തമസ്സ്‌ : ഭാഗം 23

തമസ്സ്‌ : ഭാഗം 23

എഴുത്തുകാരി: നീലിമ

“”എന്നാലേ അച്ചായിയെ…. നമുക്ക് ലേച്ചൂനേം കീർത്തി അമ്മേം നമ്മുടെ കൂടെ കൂട്ടിയാലോ? ലെച്ചൂന് അച്ഛൻ ഇല്ലല്ലോ… നിക്ക് അമ്മേം ഇല്ല…. ലെച്ചൂം കീർത്തി അമ്മേം വന്നാലേ അവൾക്ക് അച്ഛനേം കിട്ടും എനിക്ക് അമ്മേം കിട്ടും… എനിക്ക് കീർത്തി അമ്മേം വല്യ ഇഷ്ടാ…. ന്നോട് വല്യ സ്നേഹാ കീർത്തിയമ്മയ്ക്ക്…..മ്മക്ക് കൊണ്ടരാമോ അച്ചായി അവരെക്കൂടി?””””” അവനെ മുറുകെ പിടിച്ചിരുന്ന കൈകൾ വിടാതെ വിടർന്ന കണ്ണുകളോടെ, പ്രതീക്ഷയോടെ നിഷ്കളങ്കമായി തന്റെ മുഖത്തേയ്ക്ക് നോക്കി ചോദിക്കുന്ന കുഞ്ഞിയുടെ മുഖത്തേയ്ക്ക് അവളുടെ ചോദ്യം മനസിലായിട്ടും മനസിലാകാത്തത് പോലെ അവൻ ഉറ്റു നോക്കിയിരുന്നു….. എങ്ങനെയാണ് മോളെ നിന്നെ ഞാൻ പറഞ്ഞു മനസിലാക്കേണ്ടത്? നിന്റെ അമ്മയുടെ സ്ഥാനത്ത് .. എന്ത് ഭാര്യയുടെ സ്ഥാനത്ത് ജാനകിയെ അല്ലാതെ മറ്റൊരാളെ കാണാനാകില്ല എന്ന്…..

അവളെ അല്ലാതെ മറ്റൊരാളെ സ്നേഹിക്കാൻ, മറ്റൊരാൾക്ക്‌ ഹൃദയത്തിൽ സ്ഥാനം നൽകാൻ കഴിയില്ല എന്ന് ഞാൻ നിന്നോട് എങ്ങനെ പറയും? എനിക്കറിയാം…. ഒരമ്മയുടെ സ്നേഹം നീ ഇപ്പൊ കൊതിക്കുന്നുണ്ടെന്ന് …. കീർത്തിയിൽ നിന്നും അത് ലഭിക്കും എന്ന് തോന്നിയത് കൊണ്ടല്ലേ അവൾ നിന്റെ അമ്മ ആകണമെന്നു നീ ആഗ്രഹിച്ചത്….? അച്ഛൻ ഇത്രയേറെ നിന്നെ സ്നേഹിച്ചിട്ടും നിനക്ക് അമ്മയുടെ കുറവ് തോന്നുന്നുണ്ടോ മോളെ? എന്റെ അച്ഛനും അമ്മയുമൊക്കെ അച്ചായിയാണെന്ന് നീ പറഞ്ഞിരുന്നത് വെറുതെ ആയിരുന്നൊ?അമ്മയ്ക്ക് പകരമാകാൻ ഒരിക്കലും അച്ഛന് കഴിയില്ല അല്ലെ? അമ്മയുടെ സ്നേഹം, വാത്സല്യം, കരുതൽ ഒക്കെയും ഒരമ്മയ്ക്ക് മാത്രം നൽകാനാകുന്നതാണല്ലോ….. അച്ചായി അത് ഓർത്തില്ല…… പക്ഷെ…. നിന്റെ അമ്മ എന്റെ കണ്മുന്നിൽ ഉള്ളപ്പോൾ മറ്റൊരു സ്ത്രീയെക്കുറിച്ച് ചിന്ദിക്കാൻ പോലും എനിക്ക് കഴിയില്ല മോളെ……

