തമസ്സ്‌ : ഭാഗം 55

thamass

എഴുത്തുകാരി: നീലിമ

"""സമൂഹത്തോടുള്ള ഈ ഭയത്തെ ഇല്ലാതാക്കാനുള്ള മരുന്ന് എന്താണെന്നു അറിയാമോ...? സമൂഹത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലുക എന്നത് തന്നെ... ഭയവും ആശങ്കയുമൊക്കെ പതിയെ ഇല്ലാതായിക്കോളും... ഞാൻ ഇല്ലെടോ തന്റെ ഒപ്പം... പിന്നേ എന്തിനാ തനിക്ക് ഈ ടെൻഷൻ....?"""" ചോദ്യത്തോടേ മോഹൻ ജാനിയുടെ കൈയിലേക്ക് കൈ ചേർക്കുമ്പോൾ അവളുടെ മനസിലെ ആസ്വസ്ഥതകളും പതിയെ മാഞ്‌ തുടങ്ങിയിരുന്നു.... 🍁🍁🍁🍁🍁🍁🍁 """"മോനേ...."""" ജയയുടെ വിളി കേട്ട് പത്രത്തിൽ നിന്നും തല ഉയർത്തി നോക്കുമ്പോൾ ആശങ്ക നിറഞ്ഞ മുഖവുമായി ജയ മുന്നിൽ നിൽക്കുന്നതാണ് മോഹൻ കണ്ടത്.... """"എന്താ അമ്മേ....?"""" പത്രം മടക്കി ടേബിളിൽ ഇട്ടു കൊണ്ട് നെറ്റി ചുളിച്ചു ചോദിച്ചു.. """"നിങ്ങള് പുറത്തേയ്ക്ക് പോകുവാണെന്ന് ജാനി പറഞ്ഞു...."""" തന്നോട് എന്തോ പറയുവാനുള്ള മുഖവുരയാണ് ആ വാചകം എന്ന് മോഹന് മനസിലായിരുന്നു... """"ഹാ... അമ്മേ... കുറച്ചു പർച്ചെസിങ് ഉണ്ടായിരുന്നു. അമ്മയ്ക്ക് എന്തെങ്കിലും വാങ്ങാനുണ്ടോ...?""" മറ്റെന്തോ ആണ് പറയാനുള്ളത് എന്ന് തോന്നിയെങ്കിലും അങ്ങനെ ആണ് മോഹൻ ചോദിച്ചത്.... ജയ മോഹന് മുന്നിലെ ചെയറിലേയ്ക്കിരുന്നു... """അതല്ല മോനേ... നിങ്ങൾ ഇനി തിരികെ ഇങ്ങോട്ടേക്ക് വരില്ല എന്നാ ഞാൻ കരുതിയത്... അതാ ഒന്നും പറയാതിരുന്നത്. ജാനിയുടെ അസുഖത്തേക്കുറിച്ചും അവൾ ഇത്രേം നാൾ എവിടെ ആയിരുന്നു എന്നുമൊക്കെ ഇപ്പോ നാട്ടിൽ ഒട്ടു മിക്കവർക്കും അറിയാം. അവരൊക്കെ അറിഞ്ഞത് എങ്ങനെയാന്നു എനിക്കും അറിയില്ല. മറ്റുള്ളവരുടെ വിഷമങ്ങൾ പറയാനും അറിയാനും കണ്ടു പിടിക്കാനുമൊക്കെ ചിലർക്ക് പ്രത്യേക കഴിവ് തന്നെ ഉണ്ട്‌...."""

