തോളോട് തോൾ ചേർന്ന്: ഭാഗം 30

തോളോട് തോൾ ചേർന്ന്: ഭാഗം 30

എഴുത്തുകാരി: ജിച്ചന്റെ കാവു

” ചോദിക്കാനുള്ള അർഹതയില്ലെന്ന് അറിയാം ഭാനു… ന്നാലും… ന്റെ മോന്റെ ആഗ്രഹത്തിന് ആദ്യമായാ ഞാനൊരു വാക്ക്കൊണ്ട് പോലും ഒപ്പം നിൽക്കണേ… അതോണ്ട് ചോദിക്കാ… ദേവൂട്ടിയെ ഭരതിനെക്കൊണ്ട് കല്യാണം കഴിപ്പിക്കാൻ നിനക്ക് സമ്മതാണോ??.. ” ദയനീയമായ മുഖഭാവത്തോടെ ചോദിക്കുന്ന ഭാർഗവനെ തന്നെ നോക്കി ഭാനുമതി ഒരു നിമിഷം നിന്നു… വീൽചെയറിൽ കയ്യോ കാലുകളോ അനക്കാനാവാതെ ഇരിക്കുന്ന മനുഷ്യൻ… ഉള്ളിലിപ്പോഴും ഏട്ടന്റെ പഴയ രൂപമാണ്… തേച്ചുമിനുക്കിയ കുപ്പായവും ആരെയും ഭയപ്പെടുത്തുന്ന ദൃഢമാർന്ന ശരീരഘടനയും കട്ടിയാർന്ന മീശയുമായി രാജാവിനെപോലെ തലയെടുപ്പുമുള്ള ഏട്ടൻ… ഉറച്ച സ്വരത്തിലും രൂക്ഷമായ നോട്ടത്തിലും എതിരെ നിൽക്കുന്നവരുടെ വായ അടപ്പിക്കുന്നവൻ….

രൂപത്തിലോ ഭാവത്തിലോ വാക്കുകളിലോപോലും പഴയ ആ മനുഷ്യന്റെ യാതൊരു സാമ്യവും ഇന്ന് കാണാനില്ലെന്ന് അവർ ഓർത്തു… ” എനിക്ക്… ഞാനിപ്പോ ന്താ പറയാ ഏട്ടാ… ഇന്നേവരെ ന്റെ മക്കൾടേം സമ്മതം ചോദിച്ചല്ല ഞാനും തീരുമാനമെടുത്തിട്ടുള്ളത്… ധച്ചുന്റെ കാര്യത്തിൽ രണ്ട് വട്ടം പാളിച്ച പറ്റിയ തീരുമാനമായിരുന്നു ന്റെ… ദേവൂനും അങ്ങനെ വരരുത്… അവൾടെ ഇഷ്ടം എന്തോ അതുപോലെ തീരുമാനിക്കാം ഏട്ടാ… നിക്കൊരു സമ്മതക്കുറവുമില്ല… സന്തോഷേ ഉള്ളൂ… ” തളർന്ന കയ്കൾക്കുമേലെ കയ്യ്ചേർത്തുകൊണ്ട് ഭാനുമതി പറയുമ്പോൾ അവരുടെ മുഖത്തേയ്ക്കും കൈയ്കളിൽ പതിഞ്ഞ കയ്യിലേക്കും നോക്കി അയാൾ ഇരുന്നു… ” ദേവുമോളോട് ചോദിച്ചിട്ട് മതി ഭാനു… ഭരതിന്റെ ഇഷ്ടം അറിഞ്ഞപ്പോ പറയാതിരിക്കാൻ പറ്റീല… ന്തായാലും ഈ ബിസിനസ്‌ എല്ലാമൊന്നു നേരെയാക്കാനും കാര്യങ്ങൾക്കും സമയം നല്ലോണം എടുക്കും…

കല്യാണം ആയാലും പതിയെ നടക്കുള്ളൂ.. മൂന്നാല് കൊല്ലം കൂടെ കഴിയട്ടെന്നെ… മോൾക്ക് അപ്പോഴും താല്പര്യം ഉണ്ടെങ്കിൽ മാത്രം നമുക്കിത് നോക്കാം… ” ചുണ്ടിലെ പുഞ്ചിരിയോടെ തന്നെ ഗീത പറഞ്ഞു… ” ഭരത് മോനെ ധച്ചൂന് വേണ്ടി ആലോചിച്ചതല്ലേ… അവനെ ആർക്കാ ഇഷ്ടാവാതെ… മോന് താല്പര്യം ഉണ്ടല്ലോ… ഇനിപ്പോ ദേവൂനോട് ചോദിച്ചിട്ട് സമ്മതമാണേൽ ഉറപ്പിച്ച് ഇടാം ഏട്ടത്തി… ” ഗീതയോട് മറുപടി പറയുമ്പോഴും ഏട്ടന്റെ കൈയിൽ ചേർത്ത് വച്ച ഭാനുവിന്റെ കൈയ്കൾ അതേപടി തുടർന്നു… ഭാർഗവന്റെ കണ്ണുകളിൽ അന്നേരം നീർത്തിളക്കമായിരുന്നു… ചെയ്തുകൂട്ടിയ തെറ്റുകൾ നൽകിയ ശിക്ഷയിൽ മുങ്ങുമ്പോഴും താങ്ങായി കൂടെ കൂടിയവർ… താലി കെട്ടിയവളും കൂടപ്പിറപ്പും… ഒരു വാക്കോ നോട്ടമോ കൊണ്ട് പോലും ഇന്നേരം വരെയും കുറ്റപ്പെടുത്താത്ത രണ്ടുപേർ… അഹങ്കരിച്ചുനടന്ന നാളുകളിൽ അവർക്കുമുൻപിൽ അധികാരം കാണിക്കുമ്പോൾ സ്വയം ജീവിതത്തിൽ തോൽക്കുകയായിരുന്നെന്ന് ഇന്നയാൽ തിരിച്ചറിയുന്നു… അവരിന്നും അയാളെ തോൽപ്പിച്ചുകൊണ്ടിരിക്കുന്നു… നിറഞ്ഞ സ്നേഹംകൊണ്ട്… *****************

