തോളോട് തോൾ ചേർന്ന്: ഭാഗം 11

തോളോട് തോൾ ചേർന്ന്: ഭാഗം 11

എഴുത്തുകാരി: ജിച്ചന്റെ കാവു

അടച്ചുവച്ച കണ്ണുകൾക്ക്‌ മീതെ വലതുകരം വച്ചുകൊണ്ട് ഹരിനന്ദൻ മലർന്നു കിടന്നു… സമ്മിശ്രമായ ചിന്തകളുടെ കെട്ടുപിടിച്ചിലിനിടയിലും അപ്പുവിന്റെ ചോദ്യമവനുള്ളിൽ മുഴങ്ങിക്കൊണ്ടിരുന്നു… “ന്നെ ഇഷ്ടാണോ ഹരിയേട്ടന്…” കണ്ണീരിനിടയിലും ആകാംഷനിറഞ്ഞ പെണ്ണിന്റെ സ്വരം.. അവളുടെ ആ ചോദ്യത്തിനുത്തരം ഇപ്പോഴും തനിക്കറിയില്ലെന്നു അവൻ ഓർത്തു… ദിവസങ്ങൾ മുൻപ് കണ്ടുതുടങ്ങിയ പെണ്ണിന്റെ വീർത്തകണ്ണുകളും വിഷാദം ഒളിപ്പിക്കും ചിരിയും മൗനം കൊണ്ട് തീർത്ത നിമിഷങ്ങളും എന്തുകൊണ്ടാണ് തന്റെ ഉള്ളിനെയും നോവിച്ചിരുന്നത്??.. ആ ദിവസങ്ങളിലും ഇതേ ചോദ്യം തന്നെയല്ലേ ഉള്ളിൽ താനും ചോദിച്ചിരുന്നത്??.. ഇഷ്ടമാണോ അപ്പൂനെ???.. മണ്ഡപത്തിൽ നിറ കണ്ണുകളുമായി തകർന്നു നിന്നിരുന്ന ധ്വനിയേക്കാളുപരി അപ്പുവിന്റെ കണ്ണുനീർ അല്ലേ തന്നെ പൊള്ളിച്ചത്??.. താൻ പ്രണയിച്ചുകൊണ്ട് സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്ന പെണ്ണല്ലേ ധ്വനി…

അവളുടെ കഴുത്തിൽ താലി അണിയിക്കുന്നതിനു നിമിഷങ്ങൾ മുൻപല്ലേ അപ്പുവിന്റെ പ്രണയം അറിഞ്ഞത്… എന്നിട്ടും എന്തുകൊണ്ടാണ് ധ്വനിയേക്കാൾ മുൻപന്തിയിൽ തനിക്കുള്ളിൽ അപ്പു മികവോടെ തെളിഞ്ഞു നിന്നത്??.. അവളുടെ കണ്ണുനീർ എന്തിനാണ് ഹൃദയത്തെ നോവിച്ചത്??.. ആണ്… ഇഷ്ടമാണ്…അപ്പുവിനെ.. ശ്രീമോളെപോലെ… അതുപോലെ ഉള്ളൊരു ഇഷ്ടമല്ലേ??.. ആയിരിക്കും… വാൽസല്യമാണ് അവളോട്… എന്നും…. ശ്രീക്ക് ഒപ്പം എപ്പോഴും കാണുമവൾ… രണ്ടിനെയും ഒന്നിച്ചല്ലാതെ പണ്ടൊന്നും കാണണേ കിട്ടാറില്ലായിരുന്നു… അത്രയ്ക്ക് കൂട്ട്… പത്തു വയസ്സിന്റെ വ്യത്യാസമുണ്ട് അവരും താനും തമ്മിൽ… എന്നിട്ടും തന്റെയും അനന്ദുവിന്റെയും കൂടെയേ അവരും കളിക്കാറുള്ളൂ… കൊഞ്ചിക്കൊണ്ടുള്ള ആ ചെറിയ പെണ്ണിന്റെ ഹരിയേട്ടാ എന്നുള്ള വിളിയിൽ ലോകം കീഴടക്കിയപോലുള്ള സന്തോഷം തോന്നിയിരുന്നില്ലേ അന്നൊക്കെ… ഉണ്ട്…അത്രമേൽ സ്നേഹത്തോടെയായിരുന്നു അവളുടെ ഓരോ വിളികളും… വളർന്നിട്ടും പണ്ടത്തെ അതെ അടുപ്പത്തിൽ തന്നെയായിരുന്നു അവൾ തന്നോട്… പിന്നെ എപ്പോഴാനവൾക്ക് പ്രണയം തോന്നി തുടങ്ങിയത്???..