അവന്റെ മനസ്സ് മൗനമായി കുഞ്ഞിയോട് സംസാരിച്ചു കൊണ്ടിരുന്നു…. “”””എന്തെ അച്ചായി ഒന്നും പറയാത്തെ …? മ്മക്ക് അവരെക്കൂടി കൂട്ടാമോ അച്ചായി…? പ്ലീസ്…. കുഞ്ഞീടെ ചക്കര അച്ചായി അല്ലെ?”””” നെറ്റി ചുളിച്ച് കണ്ണുകൾ കുറുക്കി കെഞ്ചുന്നത് പോലെ ആയിരുന്നു ഇത്തവണ ചോദ്യം….. “”””മോളൂ…. കീർത്തി ലേച്ചൂന്റെ അമ്മ അല്ലെ? അവര് നമ്മുടെ ആരും അല്ലല്ലോ…..ഇത് നമ്മുടെ വീടല്ലേ….. അപ്പൊ എങ്ങനെയാ അവരെ ഇവിടെക്ക് കൊണ്ട് വരണത്?””””” കുഞ്ഞിയുടെ മുടിയിഴകൾ ഒതുക്കി വച്ച് കൊണ്ട് മോഹൻ സ്നേഹത്തോടെ പറഞ്ഞു…. “”””അതേ… അച്ചായി… കീർത്തി അമ്മേ അച്ചായി കലാണം കഴിച്ചാ മതി. അപ്പൊ കീർത്തി അമ്മ ന്റെ അമ്മ ആകൂല്ലോ…..അപ്പൊ അവർക്ക് ഇവിടെ വരാല്ലോ….?””””” കുഞ്ഞിയിൽ നിന്നും അങ്ങനെ ഒരു ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല മോഹൻ….. ഒരു നിമിഷം അവൾക്ക് കൊടുക്കേണ്ട മറുപടിയാക്കായി അവനൊന്നാലോചിച്ചു….

ഒരാറ് വയസുകാരിയ്ക്ക് മനസിലാകുന്ന രീതിയിൽ അവളോട് എങ്ങനെ സംസാരിക്കും? ഒടുവിൽ നിർദോഷമായൊരു നുണ പറയാമെന്നു തീരുമാനിച്ചു അവൻ….. നിഷ്കളങ്കരായ കുഞ്ഞുങ്ങളെ പറ്റിക്കാൻ എളുപ്പമാണല്ലോ? “””””അതെങ്ങനെയാ മോളൂ…. അച്ഛായീടെ കല്യാണം ഒരിക്കൽ കഴിഞ്ഞതല്ലേ? അച്ചായി കുഞ്ഞീടെ അമ്മേ കല്യാണം കഴിച്ചതല്ലേ? ഇനി എങ്ങനെയാ വേറൊരു കല്യാണം കൂടി കഴിക്കുന്നെ ? ഒരാൾക്ക് ഒരു കല്യാണമല്ലേ കഴിക്കാൻ പാടുള്ളൂ….? വീണ്ടും കല്യാണം കഴിച്ചാലെ അച്ചായിയെ വലിയ തോക്കൊക്കെ വച്ച പോലീസ് വന്ന് പിടിച്ചോണ്ട് പോകൂല്ലേ?…””””” പറയുന്നത് കുഞ്ഞി വിശ്വസിക്കാനായി മുഖത്ത് കുറച്ചു നിഷ്കലങ്കത കൂടി വരുത്തി മോഹൻ….അവന്റെ മുഖഭാവങ്ങൾ ശ്രദ്ധിച്ചിരുന്ന കുഞ്ഞിക്ക് അവൻ പറഞ്ഞത് നുണ ആണെന്ന് തോന്നിയില്ല…. “””””സത്യാണോ അച്ചായി?”””” ഒട്ടൊരാലോചനയോടെയാണ് അവളത് ചോദിച്ചത്… “”””മ്മ്….

