തമസ്സ്‌ : ഭാഗം 56

thamass

എഴുത്തുകാരി: നീലിമ

"""ഇന്നലെ അതേ കുട്ടിയെക്കുറിച്ചൊരു വാർത്ത വീണ്ടും ഞാൻ കണ്ടു... ആ കുഞ്ഞ് കിന്റർ ഗാർട്ടനിലെ കുട്ടികൾക്കൊപ്പം കളിക്കുന്ന ഒരു ഫോട്ടോയോടൊപ്പം.... Hiv ആണെന്ന് കരുതി അവന്റെ മാതാപിതാക്കൾ അവനെ ഉപേക്ഷിച്ചില്ല... ആരും അവനെ മാറ്റി നിർത്തിയില്ല.... ഇന്നും അവൻ ആരോഗ്യത്തോടെ ഇരിക്കുന്നു... വീട്ടുകാരുടെയും ബന്ധുക്കളുടെയും കുഞ്ഞ് കൂട്ടുകാരുടെയും ഒപ്പം... ആ കുട്ടിയുടെ മാതാപിതാക്കൾക്ക് അസുഖം വന്നില്ല... അവന്റെ ബന്ധുക്കൾക്കോ അവനൊപ്പം കളിച്ച കൂട്ടുകാർക്കോ അസുഖം വന്നില്ല.... എന്തെ...? അവനൊരു കൊച്ച് കുട്ടി ആയത് കൊണ്ടാണോ..? അല്ല.. മറിച്ചു hiv സാധാരണ പകർച്ച വ്യാധികൾ പോലെ അല്ലാത്തത് കൊണ്ട്....ഒന്ന് തൊട്ടാലോ.. പിടിച്ചാലോ.. ചേർന്ന് നിന്നാലോ പകരുന്ന രോഗം അല്ലാത്തത് കൊണ്ട്... നിങ്ങളെപ്പോലെ തന്നെയാണ് ഇവളും... നിങ്ങൾക്ക് ഇതു വഴി നടക്കാൻ സ്വാതന്ത്ര്യം ഉണ്ടെങ്കിൽ അതേ സ്വാതന്ത്ര്യം ഇവൾക്കും ഉണ്ട്‌...""" പറയുന്നതിനൊപ്പം മോഹൻ ജാനിയെ തന്നിലേയ്ക്ക് ചേർത്ത് നിർത്തിയിരുന്നു.... ചുറ്റിനും നിന്ന് മുറുമുറുപ്പുകൾ ഉയർന്നു... ജാനിയെ നോക്കിയ കണ്ണുകളിൽ ഒക്കെയും വ്യത്യസ്ത ഭാവങ്ങൾ ആയിരുന്നു.... """അഞ്ച് വർഷമായി ഇവൾ ഞങ്ങളോടൊപ്പം താമസിക്കുന്നു.. നിറഞ്ഞ സ്നേഹം അല്ലാതെ ഒരസുഖവും ഇവൾ ഞങ്ങൾക്ക് പകർന്നു തന്നിട്ടില്ല.... ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടാലും നിങ്ങളൊക്കെ മാറ്റി നിർത്തും.... അപ്പോഴും തെറ്റ് അവളുടേത് മാത്രം ആയിരിക്കും...