കുളി കഴിഞ്ഞു ധ്വനി കണ്ണാടിയ്ക്ക് മുന്നിൽ വന്നു നിന്നു… വാരിചുറ്റിയ സാരി വൃത്തിയിൽ ഞൊറിഞ്ഞുടുത്തു… കുങ്കുമ ചെപ്പിൽ നിന്നും ഒരു നുള്ളെടുത്തു സിന്ദൂരരേഖ ചുവപ്പിക്കുമ്പോൾ അവളൊന്നു പുഞ്ചിരിച്ചു… ഒരു നിമിഷം കണ്ണുകടച്ചുകൊണ്ടങ്ങനെ നിന്നപ്പോഴേക്കും രോമങ്ങൾ നിറഞ്ഞ ബലമാർന്ന കൈയ്കൾ അവളുടെ വയറിനെ ചുറ്റിവരിഞ്ഞു… വെള്ളത്തുള്ളികൾ നിറഞ്ഞുനിൽക്കും പുറത്ത് ചുടു നിശ്വാസം പതിഞ്ഞു… പെണ്ണൊന്നു കണ്ണുതുറന്ന് ഉള്ളിലേക്ക് ശ്വാസം ആഞ്ഞുവലിച്ചു നിൽക്കുമ്പോൾ മുടികെട്ടിലെ തോർത്ത്‌ അവൻ അഴിച്ചെടുത്തിരുന്നു… അവന്റെ മുഖത്തേക്ക് വന്നു വീണ നനഞ്ഞ മുടിയിഴകൾക്കിടയിലേക്ക് മുഖം ചേർത്തുകൊണ്ട് അവൻ അവളിലെ ഗന്ധത്തെ ഉള്ളിലേക്കാവാഹിച്ചു… സിരകളിൽ പെണ്ണിന്റെ ഗന്ധം നിറയുമ്പോൾ മൃതുവായി അവളുടെ വയറിലൊന്നു തഴുകി… ” ന…നന്ദാ… ” കണ്ണുകൾ കൂമ്പിയടയുമ്പോൾ വിറയലാർന്ന സ്വരം പെണ്ണിൽ നിന്നുയർന്നു…

അവളുടെ സ്വരത്തിലെ മാധുര്യം തിരിച്ചറിഞ്ഞവണ്ണം പതിയെ പൊക്കിൾച്ചുഴിയിലായവൻ തലോടുമ്പോൾ പെണ്ണിൽ നിന്നുയർന്ന സ്വരം അവനിൽ പ്രണയം നിറച്ചു… തോളിൽ പിടിച്ച് അവളെ തിരിച്ചു നിർത്തുമ്പോഴും കൺപീലികൾ നിറഞ്ഞു നിൽക്കും പെണ്ണിന്റെ കണ്ണുകൾ അടഞ്ഞു തന്നെയിരുന്നു… ” ദേവാ.. ” പെണ്ണിന്റെ ചുണ്ടിൽ നാണതാൽ കുതിർന്നൊരു പുഞ്ചിരി മിന്നിമായും നേരം അത്രമേൽ പ്രണയത്തോടവൻ വിളിച്ചു… വിടർന്ന കണ്ണുകളാൽ അവളവനെ ഉറ്റുനോക്കി… ഇരു കയ്യാലെയും പെണ്ണിന്റെ മുഖം കോരിയെടുത്തുകൊണ്ടവൻ അവളുടെ കണ്ണുകളിലേക്കാഴ്ന്നിറങ്ങി… ആ മിഴികളിൽ നിറഞ്ഞു നിൽക്കും പ്രണയത്തെ പിന്നെയും പിന്നെയും കൊതിയോടെ നോക്കികണ്ടു… മെല്ലെ കയ്യുയർത്തി അവൾ രോമങ്ങൾ നിറഞ്ഞ അവന്റ കവിളിൽ തലോടി… അവന്റെ കണ്ണുകളുടെ മാന്ത്രികതയിൽ അലിഞ്ഞുചേർന്നു നിന്നു… പതിയെ പെണ്ണിന്റെ മുഖമുയർത്തികൊണ്ടവൻ അവളുടെ സിന്ദൂരരേഖയിൽ ചുംബിക്കുമ്പോൾ ഇരുവരുടെയും കണ്ണുകൾ കൂമ്പി അടഞ്ഞിരുന്നു…