അവരൊന്നു ദീർഘമായി നിശ്വസിച്ചു.... ഇനി എന്താണ് അവർ പറയുന്നത് എന്നറിയാനായി മോഹൻ അവരെ കേട്ടിരുന്നതെ ഉള്ളൂ.... """ജാനി പുറത്തേയ്ക്ക് പോയാൽ... അവളെക്കുറിച്ച് ആരെങ്കിലും മോശമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്‌താൽ.... അവൾക്ക് വിഷമമാകില്ലേ...? ഇനിയും കരയാൻ എന്റെ കുട്ടീടെൽ കണ്ണീരു ബാക്കി കാണില്ല മോനേ....""" ആശങ്കയോടും നേരിയ ഭയത്തോടെയുമുള്ള ജയയുടെ സംസാരം കേട്ടിട്ടും മോഹന് തെല്ലും ആശങ്ക തോന്നിയില്ല.... """എല്ലാക്കാലവും സത്യങ്ങൾ നമുക്ക് മൂടി വയ്ക്കാൻ ആകില്ലല്ലോ അമ്മേ.... എല്ലാപേരും എല്ലാം അറിയുന്ന ഒരു ദിവസം ഞാനും പ്രതീക്ഷിച്ചിരുന്നു... അത് എത്ര നേരത്തെ ആകുന്നോ അത്രയും നല്ലത്. ആൾക്കാർ പറയും... ചിലപ്പോൾ പരിഹസിക്കുകയും ചെയ്യുമായിരിക്കും... അതൊക്കെ നേരിട്ടെ പറ്റൂ... അത് പേടിച്ചു എന്നും വീടിനുള്ളിൽ ഇരിക്കാനൊന്നും കഴിയില്ലല്ലോ അമ്മേ...? അവൾ പുറത്തിറങ്ങട്ടെ... ഒക്കെ നേരിടട്ടെ.... കുറച്ചു കൂടി സ്ട്രോങ്ങ്‌ ആകട്ടെ അവൾ.... പറയുന്നതൊന്നും നമ്മളെ ബാധിക്കില്ല എന്ന് മനസിലാകുമ്പോ ആളുകൾ ഒക്കെ തനിയെ നിർത്തിക്കോളും....""" തീർത്തും നിസാരമായി മോഹൻ പറഞ്ഞു നിർത്തിമ്പോഴും ജയയുടെ ഉള്ളിലെ ആശങ്ക മാറിയിരുന്നില്ല.... """"പക്ഷെ മോനേ...."""" """"ഒന്നും ഇല്ലാ അമ്മേ... അമ്മ ഒന്നും ആലോചിച്ചു പേടിക്കണ്ട.... അമ്മയുടെ മകളെ ഇനിയും കരയാൻ ഞാൻ അനുവദിക്കില്ല... അമ്മയ്ക്ക് ആ ഉറപ്പ് പോരെ...?"""" ജയയുടെ നിറ മിഴികളായിരുന്നു മോഹന് മറുപടി നൽകിയത്. എനിക്ക് മനസിലാകും അമ്മേ നിങ്ങളെ... പക്ഷെ അവൾ ഒക്കെ നേരിട്ടെ മതിയാകൂ...

നാളെ മറ്റുള്ളവർക്ക് മുന്നിൽ തല കുനിച്ചല്ല തല ഉയർത്തി തന്നെ അവൾ നടക്കണം.... അതിന് ഇന്ന് ചില വേദനകളൊക്കെ അവൾ നേരിടുക തന്നെ വേണം..... തിരിഞ്ഞു ഉള്ളിലേയ്ക്ക് നടക്കുന്ന ജയയോടായി മോഹൻ അവന് മാത്രം കേൾക്കാൻ പാകത്തിൽ പതിയെ പറഞ്ഞു.... 🍁🍁🍁🍁🍁🍁🍁 """"ഇത് പറ്റില്ല കുഞ്ഞീ.. നീ വേറെ ഏതെങ്കിലും ഡ്രെസ് എടുത്തു ഇടൂ.... വേറെയും ഒത്തിരി ഉണ്ടല്ലോ... പിന്നേ എന്തിനാ ഇങ്ങനെ വാശി കാണിക്കുന്നത്...?"""" """ഇനി ഇടില്ല അമ്മാ.. ഇന്ന് ഒരു ദിവസം കൂടി... എനിക്ക് ഒത്തിരി ഇഷ്ടാ ഇത്... അതോണ്ടാ.... പ്ലീസ് അമ്മ....."""" മോഹൻ റൂമിലേയ്ക്ക് ചെല്ലുമ്പോൾ ജാനിയും കുഞ്ഞിയും തമ്മിൽ തർക്കത്തിലാണ്... കുഞ്ഞി ഒരു മെറൂൺ നിറത്തിലുള്ള ഫ്രോക്ക് നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ട്. കരയാറായിട്ടുണ്ട് അവൾ... """എന്താടോ....? ഇത് വരെ നിങ്ങൾ ഒരുങ്ങിയില്ലേ...?"""" മോഹൻ രണ്ട് പേരെയും മാറി മാറി നോക്കി ചോദിക്കുമ്പോൾ കുഞ്ഞി ഓടി അവനരികിൽ എത്തിയിരുന്നു.... """അച്ചായി... ഇത് എനിക്ക് ഒത്തിരി ഇഷ്ടാ അച്ചായി... ഇന്നൂടെ... ഇന്നൂടെ ഞാൻ ഇത് ഇട്ടോട്ടെ...? പ്ലീസ് അച്ചായി...ഇനി ഇടില്ല പ്രോമിസ്..."""" കുഞ്ഞി മോഹന്റെ കൈ എടുത്തു നിവർത്തി അതിലേക്ക് കൈ ചേർത്ത് വച്ച് കൊണ്ട് പറഞ്ഞു... """എന്താ ഇത്?""" മോഹൻ കുഞ്ഞിയുടെ കയ്യിൽ നിന്നും ഫ്രോക്ക് വാങ്ങി നോക്കി... """അത് ഫ്രോക്കാ... വലിയ കുട്ടിയായി.. ഇനി അത് ഒന്നും ഇടേണ്ട.... അല്ലെങ്കിലും അത് ഇറക്കം കുറവാണ്....""" ജാനി ഒട്ടും ഇഷ്ടമല്ലാത്തത് പോലെ പറഞ്ഞു.... മോഹൻ കയ്യിലെ ഫ്രോക്ക് കുഞ്ഞിയുടെ ദേഹത്തേയ്ക്ക് വച്ച് നോക്കി.... കാലിന്റെ കുറച്ചു ഭാഗം കാണാം എന്നതൊഴിച്ചാൽ നല്ല ഇറക്കി ഉണ്ടായിരുന്നു ആ ഫ്രോക്കിന്.... """"തനിക്ക് എന്താടോ...? ഇതാണോ ഇറക്കം ഇല്ല എന്ന് പറഞ്ഞത്...? തനിക്ക് ഇത് എന്താ പറ്റിയത്...?"""" ഡ്രെസ് കുഞ്ഞിയുടെ കയ്യിലേയ്ക്ക് വച്ച് കൊടുത്തു കൊണ്ട് മോഹൻ എഴുന്നേറ്റു നിന്നു...