ജനങ്ങൾക്ക് മുന്നിൽ ഒന്ന് മുഖം കാണിക്കാനുള്ള അവകാശം പോലും നിങ്ങളൊക്കെക്കൂടി അവൾക്ക് നിഷേധിക്കും.... ഒന്ന് ചിന്തിച്ചു നോക്കൂ... അങ്ങനെ ഉള്ളവരാണോ മാറ്റി നിർത്തപ്പെടേണ്ടത്....? അല്ല..... മാറ്റി നിർത്തപ്പെടേണ്ടത് ഇവളല്ല... ഇവളെപ്പോലെ മറ്റുള്ളവരുടെ തെറ്റ് സ്വയം പേറുന്നവരല്ല..... പരിഗണിക്കപ്പെടേണ്ടവരാണിവർ .... ജീവിതത്തിലേയ്ക്ക് തിരികെ വരേണ്ടവരാണിവർ..... മാറേണ്ടത് നിങ്ങളെപ്പോലെ ഉള്ളവരുടെ കാഴ്ചപ്പാടുകളും മോശം ചിന്താഗതികളുമാണ്....""" മോഹൻ ഒന്നു കൂടി ജാനിയെ തന്നിലേയ്ക്ക് ചേർത്ത് പിടിച്ചു പറഞ്ഞു നിർത്തി.... ഒരു മോട്ട് സൂചി വീണാലുള്ള നിശബ്ദതയായിരുന്നു ചുറ്റിനും... അത് വരെ വാഗ്പോരു നടത്തിയവർ വരെ നിശബ്ദരായി നിൽക്കുന്നത് കണ്ടു..... ആൾക്കാർക്കിടയിൽ നിന്നും വെളുത്തു മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ ജാനകിയ്ക്ക് മുന്നിലേയ്ക്ക് വന്നു നിന്നു.... """ചേട്ടൻ പറഞ്ഞത് വളരെ ശെരിയാണ്... ചേച്ചി എന്തിനാണ് ഇങ്ങനെ തല കുനിച്ചു നിൽക്കുന്നത്...? ചേച്ചിയെപ്പോലെ മറ്റുള്ളവരാൽ ജീവിതം ഇല്ലാതാക്കപ്പെട്ട സ്ത്രീകൾക്ക് മുന്നിൽ തല കുനിച്ചു നിൽക്കേണ്ടത് അവൾ വേദനിക്കപ്പെടാൻ കാരണമായ ഞാൻ ഉൾപ്പെടെയുള്ള ഈ സമൂഹമാണ്..... ഒരു സ്ത്രീയ്ക്ക് ഭയക്കാതെ ഈ സമൂഹത്തിൽ ജീവിക്കാൻ കഴിയുന്നില്ല എങ്കിൽ തല കുനിയ്‌ക്കേണ്ടത് ഈ രാജ്യത്തെ നീതിയും നിയമവും കൂടിയാണ്..... ചേച്ചി അല്ല...! തല ഉയർത്തി പിടിച്ചു നിൽക്കു ചേച്ചി....ചേച്ചിയ്ക്ക് മുന്നിൽ തല കുനിയ്‌ക്കേണ്ടത് ഞങ്ങളാണ്....

വരുണിന്റെ മാന്യതയുടെ മുഖം മൂടി വലിച്ചു കീറാൻ ധൈര്യത്തോടെ ശബ്ദം ഉയർത്തിയവളല്ലേ ചേച്ചി...? അവന്റെ ക്രൂരതയുടെ മുഖം ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടിയതിലൂടെ എത്ര പേരാണ് രക്ഷപെട്ടത്...? അതിന് കാരണക്കാരി ആയതിൽ സ്വയം അഭിമാനിക്കുകയല്ലേ വേണ്ടത്....? പുതിയ ജനതയുടെ കാഴ്ചപ്പാട് മാറിതുടങ്ങി ചേച്ചി.... പണ്ടത്തെപ്പോലെ കേൾക്കുന്നതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങുന്നവരല്ല ഞങ്ങൾ ചെറുപ്പക്കാർ......""" അയാൾ പറഞ്ഞു നിർത്തുമ്പോൾ അതേ അവൻ പറഞ്ഞതാണ് ശെരി എന്ന രീതിയിലുള്ള സംസാരങ്ങൾ ചുറ്റും നിന്നും കേട്ട് തുടങ്ങിയിരുന്നു.... പെട്ടെന്നാണ് ജാനാകിയെ കുറ്റപ്പെടുത്തി സംസാരിച്ച ആ സ്ത്രീയുടെ പിറകിൽ നിന്നും ഇരുപത് വയസോളം പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടികൾ മുന്നിലേയ്ക്ക് വന്ന് ജാനിയുടെ കൈ കവർന്നത്... """ക്ഷമിക്ക് ചേച്ചി... എന്റെ അമ്മാമ്മയ്ക്ക് വേണ്ട ഞാൻ ക്ഷമ ചോദിക്കുന്നു...""" ജാനകി ആ കുട്ടിയെ തല ഉയർത്തി നോക്കി... ഒരു നേർത്ത പുഞ്ചിരിയുമായി ജാനിയുടെ കൈ പൊതിഞ്ഞു പിടിച്ചു നിൽക്കുകയാണ് ആ കുട്ടി.... മറുപടിയായി ഒരു പുഞ്ചിരി പോലും നൽകാൻ എന്ത്‌ കൊണ്ടോ ജാനിയ്ക്ക് കഴിഞ്ഞില്ല.... """ഗായത്രി... അവളുടെ അടുത്തൂന്ന് അങ്ങോട്ട് മാറി നിൽക്ക് ... നിനക്ക് എന്താ കാര്യം സംസാരിക്കാൻ...?""" ആ കുട്ടിയുടെ കൈ പിടിച്ചു പിറകിലേയ്ക്ക് മാറ്റാൻ നോക്കി അവളുടെ അമ്മാമ്മ... """ഞാനും ഒരു പെണ്ണാണ്.... അപ്പൊ എനിക്കും കാര്യമുണ്ട്....

