തോളോട് തോൾ ചേർന്ന്: ഭാഗം 12

തോളോട് തോൾ ചേർന്ന്: ഭാഗം 12

എഴുത്തുകാരി: ജിച്ചന്റെ കാവു

” ധച്ചേച്ചിക്ക് കുഞ്ഞേട്ടനെ എന്ത് ഇഷ്ടാന്നോ… ഏട്ടനറിയോ അത്??… അപ്പു… അപ്പു കേട്ടതാ..” അനന്ദുവിന്റെ മടിയിൽ തലവച്ചുകിടന്നുകൊണ്ട് അപ്പു പറയുമ്പോൾ അവളുടെ തലയിൽ തഴുകിയിരുന്ന അവന്റെ കൈയ്കൾ ഒന്ന് നിശ്ചലമായി… എങ്ങോ പതിപ്പിച്ചിരുന്ന അവന്റെ കണ്ണുകൾ അപ്പുവിലേക്ക് നീളുമ്പോൾ അവളവന്റെ കൈയിൽ മുറുക്കെ പിടിച്ചു… “..ഹരിയേട്ടന്റെ കല്യാണം ഉറപ്പിച്ചപ്പോ എല്ലാം മറക്കാൻ നോക്കീതാ ഏട്ടാ… തലേന്ന് ചത്തുപോവാൻ വരെ തോന്നി… പിറ്റേ ദിവസം തൊട്ട് ന്റെ ഹരിയേട്ടൻ… വേറെ ഒരാൾക്ക് സ്വന്തം ന്ന് ഓർക്കാൻ കൂടെ പറ്റീല… ധച്ചേച്ചിയോട് പറഞ്ഞാലൊന്ന് ആദ്യം തോന്നീത്… അവിടെ ചടങ്ങുകൾ കഴിഞ്ഞ് ചേച്ചിയെ പിന്നെ എത്ര നോക്കീട്ടും കണ്ടില്ല… ആകെ ഭ്രാന്ത് പിടിക്കുംപോലെ… മുറിയിൽ വന്നുകിടന്നു കൊറേ കരഞ്ഞു… കുഞ്ഞേട്ടനോട് പറയാന്നു കരുതി അപ്പു ഓടി വരുമ്പോ ഏട്ടനും ഇല്ല…

പക്ഷെ ഏട്ടന്റെ മനസ്സ് കണ്ടു അപ്പു… അവിടെ… ആ പുസ്തകങ്ങൾക്കിടയിൽ… നിറംമങ്ങിയ ഏടുകളിൽ ന്റെ ഏട്ടന്റെ ഇഷ്ടങ്ങളും ഉള്ളിലെ പ്രണയവും… ” കണ്ണുകളടച്ചുകിടന്നുകൊണ്ട് തന്നെ തന്റെ വലതുകയ്യിൽ മുറുക്കെ പിടിച്ചു പറയുന്ന അപ്പുവിനെ അനന്ദു ഞെട്ടലോടെ നോക്കി… കണ്ണുകൾ മേശയിലെ പുസ്തകക്കൂട്ടത്തിലേക്ക് നീണ്ടു…ഹൃദയമിടിപ്പിന്റെ വേഗത വർദ്ധിക്കുമ്പോൾ പ്രണയത്തോടെ കുത്തിക്കുറിച്ച ഓരോ വാചകങ്ങളും ഉള്ളിലേക്കെത്തി… ” ന്നെപ്പോലെ… ന്റെ കുഞ്ഞേട്ടനും ഉള്ളിൽ കരഞ്ഞുകൊണ്ട് ചിരിക്കായിരുന്നെന്ന് ഓർത്തപ്പോ…. സഹിക്കാൻ പറ്റീല… ഭ്രാന്ത് കേറി… കുഞ്ഞേട്ടനെ തിരഞ്ഞു ആ രാത്രിയിൽ കൊറേ നടന്നു… ധചേച്ചീടെ വീടിന്റെ പുറകിലൊട്ടിറങ്ങീപ്പോ ഭാനുമ്മയെ കെട്ടിപിടിച്ചുകൊണ്ട് ചേച്ചി…. കുഞ്ഞേട്ടനറിയോ… ആ പാവം… ഏട്ടനെ… ഇഷ്ടമാണെന്ന് പറഞ്ഞു കരയായിരുന്നു…. എന്തോറം പറഞ്ഞെന്നോ… അതിനു ജീവനാ ഏട്ടാ നിങ്ങളെ… അന്നേരം… അന്നേരം എനിക്കെന്താ തോന്നീത്… സങ്കടാണോ… സന്തോഷാണോ…

