേവി എന്നെ ആ സന്നിധിയിലേക്ക് ക്ഷണിക്കുന്നത് പോലെ ഒരു തോന്നൽ.... എനിക്കായി അവിടെ എന്തോ കാത്ത് വച്ചിരിക്കുന്നത് പോലെ.... എന്താകും അത്....? എന്ത്‌ കൊണ്ടാണ് എനിക്ക് അങ്ങനെ തോന്നുന്നത്....? ചിന്തകൾ കാട് കയറിതുടങ്ങി.... അരികിൽ ആരുടെയോ സാമീപ്യം അറിഞ്ഞു...... ഒരു കരം തോളിലൂടെ പിടിച്ചു ചേർത്ത് നിർത്തി.... ആരാണെന്ന് അറിയുന്നത് കൊണ്ട് മുഖമുയർത്തി നോക്കിയില്ല... ആ തോളിലേയ്ക്ക് തല ചേർത്തി വച്ച് ഒന്ന് കൂടി ചേർന്ന് നിന്നു..... """""എന്തെ....? നിലാവിന്റെ ഭംഗി ആസ്വദിക്കാനാണോ ഉറക്കമില്ലാതെ ഈ പാതിരാത്രി ഇവിടെ വന്നു നിൽക്കുന്നത്...?"""" പ്രതീക്ഷിച്ച ചോദ്യം വന്നു... മറുപടി പറഞ്ഞില്ല.... അതേ നിൽപ്പ് തുടർന്നു ... ആ കരവലയത്തിൽ ഒതുങ്ങി നിൽക്കുമ്പോൾ ഉള്ളിലെ ആസ്വസ്ഥതകൾ താനേ ഇല്ലാതാകാറുണ്ട്.... """""എന്താടോ പറ്റിയെ....?"""" ഇത്തവണ മുഖം പിടിച്ചുയർത്തി കണ്ണുകളിലേയ്ക്ക് നോക്കിയാണ് ചോദ്യം.... ആ മുഖത്തേയ്ക്ക് നോക്കി കളവ് പറയാൻ അറിയില്ല എനിക്ക്.... """"നമുക്ക്... നമുക്ക് നാട്ടിലേയ്ക്ക് തിരികെ പോയാലോ ജയേട്ടാ....?""""

കുറച്ചു സമയം മുഖത്തേയ്ക്ക് നോക്കി നിന്നു... പിന്നേ പുഞ്ചിരിച്ചു.... """"താൻ ഇത് ചോദിക്കുന്നത് കാത്തിരിക്കുവായിരുന്നു ഞാൻ... നമുക്ക് പോകാടോ... എന്നാണ് പോകേണ്ടത് എന്ന് ആൽവിയോടും മായയോടും കൂടി സംസാരിച്ചു തീരുമാനിക്കാം. കുഞ്ഞീടെ ക്ലാസ്സ്‌ ഇനിയിപ്പോ തീരുമല്ലോ...? അത് കഴിഞ്ഞു പോകാം നമുക്ക്....""""" ഒന്നും പറയാതെ തല ആ തോളിലേയ്ക്ക് വീണ്ടും ചേർത്ത് വച്ച് നിന്നു... """""അതാണോ തന്റെ പ്രശ്നം...? അല്ല.. മറ്റെന്തോ ഉണ്ടല്ലോ.... എന്നോട് പറയാൻ ഞാൻ ഇങ്ങനെ ചോദിക്കേണ്ടതുണ്ടോ ജാനി....?"""" ചോദ്യത്തോടൊപ്പം ഒന്ന് കൂടി ചേർത്ത് പിടിച്ചു... അറിയാതെ കണ്ണ് നിറഞ്ഞു പോയി... സ്വപ്നത്തേക്കുറിച്ച് ജയേട്ടനോട് പറഞ്ഞു... """"അറിയില്ല ജയേട്ടാ... എന്റെ ആസ്വസ്ഥതയുടെ കാരണം ഇത് തന്നെ ആണോ എന്ന് പോലും എനിക്ക് അറിയില്ല....."""" കുറച്ചു സമയം ഒന്നും മിണ്ടിയില്ല..... പിന്നേ പുഞ്ചിരിക്കുന്നത് കണ്ടു.... """"എടൊ.. മുൻപ് നമ്മൾ ഇടയ്ക്കൊക്കെ അവിടെക്ക് പോകുമായിരുന്നതല്ലേ...? ഇപ്പോൾ കുറച്ചായില്ലേ പോയിട്ട്..... താൻ ചിലപ്പോ ഓർത്തിട്ടുണ്ടാകും... നമ്മൾ ഓർക്കുന്നതും ചിന്തിക്കുന്നതുമൊക്കെയാണ് സ്വപ്നത്തിൽ വരാറ്.... അതിന് വേറെ അർഥങ്ങൾ ഒന്നും മെനഞ്ഞെടുക്കണ്ട.... നാട്ടിൽ എത്തിയിട്ട് അധികം വൈകാതെ നമുക്ക് അവിടെയും പോകാം... ഇനി അതോർത്തു വിഷമിക്കണ്ട കേട്ടോ...."""" ആശ്വസിപ്പിക്കാനെന്നോണം കവിളിൽ കൈ ചേർത്തു.... ആ കൈയുടെ മുകളിലായി കൈ ചേർത്ത് വച്ച് നിന്നു. കാർമേഘങ്ങൾ പൂർണ ചന്ദ്രനെ മറയ്ക്കുന്നുണ്ടായിരുന്നു.... നക്ഷത്രങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു... നേർത്ത തണുത്ത കാറ്റ് വീശിതുടങ്ങി...

