തെന്നൽ: ഭാഗം 6

രചന: മുകിലിൻ തൂലിക

തെന്നലിനെ എനിക്കിഷ്ടാ… ആലോചിച്ചു തീരുമാനിയ്ക്കാം… തന്റെ ജാതി, മതം, ഫിനാൻഷ്യൽ ബേഗ്രൗണ്ട്, സിറ്റുവേഷൻസ് ഒന്നും എനിയ്ക്ക് പ്രശ്നമല്ല…” തെന്നൽ അതിശയപ്പെട്ടു!! നിവിനെപ്പോലൊരാളെ സ്വപ്നം കാണാൻ പോലും അർഹതയില്ല തനിയ്ക്ക്!! സകല സുഖ സൗകര്യങ്ങളോട് കൂടി മണിമാളികയിൽ താമസിയ്ക്കുന്ന നിവിൻ എവിടെ?? സ്വന്തമായൊരു വീടോ ആശ്രിതരോ ഇല്ലാത്ത താനെവിടെ?? “അതൊന്നും ശരിയാവില്ല ഇച്ചായാ.. ചേരേണ്ടതെ ചേരാവു…

ഏച്ചു കെട്ടിയാൽ മുഴച്ചിരിയ്ക്കുമെന്നു കേട്ടിട്ടില്ലേ?? ” തെന്നലിന്റെ ഉത്സാഹം പാടെ തണുത്തു!! “ആര് പറഞ്ഞു ചേരില്ലെന്നു?? ഇതിനു മുൻപ് ചേർത്ത് വച്ച് നോക്കിയിരുന്നോ താൻ?? ” “ഇതുപോലൊരു കുടുംബത്തിലേക്ക് വലതുകാലെടുത്തു വച്ച് കയറാനുള്ള അർഹതയൊന്നും എനിക്കില്ല!! അത്രയൊന്നും ആഗ്രഹിയ്ക്കാനും ചിന്തിയ്ക്കാനുമുള്ള മിനിമം യോഗ്യത പോലും ഇല്ലാത്തൊരാളാ ഞാൻ…” തെന്നൽ സ്വയമൊരു പുച്ഛച്ചിരി ചിരിച്ചു..

ഉത്തരവാദിത്തങ്ങളോടുള്ള ഭയത്തെ അവളെന്നും ആ ചിരിയിലായിരുന്നു ഒളിപ്പിച്ചിരുന്നതെന്നു നിവിനോർത്തു.. “യോഗ്യത!! അതിന്റെ മാനദണ്ഡമാണെന്നു തെന്നൽ കരുതുന്നതെന്താ?? പണമോ?? അല്ലെങ്കിൽ പദവിയോ??” “എല്ലാം…” “ഇത്ര വിദ്യാഭ്യാസമുള്ള തന്റെ സ്വഭാവത്തിന് ചേർന്നതല്ല ഈ പഴഞ്ചൻ ചിന്താ രീതി…” “ഇച്ചായൻ കരുതുന്ന പോലെയല്ല!! ഇതുപോലുള്ള ബന്ധങ്ങൾ എനിയ്ക്ക് ചേരില്ല.. നമ്മൾ തമ്മിൽ എന്തുമാത്രം അന്തരങ്ങളുണ്ട്…

ഒരു നാണയത്തിന്റെ ഇരു വശങ്ങൾ പോലെ… എത്ര ചേർന്ന് നിന്നാലും ഒന്നിയ്ക്കാൻ കഴിയില്ല…” തെന്നൽ വീണ്ടും വീണ്ടും നിവിന്റെ തീരുമാനത്തെ എതിർക്കാൻ ശ്രമിച്ചു!! “ശരിയാണ്… നമ്മൾ തമ്മിൽ അന്തരങ്ങളുണ്ട്… തന്നെക്കാണാൻ എന്നെക്കാളും സൗന്ദര്യമുണ്ട്… തന്റെ മനസ്സിന്റെ വലിപ്പവും സ്വഭാവ മഹിമയും എന്നെക്കാൾ മുന്നിലാണ്.. തുടർന്ന് പഠിയ്ക്കാൻ താൻ തീരുമാനിച്ചാൽ വിദ്യാഭ്യാസ യോഗ്യതയും എന്നെക്കാൾ ഉയരും…

