തമസ്സ്‌ : ഭാഗം 16

തമസ്സ്‌ : ഭാഗം 16

എഴുത്തുകാരി: നീലിമ

ജയയുടെ റൂമിൽ എത്തുമ്പോൾ കുഞ്ഞി ബെഡിൽ കണ്ണുകളടച്ചു കിടക്കുകയായിരുന്നു. ഉറക്കം നടിച്ചു കിടക്കുന്നതാണെന്ന് മോഹന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലായി. കണ്ണുകളടച്ചു കിടക്കുമ്പോഴും മുഖത്തൊരു കള്ള പരിഭവം കണ്ടു അവൻ….. ഉള്ളിലെ സംഘർഷത്തിന് അയവു വരുന്നതറിഞ്ഞു….. അവൻ പോലും അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു…… “””””അയ്യോ…. അച്ചായി ഓടി വന്നപ്പഴേയ്ക്കും അച്ചായിടെ കുഞ്ഞാറ്റക്കുട്ടി ഉറങ്ങിപ്പോയോ?””””” ചോദ്യത്തോടെ ബെഡിലേയ്ക്ക് ഇരുന്നു…… ഒരു നിമിഷം കുഞ്ഞിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു കൊഴിഞ്ഞു. എന്നിട്ടും കണ്ണുകൾ തുറക്കാതെ അനങ്ങാതെ കിടന്നു അവൾ…… “”””””ഇതിപ്പോ കള്ള ഉറക്കം ആണെന്ന തോന്നുന്നത്…. സാധാരണ ഉറങ്ങുമ്പോ എന്റെ കുഞ്ഞി മോള് കൂർക്കം വലിക്കാറുണ്ടല്ലോ?”””””

കള്ള ചിരിയോടെ മോഹൻ പറയുമ്പോ അവൾ ഒളികണ്ണിട്ട് അവനെ നോക്കി….. പിന്നെ കൂർക്കം വലിക്കുന്നത് പോലെ ശബ്ദം ഉണ്ടാക്കി….. അത് കേട്ടതും മോഹൻ ഒരു പൊട്ടിച്ചിരിയോടെ അവളെ വാരിയെടുത്തു കവിളിലും നെറ്റിയിലും ഉമ്മ കൊടുത്തു….. കുഞ്ഞി അപ്പോഴും പിണക്കത്തോടെ പരിഭവം നടിച്ചു മുഖം വീർപ്പിച്ചു മോഹന്റെ കൈയ്യിൽ കിടന്നു…. “””””എന്തെ അച്ചായിടെ കുഞ്ഞി പിണക്കത്തിലാണോ? കുഞ്ഞാറ്റ പിണങ്ങിയാ അച്ചായിക്ക് സങ്കടാവൂട്ടോ….. അച്ചായി കരയും….””””” വിഷമം വന്നിട്ടെന്ന പോലെ ചുണ്ട് പിളർത്തി കാണിച്ചു കൊണ്ട് പറഞ്ഞപ്പോൾ കുഞ്ഞി നോട്ടം മോഹന്റെ മുഖത്തേയ്ക്ക് മാറ്റി… “”””””അച്ചായി കരയണ്ട…. ന്നാ കുഞ്ഞീം കരയും…. പച്ചേ അച്ചായിയോട് കുഞ്ഞി മിണ്ടൂല്ല….. ന്നെ രാവിലെ ഉണർത്തീല്ലല്ലോ… ഉമ്മ തന്നില്ലല്ലോ….

സ്കൂളീന്നു വരുമ്പോ കാണൂന്നു പറഞ്ഞിട്ട് അപ്പഴും വന്നില്ല…. കുഞ്ഞി പിണക്കാ…. മിണ്ടൂല്ല……”””””” വീണ്ടും പിണക്കം ഭാവിച്ചു മോഹന്റെ മുഖത്ത് നിന്നും നോട്ടം മാറ്റി അവൾ….. “”””””അങ്ങനെ ആണോ? എന്നാൽപ്പിന്നെ നാളെ ലെച്ചൂന് കൊടുക്കാൻ വേണ്ടി കൊണ്ട് വന്ന സ്വീറ്റ് ബോക്സും മുല്ലപ്പൂവുമൊക്കെ അപ്പുറത്തെ അമ്മൂസിനു കൊടുത്തേക്കാം അല്ലെ?”””””” നിഷ്കളങ്ക ഭാവത്തിൽ അവൻ പറഞ്ഞപ്പോൾ കുഞ്ഞീടെ മുഖം വിടർന്നു. “”””””അച്ചായി സ്വീറ്റ് ബോക്സും കൊണ്ടന്നോ ?””””” “”””””മ്മ്….. ഇനിയിപ്പോ വേണ്ടല്ലോ…. അമ്മൂസിനു കൊടുത്തേയ്ക്കാം…..”””””” കുഞ്ഞിയെ ബെഡിലേയ്ക്ക് തന്നെ കിടത്തി ബെഡിൽ ഇരുന്ന കവറുമായി അവൻ പുറത്തേയ്ക്ക് പോകാൻ ഒരുങ്ങി. “”””””കൊണ്ടോവല്ലേ അച്ചായി…. കുഞ്ഞിക്ക് വേണം…..”””””” അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു അവന്റെ പിറകെ ഓടി…. മോഹൻ കവർ പിറകിൽ ഒളിപ്പിച്ചു അവൾക്ക് മുന്നിലായി മുട്ടുകുത്തി ഇരുന്നു….. “””

