തമസ്സ്‌ : ഭാഗം 42

തമസ്സ്‌ : ഭാഗം 42

എഴുത്തുകാരി: നീലിമ

അവന്റെ കണ്ണുകൾ ഒരിക്കൽക്കൂടി അവിടമാകെ ചുറ്റിയടിച്ചു…. നോട്ടം ചെന്ന് നിന്നത് ചുമരിലെ ഒരു പെയിന്റിംഗിൽ ആണ്…. സിംഹത്തിന് പുറത്തിയിരിക്കുന്ന പതിനാറു കൈകളോട് കൂടിയ രൗദ്ര ഭാവം പൂണ്ട ദുർഗ്ഗ ദേവി….! ദേവിയുടെ കയ്യിലെ തൃശൂലം തൊട്ടു നിൽക്കുന്നത് നിലത്തായി കിടക്കുന്ന രാക്ഷസന്റെ നെഞ്ചിലാണ്…… ഭയന്ന് വിറച്ച രാക്ഷസന്റെ മുഖം ജീവനായി കേഴുന്നത് പോലെ…..! അവൻ വേഗം തന്നെ ചിത്രത്തിൽ നിന്നും നോട്ടം മാറ്റി….. അപ്പോൾ മാത്രമാണ് കുറച്ചു മുന്നിലായി നിൽക്കുന്ന ആൾ അവന്റെ ശ്രദ്ധയിൽപ്പെടുന്നത്….. അയാളെക്കണ്ടു അവൻ ഞെട്ടി പിടഞ്ഞു എഴുന്നേറ്റു…… മോഹൻ….!!!!!!!

മോഹൻ അവനരികിലേയ്ക്ക് നടന്ന് വരുമ്പോഴും അവന്റെ ഞെട്ടൽ മാറിയിട്ടുണ്ടായിരുന്നില്ല….. റോസ് തന്നോടുള്ള പ്രണയം തുറന്നു പറയാനാണ് ക്ഷണിച്ചത് എന്ന് വിശ്വസിക്കുന്നന് മുന്നിൽ ജാനകിയുടെ ഭർത്താവ് മോഹനെ കാണുമ്പോൾ എങ്ങനെ ഞെട്ടൽ ഉണ്ടാകാതിരിക്കും…? “””””മോഹൻ….? നീ….? ഇവിടെ…?””””” നെറ്റി ചുളിച്ചു സംശയഭാവത്തിലുള്ള ചോദ്യത്തിന് മുഖമടച്ചൊരു അടിയായിരുന്നു മറുപടി…. മോഹന്റെ അധ്വാനിച്ചു തഴമ്പുള്ള കൈകൾ കവിളിൽ പതിഞ്ഞപ്പോൾ കണ്ണിൽ നിന്നും പൊന്നീച്ച പാറുന്നത് പോലെ തോന്നി വിനോദിന്…. രാവിലെ അടി കിട്ടിയ അതേ ഭാഗത്ത്‌ തന്നെ വീണ്ടും ഒരടി കൂടി…….

അവൻ കൈ ഉയർത്തി പതിയെ കവിൾ തടവി…. എന്തൊരു വേദന…. തൊടാൻ കൂടി കഴിയുന്നില്ല….. വേദന കാരണം കണ്ണുകൾ തനിയെ നിറയുന്നു…. മുന്നിൽ കൈ മുഷ്ടി ചുരുട്ടി പിടിച്ചു നിൽക്കുന്ന മോഹനെ നോക്കി അവൻ ദേഷ്യത്തോടെ പല്ലിറുമ്മി …. “””””നിന്നെ കണ്ടാൽ ഉടനെ ഒന്ന് പൊട്ടിച്ചിട്ടേ ബാക്കി എന്തും ഉള്ളൂ എന്ന് നേരത്തെ തീരുമാനിച്ചതാ….. ഇനി വാ …. നമുക്ക് അവിടെ ഇരുന്ന് സംസാരിക്കാം…. ചേട്ടൻ ചോദിക്കട്ടെ… വാ ….””””” മോഹൻ അവന്റെ തോളിൽ പിടിച്ചു ബലമായി അടുത്തുള്ള സെറ്റിയിലേക്ക് ഇരുത്തി…..

