തമസ്സ്‌ : ഭാഗം 38

തമസ്സ്‌ : ഭാഗം 38

എഴുത്തുകാരി: നീലിമ

മദറിനോട് സംസാരിച്ചിരിക്കുമ്പോഴാണ് ശരത്തിന്റെ മൊബൈൽ ശബ്ദിച്ചത്……മെസ്സേജ് നോട്ടിഫിക്കേഷൻ ആണ്…പോക്കറ്റിൽ നിന്നും അവൻ അപ്പോൾത്തന്നെ ഫോൺ എടുത്ത് നോക്കി…. വാട്സാപ്പിൽ ആണ്… ജാനകിയുടെ മെസ്സേജ്….. മെസ്സേജ് കണ്ടപ്പോൾ അറിയാതെ അവന്റെ മനസിലേയ്ക്ക് വിനോദിന്റെ മുഖമാണ് കടന്ന് വന്നത്…. അവൻ ഉടനെ തന്നെ മെസ്സേജ് ഓപ്പൺ ചെയ്തു നോക്കി. “സർ ഫ്രീ ആകുമ്പോൾ എന്നെയൊന്നു വിളിക്കാമോ? കുറച്ചു സംസാരിക്കാനുണ്ട്….” ഇതായിരുന്നു മെസ്സേജ്… മെസ്സേജ് വായിച്ചിരിക്കുമ്പോൾ തന്നെ മദറിന്റെ ചോദ്യം വന്നു… “””എന്താ ശരത്…? എന്തെങ്കിലും പ്രശ്നം?”””” “”””ഹേയ്… നതിംഗ് മദർ… ജാനകിയാണ്… അയാളെ ഒന്ന് വിളിക്കണമെന്ന്…. എന്റെ പഴയ നമ്പറിൽ നിന്നും ഇപ്പൊ അയാളെ വിളിക്കാറില്ല… ഇത് പുതിയ സിം ആണ്.. ഒരു ഫ്രണ്ടിന്റെ പേരിൽ എടുത്തത്…. എന്റെ നമ്പർ എല്ലാപേരും അറിയുന്നതല്ലേ?

അവര് ആ നമ്പർ ട്രാക്ക് ചെയ്യുകയോ മറ്റോ ചെയ്‌താൽ?എല്ലാ വശവും ചിന്ദിക്കണമല്ലോ? അത് കൊണ്ടാണ് പുതിയ സിം എടുത്തത്…. ആൽവിനും എടുത്തിട്ടുണ്ട് പുതിയ ഒരു നമ്പർ…..”””” “””””അത് എന്തായാലും നന്നായി…. നീ അവളെ പെട്ടന്ന് വിളിക്ക്…. എന്തെങ്കിലും അത്യാവശ്യം ആണെങ്കിലോ?”””” മദർ അക്ഷമയായി…. ശരത് അപ്പോൾത്തന്നെ ജാനിയുടെ നമ്പറിലേയ്ക്ക് കാൾ ചെയ്തു…. രണ്ട് ബെൽ ആയപ്പോഴേക്കും ജാനി കാൾ അറ്റൻഡ് ചെയ്തു. “”””എന്താ ജാനകി? എന്തെങ്കിലും പ്രശ്നം ഉണ്ടോ?”””” ശരത്തിന്റെ സ്വരത്തിൽ പരിഭ്രമം നിറഞ്ഞു നിന്നു. “””””ഹേയ്… പ്രശ്നം ഒന്നും ഇല്ല സാർ…. അവസാന അങ്കം ഇനിയും വൈകിപ്പിക്കണോ എന്ന് ചോദിക്കാനാണ് ഞാൻ വിളച്ചത്…. ഇപ്പൊ ഞാൻ വിളിച്ചാൽ അവൻ എവിടെയും വരും…. അത് എനിക്ക് ഇന്ന് രാവിലത്തെ സംഭവത്തോടെ ഉറപ്പായി..”””” “”””ഞാനത് തന്നോട് പറയാനിരുന്നതാണ്…. ഇനിയും വൈകിപ്പിക്കണ്ട എന്ന് തന്നെയാണ് എന്റെയും തീരുമാനം…. വിനോദ് നിന്നെ ഇപ്പോൾ തിരയുന്നുണ്ടാകും. മോഹന്റെയും ആൽവിയുടെയും അടുത്ത് നീ ഇല്ല എന്നറിയുമ്പോൾ അവൻ തിരച്ചിൽ കൂടുതൽ ശക്തമാക്കും…. ജാനകിയെ തിരക്കി അവൻ അവിടെ എത്താൻ പാടില്ല…

