തമസ്സ്‌ : ഭാഗം 22

തമസ്സ്‌ : ഭാഗം 22

എഴുത്തുകാരി: നീലിമ

“””””ഞാനുണ്ടാകും ജാനകി…. നിന്റെ ലക്ഷ്യം പൂർത്തിയാകുന്നത് വരെ ഞാൻ ഉണ്ടാകും നിന്നോടൊപ്പം……”””””” തന്റെ കണ്ണുകളിലേയ്ക്ക് പ്രതീക്ഷയോടെ നോക്കുന്നവൾക്ക് മറുപടി നൽകാൻ ഒരു നിമിഷം പോലും അവന് കാക്കേണ്ടി വന്നില്ല…. വാഗ്ദാനം നൽകും പോലെ ജാനകിയുടെ കൈയുടെ മുകളിൽ കൈ വയ്ക്കുമ്പോൾ അവന്റെ കണ്ണിൽ ജാനകിയ്ക്ക് കാവുവിന്റെ മുഖമായിരുന്നു….!!!! 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 ആരുടെയോ അടക്കിപിടിച്ച കരച്ചിലിന്റെ ശബ്ദം കേട്ടാണ് മൂവരും വാതിൽക്കലേയ്ക്ക് നോക്കിയത്. അവിടെ നിൽക്കുന്നവരെക്കണ്ടപ്പോൾ ഞെട്ടൽ ജാനകിയ്ക്കായിരുന്നു. ആൽവിയും മായയും! മായ ഒരു പൊട്ടിക്കരച്ചിലോടെ ഓടി വന്നു അവളെ കെട്ടിപിടിച്ചു ….തിരികെ മായയെ ചേർത്ത് പിടിക്കുമ്പോൾ ജാനകിയുടെ പെയ്തു തോർന്നു കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകിത്തുടങ്ങിയിരുന്നു…..

കണ്ട് നിന്ന ആൽവിയുടെയും കണ്ണുകൾ നിറഞ്ഞു വന്നു …. ഏറെ നാളുകൾക്ക് ശേഷം സ്വബോധത്തോടെ മായയെയും ആൾവിയെയും കണ്ടതിലുള്ള സന്തോഷം… അറിയരുത് എന്ന് ആഗ്രഹിച്ചതൊക്കെയും അവർ ഇരുവരും അറിഞ്ഞതിലുള്ള വിഷമം… അങ്ങനെ എന്തൊക്കെയോ വികാരങ്ങൾ ജാനകിയെ കീഴടക്കിയപ്പോൾ, സത്യമറിയാതെ ഒരായിരം തവണ മനസ്സ് കൊണ്ട് ജാനകിയെ ശപിച്ചു പോയതിലുള്ള നോവും കുറ്റബോധവുമായിരുന്നു മായയെ കീഴടക്കിയത്….. ഇരുവരിലെയും വികാരങ്ങൾ പുറത്ത് വന്നത് കണ്ണുനീറായിട്ടാണെന്ന് മാത്രം…..! ഏറെ നേരത്തെ കരച്ചിലിനോടുവിൽ ആദ്യം അടർന്നു മാറിയത് മായയാണ്…. അവൾ ജാനകിയുടെ മുഖം കൈക്കുമ്പിളിലെടുത്തു നെറുകയിൽ ചുംബിച്ചു… കൈ മാറ്റാതെ തന്നെ ജാനാകിയുടെ കരഞ്ഞു ചുവന്ന കണ്ണുകളിലേയ്ക്ക് മാറി മാറി നോക്കി….

മായയുടെ കണ്ണുകളിൽ അപ്പോഴും കുറ്റബോധമായിരുന്നു….. ജാനാകിയോട് പറയാനുള്ള വാക്കുകൾ കിട്ടാതെ വിതുമ്പുന്ന ചുണ്ടുകളോടെ അവൾ ആ മുഖത്തേയ്ക്ക് തന്നെ നോക്കിയിരുന്നു…. അല്പ നേരം കഴിഞ്ഞാണ് വിങ്ങുന്ന തൊണ്ടയിൽ നിന്നും പുറത്ത് ചാടാൻ മടിച്ചു നിന്ന വാക്കുകൾ പുറത്തേയ്ക്ക് ചാടിയത് …… “”””നീ ഇത്രയേറെ വേദന തിന്നുകയാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ലല്ലോ മോളെ….. മോഹനേട്ടനേയും കുഞ്ഞിയെയും കാണുമ്പോൾ പല തവണ നിന്നെ ഉള്ളിൽ ശപിച്ചിട്ടുണ്ട്….. ചീത്ത പറഞ്ഞിട്ടുണ്ട്…. എന്തിന് നീ നശിച്ചു പോണേ എന്ന് വരെ പ്രാർത്ഥിച്ചിട്ടുണ്ട്…… അവൻ നിനക്കായി ഒരുക്കിയ ചിതയിൽ നീ എരിയുകയാണെന്നറിയാതെ ഞാൻ നിന്നെ….. ഈശ്വരാ……””””” ബാക്കി പറയാനാകാതെ പൊട്ടിക്കരച്ചിലോടെ അവൾ വേണ്ടും ജാനകിയെ മുറുകെ പുണർന്നു…..