അറിയില്ല… എന്തോ… ഒന്നും ചെയ്യാൻ പറ്റാതെ പിന്നേം പിന്നേം തളർന്നു പോവും പോലെ… മറക്കാൻ ശ്രമിച്ച മുഖവും ആഗ്രഹങ്ങളും ഉള്ളിൽ നിറയായിരുന്നു അപ്പൊ… ഏട്ടനെ അത്രേം സ്നേഹിച്ചുകൊണ്ട് ധച്ചേച്ചി ഹരിയേട്ടന്റെ താലിക്ക് കഴുത്തു നീട്ടില്ലെന്ന് ഉറപ്പിച്ചു… പിന്നേം പ്രേതീക്ഷിച്ചു അപ്പു… അവസാനം താലി കെട്ടാൻ മണ്ഡപത്തിൽ നിക്കുന്നവരെ… അന്നേരം വരെ…. ” അവളവന്റെ കൈയ്കൾ കൂട്ടിപിടിച്ചുകൊണ്ട് അതിലേക്ക് മുഖമമർത്തി കരഞ്ഞു… ഉള്ളിൽ പിടിച്ചു നിർത്തിയിരിക്കുന്ന സങ്കടങ്ങൾ കണ്ണീരിൽ ഒഴുക്കി തീർക്കാൻ ശ്രമം നടത്തി… ഏട്ടന്റെ ചൂടിലേക്ക് അവൾ പതുങ്ങി കൂടുമ്പോൾ ഉള്ളിലിട്ട് കുഴിച്ചുമൂടാൻ ശ്രമിച്ചു പരാജയപെടുന്ന പ്രണയത്തിന്റെ കരവലയങ്ങൾ അവനെ ചുറ്റി വരിഞ്ഞുക്കൊണ്ടിരിക്കുകയായിരുന്നു…. ഓർമ്മ വച്ച കാലം മുതൽ ഇന്നേവരെ സഹതാപവും അവക്ജയും വെറുപ്പുമല്ലാതെ മറ്റൊന്നും തനിക്കു നേരെ വന്നിരുന്ന ഓരോ നോട്ടങ്ങളിലും തെളിഞ്ഞിരുന്നില്ല… അമ്മയും ഏട്ടനും തുടങ്ങി തൊട്ടടുത്തു നിൽക്കുന്ന ചില മുഖങ്ങളിൽ മാത്രമായിരുന്നു സ്നേഹത്തിന്റെ വാത്സല്യത്തിന്റെ പുഞ്ചിരി തനിക്കായി വിരിഞ്ഞിരുന്നത്…

അവരെയെല്ലാം അത്രയും സ്നേഹത്തോടെ നെഞ്ചോരം ചേർത്തുപിടിക്കുമ്പോഴും ഓരോരുത്തർക്കും അത്രമേൽ പ്രാധാന്യമേറിയ സ്ഥാനങ്ങളും ഉള്ളം കല്പിച്ചിരുന്നു… വർഷങ്ങൾക്കിപ്പുറം അമ്മയുടെ മുഖത്തെന്നപോലെ സ്നേഹം നിറഞ്ഞ പുഞ്ചിരിയും വാത്സല്യം തുളുമ്പും കണ്ണുകളുമായി ഒരു പ്രഭാതത്തിൽ തന്നിലേക്കെത്തിയതാണവൾ… ദേവ ധ്വനി… അതുവരെ കണ്ടുമടുത്ത സഹതാപം നിറഞ്ഞ നോട്ടങ്ങളെയും ഉള്ളിനെ നോവിക്കുന്ന അറപ്പ് വിളിച്ചോതും മുഖഭാവങ്ങളെയും തോൽപ്പിച്ചുകൊണ്ട് ഒരൊറ്റ നോട്ടത്തിൽ തന്നിലെ ആഴങ്ങളിലേക്കവൾ ഇറങ്ങി വരുന്നത് തെല്ലൊരു അത്ഭുതത്തോടെയാണ് അന്ന് നോക്കിക്കണ്ടത്… ഇളവെയിലേറ്റ് തിളങ്ങും മഞ്ഞിൻകണം പോലൊരു പെണ്ണ്… മുകളിൽ നിന്നും പടർന്നിറങ്ങും ആലിന്റെ വേരുകൾക്കിടയിൽ വേറിട്ടുനിന്നൊരു ദേവത… വാത്സല്യം തൂവും മുഖവുമായി തന്നിലേക്ക് നീളും മിഴിമുനയോടെ… ശ്വാസം പോലും വിലങ്ങിപ്പോയ ആ നിമിഷത്തിൽ കിതപ്പ് കൂടുവന്നത് പടികൾ ഇറങ്ങി വന്നത്തിന്റെ മാത്രമായിരുന്നില്ല… അവളിലേക്കടുക്കുവാൻ ശ്രമിക്കുന്ന ഹൃദയത്തിന്റെ പിടച്ചിൽ കൂടെയായിരുന്നത്… അന്നാ ആൽമരതണലിൽവെച്ചവളെ പരിചയപെടുമ്പോൾ ഇത്രത്തോളം അവളിലെക്കടുപ്പിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്ന് തിരിച്ചറിയാനാവുന്നില്ലായിരുന്നു…

