ആത്മരാഗം💖 : ഭാഗം 64

athmaragam thanseeh

രചന: തൻസീഹ് വയനാട്

തങ്ങളെ ഉറ്റു നോക്കുന്നവരെ കണ്ട് അനി പകച്ചു നിന്നു.... പുച്ഛത്തോടെയുള്ള പലരുടെയും അടക്കം പറച്ചിൽ അവൾക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു.... അനിൽ സാറിന്റെ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം ഇല്ലാതെ അവൾ തല താഴ്ത്തി.. ഇനി തന്നെ അമിതിനൊപ്പം കാണരുതെന്ന് പറഞ്ഞ് ശാസിച്ചതോർത്ത് അവളുടെ ഉള്ളം വിങ്ങി.. തന്നെ സ്നേഹിച്ച കോളേജിലെ ഓരോരുത്തരും ഇനി തന്നെ ഈ കാരണത്താൽ വെറുക്കുമോ എന്ന ഭയം അവളിൽ ഉടലെടുത്തു.... "ആഹാ.. അപ്പോൾ ഇതായിരുന്നു അല്ലേ മക്കളുടെ പരിപാടി... ജോറായിട്ടുണ്ടല്ലോ... എല്ലാവരും തിരക്കിൽ പെടുന്ന ഈ ദിവസം തന്നെ ചെയർമാനും ചെയർ പേഴ്‌സണും തിരഞ്ഞെടുത്തല്ലോ.... കോളേജിന് ഇത്ര നാണക്കേട് ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല.. " പിറകെ നിന്ന് എല്ലാവരും കേൾക്കെ അരുൺ വിളിച്ചു പറഞ്ഞതും അനി കൂടുതൽ തളർന്നു..

അവന്റെ വാക്കിനെ സപ്പോർട്ട് ചെയ്യുന്ന മുഖഭാവമായിരുന്നു അവിടെ ഉള്ളവർക്കെല്ലാം... തന്റെ ഭാഗത്ത്‌ തെറ്റൊന്നും ഇല്ലെന്ന അർത്ഥത്തിൽ നിസ്സഹായതയോടെ അവൾ മെല്ലെ തല ഉയർത്തി അനിൽ സാറിനെ നോക്കി.. ആ സമയം സാറിന്റെ മുഖത്തെ ഭാവം അവളിലെ പേടി അല്പം നീക്കി... ഒന്നുമില്ലെന്ന് കണ്ണടച്ച് തുറന്ന് ആശ്വസിപ്പിക്കുകയായിരുന്നു അനിൽ സാർ.. സാർ തന്നെ മനസ്സിലാക്കിയല്ലോ എന്ന സന്തോഷം അവളിൽ വിടർന്നതും ആ നിമിഷം തന്നെ അവളുടെ നെഞ്ചിൽ ഒരു കാളൽ അനുഭവപ്പെട്ടു... ചുറ്റും നോക്കി സാറിനെ ഒന്നൂടെ നോക്കിയതും ആര്യ അറിഞ്ഞിട്ടില്ലെന്ന് മനസ്സിലാക്കും വിധം അനിൽ സാർ തലയാട്ടി... അത് കേട്ടതും അനിക്ക് പൂർണ ആശ്വാസം കൈ വന്നു....... അരുണിന്റെ കുത്ത് വാക്കിലും കളിയാക്കലിലും സ്വയം ദേഷ്യം നിയന്ത്രിച്ച് അമിത് മുഷ്ടി ചുരുട്ടി പിടിച്ചു.... വാക്കുകൾ അതിര് കടക്കാൻ തുടങ്ങിയതും അവനിൽ ദേഷ്യം ആളിക്കത്തി....