അപ്പുവുമൊന്നിച്ചുള്ള ഓരോ നിമിഷങ്ങളും ഓർമയിൽ ചികഞ്ഞുകൊണ്ടവൻ അവളിൽ പ്രണയം തെളിഞ്ഞുനിന്നിരുന്നോയെന്നു നോക്കികൊണ്ടിരുന്നു… ഇന്നേവരെ തനിക്കങ്ങനെയൊന്നു അവളിൽ തോന്നിയിട്ടില്ല… ഇനി കണ്ടിട്ടും തന്റെ കണ്ണുകൾക്കവ അന്യമായിപോയതായിരിക്കുമോ??.. അതോ പ്രണയം എന്നൊരു വികാരം പോലും തന്നിൽ നിന്നും അന്യമായിരുന്നതുകൊണ്ടോ??.. എന്തോ… അറിയില്ല… പെണ്ണിന്റെ പ്രണയം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല…. കല്യാണമണ്ഡപത്തിൽ വച്ചു തന്നെ ചുറ്റിപ്പിടിച്ച കൈയ്കളുടെ മുറുക്കവും കാതിലേക്കെത്തിയ അവളുടെ വാക്കുകളും ഓർത്തെടുത്തു… കുഞ്ഞല്ലേ അവള്???.. ഇത്രയും പ്രായവ്യത്യമുള്ള എന്നോട്… എന്നോടുള്ളത് പ്രണയം തന്നെയായിരിക്കുമോ??.. അതോ ഇഷ്ടപെട്ടത് കൈവിട്ടുകളയാതിരിക്കാൻ കാണിക്കുന്ന വ്യഗ്രതയോ??… മനസ്സിലാവുന്നില്ല… ഇന്നാ മണ്ഡപത്തിൽ അപ്പുവിനും ധ്വനിക്കുമിടയിൽ എന്ത് വേണമെന്നറിയാതെ നിൽക്കുമ്പോഴും തന്നെ മുറുക്കിവരിഞ്ഞിരിക്കുന്ന പെണ്ണിനെ അടർത്തിമാറ്റത്തിരുന്നത് അവളോടുള്ള സ്നേഹംകൊണ്ട് തന്നെയാണ്… വാത്സല്യം കൊണ്ട് തന്നെയാണ്… അപ്പോഴും മുൻപോട്ട് ഇനി എന്തെന്നുള്ള ആശങ്കക്ക് ഭാനുമ്മയുടെ വാക്കുകളിൽ നിന്നുമാണ് പരിഹാരമായത്…

തന്നെ ഇത്രമേൽ സ്നേഹിക്കുന്ന അപ്പുവിനെ തഴഞ്ഞു ധ്വനിയെ സ്വീകരിക്കുന്നതിനു ആ അമ്മ എതിരു നിൽക്കുമ്പോൾ എല്ലാവരുടെയും നല്ലൊരു ജീവിതം തന്നെയായിരുന്നിരിക്കാം അവരും മുൻപിൽ കണ്ടിരുന്നത്… അച്ഛനും അമ്മയും ഭാനുമ്മയുമെല്ലാം തങ്ങളുടെ തീരുമാനം ഇന്നവിടെ നടപ്പാക്കുമ്പോൾ മറുത്തേതും പറയാതെ അനുസരിച്ചവരിൽ ധ്വനിയും അനന്ദുവും അല്ലേ പെട്ടുപോയത്??.. ഒരിക്കലും ചിന്തിക്കാത്ത രീതിയിൽ… പിരിമുറുക്കത്തിലാക്കിയ ചിന്തകളിൽ നിന്നുണരാതെ ഹരി അവയിലൊരോന്നിലും ശരിതെറ്റുകൾ ചികഞ്ഞുകൊണ്ടിരുന്നു… എപ്പോഴോ നിദ്രയെപുൽകി… അടുക്കളയിൽ നിന്നും ഉയരുന്ന പാചകത്തിന്റ ശബ്ദങ്ങൾ കേൾക്കവേ ധ്വനി നനഞ്ഞിരിക്കുന്ന മുടിയിലെ തോർത്ത്‌ മുറുക്കെ ചുറ്റിവയ്ച്ചുകൊണ്ട് അവിടേക്ക് നടന്നു… മുടികെട്ടിനിടയിലൂടെ പുറത്തേക്ക് വീണു കിടക്കുന്ന രണ്ട് മൂന്ന് മുടിയിഴത്തുമ്പുകൾ പുറം മേനിയിൽ പറ്റിപ്പിടിച്ചുകൊണ്ട് അവയിലെ ജലകണങ്ങളെ പെണ്ണിന്റെ മേനിയിലേക്ക് ഉറ്റിച്ചുകൊണ്ടിരുന്നു… ഉണർന്നിട്ടിതുവരെ പ്രിയപെട്ടവനെ കാണാത്തതിന്റെ പരിഭവം അവളുടെ കണ്ണുകളിൽ നിറയെ ശരീരത്തിനേക്കാൾ വേഗത്തിലവ അനന്ദുവിനെ തിരഞ്ഞുനീങ്ങി… പുറത്തുനിന്നും അരിച്ചിറങ്ങുന്ന വെട്ടം കണ്ണുകളിലേക്ക് അടിച്ചപ്പോഴായിരുന്നു അവൾ ഉണർന്നത്… അന്നേരവും കണ്ണുകൾ മേശയോട് ചേർന്നുകിടക്കും കസേരയിൽ പതിയുന്നതിനൊപ്പം കൈയ്കൾ കിടക്കയിൽ എന്തിനോ ആർക്കോ പരതിയിരുന്നു…

