തെന്നൽ: ഭാഗം 8

thennal mukilin thoolika

രചന: മുകിലിൻ തൂലിക

 “അയ്യോ… അങ്ങോട്ടൊക്കെ മോൾക്ക് കേറാൻ പറ്റുവോ??” “മോളെ കൂട്ടണ്ട… നമ്മള് മാത്രേ പോവുന്നുള്ളു… നാളെ സൺഡേ അല്ലെ… അമ്മച്ചിയും മോളും അപ്പച്ചനും പള്ളിയിൽ പോവും… അപ്പൊ നമുക്ക് പോവാം..” “അപ്പൊ ഇച്ചായൻ പള്ളീൽ പോണില്ല??” “ഇല്ല.. അതോണ്ടല്ല്യോ നമുക്ക് പോവാം ന്ന് പറഞ്ഞെ??” “എന്തുപറ്റി??എന്തെങ്കിലും പ്രശ്നമുണ്ടോ??” “എല്ലാം നാളെ പറയാടോ… കുറച്ചു കൂടെ ക്ഷമിയ്ക്ക്…” “ഓക്കേ… എന്നാൽ നാളെ കാണാം…”

ഗുഡ് നൈറ്റ് പറഞ്ഞു തിരിച്ചു നടക്കുമ്പോൾ അവൾ താടിയിൽ വിരൽ വച്ച് ആലോചനയിൽ മുഴുകി.. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നെങ്ങനെയോ നേരം വെളുപ്പിച്ചു!! പിറ്റേന്ന് രാവിലെ പറഞ്ഞുറപ്പിച്ച പോലെ യാത്ര തിരിയ്ക്കുമ്പോൾ എല്ലാം തെന്നലിനോട് തുറന്നു പറയാൻ ഞാൻ നിശ്ചയിച്ചിരുന്നു… വഴിയിലുടനീളം അവളേതൊക്കെയോ പാട്ടിന്റെ വരികൾ മൂളിക്കൊണ്ടിരുന്നു.. എത്തിയ ഉടനെ അവൾ ചാടിയിറങ്ങി അവിടുത്തെ കാഴ്ചകളിലേക്ക് കണ്ണ് മിഴിച്ചു!! എനിയ്ക്ക് ചിരി വന്നു!!

“ഇതാണ് നെല്ലിമല… ഇതിന്റെ ഏറ്റവും മുകളിൽ നിന്ന് താഴോട്ട് നോക്കണം… സൂപ്പറാ…” “ആണോ?? എന്നാൽ വേഗം കേറാം ലെ??” എന്നെക്കാൾ മുൻപിൽ അവൾ ഉത്സാഹത്തോടെ മലകയറ്റം ആരംഭിച്ചു… അല്ലെങ്കിലും പ്രകൃതി സൗന്ദര്യങ്ങളോട് അവൾക്കെന്നും വല്ലാത്ത കൗതുകമായിരുന്നു… എങ്ങനെ തുടക്കമിടണം എന്നറിയാതെ ഞാൻ കുഴങ്ങി… “ഞങ്ങളുടെ തറവാട് വീടിനടുത്തു ഇതുപോലെ ഒരു മലയുണ്ടായിരുന്നു ട്ടോ…

ഞാൻ കുഞ്ഞായിരുന്നപ്പോൾ അമ്മ എന്നെയും കൂട്ടി ഇതുപോലെ മല കയറും… ഏറ്റവും മുകളിൽ ചെന്ന് വിറകും തേങ്ങയും ഒക്കെ പെറുക്കും… എനിയ്ക്ക് കൊറേ പേരക്കയും ചാമ്പക്കയുമൊക്കെ പറിച്ചു തരുമായിരുന്നു അമ്മ… എന്ത് രസമായിരുന്നു അന്നൊക്കെ!!” തെന്നൽ ഓർമകളുടെ കെട്ടഴിച്ചു!! അമ്മയെക്കുറിച്ചു സംസാരിയ്ക്കാൻ തുടങ്ങിയാൽ അവളങ്ങിനെയാണ്… മണിക്കൂറുകൾ പോലും തികയില്ല ചിലപ്പോൾ… “