നാളെ ഈ ചേച്ചിടെ അവസ്ഥ എനിക്ക് ഉണ്ടായാലും അമ്മാമ്മ ഇതു തന്നെ പറയുമല്ലോ അല്ലെ.....? അതോ.. അപ്പൊ എന്നെ കെട്ടിപിടിച്ചു കരഞ്ഞു നിലവിളിക്കുമോ?""" അവർ ദേഷ്യത്തിൽ ആ കുട്ടിയെ നോക്കി നിന്നു... """കരയും അല്ലെ... നിലവിളിക്കും അല്ലെ...? സ്വന്തങ്ങൾക്കും ബന്ധങ്ങൾക്കും ഉണ്ടാകുമ്പോഴേ വേദന അറിയൂ... അത് വരെ മറ്റുള്ളവരുടെ കാര്യം...... കുറ്റങ്ങൾ പറയാം.. കുറവുകൾ കണ്ടെത്താം... കുത്തുവാക്കുകളും ആക്ഷേപവും ആകാം... സ്വന്തങ്ങൾക്ക് ആകുമ്പോ അവിടെ മാത്രം തെറ്റുകാർ മറ്റുള്ളവരാകും അല്ലെ...?""" """നീ കൂടുതൽ സംസാരിക്കേണ്ട... അവളുടെ അടുത്ത് നിന്നും മാറി നിന്നിട്ട് സംസാരിച്ചാൽ മതി നീ....""" ആ കുട്ടിയുടെ അമ്മ ഒരല്പം ബലമായിത്തന്നെ അവളെ പിടിച്ചു മാറ്റാൻ ശ്രമിച്ചു.... """ഞാൻ ഈ ചേച്ചിയുടെ അടുത്ത് നിന്നാൽ എനിക്കും hiv വരുമോ എന്നല്ലേ നിങ്ങളുടെയൊക്കെ പേടി...? ദേ.. ഞാൻ ഈ ചേച്ചിയെ ഇങ്ങനെ ഒന്ന് പുണർന്നാൽ എനിക്ക് hiv വരുമെങ്കിൽ വരട്ടെ...""" അവൾ ജാനിയെ മുറുകെ പുണർന്നു... ജാനി ഞെട്ടലോടെ ആ കുട്ടിയെ നോക്കി... """ദേ.. ഇങ്ങനെ ഒന്ന് ചുംബിച്ചാൽ എനിക്ക് hiv വരുമെങ്കിൽ വന്നോട്ടെ.....""" അവൾ ജാനിയുടെ കവിളിൽ ചുണ്ടുകൾ ചേർത്തു.... ജാനി അവളെത്തന്നെ കണ്ണിമയ്ക്കാതെ നോക്കി നിന്നു.... അവൾ അപ്പോഴും പുഞ്ചിരിക്കുകയായിരുന്നു.... അപമാനത്തിൽ നിന്നും പരിഗണനയിലേയ്ക്കുള്ള ദൂരം അത് ഇത്രയും ചെറുതായിരുന്നോ...? ജാനി ആലോചനയോടെ നിന്നു.... അതേ...

