തെന്നൽ: ഭാഗം 9

thennal mukilin thoolika

രചന: മുകിലിൻ തൂലിക

വാക്കുകൾ തിരിച്ചും മറിച്ചും പ്രയോഗിച്ചിട്ടും യാചിച്ചിട്ടും അവൾ കേട്ട ഭാവം പോലും നടിച്ചില്ലെന്നത് അത്യധികം വേദനാജനകമായിരുന്നു!! നിവിന് സ്വയം നഷ്ടപ്പെടുന്നത് പോലെ തോന്നി!! അബദ്ധങ്ങൾക്ക് മീതെ അബദ്ധങ്ങൾ!! മനസ്സിൽ എന്തെങ്കിലും സങ്കടം തോന്നിയാൽ ആദ്യം ഓർമ വരുന്നത് ആനിയുടെയും റിസ്വാന്റെയും മുഖമാണ്!! വണ്ടിയെടുത്തു നേരെ ചെന്നത് റിസ്വാന്റെ അരികിലേയ്ക്കാണ്… “നീയെന്തിനാ അവളോടങ്ങനെ ഒരു കാര്യം പറയാൻ പോയത്??

വേണ്ടിയിരിന്നില്ല നിവിച്ചാ..” “എനിയ്ക്കറിയില്ല റിച്ചു… എല്ലാം തുറന്നു പറയാനാ ഞാൻ തെന്നലിനെ അങ്ങോട്ട് കൂട്ടിക്കൊണ്ടു പോയത്.. പക്ഷെ!! അവൾക്കെപ്പോഴും അമ്മയുടെ ചിന്ത മാത്രേ ഉള്ളൂ.. അമ്മയ്ക്ക് ചെറിയൊരു സങ്കടം വന്നാൽ പോലും അതവൾക്ക് താങ്ങാൻ പറ്റില്ല..” “പക്ഷെ തുറന്നു പറയുന്നതായിരുന്നു നല്ലത്… ഇനിയും നീട്ടിക്കൊണ്ട് പോയാൽ അതെത്ര നാളെന്നു വച്ചിട്ടാ??” “ഓർത്തിട്ട് ഭ്രാന്ത് പിടിയ്ക്കാ എനിയ്ക്ക്!! ഞാനൊന്ന് സ്വസ്ഥമായി ഉറങ്ങിയിട്ട് എത്ര ദിവസമായെന്നറിയോ നിനക്ക്?? ”

നിവിൻ സങ്കടം കടിച്ചമർത്തി!! “എല്ലാം തുറന്നു പറയാൻ ഞാനൊരുക്കമാ… അവളെന്തു ശിക്ഷ തന്നാലും സ്വീകരിയ്ക്കാൻ ഞാൻ തയ്യാറാണ്!! എന്തൊക്കെ സംഭവിച്ചാലും എന്നെ ഉപേക്ഷിച്ചു പോകാതിരുന്നാൽ മാത്രം മതിയായിരുന്നു!!” നിവിന്റെ കണ്ണുകൾ പാതി നിറഞ്ഞിരുന്നു.. “അങ്ങനെ ശിക്ഷിയ്ക്കാൻ മാത്രമുള്ള തെറ്റൊന്നും നീ ചെയ്തിട്ടില്ല… അവളുടെ അമ്മയുടെ മരണം അറിയിച്ചില്ല.. അതവളുടെ ജീവൻ രക്ഷിയ്ക്കാൻ വേണ്ടി മാത്രമായിരുന്നു..

നീയവളെ ചതിച്ചിട്ടൊന്നുമില്ല!! പകരം രക്ഷിയ്ക്കുകയാണ് ചെയ്തത്!! സംഭവിച്ചു പോയ ചെറിയൊരു ബുദ്ധിമോശത്തിന്റെ പേരിൽ ഇങ്ങനെ സ്വയം ഇല്ലാതാവാൻ ഞാൻ നിന്നെ അനുവദിക്കില്ല.. പറ… വാട്ട് നെക്സ്റ്റ്??” നിവിൻ കണക്കു കൂട്ടിയ തീരുമാനങ്ങളിൽ ചിന്തയുടെ വേരിറക്കി… “ഈ മാസം തന്നെ ഞങ്ങളുടെ മിന്നുകെട്ട് നടത്തണം… വീട്ടുകാർ മാത്രമുള്ള ചെറിയൊരു ചടങ്ങ്… പിരിയാൻ പറ്റാത്ത വിധം ഞങ്ങളൊന്നായിക്കഴിഞ്ഞാൽ പിന്നെ തെന്നലിന് എന്നെ വിട്ടു പോകാൻ കഴിയില്ല!!