അച്ചായി കുഞ്ഞിയോട് നുണ പറയാറില്ലല്ലോ? കുഞ്ഞിക്ക് അച്ചായിയെ വിശ്വാസമില്ലേ?”””” അവളുടെ താടിയിൽ പിടിച്ച് കൊഞ്ചിച്ചു കൊണ്ട് ചോദിച്ചപ്പോൾ അവന്റെ ചോദ്യത്തിന് മറുപടിയായി അവൾ ആലോചനയോടെ തന്നെ തല കുലുക്കി…. “””””അച്ചായിയെ കുഞ്ഞിക്ക് വിശ്വാസാ…. പക്ഷെ…. അപ്പൊ…. അപ്പൊ അമ്മൂമ്മ പറഞ്ഞത്…..””””” അത്രയും പറഞ്ഞപ്പോ നാവിൽ കടി ഏറ്റിട്ടെന്ന പോലെ ഒരു ശബ്ദമുണ്ടാക്കിക്കൊണ്ടവൾ നിർത്തി…. പിന്നെ പറയാൻ പാടില്ലാത്തതെന്തോ പറഞ്ഞു പോയത് പോലെ മിണ്ടാതെ കുനിഞ്ഞിരുന്നു… മോഹന്റെ ഉള്ളിൽ സംശയം മുള പൊട്ടി… “””””അമ്മൂമ്മ എന്താ മോളോട് പറഞ്ഞത്?””””” അവളുടെ താടിയിൽ പിടിച്ചുയർത്തിക്കൊണ്ടവൻ ചോദിച്ചു… “””””അത്…. അത് പിന്നെ……””””” അവളൊന്നു പരുങ്ങി…. “”””””അച്ഛായീടെ കുഞ്ഞി അച്ചായിയോട് എല്ലാം പറയുവാല്ലോ? ഇല്ലേ…?”””””

കുഞ്ഞിക്കണ്ണുകളിലേയ്ക്ക് നോക്കി ചോദിച്ചപ്പോ അവൾ മെല്ലെ തലയാട്ടി…. “””””അച്ചായി വേറാരോടും പറയില്ല എന്ന് പ്രോമിസ് ചെയ്‌താ കുഞ്ഞി പറയാം….””””” വലത് കൈ നിവർത്തി മോഹന് മുന്നിലേയ്ക്ക് നീട്ടി വച്ചു അവൾ…. “””””അമ്മൂമ്മ പ്രത്യേകം പറഞ്ഞതാ ആരോടും പറയല്ലേ ന്ന്….. പക്ഷെ അച്ചായിയോട് കുഞ്ഞി കള്ളം പറയാറില്ലല്ലോ? അച്ചായി ആരോടും പറയില്ല എങ്കില് കുഞ്ഞി പറഞ്ഞു തരാം….””””” മോഹൻ നീട്ടി വച്ച അവളുടെ കയ്യിലേയ്ക്ക് മുറുകെ പിടിച്ചു… “””””പ്രോമിസ്…. അച്ചായി ആരോടും പറയില്ല. മോള് പറ….. അമ്മൂമ്മ എന്താ പറഞ്ഞെ?””””” അറിയാൻ വല്ലാത്തൊരു ആകാംഷ ഉണ്ടായിരുന്നു അവന്… “””””അതേ…. കീർത്തി അമ്മേ അച്ചായി കലാണം കഴിച്ചാ കീർത്തി അമ്മ എന്റെ അമ്മ ആകൂന്നു അമ്മൂമ്മയാ പറഞ്ഞെ….. കീർത്തി അമ്മ പാവാ….ന്നെ ഒത്തിരി സ്നേഹിക്കൂന്നു പറഞ്ഞു അമ്മൂമ്മ…..കുഞ്ഞി പറഞ്ഞാൽ അച്ചായി കേക്കൂന്നും പറഞ്ഞു ….