പുതിയ തലമുറയുടെ കാഴ്ചപ്പാടുകൾ മാറിതുടങ്ങിയിരിക്കുന്നു... പരിഗണിക്കാൻ ഒരാളെങ്കിലും മുന്നോട്ട് വന്നാൽ ഒപ്പം നിൽക്കാൻ ഒത്തിരി പേരുണ്ടാകും.... ആ ഒരാൾ മുന്നിലേയ്ക്ക് വരാനാണ് എപ്പോഴും പ്രയാസം..... ജാനി പോലും അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു... """ചേച്ചി എന്തിനാ കരയുന്നത്...? എനിക്ക് ഒരു പേടിയുമില്ല... ഞാനേ ഒരു മെഡിക്കൽ സ്റ്റുഡന്റ് ആണ്.... Hiv യെക്കുറിച്ച് എനിക്ക് ശെരിയായ ധാരണയുണ്ട്... ദേ എന്റെ അമ്മയേം അമ്മാമ്മേം പോലെ തെറ്റിധാരണകൾ ഉള്ള ഒത്തിരി പേര് ഇക്കൂട്ടത്തിൽ ഉണ്ടാകും എന്നെനിക്ക് അറിയാം... അവരുടെ ധാരണകൾ മാറ്റാൻ ശ്രമിക്കേണ്ടത് ഒരു മെഡിക്കൽ സ്റ്റുഡന്റ് ആയ എന്റെ കടമയല്ലേ...?""" അവൾ അതേ പുഞ്ചിരിയോടെ പറഞ്ഞുനിർത്തി... """ചേച്ചിയുടെ മുഖത്ത് എനിക്കായി.... അല്ല.. ഞങ്ങളെപ്പോലെയുള്ളവർക്കായി വിരിയേണ്ടത് ഒരു പുഞ്ചിരിയാണ്.... അല്ലാതെ വിഷാദമല്ല.... ചേച്ചി തല കുനിയ്ക്കാതെ... തെറ്റുകാരി ആണെന്ന് ചിന്തിക്കാതെ ചിരിയോടെ ഞങ്ങൾക്ക് മുന്നിൽ നിന്നാൽ ജയിക്കുന്നത് ആരാണെന്ന് അറിയുമോ? ഈ ചേട്ടനാ.... """" അവൾ മോഹന് നേരെ കൈ ചൂണ്ടി.... """ചേച്ചിയ്ക്ക് വേണ്ടി... ചേച്ചിയെ ചേർത്ത് നിർത്തി....ചേച്ചിയോട് മോശമായി പറഞ്ഞവരോട് സംസാരിച്ച ഈ ചേട്ടൻ... ചേച്ചിടെ ഭാഗ്യമാണിദ്ദേഹം... ഇത് പോലെ കൂടെ നിൽക്കാനും ആത്‍മവിശ്വാസം പകരാനും ഒരാളില്ലാതെ പോകുന്നതാണ് പലരുടെയും പ്രശ്നം....ആക്കാര്യത്തിൽ ചേച്ചി ലക്കി ആണ്....""" അവൾ പുഞ്ചിരിയോടെ മോഹനെ നോക്കി... അതേ.... എനിയ്ക്കായി സംസാരിക്കാൻ ഒരു നാവുള്ളപ്പോൾ... ചേർത്ത് നിർത്താൻ ഒരു കരം ഉള്ളപ്പോൾ....

താങ്ങാകാൻ ഒരു തോൾ ഉള്ളപ്പോൾ എന്തിന് തളർന്നു പോകണം...? തന്റെ തളർച്ച പലരുടെയും നാവിന്റെ ബലം കൂട്ടും.... അത് അദ്ദേഹത്തിന്റെ തോൽവിയാണ്... തനിക്കായി നില കൊള്ളുന്ന ആളിന്റെ തോൽവി...! ഇനിയും ആ മനുഷ്യനെ തോൽക്കാൻ അനുവദിക്കില്ല.... ജയിക്കണം എനിക്ക്... ജീവിക്കണം.... ആരെയും ഭയക്കാതെ.... ചുറ്റുമുള്ള ചിലരുടെ നാവുകൾ അപ്പോഴേയ്ക്കും ജാനിയ്ക്കായി ചലിച്ചു തുടങ്ങിയിരുന്നു.... അപ്പോഴും ചിലരുടെ മുഖത്ത് പരിഹാസവും ആവജ്ഞയും മായാതെ നിന്നു..... ജാനിയുടെ നാവിൽ നിന്നും ഒരു വാക്കു പോലും ഉതിർന്നില്ല... പക്ഷെ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയ്ക്കായി ഒരു പുഞ്ചിരി ആ ചുണ്ടിൽ വിടർന്നു നിന്നു.... ആത്‍മവിശ്വാസത്തിന്റെ പുഞ്ചിരി...! അതിന് കാരണക്കാരനായവന്റെ കൈ അവളുടെ കൈക്ക് മുകളിൽ അപ്പോഴും അമർന്നിരിപ്പുണ്ടായിരുന്നു... 