ഹൃദയം ഒരേ താളത്തിൽ പ്രണയം കയ്യ്മാറിക്കൊണ്ടിരുന്നു… നനഞ്ഞ മുടിയിഴകളിലെ വെള്ളത്തുള്ളികൾ ഇറ്റു വീണു… പെണ്ണിൽ നിന്നും ചുണ്ടുകളെ വേർപെടുത്തികൊണ്ടവൻ ഒരിക്കൽ കൂടി ആ നക്ഷത്രകണ്ണുകളിൽ നോക്കി… അവയിലെ തിളക്കം അവനിലേക്കും പടരുന്നുണ്ടായിരുന്നു… ” അറിഞ്ഞോ പെണ്ണെ…. ദേവൂന്റേം ഭരതിന്റേം കല്യാണം തീരുമാനാക്കി… അവനെന്നെ വിളിച്ചിരുന്നു… ” പുഞ്ചിരിയോടവൻ സംസാരത്തിനു തുടക്കമിട്ടു… ” ദേവൂട്ടിയോടുള്ള ഭരതേട്ടന്റെ ഇഷ്ടം എനിക്കറിയായിരുന്നു അനന്ദു… ഏട്ടൻ പറഞ്ഞിട്ടുണ്ട്… അവൾക്കും ഇഷ്ടാണെന്ന് തോന്നിയിരുന്നു… എപ്പോഴൊക്കെയോ… ” അവനെ നോക്കി കണ്ണുചിമ്മിക്കൊണ്ട് പെണ്ണ് പറയുമ്പോൾ അനന്ദുവൊന്നു മൂളിക്കൊണ്ട് അവളുടെ മുഖമാകെ കണ്ണോടിച്ചു… കൈവിരലുകൾ അവളെ തലോടി നടന്നു… ” സ്നേഹിക്കുന്നവർ ഒന്നിക്കട്ടെടോ… ” പതിയെ പറഞ്ഞു… അവളും ചിരിച്ചു… താടിച്ചുഴി ചുണ്ടുകൾക്കൊപ്പം മത്സരിച്ചു… ” അപ്പൂനെ കാണാൻ പോണ്ടേ… ഇങ്ങനെ നിന്നാൽ ശരിയാവോ… ”

അവന്റെ കണ്ണുകളുടെ ഭാവത്തിൽ അലിയാൻ വെമ്പുന്ന ഹൃദയത്തെ തടഞ്ഞുകൊണ്ടവൾ ചോദിച്ചു… ” മ്മ്… വയറൊക്കെ ആയി ലെ… നിക്ക് എന്നും കണ്ടാലും മതിവരാത്ത പോലെ… ” അവനൊന്നു ചിരിച്ചു… കണ്ണുകളിൽ വാത്സല്യം നിറഞ്ഞു… ” വാവ വരട്ടെ… അപ്പൂം ഹരിമാഷും അല്ലേ… ഒന്നും പറയില്ല… നിക്ക്… നിക്ക് എത്ര വേണേലും എടുത്തു നടക്കാം വാവേനെ… ” പിന്നെയും അവനിൽ നിറഞ്ഞ സന്തോഷം… പെണ്ണൊന്നു ചേർന്നു നിന്നുകൊണ്ടവന്റെ കവിളിൽ വിരിഞ്ഞ നുണക്കുഴിയിൽ അമർത്തി ചുംബിച്ചു… താടി രോമങ്ങൾക്കിടയിലൂടെ വിരലോടിച്ചു… കട്ടിയായി വളർന്നു നിൽക്കുന്ന മീശയിൽ ഒളിച്ചു നിന്ന മേൽചുണ്ടിൽ പതിയെ മുത്തികൊണ്ട് ചുറ്റി വരിഞ്ഞു… ” ആരും ഒന്നും പറയില്ല ന്റെ അനന്ദൂനെ… ” കഴുത്തിടുക്കിലെ വിയർപ്പിൽ ചുംബിച്ചുകൊണ്ട് അവയെ സ്വന്തമാക്കും നേരം അവളുടെ മൃദു സ്വരവും അവനിലേക്കെത്തി…

