തെന്നൽ: ഭാഗം 17

thennal mukilin thoolika

രചന: മുകിലിൻ തൂലിക

ഞെട്ടി എഴുന്നേറ്റിരുന്ന രാഹുൽ നിവിനെ കണ്ടതും ഭയന്ന് മാറി… “ഇനി എന്നെ തല്ലല്ലേ…. പ്ലീസ്…” അയാൾ കെഞ്ചിപ്പറഞ്ഞു… നിവിൻ വല്ലാത്ത ആശയക്കുഴപ്പത്തിലായി… “സർ… ഞാൻ പറഞ്ഞത് മുഴുവൻ സത്യമാണ്…ഒന്നും ഞാനറിഞ്ഞുകൊണ്ടായിരുന്നില്ല…. തെന്നലിനെ ചതിച്ചത് ഞാനല്ല… ഞങ്ങളുടെ ബോസ്സ് ആണ്.. അയാളൊരുക്കിയ കെണിയിൽ അവളെപ്പോലെത്തന്നെ ഞാനും അകപ്പെട്ടു പോയതാണ്… ” “മിണ്ടരുത് നീ…” നിവിന്റെ ശബ്ദം അയാളെ ഭയപ്പെടുത്തി…

“എന്നെ വിശ്വസിയ്ക്കണം… ഗ്രൂപ് ഡിസ്കഷൻ എന്ന പേരിൽ എന്നെ അവിടെ നിന്നും മനപ്പൂർവ്വം മാറ്റിയിട്ടാണ് അവര് തെന്നലിനെ…” നിവിന്റെ ചുരുട്ടിയ മുഷ്ടിയിൽ രാഹുൽ ആലില പോലെ വിറച്ചു… “ഇതിലാരാടാ നിന്റെ ബോസ്??” നിവിൻ അലറി… രാഹുൽ വിരൽ ചൂണ്ടിയ ഭാഗത്തേയ്ക്ക് നോക്കിയ നിവിൻ പകച്ചു നിന്നു… കൈ രണ്ടും കൂട്ടിക്കെട്ടിയ നിലയിൽ തളർന്നു കിടക്കുന്ന മധ്യവയസ്‌കൻ!! ദേഹമാകെ അടികൊണ്ട പാടുകൾ തിണർത്തു കിടന്നിരുന്നു…

ഇനിയൊരു പ്രഹരത്തെ കൂടി താങ്ങാൻ ശേഷിയില്ലാത്ത നിലയിൽ അയാൾ ഒരു വശം ചെരിഞ്ഞു കിടന്നു!! അയാൾ അബോധാവസ്ഥയിലാണോ?? അതോ മയങ്ങുകയോ?? നിവിന് ഭ്രാന്ത് പിടിച്ചു.. അരികിലുള്ള ടേബിൾ ശക്തിയോടെ ചവിട്ടിത്തെറിപ്പിച്ചു ദേഷ്യത്തോടെ പുറത്തിറങ്ങിയപ്പോഴാണ് കാറിനരികിൽ കാത്തു നിൽക്കുന്നയാളിൽ കണ്ണുടക്കിയത്… അപ്രതീക്ഷിത നടുക്കം രക്തത്തെപ്പോലും മരവിപ്പിച്ചെന്നു തോന്നി!! അപ്പച്ചൻ!! നിവിൻ വിറയാർന്ന കാലടികളോടെ അപ്പച്ചനരികിലേയ്ക്ക് നടന്നു… “എന്താടാ ആടിക്കുഴഞ്ഞ് ഇപ്പോഴാണോ വരാൻ സമയം തരപ്പെട്ടത്??” “അത്… അപ്പച്ചൻ?? അപ്പച്ചനാണോ…??”