“””അപ്പൊ അച്ചായിയോട് മിണ്ടോ…?”””””” കുഞ്ഞിക്കണ്ണുകളിലേയ്ക്ക് മാറി മാറി നോക്കി ചോദിക്കുമ്പോൾ അവളും അവന്റെ കണ്ണിലേയ്ക്ക് കൂർപ്പിച്ചു നോക്കിക്കൊണ്ട് മിണ്ടും എന്ന അർത്ഥത്തിൽ തലയനക്കി….. “””””എന്നാലെ ഒരുമ്മ തന്നെ……””””” അവൻ തല ചരിച്ചു കവിൾ അവൾക്ക് നേരെ പിടിച്ചു …. തോറ്റു കൊടുക്കാൻ വയ്യാത്തത് പോലെ കുറച്ചു സമയം മോഹനെ നോക്കി കെറുവിച്ചു നിന്നു അവൾ ….. “”””””അപ്പൊ ഇത് അമ്മൂസിനു തന്നെ കൊടുക്കാം അല്ലെ?””””” പറഞ്ഞു തീരുന്നതിനു മുന്നേ കുഞ്ഞിക്കൈകൾ കൊണ്ട് ചുറ്റിപിടിച്ചു ഇരുകവിളിലും മാറി മാറി ഉമ്മ നൽകി അവൾ…. മോഹൻ കയ്യിലെ കവർ അവൾക്ക് നൽകി കുഞ്ഞിയെ വാരിയെടുത്തു ….

“”””””എനിക്കറിയില്ലേ എന്റെ കുഞ്ഞാറ്റയ്ക്ക് എന്നോട് പിണങ്ങി ഇരിക്കാൻ പറ്റില്ലാന്നു…..””””” മൂക്ക് കുഞ്ഞിയുടെ മൂക്കിൽ ഉരസിക്കൊണ്ട് അവൻ പറഞ്ഞു. പിന്നെ അവളുടെ നെറ്റിയിൽ ചുംബിച്ചു കുഞ്ഞിയെയും കൈകളിൽ എടുത്ത് പുറത്തേയ്ക്ക് നടന്നു. കുഞ്ഞി ഒപ്പമുള്ള ആ നിമിഷങ്ങൾ ജാനകിയുടെ ഓർമ്മകൾ പോലും അവനിൽ നിന്നും അകന്നു നിന്നു…. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 “””””ട്രീസ…. ജാനകി ഉണർന്നില്ലേ ഇത് വരെ?”””””‘ ചോദ്യത്തോടെ മദർ റൂമിലേയ്ക്ക് കയറി. ജാനകിയുടെ വിവരങ്ങൾ തിരക്കാനായി ഹോസ്പിറ്റലിലേയ്ക്ക് എത്തിയതായിരുന്നു മദർ. “””””ഇല്ല മദർ… ഉണരാറായിട്ടുണ്ട്…. വല്ലാതെ ബഹളം വച്ചപ്പോൾ ഡോക്ടർ എന്തോ സെഡേറ്റീവ് കൊടുത്തു മയക്കിയതാണ്…..””””” മദർ ജാനകിയ്‌ക്കരികിലേയ്ക്ക് ചെന്നു ബെഡിലേയ്ക്കിരുന്നു…. “””

