തമസ്സ്‌ : ഭാഗം 57

thamass

എഴുത്തുകാരി: നീലിമ

"""എന്താടോ ഇവിടെ തന്നെ നിന്നു കളഞ്ഞത്...? വന്നേ... നടയടയ്ക്കുന്നതിനു മുന്നേ തൊഴുതു ഇറങ്ങണ്ടേ....?""" മുന്നിലേയ്ക്ക് പോയ മോഹൻ തിരികെ വന്നവളുടെ കൈ പിടിച്ചു മുന്നിലേയ്ക്ക് നടന്നു.... അപ്പോഴും ആരുടെയോ കണ്ണുകൾ തന്നിലാണെന്ന തോന്നൽ അവളിൽ ശക്തി പ്രാപിക്കുന്നുണ്ടായിരുന്നു..... അല്പം കൂടി മുന്നിലേയ്ക്ക് നടന്നവൾ കുറച്ചു മാറി തന്നെ തന്നെ നോക്കി ഇരിക്കുന്ന ഒരു രൂപത്തെ കണ്ടു.... നീണ്ട താടി മീശയും മുഖം മറച്ചു മുഖത്തേയ്ക്ക് വീണു കിടക്കുന്ന മുടിയിഴകളും വൃത്തിഹീനമായ കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി നിലത്ത് പടഞ്ഞിരിക്കുന്ന ഒരു രൂപം.... അയാൾക്ക് മുന്നിലായി ഒരു ഭിക്ഷാ പാത്രവും വശത്തായി ഒരു ഊന്നു വടിയും..... മുടികൾക്കിടയിലൂടെ തന്നെ നോക്കുന്ന അയാളുടെ കുഴിഞ്ഞ കണ്ണുകൾ.... നിർവികാരമായിരുന്നു അവ! ആ രൂപത്തിലേയ്ക്ക് ഒരിക്കൽ കൂടി നോക്കാൻ ഭയം തോന്നി ജാനിയ്ക്ക്... അപ്പോഴേയ്ക്കും മോഹൻ അവളെയും പിടിച്ചു മുന്നിലേയ്ക്ക് നടന്നിരുന്നു.... ദേവി സന്നിധിയിൽ തൊഴു കൈയുമായി നിൽക്കുമ്പോൾ അത് വരെ ഉണ്ടായിരുന്ന ആസ്വസ്ഥതകൾ തനിയെ മാഞ്ഞു പോകുന്നതറിഞ്ഞു അവൾ.... തൊഴു കയ്യുമായി കണ്ണുകൾ മുറുകെ പൂട്ടി നിന്നു.... നന്ദി മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളൂ ദേവിയോട്....

നഷ്ട്മായി എന്ന് കരുതിയതൊക്കെ തിരികെ നൽകിയതിന്.... ഒപ്പം പ്രാണനായിക്കാണുന്ന ഒരാളിന്റെ പാതി ആക്കിയതിനു..... ഈ പ്രായത്തിൽ പോലും തന്നെ മനസിലാക്കുന്ന കുഞ്ഞിയെ മകളായി തന്നതിന്.... ഒക്കെത്തിനും പറഞ്ഞാൽ തീരാത്ത നന്ദി മാത്രം....!! പ്രാർത്ഥനകൾ ഒന്നും ഉണ്ടായിരുന്നില്ല.... എല്ലാവരുടെയും നന്മ എന്നതിൽ കവിഞ്ഞൊന്നും ഈയിടെയായി പ്രാർത്ഥനകളിൽ ഇടം നേടാറുമില്ല....... അരികിലായി മോഹനും വലത് കൈ ഹൃദയത്തോട് ചേർത്ത് വച്ച് ഇടത് കൈ കൊണ്ട് മുന്നിൽ തൊഴുതു നിൽക്കുന്ന കുഞ്ഞിയെ തന്നോട് ചേർത്ത് നിർത്തി കണ്ണുകളടച്ചു പ്രാർത്ഥനയിൽ മുഴുകി നിൽക്കുന്നത് കണ്ടു.... ചുണ്ടുകൾ അറിയാതെ പുഞ്ചിരിച്ചു..... തിരികെ ഇറങ്ങുമ്പോൾ മനസ്സ് ശാന്തമായിരുന്നു... കൂടുതൽ തെളിമയുള്ളതും..... 💫🖤💫🖤💫 കാറിനരികിലേയ്ക്ക് നടക്കുമ്പോൾ ജാനി കണ്ടു തനിയ്ക്ക് അരികിലേയ്ക്ക് നടന്നു വരുന്ന ആ രൂപം... കുറച്ചു മുൻപ് തന്നെ നോക്കി ഇരുന്ന അതേ രൂപം....! കയ്യിലെ ഊന്നു വടിയിൽ മുറുകെ പിടിച്ചു നടക്കാൻ നന്നേ പ്രയാസപ്പെട്ടു മുടന്തി മുടന്തി റോഡിനു മറു വശത്ത് നിന്നും ജാനിയ്ക്ക് അരികിലേയ്ക്ക് നടന്നു വരികയാണയാൾ.... അവളിൽ തന്നെ നോട്ടം ഉറപ്പിച്ച്.... ജാനിയുടെ കൈകൾ അരികിലായി വരുന്ന മോഹന്റെ കൈകളിൽ മുറുകി....