നിരാശയോടെ അവ പിൻവലിയെ രാത്രിയിൽ കണ്ണടയും നേരം വരെ എന്തൊക്കെയോ കുത്തിക്കുറിച്ചുകൊണ്ട് മീശയ്ക്കരികിൽ ഇരുന്നിരുന്ന അനന്ദുവായിരുന്നു ഉള്ളിലാകെ… അവന്റെ ഓർമ്മകൾ പോലും ചുണ്ടുകളിൽ മനോഹരമായൊരു പുഞ്ചിരി വിരിയിപ്പിച്ചിരുന്നു… സമയമൊട്ടും കളയാതെ കുളികഴിഞ്ഞു താഴെക്കിറങ്ങിയതുപോലും അവനെയൊന്നു കാണുവാനായാണ്… ഉടുത്തിരുന്ന ദാവാണിത്തുമ്പെടുത്തു അരയിൽ കുത്തിക്കൊണ്ടവൾ അടുക്കളവാതിലിൽ ചെന്നെത്തി അകത്തേയ്ക്ക് നോക്കി നിന്നു… ഒരു കള്ളിമുണ്ടും കയ്യില്ലാത്ത വെള്ളബനിയനും ഇട്ടുകൊണ്ടവൻ വിറകടുപ്പിനടുത്തേയ്ക്കും ഗ്യാസ് അടുപ്പിനടുത്തേയ്ക്കും മാറി മാറി നടന്നുകൊണ്ട് ഓരോ പണികൾ ചെയ്യുകയാണ്… ഇട്ടിരിക്കുന്ന ബനിയൻ വിയർത്തു ആ ശരീരത്തോടൊട്ടികിടക്കുന്നത് കാണെ അവന്റെ ഗന്ധം ചുറ്റും നിറയുന്നത് പെണ്ണറിഞ്ഞു… ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു… ” ഒത്തിരി ലേറ്റ് ആയോ ഞാൻ??.. ” അവനരികിലേക്ക് നടന്നുകൊണ്ട് ധ്വനി ചോദിക്കുമ്പോൾ ചെയ്തിരുന്ന പണിയിൽ നിന്നും പിന്തിരിഞ്ഞുകൊണ്ടവൻ അവളെ തന്നെ നോക്കി നിന്നു…

സീമന്തരേഖയിലെ സിന്ദൂരചുവപ്പിനാൽ ശോഭ കൂടിയ ആ മുഖത്തെ ഒന്നുകൂടെ മനോഹരമാക്കാനെന്നോണം ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി അവന്റെ കണ്ണുകളിലേക്ക് പാഞ്ഞു കയറി… പെണ്ണിന്റെ നെഞ്ചോരം ചേർന്നുകിടക്കുന്ന ആലിലത്താലി അവനെ കൊളുത്തി വലിച്ചു… ഒരു നിമിഷം അവളുടെ രൂപം കണ്ട് വിടർന്ന കണ്ണുകളെ മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് അനന്ദു പുഞ്ചിരിച്ചു… ” ഇതൊക്കെ ഞാൻ തന്നെ ചെയ്യാറ് ടീച്ചറെ… അപ്പുനെകൊണ്ട് ചെയ്യിക്കാറില്ല… കുഞ്ഞല്ലേ.. ഒത്തിരി പഠിക്കാനും കാണില്ലേ… എനിക്കാവുമ്പോ വേറെ പണിയൊന്നുമില്ലല്ലോ രാവിലെ… ” സംസാരിച്ചുകൊണ്ട് തന്നെ കറിയ്ക്കരിയുന്നവനടുത്തേയ്ക്ക് ചെന്ന് നിന്നു അവൾ… അവന്റെ ഗന്ധത്തെ ഉള്ളിൽ നിറച്ചു… ചുണ്ടിലെ പുഞ്ചിരിയിൽ പ്രണയമേറി… ” അത് മുൻപല്ലേ.. ഇനിപ്പോ ഞാൻ ചെയ്തോളാം… ” സ്നേഹത്തോടെ പറഞ്ഞുകൊണ്ടവനിൽ നിന്നും കത്തി വാങ്ങാൻ തുനിഞ്ഞുകൊണ്ട് കൈയ്കളിൽ തൊടുമ്പോൾ എന്തോ ഒരു തരിപ്പുള്ളിലേക്ക് കേറും പോലെ പെണ്ണ് തറഞ്ഞു നിന്നു.. വിരലുകളിൽ അവന്റെ ചൂട്… ” വേണ്ടന്നെ… ഇതൊന്നും എനിക്കൊരു കുഴപ്പവുമില്ല ടീച്ചറേ…