“”വല്ലാതെ ബഹളം വച്ചോ ഇവൾ?””””” “””””മ്മ്… കുറച്ചധികം….. ദേ കണ്ടില്ലേ മുഖത്തൊക്കെ…..””””” മദർ കണ്ടു അവളുടെ വെളുത്ത മുഖത്ത് നഖം കൊണ്ട് പോറിയ പാടുകൾ….. അവിടെയൊക്കെ ചോര പൊടിഞ്ഞു ഉണങ്ങിയിരിക്കുന്നു….. അവരതിൽ പതിയെ തലോടി…. “””””സ്വയം ചെയ്തതാ ഒക്കെ…. ശെരിക്കും ഭ്രാന്ത് വന്ന പോലെ ആയിരുന്നു പെരുമാറ്റം….. വേറെ ആരെയും ഉപദ്രവിച്ചില്ല… ഒക്കെ സ്വയം ചെയ്യുവായിരുന്നു….. ഏതോ മരുന്ന് കിട്ടണം എന്ന് പറഞ്ഞു വല്ലാതെ ബഹളം വച്ചു. കിട്ടാതെയായപ്പോ മുടിയൊക്കെ പിടിച്ച് വലിച്ച് ദേ ഇത് പോലെ മുഖത്തൊക്കെ നഖം കൊണ്ട് വരഞ്ഞു. അതിന്റെ അവസ്ഥ കണ്ടിട്ട് സങ്കടം തോന്നി മദർ…..”””””” വിഷമത്തോടെ പറയുമ്പോൾ ട്രീസ സിസ്റ്റർ നോട്ടം കൊണ്ട് ജാനാകിയെ തലോടുകയായിരുന്നു….. “””””ട്രീസ പോയി ഒരു നെയിൽ കട്ടർ വാങ്ങി വരൂ…

ഈ നഖമൊക്കെ ഒന്ന് വൃത്തിയാക്കിക്കൊടുക്കാം…..””””” ജാനകിയിൽ നിന്നും നോട്ടം മാറ്റാതെ മദർ പറയുമ്പോൾ ട്രീസ സിസ്റ്റർ സമ്മതം അറിയിച്ചു റൂമിന് പുറത്തേയ്ക്കിറങ്ങി. ജാനകി പതിയെ മയക്കം വിട്ടെഴുന്നേൽക്കുകയായിരുന്നു… കണ്ണുകൾ ചിമ്മിതുറക്കുമ്പോൾ മുന്നിൽ മദറിനെക്കണ്ടു അവൾ പിടഞ്ഞെഴുന്നേറ്റു…. “””””പറ്റിച്ചു ല്ലെ എന്നെ..? എനിക്ക് അത് തരാന്ന് പറഞ്ഞല്ലേ എന്നെ ഇവിടെ കൂട്ടീട്ട് വന്നത്…? എന്നിട്ടും പറ്റിച്ചു ല്ലെ? ഒന്ന് തരുവോ….? ഒരു തവണ…..അത് കിട്ടിയാൽ എന്റെ വേദന മുഴുവൻ മാറും… ശരീരം മുഴുവൻ പുകഞ്ഞു നീറുന്നത് പോലെയുള്ള ഈ തോന്നല് മാറും….””””” എന്നിട്ടും ഒന്നും മിണ്ടാതെ ഇരിക്കുന്ന മദറിനെ നോക്കി അവൾ വീണ്ടും പറഞ്ഞു…. “”””””നിങ്ങളെക്കാളും അവരാ നല്ലത്… അവരെനിക്ക് തരാറുണ്ടല്ലോ…. അവര് പറയുന്നിടത്തു കൂടെ ചെന്നാൽ… അവര് പറയണത് പോലെ ഒക്കെ കേട്ടാൽ…. മറുത്തൊന്നും പറയാതെ ഒക്കെ അനുസരിച്ചാൽ അവരെനിക്ക് അത് തരുമല്ലോ……

ഞാൻ പറഞ്ഞില്ലേ നിങ്ങൾ പറയണതൊക്കെ അനുസരിക്കാന്ന് ….. എവിടെക്കാ ഞാൻ പോകേണ്ടത്? ആരുടെ അടുത്തേയ്ക്കാ? ഞാൻ പോകാം എനിക്ക് അത് ഒന്ന് തന്നാൽ മാത്രം മതി…. തരാവോ? പ്ലീസ്…….””””” മദറിന്റെ രണ്ട് കൈകളും കൂട്ടിപിടിച്ചു ദയനീയമായി അവരെ നോക്കി കണ്ണുകൾ കൊണ്ടവൾ യാചിച്ചു….. മദർ നിസഹായയായി അവളെ നോക്കിയിരുന്നു… ഇതിന് വേണ്ടി ആയിരുന്നല്ലോ കുട്ടീ അവര് നിന്നെ ഈ അവസ്ഥയിൽ എത്തിച്ചത്….. അവരുടെ കയ്യിലെ ചലിക്കുന്ന പാവയാക്കാനല്ലേ അവര് നിന്നെ മയക്കുമരുന്നിനടിമയാക്കിയത്….? ഇപ്പോഴും നീ അവരെ വിശ്വസിക്കുന്നു…. എന്നെ അവിശ്വസിക്കുന്നു…. അവർക്ക് വേണ്ടതും അതായിരുന്നിരിക്കും…… “””””തരില്ല അല്ലെ? പോ…. ഇവിടുന്നു പോ…. ചീത്തയ നിങ്ങള്…. ചീത്തയാ…..എനിക്ക് കാണണ്ട…. “”