🍁🍁🍁🍁🍁🍁🍁🍁 അസ്തമയ സൂര്യനെ നോക്കി കടൽത്തീരത്തായി മോഹന്റെ തോളിലേയ്ക്ക് തല ചേർത്ത് വച്ചിരിക്കുമ്പോൾ ഇളം ചുവപ്പാർന്ന മനോഹരിയായ സന്ധ്യയെക്കാൾ സുന്ദരമായൊരു പുഞ്ചിരി അവളുടെ ചുണ്ടുകളിൽ തെളിഞ്ഞു നിന്നു.... അവരെക്കടന്നു പോകുന്ന പലരുടെയും കണ്ണുകളും ചുണ്ടുകളും അപ്പോഴും അവളുടെ കഴിഞ്ഞ കാലത്തെ ചികഞ്ഞെടുത്തു പരിഹസിച്ചു കൊണ്ടിരുന്നു... പക്ഷെ അതൊന്നും അവളെ ബാധിക്കുന്നുണ്ടായിരുന്നില്ല..... കടൽത്തിരകളോട് കളിക്കുന്ന കുഞ്ഞിയിലും ജയയിലും പ്രഭാകരനിലുമായിരുന്നു അവളുടെ കണ്ണുകൾ....

തിരകളോട് മത്സരിച്ചു കളിക്കുന്നത് കണ്ടപ്പോൾ കുഞ്ഞിയെക്കാൾ ചെറുതാണ് ജയയും പ്രഭാകരനും എന്ന് തോന്നി ജാനിയ്ക്ക്.... പുറത്ത് പോകാമെന്നു പറഞ്ഞപ്പോഴും പിറന്നാൾ സദ്യ ഉണ്ട ക്ഷീണത്തിൽ മടിച്ചിരുന്നതാണ്.... അച്ഛനും അമ്മയ്ക്കും താല്പര്യം ഉണ്ടാവില്ല എന്ന് പറയുകയും ചെയ്തു... """""""""കുഞ്ഞിയെക്കാൾ ഇഷ്ടം അവർക്ക് ആയിരിക്കുമെടോ.... വാർദ്ധക്യം രണ്ടാം ബാല്യം ആണെന്ന് പറയുന്നത് കേട്ടിട്ടില്ലേ? നമ്മുടെ കൂടെ പുറത്തൊക്കെ പോകാൻ അവരിപ്പോ ഒത്തിരി ആശിക്കുന്നുണ്ടാകും..."""""""" അങ്ങനെ ആണ് ജയേട്ടൻ പറഞ്ഞത്.... എത്ര നന്നായാണ് ഈ മനുഷ്യൻ മനുഷ്യരുടെ മനസ്സുകൾ മനസിലാക്കുന്നത്...? ജാനി വലത് കൈ വിരലുകൾ മോഹന്റെ ഇടത് കൈ വിരലുകളോട് കോർത്തു പിടിച്ചു.... കുറച്ചു സമയം ആകാശമാകെ ചുവന്ന ചായം കൊണ്ട് ചിത്രം വരച്ചു ചക്രവാളസീമയെ കൂടുതൽ കൂടുതൽ ഗാഡമായി പുണർന്നു കൊണ്ടിരിക്കുന്ന സൂര്യനെതന്നെ നോക്കിയിരുന്നു.... """ഇന്നലത്തെ സംഭവത്തേക്കുറിച്ച് എന്നോടൊന്നും ചോദിക്കരുത് എന്ന് മോളോട് പറഞ്ഞിരുന്നു അല്ലെ...?""" ഇടം കൈ കൂടി ആ കൈകളിലേയ്ക്ക് ചേർത്ത് വച്ചു കൊണ്ട് ചോദ്യമുതിർത്തു... """എന്തെ...?""" ഒരു മറുചോദ്യമാണ് കിട്ടിയത്.... """ഞാൻ പ്രതീക്ഷിച്ച ചോദ്യങ്ങൾ ഒന്നും തന്നെ അവളിൽ നിന്ന് ഉണ്ടായില്ല... ജയേട്ടൻ അവളോട് സംസാരിച്ചിരിക്കും എന്ന് ഞാൻ ഊഹിച്ചു....""" """മ്മ്... തന്നോട് ഒന്നും ചോദിക്കണ്ട എന്ന് ഞാനാണ് പറഞ്ഞത്....