***************** ദേഹത്തെ വെള്ളം പോലും മര്യാദക്ക് തുടച്ചുകളയാതെ മുന്നിൽ വന്നു നിന്നു ചിണുങ്ങുന്ന അപ്പുവിനെ ഹരിയൊന്നു കൂർപ്പിച്ചു നോക്കി… ബെഡിൽ കൊണ്ടിട്ട തോർത്തെടുത്തുകൊണ്ട് വീർത്തുനിൽക്കുന്ന അവളുടെ വയറിലെയും കഴുത്തിലെയും വെള്ളത്തുള്ളികൾ തുടച്ചെടുത്തു… അലസമായി കെട്ടിയിരുന്ന പാവാട വയറിൽ മുറുകാത്ത വിധം കെട്ടികൊടുത്തുകൊണ്ട് മടക്കി വച്ചിരിക്കുന്ന നേരിയത്തെടുത്തു പിടിച്ചു… ” ഇതന്നെ എന്നും ഉടുക്കണോ??.. വല്ല നൈറ്റിയോ ബനിയനോ പോരെ കുഞ്ഞാ.??.. ” ഒരു പുരികം പൊക്കിക്കൊണ്ട് അവളോട് ചോദിക്കുമ്പോൾ അവളൊന്ന് മനോഹരമായി പുഞ്ചിരിച്ചു… ” നിക്ക് വേണ്ടിയല്ല ഹരിയേട്ടാ… നിങ്ങൾടെ കൊച്ചിന് കാറ്റും വെയിലും കൊള്ളണമെന്ന്… രമയമ്മ പറയുന്നത് കേട്ടില്ലേ… ഇതുടുത്താ നല്ലതാത്രേ… ” കുറുമ്പോടെ പറയുന്ന പെണ്ണിന്റെ അരയിൽ കൈയ് ചുറ്റിക്കൊണ്ട് ഹരി അടുത്തേക്ക് വലിച്ചടുപ്പിച്ചു… അവൾക്കു മുൻപിൽ കിടക്കയിൽ വന്നിരുന്നുകൊണ്ട് വീർത്തിരിക്കുന്ന വയറിലേക്ക് ചുണ്ട് ചേർത്തു…

” അച്ഛ മോനുവേണ്ടിയാണോ??… ന്നാ ഉടുപ്പിക്കാട്ടോ.. ഇതല്ല ഇതിനപ്പുറം വേണേലും മോന്റെ അമ്മയെ ഉടുപ്പിക്കുന്ന കാര്യം ഈ അച്ഛ ഏറ്റെടാ കുഞ്ഞാപ്പി… ” കൊഞ്ചിച്ചു പറഞ്ഞുകൊണ്ടവൻ പെണ്ണിന്റെ വയറിലാകെ മുത്തിക്കൊണ്ടിരുന്നു… മീശകൊണ്ട് ഇക്കിളി കൂട്ടി… കുലുങ്ങി ചിരിക്കുന്ന പെണ്ണിനെ നോക്കി കണ്ണിറുക്കി… മടക്കിവച്ചിരിക്കുന്ന നേരിയ പച്ചക്കരയുള്ള മുണ്ടെടുത്തു പെണ്ണിനെ ഉടുപ്പിച്ചു… വയറിൽ പതിയെ തഴുകികൊണ്ടിരുന്നു… ” വേം വരണംട്ടോ… എല്ലാരും കാത്തിരിക്കാ… അച്ഛേം അതെ… കുഞ്ഞാപ്പിനെ കാണാൻ കൊതിച്ചിരിക്കാ… ” കുഞ്ഞിനോടുള്ള പതിവ് സംസാരങ്ങൾ തുടർന്നു… ആ പെണ്ണൊരു പുഞ്ചിരിയോടെ അവന്റെ കൊഞ്ചിക്കൽ കേട്ടുകൊണ്ടിരുന്നു… ഒരു ഭർത്താവായും കാമുകനായും ഉള്ള അവന്റെ മാറ്റത്തിൽ നിന്നും തീർത്തും വ്യത്യസ്തമായൊരു മാറ്റം… അച്ഛനിലേക്കുള്ള മാറ്റം… അതിന്റെ ഓരോ നിമിഷവും അത്രമേൽ കൊതിയോടെ അവളും ആസ്വദിച്ചുകൊണ്ടിരുന്നു… ഓർമകളിൽ അവനോടൊപ്പമുള്ള ഓരോ നിമിഷങ്ങളും കടന്നുകൂടി…

ഒന്നിച്ചു കളിച്ചു നടന്നിരുന്ന കാലം മുതൽ ഇന്നേവരെയുള്ള നിമിഷങ്ങൾ… അവിടപ്പോഴും അച്ഛനും കുഞ്ഞാപ്പിയും തമ്മിലുള്ള സംസാരങ്ങളും തഴുകലും ചുംബനങ്ങളും തുടർന്നുകൊണ്ടിരുന്നു… കൊഞ്ചിച്ചുകൊണ്ടുള്ള ഓരോ വിളികൾക്കും അമ്മയുടെ ഉദരത്തിനുള്ളിൽ ഇരുന്നുകൊണ്ടൊരു കുഞ്ഞാവ പുഞ്ചിരിക്കുണ്ടാവാം… ” അടുത്ത മാസത്തെ ചടങ്ങൊന്നും വേണ്ടല്ലോ കുഞ്ഞാ??.. ഇവിടെ തന്നെ നിന്നാ പോരെ നിനക്ക്??.. ” പെട്ടന്നെന്തോ ഓർത്തപ്പോലുള്ള അവന്റെ ചോദ്യം… അവളും ചിന്തകളിൽ നിന്നും ഉണർന്നുകൊണ്ട് അവനെ തന്നെ നോക്കി… ” അത്… നിക്ക് അറിയില്ല ഏട്ടാ… എല്ലാരും പറയുംപോലെ… അവിടെയായാലും ഇവിടെയായാലും നിക്ക് ഈ നെഞ്ചിൽ കിടന്ന് തന്നെ ഉറങ്ങണം… അത് പറ്റുമെങ്കിൽ മാത്രം ന്നെ വിട്ടാ മതി… ” നിമിഷനേരംകൊണ്ട് വാശിയിലേക്ക് വാക്കുകൾ എത്തിയിരുന്നു…