മുന്നോട്ട് നീങ്ങി അവനെ പെരുമാറാൻ നിന്നതും പ്രിൻസി ഇരുവരെയും നോക്കി മുന്നോട്ട് നീങ്ങി.... "അമിത്.... അനിരുദ്രാ...ബോത്ത് ഓഫ് യു,,,,കം ടു മൈ ഓഫിസ്,,,,റൈറ്റ് നൗ..... " ഗൗരവത്തിൽ പറഞ്ഞ് പിരിഞ്ഞു പോയ പ്രിൻസിയെ നോക്കി തോൽക്കാൻ മനസ്സനുവദിക്കാതെ അമിത് അനിയുടെ കയ്യിൽ പിടിച്ചു... അവൾ കൈ കുടഞ്ഞ് എതിർക്കുന്നതിന് മുന്നേ അമിത് തന്റെ പിടുത്തം മുറുക്കി...... കൂടി നിൽക്കുന്നവരുടെ നടുവിലൂടെ അമിതും അനിയും നടന്ന് നീങ്ങവേ അരുണും ഗ്യാങ്ങും പലതും പറഞ്ഞ് ആർത്തു ചിരിച്ചു... കൂവി കൊണ്ട് അവരുടെ പിറകെ നടന്നു. എല്ലാം ക്ഷമിച്ച് അനിയിൽ ഉള്ള പിടുത്തം മുറുക്കി അമിത് മുന്നോട്ട് നടന്നു... പെയ്‌തു തുടങ്ങിയ മിഴികളുമായി അനി ഒന്നും കേൾക്കാൻ ആവാതെ കണ്ണടച്ച് ഒരു കൈ കൊണ്ട് കാത് പൊത്തി പിടിച്ചു.... ************ മൈൻ സ്റ്റേജിൽ ഇരുന്ന് പരിപാടി ആസ്വദിച്ചു കൊണ്ടിരുന്ന ആര്യ തന്റെ മുന്നിൽ വന്നിരുന്ന പെൺകുട്ടികൾ തന്നെ തിരിഞ്ഞു നോക്കി എന്തൊക്കെയോ അടക്കം പറയുന്നത് ശ്രദ്ധിച്ചു....ആദ്യം അവളത് വിട്ടെങ്കിലും വേറെ പലരും ചിരിക്കുന്നതും അടക്കം പറയുന്നതും അവൾ കണ്ടു എന്തോ കാര്യം ഉണ്ടായിട്ടുണ്ടെന്ന് അവളുടെ മനസ്സ് പറഞ്ഞു...

ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് അവൾ കാര്യം അന്വേഷിക്കാനായി മുന്നോട്ട് നടന്നു... രണ്ടടി വെച്ചതും എവിടുന്നൊക്കെയോ അട്ടഹാസവും പരിഹാസ ചിരികളും കൈ കൊട്ടലുകളും കൂവി വിളികളും അവളുടെ കാതിൽ പതിഞ്ഞു.. ഏതെങ്കിലും സ്റ്റേജ് പ്രോഗ്രാം നടക്കുന്നിടത്ത് നിന്നാവും എന്ന് കരുതി തിരിഞ്ഞു നടക്കാൻ നിന്നതും പെട്ടന്ന് അവളുടെ കാതിൽ ഒരു തേങ്ങൽ തുളഞ്ഞു കയറി... തനിക്കേറ്റവും പ്രിയപ്പെട്ട ആ ശബ്ദത്തിൽ വന്ന തളർച്ച അവളുടെ കാലുകളെ നിശ്ചലമാക്കി... തല മാത്രം തിരിച്ചു കൊണ്ടവൾ തിരിഞ്ഞു നോക്കി.. ആ സമയം പരിഹാസങ്ങൾക്കിടയിലൂടെ കരഞ്ഞു കൊണ്ട് തല താഴ്ത്തി വരുന്ന അനിയെ കണ്ടതും അവളുടെ കണ്ണിൽ ഇരുട്ട് കയറുന്ന പോലെ അവൾക്ക് തോന്നി... ഒപ്പമുള്ള അമിതിന്റെ കയ്യിൽ കിടന്ന് ഞെരി പിരി കൊള്ളുന്ന അനിയുടെ കയ്യിലേക്ക് നോക്കി കോപത്താൽ അവൾ മുഷ്ടി ചുരുട്ടി പിടിച്ചു.. അവന് നേരെ പാഞ്ഞടുക്കും മുൻപ് അവർ പ്രിൻസിയുടെ ഓഫീസിലേക്ക് കയറിയതും ദേഷ്യം അടക്കി പിടിച്ചവൾ മുന്നോട്ട് നടന്നു... എന്താ സംഭവിച്ചതെന്ന് അറിയാൻ അവൾ എല്ലാവരെയും നോക്കി..