“എന്താ നിനക്ക് സംശയമുണ്ടോ??” “അതല്ല… അപ്പച്ച…നാണോ അവരെ??” നിവിന് വാക്കുകൾ കൂട്ടിയിണക്കാൻ പോലും ബുദ്ധിമുട്ട് തോന്നി… “എന്താ നിനക്കിത്ര സംശയം?? ഞാൻ തല്ലിയാൽ എൽക്കില്ലെന്നുണ്ടോ?? ” “അല്ല… അത്… അപ്പച്ചനെങ്ങനെ അറിഞ്ഞു ഇതെല്ലാം??” “നിന്നെ ആ പെങ്കൊച്ചു വിളിച്ചു പറയുമ്പോ ഞാൻ അപ്പുറത്തുണ്ടായിരുന്നു…” നിവിൻ ചിന്തകളിലൊരു തിരച്ചിൽ നടത്തി നോക്കി… ശരിയാണ്!! മിയ വിളിച്ചപ്പോൾ താൻ വീട്ടിലായിരുന്നു…

ചില ഫയലുകൾ എഡിറ്റ് ചെയ്യുന്ന തിരക്കിലായതിനാൽ ഫോൺ സ്പീക്കർ മോഡിലിട്ടാണ് അവളോട് സംസാരിച്ചത്!! “എന്റെ കൊച്ചിനെയാ അവമ്മാര് തൊട്ടത്… ഞാൻ പിന്നെ എന്നാ വേണം?? ഇത് മണ്ണിനോട് മല്ലിടുന്ന നല്ലസ്സല് കയ്യാ… എന്റെ മക്കള് വേദനിച്ചെന്നറിഞ്ഞാൽ കയ്യും കെട്ടി നോക്കി നിക്കില്ല ജോർജ്ജ്..” അപ്പച്ചന്റെ ശബ്ദത്തിൽ അമർഷം കത്തിക്കയറി… “നിനക്കും ആനി മോൾക്കും ശേഷം എന്നെ അപ്പച്ചാന്ന് ആത്മാർത്ഥമായിട്ടു വിളിച്ചത് തെന്നൽ മോളാ…

വിളിയിൽ മാത്രല്ല… അവളുടെ ഓരോ പ്രവൃത്തിയിലും നിറഞ്ഞു നിന്നിരുന്നു ആ സ്നേഹവും ആത്മാർത്ഥതയും!! എന്റെ കൊച്ചിന്റെ കണ്ണിന്ന് ഒരു തുള്ളി കണ്ണുനീര് വന്നെന്നു ഇനി ഞാനറിഞ്ഞാൽ വച്ചേക്കില്ല ഒരുത്തനേം..” നിവിന് നേരിയ പതർച്ച തോന്നി.. “നിനക്കും കിട്ടിയേനെ… അവള് നിന്റെ സംരക്ഷണത്തിലല്ലായിരുന്നെങ്കിൽ!!” അപ്പച്ചൻ എല്ലാം മനസ്സിലാക്കിയിരിയ്ക്കുന്നു!! നിന്റപ്പച്ചന്റെ തല്ലുകൊള്ളിത്തരം മാറാൻ വേണ്ടിയാണ് എന്നെ ഇതിയാനെക്കൊണ്ടു കെട്ടിച്ചതെന്നു അമ്മച്ചി പല തവണ പറഞ്ഞത് നിവിൻ ഓർത്തെടുത്തു!! അപ്പോഴെല്ലാം അമ്മച്ചിയെ കളിയാക്കിയിട്ടേയുള്ളൂ!!

എന്റെ മറിയാമ്മേ… നിങ്ങള് മൂക്ക് കയറിട്ടത് നന്നായി… ഇല്ലെങ്കിൽ ഇങ്ങേരിപ്പോ വല്ല ഗുണ്ടാ സംഘത്തിന്റെ നേതാവായേനെ… നിവിൻ മനസ്സിലോർത്തു.. “കുന്തം വിഴുങ്ങിയ പോലെ നിക്കാതെ വണ്ടിയെടുക്കടാ…” അടുത്ത അലർച്ചയ്ക്ക് മുൻപ് നിവിൻ കാർ സ്റ്റാർട്ട് ചെയ്തു… “ഇനി എല്ലാം കൂടെ കൊണ്ടോയി അമ്മച്ചിയോട് വിളമ്പിക്കോ…” “ഞാൻ ഈ നാട്ടുകാരനെ അല്ല… പോരെ…” “എന്നാൽ നിനക്ക് കൊള്ളാം ..” നിവിൻ ചിരിയടക്കി… വേഗത കുറച്ചു വീട് ലക്ഷ്യമാക്കി യാത്ര തിരിയ്ക്കുമ്പോൾ വല്ലാത്ത ആശ്വാസം ഹൃദയത്തിൽ കൂടു കൂട്ടിയിരുന്നു… °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