ഹരിയൊരു ചിരിയോടെ പെണ്ണിന്റെ മൂക്കിൻതുമ്പിൽ തട്ടി… കൂർപ്പിച്ചു പിടിച്ച ചുണ്ടിൽ പതിയെ മുത്തി… ” അങ്ങനെയാണേലേ അപ്പുകുട്ടൻ എവിടേം പോണ്ടാട്ടോ… നമുക്കിവിടന്നെ മതിയെടി കൊച്ചേ… എനിക്കെന്റെ കുഞ്ഞനും കുഞ്ഞാപ്പീം ഈ മുറിയിൽ ന്റെ കൂടെ തന്നെ വേണം… എപ്പോഴും ഇങ്ങനെ തലോടാൻ… ഇങ്ങനെ മുത്തം കൊടുക്കാൻ… പിന്നെ…പിന്നെ.. ഇടക്കൊക്കെ സ്നേഹിച്ച് സ്നേഹിച്ച്… ” ” പോടാ… കള്ളവാദ്യാരെ… ” പെണ്ണിന്റെ ചെവിയിൽ ചുണ്ടുരസി പതിയെ പറഞ്ഞുകൊണ്ടിരുന്ന ഹരിയേ മുഴുവനാക്കാൻ സമ്മതിക്കാതെ അപ്പു കിടക്കയിലേക്ക് തള്ളിയിട്ടു… ഇരുവരുടെയും ചുണ്ടിൽ കള്ളച്ചിരി തത്തികളിച്ചു… അതെ ചിരിയോടെ എഴുന്നേറ്റുകൊണ്ട് ഹരി പെണ്ണിന്റെ തുടുത്ത കവിളിൽ അമർത്തി ചുംബിച്ചുകൊണ്ട് മേൽമുണ്ട് ഞൊറിഞ്ഞു ചുറ്റി കൊടുത്തു… നെറുകിലും നെറ്റിയിലും കുങ്കുമം ചാർത്തി…

ചൂണ്ടുവിരൽ കണ്മഷിയിൽ തോണ്ടിക്കൊണ്ട് ഇരുകണ്ണിലും കരി പുരട്ടി… ” മുടിയിൽ പുക കൊള്ളിക്കാട്ടോ.. ” അവളുടെ ചുണ്ടിൽ പതിയെ മുത്തി പറഞ്ഞുക്കൊണ്ട് പെണ്ണിനെ രണ്ട് കയ്യിലുമായി കോരിയെടുത്തു ഹരി താഴേക്ക് നടന്നു… അപ്പുവിന് ഇത് ആറാം മാസമാണ്… വയറിന്റെ വലുപ്പം കൂടുന്നതിനൊപ്പം ശരീരപ്രകൃതത്തിലും വല്ലാത്ത മാറ്റം ആണവൾക്ക്… കൃഷ്ണനും രമയും അത്രമേൽ കൊതിയോടെ അവളെ പരിപാലിക്കുന്നുണ്ട്… ഒഴിവുസമയങ്ങളിൽ ശ്രീയും ഹരിയും അവർക്കൊപ്പം കൂടും… അനന്ദുവും അഭിയും എന്നും എപ്പോഴെങ്കിലും സമയം ഉണ്ടാക്കി അവളെ കാണാൻ എത്തും… പെണ്ണിന്റെ മുഖത്തേ സന്തോഷം അവരുടെ മനസ്സും കണ്ണും ഒരേപോലെ നനയ്ക്കും… ഇരുവർക്കും നടുവിൽ പിടിച്ചിരുത്തിക്കൊണ്ട് ഉപദേശങ്ങളും തലോടലും ആണ് പിന്നെ… എത്ര പറഞ്ഞാലും മതിയാവാത്ത പോലെയാണ് ഇരുവർക്കും… അവരുടെ എല്ലാം കുഞ്ഞാപ്പിക്കുവേണ്ടിയുള്ള കാത്തിരുപ്പിലാണ് എല്ലാവരും… അത്രമേൽ കൊതിയോടെ… സന്തോഷത്തോടെ…