അതിന് മുൻപ് റോസ് അവനെ വലയിലാക്കിയിരിക്കണം….”””” ജാനകിയോട് സംസാരിക്കുമ്പോഴെല്ലാം താൻ പറയുന്നതെല്ലേ ശെരി എന്ന് ചോദിക്കുന്നത് പോലെ ശരത് മദറിന്റെ മുഖത്ത് നോട്ടം ഉറപ്പിച്ചിരുന്നു. അതാണ്‌ നല്ലത് എന്ന അർത്ഥത്തിൽ മദറും തല ചലിപ്പിച്ചു കൊണ്ടിരുന്നു… “”””സാറിനു നാളെ ഇങ്ങോട്ടേക്ക് വരാൻ കഴിയുമെങ്കിൽ ആ സുദിനം നാളെത്തന്നെ ആക്കിയാലോ?””””” എത്രയും വേഗം അവന്റെ അവസാനം കാണാനുള്ള തിടുക്കത്തിൽ ആയിരുന്നു ജാനകി….. “”””അതിനെന്താ ജാനകി… നാളെയെങ്കിൽ അത്രയും നല്ലത്… ഒരു ദിവസമെങ്കിൽ ഒരു ദിവസം നേരത്തെ അവൻ കാരണം ആത്‍മഹത്യ ചെയ്യാൻ പോലും കഴിയാതെ ശ്വാസം മുട്ടി കഴിയുന്ന കുറെ പെൺകുട്ടികളെ സ്വതന്ത്രരാക്കാൻ കഴിയുമെങ്കിൽ….. ആ നീച്ചന്മാരെ അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ അത്രയും സന്തോഷം…… എന്റെ കാവുവിനെപ്പോലെ ഒരുപാട് പെൺകുട്ടികളുടെ ആത്‍മവിനു അവന്മാരെ ചുട്ടെരിക്കുന്നതിലൂടെ മോക്ഷം കിട്ടട്ടെ….””””” കാവുവിനെക്കുറിച്ചു പരാമർശിച്ചപ്പോൾ അവന്റെ സ്വരം ഇടറിപ്പോയി…..നിറഞ്ഞു വന്ന മിഴികൾ മദറിൽ നിന്നും ഒളിപ്പിക്കാനായി അവൻ ഫോണും എടുത്ത് പുറത്തേയ്ക്ക് നടന്നു….

“”””ആൽവിച്ചായന്റെ സുഹൃത്തിന്റെ ഒരു വീട് ഇവിടെ അടുത്ത് ഉണ്ട്‌… ഒഴിഞ്ഞു കിടപ്പാണ്…. അവരൊക്കെ ഇപ്പൊ മറ്റൊരിടത്താണ് താമസം…. മെയിൻ റോഡിൽ നിന്നും കുറച്ചധികം ഉള്ളിലേയ്ക്കാണ്…. അധികം ആൾതാമസം ഇല്ലാത്ത സ്ഥലം…. സാമാന്യം വലിയ വീട് തന്നെയാണ് … ഞാൻ അവിടെ ആണ് താമസം എന്ന് പറഞ്ഞു അവനെ വിളിക്കാം… അങ്ങനെ ഒരിടം അല്ലെ സാർ നല്ലത്….?””””” “”””അതേ ജാനകി…. ഞാൻ ആൽവിനെ വിളിച്ച് കൂടുതൽ ഡീറ്റെയിൽസ് സംസാരിച്ചോളാം …. ജാനകി വിനോദിനെ വിളിച്ചോളൂ .. നമ്മുടെ ഫൈനൽ ഗെയിം നാളെ തുടങ്ങുകയാണ്…”””” വല്ലാത്തൊരു സന്തോഷം ഉള്ളിൽ നിറയുന്നതറിഞ്ഞു അവൻ…. “”””അതേ സാർ….. അവനെ ഞാൻ ഇപ്പോൾത്തന്നെ വിളിക്കാം… അവൻ വരും എന്ന് തന്നെയാണ് എന്റെ വിശ്വാസം….””””” “””””വരും ജാനകി… റോസ് വിളിച്ചാൽ വരാതിരിക്കാൻ അവന് കഴിയില്ലല്ലോ… അവനെ സംബന്ധിച്ച് റോസ് ഒരു പണം കായ്ക്കുന്ന മരമാണല്ലോ…..അവൻ ഉറപ്പായും വരും ജാനകി… നീ ധൈര്യമായിട്ട് വിളിക്ക്…. ഞാൻ ഒന്ന് ആൾവിയെ വിളിക്കട്ടെ…. കുറച്ചു കാര്യങ്ങൾ ഞങ്ങൾക്കും തീരുമാനിക്കാനുണ്ട്…..””””” കാൾ അവസാനിക്കുമ്പോൾ ശരത്ത് മനസ്സിൽ പലതും കണക്കുകൂട്ടി തുടങ്ങിയിരുന്നു…