ആൽവിയും അവർക്കൊപ്പം ഉണ്ടായിരുന്ന ഒരു സിസ്റ്ററും അവർക്കരികിലേയ്ക്ക് നടന്നു വന്നു. ജാനകിയെ തെറ്റിദ്ധരിച്ചു പോയതിലുള്ള വേദന അവന്റെ മുഖത്തും പ്രകടമായിരുന്നു. “”””നിങ്ങൾ എപ്പോ വന്നു? ഞങ്ങൾ കണ്ടതേ ഇല്ലല്ലോ?”””” ജാനകിയിൽ നിന്നും മായയിൽ നിന്നും നോട്ടം മാറ്റി മദർ ആൾവിയെ നോക്കി. “”””വന്നിട്ട് കുറച്ചു നേരമായി മദർ…. മായ ഇന്നലെ ജാനകിയെ കുറിച്ച് എന്തോ ദു:സ്വപ്നം കണ്ട് പേടിച്ചു അത്രേ…. അവൾ ജാനിയെ കാണണമെന്ന് വാശി പിടിച്ചപ്പോ കൂട്ടിക്കൊണ്ട് വന്നതാണ്…. മോഹൻ അറിഞ്ഞിട്ടില്ല ….. ഇവിടെ വന്നപ്പോ മദർ ജാനകിയുടെ റൂമിൽ ആണെന്ന് ഈ സിസ്റ്റർ പറഞ്ഞു…. വാതിൽക്കൽ എത്തിയപ്പോഴേ ജാനിയുടെ ശബ്ദം കേട്ടു …

അവൾക്ക് സ്വബോധം തിരികെ കിട്ടി എന്നറിഞ്ഞപ്പോ സന്തോഷം തോന്നി. പക്ഷെ അവൾ പറഞ്ഞതൊക്കെ കേട്ടപ്പോ ഒന്നങ്ങാൻ പോലും കഴിഞ്ഞില്ല ഞങ്ങൾക്ക്….. ഇത്ര നേരവും ഒക്കെ കേട്ട് നിക്കുവാരുന്നു അവിടെ…..”””” ആൽവി മായയെ നോക്കുമ്പോൾ കണ്ണുകൾ തുടച്ചു വീണ്ടും ജാനാകിയോട് എന്തൊക്കെയോ പറഞ്ഞു സ്വയം ആശ്വസിക്കുകയായിരുന്നു മായ….. ആൽവി അവർക്കരികിലേയ്ക്കിരുന്നു….. “”””ജാനി…. മോളെ….. ഇനിയും ഒന്നും മോഹനിൽ നിന്നും മറച്ചു വയ്ക്കരുത്…. അവൻ അറിയണം എല്ലാം…. വിനോദ് ഇനി വരില്ല എന്ന് പറഞ്ഞാൽ ഒന്നും അറിയാതെ തന്നെ നിന്നെ സ്വീകരിക്കാൻ തയാറാകും അവൻ….. ഞങ്ങളൊക്കെ നിന്നെ ആവിശ്വസിച്ചപ്പോഴും വെറുത്തപ്പോഴും നിന്നെക്കുറിച്ചു മോശമായ ഒരു വാക്ക് പോലും പറയാതെ നിന്നെ സ്നേഹിക്കുക മാത്രം ചെയ്തതാ അവൻ…..