ടീച്ചർക്ക് ബുദ്ധിമുട്ടില്ലേൽ നാളെ തൊട്ട് മുറ്റമൊന്നു തൂത്തിടാമോ.??.. അതപ്പുവാ ചെയ്യാറ്… ഞാൻ ചെയ്യാൻ നിന്നാൽ ഒത്തിരി നേരമെടുക്കും… അതോണ്ടാ… ” തെല്ലൊരു മടിയോടവൻ പറഞ്ഞു നിർത്തുമ്പോൾ ആ പെണ്ണവനെ തന്നെ നോക്കി നിന്നു… ആ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങാൻ ഉള്ളം വെമ്പി… ” ഞാൻ… ഞാൻ ചെയ്തോളാം.. ” വാക്കുകളിലെ വിറയൽ ഉള്ളിലെ പ്രണയത്തിരയിളക്കമായിരുന്നു… അവനൊന്നു പുഞ്ചിരിച്ചുകൊണ്ട് പണികൾ തുടർന്നു… ” സോറി അനന്ദു… എണീക്കാൻ ഒത്തിരി വൈകി… ഒറ്റക്ക് ചെയ്യണ്ട ഇതൊന്നും… നമുക്ക്… ഇനിമുതൽ ഇതൊക്കെ നമുക്കൊന്നിച്ചു ചെയ്തൂടെ… ” തന്റെ മുഖത്തേക്കുറ്റുനോക്കി ചോദിക്കുന്ന പെണ്ണിനോടായവൻ പുഞ്ചിരിച്ചു… അതവളിലും പുഞ്ചിരി വിരിയിക്കെ ഇരുവരും സ്വയം മറന്നുകൊണ്ടൊരു നിമിഷം കണ്ണുകളിൽ തന്നെ നോക്കി നിന്നു… തെല്ലൊരു വെപ്രാളത്തോടെ കണ്ണുകൾ പിൻവലിച്ചുകൊണ്ടവൻ വിറകടുപ്പിലെ തിളയ്ക്കുന്ന വെള്ളത്തിലേക്ക് കഴുകിയ അരിയുമായി നീങ്ങവേ പുഞ്ചിരിച്ചുകൊണ്ട് ധ്വനി അവൻ പാതി ചെയ്തുവച്ച പണി ഏറ്റെടുത്തു… ” നിന്റെ സാമീപ്യം എന്നെ തളർത്തുന്നതറിയുന്നോ അനന്ദു???…

ഈ പെണ്ണ് ഉള്ളിൽ അടക്കി നിർത്തുന്ന പ്രണയത്തിനാഴം അറിയുമോ??… ഓരോ വട്ടം അതെ ആഴം നിന്റെ കണ്ണുകളിൽ തിരയുകയാണ് ഞാൻ… അതെ പ്രണയത്തിരയിളക്കം… നിക്ക്… നിക്ക് അത് നിന്റെ കണ്ണുകളിൽ കാണണം… അത്രമേൽ ആഴത്തിൽ നിന്റെ പ്രണയത്തിൽ മുങ്ങണം… ആ നെഞ്ചോട് ചേരണം…. ” വലതുകാൽ വലിച്ചുവച്ചു നടന്നുകൊണ്ട് പിന്നെയും ഓരോന്ന് ചെയ്യുന്നവനിൽ തന്നെ ശ്രദ്ധചെലുത്തി ധ്വനി ഉള്ളിൽ പറഞ്ഞുകൊണ്ടിരുന്നു… രാവിലെ തിരക്കിട്ട് അടുക്കളയിലെന്തോ ചെയ്തുകൊണ്ടിരിക്കുന്ന ഭാനുമതിയുടെ അടുത്ത് ചിണുങ്ങിക്കൊണ്ട് നിൽക്കുകയായിരുന്നു ദേവൂട്ടി… രാവിലെ തന്നെ അനന്ദുവിന്റെ വീട്ടിലേക്ക് ധ്വനിയെ കാണാൻ പോവാനുള്ള അനുവാദത്തിനായാണ് പെണ്ണിന്റെ നിൽപ്പ്… പലവട്ടം ഇപ്പോൾ പോവണ്ടെന്നു പറഞ്ഞിട്ടും പിന്നെയും അമ്മയുടെ പിന്നാലെ തന്നെ നടന്നുകൊണ്ടവൾ കെഞ്ചിക്കൊണ്ടിരിക്കെയാണ് കോളിങ് ബെൽ മുഴങ്ങിയത്… അമ്മയോടുള്ള പിണക്കത്തിൽ മുഖം കേറ്റിപിടിച്ചുകൊണ്ടവൾ വാതിൽ തുറന്നു പുറത്തേയ്ക്ക് തലയിട്ട് നോക്കിയതും കണ്ണുകൾ അവനിൽ ഉടക്കി നിന്നു…