“”” ശക്തിയായി അവൾ മദറിനെ പിറകിലേയ്ക്ക് തള്ളി ….. കൈകൾ വീണ്ടും അവളുടെ മുഖത്ത് കൂടി ചലിച്ചപ്പോൾ ഉണങ്ങിതുടങ്ങിയ മുറിവിൽ വീണ്ടും ചോര പൊടിയുന്നത് കണ്ടു. മദർ വേഗം തന്നെ അവളുടെ കൈകൾ തന്റെ കൈകളാൽ ബന്ധനത്തിലാക്കി….. കുതറിയപ്പോൾ കൂടുതൽ പിടി മുറുക്കി…. ബഹളം കേട്ട് പുറത്ത് നിന്നും ഓടി വരികയായിരുന്നു സിസ്റ്റർ ട്രീസ….. മദറിന് ജാനിയെ അടക്കാൻ കഴിയുന്നില്ല എന്ന് കണ്ടപ്പോൾ അവർ വേഗം ഡോക്ടറിനെ കൂട്ടി വന്നു. വീണ്ടും സെടറ്റീവ് ഇൻജക്ഷൻ നൽകി ജാനകിയെ മയക്കേണ്ടി വന്നു ഡോക്ടറിനു…. “””””ഇവരുടെ ബ്ലഡ്‌ സാമ്പിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്…. ഉള്ളിൽ കടന്നിട്ടുള്ള ഡ്രഗ് ഏതാണെന്നു അറിയണം… ചുരുക്കം ചില ഡ്രഗ്സ് ന് മാത്രമേ ഇത്രയും രൂക്ഷമായ വിഡ്രവൽ സിംപ്‌റ്റംസ് കാണാറുള്ളൂ……

ഏതൊക്കെ ഡ്രഗ്സ് ആണ് ഉള്ളിൽ കടന്നത് എന്നറിഞ്ഞാൽ ഉടനെ ട്രീറ്റ്മെന്റ് ആരംഭിക്കാം….. എന്തായാലും ഒരല്പമെങ്കിലും ഇമ്പ്രൂവ്മെന്റ് ഉണ്ടാകാൻ കുറഞ്ഞത് ഒന്ന് രണ്ട് മാസം എടുക്കും….. ഇവരുടെ ട്രീറ്റ്മെന്റ് ചിലപ്പോൾ അതിലും നീണ്ടു പോകാനിടയുണ്ട്…. ബോഡിയിലുണ്ടാകുന്ന ഒരു ചെറിയ ഇൻഫെക്ഷൻ പോലും മരണ കാരണമാകാം… അത് കൊണ്ട് വളരെ സൂക്ഷിക്കേണ്ടതുണ്ട് …….”””””” ബിജോയ്‌ ഡോക്ടർ പുറത്തേയ്ക്ക് നടന്നു. കണ്ണുകളടച്ചു മുന്നിൽ കിടക്കുന്ന ജാനകിയുടെ മുഖത്തേയ്ക്ക് നോക്കി മദർ…. തിരികെ വരണം മോളെ…. ജീവിതത്തിലേയ്ക്ക് മടങ്ങി വരണം നീ… ഒരുപാടുണ്ട് നിനക്ക് ചെയ്തു തീർക്കാൻ….. ട്രീസ സിസ്റ്റർ കൊണ്ട് വന്ന നെയിൽ കട്ടർ എടുത്ത് പതിയെ അവളുടെ നഖം വൃത്തിയാക്കാൻ തുടങ്ങി മദർ…… 🍁🍁🍁🍁