അവന്റെ സ്നേഹം സത്യമായത് കൊണ്ടാണ്…. അത്രയും ശക്തമായത് കൊണ്ടാണ് ഇപ്പൊ നീ മടങ്ങി വന്നത്….. അവൻ ഒക്കെ അറിയണം… നിന്നെ ചേർത്ത് പിടിക്കും അവൻ… മോഹനും കുഞ്ഞിയുമൊത്തു ഇനിയും നിനക്ക് നല്ലൊരു ജീവിതം ബാക്കിയാണ് ജാനി…..”””” പറയുമ്പോൾ വാത്സല്യത്തോടെ അവളുടെ മുടിയിൽ ഒന്ന് വിരലോടിച്ചു ആൽവി…. “”””വേണ്ട ആൾവിചായ….. ഇപ്പൊ ജയേട്ടൻ ഒന്നും അറിയരുത്….. ജയേട്ടന്റെ സ്നേഹം…. അത് ഞാൻ ഇപ്പോഴും കൊതിക്കുന്നുണ്ട്…. ആത്‍മർത്ഥമായിത്തന്നെ….. എന്റെ കുഞ്ഞിയെ ഒന്ന് വാരിയെടുത്തു ഉമ്മ വയ്ക്കാൻ…ജയേട്ടന്റെ നെഞ്ചോട്‌ ചേർന്നൊന്നു പൊട്ടിക്കരയാൻ വല്ലാതെ മോഹിക്കുന്നുണ്ട് ഞാൻ…..

കുഞ്ഞീടെ കൊഞ്ചിയുള്ള “മ്മാ” വിളി ഇപ്പോഴും എന്റെ കാതിലും മനസിലും മായാതെ നിൽപ്പുണ്ട്….. ഇനി എത്ര നാൾ എനിക്ക് ബാക്കിയുണ്ടെന്നറിയില്ല….. ആ കുറഞ്ഞ നാളുകൾ എന്റെ പ്രിയപ്പെട്ടവരോടൊപ്പം അവരുടെ സ്നേഹവും പരിചരണവും അറിഞ്ഞു, അനുഭവിച്ചു ജീവിച്ചു തീർക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല…. പക്ഷെ എനിക്ക് സ്വാർത്ഥയാകാൻ കഴിയില്ല ആൾവിചായ….. അവിടെ കഴിഞ്ഞ ഒരു പെണ്ണിനും അതിന് കഴിയില്ല. എന്റെ മുന്നിലിപ്പോൾ വലിയൊരു ലക്ഷ്യമുണ്ട്….. ആ ലക്ഷ്യത്തിനുമപ്പുറം മരണം കൊതിച്ചു കൊതിച്ചു ജീവിക്കുന്ന നൂറ് കണക്കിന് പെൺകുട്ടികളുടെയും, ഒന്നുമറിയാത്ത പ്രായത്തിൽ അച്ഛനമ്മമാരുടെ സ്നേഹത്തിൽ നിന്നും അകന്ന് മറ്റുള്ളവർക്ക് മുന്നിൽ ഭിക്ഷാപാത്രം നീട്ടി അവരുടെ ആട്ടും തുപ്പും സഹിച്ചു തെരിവിൽ കഴിയേണ്ടി വരുന്ന കുറെ ഏറെ പിഞ്ചു കുഞ്ഞുങ്ങളുടെയും സ്വാതന്ത്ര്യം എന്ന സ്വപ്നം ഉണ്ട്…..

ജയേട്ടന് കുഞ്ഞി ഉണ്ട്… കുഞ്ഞിക്ക് ജയേട്ടനും…. പരസ്പരം അവര് ജീവൻ കൊടുത്തു സ്നേഹിക്കുന്നുണ്ടാകും…. എനിക്കറിയാം എന്റെ ജയേട്ടനെ….. എന്റെ കുഞ്ഞിയെ ഒരു മാലാഖയെപ്പോലെ വളർത്തും എന്റെ ജയേട്ടൻ….. പക്ഷെ ആ പെൺകുട്ടികളെയോ കുഞ്ഞുങ്ങളെയോ സ്നേഹിക്കാനോ സഹായിക്കാനോ ആരുമില്ല…… ഇന്നോ നാളെയോ എന്നറിയാതെ ജീവിക്കുന്ന എന്റെ ഈ ജീവൻ കൊണ്ട് അവരിൽ ആരെയെങ്കിലും രക്ഷിക്കാനായാലോ എന്നൊരു തോന്നൽ….. ഒപ്പം ചിലരെ കൊല്ലാനുള്ള പകയുമുണ്ട് മനസ്സിൽ…..”””” പറഞ്ഞു നിർത്തുമ്പോൾ ജാനകിയുടെ മുഖത്ത് മിന്നി മാഞ്ഞ ഭവങ്ങളിൽ ദേഷ്യമോ പകയോ പ്രതികാരമോ സങ്കടമോ അങ്ങനെ എന്തൊക്കെയോ നിറഞ്ഞു നിന്നിരുന്നു….. “”””എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ജാനി….