ഞാനിപ്പോൾ അവളോടെല്ലാം തുറന്നു പറയുന്നതും കല്യാണം കഴിഞ്ഞു ഒരു മാസം കഴിഞ്ഞു തുറന്നു പറയുന്നതും തമ്മിൽ വ്യത്യാസമുണ്ടാവും.. ശരിയല്ലേ??” “പക്ഷെ അവള് സമ്മതിയ്ക്കോ?? ” “അറിയില്ല… അവളെ നിർബന്ധിയ്ക്കാൻ കഴിയില്ല.. സമ്മതിച്ചില്ലെങ്കിൽ മറ്റെന്തെങ്കിലും വഴി കർത്താവ് കാണിച്ചു തരുമായിരിയ്ക്കും…” കാര്യങ്ങൾ കൈ വിട്ടു പോയാൽ നിവിന്റെ സമനില നഷ്ട്ടപ്പെട്ടേക്കാം!! റിച്ചുവിന് ഭയം തോന്നി!!

വീട്ടിലെത്തിയപ്പോഴേക്കും പള്ളിയിൽ നിന്നും എല്ലാരും തിരിച്ചെത്തിയിരുന്നു… അമ്മച്ചിയോട് കാര്യങ്ങൾ സംസാരിച്ചു.. ഒറ്റ വാക്കിൽ അമ്മച്ചി മറുപടിയൊതുക്കി!! “നിനക്ക് ശരിയെന്നു തോന്നുന്നത് ചെയ്യൂ…” ഒരു നോട്ടം പോലും നിഷേധിച്ചുകൊണ്ട് ഒരാഴ്ചയോളം അവളെന്തിനാണ് സ്വയം മറഞ്ഞൊതുങ്ങി നടന്നതെന്ന് എത്രയാലോചിച്ചിട്ടും നിവിന് മനസ്സിലായതേയില്ല!! അത്ര വലിയ തെറ്റായിരുന്നോ അവളോട് പറഞ്ഞു പോയത്??

നിവിൻ ഓരോന്നോർത്തു ബെഡ്ഡിൽ ചായ്ഞ്ഞു… “ഇച്ചായാ…” തെന്നൽ!! നിവിന് വിശ്വസിയ്ക്കാൻ കഴിഞ്ഞില്ല.. “എനിയ്ക്ക് സമ്മതാ…” “എന്താ??” “മാരേജ് റെജിസ്ട്രേഷനുള്ള ആപ്ലിക്കേഷൻ കൊടുത്തോളൂ…” കാതുകളെ വിശ്വസിയ്ക്കാമോ?? “നീ ശരിയ്ക്കും ആലോചിച്ചോ??” “മമ്… മിന്നുകെട്ടിന് ഞാൻ തയ്യാറാണ്… അമ്മച്ചിയോടും അപ്പച്ചനോടും ഇച്ചായൻ തന്നെ പറഞ്ഞോളൂ…”

ചെറിയൊരു പുഞ്ചിരിയോടെ തെന്നൽ മുറി വിട്ടു പോയപ്പോൾ നിവിൻ ശരിയ്ക്കും ആശ്ചര്യപ്പെട്ടു!! പെണ്ണിന്റെ മനസ്സ് തുറക്കപ്പെടാത്ത പുസ്തകമാണെന്നു പണ്ടാരോ പറഞ്ഞത് ഓർമയിൽ വന്നു!! ദൈവം തുണച്ചു!! റെജിസ്ട്രർ ഓഫീസിൽ ആപ്ലിക്കേഷൻ കൊടുത്താൽ ഒരു മാസം കഴിഞ്ഞാൽ വിവാഹം രെജിസ്റ്റർ ചെയ്യാം… തന്റെ ആഗ്രഹങ്ങളെല്ലാം സാഫല്യം കൊണ്ടിരിയ്ക്കുന്നു!! മനസ്സിലെ വേദനകളെ നിർബന്ധിച്ചൊതുക്കി എല്ലാവരും വിവാഹത്തെ വരവേൽക്കാനായി പാകപ്പെട്ടത് എത്ര പെട്ടെന്നാണ്!!