അവളെ കണ്ടത് കൊണ്ട് തന്നെ കൂടി നിന്നവർ എല്ലാം പെട്ടെന്ന് തന്നെ അവിടെ നിന്ന് മാറി പോയി... "എന്നാലും ഇത് അല്പം കൂടി പോയല്ലേ.. അമിത് ഇങ്ങനെ ഒരാളാണെന് കരുതിയില്ല.. ഒരുങ്ങി കെട്ടി അവൾ വന്നപ്പോഴേ എനിക്ക് ഡൌട്ട് ഉണ്ടായിരുന്നു... എന്നാലും അമിതിനെ തന്നെ അവൾ വശീകരിച്ചെടുത്തല്ലോ... " "പിടിച്ചു പോലിസിൽ ഏൽപ്പിക്കുകയാ വേണ്ടത്.. വെറുതെ കോളേജിന് നാറ്റക്കേസ് ഉണ്ടാക്കാൻ.. " "ശെരിയാ.. സംഗതി അനാശാസ്യം അല്ലേ... ഇവൾക്കിത് തന്നെ ആണോ പണി.... വന്ന് കയറിയ മുതൽ എല്ലാ ആൺപിള്ളേരും പിറകെ ഉണ്ടല്ലോ.. ഇനി അടുത്തത് ആരെയാണാവോ അവൾ ലക്ഷ്യമിട്ടിരിക്കുന്നത്... " അടുത്ത് നിൽക്കുന്ന ആര്യയെ ശ്രദ്ധിക്കാതെ ഒരുത്തി പറഞ്ഞതും ആര്യ കോപത്തോടെ അവളെ നോക്കി... ആര്യയെ കണ്ടതും ഭീതിയോടെ അവർ എങ്ങോട്ടെന്നില്ലാതെ ഓടി പോയി... അവരുടെ എല്ലാം സംസാരം കേട്ട് ആര്യക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.. അനിയെ തരം താഴ്ത്താൻ അമിത് കളിച്ച നാടകം തന്നെയാണ് ഇതെന്ന് അവൾ ഉറച്ചു വിശ്വസിച്ചു.. അനിയുടെ കരഞ്ഞു കലങ്ങിയ മിഴികൾ കണ്ണിൽ തെളിഞ്ഞതും അമിതിനെ കൊല്ലാനുള്ള ദേഷ്യം അവളിൽ ജനിച്ചു..... ഓഫിസിലേക്ക് കയറി പോയ അവരുടെ പിറകെ പോവാതെ ആര്യ മനസ്സിൽ ദേഷ്യം ആളിക്കത്തിച്ച് അക്ഷിതിനെ ലക്ഷ്യം വെച്ച് നടന്നു.... *************