ഒരു നിമിഷം..... വേഗത്തിൽ വന്നൊരു വാഹനം അയാളെ ഇടിച്ച് തെറിപ്പിച്ചു.... അയാൾ തെറിച്ചു വീണത് ജാനിയുടെ മുന്നിലായിരുന്നു.... അവളുടെ കാലുകൾക്ക് മുന്നിൽ കമിഴ്ന്നു വീണു അയാൾ.... സ്തംഭിച്ചു നിന്നു പോയി അവൾ....! വീണു കിടന്നയാൾ ബദ്ധപ്പെട്ടു മുഖമുയർത്തി നോക്കി.... മുഖമാകെ പടർന്ന ചോരയിൽ മുടിയിഴകൾ കുതിർന്നൊട്ടിയിരിക്കുന്നു.... വിറയാർന്ന കൈകൾ മുന്നിലേയ്ക്ക് നീണ്ടു ജാനിയുടെ കാലുകളിൽ അമർന്നു... """""""""മാ..... പ്പ്....."""""""" ജാനി ഞെട്ടലോടെ കാലുകൾ പിൻവലിച്ചു അയാളെ ഉറ്റു നോക്കി.... ഒന്നും മനസിലാകാതെ....... """""""""ഞാ.... ൻ........ വിനോ..........""""""""" അടന്നു വീണ അക്ഷരങ്ങൾ പൂർത്തീകരിക്കുന്നതിനു മുന്നേ ജീവനറ്റ ആ മുഖം മണ്ണിലേയ്ക്ക് അമർന്നിരുന്നു.... """ വിനോദ്...!!!!!!!!!""" ആവിശ്വസനീയതയോടെ അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു.... മോഹന്റെ കയ്യിലെ പിടി മുറുകി..... കണ്ണുകൾ ഇറുകെ പൂട്ടി മോഹനെ ചുറ്റിപിടിച്ചു നിൽക്കുകയായിരുന്നു കുഞ്ഞി.... മോഹനും ജയയും പ്രഭാകരനുമൊക്കെ വല്ലാത്തൊരു സ്തംഭനാവസ്ഥയിൽ ആയിരുന്നു....

""""നിങ്ങൾക്കറിയുമോ ആയാളെ?"""" അടുത്ത കടയിൽ നിന്നും ഒരാൾ ഇറങ്ങി വന്നു ചോദിച്ചു.... മലയാളിയാണ്.... കുഞ്ഞിയെ മോഹൻ തന്നിൽ നിന്നും അടർത്തി മാറ്റി ജയയെ ഏൽപ്പിച്ചു.... """"കുറച്ച് കാലമായി ഇവിടെയാ....""" മറുപടി പ്രതീക്ഷിക്കാത്ത പോലെ അയാൾ തുടർന്നു... """"ഭിക്ഷയായി കിട്ടുന്ന കാശിന് അവിടെ ഭിക്ഷയ്ക്കിരിക്കുന്ന കുട്ടികൾക്ക് എന്തെങ്കിലുമൊക്കെ വാങ്ങി കൊടുക്കുന്നത് കാണാം... ഏതുനേരവും അമ്പലത്തിലേക്ക് നോക്കി എന്തൊക്കെയോ പിറുപിറുത്തു കൊണ്ടിരിക്കും... ഭ്രാന്തോന്നും അല്ലാന്നു തോന്നുന്നു... പക്ഷെ ചെഷ്ടകൾ ഒക്കെ ഏതാണ്ട് അങ്ങനെ ഒക്കെ തന്നെയാ.... കുറച്ചുനാൾ മുൻപ് ദേഹത്താകെ വ്രണം വന്ന് ഇവിടെ പുഴുവരിച്ചു കിടന്നതാ... ആരൊക്കെയോ ചേർന്ന് ഇവിടുത്തെ സർക്കാർ ആശുപത്രിയിൽ കൊണ്ടാക്കിയതാ.... രണ്ടുദിവസം മുൻപാ തിരികെ വന്നത്...... അത് ഇങ്ങനെയും ആയി.... മനുഷ്യന്റെ ഒരോ അവസ്ഥകളെ .....!""""" ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് അയാൾ ഒരു ദീർഘനിശ്വാസം എടുത്തു തിരിഞ്ഞു നടക്കുന്നത് കണ്ടു...