അടുത്ത ദിവസം തന്നെ ശരത് നാട്ടിലേയ്ക്ക് തിരിച്ചു. പരിചയക്കാരനായ പോലീസുകാരന്റെ സഹായത്തോടെ രഹസ്യമായി വിനോദ് സ്റ്റേഷനിൽ നൽകിയിരുന്ന അഡ്രസും ഫോൺ നമ്പറും തപ്പി എടുത്തു. അവൻ പ്രതീക്ഷിച്ചത് പോലെ തന്നെ മൊബൈൽ നമ്പർ നിലവിൽ ഉണ്ടായിരുന്നില്ല. ബാംഗ്ലൂർ അങ്ങനെ ഒരു അഡ്രസ് ഉണ്ടോ എന്നന്വേഷിക്കാൻ രഹസ്യമായി ഏർപ്പാടുകൾ ചെയ്തു. ആൽവിനെ സംശയത്തിന്റെ നിഴലിൽ പോലും നിർത്തേണ്ട കാര്യം ഇല്ല എന്ന് ഇതിനോടകം ശരത് മനസിലാക്കിക്കഴിഞ്ഞിരുന്നു….. ഷിഹാബിനെക്കുറിച്ചും രഹസ്യമായ അന്വേഷണം നടത്തി അവൻ….. വിനോദും ഷിഹാബും തമ്മിൽ ഇപ്പോഴും എന്തെങ്കിലും ബന്ധം ഉണ്ടെന്നതിനു പ്രത്യക്ഷമായി തെളിവൊന്നും ലഭിച്ചില്ല…. ഷിഹാബിന്റെ ഫോൺ നമ്പർ കണ്ടെത്തി കാൾ ഡീറ്റെയിൽസ് എടുത്തെങ്കിലും സംശയസ്പദമായ കാൾസ് ഒന്നും കണ്ടെത്താനായില്ല…..

മറ്റൊരു രഹസ്യ നമ്പർ കൂടി അവനുണ്ടാകും എന്ന് ശരത് ഊഹിച്ചു. രഹസ്യമായ അന്വേഷണത്തിലൂടെ വിനോദും ഷിഹാബും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു തെളിവും കണ്ടെത്താൻ ശരത്തിനായില്ല….. ജാനാകിയുടെ ജീവൻ പോലും ആപത്തിലാകും എന്നറിയുന്നതിനാൽ പരസ്യമായ ഒരൻവേഷണം സാധ്യവുമായിരുന്നില്ല…….. തിരികെ പോകുന്നതിനു മുന്നേ ആൽവിയെയും മായയെയും കണ്ടോന്നു സംസാരിക്കാൻ ശരത് തീരുമാനിച്ചു. ഷിഹാബിനെക്കുറിച്ച് കൂടുതൽ എന്തെങ്കിലും അവർക്ക് പറയാനുണ്ടോ എന്നറിയുകയായിരുന്നു ഉദ്ദേശം. നേരത്തെ അറിയിച്ചിരുന്നതിനാൽ ആൽവിയും മായയും അവനെ കാത്തിരിക്കുകയായിരുന്നു…. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

“”””””വിനോദിനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ സാർ?”””””” മായ കൊണ്ട് വന്ന ചായ ശരത്തിനു നൽകിക്കൊണ്ട് ആൽവിയാണ് ചോദ്യങ്ങൾക്ക് തുടക്കമിട്ടത്…. “””””ഇല്ലെടോ…. ഞാൻ പ്രതീക്ഷിച്ചതൊക്കെ തന്നെയാ… നമ്പറും ഇല്ല അഡ്രസ്സും കളവാ…..അവൻ സ്റ്റേഷനിൽ കൊടുത്തിരുന്ന മൊബൈൽ നമ്പർ പോലും അവന്റെ പേരിൽ എടുത്തിരുന്നതല്ല എന്നാണ് അറിയാൻ കഴിഞ്ഞത്….ഇനി അവനിലേയ്ക്ക് എത്താനുള്ള ഒരേ ഒരു മാർഗം ഷിഹാബ് ആണ്….. അവര് തമ്മിൽ ഇപ്പോഴും കോൺടാക്ട് ഉണ്ടോ എന്ന് അറിയാൻ പക്ഷെ മാർഗങ്ങൾ ഒന്നും ഇല്ല….. ഇല്ലെങ്കിൽ അവന്റെ സുഹൃത്തുക്കളിൽ ആരെയെങ്കിലും പൊക്കണം… അത് പക്ഷെ റിസ്ക് ആണ്…. എങ്ങനെ എങ്കിലും അവന്റെ കാതിൽ അതെത്തിയാൽ ജാനാകിയുടെ ജീവന് പോലും ഒരുപക്ഷെ ആപത്തുണ്ടാകും……””””” കയ്യിലെ ചായ ഒരു സിപ് എടുത്ത് ടേബിളിലേയ്ക്ക് വച്ച് നിവർന്നിരുന്നു ശരത്. “””