നിന്നിലെ ഈ മാറ്റം….. ഒരുറുമ്പിനെപ്പോലും നോവിക്കാൻ കഴിയാതിരുന്ന നീ കൊല്ലുന്നതിനെക്കുറിച്ച് പറയുന്നോ?””””” ചോദിക്കുമ്പോൾ മായയുടെ മുഖത്ത് ഭയമായിരുന്നു… ജാനകിയുടെ ഭവമാറ്റം കണ്ടുള്ള ഭയം….! “”””ഒരു മനുഷ്യനെ ഭീരുവും ധീരനുമാക്കുന്നത് ജീവിതം തന്നെയാണ് മായേച്ചി…. ഒരു ദുർബല ഹൃദയത്തെപ്പോളും കരുത്തുള്ളതാക്കാൻ ജീവിതാനുഭവങ്ങൾക്ക് കഴിയും….. കഴിഞ്ഞ മൂന്ന് വർഷങ്ങൾ എന്റെ മനസ്സ് ഒരു ഉലയിൽ ആയിരുന്നു…. അവിടെ കിടന്ന് ഉരുകി ഉരുകി തിളച്ചു മറിഞ്ഞു….. ഇന്നത് കാരിരുമ്പിനെക്കാൾ കാട്ടിയുള്ളതാണ്…… എന്തും നേരിടാനുള്ള കരുത്തുണ്ടതിനു….. അല്ലെങ്കിലും മനുഷ്യൻ ധീരനാകുന്നത് ഭയം ഇല്ലാതാകുമ്പോഴല്ലേ? എനിക്കിപ്പോ ഭയമില്ല…..

മരണത്തെപ്പോലും …. കാരണം അവിടെ ഒരായിരം വട്ടം മരിച്ചതാണ് കഴിഞ്ഞതാണ് ഞാൻ……. ഒന്നോർത്തു നോക്ക്… ഞാൻ ഇവിടെ നിന്നും പോയപ്പോൾ എന്റെ ജയേട്ടനും അച്ഛനും അമ്മയും നിങ്ങളുമൊക്കെ എത്ര വേദനിച്ചുവെന്നു…. ഇത് പോലെ വേദനിക്കുന്ന ഒരുപാട് ബന്ധങ്ങൾ ഉണ്ടാകും അവിടെ എത്തുന്ന ഓരോ പെൺകുട്ടിയ്ക്കും…. അവരിൽ ആരെയെങ്കിലുമൊക്കെ നമുക്ക് രക്ഷിക്കാൻ കഴിഞ്ഞാലോ ആൾവിചായ? ഇന്നലെ ഒരു രാത്രി കൊണ്ട് കൂട്ടിയും കിഴിച്ചും ആലോചിച്ചു ഉറപ്പിച്ച ഒരു തീരുമാനമുണ്ട് മനസ്സിൽ….. അതിലേക്കെത്താൻ ചില മാർഗങ്ങളും…. പക്ഷെ എനിക്കറിയില്ല എത്രത്തോളം വിജയിക്കാനാകുമെന്ന്….. നിങ്ങളൊക്കെ എന്റെ ഒപ്പം ഉണ്ടെങ്കിൽ…. ഒന്ന് ശ്രമിച്ചു നോക്കാം നമുക്ക്….. ആൾവിചായ…. മായേച്ചി…. എന്റെ കൂടെ നിൽക്കില്ലേ നിങ്ങള്? ഒരുപാട് പേരെ ദുരിതത്തിൽ നിന്നും രക്ഷിക്കാനായാലോ? “”””

ആൽവിയുടെയും മായയുടെയും മുഖത്തേക്ക് അവൾ മാറി മാറി നോക്കി. അവരിരുവരും അവളെ നിർവികാരമായി നോക്കിയിരുന്നത്തെ ഉള്ളൂ…..അവളോട് എന്ത്‌ പറയണമെന്ന് അവർക്ക് അറിയില്ലായിരുന്നു…. “”””പക്ഷെ അദ്ദേഹം ഒന്നും അറിയരുത്….. അറിഞ്ഞാൽ എന്നെ കൂടുതൽ ചേർത്ത് പിടിക്കാനെ നോക്കൂ….. ഇനിയും ആ സ്നേഹവാലയത്തിൽ പെട്ടു പോയാൽ അവിടെ നിന്നും പുറത്ത് ചാടാൻ എന്റെ മനസെന്നെ അനുവദിക്കില്ല….. എന്റെ ലക്ഷ്യത്തിലേയ്ക്ക് എനിക്ക് എത്താനായാൽ…. അത് കഴിഞ്ഞും എന്നിൽ ജീവൻ അവശേഷിക്കുന്നെങ്കിൽ അതിന് അവകാശി എന്റെ ജയേട്ടൻ തന്നെ ആയിരിക്കും….. ബാക്കിയുള്ള ഇത്തിരി ജീവിതം ജയേട്ടനെ സ്നേഹിച്ചു ആ സ്നേഹം അനുഭവിച്ചു ജീവിച്ചു തീർക്കണമെനിക്ക്…..””””” അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ വീണ്ടും നനവ് പടർന്നു തുടങ്ങിയിരുന്നു….. “””””ഞങ്ങൾ ഉണ്ടാകും പെണ്ണെ നിന്റെ കൂടെ….