""""മഴ പെയ്യുമെന്ന് തോന്നുന്നു.. ഇനി ഇവിടെ നിന്നു തണുപ്പ് കൊണ്ട് അസുഖം ഒന്നും വരുത്തി വയ്ക്കണ്ട... വന്നേ.... വന്ന് കിടന്ന് ഉറങ്ങു.... ബാക്കി ഒക്കെ നാളെ ആലോചിക്കാം...."""" അങ്ങനെ ചേർത്ത് പിടിച്ചു തന്നെ ഉള്ളിലേയ്ക്ക് നടന്നു... 🍁🍁🍁🍁🍁🍁🍁 ആൽവിയോടും മായയോടും നാട്ടിലേയ്ക്ക് പോകുന്നതിനെക്കുറിച്ച് മോഹൻ തന്നെ സംസാരിച്ചു. ബിസിനെസ്സിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട ഉടനെ നാട്ടിലേയ്ക്ക് പോകാൻ ബുദ്ധിമുട്ടുണ്ടെന്നു ആൾവ് അറിയിച്ചപ്പോൾ മോഹനും ജാനിയും കുഞ്ഞിയും മാത്രം തിരികെ പോകാൻ തീരുമാനിച്ചു..... പോകുന്നതിനു മുൻപ് ജാനിയെ ട്രീറ്റ്‌ ചെയ്യുന്ന ഡോക്ടറിനെ കൂടി കണ്ട് വിവരങ്ങൾ ധരിപ്പിക്കേണ്ടതുണ്ടായിരുന്നു.... തിരക്കു കുറഞ്ഞ ഹോസ്പിറ്റൽ കോറിഡോറിലെ സീറ്റുകളിലൊന്നിൽ ഡോക്ടറിനെയും പ്രതീക്ഷിച്ചു ഇരിക്കുമ്പോൾ ജാനിയുടെ ചിന്തകൾ പിറകിലേയ്ക്ക് സഞ്ചരിച്ചു..... 🌸💫🌸💫🌸💫🌸 ഇവിടെക്ക് വരുന്നതിനു മുൻപ് തന്നെ ജയേട്ടൻ പറഞ്ഞതനുസരിച്ചു മലേഷ്യയിലെ തന്നെ ഏറ്റവും പ്രശസ്തയായ infectious diseases സ്പെഷ്യലിസ്റ്റ് ഡോക്ടർ ആയിഷ ഫാത്തിമയുടെ അപ്പോയ്ന്റ്മെന്റ് മായേച്ചിയുടെ അച്ഛൻ എടുത്ത് വച്ചിരുന്നു. മലയാളിയും ബിജോയ്‌ ഡോക്ടറിന്റെ സുഹൃത്തുമായിരുന്നു അവർ... എപ്പോഴും സൗമ്യമായ പുഞ്ചിരിയോടെ സംസാരിക്കുന്ന ഒരു മധ്യവയസ്ക. അവരുടെ ചിരി തന്നെ പകുതി അസുഖം കുറയ്ക്കും എന്ന് ജയേട്ടൻ പല തവണ പറഞ്ഞിട്ടുണ്ട്.... ആദ്യ കൂടിക്കാഴ്ചയിൽ തന്നെ മനസിലെ ആശങ്കകൾ അവർ പൂർണമായും മാറ്റിയിരുന്നു. ഇടയ്ക്കെപ്പോഴോ സാധാരണ പോലൊരു ജീവിതം എന്നൊരു വാചകം ജയേട്ടന്റെ നാവിൽ നിന്നും വന്നപ്പോൾ തന്നെ അവരത് തിരുത്തി....