മിയയുടെ വാക്കുകളെ തെന്നൽ സാകൂതം കാതോർത്തു… “അന്ന് രാത്രി എന്റെ വണ്ടി നിന്നെ തട്ടിയപ്പോൾ ശരിയ്ക്കും എന്താ ചെയ്യേണ്ടതെന്നറിയാതെ ഞാൻ വിഷമിച്ചു പോയിരുന്നു… ഓടിക്കൂടിയവരെല്ലാരും കൂടെ നിന്നെ കാറിനകത്തേയ്ക്ക് കയറ്റി… ഹോസ്പിറ്റലിലെത്തിയപ്പോൾ ഹെഡ് ഇഞ്ചുറിയാണ്… ഇമ്മീഡിയറ്റ് സർജറി വേണമെന്നു പറഞ്ഞപ്പോൾ ഫ്രണ്ടാണെന്നു പറഞ്ഞു സൈൻ ചെയ്തു കൊടുക്കേണ്ടി വന്നു എനിയ്ക്ക്.. നിന്നെ ഓപ്പറേഷൻ തിയേറ്ററിലേയ്ക്ക് കയറ്റിയപ്പോഴാണ് എന്തെങ്കിലും ഡീറ്റയിൽസ് കിട്ടുമോ എന്നറിയാനാ ഞാനാ ബാഗ് തുറന്നു നോക്കിയത്…

ഒരുപാട് പേപ്പറുകൾ ഒതുക്കി വച്ചിരുന്ന ഫയലിൽ നിന്നും നിന്റെയും ബോസിന്റെയും മാരേജ് സർട്ടിഫിക്കറ്റും വിവാഹ ഫോട്ടോയും കണ്ടപ്പോൾ ഞാൻ ശരിയ്ക്കും അത്ഭുതപ്പെട്ടു..” തെന്നലിന്റെ മാറിമറിയുന്ന മുഖഭാവത്തെ വീക്ഷിച്ചുകൊണ്ടു തന്നെ മിയ സാവധാനത്തിൽ തുടർന്നു… “ബോസിനെ വിവരമറിയിയ്ക്കുക എന്നൊരൊറ്റ മാർഗം മാത്രേ എന്റെ മുൻപിലുണ്ടായിരുന്നുള്ളൂ… അന്ന് രാത്രി പക്ഷെ എത്ര ട്രൈ ചെയ്തിട്ടും അദ്ദേഹത്തെ കിട്ടിയതെയില്ല…

സർജറി കഴിഞ്ഞെന്നും ബോധം വരാൻ രണ്ടു ദിവസമെങ്കിലും കഴിയുമെന്നും ഡോക്ടർ പറഞ്ഞപ്പോഴാണ് എനിയ്ക്ക് ശ്വാസം നേരെ വീണത് പോലും… പിറ്റേന്ന് തന്നെ നിവിൻ സാറിനെ വിളിച്ചു കാര്യങ്ങളെല്ലാം പറഞ്ഞു.. ഉടനെ തന്നെ അദ്ദേഹം ഓടി വരികയും നീ ഡിസ്ചാർജ് ആയി മടങ്ങുന്നത് വരെയുള്ള കാര്യങ്ങളെല്ലാം മുടക്കം വരാതെ ചെയ്ത് തരികയും ചെയ്തു… ജീവിതത്തിലാദ്യമായാണ് ആ കണ്ണ് നിറഞ്ഞു കണ്ടത്!! ബിക്കോസ് ഓഫ് യു തെന്നൽ!!” അരുതെന്ന് ആജ്ഞ നൽകിയിട്ടും മിഴികൾ സജലങ്ങളായി… തെന്നൽ കുറ്റബോധത്താൽ തല കുനിച്ചു.. “എന്നിട്ട്..എന്നിട്ട് നീയെന്താ എന്നോടൊന്നും പറയാതിരുന്നത്??” തെന്നൽ തേങ്ങി..