"""ഇന്നലെ ഇവള് ജീൻസും ടി ഷർട്ടും അല്ലെ ഇട്ടിരുന്നത്...? കണ്ടായിരുന്നോ എയർപോർട്ടിൽ നിന്നും പുറത്തേയ്ക്ക് വന്നപ്പോ വന്നപ്പോ ഒരുത്തൻ നോക്കി നിന്നത്....? കൊച്ച് കുട്ടിയാ ... ആ വിചാരം പോലും ഇല്ലാതെയാ കഴുകൻ എന്റെ കൊച്ചിനെ കണ്ണ് കൊണ്ട് കൊത്തി വലിച്ചത്.... അവന്റെ കണ്ണ് കുത്തി പൊട്ടിക്കാനാ എനിക്ക് തോന്നിയത്... ജയേട്ടനാ അവളുടെ ഇഷ്ടാ ന്ന് പറഞ്ഞു ഇത്തരം വേഷങ്ങളൊക്കെ വാങ്ങി കൊടുക്കുന്നത്.....""" ജാനിയുടെ സംസാരം മോഹനെ തെല്ലൊന്നമ്പരപ്പിച്ചു... കുറച്ചു സമയം അവളെ നോക്കി നിന്നു... പിന്നീട് തിരിഞ്ഞു കുഞ്ഞിയോടായി പറഞ്ഞു.. """മോള് അപ്പുറത്തേയ്ക്ക് പൊയ്ക്കോ.... അമ്മയെ അച്ചായി സമ്മതിപ്പിച്ചോളാം ....""" കുഞ്ഞി പുറത്തേയ്ക്ക് പോകുന്നത് നോക്കി നിന്ന ശേഷം ജാനിയുടെ നേർക്ക് തിരിഞ്ഞു... """"എടൊ... ഇന്നലെ അവള് ഉപയോഗിച്ച ആ ഡ്രെസ്സിൽ എനിക്ക് ഒരു കുറ്റവും തോന്നിയില്ല...വസ്ത്ര ധാരണമൊക്കെ വ്യക്തി സ്വാതന്ത്ര്യം അല്ലെ ജാനി..? ആ സ്വാതന്ത്ര്യം നമ്മുടെ മോൾക്കും ഉണ്ട്‌.... മറ്റുള്ളവർക്ക് ആരോചകമായി തോന്നാത്ത അവൾക്ക് കംഫർട്ടബിൽ ആയ ഏത് വേഷവും ധരിക്കാനുള്ള സ്വാതന്ത്ര്യം അവൾക്കുണ്ട്.... ഏത് വസ്ത്രം എന്നതിലല്ല.. അത് എങ്ങനെ ധരിക്കുന്നു എന്നതിലാണ് കാര്യം.... """ """ജയേട്ടൻ പറഞ്ഞതൊക്കെ ശെരിയാണ്... പക്ഷെ പേടിയാണ് ജയേട്ടാ എനിക്ക്.... ഓരോ ദിവസവും മീഡിയസിലോക്കെ കാണുന്നതും ഞാൻ അനുഭവിച്ചതും ഒക്കെ ഓർക്കുമ്പോ... പേടിയാ എനിക്ക്... അവള്.. അവളൊരു പെൺ കുട്ടിയാ..... ആരെങ്കിലും അവളെ ഒന്ന് മോശമായി നോക്കിയാ പോലും നെഞ്ചിൽ ഒരു പിടച്ചിലാ.... അത് ഒരമ്മയുടെ ആധിയാ.... അതാ ഞാൻ....."""