""സാധാരണ പോലെ അല്ല മിസ്റ്റർ മോഹൻ... സാധാരണ ജീവിതം തന്നെ സാധ്യമാകും.... ജാനകി എയ്ഡ്‌സ് ന്റെ പിടിയിൽ അകപ്പെടാത്തിടത്തോളം സാധാരണ ജീവിതം ജാനകിയ്ക്ക് സാധ്യമാണ്..."" അവരുടെ വാക്കുകൾ ശെരിക്കും ഞങ്ങളെ ഞെട്ടിച്ചു. ഇത്ര നാളും അപ്പോൾ അസുഖം ഇല്ലാതെയാണോ ചികിത്സ എടുത്തിരുന്നത് എന്ന് പോലും ചിന്തിച്ചു..... ഡോക്ടറുടെ തുടർന്നുള്ള സംസാരത്തിൽ നിന്നും സംശയങ്ങൾ പാടെ മാറിയിരുന്നു. ""Hiv പോസിറ്റീവ് ആണെന്ന് പറഞ്ഞാൽ അതിനർത്ഥം അവർ എയ്ഡ്‌സ് ബാധിത ആണെന്നല്ല.. എയ്ഡ്‌സ് എന്നത് hiv ആണുബാധയുടെ അവസാന ഘട്ടമാണ്... ഭാഗ്യ വശാൽ ജാനകി ആ അവസ്ഥയിലേയ്ക്ക് എത്തിയിട്ടില്ല.... ജാനകി ഇപ്പോൾ പ്രത്യേകിച്ച് രോഗ ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാത്ത ക്ലിനിക്കൽ ലേറ്റൻസി എന്ന അവസ്ഥയിലാണ്... Hiv രോഗബാധയുടെ രണ്ടാം ഘട്ടമാണിത്.... മറ്റുള്ള രോഗങ്ങളെപ്പോലെ മരുന്ന് കഴിച്ചു പൂർണമായും ഭേദമാക്കാൻ കഴിയുന്ന ഒരു അവസ്ഥ അല്ല hiv. എന്ന് കരുതി hiv പോസിറ്റീവ് ആയാൽ അതിനർത്ഥം എയ്ഡ്‌സ് എന്നാണെന്നും മരണം ഉറപ്പാണെന്നും ഒക്കെ ചിന്തിക്കുന്നത് വിഡിത്തമാണ്.... കാലവും സയൻസുമൊക്കെ ഒരുപാട് പുരോഗമിച്ചു.... Hiv നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെയാണ് ബാധിക്കുന്നത്... രോഗപ്രതിരോധ ശേഷി നിലനിർത്തുന്ന സിഡി4 കോശങ്ങളെ നശിപ്പിക്കുകയാണ് hiv ചെയ്യുന്നത്.......അത് കാരണം രോഗ പ്രതിരോധ ശേഷി കുറഞ്ഞു മറ്റ് പല രോഗങ്ങളും പിടി പെട്ട് രോഗികൾ മരണത്തിനു കീഴടങ്ങുകയാണ് സംഭവിക്കാറ്.... പക്ഷെ ഇപ്പോൾ ഈ അവസ്ഥയ്ക്കും ബെറ്റർ ട്രീറ്റ്മെന്റ് ഉണ്ട്.... നമുക്ക് എ ആര് ടി ഒന്ന് ട്രൈ ചെയ്തു നോക്കാം...