” ഭരതേട്ടൻ ” വീർപ്പിച്ചു പിടിച്ച കുഞ്ഞുമുഖത്തോടെ കണ്ണുകൾ കൂർപ്പിച്ചുകൊണ്ട് വാതിൽ തുറന്ന പെണ്ണിനെ തന്നെ നോക്കി തറഞ്ഞു നിൽക്കുകയായിരുന്നു ഭരത്… മാസങ്ങൾക്കുശേഷം തന്റെ ജീവനായവളെ കണ്മുൻപിൽ കാണുമ്പോൾ അവളുടെ മുഖത്തെ കുട്ടിത്തത്തിൽ സ്വയംഅലിഞ്ഞുകൊണ്ട് ശ്വാസം പോലുമെടുക്കാൻ മറന്നവൻ നിന്നു… തന്റെ പ്രണയം… തന്നെ കാണുമ്പോഴേക്കും ഓടി വന്നു നെഞ്ചിൽ ചേരുമെന്ന് കരുതിയ പെണ്ണ് തുറന്നുപിടിച്ച വാതിൽപാളിയിൽ ഒന്നിൽ പിടിമുറുക്കി നിശ്ചലയായി നിൽക്കുന്നത് അവനെ നോവിച്ചു… അവളെ കണ്ടതും വിടർന്ന ഭരതിന്റെ കണ്ണുകളിൽ ആ വേദന തെളിഞ്ഞു.. ” ദേവൂട്ടി… ” അവനൊന്നു പുഞ്ചിരിച്ചുകൊണ്ട് വിളിക്കവേ പെണ്ണ് ഞെട്ടി അവനെ തന്നെ പിന്നെയും നോക്കി നിന്നു… ചുണ്ടിൽ പതിയെ പുഞ്ചിരി വിരിയിച്ചു… ” ഏട്ടൻ… ഏട്ടനെങ്ങനെ ഇവിടെ??.. ” വാക്കുകൾ ഇടറിയെങ്കിലും അവനോട് എങ്ങനെയോ പെണ്ണ് ചോദിക്കുമ്പോൾ തനിക്കു മുൻപിലുള്ള ദേവൂട്ടി മറ്റാരോ ആണെന്ന് തോന്നിപോവുകയായിരുന്നു ഭരതിന്…

അത്രമേൽ മാറ്റം അവളുടെ വാക്കുകളിൽ പോലും… വേദനയോടെ മറുപടി പറയാനായുമ്പോഴേക്കും അകത്തു നിന്നും വന്ന ഭാനു അവനെ ഇറുക്കെ പുണർന്നിരുന്നു… ” ഞാൻ വിചാരിച്ചു അമ്മായിക്ക് ദേഷ്യമായിരിക്കുമെന്ന്…” അവനും അവരെ മുറുക്കെ കെട്ടിപിടിച്ചുകൊണ്ട് പറയവേ ഭാനു അവന്റെ കവിളിൽ തലോടി… ” ദേഷ്യല്ല… പരിഭവമാണ്… ഇതുവരെ ഇങ്ങോട്ട് വരാഞ്ഞതിൽ… ” ഭഗതിനെയും കൊണ്ട് അകത്തേയ്ക്കുനടക്കുന്നതിനൊപ്പം ഇത്രനാളത്തേയും വിശേഷങ്ങൾ ഓരോന്നും അവനോട് ചോദിക്കുകയും പറയുകയും ചെയ്യുകയായിരുന്നു ഭാനുമതി.. സംസാരത്തിൽ ഭാർഗവനും ഗീതയും ഭഗതും കടന്നു വരികയും അവൻ വീട് വിട്ട് ഇറങ്ങി പാലക്കാട്ടൊരു ജോലിക്ക് കയറിയ കാര്യം പറയുകയും ചെയ്യുമ്പോഴും അടുക്കളവാതിലിൽ തൂങ്ങി നിൽക്കുക തന്നെയായിരുന്നു ദേവൂട്ടി… അവന്റെ ഓരോ വാക്കുകളും ശ്രദ്ധിക്കുന്നുണ്ടെങ്കിൽ കൂടി അവനടുത്തേയ്ക്ക് പോവാൻ എന്തോ ഒരു തടസ്സം പോലെ തോന്നുകയായിരുന്നു പെണ്ണിന്… എന്തൊക്കെയോ വെപ്രാളം പോലെ… അവരുടെ സംസാരത്തിൽ ധ്വനിയും അവളുടെ വിവാഹവും കടന്നുവരുമ്പോൾ അനന്ദുവിനെ കുറിച്ചുള്ള കാര്യങ്ങളെല്ലാം തന്നെ ഭാനു ഭരതിനോട് പറഞ്ഞിരുന്നു… ഒപ്പം ധ്വനിക്ക് അവനോട് തോന്നിയ താല്പര്യവും…