ഓഫിസിൽ എത്തിയതിനു ശേഷം ആണ് അമിത് അനിയുടെ കൈ മോചിപ്പിച്ചത്.. അവളാകെ തളർന്നിരുന്നു.. ഒരു ധൈര്യത്തിനെന്ന പോലെ അനിൽ സാർ അവളുടെ തൊട്ടടുത്ത് നിന്നു.. "അമിത്... എന്തൊക്കെയാണിത്.. എന്ത് എക്സ്പ്ലനേഷൻ ആണ് നിനക്കിനി ബോധിപ്പിക്കാൻ ഉള്ളത്... ഈ കോളേജിന്റെ ചെയർമാൻ ആണ് നീയെന്ന കാര്യം പലപ്പോഴും നീ വിസ്മരിക്കുന്നു... നീ തന്നെ കോളേജിന് മാനക്കേട് ഉണ്ടാക്കുന്ന കാര്യങ്ങൾ ചെയ്താലോ.... " "മേം.. പ്ലീസ്.. അങ്ങനെ ഒന്നും ഇല്ലാ..ഞാൻ.... " "സ്റ്റോപ്പ്‌ ഇറ്റ്... ഇനി ഒന്നും പറയേണ്ട.. എല്ലാം എല്ലാവരും കണ്ണുകൾ കൊണ്ട് നേരിട്ട് കണ്ടതാണല്ലോ... ഇനി ഞാൻ എന്താ വേണ്ടത്.." "മേം.. കണ്ണുകൾ കൊണ്ട് കണ്ടതെല്ലാം ശെരിയാണെന്ന് വാശി പിടിക്കരുത്.. മേം കണ്ടതും അറിഞ്ഞതും ഒന്നുമല്ല സത്യം.. " "പിന്നെ എന്താണ് അമിത് സത്യം... എന്തിനാ നിങ്ങൾ രണ്ടു പേരും തനിച്ച് ആ റൂമിൽ പോയത്.. മനസ്സിൽ വല്ലതും ഉണ്ടെങ്കിൽ അത് കോളേജിന് പുറത്താവണം... ഇവിടെ അഴിഞ്ഞാടാൻ ഞാൻ സമ്മതിക്കില്ല" "മേം...... " പ്രിൻസിയുടെ വാക്കുകൾ അതിര് കടന്നതും അമിത് ദേഷ്യത്തോടെ അലറി...

എല്ലാം കേട്ട് അനി സാറിനോട് ചേർന്ന് നിന്ന് മൗനം പാലിച്ചു... "ഐ ആം സോറി... " പ്രിൻസിയുടെ മുന്നിൽ നിന്ന് ദേഷ്യത്തിൽ അലറിയതിന് അവൻ സോറി പറഞ്ഞു.. ദേഷ്യം നിയന്ത്രിക്കാൻ ആവാതെ പെട്ടന്ന് പുറത്തേക്ക് വന്നതാണ്.. ദേഷ്യം അടക്കി വെച്ചവൻ സമാധാനത്തോടെ കണ്ണുകൾ അടച്ചു തുറന്നു.. "മേം..... പ്ലീസ്.. ഞാൻ പറയുന്നതൊന്ന് കേൾക്കണം.. മേം ഞങ്ങളെ തെറ്റിദ്ധരിക്കരുത്... പരിപാടിക്ക് തയ്യാറെടുക്കുന്ന കുട്ടികളെ ഒരുക്കാൻ സഹായിക്കുവായിരുന്നു അനി അവിടെ...... എല്ലാം ഓക്കേ അല്ലെ എന്തെങ്കിലും പ്രശ്നം ആർക്കെങ്കിലും നേരിടുന്നുണ്ടോ എന്നറിയാനാണ് ഞാൻ അവിടേക്ക് ചെന്നത്.. എല്ലാ ക്ലാസ്സുകളിലേക്കും ഞാൻ ചെന്ന് അന്വേഷിച്ചിരുന്നു... അവിടെ എത്തിയപ്പോൾ അന്നൗൻസ്മെന്റ് വന്നതും എല്ലാവരും പോയി.. ഞങ്ങൾ മാത്രം ആയതും പെട്ടന്ന് ആരോ വാതിൽ അടക്കുകയാണ് ഉണ്ടായത്.... മേം മനസ്സിലാക്കണം..." അമിതിന്റെ വാക്കുകൾ കേട്ടതും മേം അല്പ സമയം ചിന്തിച്ച് അനിയെ നോക്കി.. അമിത് പറഞ്ഞതെല്ലാം ശെരിയാണെന്ന് അനി തലയാട്ടിയതും മേം റിലാക്സ് ആയി കൊണ്ട് തലയാട്ടി...

