തെന്നൽ: ഭാഗം 16

thennal mukilin thoolika

രചന: മുകിലിൻ തൂലിക

 നിവിൻ കാറിന്റെ വേഗത കൂട്ടി… എത്രയും വേഗം രാഹുലിനെ കാണണം!! കിട്ടിയതൊന്നും മതിയായില്ലെന്നുണ്ടെങ്കിൽ അവന് വേണ്ടതെന്താണെന്നു വച്ചാൽ നേരിട്ട് കൊടുക്കേണ്ടി വരും!! ഓഫീസിനു മുൻപിൽ കാർ പാർക്ക് ചെയ്തു അവന്റെ കാബിൻ ലക്ഷ്യമാക്കി നടന്നു… അവനവിടെ ഇല്ലെന്നുള്ള വാർത്തയിൽ നിരാശയോടെ മടങ്ങുമ്പോഴും നിവിൻ പിന്മാറാൻ ഉദ്ദേശിച്ചിരുന്നില്ല.. സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി അന്യയായൊരു പെണ്ണിന്റെ മാനത്തിന് വിലയിട്ടവൻ കേവലം ചോദ്യങ്ങൾ പോലും അർഹിയ്ക്കുന്നില്ല!! ഒരിയ്ക്കൽ തന്റെ കയ്യുടെ ചൂടറിഞ്ഞതാണവൻ… എന്നിട്ടും പഠിച്ചിട്ടില്ലെങ്കിൽ അവൻ അനുഭവിച്ചേ മതിയാവൂ!!

അന്വേഷണങ്ങൾക്കൊടുവിൽ കമ്പനി ഗസ്റ്റ് ഹൗസ്സിൽ അവനുണ്ടെന്ന വിവരം ലഭിച്ചപ്പോൾ വേഗത്തിൽ സ്ഥലത്തെത്തി വർധിച്ച കോപത്തോടെ നിവിൻ കോണിങ് ബെല്ലിൽ വിരലമർത്തി… അല്പനേരം കഴിഞ്ഞിട്ടും പ്രതികരണമുണ്ടായില്ല!! ചാരിയ വാതിൽ മലർക്കെ തുറക്കുമ്പോഴും ഉള്ളിൽ ആളനക്കമൊന്നും കണ്ടതേയില്ല!! എല്ലാ മുറികളിലും പാടുപെട്ടു പരിശോധിച്ച് ഒടുവിൽ മുകളിലെ മുറികളിലേയ്ക്കും അക്ഷമയോടെ തിരച്ചിലുകൾ നടത്തി.. അവസാനത്തെ മുറിയുടെ വാതിൽ തുറക്കവേ ഒട്ടും പ്രതീക്ഷിയ്ക്കാത്ത കാഴ്ച്ച കണ്ടു നിവിൻ തരിച്ചു നിന്ന് പോയി… മനസ്സിലുയർന്നു പൊങ്ങിയ ഉത്തരമില്ലാ ചോദ്യങ്ങളുടെ കയത്തിൽ സ്വയം പിടഞ്ഞു വീഴുമ്പോൾ ഒരൊറ്റ ചോദ്യം മാത്രം കൂടുതൽ തെളിവോടെ മനസ്സിലുയർന്നു പൊങ്ങി!! ആരായിരിയ്ക്കും ഇതിനു പിന്നിൽ?? °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