ഞങ്ങളാൽക്കഴിയുന്ന എല്ലാ സഹായങ്ങളും നൽകി ഒപ്പം ഉണ്ടാകും… നീ അനുഭവിച്ചു തീർത്ത ദുരിതങ്ങളിലൂടെ കടന്ന് വന്ന ഒരു പെണ്ണിന്റെ മനസ്സ് എനിക്ക് മനസിലാകും….. ഞാനും ഒരു പെണ്ണല്ലേ?”””” പറയുന്നതിനൊപ്പം ജാനകിയുടെ കയ്യിലേയ്ക്ക് കൈ ചേർത്ത് വച്ചിരുന്നു മായ….. ആൽവി ഒന്ന് ചിരിച്ചു….. എന്റെ അഭിപ്രായമാണ് ഇവൾ പറഞ്ഞത് എന്ന അർത്ഥത്തിൽ മായയുടെ തോളിലൂടെ കൈയിട്ടു അവളെ തന്നിലേയ്ക്ക് ചേർത്ത് നിർത്തി. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 “”””പക്ഷെ സാർ…. എങ്ങനെയാണ് നമ്മൾ വിനോദിലേക്കെത്തുന്നത്? അതിന് നമ്മുടെ പക്കൽ ഒരു വഴിയും ഇല്ലല്ലോ…..””””” ആൽവി തിരിഞ്ഞു ശരത്തിനെ നോക്കി…. മറുപടി നൽകുന്നതിനു മുൻപ് അത് വരെ തന്റെ ചിന്തകൾ കടന്ന് പോയ വഴികളിലൂടെ ഒന്ന് കൂടി നടന്നു കയറി ശരത്….. “””””അവനിലേയ്ക്കെത്താനുള്ള വഴി ഷിഹാബ് തന്നെയാണ് ആൽവിൻ…….””””” “””””ഷിഹാബ്… അവനും വിനോദും തമ്മിൽ ഇപ്പോഴും ബന്ധമുണ്ടെന്നു സാർ വിശ്വസിക്കുന്നുണ്ടോ?”””””

ചോദ്യത്തോടൊപ്പം ആൽവിയുടെ നെറ്റിയും ചുളിഞ്ഞു. “”””അവനും വിനോദും തമ്മിൽ കണക്ഷൻ ഉണ്ടെന്നത് എനിക്കിപ്പോൾ തീർച്ചയാണ്….. അല്ലെങ്കിൽപിന്നെ മോഹനെ ആക്രമിക്കാനായി വിനോദ് ഏർപ്പെടുത്തിയ ഗുണ്ടകൾ എന്തിന് ഷിഹാബിന്റെ പേര് പറയണം? അന്ന് തന്നെ ഞാൻ ഷിഹാബിനെ അറസ്റ്റ് ചെയ്തിരുന്നു…. വ്യക്തി വൈരാഗ്യം തീർക്കാൻ താൻ തന്നെയാണത് ചെയ്തത് എന്നവൻ സമ്മതിക്കുകയും ചെയ്തു… അന്ന് മോഹനും ഷിഹാബും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് അവൻ പറഞ്ഞത് ഞാനും വിശ്വസിച്ചു. പക്ഷെ ഇപ്പൊ…. ഒക്കെ വിനോദിന്റെ കളികൾ ആണെന്ന് അറിഞ്ഞപ്പോൾ…. ഷിഹാബ് വിനോദിനായി കുറ്റം ഏറ്റെടുക്കണമെങ്കിൽ അവർ തമ്മിലുള്ളത് വെറുമൊരു സൗഹൃദം ആകാൻ വഴിയില്ല…… ഒന്നുറപ്പാണ് ഷിഹാബിനെ പൊക്കിയാൽ വിനോദിലേയ്ക്കുള്ള വഴി തുറന്നു കിട്ടും……”””