"ഓക്കേ... സോറി.. നിങ്ങളെ മോശമാക്കി അവർ അങ്ങനെ പറഞ്ഞപ്പോ ഞാൻ വിശ്വസിച്ചില്ല.. എന്നാൽ പെട്ടന്ന് നിങ്ങളെ അവിടെ കണ്ടപ്പോൾ സത്യം ആണെന്ന് തോന്നി പോയി... നിങ്ങൾ രണ്ടു പേരും ഇഷ്ടത്തിൽ ആണെന്ന സംസാരം ഇതിന് മുന്നേയും എന്റെ കാതിൽ എത്തിയിരുന്നു... അതെല്ലാം കോളേജിൽ സ്വാഭാവികം ആണല്ലോ പക്ഷേ ഇപ്പോൾ നിങ്ങൾ രണ്ടു പേരെയും ചേർത്ത് തെറ്റായ വിവരം ലഭിച്ചപ്പോൾ ദേഷ്യം വന്നതാണ്.. സോറി അനിരുദ്രാ... " പ്രിൻസി പറയുന്ന വാക്കുകൾ കേട്ട് അമിത് മനസ്സിൽ ഓരോന്ന് ചിന്തിച്ചു... ഒടുവിൽ പ്രിൻസിയുടെ മുന്നിൽ ചെന്ന് നിന്ന് അനിൽ സാറിന്റെ അരികിൽ നിൽക്കുന്ന അനിയെ നോക്കി... "യെസ് മേം... എനിക്ക് അനിയെ ഇഷ്ടം തന്നെയാണ്... " പെട്ടന്ന് അമിതിൽ നിന്നും ഉതിർന്ന വാക്കുകൾ കേട്ട് അനി ഞെട്ടലോടെ അമിതിനെ നോക്കി... കേട്ടത് വിശ്വസിക്കാൻ ആവാതെ അവളുടെ കാലുകൾ തളർന്ന് ബോധം മറയുന്ന പോലെ അവൾക്ക് തോന്നി.. അനിയെ നോക്കി നിന്ന അമിത്, അവൾ വീഴാൻ പോവുകയാണെന്ന് മനസ്സിലാക്കിയതും അവളെ പിടിക്കാനായി കൈകൾ നീട്ടി..

എന്നാൽ അവന് മുന്നേ അനിൽ സാറിന്റെ കൈകൾ അവൾക്ക് സുരക്ഷിതത്വം നൽകിയിരുന്നു..... അനി തളർന്നത് കണ്ടതും പ്രിൻസി കസേരയിൽ നിന്നും എഴുന്നേറ്റു.. "ആർ യു ഓക്കേ...? " പ്രിൻസിയുടെ വാക്കുകൾക്ക് അതേ എന്ന് തലയാട്ടിയതും പ്രിൻസി കസേരയിൽ ഇരുന്നു...അവൾ ഓക്കേ ആണെന്ന് ഉറപ്പായതും അമിത് പ്രിൻസിയുടെ നേരെ തിരിഞ്ഞ് അനിയെ ഇടം കണ്ണാലെ നോക്കി ചിരിച്ചു... "ഇവളെ എനിക്ക് ഇഷ്ടമാണ് മേം..പക്ഷേ.. അത് നിങ്ങളൊന്നും വിചാരിക്കുന്ന പോലെ പ്രണയം അല്ല.. എന്റെ പെങ്ങൾക്ക് തുല്യമായാണ് ഞാനവളെ കാണുന്നത്.. അവളെ മനസ്സിലാക്കാതെ തെറ്റിദ്ധാരണ മൂലം പല തവണ ഞാൻ വേദനിപ്പിച്ചിട്ടുണ്ട്.. തല്ലിയിട്ടുണ്ട്.. അതിനെല്ലാം നേരിട്ട് അവളോട് നിറഞ്ഞ മനസ്സോടെ മാപ്പ് പറയാനാണ് ഞാൻ ക്ലാസ്സിലേക്ക് പോയത്... ആ സമയത്താണ് ആരോ വാതിൽ ലോക്ക് ചെയ്തത്... ഒരാണും പെണ്ണും സംസാരിച്ചാൽ അത് പ്രണയം ആണെന്ന് പറയുന്നവരോട് എന്താ മേം ഞാൻ ബോധിപ്പിക്കേണ്ടത്... ഇവളെനിക്കെന്റെ സ്വന്തം അനിയത്തിയെ പോലെയാണ്...