അത് വഴി ശരീരത്തിനുള്ളിലെ hiv യുടെ ലോഡ് കുറയ്ക്കാം.... സിഡി 4 കോശങ്ങൾ കൂടുതലായി നശിക്കുന്നത് തടയാം... രോഗപ്രതിരോധ ശേഷി നിലനിർത്താം... ആദ്യം ജാനകിയുടെ ബോഡിയ്ക്ക് ട്രീറ്റ്മെന്റ് താങ്ങാൻ കഴിയുമോ എന്ന് നോക്കണം... ഇനി എ ആർ ടി ചെയ്യാനായില്ലങ്കിലും പേടിക്കേണ്ട കാര്യമൊന്നുമില്ല.... ഫലപ്രദമായ മറ്റ് മരുന്നുകളും ഇന്ന് അവയിലബിൾ ആണ്.... പിന്നേ ട്രീറ്റ്മെന്റ് തുടങ്ങിയാൽ ലൈഫ് ലോങ്ങ്‌ ചെയ്യേണ്ടി വരും.... ഇടയ്ക്ക് മുടങ്ങാൻ പാടില്ല.... അങ്ങനെ മുടങ്ങിയാൽ വൈറൽ ലോഡ് കൂടും... അത് ഇമ്മ്യൂൺ സിസ്റ്റത്തെ കാര്യമായി ബാധിക്കുകയും ചെയ്‌ക്കും...."" ഡോക്ടർ സംസാരിച്ചു കഴിഞപ്പോൾ അത് വരെ ഉണ്ടായിരുന്ന ആശങ്കകളൊക്കെ പൂർണമായും വിട്ടൊഴിഞ്ഞിരുന്നു..... ഡോക്ടർ നിർദ്ദേശിച്ച പ്രകാരം ട്രീറ്റ്മെന്റ് ആരംഭിച്ചു.... പ്രത്യാശയുടെ പുതു നാമ്പുകൾ മുള പൊട്ടിതുടങ്ങി... ജീവിതം തിരികെ പിടിക്കാനുള്ള ശ്രമം അവിടെ തുടങ്ങുകയായിരുന്നു... ഈ അഞ്ച് വർഷങ്ങൾ ട്രീറ്റ്മെന്റിൽ ഒരു മുടക്കവും വരുത്തിയിട്ടില്ല... എനിക്ക് ഒന്നും ഓർത്ത് വയ്ക്കേണ്ടത് കൂടിയില്ല... ജയേട്ടൻ തന്നെ എല്ലാം ഓർത്ത് ചെയ്യാറുണ്ട്... പൂർണമായും എന്നെ മനസിലാക്കുന്ന എന്നെ ഉൾക്കൊള്ളുന്ന ജയേട്ടനെപ്പോലെ ഒരാൾ ഒപ്പം ഉള്ളത് കൊണ്ടാണ് ഞാൻ ഇപ്പോഴും ജീവനോടെ ഉള്ളത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.... ചിന്തകൾക്ക് വിരാമം നൽകി ജാനി തല ചെരിച്ചു മോഹനെ ഒന്ന് നോക്കി.... മോഹനും എന്തൊക്കെയോ ആലോചനകളിൽ ആയിരുന്നു.....

💫✨️💫✨️💫✨️💫 അധികം കാത്തിരുന്നു മുഷിയേണ്ടി വന്നില്ല... ഡോക്ടർ വേഗം തന്നെ എത്തി... അകത്തേയ്ക്ക് കയറുമ്പോൾ എപ്പോഴും ആ മുഖത്ത് കാണാറുള്ള അതേ പുഞ്ചിരിയോടെ തന്നെയാണ് ഇരുവരെയും സീറ്റിലേയ്ക്ക് ഇരിക്കാൻ ക്ഷണിച്ചത്..... """"ബോജോയ് ഡോക്ടർ പറഞ്ഞിരുന്നു... നിങ്ങൾ നാട്ടിലേയ്ക്ക് പോവുകയാണല്ലേ? നന്നായി.... ഇപ്പോൾ ജാനിയുടെ കണ്ടിഷൻ വളരെ സ്റ്റേബിൽ ആണ്.. ഒന്ന് കൊണ്ടും പേടിക്കേണ്ടതില്ല..... ഇപ്പോഴത്തെപ്പോലെ തന്നെ ട്രീറ്റ്മെന്റ് കണ്ടിന്യൂ ചെയ്യണം... അതിൽ ഒരു പിഴവും വരുത്തരുത്.... ബിജോയ്‌ ഡോക്ടറിനോട് ഡിസ്‌കസ് ചെയ്‌താൽ മതി. അദ്ദേഹത്തിന്റെ പരിചയത്തിൽ ഡോക്ടർസ് ഉണ്ടാകും...."""" ഡോക്ടർ പറഞ്ഞതോക്കെയും മോഹനും ജാനിയും തലയാട്ടി സമ്മതിച്ചു. """"ജാനിയുടെ പാസ്ററ് കുറച്ചൊക്കെ ബിജോയ്‌ ഡോക്ടർ എന്നോട് പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് മുൻപ് പറഞ്ഞതൊക്കെ ഞാൻ ഒരിക്കൽക്കൂടി ആവർത്തിക്കുകയാണ്... ഒരു സ്പർശനമോ ആലിംഗനമോ ചുംബനമോ hiv പകർത്തില്ല. പറയാനുള്ളത് മിസ്റ്റർ മോഹണോടാണ്.... ജാനകിയുടെ ഫിസിക്കൽ ഹെൽത്ത് പോലെ തന്നെ പ്രധാനമാണ് മെന്റൽ ഹെൽത്തും.... ജനങ്ങളുടെ വായ് നമുക്ക് ഒരിക്കലും മൂടിക്കെട്ടാനാകില്ലല്ലോ..? ജാനകിയ്ക്ക് ആവശ്യമായ മെന്റൽ സപ്പോർട്ട് കൊടുക്കേണ്ടത് മോഹനാണ്... Hiv യെക്കുറിച്ച് ഇപ്പോഴും ജനങ്ങൾക്കിടയിൽ തെറ്റായ ധാരണ നിലനിൽക്കുന്നുണ്ട്.... ആരുടേയും ധാരണയൊന്നും മാറ്റാൻ നമുക്ക് കഴിയില്ല....