ചോദ്യങ്ങൾ അവളിൽ നിന്നും ആകുമ്പോൾ അത് തന്നെ എത്രയധികം വിഷമിപ്പിക്കും എന്ന് എനിക്ക് ഊഹിക്കാമായിരുന്നെടോ.... ചോദ്യങ്ങൾ ഒരുപാട് ഉണ്ടായിരുന്നു അവൾക്ക്...ഈ പ്രായത്തിൽ അവൾക്ക് മനസിലാകുന്ന രീതിയിൽ തൃപ്തികരമായ ഉത്തരം ഞാൻ കൊടുത്തിട്ടുണ്ട്... ബാക്കിയൊക്കെ നമുക്ക് പിന്നീട് പറയാടോ... അവൾ വളരട്ടെ.... അപ്പോഴും അവളുടെ സംശയങ്ങൾ ബാക്കിയാണെങ്കിൽ അന്ന് ഞാനല്ല താൻ തന്നെ അവൾക്കുള്ള ഉത്തരങ്ങൾ നൽകണം....""" കൈ വിരലുകൾ ഒന്ന് കൂടി മുറുകെ പിടിച്ചു.... നിറഞ്ഞ പുഞ്ചിരിയോടെ സമ്മതഭാവത്തിൽ ഒന്ന് തലയാട്ടി.... കണ്ണുകൾ വീണ്ടും തിരമാലകളോട് കുറുമ്പ് കാട്ടുന്ന മൂന്ന് പേരിലേയ്ക്ക് നീണ്ടു..... ചുണ്ടിൽ വീണ്ടും ഒരു നേർത്ത പുഞ്ചിരി സ്ഥാനം പിടിച്ചു.... 🍁🍁🍁🍁🍁🍁🍁 വീണ്ടും രണ്ട് ദിവസം കൂടി കഴിഞ്ഞാണ് ജാനി ആഗ്രഹിച്ച കന്യാകുമാരി യാത്രയ്ക്ക് തീരുമാനമായത്.... ദേവിയെ കാണണമെന്നുള്ള മോഹം അപ്പോഴേയ്ക്കും അവളുടെ മനസിലും വല്ലാതെ അധികരിച്ചിരുന്നു.... ജയയും പ്രഭാകരനും കൂടി അവരുടെ ഒപ്പം കൂടി... കാറിൽ ഇരിക്കുമ്പോൾ ജാനിയുടെ മനസ്സ് വീണ്ടും ആസ്വസ്ഥമാകാൻ തുടങ്ങിയിരുന്നു.... അത് വരെ തെളിഞ്ഞു നിന്ന മനസ്സ് വീണ്ടും പേരറിയാത്ത എന്തൊക്കെയോ ആസ്വസ്ഥതകളാൽ മൂടപ്പെടുന്നു.... ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു മോഹനും അവളിലെ ആസ്വസ്ഥതകൾ നോക്കിക്കാണുന്നുണ്ടായിരുന്നു.... """എന്ത്‌ പറ്റിയെടോ...? വയ്യായ്ക വല്ലതും ഉണ്ടോ..? എങ്കിൽ നമുക്ക് തിരികെ പോകാം...."""" മോഹനിലെ ടെൻഷൻ തിരിച്ചറിഞ്ഞത് കൊണ്ടാകും ജാനി ഒരു പുഞ്ചിരിയുടെ ആവരണം അണിഞ്ഞത്... """"ഒന്നൂല്ല ജയേട്ടാ...."""