ആ മുഖത്ത് തെളിഞ്ഞു നിന്ന പുഞ്ചിരിയോ??.. അതോ സ്നേഹമോ??.. അതോ കൊതിതീരും മുന്നേ പണ്ടെന്നോ നഷ്ടമായ വാത്സല്യമോ??… മിതമായ വാക്കുകൾക്കൊപ്പം പുഞ്ചിരിയാൽ സംസാരിക്കുന്ന പെണ്ണിന്റെ താടിച്ചുഴി ചുണ്ടുകളെക്കാൾ മനോഹരമായ ചിരി പൊഴിക്കുന്നു… ഒരു നിമിഷം ആ ചുഴിയിൽ പെട്ട് മനം ഉഴറിനടക്കുമ്പോൾ കാതുകളിൽ പണ്ടുമുതലേ കേട്ടു പരിചയമാർന്ന വാക്കുകൾ ഉയർന്നിരുന്നു… “…ഒന്നരക്കാലൻ…” “….ഞൊണ്ടികാലൻ….” “…. അപശകുനം…..” ഒളിച്ചും പാത്തും പലപ്പോഴൊക്കെ ഉച്ചത്തിൽ കളിയാക്കിയും പലരും ചാർത്തികൊടുത്ത പേരുകളിൽ ചിലത്…. കാതിൽ മുഴങ്ങിയ വാക്കുകൾക്കൊപ്പം കണ്മുന്നിലെന്നപോലെ നെഞ്ചം പൊള്ളിച്ചിരുന്ന ഓർമകളും കടന്നു പോകവേ ചുണ്ടിലെ പുഞ്ചിരിയിൽ ഉള്ളിലെ സംഘർഷങ്ങൾ മറച്ചു… കാന്തികശക്തിയിൽ അവളിലേക്കടുക്കുന്ന കണ്ണുകളെ തടഞ്ഞു നിർത്തി… ഓരോ തവണ അവളുടെ സാമീപ്യം തളർത്തുമ്പോഴും ഹൃദയം അവൾക്കായി മാത്രം കേഴുമ്പോഴും ഉള്ളിൽ മൊട്ടിടാൻ വെമ്പുന്ന മോഹത്തെ എല്ലാത്തരത്തിലും അടക്കി നിർത്തിക്കൊണ്ടിരുന്നു… അവളുടെ ജീവിതം ഒന്നരക്കാലന്റെ കൈയിൽ ഉടഞ്ഞുപോവരുതെന്നു തന്നെ തന്നെ പറഞ്ഞുപഠിപ്പിച്ചു…