പിന്നീട് തറവാട് ഭാഗം വച്ചപ്പോൾ അത് ചെറിയച്ഛനു കിട്ടി… ചെറിയമ്മയ്ക്ക് എന്നോടും അമ്മയോടും നല്ല സ്നേഹമായതിനാൽ അധികം വൈകാതെ അവിടുന്ന് ഇറങ്ങേണ്ടി വന്നു…” തെന്നൽ കുപ്പിവള കിലുങ്ങും പോലെ ചിരിച്ചു!! “മല കയറുമ്പോഴും ഇറങ്ങുമ്പോഴും അമ്മയെന്റെ കയ്യിൽ മുറുകെ പിടിയ്ക്കും… അമ്മയുടെ കൈ ഉണ്ടെങ്കിൽ എനിയ്ക്ക് നല്ല ധൈര്യാ… എവിടെ ആണെങ്കിലും ഏത് ഇരുട്ടത്താണെങ്കിലും ആ പിടുത്തം ഒരു ആത്മവിശ്വാസമായിരുന്നു!!”

വലിയൊരു ചുള്ളിക്കമ്പു കയ്യിലെടുത്തു അവൾ ചുറ്റുമുള്ള ചെടികളെ ആട്ടിൻ കൂട്ടങ്ങളെപ്പോലെ തെളിച്ചുകൊണ്ടു നടന്നു… “ഇച്ചായനെന്താ ഒന്നും മിണ്ടാത്തെ??” “അതിനു മിണ്ടാൻ നീ അവസരം തന്നാലല്ലേ?? ശ്വാസം വിടാൻ കൂടി സ്കോപ്പില്ലാതെ അല്ലെ സംസാരം…” തെന്നൽ ഉറക്കെ ചിരിച്ചു… “എന്നാൽ ഇനി ഞാൻ മിണ്ടുന്നില്ല… ഇച്ചായൻ പറഞ്ഞോ…” “എനിയ്ക്കും അമ്മയെക്കുറിച്ചാ പറയാനുള്ളത്…” “അമ്മയെക്കുറിച്ചോ??” അവളുടെ കണ്ണുകളിലെ പ്രതീക്ഷയുടെ തിളക്കം എന്നെ വീണ്ടും തളർത്തി!!

“ആഹ്… അതെ..” “അമ്മയെന്നെ അന്വേഷിച്ചിരുന്നോ?? ഇച്ചായാനെന്നാ എന്നെ അമ്മയുടെ അടുത്ത് കൊണ്ട് പോവുന്നെ??” അവളുടെ ചോദ്യം എന്റെ ആത്മധൈര്യത്തെ തച്ചുടച്ചു!! “അമ്മയെ കാണാൻ കൊതിയാവാ..” എന്റെ ശബ്ദം വറ്റി വരണ്ടു!! “അമ്മയെന്നെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടാവും…” വീണ്ടും വീണ്ടും അവൾ വാക്കുകൾ കൊണ്ടെന്റെ ഹൃദയത്തെ വലിച്ചു കീറി!! മലയുടെ ഏതെങ്കിലുമൊരു കോണിൽ നിന്നും താഴേയ്ക്ക് ചാടിയാലെന്തെന്നു ചിന്തിച്ചു പോയി..