പിന്നേ അരികിലായി അവനും ഇരുന്നു …. വലത് കൈ ഉയർത്തി അവന്റെ അടി കൊണ്ട് കവിളിലായി ഒന്ന് തടവി…. “””””അയ്യോടാ…. നൊന്തോ….?””””” അവന്റെ നിറഞ്ഞിരിക്കുന്ന കണ്ണുകളിലേയ്ക്ക് നോക്കി കീഴ് ചുണ്ട് മലർത്തി പരിഹാസ രൂപേണയായിരുന്നു ചോദ്യം…. “””””സാരോല്ല.. ട്ടൊ… ചേട്ടൻ തടവി തരാം…””””” പറയുന്നതിനൊപ്പം ചുമന്നു കിടന്ന കവിളിൽ ഒന്ന് അമർത്തി തടവി….. വേദന കൊണ്ട് പുളഞ്ഞു പോയി വിനോദ്… “””””താടി ഉള്ളോണ്ട് അടീടെ പാട് ആരും അറിയൂല്ലന്നെ…. പെട്ടന്ന് കണ്ടതിന്റെ സന്തോഷത്തിൽ ചേട്ടൻ ഒരു സമ്മാനം തന്നതല്ലേ?

മോൻ ചേട്ടന് വേണ്ടി ഒരുപാട് ഉപകാരങ്ങളൊക്കെ ചെയ്തു തന്നതല്ലേ? അതൊക്കെ മറക്കാൻ ഒക്കുമോ…?അതൊക്കെ പോട്ടെ……എന്തൊക്കെ ഉണ്ട്‌ വിശേഷം….?സുഖല്ലേ മോന് …?”””” സെറ്റിയിലിരുന്ന് അവന്റെ കൈ സ്വന്തം കൈക്കുള്ളിലാക്കി ഒന്ന് ഞെരിച്ചമർത്തിയിട്ടാണ് ചോദ്യം….. പെട്ടന്ന് മോഹനെ അവിടെ കണ്ടതിന്റെ ഞെട്ടലിൽ നിന്നും വിനോദ് അപ്പോഴും മുക്തനായിരുന്നില്ല….അത് കൊണ്ട് തന്നെ കയ്യുടെ വേദന അവൻ അറിഞ്ഞതുമില്ല…. മോഹൻ ഇവിടെ വരണമെന്നുണ്ടെങ്കിൽ അത് റോസ് കൂടി അറിഞ്ഞിട്ടാകണം…. അതിനർത്ഥം അവൾ വിദഗ്ധമായി തന്നെ കബളിപ്പിച്ചു എന്നല്ലേ? ⚜⚜⚜⚜⚜⚜⚜⚜⚜⚜

“””””റോസ്…. അവൾ എന്നെ ചതിക്കുകയായിരുന്നു അല്ലെ….?””””” മുന്നിലെ ചുമരിലേയ്ക്ക് ദൃഷ്ടി ഉറപ്പിച്ചത് ചോദിക്കുമ്പോൾ അവന്റെ കണ്ണുകൾ ചുമന്നിരുന്നു…. വേദന കൊണ്ടല്ല…….മറിച്ചു റോസിനോടുള്ള ദേഷ്യം കൊണ്ട്….. “””””എവിടെ….? അവൾ എവിടെ…..? എനിക്ക് കാണേണ്ടത് അവളെയാണ്….. “”””” റോസ് തന്നെ ചതിച്ചതാണെന്നും മനസിലായിട്ടും അവനിൽ ഭയം ലവലേശം ഉണ്ടായിരുന്നില്ല…. ചോദ്യം അവസാനിച്ചപ്പോൾ തന്നെ പിറകിൽ നിന്നും അവന്റെ മുഖത്തിന്‌ നേരെ ഒരു കൈ നീണ്ടു വന്നു. ആ കൈയിൽ ഒരു ഗ്ലാസ് നിറയെ ഓറഞ്ച് ജ്യൂസും…. “””””എടീ….”””””

അലർച്ചയോടെ മോഹന്റെ കൈ കുടഞ്ഞെറിഞ്ഞ് അവൻ ചാടി എഴുന്നേറ്റു തിരിഞ്ഞു നോക്കി …. തൊട്ടു പിറകിൽ നിൽക്കുന്നവളെക്കണ്ട ഞെട്ടലിൽ അവന്റെ കണ്ണുകൾ മിഴിഞ്ഞു…..ആദ്യമായി അവന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു….. “””””ജാനകി….””””” അവന്റെ നാവിൽ നിന്നും ആക്ഷരങ്ങൾ ഉതിർന്നു വീണു…. വിദഗ്ദമായി ഒരുക്കിയ ഒരു ട്രാപ്പിൽ താൻ അകപ്പെടുകയായിരുന്നു എന്ന സത്യം തിരിച്ചറിയുകയായിരുന്നു വിനോദ്….. “””””നീ….. നീയോ…? അപ്പൊ അവൾ… അവൾ…..?””””” അവന്റെ ശബ്ദം വിറച്ചു പോയിരുന്നു….. “””””””അവളും ഞാനും ഒന്ന് തന്നെയാണ് വിനോദ്….. ജാനകി തന്നെയാണ് റോസ്…..”””””