മനസ്സിൽ അവൾ നിറയും നേരം സ്വയം കാലുകളിലേക്ക് നോക്കിയിരുന്നുകൊണ്ട് വേദനയോടെ അവളെ മായ്ക്കാൻ ശ്രമിച്ചു… ഇടതുപാദത്തിന്റെ കളിയാക്കൽ ഏറ്റുവാങ്ങിക്കൊണ്ട് വലതുപാദം അന്നേരം സങ്കടം എണ്ണിപറഞ്ഞു… എന്തിന്നെന്നോ എന്തുകൊണ്ടെന്നോ അറിയില്ല…. ഹൃദയം അവളുടെ പേരും ചൊല്ലി മിടിക്കുന്നതറിഞ്ഞു… മറക്കാൻ ശ്രമിക്കുംതോറും ആഴത്തിൽ ഉള്ളിലവൾ പടരുന്നതറിഞ്ഞു…. കണ്ണുകൾ അവൾക്കായി തേടി നടക്കുംപോലെ… എന്തിനേറെ… ഇടതുകാലിനാൽ ക്രൂശിക്കപ്പെടുന്ന വലതു പാദം പോലും അവളിലേക്ക് അടുക്കുവാൻ വേദന സഹിച്ചും മുന്നോട്ട് ആയുന്നു… എന്നിട്ടും… എന്നിട്ടും ഈ അനന്ദുവിനു മാത്രം കഴിഞ്ഞില്ല…. പകലെല്ലാം ചുണ്ടിലെ പുഞ്ചിരിയിൽ ഉള്ളിനെ ഒളിപ്പിക്കുന്നവൻ രാത്രികളിൽ അടക്കി നിർത്തും സ്വപ്നങ്ങളെ തുറന്ന് വിട്ടുകൊണ്ടിരുന്നു… നിറം മങ്ങിയ പുസ്തകത്താളുകളിൽ കരിനീല മഷിയാൽ പ്രണയം വരച്ചു… ഉള്ളിലെ മോഹങ്ങൾ നിറച്ചു… ഒരിക്കലും നടക്കില്ലെന്നറിഞ്ഞിട്ടും നിലാവിനെയും നക്ഷത്രങ്ങളെലും സാക്ഷിയാക്കി പാഴ്മോഹങ്ങൾ നെയ്തുകൂട്ടി… വെറുതെ… തനിക്കവളൊരു ചെമ്പനീർപൂവായിരുന്നു… ചുറ്റും മുള്ളുകളാൽ ചുറ്റപ്പെട്ടൊരു സുന്ദരിപൂവ്… മുറിവുകൾ ഏറ്റുവാങ്ങിക്കൊണ്ടവളെ സ്വന്തമാക്കി പൊഴിയിക്കുന്നതിലും ദൂരെ നിന്നവളുടെ സുഗന്ധം ആസ്വദിക്കുന്നതിൽ ഹൃദയത്തെ തളച്ചിട്ടു…. ഹൃദയം നുറുങ്ങും വേദനയിൽ അവളോടുള്ള ഹരിമാഷിന്റെ പ്രണയം തിരിച്ചറിഞ്ഞു… ഉള്ളിലെ പെണ്ണിന്റെ മുഖത്തെ മനഃപൂർവം മങ്ങലേൽപ്പിച്ചുകൊണ്ടിരുന്നു…

അവളുടെ കണ്ണുകളിലെ നോവും മുഖത്തെ വാട്ടവും പലവട്ടം നെഞ്ചിനെ വരിഞ്ഞുമുറുക്കി… ഇഷ്ടമാണെന്നവൾ പറയാതെ പറയും നേരം തന്റെ കുറവുകൾ…. പരിഹാസങ്ങൾ… ആക്ഷേപങ്ങൾ.. എല്ലാമെല്ലാം ഉള്ളിൽ നിറഞ്ഞു… സ്നേഹം പകർന്നിട്ടൊരുന്നാൾ തള്ളിപ്പറഞ്ഞ അച്ഛന്റെ മുഖം ഏറ്റവും ആഴത്തിലെ നോവിനെ വെളിവാക്കി… ഒരിക്കൽ കൂടി പ്രിയപെട്ടവരാൽ നോവാൻ ഉള്ളം വിലക്കി… കഴിയില്ലായിരുന്നു… സ്നേഹം വെറുപ്പായി മാറുന്നത് ഒരിക്കൽ കൂടി താങ്ങാൻ ആവില്ലായിരുന്നു… പെണ്ണിൽ നിന്നകന്നു നിൽക്കുമ്പോഴും അവളുടെ സന്തോഷത്തിനായി പ്രാർത്ഥിച്ചു… എന്നോ എപ്പോഴോ ദൈവത്തിൽ നിന്നകവൻ അവന്റെ ദേവയുടെ സന്തോഷത്തിനായി കേണു… സ്വന്തമായിട്ടും സ്വന്തമാവാതെ… കൈയിൽ വന്നു ചേർന്നിട്ടും തലോടാതെ… അർഹിക്കാത്തതെന്തോ അടക്കിപിടിക്കാൻ വെമ്പിക്കൊണ്ട്…. സ്നേഹംകൊണ്ട് മുറിവേൽക്കുമോ എന്നുള്ള ഭയത്താൽ… എന്തിനോ… “നിക്ക്… ഒരു പാട്ട് പാടിതരോ??..” കല്യാണതലേന്ന് ആദ്യമായവൾ തന്നോടാവശ്യപ്പെട്ട കാര്യം… ഇന്നത് കൊഞ്ചിക്കൊണ്ട് അപ്പു പറയുമ്പോൾ ചിന്തകളിൽ നിന്നുണർന്നുകൊണ്ടവൻ മടിയിൽ കിടക്കും അപ്പുവിനെ തലോടി…