ഇതൊക്കെ എന്നെ സ്വീകരിയ്ക്കാതിരിയ്ക്കാനുള്ള കാരണങ്ങളാണോ??” തെന്നലിന് ചിരി വന്നു.. “ഇച്ചായൻ ഇപ്പറഞ്ഞതൊന്നും എന്റെ കണക്കിൽ പെടാത്ത കാര്യങ്ങളാണ്… ഞാനുദ്ദേശിച്ചത് പണത്തിന്റെയും തറവാട് മഹിമയുടേയും കാര്യം തന്നെയാണ്… ഒരു വില കൂടിയ ചുരിദാർ ഞാൻ ഇട്ടിട്ടുണ്ടെങ്കിൽ അതീ വീട്ടിൽ വന്നതിനു ശേഷമാണ്… നല്ല ഭക്ഷണം… ഇത്രയും സൗകര്യങ്ങളുള്ള വീട്… എല്ലാം ആദ്യമായിട്ട് കാണുന്നത് പോലും ഇങ്ങോട്ടുള്ള വരവിലൂടെയാണ്..

പെട്ടെന്നു എന്തെങ്കിലുമൊരു വയ്യായ്ക് വന്നാൽ നെഞ്ച് പിടഞ്ഞു ഓടി വരാൻ പോലും ആരുമില്ലാത്തവളാണ് ഞാൻ.. പിന്നെ ഉള്ളതെന്താണെന്നു ചോദിച്ചാൽ കനത്തിൽ പറയാൻ കുറച്ചു കടങ്ങളുണ്ട് ട്ടോ… ജീവിയ്ക്കാനുള്ള നെട്ടോട്ടത്തിനിടയിൽ അമ്മയ്ക്ക് പലരിൽ നിന്നും വാങ്ങേണ്ടി വന്നതാ.. ആഗ്രഹമുണ്ടായിട്ടല്ല… ഗതികേട് കൊണ്ടാ… പലചരക്കു കടയിൽ… മെഡിക്കൽ ഷോപ്പിൽ… പച്ചക്കറിക്കടയിൽ… അങ്ങനെ എല്ലാ സ്ഥലത്തുമുണ്ടാവും ഞങ്ങൾക്കൊരു പറ്റ് ബുക്ക്…”

തെന്നൽ ചിരിയ്ക്കാൻ ശ്രമിച്ചു… “അതാണോ കാര്യം?? തെന്നൽ ഇപ്പൊ എന്റെ കൂടെ വന്നാൽ അര മണിക്കൂർ കൊണ്ട് തീർക്കാം നമുക്കീ കടങ്ങളൊക്കെ… ഒന്ന് ചൂണ്ടി കാണിച്ചു തന്നാൽ മതി… അതോടെ ആ തടസ്സം നീങ്ങുമല്ലോ??” തെന്നൽ വീണ്ടും ചിരിച്ചു… ഉത്തരം മുട്ടുമ്പോൾ ഇതവളുടെ സ്ഥിരം അടവാണ്… “ഇനിയെന്താ ചേർച്ചക്കുറവ്??” “ജീവിതത്തിലിന്നു വരെ ഒരു പുൽക്കൊടി പോലും ആഗ്രഹിച്ചിട്ടില്ല…

എന്തെങ്കിലും വേണമെന്ന് പറഞ്ഞിട്ട് അമ്മയുടെ കയ്യിൽ പണമില്ലെങ്കിൽ അതമ്മയ്ക്ക് സങ്കടമാവുമെന്നറിയുന്നതുകൊണ്ടു ബാല്യവും കൗമാരവും ദാരിദ്ര്യത്തിനു പണയം വച്ച് ജീവിച്ചതാണ് ഞാൻ… ആഗ്രഹിച്ചതെന്തും നിമിഷങ്ങൾക്കുള്ളിൽ സ്വന്തമാക്കുന്നൊരാളുടെ കൈ പിടിയ്ക്കാൻ ഈ പൈതൃകം മതിയാവുമോ??” “ചോദ്യത്തിൽ തന്നെ അതിനുള്ള ഉത്തരവുമുണ്ടല്ലോ… തന്റെ എന്ത് ആഗ്രഹവും സാധിച്ചു തരാൻ എനിയ്ക്ക് കഴിയും…