“അത്… നീയൊരിയ്ക്കലും ഇതൊന്നും അറിയാൻ പാടില്ലെന്ന് സാർ പറഞ്ഞിരുന്നു… അറിഞ്ഞിരുന്നെങ്കിൽ നീ വീണ്ടും അകന്നു പോവുമെന്നു ഭയന്നിരിയ്ക്കണം!! നിവിനെ താനൊരുപാട് വേദനിപ്പിച്ചു.. എന്നിട്ടും !! തെന്നലിന് തന്റെ ചെയ്തികളോടെല്ലാം ഒരു നിമിഷം വെറുപ്പ് തോന്നിപ്പോയി!! “തെന്നൽ… എനിയ്ക്ക് നിന്നോട് പലവട്ടം അസൂയ തോന്നിയിട്ടുണ്ട്… ബോസിനെപ്പോലൊരാളെ നിന്റെ ജീവന്റെ പാതിയായി കിട്ടിയ ഭാഗ്യമോർത്ത് ….

നീയത് നഷ്ടപ്പെടുത്തിയത് എന്ത് കാരണംകൊണ്ടാണെന്നു ഞാൻ ചോദിയ്ക്കുന്നില്ല… ബട്ട്… ഇനിയുമീ മണ്ടത്തരം തുടരരുത്… അയാളും ഒരു മനുഷ്യനാണ്… എത്രകാലം ഈ അവഗണന സഹിച്ചു സ്വയം നീറി ജീവിയ്ക്കാനാവും?? നന്നായി ഓർത്തു നോക്ക്… നഷ്ടപ്പെടുത്തിയാൽ തിരിച്ചു കിട്ടാത്ത ഒത്തിരി കാര്യങ്ങളുണ്ട് ഈ ലോകത്ത്… അതിലൊന്നാണിതെന്നും മറന്നു പോവരുത്…” മിയ നടന്നു പോയപ്പോൾ തെന്നൽ ടേബിളിൽ മുഖമമർത്തി കണ്ണുകടച്ചു… മിയ പറഞ്ഞതെല്ലാം സത്യമായി ഭവിച്ചെന്നു തോന്നി അവൾക്ക്… തന്റെ സാന്നിധ്യം പോലും അയാളിൽ മടുപ്പുളവാക്കുന്നുണ്ട്.. അല്ലെങ്കിൽ നിവിൻ ഇങ്ങനല്ല പെരുമാറുക…

തന്നോട് മനസ്സറിഞ്ഞു ദേഷ്യപ്പെടാൻ നിവിന് സാധിക്കില്ല.. അതുകൊണ്ടല്ലേ അന്ന് മദ്യത്തിന്റെ സഹായം തേടിയത്?? മിയ പറഞ്ഞത് പോലെ അയാൾ തന്നെ മടുത്തു കാണും!! തോന്നലായിരിയ്ക്കണേ എന്ന് മാത്രം ആത്മാർത്ഥമായി പ്രാർത്ഥിച്ചു പോയി!! രണ്ടു ദിവസം മനപ്പൂർവ്വം ലീവെടുത്തു ഫ്ലാറ്റിൽ കഴിച്ചുകൂട്ടി.. നിവിൻ ഇല്ലാത്ത നേരം നോക്കി ടേബിളിൽ ഫയലുകൾ കൊണ്ട് വച്ചും… അയാളുടെ അഭാവത്തിൽ തന്നെ തിരിച്ചെടുത്തും മനപ്പൂർവ്വം അവൾ നിവിനെ കാണാതിരിയ്ക്കാൻ ശ്രമിച്ചു… ഒരിയ്ക്കൽ നിവിൻ സംസാരിയ്ക്കാൻ ശ്രമിച്ചെങ്കിലും ബോധപൂർവ്വം തെന്നൽ ഒഴിഞ്ഞു മാറി…. എന്തുകൊണ്ടോ അയാളെ അഭിമുഖീകരിയ്ക്കാൻ അവൾക്കേറെ പ്രയാസം തോന്നി…

കടന്നു പോവുന്ന ദിനങ്ങളെല്ലാം നിവിനോട് അടുക്കാനും അകലാനും കഴിയാത്ത നിരാശാ ജനകമായ അവസ്ഥയുടെ ചിറകേറി പറന്നു… ഒരു ദിവസം ഫ്ലാറ്റിലേക്ക് നടക്കുന്ന വഴി പോസ്റ്റ്മാൻ കയ്യിൽ കൊണ്ടുവന്നു തന്ന ലെറ്റർ തുറന്നു വായിച്ച തെന്നൽ ശ്വാസം പോലുമെടുക്കാനാവാതെ തരിച്ചു നിന്നുപോയി… ഡിവോഴ്‌സ് നോട്ടിസ്!! ഭൂമി കീഴ്മേൽ മറിയുന്നത് പോലെ തോന്നി അവൾക്ക്… ഈ നിമിഷം പ്രാണനകന്നു താനില്ലാതായിരുന്നെങ്കിൽ!! എത്ര ശ്രമിച്ചിട്ടും കണ്ണീരൊഴുക്കിനെ പിടിച്ചു കെട്ടാൻ സാധിച്ചില്ല… നിവിൻ തന്നെ ആയിരിയ്ക്കോ ഇതയച്ചത്?? ഇത്ര എളുപ്പത്തിൽ ഒരു നോട്ടീസിൽ ഒപ്പിട്ടു നൽകാൻ അയാൾക്കെങ്ങനെ സാധിച്ചു??