പിന്നെ അമ്മൂമ്മയാ ഇത് പറഞ്ഞെന്നു ആരോടും പറയല്ലെന്നും പറഞ്ഞു…..””””” കുഞ്ഞുങ്ങൾ എത്ര നിഷ്കളങ്കരാണെന്ന് ഓർത്തു അവൻ… ഒന്ന് നിർബന്ധിച്ചപ്പോ പറയല്ലേ ന്ന് പറഞ്ഞു വിട്ടതൊക്കെയും പറഞ്ഞു തീർത്തിരിക്കുന്നു അവൾ…. അവന് കുഞ്ഞിയോട് വല്ലാത്ത വാത്സല്യം തോന്നി…. അവളുടെ കവിളിൽ ഒന്ന് തഴുകി അവിടെ ചുംബിച്ചു…..പിന്നെ ഒന്ന് നിവർന്നിരുന്നു….. ഓഹോ… അപ്പൊ കാര്യങ്ങൾ അങ്ങനെ ആണ്…. രണ്ട് ദിവസം മുൻപ് പ്രഭാകരൻ ഒരു വിവാഹക്കാര്യം സംസാരിച്ചത് ഓർത്തു അവൻ…. അപ്പോഴേ പറഞ്ഞതാണ് അതൊന്നും വേണ്ട എന്ന്… ഞാൻ സമ്മതിക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് ഇപ്പൊ കുഞ്ഞിയോട് പറഞ്ഞു വീട്ടിരിക്കുകയാണ്… കുഞ്ഞി പറഞ്ഞാൽ ഞാൻ സമ്മതിക്കും എന്ന് ഇരുവർക്കും അറിയാം….. പ്രഭാകരന്റെയും ജയുടെയും അവസ്ഥ ഓർത്തപ്പോൾ മോഹന് ചെറിയ വേദന തോന്നി….മകൾ ജീവനോടെയുണ്ട്…

അതും ഒരു മാരകരോഗത്തിന് അടിമയായി……. അതവരറിയുന്നില്ല….. അതറിയാതെ മരുമകനായി മറ്റൊരു വിവാഹം ആലോചിക്കുന്നു….. എന്തൊരു വിധിയാണ്! ഇരുവരോടും സഹതാപം തോന്നി മോഹന്…. തന്നെ അവർ മകനായിത്തന്നെയാണ് കാണുന്നത്…. അത് കൊണ്ട് തന്നെയാണ് തന്റെയും കുഞ്ഞിയുടെയും ഭാവി ഓർത്തു ഇരുവർക്കും ഇത്ര വേവലാതിയും….. ഒക്കെ അവരോട് തുറന്ന് പറഞ്ഞാലോ….? അല്ലെങ്കിൽ ഇപ്പൊ വേണ്ട… ശരത് സാർ അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞത് എന്തിനാണെന്ന് അറിയട്ടെ… എന്നിട്ട് പറയണോ വേണ്ടയോ എന്ന് തീരുമാനിക്കാം….. അവൻ കുനിഞ്ഞു കുഞ്ഞീടെ മുഖത്ത് നോക്കി… അവൾ അപ്പോഴും മോഹന്റെ മുഖത്തേയ്ക്ക് ഉറ്റു നോക്കി ഇരിക്കുകയായിരുന്നു….. “”””അതേ മോളൂ…. അമ്മൂമ്മയ്ക്ക് ഇതൊന്നും അറിയില്ലായിരിക്കും… അമ്മൂമ്മേം അപ്പൂപ്പനും ഒരു കല്യാണമല്ലേ കഴിച്ചിട്ടുള്ളൂ….. അതാ അവർക്ക് അറിയാത്തത്….

മോള് അമ്മൂമ്മയോട് അച്ചായി പറഞ്ഞത് പോലെ പറഞ്ഞോ… പിന്നെ അമ്മൂമ്മ പറഞ്ഞത് അച്ചായിയോട് പറയേണ്ടി വന്നു എന്നും പറഞ്ഞോളൂ ട്ടൊ…..””””” “””””പിന്നെ എന്റെ കുറുമ്പി വിഷമിക്കണ്ട…. നാളെ ലേച്ചൂനേം വിളിച്ചോ…. മോൾക്ക് ഇഷ്ടമുള്ളപ്പോഴൊക്കെ ലെച്ചൂനെ കളിക്കാൻ കൂട്ടിക്കോ… പക്ഷെ ലേച്ചൂന്റെ അമ്മേ കല്യാണം കഴിക്കാൻ പറ്റത്തില്ല…. “”””” കുഞ്ഞിയുടെ കവിളിൽ തഴുകി ചെറു ചിരിയോടെ പറയുമ്പോൾ കുഞ്ഞു മുഖത്ത് വിഷാദം നിറയുന്നത് കണ്ടു അവൻ…. “”””മോള് വിഷമിക്കല്ലേ…. മോളൂന് അച്ചായി ഇല്ലേ? കുഞ്ഞി പറഞ്ഞിട്ടുണ്ടല്ലോ മോളുടെ അമ്മേം അച്ഛനും ഒക്കെ അച്ചായി ആണെന്ന്… പിന്നെന്താ? അച്ചായിക്ക് കുഞ്ഞീം കുഞ്ഞിക്ക് അച്ചായീം… അത് മതീട്ടോ മോളൂ…….””””” പറയുന്നതിനൊപ്പം അവളുടെ നെറുകയിലൊന്നു മുകർന്നു അവൻ…. കുഞ്ഞി വീണ്ടും അവന്റെ നെഞ്ചിലേക്കോട്ടിക്കിടന്നു….