നേരം ത്രിസന്ധ്യ കഴിഞ്ഞിരുന്നു… കര ചുവപ്പിൽ നിന്നും ഇരുട്ടിന്റെ കൈപിടിയിലേയ്ക്ക് ചാഞ്ഞു… തെന്നൽ പതിയെ കണ്ണുകൾ തുറന്നു… വല്ലാത്ത ഭാരം തലയെ പൊതിഞ്ഞിട്ടുണ്ട്!! സംഭവിച്ചതെല്ലാം ഓർത്തെടുക്കാൻ അവളേറെ പാടുപെട്ടു!! രാഹുൽ!! ഒരാളുടെ തന്നെ വിശ്വാസത്തെ പലയാവർത്തി ചോദ്യം ചെയ്യാൻ അയാൾക്കെങ്ങനെ സാധിച്ചു?? കണ്ണുനീർ തുള്ളികളായി പൊടിഞ്ഞു.. പക്ഷെ താനെങ്ങനെ ഇവിടെയെത്തി?? അത്രയും ദൂരെ നിന്നും ആരാണ് തന്നെ ഇവിടെയെത്തിച്ചത്?? ഏതോ കൈകൾ തന്നെ താങ്ങിയെടുത്തിരുന്നു!! അതാരായിരുന്നു?? നിവിൻ!! തെന്നൽ പെട്ടെന്ന് തന്നെ ചിന്തകളെ പിടിച്ചുകെട്ടി!! അത് നിവിനാകാൻ വഴിയില്ല… അയാളെങ്ങനെ അവിടെയെത്തിച്ചേരും?? അതും ആ സമയത്ത് ?? പിന്നെ… പിന്നെ ആരായിരിയ്ക്കും ആ ഹിംസ്ര മൃഗത്തിൽ നിന്നും തന്നെ രക്ഷിച്ചത്??

“തെന്നൽ…” മിയയാണ്… “തല വേദനയുണ്ടാവും അല്ലെ?? ഇത് കഴിയ്ക്ക്.. പെട്ടെന്ന് സുഖപ്പെടും..” വലതു കയ്യിൽ നീട്ടിപ്പിടിച്ച ഗുളികയുമായി മിയ അരികിൽ നിൽപ്പുണ്ട്… മറുചോദ്യമുന്നയിയ്ക്കാതെ തെന്നൽ ഗുളിക വാങ്ങിക്കഴിച്ചു!! “ഞാനെങ്ങനെയാ ഇവിടെയെത്തിയത്??” “ഹത് നല്ല ചോദ്യം നീയല്ലേ ഇങ്ങോട്ട് നടന്നു വന്നത്?? ചോദിച്ചിട്ടൊന്നും പറയാതെ നേരെ കട്ടിലിൽ കയറി കിടന്നു… ഉണരാൻ വേണ്ടി ഞാൻ കാത്തു നിൽപ്പായിരുന്നു…” “ഞാനോ?? തനിച്ചു വന്നെന്നോ?? ഇമ്പോസ്സിബിൾ…” തെന്നൽ എതിർത്തു… മിയ കളവ് പറഞ്ഞതാണ്!! ആ അവസ്ഥയിൽ തനിയ്ക്കൊരിയ്ക്കലും ഇത്ര ദൂരം വരാൻ സാധിയ്ക്കില്ല!!

പക്ഷെ എന്തിന്?? തെന്നൽ കൂടുതൽ ചോദ്യങ്ങൾ തൊടുത്തുവിടുന്നതിന് മുൻപ് മിയ പതിയെ അടുക്കളയിലേക്ക് നടന്നു.. നീയിന്നു ഓഫീസിൽ പോയില്ലേ?? എനിയ്ക്ക് തലവേദനയുണ്ടെന്നു എങ്ങനെ അറിഞ്ഞു?? തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും തന്റെ കയ്യിൽ ഉത്തരമില്ല!! കൂടെക്കൂടെ തെന്നലിനോട് കള്ളങ്ങൾ പറയാൻ തനിയ്ക്ക് വയ്യ!! അല്പനേരം കഴിഞ്ഞപ്പോൾ നനഞ്ഞ മുടിയിൽ ടവൽ ചുറ്റിക്കൊണ്ടു തെന്നൽ അടുക്കളയിലേക്ക് വന്നു.. സംഭവിച്ചത് മുഴുവൻ മിയയോട് പറയുമ്പോൾ അവൾ കരച്ചിലടക്കാൻ പാടുപെടുന്നുണ്ടായിരുന്നു.. തെന്നലിനെ സമാധാനിപ്പിയ്ക്കാൻ അവൾക്കേറെ പ്രയാസപ്പെടേണ്ടി വന്നു!!