. 🍁🍁🍁🍁🍁🍁🍁🍁🍁🍁 “””””വിനോദ്…. എന്റെ മനസിലെ സന്തോഷം ഞാൻ എങ്ങനെയാ പ്രകടിപ്പിക്കേണ്ടത്? എനിക്കറിയില്ല……. ഇന്ന് ആ കുഞ്ഞിനെ രക്ഷിക്കാൻ നീ എന്റെ ഒപ്പം നിന്നപ്പോൾ എനിക്കുണ്ടായ സന്തോഷം എത്രയാണെന്ന് നിനക്ക് ഊഹിക്കാൻ പോലും കഴിയില്ല ….. നന്ദി പറഞ്ഞു ഞാൻ ആ സന്തോഷത്തെ ചെറുതാക്കുന്നില്ല…. എന്റെ മനസ്സിൽ നിന്നോട് പറയാൻ ബാക്കി വച്ചതൊക്കെയും എനിക്ക് പറഞ്ഞു തീർക്കണം വിനോദ്… ഇനിയും എനിക്ക് കാത്തിരിക്കാൻ വയ്യ…..””””” പറഞ്ഞു നിർത്തി പിടയ്ക്കുന്ന ഹൃദയവുമായി ജാനകി അവന്റെ പ്രതികരണത്തിന് കാതോർത്തു… ജാനകി പറഞ്ഞു നിർത്തുമ്പോൾ ഒരു വേള വിനോദ് മൗനം പാലിച്ചു…. അവളുടെ വാക്കുകൾ നൽകിയ ഞെട്ടലിൽ ആയിരുന്നു അവൻ അപ്പോഴും…. അവൾ പറഞ്ഞതിനർത്ഥം താൻ അവളോട് പറഞ്ഞതിന് അവൾ ഒരു പോസിറ്റീവ് റിപ്ലേ തരാൻ പോകുന്നു എന്ന് തന്നെയല്ലേ? നിമിഷ നേരം കൊണ്ട് സന്തോഷത്തിന്റെ കൊടുമുടിയിൽ എത്തിയിരുന്നു അവൻ….. ഒപ്പം ഉള്ളിലെ അഹങ്കാരവും വർധിച്ചു…. എന്റെ മുന്നിൽ വീഴാത്ത പെണ്ണുങ്ങൾ ഇല്ല റോസേ….. നിന്നെ വരുതിയിലാക്കാൻ കുറച്ചു വിയർക്കേണ്ടി വരുമെന്നാണ്‌ ഞാൻ കരുതിയത്… എന്തായാലും ഇന്ന് രാവിലത്തെ സംഭവത്തോടെ അവന്മാർക്ക് എന്റെ മേലുള്ള വിശ്വാസം നഷ്ടമാകുമായിരിക്കാം…. അല്ല അത് ഉറപ്പ് തന്നെയാണ്… നാളത്തെ പത്രത്തിൽ ആ ഫോട്ടോ വരുന്നത്തോടെ അവർ ഞാനുമായുള്ള എല്ലാ കൂട്ടും ഉപേക്ഷിക്കും….