ശരത്തിന്റെ അഭിപ്രായം ശരി വയ്ക്കുന്നത് പോലെ ആയിരുന്നു മദർ ഉൾപ്പെടെ എല്ലാപേരുടെയും മുഖഭാവം. “”””എന്നാൽ അവനെ അങ്ങ് പോക്കട്ടെ സാറേ?”””” ആൽവിയ്ക്ക് തീരെ ക്ഷമ ഉണ്ടായിരുന്നില്ല. “””ധൃതി വേണ്ട ആൽവിൻ…… നമ്മുടെ ലക്ഷ്യം വളരെ വലുതാണ്. അതിലേക്കുള്ള ഓരോ ചുവടും വളരെ സൂക്ഷിച്ചു വേണം……ഒന്ന് പാളിപ്പോയാൽ അവർക്ക് എന്തെങ്കിലും സൂചന കിട്ടിയാൽ നഷ്ടം നമുക്കാണ്…..അതിലൂടെ അവർ ജാനകിയിലേക്കെത്തും….. അത് പാടില്ല….. ഷിഹാബിന്റെ നീക്കങ്ങൾ ഓരോന്നും നിരീക്ഷിക്കണം….. ആരും അറിയാതെ അവനെ നമ്മുടെ കയ്യിൽ കിട്ടണം….. അതിനുള്ള അവസരത്തിനായാണ് കാത്തിരിക്കേണ്ടത്….””””” അതാണ്‌ നല്ലത് എന്ന ഭാവത്തിൽ എല്ലാപേരും തല ചലിപ്പിക്കുമ്പോൾ മദറിന്റെ മുഖത്ത് മാത്രം ആശങ്കയുടെ അലകൾ തെളിഞ്ഞു കണ്ടു …. 🍁🍁🍁🍁🍁

പതിവ് പോലെ സിറ്റൗട്ടിൽ ഒരു പുസ്തകം തുറന്ന് വച്ചിരിക്കുകയായിരുന്നു മോഹൻ… മുൻപോക്കെ മണിക്കൂറുകളോളം പരിസരം മറന്നു വായനയിൽ മുഴുകി ഇരിക്കാറുള്ളതാണ്…. എന്നാൽ ഇപ്പൊ…. പുസ്തകം തുറന്ന് വയ്ക്കുമ്പോഴേ ചിന്തകൾ പലവഴിക്കാകും …. എവിടെയൊക്കെയോ ഓടിപ്പാഞ്ഞു തിരികെ എത്തുമ്പോഴേയ്ക്കും കണ്ണുകളിൽ ഉറക്കം സ്ഥാനം പിടിച്ചിരിക്കും….. ഇന്നും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ചിന്തകളിൽ അവൾ തന്നെ ആയിരുന്നു… ജാനകി… എന്തിനാകും ശരത് സാർ രണ്ട് ദിവസത്തിനുള്ളിൽ അങ്ങോട്ട് ചെല്ലണം എന്ന് പറഞ്ഞത്? ചോദിച്ചപ്പോൾ ഒന്നും പറഞ്ഞതുമില്ല….. അവളിൽ എന്തെങ്കിലും മാറ്റം ഉണ്ടായിക്കാണുമോ? പഴയ അവസ്ഥയിലേയ്ക്ക് അവൾ മടങ്ങി എത്തിയിട്ടുണ്ടാകുമൊ? ഇന്ന് അങ്ങോട്ടേക്ക് പോകാം ഇന്നു കരുതിയതാണ്….

ഇന്ന് പോയാൽ നാളെ രാവിലെ തിരികെ എത്താൻ കഴിയില്ല… നാളെ കുഞ്ഞീടെ പിറന്നാളാണ്…. പിറന്നാൾ ദിനം മുഴുവനും ഞാൻ ഒപ്പം ഉണ്ടാകണം എന്ന് അവൾക്ക് വല്ലാത്ത വാശിയാണ്……അന്ന് സ്കൂളിൽ പോലും പോകാതെ കള്ളമടിക്കും മടിച്ചിപ്പാറു…..! അന്നത്തെ ദിവസം മുഴുവൻ അവൾക്കായി സന്തോഹത്തോടെ മാറ്റി വയ്ക്കാറുമുണ്ട്…. ജാനകി പോയ ശേഷം എനിക്ക് കിട്ടാറുള്ള കുഞ്ഞു കുഞ്ഞു സന്തോഷങ്ങളിൽ ഒന്ന് അവളുടെ പിറന്നാളാണ്….. രാവിലെ അവളെ ഉണർത്തി കുളിപ്പിച്ചൊരുക്കി അമ്പലത്തിൽ കൊണ്ട് പോകണം…. ഉച്ചയ്ക്ക് സദ്യ…. അവധി ദിവസങ്ങളിലാണെങ്കിൽ ആൽവിയും മായയും ജോക്കൂട്ടനുമൊക്കെ ഉണ്ടാകും…. ഇതിപ്പോ നാളെ ജോക്കുട്ടൻ ഉണ്ടാകാൻ വഴിയില്ല…. കേക്കും മിട്ടായിയുമൊക്കെ തയാറാക്കണം…..വൈകിട്ട് ബീച്ചിൽ പോകണമെന്നും ഐസ് ക്രീം വാങ്ങിക്കൊടുക്കണമെന്നുമൊക്കെ ഇന്നലെ പറഞ്ഞു വച്ചിട്ടുണ്ടവൾ …..