എന്നൊരു ഒഴുക്കൻ മറുപടി നൽകി... അത് വെറുതെ ആണെന്ന് ജാനിയെപ്പോലെ മോഹനും അറിയാമായിരുന്നു. എന്നിട്ടും കൂടുതൽ ഒന്നും അയാൾ ചോദിച്ചില്ല...... 💫💫💫💫💫💫 ജാനിയുടെ മുഖത്തെ നഷ്ടമായ തെളിച്ചം തിരികെ കിട്ടാൻ വേണ്ടിയാണ് ആദ്യം ബീച്ചിലേയ്ക്ക് പോകാം എന്ന് തീരുമാനിച്ചത്.... വെള്ളത്തിൽ ഇറങ്ങാതെ അടുത്തുള്ള തിട്ടയിലായി ഇരിക്കുമ്പോഴും മുഖത്തെ അസ്വസ്ഥത മായാതെ നിൽപ്പുണ്ടായിരുന്നു... """എന്താടോ...?""" അവളുടെ അരികിലായി വന്നിരുന്നു മോഹൻ തിരക്കി... """അറിയില്ല ജയേട്ടാ.... ഒട്ടും സന്തോഷം തോന്നുന്നില്ല... എന്തോ ഒരസ്വസ്ഥത പോലെ... എന്താണെന്ന് അറിയുന്നുമില്ല....""" ഒരല്പം ഭയത്തോടെ മോഹൻ ജാനിയുടെ കൈയ്യിലേയ്ക്ക് മുറുകെ പിടിച്ചു... മോഹന്റെ ഭയം തിരിച്ചറിഞ്ഞു അവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു... """ജയേട്ടൻ പേടിക്കണ്ട.... വയ്യായ്ക് ഒന്നുമല്ല.... എന്താണെന്ന് പറയാൻ എനിക്ക് അറിയുന്നില്ല.... മനസിന്‌ ഒരു സുഖം തോന്നുന്നില്ല ....""" അത്ര മാത്രം പറഞ്ഞു അവൾ.. മറ്റൊന്നും പറയാൻ അവൾക്കും അറിയുമായിരുന്നില്ല.... 🍁🍁🍁🍁🍁🍁 ബീച്ചിൽ നിന്നും അമ്പലത്തിലേയ്ക്ക് നടക്കുമ്പോൾ മനസ്സിൽ ദേവിയുടെ രൂപം നിറഞ്ഞു നിന്നിരുന്നു... അപ്പോഴും എന്തിനെന്നറിയാത്തോരസ്വസ്ഥത അവളെ വലയം ചെയ്തിരുന്നു....

നടവഴിയുടെ ഇരു വശത്തുമായി ധാരാളം ഭിക്ഷാടകർ ഉണ്ടായിരുന്നു... അവർക്കിടയിൽ കൊച്ച് കുട്ടികൾ ഇരു കൈകളും മുന്നിലേയ്ക്ക് നീട്ടി ഭിക്ഷ യാചിക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു നൊമ്പരം ഉള്ളിൽ നിറയുന്നതറിഞ്ഞു അവൾ... അനുവാദം ചോദിക്കാതെ മനസ്സ് ഭൂതകാലത്തിലേയ്ക്ക് യാത്ര പോയി....ഉള്ളിൽ വിനോദിന്റെ മുഖം തെളിഞ്ഞു... എവിടെ എങ്കിലും ഇവരെക്കാത്തും ഉണ്ടാകില്ലേ ഒരച്ഛനും അമ്മയും.... അതോ.. ഇവർ തെരുവിന്റെ മക്കളാണോ....? മനസ്സ് കൂടുതൽ ആസ്വസ്ഥമാകുന്നു.... ആരോ തന്നെ വീക്ഷിക്കുന്നത് പോലെ.... ചുറ്റിനും കണ്ണുകൾ കൊണ്ട് പരതി.... ഇല്ല.. അങ്ങനെ ആരും തന്നെ ഇല്ലാ.... അല്ലെങ്കിലും ഇവിടെ ആരാ തന്നെ വീക്ഷിക്കാൻ...? തന്നെ പരിചയമുള്ളതായി ആരുണ്ട് ഇവിടെ ...? പിന്നേ എന്താണ് അങ്ങനെ ഒരു തോന്നൽ....? """എന്താടോ ഇവിടെ തന്നെ നിന്നു കളഞ്ഞത്...? വന്നേ... നടയടയ്ക്കുന്നതിനു മുന്നേ തൊഴുതു ഇറങ്ങണ്ടേ....?""" മുന്നിലേയ്ക്ക് പോയ മോഹൻ തിരികെ വന്നവളുടെ കൈ പിടിച്ചു മുന്നിലേയ്ക്ക് നടന്നു.... അപ്പോഴും ആരുടെയോ കണ്ണുകൾ തന്നിലാണെന്ന തോന്നൽ അവളിൽ ശക്തി പ്രാപിക്കുന്നുണ്ടായിരുന്നു..........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story