പക്ഷെ പൊതു സ്ഥലത്തു വച്ച് ജാനിയ്ക്ക് ഒരു അപമാനം നേരിടേണ്ടി വന്നാൽ അവളെ ചേർത്ത് നിർത്തേണ്ടത് മോഹനാണ്... കഴിയുമെങ്കിൽ hiv എന്താണെന്ന് അവര് പറഞ്ഞു മനസിലാക്കിക്കാൻ ശ്രമിക്കുക.... സ്പ്രശനത്തിലൂടെയോ വായുവിലൂടെയോ കൊതുക് പോലുള്ളവയിലൂടെയോ ഒന്നും പകരുന്നവയല്ല hiv എന്ന് പറഞ്ഞു കൊടുക്കുക..സാധാരണയായൊരു ചുംബനത്തിനോ hiv ബാധിതന്റെ തുമ്മലിനോ ചുമയ്ക്കോ ഹസ്തദാനത്തിനോ ഒന്നും വൈറസ് പകർത്താൻ കഴിയില്ല.... ഇതൊക്കെ ഇന്നും സമൂഹത്തിൽ hiv യെക്കുറിച്ച് നിലനിൽക്കുന്ന തെറ്റായ ധാരണകളാണ്.... മാറ്റി നിർത്തപ്പെടേണ്ടവരല്ല hiv patients..... നമുക്ക് എന്തൊക്കെ സ്വന്തന്ത്ര്യം ഉണ്ടോ അതേ സ്വാതന്ത്രയും അവർക്കും ഉണ്ട്‌.... മോഹനോട് ഇതൊന്നും പറയേണ്ടതില്ല എന്നറിയാം... ഒന്നു കൂടി ഓർമിപ്പിച്ചു എന്നെ ഉള്ളൂ... സന്തോഷമായി പോകൂ.. എന്താവശ്യം ഉണ്ടെങ്കിലും എന്നെ വിളിക്കാൻ മടിക്കേണ്ട... ഫുഡിന്റെ കാര്യത്തിൽ കോംപ്രമൈസ് വേണ്ട.. ഹെൽത്തി ഫുഡ്‌ തന്നെ ആയിരിക്കണം... പിന്നേ വ്യായാമം.. യോഗ ഇതൊന്നും മുടക്കരുത്.....""""" സന്തോഷത്തോടെയാണ് യാത്ര പറഞ്ഞിറങ്ങിയത്.... അല്ലെങ്കിലും ഒരിക്കൽ പോലും അവർ എന്നെ രോഗത്തെ പ്രതി വിഷമിക്കാൻ അനുവദിച്ചിട്ടില്ല... വിഷമിപ്പിക്കുന്ന ഒന്നും തന്നെ ഇതേ വരെ പറഞ്ഞിട്ടില്ല..... ജാനി ആലോചിക്കുകയായിരുന്നു... ഐഷയും വരുണും ഡോക്ടർസ് ആണ്....