പതിയെ കണ്ണുകളടച്ചു മൂളിതുടങ്ങി… കണ്മുൻപിൽ അവന്റെ ദേവയുടെ മുഖം… നിറഞ്ഞ പുഞ്ചിരിയാലുള്ള മുഖം… അകത്തെ ഊണുമേശയിലെ അടുത്തടുത്ത കസേരകളിൽ ഇരുന്നുകൊണ്ട് ഹരി മേശയിലിരിക്കുന്ന ധ്വനിയുടെ കൈയ്കളിൽ മുറുക്കെ പിടിച്ചു… ഒഴുകിയിറങ്ങുന്ന കണ്ണുനീർ തുടക്കാൻ ശ്രമിക്കാതെ അവൾ തന്റെ കൈയിൽ മുറുകിയിരിക്കുന്ന ഹരിയുടെ കയ്യ്ക്കുമീതെ നെറ്റി മുട്ടിച്ചുകൊണ്ട് മേശയിലേക്ക് ചാഞ്ഞു കിടന്നു… ” മനപ്പൂർവം അല്ലേൽ കൂടി എല്ലാവരാലും പറ്റിക്കപെടേണ്ടി വന്നത് ഹരിമാഷ്ക്കാണ്… എത്ര പറഞ്ഞാലും പോരെന്നറിയാം… എന്നാലും ക്ഷമിക്കാൻ പറയാനല്ലാതെ നിക്കൊന്നും ആവില്ലിപ്പൊ… ” പെണ്ണിന്റെ കണ്ണുനീർ കൈയ്കളെ നനയ്ക്കുന്നതിനോടൊപ്പം വാക്കുകളും ഹരിയുടെ കാതിൽ മുഴങ്ങി… ” സങ്കടപെടണ്ട ധ്വനി… ഞാനും.. ഞാനും ഒരുപോലെ കുറ്റക്കാരനാണ്… ഒരിക്കൽപോലും നിന്നോട് നേരിട്ട് സമ്മതം ചോദിക്കാനോ നിന്റെ ഇഷ്ടം ചികയാനോ ഞാനും ശ്രമിച്ചില്ലല്ലോ…” ഒരു കയ്യാൽ അവളുടെ തലയിൽ തഴുകി പറയുമ്പോൾ ഇതുവരെ അവളെ പ്രണയിനിയായി കരുതിയ മനസ്സിൽ സഹോദരിയായവൾ മാറി കഴിഞ്ഞതിനെ അത്ഭുതപൂർവം തിരിച്ചറിയുകയായിരുന്നവൻ… ”