അവന്റെ മുഖത്തേയ്ക്ക് നോക്കി നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു അവൾ….. മുന്നിൽ നിൽക്കുന്നവളെ അവനൊന്നു സൂക്ഷിച്ചു നോക്കി… ഒരു കോട്ടൺ സാരിയാണ് വേഷം…. മുഖത്ത് ചമയങ്ങൾ ഒന്നുമില്ല. ഒരു പോട്ട് പോലും… മുടി പിറകിലേക്കാക്കി കെട്ടി വച്ചിട്ടുണ്ട്… വെള്ളിക്കണ്ണും മൂക്കുത്തിയും ഇല്ല… ഇത് റോസോ..? അല്ല…. പറ്റിക്കുകയാണിവള്…. അതോ… അതോ…. ഇനി ഇവള് പറഞ്ഞത് സത്യമാണോ? റോസായി വേഷം കെട്ടി ഇവൾ തന്റെ മുന്നിൽ വന്നിട്ടും തനിക്ക് തിരിച്ചറിയാനായില്ലേ? ശെരിയാണ്…. ഇക്കാലത്തു ഒരാൾക്ക് മറ്റൊരാളായി വേഷം മാറാൻ നിഷ്പ്രയാസം കഴിയും…. താനും ആൾമാറാട്ടം നടത്തി എത്ര പേരെ പറ്റിച്ചിരുന്നു….?

ഇപ്പൊ അതേ രീതിയിൽ ഒരാൾ തന്നെ കബളിപ്പിച്ചിരിക്കുന്നു…. അതി ബുദ്ധിമാനെന്നു അഹങ്കാരിച്ചിരുന്ന എന്നെ ഒരാൾ പറ്റിച്ചിരുന്നു….. അതും ഒരു പെണ്ണ്…! ദേഷ്യം അടക്കാനായില്ല അവന്…. “””””ചതി….!!!! ചതിക്കുകയായിരുന്നു അല്ലേടി…? അഭിനയിക്കുകയായിരുന്നു അല്ലെ? എന്നോട് എന്തോ പറയാനുണ്ടെന്നു പറഞ്ഞു എന്നെ വിളിച്ച് വരുത്തിയത് എന്നെ കുടുക്കാനായിരുന്നു അല്ലെ?””””” വർധിച്ച ദേഷ്യത്തോടെ പല്ല് കടിച്ചു പിടിച്ചു അവൾക്കരികിലേയ്ക്ക് വന്ന അവൻ ഒരു വശത്ത് നിന്നും ആരുടെയോ ചവിട്ടേറ്റ് നിലത്തേയ്ക്ക് വീണു…. ചവിട്ടിയ ആളിനെ അറിയാൻ അവൻ നിലത്ത് കിടന്ന് തല ചരിച്ചൊന്നു നോക്കി….

ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന ആൾവിനെയാണ് കണ്ടത്….തൊട്ടു പിറകിലായി ശരത്തും…. മോഹനും അവളും മാത്രമല്ല…..എല്ലാപേരും കൂടിച്ചേർന്നു തന്നെ ട്രാപ്പിൽ ആക്കുകയായിരുന്നു എന്ന് വിനോദിന് മനസിലായി…. “””””എടാ…..””””” അലർച്ചയോടെ ചാടി എഴുന്നേൽക്കാൻ നോക്കിയവൻ നിലത്തേയ്ക്ക് തന്നെ വീണു പോയി…. രാവിലെ കിട്ടിയ ചവിട്ടും ഇപ്പോഴുള്ളതും കൂടി ആയപ്പോൾ നട്ടെല്ല് തകർന്നത് പോലെ നൊന്തു അവന്… നിലത്തു വീണു കുടക്കുന്നവനെ ഷർട്ടിൽ തൂക്കിയെടുത്തു ചുമരിനോട് ചേർത്ത് നിർത്തി ആൽവി…. ജാനകി ഒരല്പം മുന്നിലേയ്ക്ക് നീങ്ങി വിനോദിന് അഭിമുഖമായി നിന്നു….