ഭരതിനെപ്പോലെ തന്നെ ദേവൂട്ടിയും അതിശയത്തോടെയാണ് ചേച്ചിക്ക് അനന്ദുവിനെ ഇഷ്ടമായിരുന്നെന്നു കേട്ടറിഞ്ഞത്… അതവളിൽ ഉണ്ടാക്കിയ സന്തോഷം ചെറുതൊന്നുമല്ലായിരുന്നു… ചേച്ചിയുടെ താല്പര്യമില്ലാതെ പെട്ടന്ന് അനന്ദുവിനെക്കൊണ്ട് താലികെട്ടിച്ചതിൽ ഉള്ളിൽ നല്ല വിഷമവുമായാണ് ഇതുവരെ ദേവു നടന്നിരുന്നത്… അവളുടെ ധച്ചേച്ചിയുടെ പ്രണയം തന്നെയാണ് സ്വന്തമായതെന്നു ഓർക്കും നേരം പെണ്ണിന്റെ ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയായിരുന്നു.. അവളിലേക്ക് പാറി വീഴുന്ന ഭരതിന്റെ കണ്ണുകൾക്ക് ആ പുഞ്ചിരി വല്ലാത്തൊരു സന്തോഷം തന്നെയായിരുന്നു നൽകിയത്… ഹരിയുമായുള്ള താലിക്കെട്ട് മുടങ്ങുമ്പോൾ ധ്വനിയുടെ ഇഷ്ടം അറിഞ്ഞുകൊണ്ട് തന്നെ അനന്ദുവിന്റേൽ അവളെ കൈപിടിച്ചേൽപ്പിച്ചതും എല്ലാമെല്ലാം ആ അമ്മ ഭരതിനോട് പറയവേ ദേവൂട്ടിയും ഓർത്തെടുക്കുകയായിരുന്നു അന്നത്തെ ദിവസത്തെ കാര്യങ്ങൾ… ഇടക്കെപ്പോഴോ കണ്ണുകൾ ഭരതിലേക്ക് നീങ്ങുമ്പോൾ അവന്റെ കണ്ണുകളുമായി അവ കോർത്തിരുന്നു… വേർപിരിക്കാനാവാത്ത വിധം ഗാഢമായവ കെട്ടുപിടിയുന്നത് വല്ലാത്തൊരു കൗതുകത്തോടെ ദേവൂട്ടിയും തിരിച്ചറിഞ്ഞു…

അതവളിൽ നിറച്ചിരുന്ന വികാരങ്ങളാൽ പെണ്ണിന്റെ കവിളുകൾ ചുവന്നുവന്നു… അന്നൊരു ദിവസം അവർക്കൊപ്പം കൂടാൻ ഭരതിനെ ഭാനുമതി നിർബന്ധിക്കുമ്പോഴും അവരിൽ നിന്നും മാറി നിൽക്കുകയായിരുന്നു ദേവു.. അവളുടെ അകൽച്ച അവനെ വല്ലാതെ വേദനിപ്പിക്കുണ്ടായിരുന്നെങ്കിലും പുറമെ ഒന്നും കാണിക്കാതിരിക്കാനും അവളെ കൂടുതൽ ശല്യപെടുത്താതിരിക്കാനും അവൻ ശ്രമിച്ചു… ഒരുപരിധി വരെ അതിൽ വിജയിച്ചുകൊണ്ട് കണ്ണുകൾ അവളിലേക്ക് പായുന്നതവൻ പലപ്പോഴും തടഞ്ഞു… അപ്പോഴും പെണ്ണിന്റെ കണ്ണുകൾ അവനിലേക്ക് തന്നെ തെല്ലൊരു പരിഭവത്തോടെ എത്തിയിരുന്നു… രാവിലെ ഉറക്കമുണർന്നു ഹരി കിടക്കയിൽ തന്നെ കമഴ്ന്നു കിടന്നു… ഓരോന്ന് ആലോചിച്ച് ആലോചിച്ച് ഏതോ ഒരു നേരത്താണ് രാത്രി ഉറങ്ങിയത്… അതുകൊണ്ട് തന്നെ തലവെട്ടിപൊളിയും പോലെ വേദന തോന്നുകയായിരുന്നു അവനു… കുറച്ച് നേരം കൂടി അതേപടി കണ്ണുകളടച്ചു കിടക്കുംനേരം മുറിയുടെ വാതിൽ തുറന്നുവരുന്ന പാദസര കിലുക്കം അവന്റെ കാതുകളെ പുണർന്നു… അടുത്തടുത്തു വരുന്ന ആ സ്വരത്തോടൊപ്പം ചന്ദനത്തിന്റെ ഗന്ധവും മുറിയിൽ നിറയെ അതിനുടമയെ തിരിച്ചറിയാൻ അവനു ബുദ്ധിമുട്ടേണ്ടി വന്നില്ല…