ഇനി എന്നെ അവർ അവരുടെ സംഘത്തിൽ കൂട്ടില്ല എന്ന് ഉറപ്പാണ്….. എന്നാലും അതിലും വലിയ നേട്ടമല്ലേ എനിക്ക് ഉണ്ടാകാൻ പോകുന്നത്…. അത് കൊണ്ട് ആ നഷ്ടം എന്നെ ഇപ്പോൾ വേദനിപ്പിക്കുന്നില്ല….. നിമിഷങ്ങൾ കൊണ്ടവൻ ചിന്ദിച്ചു കൂട്ടി… “”””എന്താ വിനോദ് ഒ”””””ന്നും മിണ്ടാതെ നിൽക്കുന്നത്….? റോസിന്റെ ശബ്ദം കാത്തിലെത്തിയപ്പോഴാണ് ചിന്തകളിൽ നിന്നും ഉണർന്നത് …. “””””നിനക്ക് എന്നോട് എന്തും പറയാം റോസ്… നിനക്ക് വേണ്ടി ഞാൻ എന്തും ചെയ്യും….. പറയാനുള്ളതൊന്നും ഇനിയും മനസിൽ വയക്കണ്ട…. ഒക്കെ പറഞ്ഞോളൂ. കേൾക്കാൻ കാത്ത് നിൽക്കുകയാണ് ഞാൻ….”””” “”””ഇപ്പോഴല്ല വിനോദ്…… ഇനി എനിക്ക് പറയാനുള്ളതൊക്കെ എനിക്ക് നിന്നോട് നേരിൽ പറയാനുള്ളതാണ്…… നിന്റെ മുഖത്ത് നോക്കി… നിന്റ കണ്ണുകളിൽ നോക്കി ഒക്കെ പറഞ്ഞു തീർക്കണം എനിക്ക്…..ഒന്നും ബാക്കി വയ്ക്കാതെ….. എന്റെ മനസ്സിൽ ഉള്ളതെല്ലാം….ഇനിയുള്ള നമ്മുടെ കണ്ടു മുട്ടൽ ഞാനും നീയും ഒരിക്കലും മറക്കാൻ പാടില്ല…..”””” അത് പറയുമ്പോൾ അവളുടെ സ്വരം കൂടുതൽ മാഥുര്യമുള്ളതായിരുന്നു എങ്കിലും ഉള്ളിൽ എരിഞ്ഞത് പകയായിരുന്നു…..

അവനോടുള്ള പക മനസ്സിൽ അഗ്നി പോലെ കത്തി ജ്വലിച്ചു നിന്നു… എന്നാൽ വിനോദ് റോസ് എന്ന മായാസുന്ദരിയുടെ മായികവലയത്തിൽ അകപ്പെട്ടു പോയിരുന്നു….. വരുതിയിലാക്കാൻ കൂടുതൽ പ്രയാസപ്പെടേണ്ടി വരും എന്ന് കരുതിയവൾ തന്റെ തന്ത്രത്തിൽ ഇത്ര വേഗം വീണു എന്ന ചിന്ത അവനെ ഉന്മത്തനാക്കി… ഒപ്പം തന്റെ തന്ത്രങ്ങളിലും കഴിവിലും അവൻ കൂടുതൽ അഹങ്കാരിച്ചു……. “”””പറയൂ റോസ്… ഞാൻ എവിടെ വരണം…? എപ്പോൾ വരണം….? ഇന് തന്നെ വന്നാലോ ഞാൻ ….? തന്റെ വീട്ടിലേയ്ക്ക് വരട്ടെ? ഒട്ടും ക്ഷമ ഇല്ലെടോ….. താൻ പറയുന്നത് കേൾക്കാൻ…. അതും തന്റെ നാവിൽ നിന്നും അത് കേൾക്കാൻ വല്ലാത്തൊരു മോഹം തോന്നുന്നു …. വരട്ടെ ഞാൻ ….?””””” “”””ഹേയ്.. വിനോദ്…. ഇങ്ങനെ ധൃതി കാണിക്കാതെ….. ഇന്നൊരു ദിവസം കൂടി ക്ഷമിക്ക് … നാളെ നമുക്ക് ഒരിക്കൽക്കൂടി നേരിൽ കാണാം… എന്റെ വീട്ടിൽ വച്ച്…. വഴിയും അഡ്രസും സമയവും ഒക്കെ ഞാൻ വാട്സ്ആപ്പ് ചെയ്യാം….ആവിസ്മരണീയമായ ഒരു കൂടിക്കാഴ്‌ചക്കായി കാത്തിരിക്കൂ വിനോദ്…..””””