നിങ്ങൾക്ക് ഈ ജീവിതം പൊരുത്തപ്പെടാനാവുമോ എന്നുള്ള ഭയവും കുറ്റബോധവുമായിരുന്നു ഇതുവരെ… ഇപ്പൊ.. ഇപ്പൊ എനിക്കുറപ്പുണ്ടെടോ അനന്ദുവിനു താനേ ചേരൂ… ഇത്രമേൽ സ്നേഹിക്കുന്നോരുവളെ ന്റെ അനന്ദുവിനു വേറെ കിട്ടില്ല ധ്വനി… ഒത്തിരി നോവുന്ന നെഞ്ചാ അവന്റേത്… നിനക്കേ അവനൊരു താങ്ങാവാൻ പറ്റൂ… ” അത്രമേൽ ഉറപ്പോടെ പറയുന്നവനെ തലയുയർത്തി ധ്വനി നോക്കുമ്പോൾ ഇരു കണ്ണുകളും ചിമ്മിക്കൊണ്ടവൻ അവളെ ചേർത്തു പിടിച്ചു…ഒരു ഏട്ടന്റെ സ്നേഹം അവനിൽ അവളും തിരിച്ചറിയുകയായിരുന്നു… ” അപ്പു അറിഞ്ഞോ അറിയാതെയോ നിക്ക് ന്റെ ജീവനാ മാഷേ തന്നത്… ന്നേക്കാൾ നന്നായി മാഷ്ക്ക് അറിയാവുന്നതല്ലേ അപ്പൂനെ.. വെറുക്കല്ലേ അവളെ… ” ധ്വനിയുടെ വാക്കുകൾക്ക് ഹരിനന്ദൻ പുഞ്ചിരി മറുപടിയായി നൽകി… പിന്നെയും മൗനം അവർക്കിടയിൽ പടരുമ്പോൾ അനന്ദുവിനോടുള്ള പ്രണയം പറഞ്ഞുകൊണ്ടുള്ള ധ്വനിയുടെ ഓരോ വാക്കുകളും ഹരി പിന്നെയും ഓർത്തെടുത്തു… ഉള്ളിലൊരു തണുപ്പ് നിറയുന്നതവൻ അറിഞ്ഞു…

“””””””താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ…”””””” അനന്ദുവിന്റെ മൃദു സ്വരത്തിലുള്ള പാട്ടിന്റെ ഈരടികൾ കേൾക്കും നേരം വല്ലാത്തൊരു വെപ്രാളത്തോടെ ധ്വനി പിടഞ്ഞെഴുന്നേറ്റിരുന്നു… ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയോടെ ഹരിയേ നോക്കികൊണ്ടവൾ മുകളിലേക്കുള്ള പടികൾ ആവേശത്തോടെ കയറി… ഉടുത്തിരിക്കുന്ന ദാവണി പാവാട തെല്ലോന്ന് ഉയർത്തി പിടിച്ചുകൊണ്ടവൾ അനന്ദുവിന്റെ മുറിയിലേക്കോടുകയായിരുന്നു… അത്രമേൽ പെണ്ണിനെ കീഴ്പ്പെടുത്തിയ അവന്റെ സ്വരത്തിന്റെ ഒരു ദിവസത്തെ അഭാവം പോലും അവളെ നോവിച്ചിരുന്നു… ആ നോവിന്മേൽ ഉള്ളൊരു കുളിർമഴയായിരുന്നു ആ ഗാനം… “”””” നിന്റെ തിരുനടയില്‍ നറുനെയ്ത്തിരി കതിരായ് ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം… “”””” തുറന്നിട്ടിരിക്കുന്ന അവന്റെ മുറിയിലെ വാതുക്കലിൽ വന്നു നിന്നുകൊണ്ടവൾ വലതുകരം നെഞ്ചിൽ അമർത്തി ശ്വാസം ആഞ്ഞുവലിച്ചു കിതപ്പടക്കാൻ പാടുപെടുമ്പോൾ കുസൃതി ചിരിയാലെ ഹരിയും അവർക്കടുത്തേയ്ക്ക് നടന്നു വന്നു… അവൻ കണ്ടറിയുകയായിരുന്നു ആ പെണ്ണിന് അനന്ദുവിനോടുള്ള ഭ്രാന്ത്…