“”””മോളുറങ്ങിക്കോ… നാളെ നേരത്തെ ഉണരണം… പുത്തൻ ഉടുപ്പൊക്കെ ഇട്ട് ചുന്ദരിമണിയായി അമ്പോറ്റിയെ തൊഴാൻ പോകണം….. അച്ചായി പാടിത്തരാം… ഉറങ്ങിക്കോ…”””” മോഹൻ അവളുടെ മുടിയിൽ തഴുകി ഈണത്തിൽ പാടിതുടങ്ങി…. 🎶ഓമനത്തിങ്കൾ കിടാവോ … നല്ല കോമള താമരപ്പൂവോ…..🎶 🍁🍁🍁🍁🍁🍁🍁🍁🍁🍁 മായ അപ്പോഴും ജാനകിയുടെ ഒപ്പമായിരുന്നു… “”””ഒത്തിരി വൈകി… നമുക്ക് പോകണ്ടേ മായ?”””” ആൽവിയുടെ ചോദ്യം കേട്ടപ്പോഴാണ് സമയത്തേക്കുറിച്ച് പോലും അവൾ ഓർത്തത്……. “”””പോകാം ഇച്ചായ….””””” ആൽവിയോടായി പറഞ്ഞിട്ട് അവൾ തിരിഞ്ഞു ജാനകിയെ നോക്കി…. കൈ ഉയർത്തി അവളുടെ കവിളിൽ സ്പർശിച്ചു… “””””പോട്ടെ മോളെ….. ഒന്ന് കൊണ്ടും വിഷമിക്കണ്ട… ഞങ്ങൾ എല്ലാരും ഉണ്ട് നിന്റെ കൂടെ…..”””” അവൾ ജാനകിയെ ചേർത്തു പിടിച്ചു നെറുകയിൽ ചുംബിച്ചു…. പോകാനായി തിരിഞ്ഞ മായയുടെ കയ്യിൽ പിടിച്ചു നിർത്തി ജാനകി…. “””

“”മായേച്ചി… ഒന്ന് നിക്കോ… ഞാൻ ഇപ്പൊ വരാം….””””” പറഞ്ഞിട്ട് അവൾ ധൃതിയിൽ പുറത്തേയ്ക്ക് ഇറങ്ങിപ്പോയി… ഒരു പതിനഞ്ചു മിനിറ്റോളം കഴിഞ്ഞാണ് തിരികെ വന്നത്…. കയ്യിൽ ഇളം പിങ്ക് നിറത്തിലുള്ള ഒരു കുഞ്ഞു കരടിപ്പാവയും ഭംഗിയായി കോർത്ത ഒരു മുത്ത്‌ മാലയും ഉണ്ടായിരുന്നു…. അതവൾ മായയുടെ കയ്യിലേക്ക് വച്ച് കൊടുത്തു…. “”””നാളെ എന്റെ കുഞ്ഞി മോളുടെ പിറന്നാളാണ് ….. ഇത് അവൾക്ക്…. കൊടുത്തേക്കണേ മായേച്ചി ….. അവൾക്ക്… അവൾക്ക്….””””” ഒരു ഗദ്ഗദം തൊണ്ടയോളമെത്തി വാക്കുകളെ വിഴുങ്ങിക്കളഞ്ഞു…. “””””ഇതൊക്കെ…..?””””” മായ ചോദ്യത്തോടെ ജാനകിയെ നോക്കി… “”””ഞാൻ ഉണ്ടാക്കിയതാ…. മയക്കുമരുന്ന് കാരണം ഉണ്ടായ ബുദ്ധിമുട്ടുകളൊക്കെ മാറിതുടങ്ങിയപ്പോൾ മദർ എന്നെ ഇടയ്ക്കൊക്കെ ഹോസ്പിറ്റലിൽ നിന്നും ഇവിടെക്ക് കൂട്ടിക്കൊണ്ട് വരുമായിരുന്നു…