പറയുന്നതിനൊപ്പം മനോഹരമായൊരു ചിരി കൂടി അവന്റെ കാതിലെത്തി.. ആ ചിരിയ്ക്ക് പിന്നിലെ ചേതോവികാരം അറിയാതെ അവൻ അത് നന്നായി ആസ്വദിക്കുകയും ചെയ്തു ….. നാളെ തമ്മിൽ കാണാം എന്ന ഉറപ്പോടെയാണ് കാൾ കട്ട്‌ ആക്കിയത്….. വിനോദ് തന്റെ കയ്യിൽ ഇരിക്കുന്ന ഫോണിലേയ്ക്ക് നോക്കി ഒരു ദീർഘ നിശ്വാസമെടുത്തു…. ഹോ.. എന്തൊരു ശബ്ദമാടി നിന്റേത്….? എവിടെയോ കേട്ട് മറന്ന ഒരു ശബ്ദത്തിന്റെ നേരിയ സാമ്യമുണ്ട്……. എവിടെ ആണെന്ന് മനസിലാകുന്നില്ല…. പക്ഷെ ഈ ശബ്ദം… നിന്റെ രൂപം…. ഹോ….. അതെന്നെ വല്ലാതെ ആകർഷിക്കുന്നു…. നിന്നെ ഞാൻ അങ്ങ് കെട്ടിയാലോ….? അല്ലെങ്കിൽ വേണ്ട…. നിന്നിലൂടെ എന്റെ കയ്യിൽ വരാനുള്ളത് ലക്ഷങ്ങളാണ്….. അത് നഷ്ടപ്പെടുത്താൻ വയ്യ എനിക്ക്….. നിന്നെക്കാളും വലുത് എനിക്ക് ആ കാശ് തന്നെയാടീ….. ഒരു പെണ്ണും വിനോദിനെ പ്രലോഭപ്പിക്കില്ല… എത്ര സുന്ദരി ആയാലും…. സ്വയം പറഞ്ഞു പഠിപ്പിക്കുന്നത് പോലെ അവൻ പറഞ്ഞു നിർത്തി…. എത്രയും വേഗം വരുണിനെ വിളിക്കണം… പോക്കറ്റിലേക്ക് വരാനിരിക്കുന്ന ലക്ഷങ്ങളെ ഓർത്ത് അവൻ ഒന്ന് ചിരിച്ചു…. പിന്നെ വരുണിന്റെ നമ്പർ ഡയൽ ചെയ്തു കാത്തിരിരുന്നു… കാൾ എടുക്കുന്നില്ല എന്ന് കണ്ടപ്പോൾ രുഗ്മിണിയെ വിളിച്ചു …

. റോസിന്റെ വില തീരുമാനിക്കാനുള്ള വ്യഗ്രതയിലായിരുന്നു അവൻ…… രാവിലെ നടന്നതൊന്നും രുഗ്മിണിയോട് പറയണ്ട എന്ന് അവൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു…. രാത്രിയോടെ ആൽവിയുടെ കാൾ ജാനിയെത്തേടിയെത്തി…. പിറ്റേന്ന് വൈകിട്ടോടെ വിനോദിനെ ആൽവിയുടെ സുഹൃത്തിന്റെ വീട്ടിൽ എത്തിക്കാം എന്ന തീരുമാനത്തിലാണ് അവർ കാൾ അവസാനിപ്പിച്ചത്…. 🍁🍁🍁🍁🍁🍁🍁🍁🍁 രാവിലെ തന്നെ സിറ്റൗട്ടിലെ അരമതിലിൽ ചാരി പുറത്തേയ്ക്ക് നോക്കി എന്തൊക്കെയോ ചിന്ദിച്ചിരിക്കുകയായിരുന്നു പ്രഭാകരൻ….. പുറത്തേയ്ക്കുള്ള ഡോറിനടുത്തെത്തിയപ്പോഴേ മോഹൻ കണ്ടു പുറത്ത് എന്തിലോ മിഴികളൂന്നി നിൽക്കുന്ന പരഭാകരനെ….. ഒരു ദിവസം കൊണ്ട് ആ മനുഷ്യൻ വല്ലാതെ വൃദ്ധനായിപ്പോയെന്നു തോന്നി മോഹന്…. കുറച്ചു നാളുകളായി മറക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന ചിന്തകളാകും ആ മനസ്സിനെ ഉലയ്ക്കുന്നത് എന്നവൻ ഊഹിച്ചു….. ആ ചിന്തകൾക്കിപ്പോൾ മുൻപത്തെക്കാൾ അധികം ഭാരം ഉണ്ടാകും …. അത്രയും ഭാരം താങ്ങാൻ ആ വൃദ്ധ മനസ്സിന് കഴിയുന്നുണ്ടാകില്ല…… ഒന്ന് ശ്വാസം വലിച്ച് വിട്ട് അവൻ പ്രഭാകരനരികിലേയ്ക്ക് നടന്നു ചെന്നു …. “””””അച്ഛാ….””””” വളരെ പതിയെ ആണവൻ വിളിച്ചതെങ്കിലും പ്രഭാകരൻ ഒരു ഞെട്ടലോടെയാണ് തിരിഞ്ഞത്….