“””””സാന്ദ്ര ചന്ദനഗന്ധമായ് നീ വന്നു ചേര്‍ന്നാലേ…. സാന്ദ്ര ചന്ദനഗന്ധമായ് നീ വന്നു ചേര്‍ന്നാല…. എന്നുമീ ശ്രീലകം ധന്യമായീടൂ….”””” മറ്റൊന്നും കാണാനോ കേൾക്കാനോ ആവാതെ ധ്വനി അവളുടെ അനന്ദുവിൽ മാത്രം കണ്ണും മനസ്സുമർപ്പിച്ചുകൊണ്ട് നിൽക്കുമ്പോൾ കാതുകളിൽ അവൻ മൂളും പാട്ടിൻ ഈരടികൾ… കണ്ണിൽ മിഴികളടച്ചുകൊണ്ട് ചെറു പുഞ്ചിരിയാൽ പാടുന്നവൻ… അവനിലേക്കലിഞ്ഞു ചേർന്നുകൊണ്ടവൾ വാതിൽ പാളിയിലൊന്നിൽ തല ചാരി വച്ചു നിൽക്കുമ്പോൾ കവിളുകളിൽ രക്തവർണ്ണമേറുകയായിരുന്നു…. “””” നിന്റെ കാലടിയില്‍ ജപ തുളസി മലര്‍പോലെ സ്നേഹമന്ത്രവുമായ് ഞാന്‍ പൂത്തുനിന്നീടാം…. നിന്റെ മൂകതപസ്സില്‍നിന്നും നീയുണര്‍ന്നാലേ… നിന്റെ മൂകതപസ്സില്‍നിന്നും നീയുണര്‍ന്നാലേ… മോക്ഷവും മുക്തിയും കൈവരുന്നുള്ളൂ…. താമരപ്പൂവില്‍ വാഴും ദേവിയല്ലോ നീ പൂനിലാക്കടലില്‍ പൂക്കും പുണ്യമല്ലോ നീ… “””” പാടി നിർത്തി കണ്ണുകൾ തുറന്ന അനന്ദുവും ഒരു വേള തന്നിലേക്ക് നീളുന്ന പെണ്ണിന്റെ കണ്ണുകളുടെ മാന്ത്രികത്തിൽ സ്വയം മറന്നലിഞ്ഞുപോവുമ്പോൾ അപ്പുവിനെ തഴുകിയ കൈയ്കളും നിശ്ചലമായിരുന്നു…

ആ നിമിഷം അവളെ കണ്ടതും ഉള്ളിലൊളിപ്പിച്ചിരുന്ന പ്രണയമെല്ലാം ചങ്ങല തകർത്തു പുറത്തു ചാടുകയാണെന്നവൻ അറിഞ്ഞു… കണ്ണുകൾ തിളങ്ങി… തങ്ങളെ തനിയെ വിട്ടുകൊണ്ട് അപ്പുവും ഹരിനന്ദനും താഴെക്കിറങ്ങിപോയതുപോലും തിരിച്ചറിയാനാവാതെ ഇരുവരും കണ്ണുകളാൽ പരിഭവം പറഞ്ഞു… ആഞ്ഞു പുൽകി… ഒരിക്കലും കൈവിടില്ലെന്നപോലെ ചുറ്റി വരിഞ്ഞു… പെണ്ണിന്റെ കണ്ണുകളിൽ നിന്നും അവന്റെ നോട്ടം ചുവന്നിരിക്കും അവളുടെ കവിളുകളിലേക്കും പുഞ്ചിരി വിരിഞ്ഞ ചുണ്ടിലേക്കും താടി ചുഴിയിലേക്കും എത്തി നിൽക്കുമ്പോൾ അവൾ കണ്ണുകളാൽ അനന്ദുവിന്റെ മുഖത്താകെ ഓടി നടക്കുകയായിരുന്നു… പതിയെ അവനിലേക്ക് നടന്നടുത്തുകൊണ്ട് കട്ടിലിനോരം ചേർന്ന് ഇരിക്കുമ്പോഴും കണ്ണുകൾ അവയുടെ ഗാഢ പുൽകലിൽ തന്നെയായിരുന്നു… അത്രമേൽ തന്റെ പ്രണയത്തിൽ സ്വയം മറന്നലിഞ്ഞ നിമിഷം അനന്ദുവിന്റെ കൈയ്കൾ അവളുടെ ചുവന്ന കവിളിൽ തടത്തിൽ പതിയെ തൊട്ടു…