എന്നെ മോശക്കാരനാക്കി പറഞ്ഞാൽ ഞാനത് സഹിക്കും.. പക്ഷേ ഇവളെ എന്തെങ്കിലും ആരെങ്കിലും പറഞ്ഞാൽ അവർക്കുള്ളത് ഞാൻ നൽകും.. " അമിതിൽ നിന്നുമുള്ള വാക്കുകൾ കേട്ട് അനിയുടെ കണ്ണുകൾ നിറഞ്ഞു.. മനസ്സ് നിറഞ്ഞു പുഞ്ചിരിച്ചു കൊണ്ടവൾ അനിൽ സാറിനെ ഇറുകെ പുണർന്നു... സാറും പുഞ്ചിരിച്ചു കൊണ്ട് അവളുടെ തലയിൽ തലോടി.. ഓഫിസ് ആണെന്നും പ്രിൻസിയും അമിതും കണ്ടു കൊണ്ട് നിൽക്കുകയാണെന്നുമുള്ള സത്യം മറന്ന് അനിൽ സാർ അവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു... ആ സമയം സാറിന്റെ കണ്ണുകൾ അവരിലേക്കായതും പ്രിൻസി തങ്ങളെ നോക്കി കണ്ണും മിഴിച്ചിരിക്കുന്നത് സാർ കണ്ടു... പ്രിൻസിയുടെ നോട്ടം കണ്ട് മുഖം തിരിച്ച് അമിതും അതിശയത്തോടെ നോക്കിയതും അനിൽ സാർ അനിയെ മാറ്റി നിർത്താൻ നോക്കി... എന്നാൽ അതിന് കൂട്ടാക്കാതെ അനി സാറിനോട് കൂടുതൽ ചേർന്ന് നിന്നു... അവളുടെ പ്രവർത്തി അനിൽ സാറിൽ പുഞ്ചിരി വിരിയിച്ചു.. കൈകൾ കൊണ്ട് അവളെ തന്നിലേക്ക് ചേർത്ത് നിർത്തി കൊണ്ട് സാർ സംശയമുനയോടെ നോക്കുന്ന അമിതിനെയും പ്രിൻസിയെയും നോക്കി...

"സംശയിക്കേണ്ട.. എന്റെ ഭാവി വധുവാണിവൾ.. ഞങ്ങളുടെ മൗന പ്രണയം വീട്ടുകാരുടെ സമ്മത പ്രകാരം കല്യാണം വരെ എത്തി നിൽക്കുന്നു.. " ചിരിയോടെ സർ പറഞ്ഞതും അത്ഭുതത്തോടെ അമിത് അനിയെ നോക്കി.. എന്തെന്നില്ലാത്ത സന്തോഷം അവന്റെ മുഖത്ത് പ്രകടമായി... സാറിൽ നിന്നും വിട്ട് നിന്ന അവളുടെ നേരെ നടന്ന് അമിത് അവളെ ചേർത്ത് നിർത്തി.... ************ തകൃതിയായി നടന്നു കൊണ്ടിരിക്കുന്ന ആർട്സ് പ്രോഗ്രാംമിനിടയിൽ സംഭവിച്ച കാര്യങ്ങൾ പലരും അറിഞ്ഞിരുന്നില്ല.. അതിനാൽ തന്നെ പരിപാടികൾക്ക് കോട്ടം തട്ടാതെ അത് മുന്നോട്ട് നീങ്ങി.. മറ്റ് കുട്ടികളിൽ നിന്ന് കാര്യം അറിഞ്ഞ ഈശ്വറും അക്ഷിതും വെപ്രാളത്തോടെ ഓഫിസിലേക്ക് നടന്നു... ആ സമയം അക്ഷിതിനെ തിരഞ്ഞു കൊണ്ടിരുന്ന ആര്യ അവരുടെ മുന്നിലേക്ക് ചാടി.... ആര്യയുടെ മുഖഭാവം കണ്ടതും ഈശ്വർ ഷോക്കടിച്ച പോലെ നിന്നു.. ഭ്രാന്ത് പിടിച്ചു വന്നിരിക്കുകയാണ് അവളെന്ന് ആ മുഖം കണ്ടപ്പോൾ തന്നെ അവന് മനസ്സിലായി. പിന്നെ ഒന്നും നോക്കാതെ അവൻ പിന്നിലേക്ക് നടന്ന് മറഞ്ഞു നിന്നു....