***************** ” അഭിയേട്ടാ… പുറകിലെ വാതിൽ ചാരിയാൽ മതിട്ടോ… കുറ്റിയിടണ്ട… ഞങ്ങൾ പുറത്തുണ്ട്… ” പിന്നാമ്പുറത്തെ വാതിലിലൂടെ ധ്വനിയുടെ കയ്യും പിടിച്ചു നടക്കവേ അനന്ദു അകത്തേയ്ക്ക് നോക്കി വിളിച്ചു പറഞ്ഞു… മോളെ തോളിലിട്ട് ഉറക്കുന്നതിനിടെ കയ്യ്കാണിച്ചുകൊണ്ട് സമ്മതമറിച്ച അഭിയെ നോക്കി കണ്ണിറുക്കി അനന്ദു മുറ്റത്തേക്കിറങ്ങി… പെണ്ണിന്റെ കൈയിൽ പിടിമുറുക്കിക്കൊണ്ട് ഉലയുന്ന ശരീരവുമായവൻ നിലാവിൽ നടന്നു… ഉറങ്ങിപ്പോയ കുഞ്ഞിനേയും കൊണ്ട് മുറിയിലെ കട്ടിലിനൊരുവശം ചേർന്ന് അഭി കിടന്നു… കണ്ണുകളടച്ചു… മധു മുറിയിലേക്ക് വരുന്നതും വാതിൽ ചാരി വെട്ടം കെടുത്തി കുഞ്ഞിന് വേണ്ടി ചെറിയൊരു ബൾബ് ഇട്ട് വെക്കുന്നതും അറിഞ്ഞു… കണ്ണുകൾ തുറന്നില്ല… ഇതുവരെയും അവളെ സ്നേഹിക്കാൻ പറ്റാത്ത രീതിയിൽ അവനെ മാറ്റിയെടുത്തതും അവൾ തന്നെയാണ്… പ്രവർത്തിക്കൊണ്ടും വാക്കുകൾക്കൊണ്ടും…

” അഭിയേട്ടാ.. ” പുറത്ത് പതിഞ്ഞ മധുവിന്റെ വിറയ്ക്കുന്ന കയ്യ്കൾക്കൊപ്പം സ്വരവും… അവനൊന്നു ഇറുക്കെ കണ്ണുകളടച്ചു.. അവൾക്കു നേരെ തിരിഞ്ഞുകിടന്നു.. ബെഡിൽ ഇരിക്കുന്നവളെ നോക്കി… ” വേണ്ട മധു… ഇന്നും എന്നത്തേയും പോലെ ന്യായീകരണം വേണ്ടാ… ഒന്നും തന്നെ എനിക്ക് കേൾക്കണ്ട… അറിഞ്ഞതും കേട്ടതും മതി… അനന്ദു ഒരാൾടെ വാശിയാ ഇപ്പൊ നീ ഈ വീട്ടിൽ കേറാൻ കാരണം… അവനിതുവരെ ഒരു വാക്കുകൊണ്ട് പോലും നിന്നെ കുറ്റപ്പെടുത്തി കേട്ടിട്ടില്ല ഞാൻ… നിന്റെ പ്രവർത്തികൾ ഏറ്റവും കൂടുതൽ നോവിച്ചിരിക്കുന്നത് അവനെയായിട്ട് വരെ… സ്വയം മാറിയാൽ നിനക്ക് തന്നെ നല്ലത് മധു… എന്റേന്ന് സ്നേഹോം പരിഗണനയും നീ കൂടുതൽ പ്രതീക്ഷിക്കണ്ട… ന്റെ മോൾടെ അമ്മ… അതിന്റെ ബഹുമാനം കാണും എനിക്ക്… അത്ര ഉള്ളൂ… നീ നല്ലൊരു സ്ത്രീയും അമ്മയും ഏട്ടത്തിയും ആയെന്ന് എനിക്കുറപ്പാകും വരെ… ” അവളെ നോക്കി പറഞ്ഞുകൊണ്ട് അഭി തിരിഞ്ഞു കിടന്നു.. മോളെ നെഞ്ചിലേക്ക് ചേർത്തു… അവളുടെ കണ്ണിൽ നിന്നും ഉറ്റു വീഴുന്ന തുള്ളികൾ ഓരോ ദിനവും മധുവിനെ മാറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു…