“””””””നീയെന്താ കുറച്ചു മുൻപ് ചോദിച്ചത്? ചതിക്കുകയായിരുന്നോ എന്നോ? അത് ചോദിക്കാൻ എന്ത്‌ യോഗ്യതയാടാ നിനക്ക് ഉള്ളത്….? നീ എന്നോട് ചെയ്ത ചതിയുടെ നൂറിലോരംശം ഞാൻ നിന്നോട് ചെയ്തിട്ടില്ല വിനോദെ…. പിന്നേ ചതിയുടെ കണക്കു പറയാൻ നിന്നാൽ നിന്നോളം ചതി ചെയ്തവർ ചുരുക്കമായിരിക്കും ….. നൂറ് കണക്കിന് പെൺകുട്ടികളെയല്ലേ ഇത് പോലെ ചതിയിലൂടെ നീ നിന്റെ രുക്കുമ്മയുടെ അരികിൽ എത്തിച്ചിട്ടുള്ളത്…? ആ പെൺകുട്ടികളോടും അവരുടെ കുടുംബത്തോടും നീ ചെയ്തത് ചതി ആയിരുന്നില്ലേ വിനോദെ…? ആ നീയാണോ ഞാൻ ചതിച്ചു എന്ന് പറഞ്ഞു ഇപ്പോൾ അലറുന്നത്…?

തിരികെ ഇതുപോലൊരു ചതി നീ പ്രതീക്ഷിച്ചിരുന്നില്ല അല്ലെ…? ചതികൾ ചെയ്തു കൂട്ടുമ്പോൾ ഇത് പോലെ പലരെയും ചതിക്കുഴിയിൽ വീഴ്ത്തുമ്പോൾ അതേ നാണയത്തിൽ ഒരു തിരിച്ചടി നീ ചിന്ദിച്ചിട്ട് കൂടി ഉണ്ടാകില്ല അല്ലെ?””””” അവളുടെ കണ്ണിലും വാക്കിലും അവനോടുള്ള പുച്ഛവും വെറുപ്പും നിറഞ്ഞു…. “””””ഇത് കാലം നിനക്കായി കാത്ത് വച്ചതാണ്…. വാളെടുത്തവൻ വാളാൽ എന്ന് കേട്ടിട്ടില്ലേ? ഇതേ പോലെ സ്നേഹം നടിച്ചല്ലേ നീ എന്നെയും ചതിച്ചത്….? ഇങ്ങനെ നേർക്കു നേർ… മുഖമുഖം.. നിന്നെ എനിക്കെന്റെ മുന്നിൽ കിട്ടണമായിരുന്നു….. അതിനാണ് ഞാൻ ഇത്ര നാളും കാത്തിരുന്നത്…. നിന്റെ മുന്നിൽ വേഷം കെട്ടിയത്…

അഭിനയിച്ചത്… ഇത്രയും വലിയൊരു റിസ്ക് എടുത്തത് ഈ ഒരു ദിവസത്തിനായിരുന്നു….. തിന്മയ്ക്ക് എന്നും ജയിച്ചു നിൽക്കാനാകില്ല വിനോദെ…. നിന്നെപ്പോലുള്ള തിന്മയുടെ ആൾരൂപങ്ങൾ പലപ്പോഴും ചിന്ദിക്കാതെ പോകുന്നതും അത് തന്നെയാണ്…. ഓർമ്മകൾ തെളിഞ്ഞു വന്നപ്പോൾ ആദ്യം മനസിൽ പതിഞ്ഞത് നിന്റെ മുഖമായിരുന്നു…. എന്റെ ഭർത്താവിന്റെയും കുഞ്ഞിന്റെയും മാതാപിതാകളുടേയുമൊക്കെ ജീവൻ എന്റെ മുന്നിൽ നിരത്തി വച്ച് എനിക്ക് വില പറഞ്ഞ നിന്റെ മുഖം….. അന്ന് ഞാൻ നിന്റെ മുന്നിൽ ഒന്നും ചെയ്യാനാകാതെ ഭയന്ന് വിറച്ചു നിന്നത് ഇപ്പോഴും എനിക്ക് ഓർമയുണ്ട്….

അതിന്റെ നൂറിരട്ടി ഭയം നിന്റെ കണ്ണിൽ നിറയുന്നത് എനിക്ക് കാണണം… ഞാൻ നിന്നത് പോലെ നിസഹായനായി നീ എന്റെ മുന്നിൽ നിൽക്കണം….. എന്റെ മുന്നിൽ നിന്നു കേഴണം….. അതിന് വേണ്ടി…. അതിന് വേണ്ടി അഭിനയിക്കുക തന്നെയായിരുന്നു…. നിന്നെ ഇങ്ങനെ എന്റെ മുന്നിൽ കിട്ടാൻ വേണ്ടി മാത്രം …. പിന്നേ നിന്നോട് പറയാനുണ്ടെന്നു പറഞ്ഞതൊക്കെയും പറഞ്ഞു തീർന്നിട്ടില്ല കേട്ടോ……… അതിനിനിയും സമയമുണ്ടല്ലോ….. ഇപ്പോൾ നിന്നോട് ചോദിക്കാനും പറയാനുമൊക്കെയുള്ളത് ദേ ഇവർക്കാണ് ….””””” മുറുകിയ മുഖത്തോടെ കത്തുന്ന കണ്ണുകളോടെ തന്റെ മുന്നിൽ നിൽക്കുന്നവളെ തല ഉയർത്തി നോക്കി വിനോദ്….

അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി. “””””ഹ… നീയിങ്ങനെ അവനെ നിർത്തി സംസാരിപ്പിക്കാതെ ജാനകി… അവൻ നിന്റെ അതിഥി അല്ലെ? അതിഥികളെ ഇരുത്തി അല്ലെ സൽക്കരിക്കേണ്ടത്….?”””” അവസാന വാചകത്തിൽ ആൽവി സൽക്കരിക്കേണ്ടത് എന്ന് പറഞ്ഞതിന് ഒരല്പം ഊന്നൽ കൊടുത്തിരുന്നു…. വിനോദിന് അത് മനസിലാക്കുകയും ചെയ്തു… പുച്ഛം നിറഞ്ഞ ഒരു ചിരിയായിരുന്നു അവന്റെ മുഖത്ത് വിരിഞ്ഞത്. ആൽവി ബലമായി അവനെ സെറ്റിയിലേക്ക് ഇരുത്തുമ്പോഴും അനിഷത്തോടെ കുതറി മാറാൻ ശ്രമിക്കുന്നുണ്ടായിരുന്നു അവൻ… “””””എന്റെ പെങ്ങള് സ്നേഹത്തോടെ കൊണ്ടു തന്നതല്ലെടാ… നിനക്ക് കുടിക്കാൻ എന്താ ഇത്ര മടി…?

കുടിക്കെടാ…..””””” ജാനി കൊണ്ട് വന്ന ജൂസ് ആൽവി അവന് നേരെ നീട്ടി…. ഗ്ലാസ്‌ വാങ്ങാതെ കടുപ്പിച്ചൊന്നു നോക്കി വിനോദ്…. “””””കുടിക്കെടാ….””””” ആൽവി അവന്റെ കവിളിൽ കുത്തിപ്പിടിച്ചു ഗ്ലാസ്സിലെ ജ്യൂസ്‌ അവന്റെ വായിലേയ്ക്ക് കമിഴ്ത്തി…. പെട്ടെന്ന് ആയതിനാൽ രണ്ടിറക്കു ഉള്ളിലേയ്ക്ക് പോയി… ബാക്കി അവൻ നിലത്തേയ്ക്ക് ആഞ്ഞു തുപ്പി…. ആൽവിയുടെ കൈ ഒന്ന് ഉയർന്നു താണു…. വിനോദിന്റെ കരണം ഒരിക്കൽക്കൂടി പുകഞ്ഞു… “””””നിന്നെക്കൊണ്ട് ഇത് നക്കിക്കുടിപ്പിക്കാൻ അറിയാഞ്ഞിട്ടല്ല…””””” ദേഷ്യത്തോടെ അവൻ വീണ്ടും മുഷ്ടി ചുരുട്ടി…. “””””അതിനൊക്കെ ഇഷ്ടം പോലെ സമയം ഉണ്ടല്ലോ ആൽവി ……

അതിന് മുൻപ് എനിക്ക് ഇവനോട് കുറച്ചു സംസാരിക്കാനുണ്ട്…..””””” ശരത് വിനോദിനരികിലായി വന്നിരുന്നു…. കുറച്ചു മാറി ചുമരിൽ ചാരി കൈ കെട്ടി നിന്നു വിനോദിനെ വീക്ഷിക്കുകയായിരുന്നു മോഹൻ… “””””എനിക്ക് നിന്നോടൊന്നും ഒന്നും പറയാനില്ല. നിനക്കൊന്നും എന്നെ ഒരു ചുക്കും ചെയ്യാനും കഴിയില്ല…..””””” ധാർഷ്ട്യത്തോടെ പറഞ്ഞു വിനോദ്…… താൻ കുരുക്കിലകപ്പെട്ടു എന്ന തിരിച്ചറിവുണ്ടായിട്ടും അവന്റെ ഉള്ളിലെ ഗർവ് തോൽവി സമ്മതിക്കാൻ അവനെ അനുവദിച്ചില്ല…. “”””നിന്റെ ഈ നെഗളിപ്പിന്റെ കാര്യം ഞങ്ങൾക്ക് അറിയാം. നിന്റെ വരുൺ സാറ് നിന്നെ രക്ഷിക്കാൻ പാഞ്ഞു വരുമെന്ന് കരുതിയല്ലേ? എന്നാലേ മോൻ ആ മോഹം അങ്ങ് ഉപേക്ഷിച്ചെക്കു….