വല്ലാത്ത വിഷമത്തോടെയാണ് ജാനി പറഞ്ഞുനിർത്തിയത്.... """അതൊക്കെ ശെരി തന്നെ ജാനി.. ഞാൻ സമ്മതിക്കുന്നു.... തന്റെ ഭയം എനിക്ക് മനസിലാകും... അത് എല്ലാ അമ്മമാർക്കും ഉള്ളതാ..... എന്ന് കരുതി കുഞ്ഞിയ്ക്ക് ഇഷ്ടമുള്ള ഡ്രെസ് ഇടുന്നതിൽ നിന്നും അവളെ തടയുന്നത് ശെരിയല്ലെടോ... പ്രശ്നം വസ്ത്രത്തിന്റേതല്ല എന്ന് ഞാൻ വീണ്ടും പറയുന്നു.... നോക്ക്.... താൻ ഇപ്പോൾ ധരിച്ചിരിക്കുന്ന ഈ സാരി തന്നെ ഇത് പോലെ മാന്യമായും ധരിക്കാം.. അല്ലാതെയും ധരിക്കാം... ചിലരൊക്കെ സാരി ഉടുക്കുന്നത് കാണുമ്പോൾ ഇതാണ് ഏറ്റവും മോശം വസ്ത്രം എന്ന് തോന്നാറുണ്ട്.... താനും അമ്മയുമൊക്കെ ഉടുക്കുന്നത് കാണുമ്പോ ഏറ്റവും മാന്യമായ വസ്ത്രം ഇതാണെന്നും തോന്നും... അത് പോലെ തന്നെയാണ് ജീൻസും ഷർട്ടും ഫ്രോക്കും എല്ലാം.... പ്രശ്നം വസ്ത്രത്തിന്റേതല്ല.... അത് ധരിക്കുന്ന രീതിയാണ്.... ചിലരുടെയൊക്കെ വസ്ത്ര ധാരണം എനിക്കും ആരോചകമായി തോന്നിയിട്ടുണ്ട്... എല്ലാപേരും അവരെതന്നെ നോക്കി മോശമായി പലതും സംസാരിക്കുന്നതും കേട്ടിട്ടുണ്ട്.... ഇന്നലെ കുഞ്ഞിയെ അങ്ങനെ ആരും നോക്കി മോശം പറയുന്നതൊന്നും ഞാൻ കണ്ടില്ല.... പിന്നേ അയാള് നോക്കിയത്.. അത് ഡ്രെസ്സിന്റെ കുഴപ്പം കൊണ്ടല്ല... അയാളുടെ മനസിനാണ് കുഴപ്പം.... അത് ഒരു തരം മാനസിക വൈകല്യം ആണ്.... ചിലരുടെ പ്രശ്നം രണ്ടെണ്ണം കിട്ടിയാൽ മാറും.... ചിലർക്ക് അത് കൊണ്ടും പ്രയോജനം ഉണ്ടാകില്ല.... ശെരിക്ക് പറഞ്ഞാൽ അത്തരക്കാർക്ക് നല്ല ട്രീറ്റ്മെന്റ് കൊടുക്കണം... ഹാ അതൊക്കെ പോട്ടെ.... അതല്ലല്ലോ വിഷയം.... ആ ഫ്രോക്ക്... അത് കുഞ്ഞിയ്ക്ക് നന്നായി ചേരുമെടോ.... കുറച്ചു കാല് കാണും എന്ന് പറഞ്ഞു അവളെ അത് ഇടാൻ അനുവദിക്കാതിരിക്കുന്നത് കഷ്ടമാണ് കേട്ടോ....."""" ഒന്നും മിണ്ടാതെ കുറ്റം ചെയ്ത കുട്ടിയെപ്പോലെ തല കുനിച്ചു നിൽക്കുന്ന ജാനിയുടെ അരികിലേയ്ക്ക് ചെന്നു മോഹൻ...