മോഹനെക്കണ്ടു അയാൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു…. തിരിഞ്ഞ് വീണ്ടും വിദൂരതയിലേയ്ക്ക് കണ്ണുകൾ പായിച്ചു…. “””””അച്ഛൻ അമ്മയോട് പറഞ്ഞോ?””””” മോഹന്റെ ചോദ്യം കേട്ട് അയാളുടെ കണ്ണുകൾ വീണ്ടും അവന്റെ മുഖത്തേക്കെത്തി. “”””ഇല്ല…. ഞാൻ… എങ്ങനെയാ മോനേ…? എനിക്കറിയില്ല അവളോട് എങ്ങനെ പറയണമെന്ന്……… ഇന്നലെതന്നെ പറയാം എന്ന് കരുതിയതാ… ഇന്ന് ഈ നേരം വരെ എനിക്ക് പറ്റിയിട്ടില്ല…. പറയണം…. എപ്പോഴായാലും അവൾ അറിയേണ്ടതല്ലേ? അവളെ ബോധം ഇല്ലാതെ അവസ്ഥയിൽ തിരികെ കിട്ടി എന്ന് പറഞ്ഞപ്പോൾ…. അവനും ഒപ്പം ഇല്ലല്ലോ….? അവൻ എന്റെ കുഞ്ഞിനെ അവന്റെ ആവശ്യം കഴിഞ്ഞപ്പോൾ എവിടെ എങ്കിലും കൊണ്ട് കളഞ്ഞിട്ടുണ്ടാകും അല്ലെ? അങ്ങനെ വല്ലോം ആണെങ്കിൽ എന്റെ കുട്ടി എന്തൊക്കെ അനുഭവിച്ചു കാണും…? ഓരോന്ന് ഓർത്തിട്ട് എന്റെ തന്നെ ചങ്ക് പൊള്ളുന്നു…..ജയയ്ക്ക് ഒരിക്കൽ ഒരു അറ്റാക്ക് വന്നതാ… ഇനി ഒരിക്കൽക്കൂടി താങ്ങൂല്ല…. അതാണ് ഞാൻ പറയാൻ മടിക്കുന്നത്…. അന്ന് അവൾ പോയപ്പോഴേ എന്തൊക്കെയോ വയ്യായ്ക് തോന്നിയതാ അവൾക്ക്… അന്ന് എങ്ങനെ ഒക്കെയോ സമാധാനിപ്പിച്ചു നിർത്തി…