എങ്ങനെ വീടെത്തിയെന്നു പോലും ഓർമയുണ്ടായിരുന്നില്ല… ശരീരമാകെ തളർന്നു പോയിരുന്നു.. മിയയുടെ ആശങ്കയോടെയുള്ള ചോദ്യങ്ങൾക്കുത്തരം നൽകാതെ കത്ത് കൈമാറി വീണ്ടും തലയിണയിൽ മുഖം പൂഴ്ത്തി… അവളുടെ ആശ്വാസവാക്കുകളൊന്നും തെന്നലിനെ സ്പർശിച്ചതേയില്ല.. തന്റെ കണക്കുകൂട്ടലുകൾ മുഴുവനായും പാതിയിൽ വെന്തെരിഞ്ഞെന്നു വിശ്വസിയ്ക്കാൻ മിയയും ഏറെ പാടുപെട്ടു… തെന്നൽ ചിന്തകളുടെ ആക്രമണത്തിൽ തീർത്തും തകർന്നിരുന്നു… താൻ അകന്നു ജീവിയ്ക്കാൻ തുടങ്ങിയിട്ടിപ്പോൾ ഒൻപത് മാസത്തോളമായിരിയ്ക്കുന്നു…

അത്രയും നാളത്തെ കാത്തിരിപ്പ് പകർന്നു നൽകിയ വിരസതയിൽ അയാൾക്ക് തന്നെ ഉപേക്ഷിയ്ക്കാൻ കഴിഞ്ഞെന്നോ?? ഉറക്കമില്ലാത്ത നീണ്ട രാത്രികളെ പാടുപെട്ട് യാത്രയയച്ചു കരഞ്ഞു വീങ്ങിയ കണ്ണുകളോടെ തെന്നൽ എന്തൊക്കെയോ ചിന്തിച്ചുറപ്പിച്ചു ഓഫീസിലേക്ക് ചെന്നു… നിവിന്റെ കാബിൻ തള്ളിതുറന്നു ഡിവോഴ്‌സ് പേപ്പറും റിസൈൻ ലെറ്ററും മേശപ്പുറത്തു വച്ചു… “എന്റെ ഒപ്പില്ലെന്നു കരുതി നിങ്ങളുടെ ആഗ്രഹം നടക്കാതിരിയ്ക്കണ്ട… ഒഴിഞ്ഞു തരുന്നു.. എന്നെന്നേക്കുമായി… ചെയ്തു തന്ന ഉപകാരങ്ങൾക്കെല്ലാം ഒരുപാട് നന്ദിയുണ്ട്… മറക്കില്ല… പോട്ടെ…” “ഒന്ന് നിന്നേ….”

തിരിഞ്ഞു നടക്കാനൊരുങ്ങിയ തെന്നലിനെ നിവിൻ തിരികെ വിളിച്ചു.. അയാൾ നീട്ടിയ വിവാഹ ക്ഷണക്കത്ത് ഞെട്ടലോടെ സ്വീകരിയ്ക്കുമ്പോൾ തെന്നലിന്റെ കൈകൾ വിറ പൂണ്ടിരുന്നു… നിവിൻ ജോർജ് വെഡ്സ് റോസ്‌ലി വർഗീസ്… ശീതീകരിച്ച മുറിയിലും തെന്നൽ വിയർത്തു കുളിച്ചു.. “രണ്ടാം വിവാഹമാണ്… പറ്റുമെങ്കിൽ വന്നേച്ചു പോണം… ആദ്യത്തെ ഭാര്യ ഉപേക്ഷിച്ചു പോയതാ… ഒത്തിരി കാലുപിടിച്ചു നോക്കി… കേട്ടില്ല.. ചവിട്ടിത്തേച്ചിട്ടു പോയി… അതോണ്ട് ഈ ചെറിയ പ്രായത്തിൽ തന്നെ രണ്ടു വിവാഹം കഴിയ്ക്കാൻ യോഗമുണ്ടായി…” തെന്നൽ വിളറി വെളുത്തു പോയി.. “ഒരുപാടു നാള് കാത്തിരുന്നു…