ഒരു ഏങ്ങലോടെ പെണ്ണ് മുഖം ചെരിച്ചുകൊണ്ട് കണ്ണുകൾ കൂമ്പിയടക്കുമ്പോൾ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുകണങ്ങൾ സിന്ദൂരത്തെ പടർത്തികൊണ്ട് ഒഴുകിയിറങ്ങി… അവശേഷിക്കുന്ന വിയർപ്പു തുള്ളികൾ പറ്റിചേർന്നിരിക്കും നെറ്റിത്തടം പളുങ്ങുപോൽ വെട്ടി തിളങ്ങുമ്പോൾ കവിളിൽ തൊട്ട കൈവിരലിനൊപ്പം കൈപത്തിയും ചേർത്തു വച്ചുകൊണ്ടവൻ പതിയെ ഊതി… പൊള്ളിപിടഞ്ഞുകൊണ്ട് പെണ്ണ് കണ്ണുകൾ തുറന്ന് നോക്കുമ്പോൾ അവന്റെ കണ്ണുകളിൽ മിന്നിമാറിയ ഭാവം അവളെ കുരുക്കിയിടുകയായിരുന്നു… ഒരുവേള അവന്റെ കണ്ണുകളിൽ തെളിഞ്ഞത് പ്രണയം തന്നെയല്ലേയെന്ന് ഉള്ളം ആവർത്തിച്ചു ചോദിക്കുമ്പോൾ കവിളിൽ ചേർന്നിരിക്കും അവന്റെ കൈയ്കളോടൊപ്പം ധ്വനിയും കൈച്ചേർത്തു… കോളേജിലേക്ക് വേണ്ട പുസ്തകങ്ങളും വസ്ത്രങ്ങളും നിറച്ച ബാഗുമായി അപ്പു ഹരിനന്ദന്റെ പുറകിലൂടെ ഇടവഴിയിൽ കൂടി നടന്നു… ഇറങ്ങാൻ നേരം വെപ്രാളത്തോടെ മുകളിലെ മുറിയിൽ നിന്നും ഇറങ്ങി വരുന്ന ധച്ചേച്ചിയുടെയും കുഞ്ഞേട്ടന്റെയും മുഖം ഓർത്തുകൊണ്ടുള്ള പുഞ്ചിരി അവളുടെ ചുണ്ടിൽ തെളിഞ്ഞുനിന്നു…

ഹരിനന്ദൻ അപ്പോഴും ധ്വനിയുടെ വാക്കുകളിൽ തന്നെയായിരുന്നു… ” അനന്ദു ന്റെ പ്രാണനാണ് മാഷേ… കണ്ട നാൽ തൊട്ട് ഉള്ളിനുള്ളിൽ കൊണ്ടുനടക്കാ ഞാനവനെ… എല്ലാരും കൂടി സ്നേഹംകൊണ്ട് ധ്വനിയെ പിന്നെയും തോൽപ്പിക്കുമ്പോ സ്വയം ഇല്ലാതായിക്കൊണ്ടാ ഓരോ നിമിഷോം ഞാൻ ജീവിച്ചിരുന്നേ… ചിലപ്പോ… ചിലപ്പോ മാഷ്ടെ താലി കഴുത്തിൽ വീഴുമ്പോഴേക്കും ധ്വനി ചങ്കുപൊട്ടി വീണേനെ… നിക്ക്… അത്രേം പറ്റില്ല മാഷേ… ന്റെ അനന്ദൂനെ കൂടാതെ… കടമകളിൽ പെട്ട് സ്വയംബലിയാടാവാൻ നിന്നതാ ഞാൻ… ” കരഞ്ഞുകൊണ്ട് പറയുമ്പോഴും അവളുടെ കണ്ണുകളിൽ ഹരി കണ്ടത് അനന്ദുവിനോടുള്ള പ്രണയം മാത്രമായിരുന്നു… ഒരിക്കലും വറ്റാത്ത സ്നേഹം… പിന്നെയും അവളുടെ ഓരോ വാക്കുകളിലും അനന്ദു നിറഞ്ഞു നിൽക്കെ ഹരിയുടെ ഉള്ളിലുള്ള കുറ്റബോധം മാറി സമാധാനം നിറയുകയായിരുന്നു… ഓർമകളിൽ പുഞ്ചിരിച്ചുകൊണ്ട് പുറകെ വരുന്ന അപ്പുവിനെയൊന്നു അവൻ തിരിഞ്ഞു നോക്കി… “..തെറ്റുകൊണ്ടൊരു ശരിയെ മെനഞ്ഞെടുത്തിരിക്കുന്നു ഇവിടെയവൾ… എല്ലാവർക്ക് മുൻപിലും അപമാനിതയായി…” മുഖം തിരിച്ചുകൊണ്ട് മുൻപോട്ട് നടക്കുമ്പോഴും കുറുമ്പോടെ തന്നിൽ അധികാരം കാണിക്കാറുള്ള പെണ്ണിന്റെ ഭാവങ്ങൾ അവനിലെ പുഞ്ചിരിക്കു മാറ്റേകി………………  (തുടരും)…..

തോളോട് തോൾ ചേർന്ന്: ഭാഗം 11

മുഴുവൻ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story