തെന്നൽ ആവശ്യപ്പെട്ടാൽ ഈ നിമിഷം ഞാനെന്റെ ജീവൻ വരെ തരും… ” നിവിന്റെ ശബ്ദം ഉറച്ചതായിരുന്നു!! “ഞാനെന്തു പറഞ്ഞാലും ഇച്ചായൻ ഇതുപോലെ ന്യായങ്ങൾ കണ്ടെത്തും… അതോണ്ട് ഞാനിനി മിണ്ടുന്നില്ല…” വീശിയടിച്ച തണുത്ത കാറ്റിൽ അവളുടെ നീണ്ട മുടിയിഴകൾ ഗതി വിട്ടു പാറിക്കളിച്ചു… “എന്റെ പൊന്നു തെന്നലേ… ഇവിടെ എല്ലാർക്കും സന്തോഷമായിരിയ്ക്കും ഈ കാര്യം… നേഹ മോൾക്കാവും ഏറ്റവും സന്തോഷം…

തനിയ്ക്കറിയില്ല ഈ വീട്ടിലുള്ളവർ എന്ത് മാത്രം തന്നെ സ്നേഹിയ്ക്കുന്നുണ്ടെന്ന്… ഇവിടുള്ളവർക്ക് സ്നേഹിയ്ക്കാൻ മാത്രേ അറിയൂ… മനസ്സ് വേദനിപ്പിയ്ക്കാനും കുറ്റപ്പെടുത്താനുമൊന്നും അറിയില്ല.. ” “ഒരു പ്രാരാബ്ധക്കാരിയെ കെട്ടിക്കോളാന്ന് വല്ല നേർച്ച ഉണ്ടോ??” “എന്നെ കെട്ടിയാൽ തീരാവുന്ന പ്രാരാബ്ധമേ തനിക്കുള്ളൂ… കെട്ട് കഴിഞ്ഞാൽ പിന്നെ താൻ പഴയ ആളാവില്ലല്ലോ… ഐഡന്റിറ്റി മാറില്ലേ?? പിന്നെന്തിനാ ഈ പിടിവാശി??”

“ഇപ്പൊ തോന്നുന്ന സഹതാപമൊക്കെ കൊറേ കഴിയുമ്പോ അങ്ങ് മാറും… പിന്നീട് വേണ്ടായിരുന്നു ന്ന് തോന്നീട്ട് ഒരു കാര്യവും ഉണ്ടാവില്ല പറഞ്ഞേക്കാം..” മറുപടിയായി നിവിൻ ഉറക്കെ ചിരിച്ചു… “എന്തിന്റെ പേരിലാ ഞാൻ തെന്നലിനോട് സഹതാപം കാണിയ്ക്കേണ്ടത്?? തന്നെ ആദ്യമായിട്ട് കണ്ടപ്പോൾ തോന്നിയ അതെ ഇഷ്ടമാണ് എനിയ്ക്കിപ്പോഴും തന്നോടുള്ളത്… എനിയ്ക്ക് തന്നോടുള്ള ഏക വികാരം സ്നേഹം മാത്രമാണ്…

അവിടെ സഹതാപത്തിനും സഹാനുഭൂതിയ്ക്കുമൊന്നും യാതൊരു സ്ഥാനവുമില്ല….” “എന്നാലും….” “ഇത്രയും നേരത്തെ സംസാരത്തിൽ നിന്നും ഇഷ്ടക്കേടില്ലെന്നു വ്യക്തമായി… സ്വീകരിയ്ക്കണോ തള്ളിക്കളയണോ എന്നത് തന്റെ ചോയ്‌സ് ആണ്…” തെന്നൽ വീണ്ടും മൂകമായി.. “ഒരു പോസിറ്റീവ് മറുപടിയ്ക്ക് വേണ്ടി എത്ര നാൾ കാത്തിരിയ്ക്കാനും ഞാൻ റെഡിയാ… ബട്ട് റിമെമ്പർ വൺ തിങ്… ജീവിതത്തിൽ ഒരു പെണ്ണില്ലെന്നു ഉറപ്പിച്ചിരുന്നതാ ഞാൻ…