“”അപ്പൊ ജാനകി തെറ്റുകാരി അല്ല എന്ന് സാർ ഉറപ്പിച്ചോ?”””””” സംശയം മായയുടേതായിരുന്നു. “””””ഏറെകുറെ… അത് പൂർണമായും ഉറപ്പിക്കണമെങ്കിൽ വിനോദിനെ കണ്ടെത്തണം…… പക്ഷെ എങ്ങനെ? ഷിഹാബിനോട് ഒന്നും നേരിട്ട് തിരക്കാനാകില്ല…. മറ്റൊരു വഴിയുണ്ട്…. ഷിഹാബിന്റെ വൈഫ്‌ ഷാഹിന…!””””” മായയെ നോക്കിക്കൊണ്ടാണ് ശരത് അത് പറഞ്ഞത്…… “””””ഷാഹിന വഴി എന്താണ് സാറിനു അറിയേണ്ടത്?””””” ചോദ്യം മായയുടേതായിരുന്നു….. ശരത് ആഗ്രഹിച്ചതും ആ ചോദ്യം തന്നെ ആയിരുന്നു. “””””മായയ്ക്ക് അറിയുമോ ഷാഹിനയെ?””””” ചോദ്യത്തോടൊപ്പം ശരത്തിന്റെ നെറ്റിയിലും ചുളിവുകൾ വീണു. “”””ജോക്കുട്ടന്റെ ക്ലാസിൽ ആണ് ഷിഹാബിന്റെ മകൻ അസ്‌ലം പഠിക്കുന്നത്. പേരെന്റ്സ് മീറ്റിംഗിനൊക്കെ ഷാഹിനയാണ് വരാറ്….. അങ്ങനെ കണ്ടുള്ള പരിചയമാണ്….

ഷിഹാബിനെപ്പോലെ അല്ല, ആള് പാവമാണ്… ഒരു സാധു….. ഞങ്ങൾ തമ്മിൽ അത്ര വലിയ കൂട്ടൊന്നുമില്ല….കാണുമ്പോൾ സംസാരിക്കും അത്ര തന്നെ…. പക്ഷെ കഴിഞ്ഞ തവണ പേരെന്റ്സ് മീറ്റിംഗിന് കണ്ടപ്പോ ഒരു ജോലി വളരെ അത്യാവശ്യം ആണ്…. അങ്ങനെ എന്തെങ്കിലും കിട്ടുമോ എന്നന്വേഷിച്ചു…… എന്റെ ഒരു ഫ്രണ്ട്‌ന്റെ കമ്പനിയിൽ ഒരു റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്…. അത് ഞാൻ ആളോട് പറയാനിരിക്കുവാണ് … സാറിനു എന്തെങ്കിലും അറിയണമെങ്കിൽ ഞാൻ നയത്തിൽ ചോദിച്ചു മനസിലാക്കാം…. എന്റെ ജാനകി ചതിക്കപ്പെട്ടതാണെങ്കിൽ അവളെ ആ അവസ്ഥയിൽ എത്തിച്ചവനെ വെറുതെ വിടരുത്…. എന്നാൽ കഴിയുന്ന എന്ത് സഹായവും ഞാൻ ചെയ്യാം…..”””””” വല്ലാത്തൊരത്‌മവിശ്വാസം ഉണ്ടായിരുന്നു മായയുടെ ശബ്ദത്തിൽ…. “”

“”””അറിയാനുള്ളത് ഷിഹാബിനെക്കുറിച്ച് തന്നെയാണ്…. പിന്നെ ഷാഹിനയ്ക്കറിയുന്ന വിനോദിനെക്കുറിച്ചും…. എന്തൊക്കെയാണ് അറിയേണ്ടതെന്നു ഞാൻ വിശദമായി പറയാം….. പക്ഷെ ഒന്നുണ്ട്… വളരെ സൂക്ഷിച്ചു വേണം ഷാഹിനയോട് സംസാരിക്കാൻ…. ഒരു ചെറിയ സംശയം പോലും അവൾക്ക് തോന്നരുത്…… സംശയം തോന്നാതെ രഹസ്യം ചോർത്താൻ നിങ്ങൾ പെണ്ണുങ്ങൾക്ക് ഒരു പ്രത്യേക കഴിവുണ്ടല്ലോ അല്ലെ?””””” പകുതി കളിയായും പകുതി കാര്യമായും ശരത് പറഞ്ഞു നിർത്തുമ്പോൾ മറുപടി ഒരു ചിരിയിലൊതുക്കി മായ…. “””””സാർ ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് ഒരു സംശയം തോന്നുന്നുണ്ട്….””””” പറഞ്ഞു കൊണ്ട് ശരത്തിനരികിലുള്ള ചെയറിലേയ്ക്ക് വന്നിരുന്നു ആൽവി. അവന്റെ സംശയം അറിയാനുള്ള ആകാംക്ഷയോടെ ശരത് അവനെ ഒന്ന് നോക്കി…. ”