നിന്നെ ഇവിടെ നിന്നും രക്ഷിക്കാൻ ആരും വരില്ല…. വരുൺ ഇപ്പോൾ സ്ഥലത്തില്ല… പിന്നേ നിന്റെ രുക്കുമ്മ…. അവര് ചിന്ദിക്കുന്നത് നീ റോസിനെ കാണാൻ വന്നു എന്ന് തന്നെ അല്ലെ…? അവളെ വലയിലാക്കാൻ….. അത് കൊണ്ട് അവരും സംശയിക്കില്ല….”””” ആൽവിൻ ഒരു പുച്ഛ ചിരിയോടെ പറഞ്ഞു നിർത്തി…. “””””അവര് മാത്രമല്ല…. ഞാൻ ഇവിടെ ഉണ്ടെന്ന് തിരഞ്ഞു വന്ന് നിന്നെയൊക്കെ അരിഞ്ഞിട്ട് എന്നെ ഇവടുന്നു കൊണ്ട് പോകാൻ പറ്റുന്ന കൂട്ടുകാർ എനിക്ക് വേറെയും ഉണ്ട്‌…. കാണണോ നിനക്കൊക്കെ?””””” സംസാരിക്കുമ്പോൾ മുഖത്തെ പേശികൾ വലിഞ്ഞു അടി കിട്ടിയ ഭാഗം വല്ലാതെ നോവുന്നുണ്ടായിരുന്നു അവന്…

പക്ഷെ ആ വേദനയിക്കിടയിലും ആൽവിയെ നോക്കിയ അവന്റെ കണ്ണുകളിൽ ദേഷ്യം കത്തി നിന്നു….. “””””ഹ ഹ!!…. രാവിലെ നിന്റെ വീട്ടിൽ വന്ന് നിന്നെ അടിച്ച് ചുരുട്ടി ഇട്ടിട്ട് പോയ നിന്റെ കൂട്ടുകാരെക്കുറിച്ചാണോ നീയീ പറയുന്നത് …? അവര് നിന്നെ രക്ഷിക്കാൻ വരുമെന്ന് നീയിപ്പോഴും പ്രതീക്ഷിക്കുന്നത് വിഢിത്തമല്ലേ മോനേ വിനോദെ….?”””” ആൽവിയുടെ മറുപടി വിനോദിനെ തെല്ലു പരിഭ്രാന്തനാക്കി … ഇവരിതൊക്കെ എങ്ങനെ അറി ഞ്ഞു എന്ന ചോദ്യം അവന്റെ കണ്ണുകളിൽ ഉണ്ടായിരുന്നു… “””””ഞങ്ങൾ ഇതൊക്കെ എങ്ങനെ അറിഞ്ഞു എന്നാകും നീ ചിന്തിച്ചു കൂട്ടുന്നത് അല്ലെ?

റോസ് എന്ന ജാനകിയുടെ കാൾ ആദ്യമായി നിന്റെ മൊബൈലിൽ വന്നതിന്റെ അന്ന് മുതൽ നീ ഞങ്ങളുടെ നിരീക്ഷണത്തിലാണ്…. നിന്റെ ഓരോ നീക്കങ്ങളും ഞങ്ങൾ അറിയുന്നുണ്ട്….. നീ ആരെയൊക്കെ വിളിക്കുന്നു… എന്ത്‌ സംസാരിക്കുന്നു…. ആരെയൊക്കെ കാണുന്നു…. അങ്ങനെ എല്ലാം….. അത് കൊണ്ട് ഇന്ന് രാവിലെ നിനക്ക് കിട്ടിയതിന്റെ ഡീറ്റെയിൽസ് ഉൾപ്പെടെ എല്ലാം ഞങ്ങൾക്ക് അറിയാം….””””” തന്റെ കല്ലറയിലെ അവസാന ആണിയും അടിച്ചുറപ്പിക്കുന്നത് പോലെ ശരത് പറഞ്ഞു നിർത്തുമ്പോൾ നിർവചിക്കാനാകാത്ത എന്തൊക്കെയോ ഭാവങ്ങൾ വിനോദിന്റെ മുഖത്ത് മിന്നി മറയുന്നുണ്ടായിരുന്നു….