. അപ്പോഴേക്കും അവർക്കു ചുറ്റിനും ആൾക്കാർ ഓടിക്കൂടിയിരുന്നു... ജയ അപ്പോഴേക്കും ഭയന്നുവിറച്ച നിന്ന് കുഞ്ഞിനെ പൊതിഞ്ഞു പിടിച്ച് കാറിനുള്ളിലേക്ക് കയറ്റിയിരുത്തി..... """"വാ...""" മോഹനും ജാനിയെ ചേർത്തുപിടിച്ച് കാറിന് അരികിലേക്ക് നടന്നു.... """"" മരിച്ചുവെന്ന് കരുതിയതാ... എങ്ങനെ... ഇവിടെ....??"""" മുന്നിലേയ്ക്കെവിടെയ്‌ക്കോ ദൃഷ്ടി പായിച്ചു ആരോടെന്നില്ലാതെയായിരുന്നു ചോദ്യം.... മുന്നിൽ നടന്നതൊന്നും വിശ്വസിക്കാൻ മനസ്സ് അപ്പോഴും തയ്യാറാകാത്തത് പോലെ.....ഒന്ന് തിരിഞ്ഞു നോക്കാൻ പോലും ശക്തി ഇല്ലാതെ മോഹന്റെ കയ്യിലൂടെ കൈ ചുറ്റി പിടിച്ചിരുന്നു അവൾ... """"ഒരാളുടെ രക്ഷയും ശിക്ഷയും നിശ്ചയിക്കുന്നത് ദൈവമല്ലേ ജാനി...? അവനായി ദൈവം കാത്തുവെച്ച ശിക്ഷ ഇപ്പോഴാകും പൂർണ്ണമായത്.... അവൻ കാരണം ജീവനും ജീവിതവും ഇല്ലാതായ ഒരുപാട് പെൺകുട്ടികളുടെ പ്രതീകമാണ് നീ.... അവസാനമായി ഇങ്ങനെയൊരു മാപ്പ് പറച്ചിൽ കൂടി കാലം കരുതിവെച്ചിരുന്നിട്ടുണ്ടാകാം..."""" ആയിരിക്കാം.... അവൻ കാരണം ഒരുപാട് കുഞ്ഞുങ്ങൾ അനുഭവിച്ചു തീർത്ത വിധി! അതേ വിധി അവനായും കാത്തുവെച്ചിരുന്നു.......!! ഒരുപാട് മുഖങ്ങൾ ഒരു തിരശീലയിൽ എന്ന പോലെ മുന്നിൽ തെളിഞ്ഞു വന്നു... ഒടുവിലായി കുറച്ചു മുൻപ് കണ്ട അവന്റെ മുഖവും....!

തിന്മയ്ക്ക് നല്കപ്പെടുന്ന ശിക്ഷകൾ പ്രതീക്ഷകൾക്കും അപ്പുറമാണ്.....!!!!! ഇന്നല്ലെങ്കിൽ നാളെ അത് അനുഭവവേദ്യമാകും... ഒരു നിശ്വാസത്തിനപ്പുറം അവളുടെ ചുണ്ടിൽ ഒരു നേർത്ത ചിരി വിരിഞ്ഞു വന്നു.... 💫💫💫💫💫💫 വേദനകൾ പേറുന്ന നിമിഷങ്ങൾക്ക് യുഗങ്ങളുടെ ദൈർഘ്യം ഉണ്ടാകും...... എന്നാൽ സന്തോഷങ്ങൾ മാത്രം കടന്നുവരുമ്പോൾ യുഗങ്ങളും നിമിഷങ്ങളിലേക്ക് ചുരുങ്ങും......! ഇരവിനും പകലിനും ഇടയിൽ സന്തോഷം മാത്രം തിങ്ങി നിറഞ്ഞപ്പോൾ 24 മണിക്കൂറിന് 24 മിനിറ്റുകൾ ദൈർഘ്യം പോലുമില്ലാ എന്ന് ജാനിയ്ക്ക് തോന്നി..... ഇടയിലുണ്ടായ നേരിയ നൊമ്പരങ്ങൾ പോലും പിന്നീട് സന്തോഷത്തിന് മാറ്റുകൂട്ടുന്നവയായിരുന്നു.... ഒരു കൊകൂൺ പൊളിച്ചു പുറത്തിറങ്ങുന്ന ശലഭത്തെ പോലെ തന്റെ ചുറ്റും സ്വയം സൃഷ്ടിച്ചിരുന്ന അപകർഷതാബോധം എന്ന ആവരണത്തിൽ നിന്നും ജാനീയും ഇതിനോടകം പുറത്തേക്ക് വന്നിരുന്നു.... മറ്റുള്ളവരുടെ കൂർത്ത നോട്ടങ്ങളെ ഒരു പുഞ്ചിരിയോടെ നേരിടാൻ അവർ പഠിച്ചു കഴിഞ്ഞിരുന്നു....