ഇനിയിപ്പോ അവളെ അവളുടെ ഇഷ്ടത്തിന് വിട്ടേക്കാനാ വീട്ടുകാര് പറഞ്ഞെ… നമ്മളെ സ്നേഹിയ്ക്കാൻ വയ്യാത്തോരെ പിടിച്ചു വയ്ക്കാൻ നോക്കീട്ട് എന്നതാ കാര്യം.. അല്ലെ… എനിയ്ക്കങ്ങനെ മൂത്തു നരയ്ക്കുന്നത് വരെ നോക്കി നിൽക്കാൻ ഒക്കത്തില്ലല്ലോ… വയ്യാത്ത അമ്മച്ചിയ്ക്കും ആ മിണ്ടാപ്രാണി കൊച്ചിനും ആരെങ്കിലുമൊക്കെ തുണ വേണ്ടായോ…” മറുപടി കൊടുക്കാതെ തെന്നൽ കാബിൻ വിട്ടിറങ്ങി… ഓട്ടോ വിളിച്ചു ഫ്‌ളാറ്റിലേയ്ക്ക് വരുമ്പോൾ അവസാനമായി അമ്മച്ചിയെയും അപ്പച്ചനെയും മോളെയും ഒരു നോക്ക് കാണാനുള്ള അനുവാദം ചോദിയ്ക്കാൻ പോലുമുള്ള അർഹത നഷ്ടപ്പെട്ടെന്നു അവൾക്കുൾക്കൊള്ളാനെ കഴിഞ്ഞിരുന്നില്ല…

കഴിഞ്ഞതെല്ലാം സ്വപ്നമായിരുന്നെങ്കിൽ!! കണ്ണ് തുറക്കുമ്പോൾ പൊലിഞ്ഞു പോവുന്ന ഭീകര സ്വപ്നങ്ങളിലൊന്നായി ഇതും മാറിയെങ്കിൽ!! കരയാൻ പോലും കഴിയാതെ തരിച്ചിരുന്നു പോയ ദിനങ്ങൾ!! നിവിന്റെ ഭാര്യയായി മറ്റൊരു പെണ്ണ്!! സങ്കല്പിയ്ക്കാൻ പോലും വയ്യ അത്.. തികച്ചും ആരോഗ്യം ക്ഷയിച്ച അവസ്ഥയിലേക്ക് തെന്നൽ സ്വയം വീണു പോയി… ഊണും ഉറക്കവും ഭക്ഷണവുമില്ലാതെ തളർന്നു കിടക്കുന്ന തെന്നലിനെ നോക്കി മിയ കണ്ണീർ വാർത്തു…

ദിനങ്ങൾ വേഗതയോടെ കടന്നു പോയി… തെന്നലിൽ കാര്യമായ മാറ്റങ്ങളൊന്നും കണ്ടതേയില്ല… സമയഭേദമില്ലാതെ അവൾ ചിന്തകളിൽ മുഴുകിയിരുന്നു… “മിയ… നാളെയല്ലേ നിവിന്റെ വിവാഹം??” ദിവസങ്ങൾക്ക് ശേഷം തെന്നൽ ഉരുവിട്ട ചോദ്യം!! മിയയ്ക്ക് വല്ലാത്ത നിരാശ തോന്നി… “അത്… നീയതൊന്നും ഓർക്കേണ്ട തെന്നൽ… നമ്മളെ വേണ്ടാത്തവരെ എന്തിനാ നമുക്ക്??” “എനിയ്ക്ക് കാണണം ആ കല്യാണം…” “വേണ്ടടി.. നമുക്ക് പോണ്ട…” “പോണം… എനിയ്ക്ക് പോയേ പറ്റു… അവസാനമായി എല്ലാരേയും ഒരു നോക്ക് കാണാനുള്ള അവസരം!!. നിവിൻ മറ്റൊരാളുടേതാവുന്ന കാഴ്ച്ച നേരിട്ട് കണ്ടിട്ട് അതെന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ട് ഞാനിവിടുന്നു പോവും… എങ്ങോട്ടെങ്കിലും…”