""" ഇതൊക്കെ തനിക്ക് തന്നെ അറിയാം.... ശെരിക്കും തന്റെ പ്രശ്നം എന്താണെന്ന് അറിയുമോ...? തന്റെ അവസ്ഥ... അത് കുഞ്ഞിയ്ക്കും ഉണ്ടാകുമോ എന്ന ഭയമാണ് തനിയ്ക്ക്.... പക്ഷെ താൻ മറന്നു പോകുന്ന ഒന്നുണ്ട് ജാനി.... കുഞ്ഞിയും നീയും തമ്മിൽ ഒത്തിരി വെത്യാസം ഉണ്ട്‌.... പന്ത്രണ്ടാമത്തെ വയസിൽ താൻ ഒട്ടും ബോൾഡ് ആയിരുന്നില്ല... കുഞ്ഞി അങ്ങനെ അല്ല.... അവൾ ബോൾഡ് ആണ്... """ """കുഞ്ഞിയെ ഓർത്ത് നീ എന്തിനാ പേടിക്കുന്നത്...? മോശമായ സ്പർശനവും നോട്ടവും സംസാരവുമൊക്കെ മനസിലാക്കാൻ അവൾക്ക് ഇപ്പോൾ കഴിയും... അതിന്റെ ക്രെഡിറ്റ്‌ തനിക്ക് തന്നെയാണ്... ഇതൊക്കെ പറഞ്ഞു കൊടുത്തു അവളെ വളർത്തിയത് താൻ തന്നെയാണ്... സ്വയ രക്ഷയ്ക്ക് പെൺകുട്ടികൾ കരാട്ടെ പോലെ എന്തെങ്കിലും പഠിക്കണം എന്ന് താൻ പറഞ്ഞപ്പോൾ... അപ്പോഴും ഞാൻ എതിര് പറഞ്ഞില്ലാല്ലോ.... പക്ഷെ ഇതു... ഇത് ഇത്തിരി കൂടുതലാണ് ടോ....ശെരിയും തെറ്റും മനസിലാക്കാൻ അവൾക്ക് കഴിയും... നോ പറയേണ്ടിടത്തു നോ പറയാനും അവൾക്ക് അറിയാം... കൂടുതൽ സ്ട്രിക്ട് ആയാലേ മാനസികമായി അവൾ നമ്മളിൽ നിന്നും അകലുകയെ ഉള്ളൂ... ഇപ്പോൾ ഒന്ന് പോലും വിടാതെ എല്ലാം നമ്മളോട് വന്ന് പറയുന്നതേ അവളുടെ ബെസ്റ്റ് ഫ്രണ്ട്‌സ് നമ്മൾ ആണെന്ന തോന്നൽ അവൾക്ക് ഉള്ളത് കൊണ്ടാണ്... നമ്മളായിട്ട് അവളുടെ ആ ചിന്താഗതി ഇല്ലാതാക്കരുത്....""" """ജയേട്ടാ... ഞാൻ... ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചതല്ല... ചിലതൊക്കെ കാണുമ്പോ എനിക്ക്.... ഞാൻ പോലും അറിയാതെ ടെൻസ്ഡ് ആയിപ്പോകുവാ.. കുഞ്ഞിയെക്കുറിച്ച് ഓർക്കുമ്പോ വല്ലാത്തൊരു വേവലാതി ഉണ്ട്‌ എനിക്ക് ....""""

മോഹൻ ജാനിയെ ഒന്ന് ചേർത്ത് നിർത്തി... ആശ്വസിപ്പിക്കുന്നത് പോലെ.... """തന്നെ പോലെ ഉള്ള എല്ലാ അമ്മമാരും ഇങ്ങനെ ആണെടോ... അതിൽ ഞാൻ തെറ്റ് പറയില്ല... പക്ഷെ ഇത് പോലെ കുഞ്ഞ് കാര്യങ്ങൾക്ക് കടുംപിടുത്തം ഒന്നും വേണ്ട കേട്ടോ.... അവൾക് കിട്ടേണ്ട ഫ്രീഡം അവൾക്ക് അനുവദിച്ചു കൊടുക്കുക തന്നെ വേണം.. അത് അമിതമാകരുത് എന്ന് മാത്രം.. ഇപ്പോൾ കൂടുതൽ ഒന്നും ആലോചിച്ചു നിൽക്കാതെ പോയി ഡ്രസ്സ്‌ ചെയ്തിട്ട് വാ... നമുക്ക് പോകണ്ടേ...?"""" ജാനി തല ഉയർത്തി മോഹനെ ഒന്ന് നോക്കി... കൂടുതൽ ഒന്നും പറയാതെ ബെഡിൽ കിടന്ന ഡ്രെസ്സും എടുത്തു ഡ്രസിങ് റൂമിലേയ്ക്ക് നടന്നു....അപ്പോഴും അവളുടെ മനസിലെ ആശങ്കകൾ പൂർണമായും അവസാനിച്ചിരുന്നില്ല.... 🍁🍁🍁🍁🍁🍁 ജ്വല്ലറിയിൽ ഇരിക്കുമ്പോൾ ജാനിയുടെ കണ്ണുകൾ ചുറ്റിനുമുള്ള ആൾക്കാരിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തി.... ചിലരൊക്കെ തന്നെ ശ്രദ്ധിക്കുന്നുണ്ട്... ചിലർ നോക്കി ചിരിക്കുന്നു.. ചിലർ അടക്കം പറയുന്നു.. മറ്റ് ചിലർ കാണാത്തത് പോലെ നടന്നു പോകുന്നു.... ജാനിയ്ക്ക് വല്ലാത്തൊരു വീർപ്പു മുട്ടൽ അനുഭവപ്പെട്ടു.... ആരും തന്നോടായി ഒന്നും പറയുന്നില്ല എങ്കിലും ചുറ്റിനുമുള്ള പലരുടെയും കണ്ണുകൾ തന്നിൽ ആണെന്നുള്ളത് അവളിൽ ആകെ ഒരസ്വസ്ഥത നിറയ്ക്കുന്നുണ്ടായിരുന്നു... അവളിലെ മനോവിചാരങ്ങൾ അറിഞ്ഞിട്ടെന്ന പോലെ മോഹൻ അവളുടെ കൈക്ക് മുകളിലേയ്ക്ക് കൈ ചേർത്തു . മോഹന്റെ കൈ തന്റെ കൈക്ക് മുകളിൽ അമർന്നപ്പോൾ അവൾ തല ഉയർത്തി നോക്കി.... ഒന്നും സാരമാക്കണ്ട എന്ന അർത്ഥത്തിൽ മോഹൻ പുഞ്ചിരിയോടെ കണ്ണ് ചിമ്മി.... അവളും ഒന്ന് ചിരിക്കാൻ ശ്രമിച്ചു...... ജയയ്ക്കുള്ള മാല വാങ്ങി അവർ വേഗം തന്നെ ജ്വല്ലറിയിൽ നിന്നും ഇറങ്ങി. 🍁🍁🍁🍁🍁🍁🍁 ടെക്സ്റ്റയിൽസിൽ എത്തുമ്പോൾ സാമാന്യം നല്ല തിരക്ക് തന്നെ ഉണ്ടായിരുന്നു.