തന്നെ അമിത് ചേർത്ത് നിർത്തിയതും അനിയുടെ കണ്ണുകൾ നിറഞ്ഞു... "ഐആം സോറി അനീ.. വേദനിപ്പിച്ചതിന്.. ഇനി എന്റെ ഭാഗത്ത്‌ നിന്നും അങ്ങനെ ഒന്നും ഉണ്ടാവില്ല.. " അമിത് പറഞ്ഞതും പ്രിൻസി ചിരിയോടെ എഴുന്നേറ്റു നിന്നു.. "വെൽ ഡൺ അമിത്.. എന്തായാലും നിങ്ങൾ തമ്മിലെ തെറ്റിദ്ധാരണ മാറിയല്ലോ... അനീ.. പേടിക്കുകയൊന്നും വേണ്ട..കൂൾ ഡൗൺ.. അനി നല്ല ഉണർവോടെ ഓടി നടക്കുന്ന കുട്ടിയല്ലേ.. ആ അനിയെ ആണ് കോളേജിന് ആവശ്യം.. ഇങ്ങനെ കരഞ്ഞൊലിപ്പിച്ച് നിൽക്കരുത്.. കോളേജ് അല്ലേ.. ഇത് പോലെയുള്ള സംഭവങ്ങൾ സർവ്വ സാധാരണമാണ്.. അതെല്ലാം പിന്നീട് ഒരു ചിരിയോടെ നാം ഓർമിക്കും... അത് കൊണ്ട് ഇതൊന്നും കാര്യമാക്കേണ്ട.. കേട്ടോ.. ഇനി ഇതൊക്കെ നിന്റെ കൂട്ടുകാരിയോടും പറയണം.. അവളായിട്ട് ഇനി ഒരു പ്രശ്നം ഉണ്ടാക്കരുത്... " പ്രിൻസി ആര്യയെ ഓർമിപ്പിച്ചതും ഒരു ഞെട്ടലോടെ അനി അമിതിന്റെ മുഖത്തേക്ക് നോക്കി... ഓഫിസിൽ നിന്നും ഇറങ്ങിയതും അനി വേഗത്തിൽ ആര്യയെ അന്വേഷിച്ചു നടന്നു......