പിറ്റേന്ന് നിവിന്റെ നിർദ്ദേശപ്രകാരം തെന്നലിനെയും കൊണ്ട് ഹോസ്പിറ്റൽ വരെ പോയി… അസഹ്യമായ തലവേദനയ്‌ക്കൊരു പരിഹാരം അത്യാവശ്യമാണല്ലോ!! ദിവസങ്ങൾ കൊഴിഞ്ഞു വീണു… തെന്നൽ ഓഫീസ് ഏർപ്പെടുത്തിയ സങ്കടങ്ങളിൽ നിന്നും ഏറെക്കുറെ കര കയറി.. ഡീ… ഞാനൊരു കാര്യം പറഞ്ഞാൽ നീ സമ്മതിയ്ക്കോ??” “എന്താ മിയ?? നീ കാര്യം പറ ആദ്യം…” “എന്റെ ഓഫീസിലൊരു സ്റ്റാഫിന്റെ വേക്കൻസിയുണ്ട്… ടെംപ്രറി പോസ്റ്റ് ആണ്.. നിനക്കൊന്നു ട്രൈ ചെയ്തൂടെ??” തെന്നൽ ആലോചനയിൽ മുഴുകി.. സമാനമായൊരു അനുഭവത്തെ വീണ്ടും സ്വീകരിയ്ക്കാൻ തനിക്കിനിയും പ്രാപ്തിയില്ല!!

ഡീ… ആ രാഹുലിനെപ്പോലെ ഉള്ളവരൊന്നും ഇവിടെ ഇല്ല… ഞങ്ങളുടെ ബോസ്സ് ആളിത്തിരി സ്ട്രിക്റ്റാ… സ്ത്രീകൾക്ക് സ്ഥാനവും ബഹുമാനവും തരുന്നയാൾ!!” മിയ പറഞ്ഞു നിർത്തി.. “ഞാനിത്രയും വർഷങ്ങളായി ഇവിടെ ജോലി ചെയ്തിട്ട് ഇന്നേവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലല്ലോ… നീ വരുന്നുണ്ടെങ്കിൽ നാളെ എന്റെ കൂടെ വാ… ” മിയ മനഃപൂർവ്വം മുറി വിട്ടിറങ്ങി… രണ്ടുപേരും രണ്ടു ധ്രുവങ്ങളിലിങ്ങനെ തുടർന്നാൽ ശരിയാവില്ല!! നിവിൻ സാർ പോലുമറിയാതെ ഒരു ചെറിയ പ്ലേ നടത്തി നോക്കാം!! തെന്നൽ അകന്നു മാറിയതിന് ശേഷം ഒരിയ്ക്കൽ പോലും ബോസിനെ ചിരിച്ചു കണ്ടിട്ടില്ലെന്ന് അവളോർത്തു!! ഇതിങ്ങനെ വിട്ടാൽ ശരിയാവില്ല…

എല്ലാത്തിനും മൂക സാക്ഷിയായി ഇനിയിങ്ങനെ ഒതുങ്ങിയിരുന്നാൽ അയാളൊരു പരുക്കനായിത്തീരുന്ന കാഴ്ച്ച ഒട്ടും വിദൂരമായിരിക്കില്ല!! എല്ലാം കലങ്ങിത്തെളിയും!! അവളുടെ ചുണ്ടുകളിൽ മധുരമുള്ള മന്ദസ്മിതം വിടർന്നു… പിറ്റേന്ന് തെന്നലും തന്റെ കൂടെ ഒരുങ്ങിയിറങ്ങി… താനാണ് തെന്നലിനെ കൊണ്ടുവന്നതെന്ന് ബോസ് അറിയരുതെന്ന് ആദ്യമേ ഓഫീസിൽ ചട്ടം കെട്ടിയിരുന്നു… ചെറിയൊരു ഇന്റർവ്യൂ വഴി ആളെ തിരഞ്ഞെടുക്കാമെന്നു തീരുമാനമുണ്ടായതാണ്… ഇന്റർവ്യൂ അവൾക്ക് കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നു!! ദൈവം തുണച്ചു.. ജോയിൻ ചെയ്ത ശേഷം ബോസിനെ കാണാൻ ചെല്ലുമ്പോൾ തെന്നലിന് പതിവ് സങ്കോചം തോന്നിയതേയില്ല!!