അതിനൊരു മാറ്റം വരുത്താൻ കഴിഞ്ഞത് തനിയ്ക്ക് മാത്രാ… എന്റെ ജീവിതത്തിലൊരു പെണ്ണുണ്ടെങ്കിൽ അത് തെന്നൽ മാത്രമായിരിയ്ക്കും… നന്നായി ആലോചിച്ചോളൂ…ടേക്ക് യുവർ ടൈം..” തെന്നലിന്റെ മറുപടി കാത്തു നിൽക്കാതെ നിവിൻ വേഗത്തിൽ ടെറസ്സ് വിട്ടിറങ്ങി… തെന്നൽ വെറുതെ ദൂരേയ്ക്ക് മിഴിയയച്ചു… നിവിൻ ഇത്രയൊക്കെ പറഞ്ഞിട്ടും തന്റെ മനസ്സ് ശൂന്യമായിരിയ്ക്കുന്നതോർത്തു അവൾക്കത്ഭുതം തോന്നി… വഴിയോരങ്ങളിൽ ഇരുട്ട് വീണു തുടങ്ങിയിട്ടുണ്ട്…

മരങ്ങൾ കറുത്ത നിഴൽ വസ്ത്രം നെയ്തു ചാർത്തിയ കാഴ്ചയിലേയ്ക്കവൾ മനസ്സിറക്കി.. കറുപ്പിനേഴകകാണ്!! രാത്രിയെപ്പോലെ!! അവളോർത്തു… വെളിച്ചം ഇരുട്ടിനെ വിഴുങ്ങുന്നതോടെ പ്രകൃതിയുടെ സൗന്ദര്യം പുതിയ ഭാവമാറ്റത്തിലേയ്ക്ക് ചുവടു മാറും!! അതിനവൾ വഴങ്ങിപ്പോവുന്നതല്ലേ?? നിറങ്ങളൊരു കളവാണ്… വെളിച്ചത്തിന്റെ മറവു ചേർന്ന് പ്രകൃതി നടത്തുന്ന കാപട്യം!! എല്ലാവരും കരുതിയിരിയ്ക്കുന്നത് എന്ത് വിഡ്ഢിത്തമാണ്!! നിറങ്ങൾക്ക് കറുപ്പിനോളം സൗന്ദര്യമില്ല!! ചിന്തകൾ ഹൃദയാതിർത്തി ഭേദിച്ചുയർന്നു!! “മോളെ….”

പിറകിൽ നിന്നും അമ്മച്ചിയുടെ ശബ്ദം കേട്ടപ്പോൾ തെന്നൽ ചിന്തയിൽ നിന്നും ഞെട്ടി മാറി… “മോളെന്നതാ ആലോചിയ്ക്കുന്നത്??” ഒന്നുമില്ല അമ്മച്ചി.. ഞാൻ വെറുതെ ഓരോന്നോർത്തു നിന്ന് പോയതാ…” “നിവിച്ചൻ മോളോട് എന്നതേലും പറഞ്ഞായിരുന്നോ??” തെന്നലിന് നേരിയ ഭയം തോന്നി… അമ്മച്ചി എല്ലാം കേട്ട് കാണും!! “അത്….” “മോള് വിഷമിയ്ക്കണ്ട… ഈ വീടിന്റെ മുഴുവൻ ആഗ്രഹമാ അവൻ നിന്നോട് പറഞ്ഞത്… ”

അമ്മച്ചി പതിയെ അവളുടെ മുടിയിഴകളിൽ തലോടി… “ഈ വീടിന്റെ നാഥയായി അമ്മച്ചിയ്ക്ക് പകരമായിട്ടു എന്റെ മോള് തന്നെയാ വരേണ്ടത്… നാളെ എന്റെ കാലം കഴിഞ്ഞാലും എന്റെ നിവിച്ചന് മനക്കരുത്തായി കൂടെ നിൽക്കാനും നേഹ മോൾക്ക് ഒരമ്മച്ചിയുടെ സ്ഥാനം കൊടുത്തു കൂടെ നിൽക്കാനും മോൾക്ക് മാത്രേ കഴിയൂ…” “ഞാൻ…” “മോളൊന്നും പറയണ്ട… ഇത് അമ്മച്ചിയുടെ അപേക്ഷയായിട്ടു കണ്ടാ മതി… കർത്താവായിട്ടാ മോളെ ഇങ്ങോട്ട് കൊണ്ട് വന്നു തന്നത്… ആ കർത്താവ് തന്നെയാ ഇങ്ങനൊരു തീരുമാനവും എല്ലാരെക്കൊണ്ടും എടുപ്പിച്ചതും… അതോണ്ട് അമ്മച്ചി പറയുന്നത് മോള് കേൾക്കണം…”