ഒന്ന് നന്മയും.. മറ്റൊന്ന് തിന്മയും.....!!! 💫💫💫💫💫💫💫 അഞ്ച് വർഷത്തെ മലേഷ്യ ജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്കൊരു തിരിച്ചു പോക്ക്.....! ഏറെ നാളായി ആഗ്രഹിക്കുന്നതാണിത്.... അമ്മയുടെ ആത്‍മാവുറങ്ങുന്ന മണ്ണാണത്... അവിടെ നിന്നും പോരാൻ ഒട്ടും ആഗ്രഹം ഉണ്ടായിരുന്നില്ല.... പക്ഷെ ഈയൊരു മാറ്റം അനിവാര്യമായിരുന്നു. ജാനിയ്ക്ക് വേണ്ടി... ഒത്തിരി വേദനിച്ചതാനവൾ.... ഇനിയും അവളുടെ വേദന കാണാൻ ആകുമായിരുന്നില്ല..... ഇപ്പോൾ അനാവശ്യമായ ചില ആസ്വസ്ഥതകൾ ഒഴിച്ചാൽ അവളുടെ മനസ്സ് ശാന്തമാണ്.... പക്ഷെ ഇപ്പോഴും തന്റെ മനസ്സ് നിറയെ ആശങ്കകൾ ആണ്..... അവളുടെ പാസ്ററ് നാട്ടിൽ ആരെങ്കിലും അറിഞ്ഞിട്ടുണ്ടെങ്കിൽ എങ്ങനെ ആകും അവരുടെയൊക്കെ പ്രതികരണം....? വാക്കുകൾ കൊണ്ടും നോട്ടം കൊണ്ടും മുറിവേൽപ്പിക്കിമ്പോൾ പിടിച്ചു നിൽക്കാൻ അവൾക്ക് കഴിയുമോ? കഴിയും.... കഴിയണം..... അവളെ അതിന് പ്രാപ്തയാക്കേണ്ടത് താനാണ്....അവളുടെ തല താഴാതെ നോക്കേണ്ടത് താനാണ്... താൻ ഒപ്പം ഉള്ളപ്പോൾ ഇനിയും വേദനിക്കാൻ അവളെ അനുവദിക്കില്ല.... തോറ്റു പോകാൻ അനുവദിക്കില്ല..... ഡോക്ടർ പറഞ്ഞത് പോലെ ചേർത്ത് നിർത്തും. ഏത് പ്രതിസന്ധിയിലും... തന്റെ നല്ല പാതിയ്ക്ക് താങ്ങാകേണ്ടത് തന്റെ കടമയാണ്...... """"എന്താണ് ജയേട്ടാ....? നമുക്ക് പോകണ്ടേ...? ഫ്ളൈറ്റിനു സമയമാകുന്നു....."""" ജാനിയുടെ ചോദ്യമാണ് ചിന്തകൾക്ക് വിരാമമേകിയത്..... ഒരു പുഞ്ചിരിയോടെ എഴുന്നേറ്റു നിൽക്കുമ്പോൾ മനസ്സിൽ ചില തീരുമാനങ്ങൾ എടുത്തിരുന്നു മോഹൻ.... 💫✨️💫✨️💫✨️💫 എയർപോർട്ടിൽ നിന്നും വീട്ടിലേയ്ക്ക് കൂട്ടാൻ കിച്ചു കാറുമായി എത്തിയിരുന്നു.....

കാറിൽ മോഹനും കിച്ചുവും കുഞ്ഞിയും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. ജാനി മാത്രം നിശബ്ദയായിരുന്നു..... ഉച്ചയോടടുപ്പിച്ചാണ് വീട്ടിൽ എത്തിയത്.... ജയ വഴിക്കണ്ണുമായി കാത്ത് നിൽപ്പുണ്ടായിരുന്നു. അധികം വിശേഷം പറച്ചിലൊന്നും ഉണ്ടായില്ല... ഊണിനു സമയമായതിനാൽ വേഗത്തിൽ ഫ്രഷ് ആയി ഊണ് മേശയ്ക്ക് മുന്നിൽ എത്തി എല്ലാരും.. കുറെ നാളുകൾക്ക് ശേഷം വിഭവസമൃദ്ധമായൊരു സദ്യ തന്നെ ഒരുക്കിയിരുന്നു ജയ.... ജാനകിയും മോഹനും കുഞ്ഞിയും വയററിയാതെ കഴിച്ചു..... പാചകത്തിൽ മോശം അല്ലെങ്കിലും താൻ എങ്ങനെ ഒക്കെ ഉണ്ടാക്കിയാലും അമ്മയുടെ ഈ ആഹാരത്തിന്റെ രുചിയിലേക്കെത്തില്ലല്ലോ എന്ന് ഓർത്ത് പോയി ജാനി... """"അയ്യോ... വയറു നിറഞ്ഞു അമ്മൂമ്മേ... നല്ല ടേസ്റ്റി ആയിരുന്നു... എഴുന്നേൽക്കാൻ വയ്യ... വല്ല ജെ സി ബി യോ ക്രെയിനോ കൊണ്ട് എന്നെ ഒന്ന് പൊക്കി എടുത്ത് ബെഡിലേയ്ക്ക് കിടത്തി താ..... ഈ കൈ കൂടി ആരെങ്കിലും കഴുകി തന്നിരുന്നുവെങ്കിൽ ഉപകാരമായേനെ...."""" വലത് കൈ ഉയർത്തി പിടിച്ചു കൊണ്ട് കുഞ്ഞി പറയുന്നത് കേട്ട് ഒരുപാട് നാളുകൾക്ക് ശേഷം ജയയും പ്രഭാകരനും മനസ്സ് നിറഞ്ഞു ഉറക്കെ ഉറക്കെ ചിരിച്ചു .... 