“”””ജാനകി ഇപ്പൊ വല്ലാതെ മയക്കുമരുന്നിനടിമയാണല്ലോ…? അത് കിട്ടാനായി അവളിപ്പോ ആരെന്ത് പറഞ്ഞാലും അനുസരിക്കാൻ തയാറ്റുമാണ്…… ഇത് തന്നെയാകുമോ അവൾ വിനോദിനൊപ്പം പോകാനുമുള്ള കാരണം…..? “””””” “”””””അതിനുള്ള സാധ്യത അൻപതു ശതമാനത്തിനും താഴെയാണ് ആൽവിൻ….”””” ടേബിളിൽ കിടന്ന ന്യൂസ്‌ പേപ്പർ ശരത് വെറുതെ എടുത്തൊന്നു കയ്യിൽ പിടിച്ചു. “””””ഞാൻ അങ്ങനെ പറയാൻ കാരണമുണ്ട്…. ജാനകി ഒരിക്കലും അറിഞ്ഞു കൊണ്ട് മയക്കുമരുന്ന്‌ ഉപയോഗിക്കില്ല…. അവളെറിയാതെ അതവളുടെ ഉള്ളിൽ എത്തിക്കാൻ വല്ലപ്പോഴും മാത്രം ആ വീട്ടിൽ വരാറുണ്ടായിരുന്ന വിനോദിനും ബുദ്ധിമുട്ടുണ്ടാകും…… പിന്നെ എങ്ങനെ മയക്കുമരുന്ന് അവളുടെ ഉള്ളിൽ എത്തും?””””” എന്തൊക്കെയോ ആലോചനയിൽ മുഴുകി ശരത് പത്രം ഒന്ന് കൂടി കയ്യിൽ ചുരുട്ടി പിടിച്ചു. “””

“”അതെനിക്കും നിശ്ചയമില്ല സാർ…. ആഹാരത്തിലൂടെ സാധ്യമല്ല…. പക്ഷെ മെഡിസിനിലൂടെയോ മറ്റോ…. അങ്ങനെ എന്തെങ്കിലും സാധ്യത ഉണ്ടാകുമോ?””””” ശരത്തിന്റെ മുഖത്തേയ്ക്ക് തന്നെ ഉറ്റു നോക്കിക്കൊണ്ടായിരുന്നു ചോദ്യം…. “””””പൂർണമായും ഇല്ല എന്ന് പറയാനാകില്ല…..ജാനകി എന്തെങ്കിലും മെഡിസിൻ സ്ഥിരമായി ഉപയോഗിച്ചിരുന്നു എങ്കിൽ …… അത് മനസിലാക്കി ജാനകി അറിയാതെ ആ മെഡിസിൻ സ്ട്രിപ്പ് മാറ്റി അതേ പോലുള്ള സ്ട്രിപ്പിൽ മയക്കുമരുന്നിന്റെ അംശംമുള്ള മെഡിസിൻ വയ്ക്കാൻ അവന് കഴിഞ്ഞു എന്ന് വരാം…. കുറച്ചു വൈഡ് ആയിപ്പോയി ആ ചിന്ദാഗതി … എങ്കിലും സാധ്യത ഇല്ല എന്ന് പറയാനാകില്ല. “””””” ”

“”””ജാനകി അങ്ങനെ എന്തെങ്കിലും മെഡിസിൻ സ്ഥിരമായി ഉപയോഗിച്ചിരുന്നതായി നിങ്ങൾക്കറിയുമോ?””””” ശരത് ആൽവിയെയും മായയെയും മാറി മാറി നോക്കി…. “””””അങ്ങനെ ഒന്നും അറിയില്ല സാർ…. മോഹന് അറിയുമായിരിക്കും….””””” ആൽവിനാണ് മറുപടി നൽകിയത്. “””””മ്മ്….അപ്പോഴും ഒന്നുണ്ട്… ജാനകി അറിയാതെയാണ് മയക്കുമരുന്ന് ജാനകിയുടെ ഉള്ളിൽ എത്തിയത് എങ്കിലും സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ഒരാളിലുള്ള എല്ലാ ലക്ഷണങ്ങളും അവളിലും ഉണ്ടാകും….. പെരുമാറ്റത്തിലും പ്രവർത്തിയിലും ചിന്തകളിലും സംസാരത്തിലും എന്തിന് ഉറക്കത്തിൽ പോലും ഉണ്ടാകും ആ മാറ്റം….. അങ്ങനെ എന്തെങ്കിലും നിങ്ങൾ നോട്ടീസ് ചെയ്തിരുന്നോ?””””