അമ്മച്ചിയുടെ കണ്ണുകളിലെ പ്രതീക്ഷയുടെ തിളക്കം തെന്നലിനെ ആശയക്കുഴപ്പത്തിലാക്കി… “ഞാൻ… അമ്മയോട് ചോദിച്ചിട്ട്…” “നിവിച്ചൻ എന്നോട് സംസാരിച്ചിരുന്നു… അമ്മയോടീ കാര്യം സംസാരിച്ചിരുന്നെന്നു പറഞ്ഞു… മോൾടെ ഇഷ്ടം എന്താണോ അത് നടക്കട്ടെ എന്നാ അമ്മ പറഞ്ഞതത്രെ…” തെന്നലിന് വല്ലാത്ത സന്തോഷം തോന്നി… അമ്മച്ചിയുടെ കൈകളിൽ മുറുകെ പിടിച്ചു സമ്മതമറിയിച്ചു മുറിയിലേയ്ക്ക് നടക്കുമ്പോൾ പതിവില്ലാത്ത നിർവൃതി തോന്നി അവൾക്ക്!!

അമ്മ സമ്മതിച്ചാൽ പിന്നെ തനിയ്ക്കൊന്നും ചിന്തിയ്ക്കാനില്ല!! ഒരിയ്ക്കൽ തന്റെ ജീവനും മാനവും രക്ഷിച്ചയാളാണ്!! ഈ ജന്മം പകരം കൊടുത്താലും ആ കടപ്പാട് തീർക്കാനാവില്ല!! അമ്മ അടുത്തില്ലെന്നുള്ള തോന്നൽ ഇന്നേവരെ ഉണ്ടാവാൻ അമ്മച്ചി ഇതുവരെ അനുവദിച്ചിട്ടില്ല!! ജീവിതത്തിലിതുവരെ കിട്ടാത്ത അച്ഛന്റെ സ്നേഹം പകർന്നു തന്ന അപ്പച്ചൻ!! കുഞ്ഞാണെങ്കിലും തന്നെ ജീവന് തുല്യം സ്നേഹിയ്ക്കുന്ന നേഹ മോൾ.. താനെത്ര ഭാഗ്യവതിയാണ്!!

സ്വപ്നം കാണാത്തൊരു ജീവിതമാണ് പടിവാതിലിൽ വന്നു കാത്തു നിൽക്കുന്നത്… മോൾക്ക് മരുന്നും ഭക്ഷണവും കൊടുത്തു പാട്ടു പാടിയുറക്കുമ്പോൾ ഇതുവരെ തോന്നിയിട്ടില്ലാത്ത മാതൃ വാത്സല്യം ഹൃദയത്തിൽ നിറയുന്നതായി തോന്നി… ഒരുപാട് സ്വപ്നങ്ങളുടെ കരവലയത്തിൽ സ്വയം അകപ്പെട്ടു പോവുന്നത് പോലെ… ഓർത്തോർത്തു ഉറങ്ങിപ്പോയതെപ്പോഴാണ്?? °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

രാവിലെ ചായയുമായി തെന്നൽ വന്നപ്പോൾ നിവിൻ അത്ഭുതപ്പെട്ടു… “ഇതെന്താടോ പതിവില്ലാതെ ??” “എന്താ ഞാൻ ചായ കൊണ്ട് വന്നാൽ ഇച്ചായൻ കുടിക്കില്ലേ??” “എന്ന് ഞാൻ പറഞ്ഞില്ലല്ലോ… ഇത് പതിവില്ലാത്തോണ്ടു ചോദിച്ചെന്നു മാത്രം…” “എന്നാൽ ഇനി മുതൽ അങ്ങോട്ട് ഇത് പതിവാക്കാം…” തെന്നൽ കണ്ണിറുക്കി… “എത്ര കാലം??” “ഈ ചായ കുടിയ്ക്കാനുള്ള ആരോഗ്യം ഇയാൾക്ക് നഷ്ടപ്പെടുന്നത് വരെ…” “ശരിയ്ക്കും??” തെന്നൽ ചിരിച്ചു…

അവളുടെ ചിരി കാണാൻ ഒരു പ്രത്യേക ഭംഗിയാണ്!! നേഹ മോൾ ഓടി വന്നു കയ്യിൽ പിടിച്ചു വലിച്ചപ്പോൾ അവൾ മോൾടെ കൂടെ പോയി… നിവിന് വല്ലാത്ത സംതൃപ്തി തോന്നി… തെന്നൽ!! അവളുടെ ഹൃദയം സ്വന്തമാക്കാൻ കഴിഞ്ഞിരിയ്ക്കുന്നു… സന്തോഷംകൊണ്ട് ഉറക്കെ ആർപ്പു വിളിയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ!! പൊടുന്നനെ അവളുടെ അമ്മയുടെ മുഖം മനസ്സിലേക്കോടിയെത്തി!! പതഞ്ഞു പൊങ്ങിയ സന്തോഷം നിമിഷ നേരംകൊണ്ടു കെട്ടടങ്ങി!!

Camino Winds by John Grisham Vijyant at Kargil pdf Vijyant at Kargil – The Biography of a War Hero കുമ്പസാരക്കൂട്ടിൽ നിന്ന് കരഞ്ഞതാണ് ഒരുപാട്!! ചെയ്തുപോയ തെറ്റ് കർത്താവിനു മുൻപിൽ ഏറ്റു പറഞ്ഞു കഴിഞ്ഞതാണ്… കണ്ണീരിനാൽ കഴുകിക്കളയാൻ കഴിയാത്ത പാപക്കറയുണ്ടോ?? എന്നിരുന്നാലും അമ്മച്ചി കൂടി എല്ലാം അറിയണം!! എല്ലാരുടെയും നന്മയ്ക്ക് വേണ്ടിയാണെങ്കിലും തെറ്റ് തെറ്റാണ്!! തെന്നലിന്റെ ജീവൻ പിടിച്ചു നിർത്തിയത് എത്ര നാളത്തേയ്ക്കാണെന്നു പോലുമറിയില്ല!!

എല്ലാമറിയുമ്പോൾ എന്റെ സ്നേഹത്തെ മനസ്സിലാക്കി മാപ്പു തരാൻ അവൾക്ക് കഴിഞ്ഞാൽ മതിയെന്ന പ്രാർത്ഥന മാത്രമേ ഉള്ളൂ.. ഒറ്റയ്ക്ക് ഉള്ളിലൊതുക്കാൻ വയ്യ ഇനിയും… വൈകുന്നേരം അമ്മച്ചിയോടൊപ്പം പള്ളിയിൽ പോയി തിരിച്ചു വരുമ്പോൾ നിവിൻ അസ്വസ്ഥനായിരുന്നു… കടൽക്കരയിൽ വണ്ടി നിർത്തി ആർത്തിരമ്പുന്ന തിരകളെ വെറുതെ നോക്കിയിരിയ്ക്കുമ്പോൾ ശബ്ദം പോലും തൊണ്ടക്കുഴി വിട്ടകന്നെന്നു തോന്നി!! “മോനെന്തോ അമ്മച്ചിയോട് പറയാനുണ്ടല്ലോ… എന്നതാടാ മോനെ?? ”

“അത് ഞാൻ പറഞ്ഞാൽ അമ്മച്ചിയെന്നെ വെറുക്കില്ലെന്നു വാക്കു തരണം…” നിവിന്റെ ശബ്ദത്തിൽ പതിവില്ലാത്ത ഇടർച്ച സ്ഥാനം പിടിച്ചു… “എന്നതാടാ നിവിച്ചാ?? നീ കാര്യം പറ…” “തെന്നലിന്റെ അമ്മ ബാംഗ്ലൂരിൽ ചികിത്സയിലൊന്നും അല്ലമ്മച്ചി… ഞാൻ കള്ളം പറഞ്ഞതാ…” “പിന്നെ??” അവരുടെ കണ്ണുകളിൽ ആശങ്ക നിറഞ്ഞു… “അത്… അവര് … അവര് മരിച്ചു പോയി അമ്മച്ചി…” നിവിൻ വിക്കി വിക്കി പറഞ്ഞു…

“കർത്താവേ… എന്നതാ ഞാനീ കേൾക്കുന്നെ??” “സത്യമാ അമ്മച്ചി… ഇത്രേം നാളും ഞാനവളോട് എല്ലാം മറച്ചു വച്ചതാ… ഇപ്പൊ ഒരു മാസം കഴിഞ്ഞു…” നിനച്ചിരിയ്ക്കാതെ അമ്മച്ചിയുടെ കൈകൾ ശക്തിയായി കവിളിൽ പതിഞ്ഞപ്പോൾ നിവിന്റെ ചുവടുകൾ പതറി…..കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story