🍁🍁🍁🍁🍁🍁🍁 ക്ഷീണം കാരണം രാത്രി കുഞ്ഞി നേരത്തെ ഉറങ്ങി.... ജാനിയ്ക്കും നന്നായി ഉറക്കം വരുന്നുണ്ടായിരുന്നു. കണ്ണുകൾ അടഞ്ഞു തുടങ്ങുമ്പോഴാണ് കുഞ്ഞിയുടെ വയറിനു മുകളിലായിരുന്ന കയ്യിലേയ്ക്ക് മറ്റൊരു കൈ ചേരുന്നതറിഞ്ഞത്....കണ്ണ് തുറന്ന് നോക്കി....

ഇടത് കയ്യിലേയ്ക്ക് തല താങ്ങി തന്നെത്തന്നെ നോക്കി കിടക്കുന്ന മോഹനെ കണ്ടപ്പോൾ ആൾക്ക് എന്തോ പറയാനുണ്ടെന്നു തോന്നി..... """"എടൊ... മറ്റെന്നാൾ അല്ലെ അമ്മയുടെ എഴുപതാം പിറന്നാൾ ...? അമ്മയ്ക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്കണ്ടേ നമുക്ക്...?"""" പുഞ്ചിരിയുടെ അകമ്പടിയോടെ ചോദ്യം വന്നു.. """"വേണോ ജയേട്ടാ...? ആഘോഷങ്ങളോടൊന്നും അമ്മയ്ക്ക് താല്പര്യം ഉണ്ടാവില്ല...."""" """"ആഘോഷം ആയിട്ടൊന്നും വേണ്ടാന്നെ.... അമ്മയ്ക്ക് കരിമണി മാല ഇഷ്ടാണെന്ന് താൻ ഒരിക്കൽ പറഞ്ഞിട്ടില്ലേ? നമുക്ക് ഒരെണ്ണം വാങ്ങിക്കൊടുക്കാടോ... സത്യം പറഞ്ഞാൽ ഈ പ്രായത്തിൽ നമ്മൾ മക്കൾ കൊടുക്കുന്ന കുഞ്ഞു സമ്മാനനങ്ങൾ പോലും അവരെ ഒത്തിരി സന്തോഷിപ്പിക്കും.... നാളെ നമുക്ക് പോയി വാങ്ങാം... എല്ലാർക്കും പുത്തൻ ഡ്രെസ്സും വാങ്ങാം... പിന്നേ ലെച്ചൂനെ കാണണം എന്ന് കുഞ്ഞി പറഞ്ഞില്ലേ അവിടേം ഒന്ന് കയറാം... പിറന്നാളിന്റെ അന്ന് സദ്യ ഉണ്ടാക്കാം... ലേച്ചൂനേം ക്ഷണിക്കാം.. വേറെ ആരും വേണ്ട....എന്തെ...?"""" """"മ്മ്... ജയേട്ടന്റെ ആഗ്രഹം അതാണെങ്കിൽ അങ്ങനെ ആകട്ടെ.... പക്ഷെ.. നാളെ... നാളെ ജയേട്ടൻ മാത്രം പോയാൽ പോരെ....? കുഞ്ഞിയേം കൂട്ടിക്കോ... ഞാൻ വരണോ?""""" ജാനിയുടെ മുഖത്തെ തെളിച്ചം പെട്ടന്ന് ഇല്ലാതായത് മോഹൻ ശ്രദ്ധിച്ചു... """"എന്താടോ ഇത്...? കുറച്ചു കഷ്ടമാണ് കേട്ടോ തന്റെ കാര്യം..... എത്ര തവണ പറഞ്ഞതാടോ ഇതൊക്കെ...."""" ഒരല്പം ശാസനയോടെ മോഹൻ ജാനിയെ നോക്കി. പിന്നേ എഴുന്നേറ്റിരുന്നു.... """""നോക്ക് ജാനി.... താൻ ആരെയും ദ്രോഹിക്കുന്നില്ല... മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിൽ കൈ കടത്തിന്നില്ല.... താൻ കാരണം ആർക്കും ഒരാപത്തും ഉണ്ടാകുന്നില്ല.... അങ്ങനെ ഉള്ളിടത്തോളം കാലം എനിക്കും മറ്റുള്ളവർക്കും സമൂഹത്തിലും പൊതു സ്ഥലങ്ങളിലും സ്വതന്ത്രമായി നടക്കുവാനുള്ള അതേ സ്വാതന്ത്ര്യം തനിക്കും ഉണ്ട്‌.... എന്തിനാണ് തന്റെ സ്വാതന്ത്ര്യം താൻ തന്നെ ഇല്ലാതാക്കുന്നത്...?