അധികം ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോൾ ജാനിയ്ക്ക് നല്ല ആശ്വാസം തോന്നി... ജയയ്ക്കുള്ള കസവു സാരി വാങ്ങിയ ശേഷമാണ് കുഞ്ഞിയുടെ ഡ്രെസ് എടുക്കാനായി പോയത്... പിങ്ക് നിറത്തിലുള്ള നിറയെ പൂക്കളുള്ള ഒരു ഫ്രോക്ക് കുഞ്ഞിക്ക് ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടമായി... അവൾ ഓടിപ്പോയി അത് കയ്യിൽ എടുത്തു... തിരിഞ്ഞു ജാനിയെ നോക്കി.... പിന്നേ എടുത്ത ഫ്രോക്ക് അത് പോലെ തിരികെ വച്ചു. ജാനി കുഞ്ഞിയുടെ അരികിൽ വന്നു അവളുടെ മുടിയിൽ ഒന്ന് തഴുകി... """"മോൾക്ക് ഇതു ഇഷ്ടായോ...?"""" ആ ഫ്രോക്ക് കയ്യിൽ എടുത്തു കൊണ്ടാണ് ചോദ്യം.... കുഞ്ഞി വെറുതെ തല കുലുക്കി... """""എന്നാ എടുത്തോ....."""" അവൾ വിശ്വാസം വരാത്തത് പോലെ ജാനിയെ നോക്കി... പിന്നേ വല്ലാത്ത സന്തോഷത്തോടെ അവളുടെ വയറ്റിലൂടെ കൈ ചുറ്റി പിടിച്ചു... ജാനി കുനിഞ്ഞു അവളുടെ നെറ്റിയിൽ ഉമ്മ വച്ചു.... """"അശ്രീകരം... നീയോ ചാകാൻ പോണ്... ആ കൊച്ചിനെക്കൂടി കൊല്ലാതെടി...."""" ആരുടെയോ അറപ്പോടെയുള്ള സംസാരം കേട്ടാണ് ഞെട്ടലോടെ ജാനി തിരിഞ്ഞു നോക്കിയത്.... 70 നോടടുത്തു പ്രായമുള്ള ഒരു സ്ത്രീ അറപ്പോടെ അവളെ നോക്കി നിൽക്കുന്നു.... അവർക്കടുത്തായി മകൾ ആണെന്ന് തോന്നിക്കുന്ന ഒരു സ്ത്രീയുമുണ്ട്... അവരുടെ മുഖത്തും അതേ ഭാവം.... ഒരു വല്ലയ്ക തോന്നിയെങ്കിലും ഇതൊക്കെ പ്രതീക്ഷിച്ചിരുന്നത് കൊണ്ട് ഒന്നും മിണ്ടാതെ കുഞ്ഞിയേം മുറുകെ പിടിച്ചു അവിടെ നിന്നും പോകാൻ ഒരുങ്ങി ജാനി.... """ഇതിനെയൊക്കെ കണ്ടാൽ അന്നത്തെ ദിവസം പോക്കാ... നിനക്കൊക്കെ വീട്ടിൽ കെടന്നൂടെ...? എന്തിനാ മറ്റൊള്ളോർക്ക് ശല്യം ഉണ്ടാക്കാനാണോ ഇങ്ങനെ കെട്ടി എഴുന്നള്ളുന്നെ....?