തെന്നലിനെ കണ്ടു മുട്ടിയില്ലായിരുന്നെങ്കിൽ!! “എന്താ അമ്മയെക്കുറിച്ചു പറയാനുണ്ടെന്ന് പറഞ്ഞത്? വേഗം പറ…” തെന്നലിന്റെ ക്ഷമ നശിച്ചു.. കരുതി വച്ച വാക്കുകൾ എന്റെ തൊണ്ടക്കുഴിയിൽ തടഞ്ഞു!! അപ്രിയമായ സത്യം പറയരുത്!! ഉള്ളിലിരുന്നാരോ കേണു !! “അത്… അത് പിന്നെ…” തെന്നൽ കൗതുകത്തോടെ കാതോർത്തു… “ഡോക്റ്റർ വിളിച്ചിരുന്നു… തെന്നലിന്റെ അമ്മയ്ക്ക് ഭയങ്കര ടെൻഷൻ ആണെന്ന്..” “ടെൻഷനോ എന്തിന്??”

അവളുടെ സന്തോഷം നിമിഷ നേരംകൊണ്ടു കൂടു വിട്ടകന്നു!! “മോളെ ആലോചിച്ചാണത്രെ!! ” “എന്നെ ആലോചിച്ചോ??” വീണ്ടും വീണ്ടും കള്ളങ്ങൾ മാത്രം പറയേണ്ടി വരുന്ന ഭീകരമായ അവസ്ഥ!! “അതെ… അമ്മയ്‌ക്കെന്തെങ്കിലും സംഭവിച്ചാൽ നിനക്കാരുമില്ലെന്നുള്ള തോന്നൽ!! ഈ അവസ്ഥയിൽ മുൻപോട്ടു പോയാൽ മരുന്നുകൊണ്ടു കാര്യമുണ്ടാവില്ലെന്നാ കേട്ടത്…” “അയ്യോ… അപ്പൊ എന്താ ചെയ്യാ??” തെന്നൽ കരച്ചിലിന്റെ വക്കിലെത്തി!!

“ഞാൻ നോക്കീട്ട് ഒരൊറ്റ വഴി മാത്രമേ തെളിയുന്നുള്ളൂ… എത്രയും പെട്ടെന്ന് നമ്മുടെ കല്യാണം നടത്തുക!!” തെന്നൽ അമ്പരന്നു!! “ഈ അവസ്ഥയിലോ?? ആളുകളെന്തു പറയും??” “വിവാഹമായിട്ട് വേണ്ട… പള്ളിയിൽ വച്ച് ചെറിയൊരു മിന്നുകെട്ട്.. അത് കഴിഞ്ഞു നമുക്കൊന്നിച്ചു അമ്മയെക്കാണാൻ പോകാം… അതോടെ അമ്മയ്ക്ക് സന്തോഷാവില്ലേ??” “നമുക്ക് തിരിച്ചു വീട്ടിലേയ്ക്ക് പോവാം…” അവൾ വേഗത്തിൽ തിരിച്ചിറങ്ങി…

ഹൃദയം പറയുന്ന വേദന തോന്നി നിവിന്!! പിൻവിളി വക വയ്ക്കാതെ അവളോടി താഴോട്ടിറങ്ങി… തിരിച്ചു പോവുമ്പോൾ അവളൊരു വാക്ക് പോലും മിണ്ടിയിരുന്നില്ല!! തങ്ങൾക്കിടയിൽ പടർന്നു പന്തലിച്ച നിശ്ശബ്ദതയിൽ നിവിൻ വല്ലാതെ അസ്വസ്ഥനായി!! നാവിൻ തുമ്പിലെ ചോദ്യങ്ങളെല്ലാം വഴി തെറ്റി അകന്നു പോവുന്നത് നോക്കി നിവിൻ നിസ്സഹായനായി നിന്നു… വീടെത്തിയപ്പോൾ ഡോർ തുറന്ന് ഒരക്ഷരം മിണ്ടാതെ തെന്നൽ മുറിയിലേക്കോടിയപ്പോൾ അറിയാതെ നാവിൻ തുമ്പിൽ വന്നു പോയ വാക്കുകളെ നിവിൻ മനസ്സാൽ ശപിച്ചു!! …..കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story