കയ്യിലുള്ള കട്ടൻകാപ്പിയുടെ ഗ്ലാസ്സ് തൊട്ടടുത്തുള്ള ടേബിളിൽ വച്ചുകൊണ്ട് അപ്പു ഹരിയുടെ അടുത്തേയ്ക്ക് ചെന്ന് കട്ടിലിലായിരുന്നു… കുറച്ചുനേരം അവനെ തന്നെ നോക്കിയിരുന്നുകൊണ്ട് പതിയെ അവന്റെ തലമുടിയിൽ കൂടി വിരലോടിക്കുമ്പോൾ കൈയ്കൾ വിറയ്ക്കുന്നതിനോടൊപ്പം കണ്ണുകളും പെയ്തിരുന്നു… ” അപ്പു ചെയ്തത് തെറ്റായിരിക്കും ഹരിയേട്ടാ… അല്ല.. തെറ്റ് തന്നെയാണ്… പക്ഷെ അന്നേരം അതായിരുന്നു ന്റെ ഏറ്റവും വലിയ ശരി… എന്നേലും ഹരിയേട്ടന് മനസ്സിലാവും എന്തുക്കൊണ്ട് ആ ഒരു തെറ്റ്‌ അപ്പുവിന് ശരിയായി മാറിയതെന്ന്… നിങ്ങളെ അപ്പു എത്രയേറെ പ്രണയിക്കുന്നുണ്ടെന്ന്… ” മൗനമായ് മൊഴിഞ്ഞുകൊണ്ടവൾ മുഖം അമർത്തി തുടച്ചു… തലയിൽ പതിഞ്ഞ തണുത്ത കൈയ്കളുടെ തലോടൽ നിലക്കും നേരം ഹരി പതിയെ കണ്ണുകൾ തുറന്നുകൊണ്ട് നടന്നു നീങ്ങുന്ന പെണ്ണിനെ തന്നെ നോക്കി കിടന്നു… അവളുടെ അഴിച്ചിട്ടിരുന്ന മുടിത്തുമ്പിൽ നിന്നും വെള്ളം ഇറ്റു വീഴുന്നുണ്ടായിരുന്നു… ഒന്നിച്ചുള്ള രാവിലത്തെ ചായ കുടിയും കഴിഞ്ഞുകൊണ്ട് മുകളിൽ അവനായി നൽകിയ ഒരു മുറിയിൽ ഫ്രഷ് ആവാൻ കയറിയതായിരുന്നു ഭരത്…

മുറിയിലെ ജനാല തുറന്നിട്ടുകൊണ്ട് കമ്പിയിൽ മുറുക്കെ പിടിച്ചു ഉള്ളിലെ നോവിനെ ഓരോന്നായി ഓർത്തെടുത്തു താലോലിക്കുമ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞു വന്നിരുന്നു… അത്രമേൽ ആഗ്രഹത്തോടെ മാസങ്ങൾക്കിപ്പുറം പെണ്ണിനെ കാണാൻ ഓടി വന്നിട്ടും അവളുടെ പ്രതികരണം അവനെ തളർത്താനാവുന്നതായിരുന്നു… പ്രണയിച്ചില്ലെങ്കിലും സ്നേഹത്തോടെ ഏട്ടന്റെ ചൂടിൽ പതുങ്ങിക്കൊണ്ടവൾ ചേർന്ന് നിൽക്കുമെന്ന് വെറുതെ മോഹിച്ചു… ഉള്ളിലുള്ള മോഹങ്ങളെല്ലാം വെറും പാഴ്കിനാവുകൾ മാത്രം ആവുകയാണെന്നവന് തോന്നി… അവന്റെ ദേവൂട്ടിയിൽ നിന്നും ഇന്നവൻ ഒരുപാടൊരുപാട് ദൂരെ നിൽക്കും പോലെ… മാസങ്ങൾക്കൊണ്ട് അവളിൽ ഇത്രയേറെ മാറ്റം… അവനൊന്നു കണ്ണുകളടച്ചുകൊണ്ട് പെണ്ണിന്റെ കുഞ്ഞുമുഖം ഉള്ളിൽ നിറച്ചു… വയറിലൂടെ ചുറ്റിയ കൈയ്കളുടെ മുറുക്കം തിരിച്ചറിഞ്ഞുകൊണ്ടവൻ ഞെട്ടിപിടഞ്ഞു കണ്ണുകൾ തുറക്കുമ്പോഴേക്കും ദേവൂട്ടി അവന്റെ പുറത്തേക്ക് അമർന്നുകഴിഞ്ഞിരുന്നു…. നടന്നതെന്തെന്ന് മനസിലാവും മുൻപേ തന്നെ പെണ്ണിന്റെ ഏന്തലും കണ്ണുനീരിന്റെ ചൂടും അവനിലേക്കെത്തി…