തല ഉയർത്തിപ്പിടിച്ച് നടക്കുമ്പോൾ കരുത്തായി 5 വിരലുകൾ അവളുടെ കൈകളോട് എന്നും ചേർന്നിരുന്നു.... ജാനിയുടെ ചുറ്റുമുള്ള വർക്കും തിരിച്ചറിവിന്റെ നാളുകളായിരുന്നു.... ജീവിക്കാനുള്ള അവകാശം തങ്ങളുടെ ഒപ്പം അവൾക്കും ഉണ്ടെന്ന തിരിച്ചറിവുകൾ ഉണ്ടായപ്പോൾ അവരിൽ ഒരാളായി ജാനിയും മാറി.... നീണ്ട 10 വർഷങ്ങൾ..... ജയയുടെയും പ്രഭാകരൻന്റെയും പ്രിയങ്കരിയായി മകളായി..... കുഞ്ഞിയുടെ സ്നേഹനിധിയായ അമ്മയായി.... കൂട്ടുകാരിയായി..... എല്ലാത്തിലുമുപരി മോഹന്റെ നല്ല പാതിയായി.... നഷ്ടമായ മൂന്ന് വർഷങ്ങൾക്ക് പകരം ആസ്വദിച്ച് ആഹ്ലാദിച്ച് ജീവിച്ച പത്തുവർഷങ്ങൾ...! ഇതിനിടയിൽ മലേഷ്യൻ ജീവിതം അവസാനിപ്പിച്ച് ആൽവിയും മായയും ജോയലും കൂടി നാട്ടിൽ ഒപ്പം കൂടിയപ്പോൾ ഇരു വീടുകളും സ്വർഗ്ഗ തുല്യമായി മാറുകയായിരുന്നു..... ജോയൽ ഇതോനോടകം തന്നെ ട്രിവാൻഡ്രത്തെ പ്രസിദ്ധമായ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ കാർഡിയോളജിസ്റ്റ് ആയി ജോലി നോക്കി തുടങ്ങിയിരുന്നു.... കുഞ്ഞി പിജി ഒന്നാംവർഷ വിദ്യാർത്ഥിനിയും.... 🌸🌸🌸🌸🌸 കോളേജിൽ നിന്ന് എത്തുമ്പോൾ ജാനി പതിവില്ലാതെ ടിവിയുടെ മുന്നിൽ ഇരിക്കുന്നത് കണ്ടു കുഞ്ഞിയും ബാഗ് സോഫയിലേക്ക് ഇട്ട് അവൾക്കരികിലായി വന്നിരുന്നു...

"""ഇന്നെന്താ അമ്മ കുട്ടി പതിവില്ലാതെ ഇവിടെ ഇരിക്കുന്നത്?""" ജാനിയുടെ കവിളിൽ കളിയായി നുള്ളി കൊണ്ട് കുഞ്ഞി ചിരിയോടെ ചോദിച്ചു.... """"അതോ ജോയലിനോട് സംസാരിച്ചിരിക്കുകയായിരുന്നു... അവൻ ഫോൺ വന്നിട്ട് പുറത്തേക്കിറങ്ങിയപ്പോ വെറുതെ ടി വി വെച്ചു.....""" """ആഹാ... ജോച്ചൻ വന്നോ? എന്നിട്ട് ഞാൻ പുറത്തെങ്ങും കണ്ടില്ലല്ലോ....""" """ ആവോ... ചിലപ്പോ ആ സൈഡിൽ എങ്ങാനും മാറി നിക്കുവാകും.... """ ജാനി പറഞ്ഞു കൊണ്ട് സോഫയിൽ നിന്നും എഴുന്നേറ്റു.... """ ആവിച്ചനും മായമ്മേം ഉണ്ടോ? """ """ഇല്ലാ... ജോയൽ മാത്രേ ഉള്ളൂ... നീ പോയി ഫ്രഷ് ആയി വാ.... ഞാൻ ചായ എടുക്കാം....""" ജാനി അടുക്കളയിലേയ്ക്ക് നടന്നു.... കുഞ്ഞി ഡോറിന് അടുത്തേക്ക് ചെന്ന് തല പുറത്തേക്കിട്ടു മുറ്റത്ത് ആകെ ഒന്ന് നോക്കി... കൊതിച്ചത് കാണാനാകാതെ ഒരു നിരാശ അവളുടെ കണ്ണുകളിൽ ആകെ പടർന്നു...... """"പോയി കുളിക്ക് കുഞ്ഞി....""" ജാനി അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞപ്പോൾ തെല്ലൊരു നിരാശയോടെ കുഞ്ഞി മുകളിലേയ്ക്ക് നടന്നു.... ഫ്രഷ് ആയി റൂമിൽ നിന്നും ഇറങ്ങുമ്പോൾ ബാൽക്കണിയിൽ ആരോ ഉണ്ടെന്ന് തോന്നി കുഞ്ഞിയ്ക്ക്.... പുറം തിരിഞ്ഞ് ഫോണിൽ ആരോടോ സംസാരിച്ചു നിൽക്കുകയായിരുന്നു ജോയൽ....

അവനെക്കണ്ടു കുഞ്ഞിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.... അവൻ അറിയാതെ പതിയെ പിറകിലായി പോയി നിന്നു..... """""""ട്ടോ"""""" അവന് പിറകിലായി നിന്നവൾ ഉറക്കെ ഒച്ച വച്ചു ... പെട്ടെന്നായത്തിനാൽ പിടി വിട്ട് ജോയലിന്റ കയ്യിലെ ഫോൺ താഴെ വീണു... """"ദുഷ്ടേ... എന്റെ ഫോൺ... നശിപ്പിച്ചല്ലോടി നീ അതിനെ...?"""" തറയിൽ ചിതറി കിടക്കുന്ന ഫോണിലേയ്ക്ക് നോക്കി അവൻ തലയിൽ കൈ വച്ച നിന്നു. """""അയ്യേ.. ഡോക്ടർ ആണത്രേ.... പേടിത്തൊണ്ടൻ...."""" കുഞ്ഞി ജോയലിനെ നോക്കി കളിയാക്കി ചിരിച്ചു.... അവൻ കൈ എത്തിച്ചു അവളുടെ ചെവിയിൽ പിടിച്ചു വേദനിപ്പിക്കാതെ തിരിച്ചു... """""ജോക്കുട്ടാ... വിട്ടേ... എനിക്ക് വേദനിക്കും കേട്ടോ..."""" അവൾ ബലമായി പിടി വിടുവിച്ചു ജോയലിനെ തള്ളി മാറ്റി തിരിഞ്ഞോടി... """"പേടിത്തൊണ്ടൻ ജോക്കുട്ടൻ...."""" ഓടുന്നതിനിടയിൽ അവനെ ചൊടിപ്പിക്കാനായി ഉറക്കെ വിളിച്ചു കൂവി... """"ഇതിനുള്ളത് നിനക്ക് ഞാൻ കെട്ടു കഴിഞ്ഞ് തരാട്ടാ...."""" അവൻ പതിയെയാണ് പറഞ്ഞതെങ്കിലും കുഞ്ഞി അത് കേട്ടിരുന്നു....... അവൾ പിടിച്ചു കെട്ടിയത് പോലെ നിന്നു...