ഇവിടെ ഉള്ള പ്രാർത്ഥനകളിലൊക്കെ പങ്കെടുക്കുമ്പോൾ മനസ്സ് കുറച്ചു ശാന്തമാകുമെന്ന് ഡോക്ടറും പറഞ്ഞു… അതൊക്കെ കഴിഞ്ഞു കിട്ടുന്ന ഇടവേളകളിൽ ഞാൻ ട്രീസ സിസ്റ്ററിനോപ്പം കൂടും… ഇതൊക്കെ ഉണ്ടാക്കുന്നത് സിസ്റ്ററിനു ഹോബി ആണ്… കൂടെ കൂടി ഞാനും കുറച്ചൊക്കെ പഠിച്ചെടുത്തു…. അങ്ങനെ ഉണ്ടാക്കിയതിൽ നല്ലതെന്നു തോന്നി എടുത്ത് വച്ചതാ ഇത്…. ആ പാവ കുറച്ചു കൂടി തുന്നിചേർക്കാൻ ഉണ്ടായിരുന്നു… അതാ എടുത്തിട്ട് വരാൻ വൈകിയത്….ഇപ്പൊ എന്റെ കുഞ്ഞിന് കൊടുക്കാൻ ഇതേ ഉള്ളൂ എന്ത് കയ്യിൽ….. വേറെ…. വേറൊന്നുമില്ല….”””” കണ്ണുകളിൽ ഊറി നിന്ന മിഴിനീര് അവൾ പുറം കൈ കൊണ്ട് തുടച്ചു മാറ്റി… ചുണ്ടുകൾ അപ്പോഴും വിതുമ്പുന്നുണ്ടായിരുന്നു….. മായ ആ പാവായിലൂടെ ഒന്ന് വിലരോടിച്ചു….

അതിൽ നനവ് പടർന്നിരുന്നു… തുന്നുമ്പോ ഹൃദയം നൊന്ത് കരഞ്ഞിട്ടുണ്ടാകും അവൾ…..പാവം! “””””ഈ പിറന്നാളിന് കുഞ്ഞിക്ക് കിട്ടാവുന്ന ഏറ്റവും നല്ല സമ്മാനം….!! ഇതിൽ…. ഇതിൽ നിന്റെ സ്നേഹം മുഴുവൻ ഇല്ലെടീ…..? ഇതിനേക്കാൾ മികച്ച സമ്മാനം അവൾക്ക് ഈ പിറന്നാളിന് കിട്ടാനില്ല…..”””” ഇരു കൈകൾ കൊണ്ടും ജാനിയെ ഇറുകെ പുണർന്നു മായ…… മായയുടെ തോളിലേയ്ക്ക് മുഖം പൂഴ്ത്തി ജാനി വീണ്ടും കരഞ്ഞു…. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 രാവിലെ സ്റ്റേഷനിൽ നിന്നും ഇറങ്ങി ബുള്ളറ്റിലേയ്ക്ക് കയറാൻ തുടങ്ങിയപ്പോഴാണ് ശരത്തിന്റെ മൊബൈലിൽ കാൾ വന്നത്…. ഇന്നലെ രാത്രി ഏറെ വൈകിയാണ് മഠത്തിൽ നിന്നും ഇറങ്ങിയത്. അവിടെ കിടക്കാൻ മദർ നിർബന്ധിച്ചതാണ്. എന്തോ തോന്നിയില്ല. ജാനകി പറഞ്ഞതൊക്കെ ഓർത്ത് മനസ്സ് വല്ലാതെ ആസ്വസ്ഥമായിരുന്നു. സ്റ്റേഷനിൽ നൈറ്റ്‌ ഡ്യൂട്ടിക്ക് ശിവരാമേട്ടനാണെന്ന് അപ്പോഴാണ് ഓർത്തത്….