ആശുപത്രിയിൽ ഒക്കെ കാണിച്ചു മരുന്നൊക്കെ കഴിച്ചിട്ടാ ഒരു വിധം ശെരിയായത്…. ഇതിപ്പോ ബോധം ഉണ്ടായിരുന്നെങ്കിൽ വേണ്ടില്ലായിരുന്നു… ഒന്നും അറിഞ്ഞു കൂടാത്ത അവസ്ഥയിൽ അവളെ കാണുമ്പോൾ….. ആ ഹൃദയത്തിന് അത് കൂടി താങ്ങാനുള്ള കരുത്തു ഉണ്ടാകുമോ ആവോ? ഒക്കെയും ജാനകി വരുത്തി വച്ചതാണെന്ന് അറിയാം… എന്നാലും… അവൾ… അവൾ ഞങ്ങളുടെ മോളല്ലേ…. ഇങ്ങനെ ഒരവസ്ഥയിൽ ആണെന്നറിയുമ്പോൾ നോവാതിരിക്കുമോ? “””” പറഞ്ഞു നിർത്തുമ്പോൾ പ്രഭാകരന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു. വല്ലാത്ത വിഷമം തോന്നി മോഹന്… അവളെ കണ്ടെത്തിയ സാഹചര്യം അദ്ദേഹത്തോട് പറയാതിരുന്നത് എന്ത്‌ കൊണ്ടും നന്നായി എന്നവൻ ഓർത്തു…. “””””അച്ഛൻ കൂടുതൽ ഒന്നും ആലോചിച്ചു വിഷമിക്കേണ്ട…. അച്ഛന് അങ്ങനെ തോന്നുന്നു എങ്കിൽ അമ്മയെ ഇപ്പൊ ഒന്നും അറിയിക്കേണ്ട… ആദ്യം നമുക്ക് ഒന്ന് പോയി കാണാം…. അവൾ ചിലപ്പോൾ അച്ഛനെ തിരിച്ചറിഞ്ഞാലോ? ഇനിയും വൈകിക്കേണ്ട… നാളെത്തന്നെ പോകാം… നാളെ രാവിലെ പോയാൽ രാത്രി തന്നെ തിരികെ എത്താമല്ലോ…?”””” അയാളെ ആശ്വസിപ്പിക്കാനെന്നോണം ആ തോളിലേയ്ക്ക് അമർത്തി പിടിച്ചു മോഹൻ….

പ്രഭാകരൻ മോഹന്റെ മുഖത്തേയ്ക്ക് തന്നെ കുറച്ചു സമയം നോക്കി നിന്നു…. “””””എങ്ങനെ കഴിയുന്നു മോനേ നിനക്ക്…? തങ്ങളെ വേദനിപ്പിച്ചവർക്ക് ഒരാപത്തു ഉണ്ടായി എന്നറിയുമ്പോൾ കൈ കൊട്ടി ചിരിക്കുന്നവരാണ് ഇന്നീ ലോകത്തിൽ അധികവും…. പക്ഷെ നീ…..? അവളോട് ക്ഷമിക്കാൻ നിനക്ക് കഴിഞ്ഞോ മോഹൻ…?”””” അതിന് മറുപടിയായി മോഹൻ അയാൾക്ക് നിറം മങ്ങിയ ഒരു പുഞ്ചിരി സമ്മാനിച്ചു…. “”””അങ്ങനെ ക്ഷമിക്കാൻ ഞാൻ അവളെ ഒരിക്കലും വെറുത്തിട്ടില്ലല്ലോ അച്ഛാ….. മോഹന്റെ ഭാര്യയായ ജാനകിയ്ക്ക്… കുഞ്ഞി മോളുടെ അമ്മയായ ജാനകിക്ക്…..ഞങ്ങളെ പ്രാണനായിക്കണ്ട ജാനകിക്ക് മോഹനെയും കുഞ്ഞിയെയും ചതിക്കാനായതെങ്ങനെ എന്ന ചോദ്യം ഇപ്പോഴും എന്റെ ഉള്ളിൽ അവശേഷിക്കുന്നുണ്ട്…. അവൾ എന്നെ ചതിച്ചു എന്ന് ഇപ്പോഴും വിശ്വസിക്കാനാകാത്തത് കൊണ്ടല്ലേ അതിന് എനിക്ക് ഉത്തരം കണ്ടെത്താനാകാത്തത്….?””””” കണ്ണുകൾ നിറച്ച് മോഹനെതന്നെ നോക്കി നിന്നു പ്രഭാകരൻ…. “””””നിന്നെപ്പോലെ ചിന്ദിക്കാൻ നിനക്ക് മാത്രമേ കഴിയൂ മോഹൻ….. എന്റെ മോൾക്കുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് നീ….. ഒരിക്കലും നികത്താനാകാത്ത നഷ്ടം….!””””” തുളുമ്പി നിന്ന കണ്ണുകൾ തോളിൽ കിടന്ന തോർത്തു കൊണ്ട് ഒപ്പി എടുത്തു പ്രഭാകരൻ. തിരിഞ്ഞു വീണ്ടും പഴയത് പോലെ ദൂരേക്ക് നോട്ടം പായിച്ചു നിന്നു………. തുടരും………….

തമസ്സ്‌ : ഭാഗം 37

മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story