പിന്നേ പതിയെ തിരിഞ്ഞു നോക്കി... കേട്ടത് വിശ്വസിക്കാനാകാത്തത് പോലെ അവന്റെ കണ്ണുകളിലേയ്ക്ക് നോക്കി നിന്നു.... """"റൊമാന്റിക് ആയിട്ട് പ്രൊപ്പോസ് ചെയ്യാനൊന്നും അറിയില്ല എനിക്ക്... നിന്റെ കുറുമ്പുകൾ എനിക്ക് ഇഷ്ടമാണ്.... നിന്നെയും... ജീവിതകാലം മുഴുവൻ നീയും നിന്റെ കുറുമ്പുകളും ഒപ്പം ഉണ്ടാകണം എന്നുണ്ട്.... എനിക്ക് അറിയേണ്ടത് നിന്റെ തീരുമാനമാണ്.... ഇനി ഒക്കെ തീരുമാനിച്ചിട്ട് നീ എന്നെ ആങ്ങളയായിട്ടാ കണ്ടേക്കുന്നത് എന്ന് പറഞ്ഞാൽ തീർന്നില്ലേ...? അതോണ്ട് എന്തായാലും പറഞ്ഞോ...."""" ജോയൽ അവളുടെ മുന്നിലേയ്ക്ക് വന്ന് മാറിൽ കൈകൾ പിണച്ചു കെട്ടി നിന്നു.... അവനോട് പറയേണ്ട മറുപടി കിട്ടാതെ ഒരു നിമിഷം കുഴങ്ങി നിന്നു കുഞ്ഞി.... ഇതിപ്പോ ഞാൻ എന്ത്‌ മറുപടി ആണ് നൽകേണ്ടത്.? അച്ചായിയോടും അമ്മയോടും ചോദിക്കാതെ സ്വയം ഒന്നും തീരുമാനിച്ചിട്ടില്ല ഇതു വരെ.. ജോച്ചനോട് മനസ്സിൽ ഒരിഷ്ടം ഉണ്ട്‌..ആദ്യം അത് അമ്മയോടും അച്ചായിയോടും പറയണം എന്നായിരുന്നു.... ഇതിപ്പോ ജോച്ചൻ ഇങ്ങനെ മുന്നിൽ വന്ന് നിന്ന് ചോദിക്കും എന്ന് ആരെങ്കിലും കരുതിയോ...? ഞാൻ യെസ് പറഞ്ഞാൽ അച്ഛായീടേം അമ്മേടേം മനസിൽ മറ്റെന്തെങ്കിലും ഉണ്ടെങ്കിലോ..? ഈശ്വരാ... ധർമ സങ്കടത്തിൽ ആയല്ലോ ഞാൻ....

ജോയലിന്റെ കണ്ണുകൾ തന്നിലാണെന്ന് അറിയാമായിരുന്നിട്ടും മുഖം ഉയർത്തി നോക്കാനായില്ല കുഞ്ഞിയ്ക്ക് ... """"കാന്താരീടെ നാവെവിടെ പോയി....? ഇല്ലെങ്കിൽ ഒരു ചോദ്യത്തിന് നൂറ് ഉത്തരം കിട്ടുന്നതാണല്ലോ..?""" കുസൃതി ചിരിയോടെയുള്ള ജോയലിന്റെ ചോദ്യത്തിനും കുഞ്ഞി ഉത്തരം നൽകിയില്ല.... ആദ്യമായി ജോയലിന്റെ മുന്നിൽ മറുപടി ഇല്ലാതെ നേരിയൊരു പരിഭ്രമത്തോടെ നിന്നു കുഞ്ഞി.... """നിന്ന് വിയർക്കേണ്ട.... അങ്കിളിനോടും ഞാൻ അമ്മയോടും ചോദിക്കാതെ മറുപടി പറയാൻ കഴിയുന്നില്ല അല്ലേ?""" കുഞ്ഞി മുഖമുയർത്തി നോക്കി. തന്റെ മനസ്സ് വായിച്ചിരിക്കുന്നു... ഉള്ളിലെ പരിഭ്രമം ഒരല്പം കുറഞ്ഞതുപോലെ.. """"നമ്മുടെ അച്ഛനമ്മമാർ ഇതൊക്കെ നേരത്തെ തീരുമാനിച്ചതാണ് പെണ്ണെ ..."""" കുഞ്ഞിയുടെ കണ്ണിൽ ഞെട്ടൽ പ്രകടമായി.... അത് നോക്കി നിന്ന ജോയലിന്റെ ചിരി ഒന്നുകൂടി വിടർന്നു... """" നിന്ന് കണ്ണു തള്ളണ്ട. സത്യമാ പറഞ്ഞത്.... നിന്റെ മനസ്സറിഞ്ഞിട്ട് അവരോട് പറയാം എന്നോർത്തതാണ്.... അപ്പോഴാണ് യാദൃശ്ചികമായി ഇന്നലെ അപ്പനും അമ്മയും തമ്മിൽ സംസാരിക്കുന്നത് കേട്ടത്... അവര് നമ്മുടെ കല്യാണമൊക്കെ തീരുമാനിച്ചു വച്ചേക്കുവാണെന്ന്.... നിന്റെ കോഴ്സ് കഴിഞ്ഞിട്ട് നിന്നോട് ചോദിക്കാനാണ് തീരുമാനം എന്ന് തോന്നുന്നു...