നേഹ മോൾക്കായിരുന്നു ഏറ്റവും സന്തോഷം!! തെന്നലിന്റെ അമ്മ മരണപ്പെട്ടിരുന്നില്ലെങ്കിൽ!! ഇത്രയും കാലം താനവളോട് പറഞ്ഞതെല്ലാം സത്യമായിരുന്നെങ്കിൽ!! നിവിൻ ആത്മാർത്ഥമായി കൊതിച്ചു പോയി!! എല്ലാ സന്തോഷങ്ങളും ഒറ്റയ്ക്കനുഭവിയ്ക്കാൻ ദൈവം ആരെയും സമ്മതിയ്ക്കില്ല!! എല്ലാ സുഖങ്ങൾക്കുമിടയിൽ ഇടയ്ക്കിടെ വെന്തു നീറാൻ എന്തെങ്കിലുമൊന്ന് നീക്കി വയ്ക്കപ്പെടും!! മനുഷ്യ ജന്മങ്ങളുടെ വിധിയാണത്!! നിവിൻ സ്വയം സമാധാനിയ്ക്കാൻ ശ്രമിച്ചു…

വിവാഹ ദിനം അടുത്ത് വരും തോറും നിവിൻ കൂടുതൽ ആനന്ദിച്ചു!! എല്ലാ അർത്ഥത്തിലും എന്റെ ഭാര്യയായിക്കഴിഞ്ഞാൽ പിന്നീടൊരിയ്ക്കലും അവൾക്കകന്നു പോകാൻ കഴിയില്ല!! “നമുക്കെത്ര കുട്ടികളുണ്ടായാലും നേഹ മോളായിരിയ്ക്കും നമ്മുടെ ആദ്യത്തെ മകൾ…” ആത്മാർത്ഥതയോടെ അവളിടയ്ക്കിടെ പറയുന്ന വാക്കുകൾ!! സ്നേഹത്താൽ പൊതിഞ്ഞ ഇത്തിരിപ്പൊന്ന് അവളുടെ കഴുത്തിൽ ചർത്തുമ്പോൾ ഹൃദയത്തിന്റെ ഓരോ പരമാണു കൊണ്ടും കർത്താവിന്റെ തിരു സന്നിധിയിൽ കേണു പ്രാർഥിച്ചത് ഒന്ന് മാത്രമായിരുന്നു!!

ഇത്രയും കാലം ഉള്ളിലെരിഞ്ഞു കത്തിയ നേരിപ്പൊടിലെ കനൽച്ചൂട് അവളിലേക്ക് കൂടി പകർന്നു നൽകുമ്പോൾ എന്നോട് പൊറുക്കാനുള്ള ഒരിത്തിരി കരുണ ആ മനസ്സിലുണ്ടാവണേ എന്ന്!! എന്നും ഞാനവളെ സ്നേഹിച്ചിട്ടേയുള്ളൂ!! അവളെ മാത്രം!! കണ്ണുകളടച്ചു അവളും പ്രാർത്ഥനയിൽ മുഴുകിയിരുന്നു!! കെട്ടു കഴിഞ്ഞിറങ്ങുമ്പോഴും അവളുടെ ഇടതു കൈവിരലുകൾ നേഹ മോളുടെ കൈത്തടം മുറുകെ പിടിച്ചിരുന്നു!!

അപ്പച്ചന്റെ കണ്ണുകളിൽ കണ്ട സംതൃപ്തിയുടെയും സമാധാനത്തിന്റെയും ആനന്ദത്തിളക്കം പക്ഷെ അമ്മച്ചിയെ തെല്ലും സ്പർശിച്ചതെയില്ല…. ഭയത്തിന്റെ നിഴൽ മേഘങ്ങളിലെങ്ങോ അമ്മച്ചി വീർപ്പുമുട്ടുകയായിരുന്നോ?? തെന്നലിന്റെ മുഖത്തെ സന്തോഷം നിവിന് ആത്മ സംതൃപ്തി നൽകി… സ്വർണ നിറത്തിലുള്ള വിവാഹ വസ്ത്രം ഉദയ സൂര്യന്റെ വർണത്തിളക്കം അവളിൽ സ്വരൂപിച്ചു!! നിവിൻ സ്വയം മറന്നു നിന്ന് പോയി!!