“നീയെന്തൊക്കെയാടി പറയുന്നേ?? അയാളില്ലെങ്കിലും നിനക്ക് ജീവിയ്ക്കണ്ടേ??” മറുപടിയായി തെന്നൽ പുച്ഛം കലർത്തിയ ചിരി നൽകി… വീണ്ടും പിന്തിരിപ്പിയ്ക്കാൻ ശ്രമിച്ചെങ്കിലും ഒടുവിൽ തെന്നലിന്റെ ദൃഢ നിശ്ചയത്തിനു മുൻപിൽ മിയയ്ക്ക് തോൽക്കേണ്ടി വന്നു… ഉറക്കമില്ലാത്ത രാവിന് ദൈർഗ്യമേറെയുണ്ടെന്നു തോന്നി തെന്നലിന്… മിയയോടൊപ്പം ഒരുങ്ങിയിറങ്ങുമ്പോൾ പുതിയൊരാളായി മാറാൻ അവൾ മനസ്സ് ചിട്ടപ്പെടുത്തി… വസ്ത്രത്തിലും ഭാവത്തിലും അവൾ തന്റെ സങ്കടത്തെ കുഴിച്ചു മൂടാൻ ശ്രമിച്ചിരുന്നോ?? അൾബലം നിറഞ്ഞ പള്ളിയിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ ഹൃദയം പെരുമ്പറ കണക്കെ മുഴങ്ങിക്കൊണ്ടിരുന്നു…

വിവാഹ വസ്ത്രത്തിൽ നിൽക്കുന്ന നിവിനെ തെന്നൽ നിറകണ്ണുകളോടെ ദർശിച്ചു… അരികിൽ വെളുത്ത ഗൗൺ ധരിച്ച പെൺകുട്ടി!! ചേർന്ന് നിന്നുകൊണ്ട് കണ്ണുകളടച്ചു പ്രാർത്ഥനയോടെ നിൽക്കുന്ന ഇരുവരെയും തെന്നൽ ഹൃദയ ഭാരത്തോടെ വീക്ഷിച്ചു… താൻ വലിച്ചെറിഞ്ഞ ഭാഗ്യം മറ്റൊരാൾക്ക് ജീവിതമാവുന്ന കാഴ്ച്ച!! എത്ര നേരം കണ്ടു നിൽക്കാൻ കഴിയുമെന്നറിയില്ല… നിവിനും ആ കുട്ടിയും ഒന്നിങ്ങോട്ട് തിരിഞ്ഞെങ്കിൽ!!

ഒന്ന് കണ്ടാൽ മതി രണ്ടാളെയും.. തെന്നൽ നിറഞ്ഞുതിരുന്ന കണ്ണുകൾ പാടുപെട്ട് തുടച്ചുകൊണ്ടിരുന്നു… കൂട്ടി വച്ചിരുന്ന ധൈര്യമെല്ലാം ചോർന്നുകൊണ്ടിരിയ്ക്കുന്നു… തെന്നൽ ചുമർ ചാരി നിന്നു.. മിയ വേദനയോടെ തെന്നലിനെ അവിടം വിട്ടിറങ്ങാൻ നിർബന്ധിയ്ക്കുന്നുണ്ടെങ്കിലും അവളത് ചെവികൊണ്ടതെയില്ല.. നെഞ്ചിൽ ചേർന്ന് കിടക്കുന്ന താലി മാലയെ മുറുകെ പിടിച്ചുകൊണ്ടു തെന്നൽ കണ്ണുകൾ വധു വരമ്മാരിൽ തറച്ചു… നിവിൻ റോസ്‌ലിയുടെ കഴുത്തിൽ താലി ചാർത്തുന്ന നിമിഷം അതഴിച്ചെടുക്കണമെന്നു അവൾ മനസ്സിനെ വീണ്ടും വീണ്ടും പറഞ്ഞു പഠിപ്പിച്ചു… നിവിൻ പതിയെ താലി മാല കയ്യിലെടുക്കുന്ന കാഴ്ച അവൾ നിശ്ചലയായി നോക്കി നിന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story