***************** തെങ്ങിൻ തടി പാലത്തിൽ വന്നിരുന്നുകൊണ്ട് താഴെ ഒഴുകുന്ന വെള്ളത്തിൽ കാലുകളിട്ട് പാടുകയാണ് അനന്ദു… തൊട്ടടുത്തിരിക്കുന്ന ധ്വനിയുടെ തോളിലൂടെ കയ്യിട്ട് ചേർത്തുപിടിച്ചു നെറ്റി മുട്ടിച്ചിട്ടുണ്ട്… വെള്ളത്തിൽ കിടക്കുന്ന കാലുകൾ പരസ്പരം തലോടുമ്പോൾ കൊലുസിനെ തേടി നടന്നു പുണരുകയാണ് വലതുകാലിലെ പെരുവിരൽ… പെണ്ണിന്റെ താടിച്ചുഴിയും അനന്ദുവിന്റെ നുണക്കുഴിയും എത്തി നോക്കി വന്നുനിൽക്കുന്നു… “”””” വെണ്‍‌മേഘ ഹംസങ്ങള്‍… തൊഴുതു വലംവെച്ചു സിന്ദൂരം വാങ്ങുന്ന ഈ സന്ധ്യയില്‍.. നെറ്റിയില്‍ ചന്ദനവും.. ചാര്‍ത്തി നീ അണയുമ്പോള്‍ മുത്തം കൊണ്ടു കുറിചാര്‍ത്തിയ്ക്കും ഞാന്‍.. ആ..ആ..ആ..ആ.. ആ… “””” പാടി നിർത്തിക്കൊണ്ടവൻ പെണ്ണിന്റെ നെറ്റിയിൽ പതിയെ ചുംബിച്ചു…

” ന്താണ്… ന്റെ പെണ്ണിന് ഇപ്പൊ ഇവിടെയിരിക്കാനും പാട്ടുകേൾക്കാനും മോഹം??..” കുറുമ്പോടെ ചോദിച്ചുകൊണ്ടവൻ പെണ്ണിന്റെ ചെവിയിൽ ചുണ്ടുരസി… അവളൊന്ന് ചിണുങ്ങിക്കൊണ്ട് അതെ പടി ഇരുന്നു… നിലാവിനെക്കാൾ ശോഭ അവളുടെ മുഖത്തിനന്നേരം ഉണ്ടായിരുന്നു… അവനവളെ തന്നെ നോക്കിയിരുന്നു… പെരുവിരൽ പെണ്ണിന്റെ കൊലുസ്സിനുള്ളിൽ കടന്നുകൂടി ചുറ്റി വലിച്ചു… ” ശ്.. നന്ദാ… ” ചെറിയൊരു ശീത്ക്കാരത്തോടെ പെണ്ണവനിലേക്ക് ഒന്നൂകൂടി ചേർന്നിരുന്നു… തോളിൽ ചേർത്ത കൈയ്കൾ ഇഴഞ്ഞുകൊണ്ട് ഇടുപ്പിലേക്ക് നീങ്ങി..അരയിലൂടെ ചുറ്റിപ്പിടിച്ചുകൊണ്ട് തെളിഞ്ഞു നിൽക്കുന്ന താടിച്ചുഴിയിൽ മുത്തി… കൂടുതൽ കൂടുതൽ മനോഹരമായി പുഞ്ചിരിക്കുന്നവളെ നോക്കികൊണ്ടവൻ മടിയിലേക്ക് കിടന്നു… ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചുകൊണ്ട് വയറിനെ മറച്ചിരിക്കുന്ന ഷാളിൽ കടിച്ചു നീക്കി… തടിരോമങ്ങൾ പെണ്ണിനെ സ്പർശിക്കും നേരം അവളൊന്ന് ഏങ്ങി…

ശ്വാസം പിടിച്ചു ഇരിക്കുന്നവളുടെ വയറിൽ മുഖമമർത്തി ഇടുപ്പിനെ വരിഞ്ഞു ചുറ്റി പിടിച്ചുകൊണ്ടവൻ ചുംബിച്ചു… തലമുടിയിൽ കുരുക്കി പിടിച്ച പെണ്ണിന്റെ വിരലുകൾ കൂടുതൽ ശക്തമായി മുറുകി.. ” ദേവാ… ” അവനൊരു ഒരു കള്ള ചിരിയോടെ മുഖമുയർത്തി തുടുത്തുനിൽക്കുന്ന പെണ്ണിനെ നോക്കി… ” ഇതാർക്കാ അനന്ദു…” നക്ഷത്രകണ്ണുകൾ പിടയുന്നതിനിടയിലും അവൾ മൃദുവായി ചോദിച്ചു.. ” നിക്ക് ഉള്ള ചുംബനങ്ങൾ ഇനി ചുണ്ടിൽ മതി…” അവനൊന്നു പുരികം ചുളുക്കി അവളെ നോക്കി കിടക്കുമ്പോൾ പിന്നെയും അവളുടെ വാക്കുകൾ… സംസാരിക്കുമ്പോൾ പോലും പെണ്ണിന്റെ കവിളുകൾ തുടുത്തു വരുന്നു… അവനൊരു പിടച്ചിലോടെ പെണ്ണിന്റെ മടിയിൽ നിന്നും എഴുനെറ്റിരിക്കാൻ നോക്കുമ്പോൾ അവളവനെ താങ്ങി അവനിലേക്ക് ചേർന്നിരുന്നു… മുഖമടുപ്പിച്ചുകൊണ്ടവന്റെ അധരത്തെ തഴുകി… ” വയറിലെ മുത്തങ്ങൾ വാങ്ങാനുള്ള ആൾ എത്തിയിട്ടുണ്ട്…നിക്ക് തരാണേൽ ഇനി ചുണ്ടിൽ തന്നെ വേണം … ” തഴുകി നീങ്ങുന്ന ചുണ്ടുകൾക്കിടയിൽ നിന്നും വന്ന പെണ്ണിന്റെ സ്വരം അവന്റെ ഹൃദയത്തിലേക്ക് അരിച്ചിറങ്ങി…