ഒടുവിൽ അക്ഷിതുമായി തട്ടി കയറുന്ന ആര്യയെ കണ്ടതും അനിയുടെ കാലുകൾ നിശ്ചലമായി.. ആര്യയുടെ ദേഷ്യം വർധിച്ചു വരികയാണെന്ന് അവൾക്ക് മനസ്സിലായതും അവൾ ആര്യയുടെ അടുത്തേക്കോടി........ "ഡാ... എന്തിനാ നിന്റെ അനിയൻ എന്റെ അനിയെ ഇങ്ങനെ വേദനിപ്പിക്കുന്നത്.. അത് കൊണ്ട് അവനെന്താ പ്രയോജനം...എപ്പോഴും എല്ലാവരുടെയും മുന്നിൽ അവളൊരു മോശക്കാരി ആക്കി മാറ്റിയിട്ടു അവനെന്തു നേട്ടമാണ് കിട്ടുന്നത്.... എന്തിനാ അവളുടെ ജീവിതം വെച്ച് ഇങ്ങനെ പന്താടുന്നത്... " കോപം അധികരിച്ച് അക്ഷിതിനോട് തട്ടിക്കയറി ഒടുവിൽ ഭ്രാന്തമായി കരഞ്ഞു കൊണ്ടവൾ പറഞ്ഞതും മറുപടി പറയാൻ ഇല്ലാതെ അക്ഷിത് മൗനം പാലിച്ചു... അതിനിടയിൽ അനിക്ക് പിറകെ ഓടി വന്ന അമിതിനെ കണ്ടതും കണ്ണുകൾ കൊണ്ട് അവനോട് മാറി നിൽക്കാൻ അക്ഷിത് പറഞ്ഞു... തന്റെ ഏട്ടനെ ആര്യ ക്രൂശിക്കുന്നത് അമിതിന് സഹിക്കാൻ കഴിയുന്നില്ലെങ്കിലും ഏട്ടന്റെ വാക്ക് ധിക്കരിക്കാൻ ആവാത്തതിനാൽ അമിത് ആര്യ കാണാതെ മാറി നിന്നു...

അമിതിനോടുള്ള ദേഷ്യം മുഴുവൻ വാക്കുകൾ കൊണ്ട് അക്ഷിതിനോട് തീർത്ത് അവന് നേരെ ആഞ്ഞതും അനി പെട്ടന്ന് വന്ന് അവളെ പിടിച്ചു മാറ്റി... "അനീ... " അവളെ കണ്ടതും ദേഷ്യം അല്പം കുറച്ച് സഹതാപത്തോടെ അവളെ നോക്കി.. "വാവീ... വാ.. ഞാൻ പറയട്ടെ.. " അവളെയും വലിച്ച് അനി അവിടെ നിന്ന് പോയതും മറഞ്ഞ് നിന്ന അമിത് അക്ഷിതിന്റെ അടുത്തേക്ക് വന്നു... കൂടെ ഒളിച്ചു നിൽക്കുവായിരുന്ന ഈശ്വറും.. "എന്തിനാ ഏട്ടാ എന്നോട് മാറി നിൽക്കാൻ പറഞ്ഞത്.. അവളുടെ ദേഷ്യം അവൾ എന്നോട് തന്നെ തീർക്കട്ടെ.. ഇങ്ങനെ അവളുടെ വെറുപ്പ് സമ്പാദിക്കുന്നതിലും നല്ലത് അവളിൽ നിന്ന് രണ്ടെണ്ണം വാങ്ങുന്നതാണ്.. " നിരാശയോടെ അമിത് പറഞ്ഞതും അക്ഷിത് അവന്റെ തോളിൽ കയ്യിട്ട് തന്നോട് ചേർത്ത് നിർത്തി.. "അമിത്.. തെറ്റിദ്ധാരണകൾ ഒരിക്കെ മാറും.. ആ സമയം ഒരടിയുടെ കണക്ക് പോലും ബാക്കി ആവരുത്.. കഴിഞ്ഞ രണ്ടു പ്രാവശ്യവും നിന്റെ ഭാഗത്തായിരുന്നു തെറ്റ്.. എന്നാൽ ഇവിടെ നീയൊരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്കറിയാം.. ചെയ്യാത്ത തെറ്റിന് അടി വാങ്ങിക്കാൻ ഞാൻ സമ്മതിക്കില്ല.. " അതും പറഞ്ഞ് അക്ഷിത് പോയതും അമിതും ഈശ്വറും അവന്റെ പിറകെ നടന്നു... കണക്കുകൂട്ടലുകൾ പാളി പോയ ദേഷ്യത്തിൽ അവരെ തന്നെ ഉറ്റുനോക്കുന്ന രണ്ട് മിഴികളിൽ കനൽ ആളിക്കത്തി കൊണ്ടിരുന്നു....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story