ഗ്ലാസ് ഡോർ പതിയെ വലിച്ചു തുറന്നപ്പോൾ അകത്ത് ആളെ കണ്ടില്ല… ഉള്ളിലേയ്ക്ക് കയറണോ?? തെന്നൽ സംശയിച്ചു.. പൊടുന്നനെ പിറകിൽ നിന്നും വന്നയാൾ അവളെ കടന്നു അകത്തേയ്ക്ക് പ്രവേശിച്ചു… “വരൂ…” സീറ്റിലിരിയ്ക്കുന്നതിന് മുൻപ് അയാൾ അകത്തേയ്ക്ക് ക്ഷണിച്ചു.. തെന്നൽ ഫയൽ നെഞ്ചോടു ചേർത്തുപിടിച്ചു ഉള്ളിലേയ്ക്ക് കയറി.. വാരി വലിച്ചിട്ടിരിയ്ക്കുന്ന ടേബിൾ… ഒട്ടും അടുക്കും ചിട്ടയുമില്ലാത്ത കാബിനാണതെന്നു അവൾ മനസ്സിലാക്കി… ചുമരിൽ തൂങ്ങിക്കിടക്കുന്ന ഫോട്ടോയിൽ കണ്ണുടക്കിയപ്പോൾ തെന്നൽ സീറ്റിനരികിൽ ചലനം നിലച്ചു നിന്നു പോയി!! ആനി!! സീറ്റിലിരിയ്ക്കുന്നയാളുടെ മുഖത്തേയ്ക്ക് കണ്ണുകൾ പാകുമ്പോൾ വല്ലാത്ത തളർച്ച ശരീരത്തെ പൊതിഞ്ഞു… നിവിൻ??

നിവിന്റെ കണ്ണുകളിലും നേരിയ നടുക്കമുണ്ട്… “ഇന്ന് ജോയിൻ ചെയ്ത സ്റ്റാഫ് അല്ലെ??” “ഊം…” “ഓക്കേ… തന്റെ ഡ്യൂട്ടി ടൈമും കാര്യങ്ങളും ജോസേട്ടനോട് ചോദിച്ചാൽ മതി… ഇവിടുത്തെ പ്യൂൺ ആണ്… ഇന്ന് നോക്കാനുള്ള ഫയൽസും മറ്റും അവിടുന്ന് തരും…” തീർത്തും അപരിചിതമായ ഭാവത്തോടെ നിവിൻ പറഞ്ഞു നിർത്തിയപ്പോൾ വല്ലാത്ത സങ്കട ഭാവം തെന്നലിനെ പൊതിഞ്ഞു… “എനിതിങ് എൽസ്??” അമ്മച്ചിയെക്കുറിച്ചും അപ്പച്ചനെക്കുറിച്ചും നേഹമോളെക്കുറിച്ചുമെല്ലാം ചോദിയ്ക്കണമെന്നുള്ള മോഹം കടിഞ്ഞാൺ പൊട്ടിച്ചുയർന്നെങ്കിലും തെന്നൽ പാടുപെട്ടൊതുക്കി… “നോ സർ…” നിറഞ്ഞു വന്ന കണ്ണുകൾ നിവിൻ കാണാതിരിയ്ക്കാൻ തെന്നൽ വേഗത്തിൽ വാതിൽ തുറന്നു പുറത്തേയ്ക്ക് നടന്നു!!