” ഇരുവരോടുമായി ചോദ്യം അവസാനിക്കുമ്പോൾ ആൽവിയും മായയും പരസ്പരം നോക്കി ഇല്ല എന്ന് തല ചലിപ്പിച്ചു…. “””””മ്മ്… നിങ്ങൾക്ക് അറിയില്ലെങ്കിലും മോഹന് അറിയാതിരിക്കാൻ തരമില്ല….. അങ്ങനെ എന്തെങ്കിലും ഒരു വ്യത്യാസം ജാനകിയിൽ ഉണ്ടായിട്ടുണ്ടെങ്കിൽ മോഹൻ അത് ഉറപ്പായും മനസിലാക്കിയിട്ടുണ്ടാകും….. മോഹനോടൊന്നു നേരിട്ട് സംസാരിക്കാൻ ഇപ്പൊ എന്താ ഒരു വഴി? വീട്ടിൽപോയിക്കണ്ടു സംസാരിക്കമായിരുന്നു. പക്ഷെ ഇന്ന് തന്നെ എനിക്ക് എറണാകുളത്തേയ്ക്ക് മടങ്ങി പോകണം…… മോഹനോട് ഒന്ന് സംസാരിച്ചിരുന്നുവെങ്കിൽ ആൽവിയുടെ സംശയത്തിന് ഇപ്പോൾ തന്നെ ഉത്തരം കിട്ടിയേനെ…..”””””” ആലോചനയോടെ ശരത് ഇരുന്നപ്പോൾ പരിഹാരവുമായി ആൽവി എത്തി. “””””മോഹൻ ഇപ്പൊ ബേക്കറിയിൽ ഉണ്ടാകും സാർ… വിളിച്ചാൽ ഒരു പത്തു മിനിറ്റിനുള്ളിൽ അവനെത്തും… ഇവിടെ വച്ച് സംസാരിക്കാമല്ലോ നിങ്ങൾക്ക്?”””””

“””””എന്നാൽ ഞാൻ തന്നെ വിളിക്കാം….”””””” ശരത് തന്റെ മൊബൈൽ എടുത്തു മോഹനെ വിളിച്ചു . പത്തു മിനിറ്റിനുള്ളിൽ എത്താം എന്നവൻ സമ്മതം അറിയിക്കുകയും ചെയ്തു. മോഹൻ എത്തുമ്പോഴും ആൽവിയും മായയും ശരത്തും സംസാരിച്ചിരിക്കുകയായിരുന്നു. മോഹനെക്കണ്ടു ശരത് എഴുന്നേറ്റു ചിരിയോടെ അവന് നേരെ കൈ നീട്ടി…. അവനും ചിരിയോടെ ആ കൈ പിടിച്ച് കുലുക്കി ശരത്തിനു മുൻ വശത്തായുള്ള സോഫയിലേയ്ക്കിരുന്നു. പുറമെ ചിരിക്കുന്നുണ്ടെങ്കിലും മോഹന്റെ ഉള്ളിൽ തന്നോട് ചോദിക്കാതെ മറച്ചു പിടിക്കുന്ന ഒരു ചോദ്യമുണ്ടെന്നു ശരത്തിനു മനസിലായി. “”””””ജാനകി ഇപ്പൊ ഓക്കേ ആണ് മോഹൻ…. അവരെ ഓർത്തു പേടിക്കേണ്ട കാര്യമില്ല…”””

“”” ചോദിക്കാതെ മനസിലെ ചോദ്യത്തിന് മറുപടി ലഭിക്കുമ്പോൾ അവന്റെ ചുണ്ടിൽ വിരിഞ്ഞ ചിരിയ്ക്ക് കൃത്രിമത്വം ഒട്ടും ഉണ്ടായിരുന്നില്ല. “””””മുഖവുര ഇല്ലാതെ തന്നെ പറയാം… മോഹനോട് എനിക്ക് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്. ജാനകിയ്ക്ക് സംഭവിച്ചത് എന്താണെന്ന് അറിയണമെങ്കിൽ ആ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കണം.”””””” “”””””സാർ ചോദിച്ചോളൂ…..””””” “””””””ജാനകി സ്ഥിരമായി എന്തെങ്കിലും മെഡിസിൻ ഉപയോഗിച്ചിരുന്നുവോ?””””” ചോദ്യത്തിനൊപ്പം ആറ് കണ്ണുകൾ ഉത്തരത്തിനായി മോഹനെത്തന്നെ ഉറ്റു നോക്കി……. തുടരും

തമസ്സ്‌ : ഭാഗം 15

Share this story