എല്ലാരേം കൊലയ്ക്ക് കൊടുക്കാൻ... അസത്തു ...."""" അവർ വീണ്ടും എന്തൊക്കെയോ പറയുന്നുണ്ട്.... കാലുകൾക്ക് ചലനശേഷി നഷ്ടമായത് പോലെ മുന്നിലേയ്ക്ക് നടക്കാനാകാതെ നിന്നു പോയി ജാനി..... നെഞ്ചിൽ എന്തോ കൊളുത്തി വലിയ്ക്കുന്ന പോലെ... ചുറ്റുമുള്ളവരുടെയൊക്കെ കണ്ണുകൾ തന്നിൽ തറഞ്ഞു നിൽപ്പാണെന്ന് നോക്കാതെ തന്നെ അവൾക്ക് മനസിലായി. ആദ്യമായി പരസ്യമായി അപമാനിക്കപ്പെട്ടിരിക്കുന്നു.....! ജാനിയെ ചുറ്റിപിടിച്ചിരുന്ന കുഞ്ഞിയുടെ കൈകൾ ഒന്ന് കൂടി അവളിലേയ്ക്ക് മുറുകി.... ജാനിയ്ക്കും ഭയം കുഞ്ഞിയെ ഓർത്തായിരുന്നു.... അവളെ ഒന്ന് കൂടി തന്നിലേയ്ക്ക് ചേർത്ത് നിർത്തി ജാനി..... മോഹൻ വേഗത്തിൽ അവർക്കരികിലേയ്ക്ക് നടന്നു വന്നു.... """എന്താ ടോ.. എന്താ പ്രശ്നം..?""" ജാനിയോടായിരുന്നു ചോദ്യം.. പക്ഷെ മറുപടി നൽകിയത് ആ സ്ത്രീയാണ്... """"അപ്പൊ നീയും ഉണ്ടായിരുന്നു അല്ലെ...? നിനക്ക് ഇതു എന്തിന്റെ കേടാ ചെറുക്കാ...?ഇവള് മാത്രേ ഉള്ളൂ ഈ ലോകത്ത് പെണ്ണായിട്ട്..? ഏതോ ഒരുത്തന്റെ കൂടെ ഇറങ്ങി പോയവളെ വീണ്ടും കൂടെ താമസിപ്പിച്ചേക്കുന്നു.... നാണം ഉണ്ടോ നിനക്ക്...? അതൊക്കെ പോട്ടെ.. നീ എങ്ങനെയോ ജീവിക്കു.... ഇതിനെ ഇങ്ങനെ കെട്ടി എഴുന്നള്ളിച്ചോണ്ട് നടന്നു മറ്റുള്ളവരെക്കൂടി കൊല്ലിക്കണോ...? ഇവൾ എങ്ങനെ ആണ് ജീവിച്ചതെന്നും ഇവളുടെ ദീനവുമൊക്കെ ഇപ്പോൾ നാട്ടുകാർക്ക് മുഴുവൻ അറിയാം.... ഇങ്ങനെ ഒരു ദീനം ഉള്ളവളെയാണോ ഞങ്ങളെക്കൂടി കൊല്ലിക്കാനായിട്ട് ഇങ്ങനെ കൊണ്ട് നടക്കണത്..?""" വാഗ്ശരങ്ങൾ അവർ മോഹന് നേരെയും തൊടുത്തു വിട്ടു.... അവർ പറഞ്ഞു നിർത്തുന്നത് വരേയ്ക്കും മോഹൻ നിശബ്ദനായി നിന്നത്തെ ഉള്ളൂ...

എപ്പോഴും കാണാറുള്ള അതേ ശാന്ത ഭാവം തന്നെയായിരുന്നു അവന്റെ മുഖത്ത്.... ജാനിയുടെ കയ്യിലേയ്ക്ക് കൈ ചേർത്ത് മുറുകെ പിടിച്ചു മോഹൻ... വിഷമിക്കണ്ട എന്ന് പറയുന്നത് പോലെ... പിന്നേ തല തിരിച്ചു ആ സ്ത്രീയെ നോക്കി.... """"അമ്മേ...."""" തീർത്തും ശാന്തമായിരുന്നു മോഹന്റെ സ്വരം... ദേഷിച്ച മുഖത്തോടെ അവരവനെ നോക്കി നിന്നു.... """"അമ്മയുടെ പ്രശ്നം എന്താണ്...? ജാനിയുടെ അസുഖമാണോ...? അതോ അവൾ ജീവിച്ച സാഹചര്യമോ....?"""" """"രണ്ടും.. രണ്ടും ഞങ്ങളെപ്പോലെ മാന്യമായി ജീവിക്കുന്നവർക്ക് പ്രശ്നം തന്നെയാണ്...."""" അവരുടെ മകളാണ് ഇത്തവണ സംസാരിച്ചത്.... മോഹൻ ഒന്ന് പുഞ്ചിരിച്ചു.... """"മാന്യത പെരുമാറ്റത്തിൽ കൂടി വേണ്ടേ...? ഇത്രയൊക്കെ അറിഞ്ഞ നിങ്ങൾ അവൾ അത്തരം ഒരു സാഹചര്യത്തിൽ എത്തിപ്പെട്ടത് എങ്ങനെ ആണെന്നും അറിഞ്ഞിട്ടുണ്ടാകുമല്ലോ...? മറ്റ് ചിലരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ഒരുപാട് അനുഭവിച്ചു അവള്.. തന്റേതല്ലാത്ത ഒരു തെറ്റിന്റെ പേരിൽ ഇനിയും അവളെ ക്രൂശിക്കണോ? നിങ്ങൾ സ്ത്രീകൾക്ക് മനസിലാകില്ലേ ഇവളെപ്പോലെ ഒരു സ്ത്രീ അനുഭവിച്ച വേദനകൾ....?"""" ഒരു നിമിഷം അവന്റെ ചോദ്യത്തിന് ഉത്തരമില്ലാതെ നിന്നു അവർ... """"അതൊക്കെ സമ്മതിച്ചു... പക്ഷെ ഇവളുടെ ദീനമോ..? ഇങ്ങനെ ഒരു ദീനം ഉള്ളവളെ ഇങ്ങനെ ഇറക്കിക്കൊണ്ട് നടക്കുന്നത് ശെരിയാണോ കൊച്ചനെ....?"""" തോൽവി സമ്മതിക്കാൻ അവർക്ക് ഉദ്ദേശിച്ചത് ഉണ്ടായിരുന്നില്ല.... """"അമ്മേ... ഒരു മൂന്ന് വർഷം മുൻപ് പത്രങ്ങളിലൊക്കെ ഒരു വാർത്ത വന്നിരുന്നു... ഒന്നര വയസുകാരൻ ആശുപത്രി ജീവനക്കാരുടെ അനാസ്ഥ കാരണം hiv പോസിറ്റീവ് ആയി എന്ന്...

ഏത് സാഹചര്യത്തിൽ ജീവിച്ചിട്ടാണ് ഇത്തിരിപ്പൊന്ന് ആ കുഞ്ഞ് hiv പോസിറ്റീവ് ആയത്...?ആ കുഞ്ഞിനെപ്പോലെ തന്നെയാണ് ഇവളും... സ്വന്തം തെറ്റ് കൊണ്ടല്ലാതെ ഇത്തരം ഒരു രോഗത്തിലേയ്ക്ക് എത്തിപ്പെട്ടവൾ.... ഇന്നലെ അതേ കുട്ടിയെക്കുറിച്ചൊരു വാർത്ത വീണ്ടും ഞാൻ കണ്ടു... ആ കുഞ്ഞ് കിന്റർ ഗാർട്ടനിലെ കുട്ടികൾക്കൊപ്പം കളിക്കുന്ന ഒരു ഫോട്ടോയോടൊപ്പം.... Hiv ആണെന്ന് കരുതി അവന്റെ മാതാപിതാക്കൾ അവനെ ഉപേക്ഷിച്ചില്ല... ആരും അവനെ മാറ്റി നിർത്തിയില്ല.... ഇന്നും അവൻ ആരോഗ്യത്തോടെ ഇരിക്കുന്നു... വീട്ടുകാരുടെയും ബന്ധുക്കളുടെയും കുഞ്ഞ് കൂട്ടുകാരുടെയും ഒപ്പം... ആ കുട്ടിയുടെ മാതാപിതാക്കൾക്ക് അസുഖം വന്നില്ല... അവന്റെ ബന്ധുക്കൾക്കോ അവനൊപ്പം കളിച്ച കൂട്ടുകാർക്കോ അസുഖം വന്നില്ല.... എന്തെ...? അവനൊരു കൊച്ച് കുട്ടി ആയത് കൊണ്ടാണോ..? അല്ല.. മറിച്ചു hiv സാധാരണ പകർച്ച വ്യാധികൾ പോലെ അല്ലാത്തത് കൊണ്ട്....ഒന്ന് തൊട്ടാലോ.. പിടിച്ചാലോ.. ചേർന്ന് നിന്നാലോ പകരുന്ന രോഗം അല്ലാത്തത് കൊണ്ട്... നിങ്ങളെപ്പോലെ തന്നെയാണ് ഇവളും... നിങ്ങൾക്ക് ഇതു വഴി നടക്കാൻ സ്വാതന്ത്ര്യം ഉണ്ടെങ്കിൽ അതേ സ്വാതന്ത്ര്യം ഇവൾക്കും ഉണ്ട്‌...""" പറയുന്നതിനൊപ്പം മോഹൻ ജാനിയെ തന്നിലേയ്ക്ക് ചേർത്ത് നിർത്തിയിരുന്നു.... ചുറ്റിനും നിന്ന് മുറുമുറുപ്പുകൾ ഉയർന്നു... ജാനിയെ നോക്കിയ കണ്ണുകളിൽ ഒക്കെയും വ്യത്യസ്ത ഭാവങ്ങൾ ആയിരുന്നു.........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story