വയറിൽ ചുറ്റിയ കൈയ്കളെ ബലമായി വിടുവിച്ചുകൊണ്ടവൻ അവൾക്ക് അഭിമുഖമായി നിൽക്കുമ്പോൾ പെണ്ണവനെ പിന്നെയും മുറുക്കെ പുണർന്നുകൊണ്ട് അവനിലേക്ക് ചേർന്നിരുന്നു… ” എവിടായിരുന്നു???… ഇത്രേം… ഇത്രേംന്നാൾ എവിടായിരുന്നു??.. ” ഏന്തലുകൾക്കിടയിലും അവളുടെ സ്വരം അവനിലേക്കെത്തുമ്പോൾ വാത്സല്യമേറുകയായിരുന്നു അവളോട്… ” അതെന്താ ദേവൂട്ടി ഭരതേട്ടനും സ്വന്തംകാലിൽ ജീവിച്ചുകാണിക്കണ്ടേ.. അതിനുള്ള ഓട്ടപാച്ചിലിൽ ആയിരുന്നു വാവേ… ” പതിയെ പെണ്ണിന്റെ തലയിൽ തഴുകികൊണ്ടവൻ സംസാരിക്കുമ്പോൾ പണ്ടത്തെ ഭരതും ദേവൂട്ടിയുമായവർ മാറുംപോലെ അവനു തോന്നി… പെണ്ണിന്റെ കൈയ്കളുടെ മുറുക്കം കൂടി… ” ദേവൂട്ടീനെ കാണാൻ തോന്നീലേ ഇതുവരെ??.. ” പതിയെ മുഖമുയർത്തി അവനെ നോക്കി ചോദിക്കുമ്പോൾ പെണ്ണിന്റെ ചുണ്ടുകളിലെ പരിഭവം നോക്കിയവൻ നിന്നു… അവളവന്റെ ജീവനാണെന്ന് പറയാൻ തോന്നി… കണ്ണിലും ഉള്ളിലും അവളെ മാത്രം നിറച്ചുകൊണ്ട് ഈ നിമിഷം വരെ ജീവിച്ചതെന്നു വിളിച്ചു പറയാൻ തോന്നിയവന്… ഈ ഒരു സ്നേഹംപോലും നഷ്ടപ്പെടുമോ എന്നുള്ള ഭയം വാക്കുകളെ വിഴുങ്ങി…

” നിക്ക് എപ്പോഴും തോന്നി… ഏട്ടനെ കാണാൻ… ഈ നെഞ്ചിൽ ചേരാൻ… ഇറുക്കെ കെട്ടിപ്പിടിക്കാൻ… ദേവൂന്റെയല്ലേ… അതല്ലേ.. അതല്ലേ നിക്ക് അങ്ങനെ ഒക്കെ… ന്നിട്ട് ഇപ്പൊ കണ്ടപ്പോഴോ അടുക്കാൻ പറ്റണില്ല… ന്തോ… ന്തോപോലെ… നിക്കറിഞ്ഞൂടാ…. ഇപ്പൊ ന്നോടൊന്നും മിണ്ടാതിങ്ങു പോന്നപ്പോ നെഞ്ചു വിങ്ങാ ദേവൂന്… അതാ… അതാ വന്നെ… ” ചിണുങ്ങിയും മുഖം വീർപ്പിച്ചും ഇടക്ക് ദയനീയമായി നോക്കിയും പറയുന്ന പെണ്ണവന്റെ ഹൃദയത്തിലേക്ക് നേരിട്ടിറങ്ങുകയായിരുന്നു… അവളുടെ തുടുത്ത മുഖത്തു ഇത്രയും നാൽ കണ്ടിരുന്നതിൽ നിന്നും വ്യത്യസ്തമായൊരു ഭാവം കാണുകയായിരുന്നവൻ… മറ്റെല്ലാം മറന്നുകൊണ്ടവൻ അവളുടെ കുഞ്ഞുമുഖം ഇരു കൈയിലും കോരിയെടുത്തുയർത്തുമ്പോൾ വിറയലാർന്ന പെണ്ണിന്റെ അധരങ്ങൾ അവനെ അടുപ്പിക്കുകയായിരുന്നു… അവനിൽ മുറുകിയ പെണ്ണിന്റെ കൈയ്കൾ അവൾക്കുള്ളിലെ മാറ്റങ്ങൾ വെളിവാക്കുമ്പോൾ ആദ്യമായവൻ പ്രണയത്തോടെ അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു……………..  (തുടരും)…..

തോളോട് തോൾ ചേർന്ന്: ഭാഗം 10

മുഴുവൻ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story