എന്നാദ്യമായി അവന്റെ ഉള്ളിൽ നേരിയ ഭയം ഉടലെടുത്തു….. വരുൺ സാറിനെയോ രുഗ്മിണി അമ്മയെയോ അറിയിക്കാൻ തന്റെ മുന്നിൽ ഒരു മാർഗവും ഇല്ല. അവർക്ക് കേരളത്തിലുള്ള ഇടപാടുകാർ താനും രാഹുലും മാത്രമാണ്…… തന്നെ കാണാതായാലും രാഹുൽ അറിയാൻ ഇടയില്ല …. അവൻ തന്നെ അന്വേഷിക്കുകയും ഇല്ല…. എന്തെങ്കിലും അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമല്ലേ തമ്മിൽ വിളിക്കാറുള്ളൂ….? പിന്നെ, ഇവിടെ തിരുവനന്തപുരത്തു തനിക്ക് കൂട്ടായി ഉണ്ടായിരുന്നവർ… അവരാണ് രാവിലെ ഇനി തങ്ങളുടെ ഒപ്പം കൂടാൻ വന്നേക്കരുത് എന്ന താക്കീത് നൽകി പോയത്. ഇല്ലെങ്കിൽ അവർ ഏത് വിധേനെയും തന്റെ രക്ഷകരായേനെ….

രുക്കുമ്മയെയും അങ്ങോട്ട് വിളിക്കാറാണ് പതിവ്….അതും എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ മാത്രം…. ചിലപ്പോൾ ആഴച്ചകളൊ മാസങ്ങളോ പരസ്പരം കാൾ ഒന്നും ഇല്ലാതിരിക്കും….. അത് കൊണ്ട് അവരും തന്നെ അന്വേഷിക്കാൻ ഇടയില്ല…. ഇനി ഇപ്പൊ എന്ത്‌ ചെയ്യും…? എങ്ങനെ എങ്കിലും അവരെ അറിയിക്കാനായാൽ ഇവിടെ നിന്നും ഏത് വിധേനെയും അവർ രക്ഷിക്കും….. പക്ഷെ എങ്ങനെ…? ചിന്തകൾക്കൊടുവിൽ അവൻ കൈ പാന്റിന്റെ പോക്കറ്റിന് മുകളിലൂടെ ഒന്ന് തടവി… മൊബൈൽ പോക്കറ്റിൽ തന്നെ ഉണ്ടെന്ന് ഉറപ്പ് വരുത്തി…. പിന്നേ ചുറ്റുമുള്ളവരെ ഒന്ന് നോക്കി… ഇവരെ വെട്ടിച്ചു ഒരു മെസ്സേജ് എങ്കിലും രാഹുലിനോ രുക്കുമ്മയ്ക്കോ അയയ്ക്കാനായാൽ രക്ഷപെട്ടു…..

“””””എന്താ വിനോദെ ഈ ആലോചിച്ചു കൂട്ടുന്നത്..? നിനക്ക് രേക്ഷപെടാനുള്ള വഴികളാണോ…?””””” ചോദ്യത്തോടൊപ്പം മോഹൻ അവന്റെ അരികിലേയ്ക്ക് വന്നിരുന്നു …. “””””നീ ഇനി ഇവിടെ നിന്നും രക്ഷപെടണമെങ്കിൽ ഞങ്ങൾ വിചാരിക്കണം….”””””” പറയുന്നതിനോടുപ്പം അവന്റെ പോക്കറ്റിൽ കയ്യിട്ട് നോടിയിട കൊണ്ട് ഫോൺ അവൻ കൈക്കലാക്കി…. “””””അല്ലാതെ ഈ മൊബൈലൊന്നും നിന്നെ രക്ഷിക്കാൻ പോകുന്നില്ല….””””” അവന്റെ ചിന്തകൾ മനസിലാക്കിയിട്ടെന്ന പോലെയായിരുന്നു മോഹന്റെ സംസാരവും പ്രവർത്തിയും….

അവസാന പ്രതീക്ഷയും നഷ്ടമായി എന്നറിഞ്ഞപ്പോൾ വല്ലാത്തൊരു തളർച്ച തന്നെ ബാധിക്കുന്നത് വിനോദറിഞ്ഞു……… തോറ്റു പോവുകയാണോ താൻ…? ജാനകി എന്ന പെണ്ണിന്റെ മുന്നിൽ തോറ്റു പോവുകയാണോ….? അസഹ്യതയോടെ അവൻ തല കുടഞ്ഞു…. രുക്കുമ്മ പറഞ്ഞത് കേട്ടില്ല… ശ്രദ്ധിക്കണം എന്ന് പലതും തവണ പറഞ്ഞതാണ്… അപ്പോഴൊക്കെ തന്റെ സൗന്ദര്യത്തിലും കഴിവിലും അമിതമായ ആത്‍മവിശ്വാസമായിരുന്നു….. ഇത് പോലെ ചതിയിൽപ്പെടുത്തി എത്രയെണ്ണതിനെ രുക്കുമ്മേടെ അടുത്ത് എത്തിച്ചിട്ടുണ്ട്… റോസിനെയും അത് പോലെയേ കരുതിയുള്ളൂ…. തെറ്റ് പറ്റി … ആദ്യമായി പരാജയം അറിയുകയാണ്……..