അതിന് മുന്നേ ഞാൻ ചോദിക്കാം എന്ന് കരുതി... നിന്റെ മനസ്സിൽ ഇനി ആരെങ്കിലും ഉണ്ടങ്കിലോ...? എന്തെ അങ്ങനെ ആരെങ്കിലും ഉണ്ടോ...?""" കുഞ്ഞിയുടെ വിടർന്ന കണ്ണുകളിലേയ്ക്ക് നോക്കി ചോദിക്കുമ്പോൾ അവൾ കണ്ണുകൾ താഴ്ത്തി ഉണ്ട്‌ എന്ന് തല ചലിപ്പിച്ചു.... """ആഹാ.. ഉണ്ടോ...? എന്നാൽ ആരാ ആ ഹതഭാഗ്യൻ...?""" മായാത്ത ചിരിയോടെ കളിയായി ചോദിച്ചു ജോയൽ... എന്റെ മുന്നിൽ നിൽപ്പുണ്ട് എന്നവൾ പറയും എന്നാണവൻ പ്രതീക്ഷിച്ചത്... """ഹതഭാഗ്യനോ...? അങ്ങനെ ആണെങ്കിൽ പിന്നേ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞത് എന്തിനാ....?""" """അത് തമാശയ്ക്ക് പറഞ്ഞതല്ലേ...? നിന്റെ മനസ്സറിയാൻ...."""" """ തമാശയ്ക്കോ....? നീ പോടാ ജോക്കുട്ടാ....""" അവൾ കപട ദേഷ്യത്തിൽ ജോയലിനെ പിറകിലേയ്ക്ക് തള്ളി തിരിഞ്ഞോടി.... """ഹാ.. ആരാന്ന് പറഞ്ഞിട്ട് പോ പെണ്ണെ...""" അവൻ പിറകിൽ നിന്ന് വിളിച്ചു പറഞ്ഞു... """"അതേ.... ഞാനേ.... കെട്ട് കഴിഞ്ഞു പറഞ്ഞു തരാട്ടാ.....""" ഈണത്തിൽ പറഞ്ഞു ഉറക്കെ ചിരിച്ചു കൊണ്ട് താഴേയ്ക്ക് പടികളിറങ്ങി ഓടുന്നവളെ ചിരിയോടെ തന്നെ അവൻ നോക്കി നിന്നു....

🍁🌸🧡🌸🍁 ടി വി യിൽ ന്യൂസ് ചാനൽ ശ്രദ്ധയോടെ കേട്ടിരിക്കുകയായിരുന്നു മോഹൻ... കുഞ്ഞി അയാൾക്കരികിൽ വന്നിരുന്നു തല മടിയിലേയ്ക്ക് ചായ്ച്ചു വച്ച് കിടന്നു .... മോഹൻ അവളുടെ തലയിൽ പതിയെ തലോടിക്കൊണ്ട് ടി വി യിൽ തന്നെ ശ്രദ്ധയുറപ്പിച്ചിരുന്നു.... """"അമ്മേ.. വന്നേ.. ഇവിടെ വന്നിരുന്നേ ....""" കുഞ്ഞി അടുക്കളയിലേയ്ക്ക് നോക്കി ഉറക്കെ വിളിച്ചു.... """ഇന്നത്തെ വിശേഷം പറയാൻ സമയമായി അല്ലേ..?""" ജാനി ചിരിയോടെ സാരിത്തുമ്പിൽ കൈ തുടച്ച് ഇരുവർക്കും അരികിൽ വന്നിരുന്നു.... ജാനി കൂടി വന്നപ്പോ മോഹനും ടി വി ഓഫ് ചെയ്ത് കുഞ്ഞിയുടെ വർത്തമാനം കേൾക്കാൻ തയാറായി.... """അതേ.. ഇന്ന് വിശേഷം പറച്ചിലൊക്കെ പിന്നേ... അതിന് മുൻപ് രണ്ട് പേരോടുമായി എനിക്കൊരു കാര്യം പറയാനുണ്ട്..""" കുഞ്ഞി മോഹന്റെ മടിയിൽ നിന്നും എഴുന്നേറ്റു അവർക്ക് മുൻപിൽ തറയിലായി മുട്ട് കുത്തി ഇരുന്നു... പിന്നേ ഇരുവരുടെയും കൈ പിടിച്ചു വച്ചു. """നീ പറഞ്ഞോ പെണ്ണെ...""" ""അതേ... എനിക്ക്.... എനിക്ക് ഒരാളെ ഇഷ്ടാണ്...."" കുഞ്ഞി ഇരുവരെയും മാറി മാറി നോക്കി പറയുമ്പോ മോഹനും ജാനിയും പരസ്പരം നോക്കി... ""ആരെയാ മോളെ..?"" ഒരു പുഞ്ചിരി വരുത്തി ജാനി ചോദിച്ചു... """അതിന് മുൻപ് ഒന്ന് ചോദിക്കട്ടെ? നിങ്ങൾ എനിക്കായി ആരേം കണ്ടെത്തിയിട്ടൊന്നും ഇല്ലല്ലോ അല്ലെ?