ഓരോന്ന് ഓർത്തിരുന്നപ്പോഴാണ് അച്ചായി ന്നുള്ള വിളി കേട്ടത്… നോക്കുമ്പോ തൊട്ട് മുന്നിൽ കള്ളചിരിയോടെ നിൽപ്പുണ്ട് കാ‍ന്താരി…..! അവള് തന്നെ മടിയിലെ ബുക്ക് മടക്കി മേശമേൽ വച്ചിട്ട് മടിയിലേയ്ക്ക് കയറിയിരുന്നു….. “”””കുഞ്ഞീടെ ചക്കര അച്ചായി…”””” എന്ന് പറഞ്ഞു ഇരുകൈകളും മോഹന്റെ കഴുത്തിൽ ചുറ്റി രണ്ട് കവിളിലും മാറി മാറി ഉമ്മ വച്ചു ….. പിന്നേം ഒരു കള്ള ചിരിയോടെ മുഖത്തേയ്ക്ക് നോക്കി ഇരിപ്പാണ്… എന്തോ കാര്യസാധ്യത്തിനാണെന്ന് ആ ഇരിപ്പും കള്ള ലക്ഷണവുമൊക്കെ കണ്ടപ്പോൾത്തന്നെ അവന് മനസിലായി….. ചിന്തകളുടെ കയങ്ങളിൽ എപ്പോഴോ മുങ്ങിപ്പോയ പുഞ്ചിരി വീണ്ടും അവന്റെ ചുണ്ടുകളിൽ തിരികെ എത്തി….. അവളുടെ ഇരിപ്പു കണ്ടപ്പോൾ വല്ലാത്ത വാത്സല്യം തോന്നി മോഹന്…. അവനും അവളുടെ കവിളിൽ ചുണ്ടുകൾ ചേർത്തു…

പിന്നെ മൂക്കിന്റെ തുമ്പിൽ പിടിച്ച് കൊഞ്ചിച്ചു കൊണ്ട് ചോദിച്ചു…. “”””എന്തെ അച്ഛായീടെ കുഞ്ഞാറ്റകുട്ടിയ്ക്ക് ഒരു കള്ള ലക്ഷണം?””””” അവൾ അപ്പോഴും കുറുമ്പ് നിറഞ്ഞ മുഖത്തോട് കള്ള ചിരിയോടെ അവനെ നോക്കിയിരുന്നു…. എന്തോ പറയാൻ മടിക്കുന്നത് പോലെ….. “”””ഹാ… പറയെന്നെ….. കുഞ്ഞിക്ക് അച്ചായിയോട് എന്തും പറയാല്ലോ….?””””” കുഞ്ഞിയുടെ കള്ളത്തരത്തിന്റെ കാരണം അറിയാനുള്ള ആകാംക്ഷ അവനും ഉണ്ടായിരുന്നു….. “””””അച്ചായിയേ …. അതേ ………പിന്നേ ……”””” കാര്യം പറയാതെ അവൾ പിന്നെയും തപ്പിത്തടഞ്ഞു….. “””””ദേ… എന്റടുത്തു വന്ന് കൊഞ്ചുന്നതേ എന്തോ കാര്യസാധ്യത്തിനാണെന്ന് എനിക്ക് മനസിലായി…. എന്താണെന്ന് വേഗം പറഞ്ഞെ…..””