ആത്മാർത്ഥമായി സ്നേഹിച്ച പെൺകുട്ടിയെ സ്വന്തമാക്കിയ ഭാഗ്യം ചെയ്ത ചുരുക്കം ചിലരിൽ ഒരാൾ!! നിവിന് ഒരേസമയം സന്തോഷവും സഹതാപവും തോന്നി!! നുണകൾ മാത്രം കൂട്ടിപ്പിണച്ചുണ്ടാക്കിയ തൂക്കുപാലത്തിലൂടെ സ്നേഹിച്ച പെൺകുട്ടിയ സ്വന്തമാക്കിയ കാപട്യക്കാരന്റെ കഥ!! അവസരം ചാർത്തിതന്ന മുഖ മുദ്ര!! വഞ്ചകൻ!! ഒന്നുറക്കെ ചിരിച്ചാലെന്ത്?? വേണ്ട!! ചിരിയുടെ ഒടുക്കം അതൊരു കരച്ചിലായി മാറും!! ഒത്തിരി ശ്രമിച്ചാലും കരകയാറാനാവാതെ ആ കണ്ണീർ കടലിൽ താൻ മുങ്ങി മരിയ്ക്കും!!

ദാരുണമായ അന്ത്യം!! “ഇച്ചായാ…” നിവിൻ ചിന്തയിൽ നിന്നും ഞെട്ടിയുണർന്നു… ഇച്ചായനിതേതു ലോകത്താ?? മനക്കോട്ട കെട്ടിക്കഴിഞ്ഞില്ലേ ഇതുവരെ?? തെന്നൽ ചിരിച്ചുകൊണ്ട് വാതിലിന്റെ ബോൾട്ടിട്ടു.. “കാത്തിരുന്നു മുഷിഞ്ഞോ?? ബന്ധുക്കളോടൊക്കെ സംസാരിച്ചു നിന്ന് പോയി.. അതാ വൈകിയത്…” കയ്യിൽ മുറുകെ പിടിച്ച പാൽ ഗ്ലാസ് അവളെനിയ്ക്ക് നേരെ നീട്ടി… “മണവാട്ടിമാർക്ക് അല്പം നാണമൊക്കെ ആവാം..”

നിവിന്റെ സംസാരം കേട്ട് തെന്നൽ ചിരിച്ചു… “ഞാനൊരു കാര്യം ചോദിയ്ക്കട്ടെ??” അവളെന്റെ തൊട്ടരികിൽ വന്നു ചേർന്നിരുന്നു… മുൻപൊരിയ്ക്കലും തോന്നിയിട്ടില്ലാത്തൊരനുഭൂതി അവളുടെ സാമീപ്യമെനിയ്ക്ക് പകർന്നു നൽകി!! “ചോദിയ്ക്ക്…” വല്ലാത്തൊരു വശ്യതയോടെ അവളെന്റെ കണ്ണുകളിലേക്ക് ദൃഷ്ടിയിറക്കിയപ്പോൾ മനസ്സ് കൈ വിട്ടു പോവുന്നത് പോലെ തോന്നി… മുൻപെങ്ങും കണ്ടിട്ടില്ലാത്ത പേരറിയാത്ത ഭാവം അവളുടെ കണ്ണുകളിൽ തെളിഞ്ഞു വന്നു…

വിറയാർന്ന ചുണ്ടുകൾ അവളെന്റെ ചെവിയ്ക്ക് നേരെയടുപ്പിച്ചു… “ഇത്രയും വലിയൊരു കള്ളം മറച്ചു പിടിയ്ക്കാൻ ഇച്ചായൻ ആ ഡോക്ടർക്ക് എത്ര പണം കൊടുത്തു??” നിവിൻ ഞെട്ടിമാറി!! പാതി കുടിച്ച പാൽ ഗ്ലാസ്സ് അയാളുടെ കയ്യിൽ നിന്നും വഴുതി വീണു… വിയർത്തൊഴുകുന്ന നിവിനെ നോക്കി തെന്നൽ ആർത്തു ചിരിച്ചു!! “അഭിനയം നിങ്ങൾക്ക് മാത്രമേ വഴങ്ങൂ എന്ന് ധരിച്ചു പോയോ?? തെന്നലിന്റെ ചിരിയുടെ അലകൾ നിവിന്റെ ഹൃദയത്തിൽ ആഞ്ഞു തറച്ചു!! സമയം കൊഴിഞ്ഞു പോകെ പൈശാചികമായ ഭാവം അവളിൽ തെളിഞ്ഞു വന്നുകൊണ്ടിരുന്നു!!…..കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story