""" """അത്.. മോളെ... അതല്ലല്ലോ... മോളുടെ ഇഷ്ടം അല്ലെ വലുത്...?""" എങ്ങും തൊടാതെ ഒരു മറുപടി നൽകി മോഹൻ... """എന്നോട് ഇന്ന് ഒരാൾ ഇഷ്ടാണെന്നു പറഞ്ഞു.. ആളിനെ എനിക്കും ഇഷടാണ്... നിങ്ങളോട് ചോദിക്കാതെ ഞാൻ എങ്ങനെയാ യെസ് പറയണത്....?""" ചുണ്ടിൽ ഊറി വന്ന പുഞ്ചിരി ഒളിപ്പിച്ചു കുഞ്ഞി ഇരുവരെയും മാറി മാറി നോക്കിയിരുന്നു.... """അല്ല.. നിങ്ങൾ എന്റെ കല്യാണമെങ്ങാനും നേരത്തെ തീരുമാനിച്ചിട്ടുണ്ടെങ്കിൽ ഞാൻ ആളിനോട് യെസ് പറഞ്ഞാൽ നിങ്ങൾക്ക് വിഷമമാകില്ലേ...?""" കുഞ്ഞി വീണ്ടും പറഞ്ഞു.... അപ്പോഴും മോഹനും ജാനിയും ഒന്നും മിണ്ടുന്നില്ല എന്ന് കണ്ടപ്പോൾ കുഞ്ഞി എഴുന്നേറ്റു.. """ഞാൻ എല്ലാം നിങ്ങളോട് തുറന്ന് പറയാറില്ലേ..? എന്നിട്ടും നിങ്ങൾ എന്തിനാ എന്നിൽ നിന്നും മറയ്ക്കുന്നത്?""" ഇത്രയൊക്കെ പറഞ്ഞിട്ടും ഉള്ളിലുള്ളത് ഇരുവരും തുറന്നു പറയാത്തതിൽ കുഞ്ഞിക്ക് വല്ലാത്ത സങ്കടം തോന്നി.... അതവളുടെ വാക്കുകളിൽ പ്രതിഭലിക്കുകയും ചെയ്‌തു..... മോഹനും ജാനിയും കുഞ്ഞിയെ നോക്കി ഉറക്കെ പൊട്ടിച്ചിരിച്ചു.... ഇരുവരും എഴുന്നേറ്റു കുഞ്ഞിയുടെ ഇരു വശത്ത് കൂടെയും ചെന്ന് അവളെ ചേർത്ത് പിടിച്ചു... """എന്റെ കാ‍ന്താരി പാറൂ.... പിണങ്ങാതെ.... ജോയൽ എന്നോട് പറഞ്ഞിരുന്നു ഇന്ന് നിന്നോട് സംസാരിച്ചിരുന്നു എന്ന്.... നിന്നെ ഒന്ന് കളിപ്പിക്കാനല്ലേ ഞങ്ങൾ അറിയാത്ത ഭാവം നടിച്ചത്...""" ജാനി അവളുടെ കവിളിൽ നുള്ളി ചിരിച്ചു.... ""