നിവിന് തന്നെ മനസ്സിലായിക്കാണില്ലേ?? എന്തിനായിരിയ്ക്കും ഇത്രയും അപരിചിതത്വം?? എല്ലാം വിട്ടെറിഞ്ഞു ഓടിപ്പോന്നതാണെങ്കിലും ഒരു ചെറിയ അവഗണനയിൽ ഇത്രയേറെ മനസ്സ് നോവുന്നതെന്താണെന്നു തെന്നൽ ആശ്ചര്യപ്പെട്ടു!! അയാളെ താൻ സ്നേഹിച്ചിരുന്നോ?? അകന്നു കഴിയുമ്പോഴെല്ലാം താൻ ഏത് ആൾക്കൂട്ടത്തിലും പ്രതീക്ഷയോടെ തിരഞ്ഞിരുന്നു ഈ മുഖം!! ഒളികണ്ണിട്ടു നോക്കുന്ന മിയയ്ക്ക് മാത്രം ചെറിയൊരു പുഞ്ചിരി നൽകി തെന്നൽ ജോലിയിലേക്ക് കടന്നു… സൈൻ ചെയ്യാനുള്ള ഫയലുകളുമായി ഇടയ്ക്കിടെ അയാളുടെ മുറിയിൽ ചെന്നപ്പോഴും ഒരു നോട്ടം കൊണ്ട് പോലും നിവിൻ പരിചയം കാണിച്ചതെയില്ല…

അനേകമായിരം സംശയങ്ങൾ തെന്നലിന്റെ ഹൃദയത്തിൽ ജന്മമെടുത്തു!! അയാൾ തന്നെ മനപ്പൂർവ്വം മറന്നതാണെങ്കിൽ?? വേറെ വിവാഹം കഴിച്ചു കാണുമോ?? അവശേഷിയ്ക്കുന്ന മനസ്സമാധാനവും അനുവാദം കൂടാതെ പടിയകന്നു.. ദിവസങ്ങൾ കടന്നു പോയി… ഇടയ്ക്ക് പരിശോധിച്ച ഫയലുകൾ സൈൻ ചെയ്യിയ്ക്കാനായി നിവിന്റെ കാബിനിലേയ്ക്ക് ചെല്ലേണ്ടി വന്നപ്പോൾ അവിടം ഒഴിഞ്ഞു കിടന്നു.. ഫയൽ ഉള്ളിൽ വച്ച് തിരിച്ചു പോയേക്കാം… നിവിൻ തിരിച്ചു വരുമ്പോൾ നോക്കി വയ്ക്കട്ടെ.. ജോസേട്ടനെ വിട്ട് എടുപ്പിയ്ക്കാം!! തിരിച്ചിറങ്ങുന്നതിനിടയ്ക്ക് അലങ്കോലമായിക്കിടക്കുന്ന ടേബിളിൽ കണ്ണുടക്കി…

നിവിൻ വരുന്നതിന് മുമ്പ് ഇത് അടുക്കിപ്പെറുക്കി വച്ചാലോ?? ഉള്ളിലിരുന്നാരോ തന്നെ ഗുണദോഷിയ്ക്കുന്നുണ്ട്!! തെന്നൽ വേഗത്തിൽ ചിതറിക്കിടക്കുന്ന കടലാസുകൾ അടുക്കാൻ തുടങ്ങി.. പിറകിൽ വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ അവൾ പേടിയോടെ തിരിഞ്ഞു… നിവിൻ തെല്ല് ദേഷ്യത്തോടെ നോക്കി നിൽക്കുന്നു.. “ഊം?? എന്ത് വേണം??” “അത്… അത് പിന്നെ.. ഞാൻ…” തെന്നൽ വിക്കി.. “ആരോട് ചോദിച്ചിട്ടാ എന്റെ ടേബിളിലുള്ള പേപ്പേഴ്സിലോക്കെ തൊട്ടത്??” നിവിൻ കോപത്താൽ ജ്വലിച്ചു… തെന്നലിന്റെ നെറ്റിയിൽ വിയർപ്പുകണങ്ങൾ പൊടിഞ്ഞു.. “അത്… വൃത്തികേടായി കിടന്നപ്പോൾ…”