“”” പറയുന്നതിനൊപ്പം കളിയായി അവളുടെ കണ്ണുകളിലേയ്ക്കൊന്നു കൂർപ്പിച്ചു നോക്കി….. “””””ആം…. പറയാവേ…..””””” കുഞ്ഞി നല്ല കുട്ടിയായി കൈയൊക്കെ അവളുടെ തുടയിലേയ്ക്ക് വച്ച് മോഹന്റെ മുഖത്ത് നോക്കി ഇരുന്നു….. “””””നാളെ കുഞ്ഞീടെ പിറന്നാളല്ലേ? ഇങ്ങോട്ട് വരാനെ ലേച്ചൂനെക്കൂടി വിളിച്ചോട്ടെ അച്ചായി….?””””” “””””അതിന് നാളെ വർക്കിംഗ്‌ ഡേ അല്ലെ മോളൂ ? എന്റെ മടിച്ചിക്കോത പിറന്നാളാണെന്ന് പറഞ്ഞു മടിപിടിച്ചു ഇരിക്കുമെന്ന് കരുതി….? ലെച്ചൂന് നാളെ സ്കൂളിൽ പോകണ്ടേ?””””” “””””നാളെ എന്റെ പിറന്നാളായോണ്ട് ഇവിടെ വരാം സ്കൂളിൽ പോകത്തില്ലാന്ന് അവള് പറഞ്ഞിട്ടുണ്ടല്ലോ…..”””” കുഞ്ഞീടെ സംസാരം കേട്ടപ്പോൾ മോഹന് ചിരിയാണ് വന്നത്…. “”

“”ആഹാ… അപ്പൊ രണ്ട് പേരൂടെ എല്ലാം തീരുമാനിച്ചുറപ്പിച്ചിട്ടാണല്ലേ എന്നോട് ചോദിക്കാൻ വന്നത്….? പിന്നെ ഞാൻ എന്ത്‌ പറയാനാ?”””” ചിരി കടിച്ചു പിടിച്ച് മോഹൻ പറഞ്ഞു…. “”””അപ്പൊ സമ്മതിച്ചോ?””””” ആകാംക്ഷയോടെ കണ്ണുകൾ വിടർത്തി മോഹനെ നോക്കി…. “”””മ്മ്….”””” മറുപടി അവനൊരു മൂളലിൽ ഒതുക്കി…. “””””ചക്കര അച്ചായി…..””””” കുഞ്ഞിക്കൈകൾ കൊണ്ട് മോഹനെ കെട്ടിപിടിച്ചു കവിളിൽ അമർത്തി ഉമ്മ വച്ചു.. പിന്നെ അവന്റെ നെഞ്ചോടോടിക്കിടന്നു….. “””””പിന്നെ….. അച്ചായിയെ……””””” വീണ്ടും കൊഞ്ചലോടെ നീട്ടി വിളിച്ചു ….. “”””മ്മ്… എന്തെ? ഇനിയും കഴിഞ്ഞില്ലേ?”””” ചോദ്യത്തോടൊപ്പം അവളുടെ മുടിയിലൂടെ വിരലോടിച്ചു…. “”””എനിക്ക് ലെച്ചൂനെ വല്യ ഇഷ്ടാ അച്ചായി…..”””” “”””ലേച്ചൂനെ എനിക്കും ഇഷ്ടാണല്ലോ….””””” “”””ശരിക്കും…..?””

“”” അവൾ മുഖമുയർത്തി നോക്കി… “””””മ്മ്… നിന്നെപ്പോലെ ഒരു കുട്ടിക്കുറുമ്പി അല്ലെ അവളും….? ആർക്കാ അവളെ ഇഷ്ടമാകാത്തത്?””””” മോഹൻ അവളുടെ മൂക്കിൻ തുമ്പിൽ കളിയായി നുള്ളി… “”””എന്നാലേ അച്ചായിയെ…. നമുക്ക് ലേച്ചൂനേം കീർത്തി അമ്മേം നമ്മുടെ കൂടെ കൂട്ടിയാലോ? ലെച്ചൂന് അച്ഛൻ ഇല്ലല്ലോ… നിക്ക് അമ്മേം ഇല്ല…. ലെച്ചൂം കീർത്തി അമ്മേം വന്നാലേ അവൾക്ക് അച്ഛനേം കിട്ടും എനിക്ക് അമ്മേം കിട്ടും… എനിക്ക് കീർത്തി അമ്മേം വല്യ ഇഷ്ടാ…. ന്നോട് വല്യ സ്നേഹാ കീർത്തിയമ്മയ്ക്ക്…..മ്മക്ക് കൊണ്ടരാമോ അച്ചായി അവരെക്കൂടി?””””” അവനെ മുറുകെ പിടിച്ചിരുന്ന കൈകൾ വിടാതെ വിടർന്ന കണ്ണുകളോടെ, പ്രതീക്ഷയോടെ നിഷ്കളങ്കമായി തന്റെ മുഖത്തേയ്ക്ക് നോക്കി ചോദിക്കുന്ന കുഞ്ഞിയുടെ മുഖത്തേയ്ക്ക് അവളുടെ ചോദ്യം മനസിലായിട്ടും മനസിലാകാത്തത് പോലെ അവൻ ഉറ്റു നോക്കിയിരുന്നു…….. തുടരും

തമസ്സ്‌ : ഭാഗം 21

Share this story