"പിന്നേ മോള് കരുതുന്നത് പോലെ നിങ്ങളുടെ വിവാഹം ഞങ്ങൾ അങ്ങനെ തീരുമാനിച്ചിട്ടൊന്നും ഇല്ലായിരുന്നു... ആൽവിയും മായയും ഇങ്ങനെ ഒരു താല്പര്യം പറഞ്ഞപ്പോ അത് നല്ലതാണെന്നു ഞങ്ങൾക്കും തോന്നി..... ജോയൽ ആകുമ്പോ നിന്നെ ഒരു ആശങ്കയും ഇല്ലാതെ തന്നെ ഞങ്ങൾക്ക് ഏൽപ്പിക്കാല്ലോ മോളെ...? ആൽവിയ്ക്കും മായയ്ക്കും നീ ഇപ്പോഴും മോള് തന്നെയാണ്.... അതോർത്തും ഞങ്ങൾക്ക് വേവലാതിപ്പെടേണ്ട.... നിന്റെ കോഴ്സ് കഴിഞ്ഞിട്ട് നിങ്ങളോട് സംസാരിക്കാം എന്നാണ് ഞങ്ങൾ കരുതിയത്.... അല്ലാതെ നിന്നിൽ നിന്നും ഞങ്ങൾ എന്തെങ്കിലും മറയ്ക്കാറുണ്ടോ മോളെ ...?""" മോഹൻ കുഞ്ഞിയെ തനിയ്ക്ക് നേരെ തിരിച്ചു നിർത്തി.... """നിനക്ക് വേണ്ടി അല്ലെ കുഞ്ഞേ ഞങ്ങൾ ജീവിക്കുന്നത്....? നിന്റെ സന്തോഷം അല്ലെ ഞങ്ങളുടെയും സന്തോഷം...?""" മോഹൻ അവളുടെ കവിളിൽ ഒന്ന് തലോടി നെറുകയിൽ ചുണ്ടുകൾ ചേർത്തു... കുഞ്ഞി അയാളുടെ നെഞ്ചോട് പറ്റിച്ചേർന്നു നിന്നു... ഒരു കൊച്ച് കുഞ്ഞിനെപ്പോലെ.... വലത് കൈ കൊണ്ട് മോഹനെ ചുട്ടിപിടിച്ചു ഇടതു കൈ കൊണ്ട് ജാനിയെയും തങ്ങളോട് ചേർത്ത് നിർത്തി... ഇരുവരോടും ചേർന്ന് നിന്നു ജാനി കുഞ്ഞിയുടെ നെറുകയിൽ ചുണ്ടുകൾ ചേർക്കുമ്പോൾ മൂവരുടെയും കണ്ണുകൾ ഒരുപോലെ ഈറനണിഞ്ഞിരുന്നു.....

🍁🍁🍁🍁🍁 ആരുടെയോ ഉറക്കെയുള്ള കരച്ചിൽ കേട്ടാണ് കണ്ണ് തുറന്നത്.... നിലത്തായി പുതച്ചു കിടപ്പാണ്...... ശരീരമാകമാനം ഒരു തണുപ്പ് പടർന്നു കയറുന്നുണ്ട്.... കുഞ്ഞിയുടെ കരച്ചിലല്ലേ കേൾക്കുന്നത്...? കണ്ണുകൾ ബദ്ധപ്പെട്ടു തുറന്ന് നോക്കി.... കാൽക്കലായി ആകെ വാടിതളർന്ന് ഇരിപ്പുണ്ട് കുഞ്ഞി.... ജയേട്ടന്റെ നെഞ്ചോട് ചേർന്ന്..... ഏങ്ങലടികൾ ഉയർന്നു കേൾക്കുന്നുണ്ട്... നിശബ്ദനാണ് ജയേട്ടൻ... കുഞ്ഞിയെ പൊതിഞ്ഞു പിടിച്ച കൈകൾക്ക് നേർത്ത വിറയൽ ഉണ്ട്‌..... കണ്ണുകൾ മുറുകെ പൂട്ടിയിരിക്കുന്നു... നിശബ്ദമായി കരയുകയാണോ...? മായയും ആൽവിചായനും ജോയലും ഉണ്ട്‌.... അച്ഛനും അവർക്ക് അരികിലായി നിൽപ്പുണ്ട്.... എല്ലാപേരുടെയും മുഖത്ത് വേദന മാത്രം.... എന്താണ് ഇവർക്കൊക്കെ പറ്റിയത്...? എന്തിനാണ് എന്റെ കുഞ്ഞി മോള് കരയുന്നത്....? ജയേട്ടന്റെ ഹൃദയം നോവുന്നത് ആ മുഖത്ത് നിന്നറിയാം.... കുഞ്ഞീ... മോളെ... എന്തിനാ കരയുന്നത്....? ജയേട്ടാ... എന്തിനാ വേദനിക്കുന്നത്....? ഉറക്കെ അലറി വിളിച്ചു നോക്കി....

ഇല്ല... ശബ്ദം പുറത്തേയ്ക്ക് വരുന്നില്ല... നാവ് ചലിക്കുന്നില്ല.... ആരോ ബന്ധിച്ചിരിക്കുന്നത് പോലെ.... എഴുന്നേറ്റു അവർക്കരികിലേയ്ക്ക് പോകാൻ തുനിഞ്ഞു... ഇല്ലാ... എഴുന്നേൽക്കാൻ ആകുന്നില്ല.... കാലുകളും ആരോ കൂട്ടികെട്ടിയിരിക്കുന്നു... ഉള്ളിൽ നിറയുന്ന വികാരങ്ങളെ പുറം തള്ളാൻ ആഞ്ഞൊന്നു ശ്വാസം വലിച്ചു.... ഇല്ല... കഴിയുന്നില്ല... നാസാദ്വാരത്തിൽ എന്തോ തടസമായി നിൽക്കുന്നു.... പഞ്ഞിയോ....? ഇതെങ്ങനെ എന്റെ മൂക്കിൽ....? എനിക്ക് എന്താണ് പറ്റിയത്....? ചലിക്കാനാകാതെ.... ഒന്ന് മിണ്ടാനാകാതെ... ഒന്ന് നിശ്വസിക്കാനാകാതെ.... അതേ.... എന്നിലെ എന്നെ മരണം കവർന്നിരിക്കുന്നു..... കുഞ്ഞിയുടെ കല്യാണം എന്ന അവസാന മോഹം പോലും പൂർത്തീകരിക്കാനാകാതെ... ജയേട്ടൻ എന്ന തന്റെ പ്രാണനെ തനിച്ചാക്കി...........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story