മോഹന്റെ കയ്യിലിരിക്കുന്ന തന്റെ ഫോണിലേയ്ക്ക് നോക്കി അവൻ നിരാശയോടെ ഒന്ന് നെടുവീർപ്പിട്ടു….. “””””നിന്റെ മുന്നിൽ ഒരൊറ്റ വഴിയേ ഉള്ളൂ വിനോദ്…. ഞങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണം… ഞങ്ങൾക്ക് അറിയേണ്ടതൊക്കെ നീ പറഞ്ഞു തരണം…. ഞങ്ങളോട് പൂർണമായും സഹകരിച്ചാൽ നിന്റെ ജീവൻ ഞങ്ങൾ തിരികെ തരാം….””””” വിനോദിനോടുള്ള ആൽവിയുടെ സംസാരം കേട്ട് ജാനി നെറ്റി ചുളിച്ചു സംശയത്തോടെ അവനെ നോക്കി…. അവൻ അവളെ നോക്കി വിനോദ് കാണാതെ ചുമ്മ എന്ന് കണ്ണ് ചിമ്മി കാണിച്ചു…. “””””നീയൊക്കെ എങ്ങനെ ശ്രമിച്ചാലും…

എന്റെ ജീവൻ ഇവിടെ തീർന്നാലും നിന്റെയൊക്കെ ചോദ്യത്തിന് ഒരു വാക്ക് പോലും എന്നിൽ നിന്നും വീഴില്ല….. കൂടുതലൊന്നും എനിക്ക് പറയാനുമില്ല….”””””” അവസാന വാക്കെന്നോണം അവൻ പറഞ്ഞു നിർത്തുമ്പോഴേയ്ക്കും ആൽവിയുടെ കൈ വീണ്ടും അവന്റെ കവിളിലേയ്ക്ക് പതിച്ചിരുന്നു…. അവൻ വിനോദിന്റെ കവിളിൽ കുത്തിപ്പിടിച്ചു അവന്റെ തല സെറ്റിയിലേക്ക് ചേർത്ത് വച്ചു…. “”””””നിന്നെക്കൊണ്ട് പറയിക്കാൻ ഞങ്ങൾക്ക് അറിയാടാ….. ഞങ്ങൾക്ക് അറിയേണ്ടതെല്ലാം നീ പറയും… പറഞ്ഞിരിക്കും…..”””””” ആൽവി ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു. “””””എന്റെ നാവിൽ നിന്നും നിങ്ങൾക്ക് വേണ്ടതൊന്നും നിങ്ങൾ അറിയില്ല….പറയില്ല എന്ന് വിനോദ് പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് പറയില്ല എന്ന് തന്നെയെ അർത്ഥമുള്ളൂ…..”

“””” തന്റെ കണ്ണുകളിലേയ്ക്ക് നോക്കി നിർവികാരനായി വിനോദ് പറയുന്നത് കേട്ട് ആൽവി ദേഷ്യം കൊണ്ട് വിറച്ചു…. പൂർണമായും തോറ്റു പോയ ആ അവസ്ഥയിലും അവന്റെ ആ മനോഭാവം ജാനകി ഒഴികെ ഉള്ളവരിൽ അത്ഭുതം ഉളവാക്കി….. എന്നാൽ ജാനകി അവനിൽ നിന്നും അത്തരം ഒരു പെരുമാറ്റം തന്നെയാണ് പ്രതീക്ഷിച്ചിരുന്നത്…. വീണ്ടും അവനെ തല്ലാൻ കൈ ഓങ്ങിയ ആൽവിയെ ശരത് തടഞ്ഞു…. “””””നമ്മൾ എത്ര തല്ലിയാലും ഇവൻ നമ്മുടെ ചോദ്യങ്ങൾക്ക് മറുപടി നൽകില്ല ആൽവി… പഠിച്ച കള്ളനാണിവൻ…ഇവനെക്കൊണ്ട് വായ തുറപ്പിക്കാൻ പറ്റിയൊരാൾ എന്റെ പക്കലുണ്ട്….””””” ചിരിയോടെ ശരത് പറയുമ്പോൾ ചുളിഞ്ഞ നെറ്റിയോടെ വിനോദ് അവനെ ഒന്ന് നോക്കി…………… തുടരും………….

തമസ്സ്‌ : ഭാഗം 41

മുഴുവൻ ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story