വാക്കുകൾ മുഴുമിയ്ക്കാൻ സാധിയ്ക്കാതെ തെന്നൽ വിഷമിച്ചു പോയി!! എങ്ങനെയെങ്കിലും ഒന്ന് പുറത്തു കടന്നാൽ മതിയെന്നായിരിയ്ക്കുന്നു… “ഇതൊക്കെ ചെയ്യാൻ നിന്നെ ആരാ ചുമതലപ്പെടുത്തിയത്?? അവനവന്റെ ജോലി ചെയ്താപ്പോരെ?? ” “സോറി….” തെന്നൽ തല കുനിച്ചു… “മേലാൽ ഇത്തരം അനാവശ്യ കാര്യങ്ങൾ കൈകടത്തരുത്… പൊയ്ക്കോ…” തെന്നൽ കരഞ്ഞുകൊണ്ട് പുറത്തിറങ്ങുമ്പോൾ വാതിൽക്കൽ മിയ കാത്തു നിൽപ്പുണ്ടായിരുന്നു… “എനിയ്ക്ക് നിന്നോട് സംസാരിയ്ക്കാനുണ്ട്… നമുക്കൊരു കോഫി കുടിച്ചാലോ??” മിയ തെന്നലിന്റെ അനുവാദത്തിനായി കാതോർത്തു.. ഒട്ടും മനസ്സോടെയല്ലെങ്കിലും തെന്നൽ കൂടെച്ചെന്നു…

ഓഫീസ് കാന്റീനിൽ മിയയെ കാതോർത്തിരിയ്ക്കുമ്പോൾ അവൾക്കെന്താ പറയാനുള്ളതെന്നു തെന്നൽ ആശങ്കപ്പെട്ടു… “തെന്നൽ… നിവിൻ സർ വിവാഹം കഴിച്ചു എന്ന വർത്തയല്ലാതെ അദ്ദേഹം ആരെയും ക്ഷണിയ്ക്കുകയോ വിവാഹ ഫോട്ടോ പോലും കാണിയ്ക്കുകയോ ചെയ്തിട്ടില്ല…” അവൾക്ക് പറയാനുള്ള കാര്യം അല്പം ഗൗരവമുള്ളതാണെന്നു മുഖ ഭാവത്തിൽ നിന്ന് തന്നെ തെന്നൽ ഊഹിച്ചു… “ഇപ്പൊ ഇതൊക്കെ പറയാനുള്ള കാരണം??” “അത്… അന്ന് ആക്സിഡന്റ് നടന്നതിന് ശേഷം ഈ ദിവസം വരെ തെന്നൽ പോലുമറിയാതെ ഒരുപാട് കാര്യങ്ങൾ തെന്നലിന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്!!” “എന്താണെങ്കിലും ഒന്ന് തെളിച്ചു പറ മിയ… വെറുതെ ആളെ ടെൻഷനാക്കല്ലേ…” തെന്നലിന്റെ ക്ഷമ നശിച്ചു… മാസങ്ങൾക്ക് മുൻപുള്ള ആ ഞായറാഴ്ച്ച ദിനത്തിലേയ്ക്ക് മിയ ഓർമകളുടെ തേർ തെളിച്ചു… °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ആരായിരിയ്ക്കും ഇതിനു പിന്നിൽ?? നിവിൻ ആശയക്കുഴപ്പത്തിലായി…. രാഹുലടക്കം ആ കമ്പനിയുടെ ഉയർന്ന ഉദ്യോഗസ്ഥരെല്ലാം അടികൊണ്ടു തളർന്നു വീണു കിടക്കുന്നു… മുറിയുടെ കോണിൽ തളർന്നു കിടക്കുന്ന ആരോഗ്യ ദൃഢഗാത്രരായ ആളുകൾ!! തനിയ്ക്ക് മുൻപേ എത്തിയ ആരോ ചെയ്തതാണിത്!! പക്ഷെ ആര്?? എന്തിന്?? ആയിരം സംശയങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ജന്മംകൊണ്ടു… ഒഴിഞ്ഞു കിടക്കുന്ന മദ്യ ബോട്ടിലുകളിലേയ്ക്ക് നോക്കി നിവിൻ ഒന്നും മനസ്സിലാവാതെ നിൽപ്പുറപ്പിച്ചു!!! ചിന്തകൾക്ക് വിലങ്ങിട്ടുകൊണ്ടു നിവിൻ അരികിലുള്ള ജഗ്ഗിലെ തണുത്ത ജലം കമിഴ്ന്നു കിടന്നിരുന്ന രാഹുലിന്റെ തലയിലേയ്ക്കൊഴിച്ചു…......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story