ആളൊരു രസികനാണ്… സംസാരിച്ചിരുന്നാൽ സമയം പോകുന്നത് അറിയുകേ ഇല്ല…. മനസ്സ് നേരെയാക്കാനുള്ള ഏറ്റവും നല്ല മരുന്നു ശിവരാമേട്ടന്റെ നാവാണെന്ന് ഓർത്തപ്പോ പിന്നെ ഒന്നും നോക്കിയില്ല നേരെ ഇങ്ങോട്ടേക്ക് വച്ച് പിടിച്ചു. അല്ലെങ്കിലും വാടകവീട്ടിലേയ്ക്ക് എന്തിന് പോകുന്നു? അവിടെ കാത്തിരിക്കാൻ ആരുമില്ലല്ലോ…. അവിടുത്തെ മൂകത മനസിനെ കൂടുതൽ കാലുഷിതമാക്കുകയെ ഉള്ളൂ….. ഓരോന്നോർത്ത് പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് നോക്കുമ്പോൾ കണ്ടത് ബിനോയ്‌ എന്ന പേരാണ്….. ഷിഹാബിനെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി അറിയാനായി ഏർപ്പാടാക്കിയിരുന്ന വിശ്വസ്തനായ പോലീസ് കോൺസ്റ്റബിൾ…. കാൾ അറ്റൻഡ് ചെയ്യുമ്പോ എന്തിനാകും ഈ വിളി എന്ന ചോദ്യമായിരുന്നു ഉള്ളിൽ.. “””””ഹലോ സാർ… ഒരു ഇൻഫർമേഷൻ കിട്ടിയിട്ടുണ്ട്…””

“”” പതിഞ്ഞ സ്വരത്തിൽ ആയിരുന്നു സംസാരം…. “””””എന്താടോ?”””” ചോദ്യത്തിൽ വല്ലാത്ത ആകാംഷ ഉണ്ടായിരുന്നു…. “”””ഷിഹാബ് ബാംഗ്ലൂരിലേയ്ക്ക് ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക്‌ ചെയ്‌തിട്ടുണ്ട്….””””” “””””എന്നത്തേയ്ക്കാണ്?””””” “””””വ്യാഴാഴ്ച്ച രാവിലെ 11. 25 നുള്ള എയർ ഇന്ത്യ ഫ്ലൈറ്റിൽ…. 11.25 നാണ് ട്രിവാൻഡറത് നിന്നും സ്റ്റാർട്ട്‌ ചെയ്യുന്നത്….ഇപ്പോഴാണ് എനിക്ക് ഇൻഫർമേഷൻ കിട്ടിയത്… അറിഞ്ഞ ഉടനെ സാറിനെ വിളിച്ചതാണ്….. കൂടുതൽ എന്തെങ്കിലും അറിയുകയാണെങ്കിൽ ഞാൻ വിളിക്കാം സാർ…”””” “””””താങ്ക്സ് ബിനോയ്‌…. അവനെ വാച് ചെയ്യുന്നത് നിർത്താണ്ടാട്ടോ… എന്തെങ്കിലും സംശയസ്പദമായി തോന്നിയാൽ എന്നെ അറിയിക്കൂ….”””” കാൾ അവസാനിപ്പിച്ചു കഴിഞ്ഞും കുറച്ചു സമയം അവൻ ചിന്തിച്ചു നിന്നു …. ബാംഗ്ലൂർ ആരെക്കാണാനാകും ഷിഹാബ് പോകുന്നത്? ഒരുപക്ഷെ വിനോദിനെ കാണാനാകുമോ? “ഇടയ്ക്ക് ഷിഹാബ് ആരോടും പറയാതെ പോകാറുണ്ട്…5-6 മാസങ്ങൾക്കു ശേഷമാണ് തിരികെ വരാറ്….” മായ പറഞ്ഞത് അവൻ ഓർത്തു…..