നിശ്ചലമായിപ്പോയ ആ നിമിഷം കണ്ണുകൾ നിറഞ്ഞൊഴുകുമ്പോൾ പെണ്ണവന്റെ ചുണ്ടിൽ ചുണ്ട് ചേർത്ത് മുറുക്കെ കെട്ടിപിടിച്ചിരുന്നു… ” ദേ.. ദേവ… നീ… ഇത്… ഞാ… ” ഒരു നിമിഷത്തിന് ശേഷവും കേട്ടത് വിശ്വസിക്കാനാവാതെ അവൻ എന്തൊക്കെയോ പുലമ്പി… പെണ്ണവനെ മുറുക്കെ ചുറ്റിവരിഞ്ഞുകൊണ്ട് കെട്ടിപ്പിച്ചു… ” സത്യാ അനന്ദൂ… ഡേറ്റ് തെറ്റിയപ്പോ ഞാനൊന്ന് പോയി ചെക്ക് ചെയ്ത് നോക്കീതാ… ” ചെവിയിലേക്ക് മുഖമടുപ്പിച്ചുകൊണ്ടവൾ പറയുമ്പോൾ അവന്റെ കൈയ്കളും പെണ്ണിനെ ചുറ്റിവരിഞ്ഞു.. കൂടുതൽ കൂടുതൽ ശക്തമായ്… സന്തോഷത്തിന്റെ സ്വരങ്ങളും ഏന്തലുകളും അവിടെ ഉയർന്നു… പെണ്ണിന്റെ ചിരിയും… അനന്ദു അവളുടെ മുഖമുയർത്തിക്കൊണ്ട് നെറുകിൽ അമർത്തി ചുംബിച്ചു… നിമിഷങ്ങളോളം വേർപെടുത്താതെ നിൽക്കുമ്പോൾ ഇരുവരുടെയും കണ്ണുനീർ ഒഴുകിയിറങ്ങി…പുഞ്ചിരിച്ചുകൊണ്ട് കണ്ണുനീർപൊഴിച്ചു… ഇരുവരും മുഖം കയ്യ്കുമ്പിലെടുത്തു ചുണ്ടിൽ അമർത്തി ചുംബിച്ചു… സന്തോഷത്തിന്റെ മധുരവും കണ്ണീരിന്റെ ഉപ്പും ഒരുമിച്ചു നുണഞ്ഞു…

പെണ്ണിന്റെ കണ്ണുകളിൽ നോക്കി കൊണ്ടവൻ ദാവണിക്കിടയിലേക്ക് വിറയ്ക്കുന്ന കൈയ്കളെ കടത്തി… മൃദുവായി അത്രമേൽ പതിയെ അവളുടെ ഉദരത്തെ തഴുകി… അവന്റെ കുഞ്ഞിനെ ആദ്യമായ് സ്പർശിച്ചു… ” ന്റെ വാവ… ” അനന്ദുവിന്റെ ഉള്ളം ഉറക്കെ ഉറക്കെ വിളിച്ചുകൂവി… കണ്ണുകൾ നിറഞ്ഞൊഴുകുമ്പോഴും പുഞ്ചിരിച്ചു… പെണ്ണിന്റെ നെറ്റിയിൽ നെറ്റിച്ചേർത്തുകൊണ്ടവൻ ഇരുന്നു… നിമിഷങ്ങളോളം… ദ്രുതഗതിയിലായ ഹൃദയമിടിപ്പ് സാവധാനം ആയികൊണ്ടിരിക്കെ ഇരുവരുടെയും മനസ്സിൽ തെളിഞ്ഞു നിന്നത് അവരുടെ ചോരത്തുടിപ്പ് ആയിരുന്നു… വയറിൽ തഴുകുന്ന അനന്ദുവിന്റെ കയ്കൾക്ക് മേലെ അവളും കൈയ് ചേർത്തു… ഇരുവരും ഒരുപോലെ അവരുടെ കുഞ്ഞിനെ തഴുകി… ” നമ്മൾടെ കുഞ്ഞാവ അനന്ദൂ… ” നിറഞ്ഞൊഴുകുന്ന അനന്ദുവിന്റെ കണ്ണുകളിൽ നോക്കികൊണ്ടവൾ പറയുമ്പോൾ മറുകയ്യാൽ പെണ്ണിനെ ചുറ്റിപിടിച്ചുകൊണ്ടവൻ നെറ്റിയിൽ നെറ്റി ചേർത്ത് ഇരുന്നു… വെള്ളത്തിൽ മുങ്ങിയിരിക്കും കാലുകൾ കെട്ടുപിണഞ്ഞു പുൽകി…………………………………….  (തുടരും)………….

തോളോട് തോൾ ചേർന്ന്: ഭാഗം 29

മുഴുവൻ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story