എന്നും പുറത്തിറങ്ങാതെ ഇവിടെ തന്നെ ഇരിക്കാനാണോ തന്റെ പ്ലാൻ....?"""" ജാനി എഴുന്നേറ്റു തല കുനിച്ചിരുന്നു.... """""എന്നെ ഓർത്ത് എനിക്ക് പേടിയില്ല ജയേട്ടാ... ഞാൻ ഒപ്പം ഉണ്ടെങ്കിൽ മറ്റുള്ളവരുടെ മുന്നിൽ അപമാനിക്കപ്പെടുന്നത് ജയേട്ടൻ കൂടി ആയിരിക്കും... അതാ എനിക്ക് വിഷമം....""""" മോഹൻ എഴുന്നേറ്റു ജാനിയുടെ അരികിലായി ചെന്നിരുന്നു.... """"എന്റെ മുഖത്തേയ്ക്ക് നോക്ക്...."""" ജാനകി മുഖമുയർത്തി മോഹനെ നോക്കി... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു. മോഹൻ അവളുടെ കണ്ണുനീര് തുടച്ചു കൊടുത്തു.... """""താൻ ഇങ്ങനെ പുറത്തിറങ്ങാൻ മടിച്ചിരിക്കുന്നതാണ് എനിക്ക് വിഷമമെങ്കിലോ? ജാനി... എല്ലാപേരും തന്നെപ്പോലെ ചിന്തിക്കുന്നത് കൊണ്ടാണ് മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾക്ക് മാറ്റം ഉണ്ടാകാത്തത്... താൻ തെറ്റുകാരി അല്ലാത്തിടത്തോളം എന്തിന് താൻ മറ്റുള്ളവരെ ഭയക്കണം...? പുറത്തിറങ്ങിയാൽ നോട്ടവും വാക്കുകളും കൊണ്ട് വേദനിപ്പിക്കാൻ ആൾക്കാർ ഉണ്ടാകും... അത് അവരുടെ അറിവില്ലായ്മ ആണെന്ന് കരുതണം.... തന്റെ മനസാക്ഷിയോട് ചോദിക്ക്.. താൻ തെറ്റ് കാരിയല്ല എന്നത് ഒരു നൂറാവർത്തി പറയും... പിന്നേ ആരെ ഭയക്കണം...? തനിക്കും അവരെപ്പോലെ സ്വാതന്ത്ര്യം ഉണ്ടെന്ന്.... അല്ല. .. അവരെക്കാൾ അധികം ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് തെളിയിക്കേണ്ടത് താൻ തന്നെയാണ്.... സമൂഹത്തോടുള്ള ഈ ഭയത്തെ ഇല്ലാതാക്കാനുള്ള മരുന്ന് എന്താണെന്നു അറിയാമോ...? സമൂഹത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലുക എന്നത് തന്നെ... ഭയവും ആശങ്കയുമൊക്കെ പതിയെ ഇല്ലാതായിക്കോളും... ഞാൻ ഇല്ലെടോ തന്റെ ഒപ്പം... പിന്നേ എന്തിനാ തനിക്ക് ഈ ടെൻഷൻ....?"""" ചോദ്യത്തോടേ മോഹൻ ജാനിയുടെ കൈയിലേക്ക് കൈ ചേർക്കുമ്പോൾ അവളുടെ മനസിലെ ആസ്വസ്ഥതകളും പതിയെ മാഞ്‌ തുടങ്ങിയിരുന്നു........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story