എങ്ങോട്ടാകും അവൻ ഇടയ്ക്കിടെ മുങ്ങുന്നത്? വിനോദിനടുത്തേയ്ക്കാകുമോ? ഇപ്പോൾ അവൻ ടിക്കറ്റ് ബുക്ക്‌ ചെയ്‌തിരിക്കുന്നത് ബാംഗ്ലൂരിലേയ്ക്കാണ്… അപ്പോൾ വിനോദിനടുത്തേയ്ക്കാകാൻ ഒരു വിദൂര സാധ്യത കാണുന്നില്ലേ? അതോ അവന് രുഗ്മിണിയുമായോ വരുന്നുമായോ നേരിട്ടാകുമോ കണക്ഷൻ? നിത്യചിലവുകൾ കഴിക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് ജോലി അന്വേഷിക്കുന്നത് എന്നാണ് ഷാഹിന പറഞ്ഞത്….അങ്ങനെ എങ്കിൽ ബാംഗ്ലൂർ എത്താൻ വ്യാഴാഴ്ച വരെ സമയം ഉള്ളപ്പോൾ ഫ്ലൈറ്റിനു പകരം അവൻ ട്രെയിൻ അല്ലെ തിരഞ്ഞെടുക്കേണ്ടത്? അത്രയും ചെലവ് കുറച്ചു കിട്ടില്ലേ? ഒന്നുകിൽ ഷാഹിന അറിയാതെ അവന്റെ കയ്യിൽ കാശെത്തുന്നുണ്ട്… അല്ലെങ്കിൽ അവനായി ടിക്കറ്റ് ബുക്ക്‌ ചെയ്തു നൽകിയത് മാറ്റാരോ ആണ്…

പലവഴിയ്ക്ക് പോയ ചിന്തകളെ പിടിച്ച് വച്ച് വീണ്ടും ഫോൺ എടുത്ത് അതിൽ ഒരു നമ്പർ തിരഞ്ഞു കാൾ ബട്ടനിൽ വിരലമർത്തി, മറുതലയ്ക്കൽ കാൾ കണക്ട് ആകുന്നത് കാത്ത് ഫോണിലേയ്ക്ക് നോക്കി നിന്നു….. “”””ഹലോ… പറയൂ സാർ….”””” ഒരു സ്ത്രീ ശബ്ദമാണ് കേട്ടത്…. “”””ജിത… ഞാൻ അന്ന് തന്ന നമ്പറിലേയ്ക്ക് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ വന്ന കാൾസിന്റെ ഒരു ലിസ്റ്റ് എടുത്ത് തരാമോ?”””” “”””എന്നത്തേയ്ക്ക് വേണം സാർ?”””” “””””ഇന്ന് തന്നെ കിട്ടിയാൽ അത്രയും ഉപകാരം….”””” “”””ഞാൻ ശ്രമിക്കാം സാർ…..”””” സംസാരിച്ചു നിൽക്കുമ്പോൾത്തന്നെ ശരത്തിന് മറ്റൊരു കാൾ വന്നു…. പരിചയമില്ലാത്ത ഒരു നമ്പർ…. ജിതയുമായുള്ള സംസാരം അവസാനിപ്പിച്ചു അവൻ ഉടനെ തന്നെ കാൾ എടുത്തു….. അതിലൂടെ കേട്ട വാർത്ത ശരത്തിനെ ഞെട്ടിച്ചു….

“”””നിങ്ങൾ… നിങ്ങൾ ആരാണ്…?””””” അവന്റെ ശബ്ദത്തിൽ പരിഭ്രാന്തി കലർന്നിരുന്നു…. അതിന് ഉത്തരം ലഭിക്കുന്നതില് മുന്നേ കാൾ അവസാനിച്ചിരുന്നു…. ശരത് ധൃതിയിൽ മദറിന്റെ നമ്പർ എടുത്ത് കാൾ ചെയ്തു. മറുതലയ്ക്കൽ കാൾ അറ്റൻഡ് ആകുന്നത് കാത്ത് അക്ഷമയോടെ നിന്നു…….. തുടരും

തമസ്സ്‌ : ഭാഗം 22

Share this story