തോളോട് തോൾ ചേർന്ന്: ഭാഗം 16

തോളോട് തോൾ ചേർന്ന്: ഭാഗം 16

എഴുത്തുകാരി: ജിച്ചന്റെ കാവു

” ഈ പെണ്ണെന്താ മിണ്ടാതിരിക്കുന്നെ???.. കുറച്ച് നാൾ അടുത്തുന്നു മാറി നിന്നപ്പോഴേക്കും നിന്റെ സ്വഭാവോം മുഴുക്കെ മാറിയോടി??.. ” ഊണുമേശയ്ക്ക് ചുറ്റും കൂടി രാത്രിയിലെ അത്താഴം കഴിച്ചുകൊണ്ടിരിക്കെ ഭഗത് ദേവൂട്ടിയോടായി ചോദിച്ചു… അവളൊന്നു അവനെ നോക്കി ഇളിച്ചുകാണിക്കുന്നതിനോടൊപ്പം ഇടക്കണ്ണിട്ടുകൊണ്ട് ഭരതിനെയും നോക്കി.. അവന്റെ കണ്ണുകളും തന്നിലാണെന്നറിഞ്ഞതും നാണതാൽ പെണ്ണിന്റെ കവിളുകൾ ചുവന്നു വരുന്നുണ്ടായിരുന്നു… ഇതുവരെ അവനിൽ കാണാതിരുന്നൊരു ഭാവം നിറഞ്ഞു നിൽക്കും പോലെ തോന്നുകയായിരുന്നു അവൾക്ക്… ” ഉവ്വാ… നിനക്ക് തോന്നുന്നുണ്ടോ മോനെ ഇവൾ നന്നാവുമെന്ന്??…ഇവളിപ്പോ പണ്ടത്തെക്കാൾ കുറുമ്പിയാ..”

അവരോടായി ഭാനുമതി പറയുമ്പോൾ നാണം മറച്ച കുറുമ്പുകൾ പിന്നെയും അവളിൽ തെളിഞ്ഞു… അമ്മയോടും ഭഗതിനോടും കളിപറഞ്ഞും കുറുമ്പുകാട്ടിയും പെണ്ണ് കുടുകുടെ ചിരിക്കുമ്പോൾ മറ്റെല്ലാം മറന്നുകൊണ്ട് ഭരത് അവളെ തന്നെ നോക്കിയിരുന്നു… പ്രണയത്തെക്കാൾ ഒരുപടി മുകളിൽ വാത്സല്യം തന്നെയാണ് തോന്നുന്നതവളോട്… അവളുടെ കുറുമ്പ് നിറഞ്ഞ വാക്കുകളോട്… കുസൃതി നിറഞ്ഞ നോട്ടത്തിനോട്… വീർപ്പിച്ചു പിടിക്കും കവിളുകളോട്… എല്ലാമെല്ലാം… ഇടയ്ക്കിടെ മറ്റാരും കാണാതെ ദേവൂട്ടി ഭരതിനെ നോക്കുമ്പോൾ അവന്റെ കണ്ണിൽ നിറഞ്ഞു നിൽക്കും ഭാവം അവളെ തളരിതയാക്കുന്നതറിഞ്ഞു… അത് പുറത്ത് കാണിക്കാതിരിക്കാൻ പാടുപെടുമ്പോഴും ഏട്ടന്റെയും ദേവൂന്റെയും മാറ്റങ്ങൾ ഭഗതിന്റെ കണ്ണുകൾ തിരിച്ചറിഞ്ഞിരുന്നു… അതവനിൽ നിറഞ്ഞ പുഞ്ചിരി വിരിയിച്ചു…

***************** ഒരുചെറു പുഞ്ചിരിയോടെ ഹരിയുടെ കൂടെ ഇറങ്ങിവരുന്ന അപ്പുവിനെ തന്നെ എല്ലാവരും നോക്കിയിരുന്നു… ഇതുവരെ കാണാത്തൊരു തെളിച്ചം അവളുടെ മുഖത്ത് കാണുമ്പോൾ കൃഷ്ണനും രമയും പരസ്പരം നോക്കി പുഞ്ചിരിച്ചു… ചുണ്ട് കൂർപ്പിച്ചു ചിരിച്ചുകൊണ്ട് തന്നെ ശ്രീ അപ്പുവിനെ കളിയാക്കിക്കൊണ്ടിരിക്കെ അവളെ നോക്കാൻ വല്ലാത്ത ചമ്മൽ തോന്നുകയായിരുന്നു അപ്പുവിന്… കൃഷ്ണനും രമയും കഴിച്ചു തീരാറായിട്ടുണ്ടെന്നാലും ഒരു വറ്റുപോലും കഴിക്കാതെ വലതുകയ്യ് മുട്ട് മടക്കിപിടിച്ചു ഊതികൊണ്ട് തന്നെ ഇരിക്കുകയായിരുന്നു ശ്രീ.. അവളെയൊന്നു കൂർപ്പിച്ചു നോക്കി ഹരി അടുത്തുവന്നിരിക്കുമ്പോൾ അവരികെ തന്നെ അപ്പുവും ഇരുന്നു… ” ഒരു മുട്ട് ഇത്തിരി പൊട്ടിയതിനാണോ ശ്രീ പട്ടിണികിടക്കുന്നെ??.. ”

വിളമ്പിവച്ചിരുന്ന ഭക്ഷണമെടുത്തു മുൻപിൽ വയ്ക്കുന്നതിനോടൊപ്പം ശ്രീയോട് ഹരി ചോദിക്കുമ്പോൾ ഉരുണ്ടിരിക്കുന്ന കവിളുകൾ ഒന്നുകൂടെ പെണ്ണ് വീർപ്പിച്ചു… ” ഇത് ചുമ്മാ വാശിയാ നന്ദാ… നേരെ ചൊവ്വേ നോക്കി നടന്നാ ഇമ്മാതിരി വീഴാനും പൊട്ടാനും നിക്കോ??.. ഇത് അച്ഛനും ആങ്ങളേം തലേൽ കൊണ്ട് നടക്കല്ലേ… വാരി കൊടുത്താലേ അവൾക്കിപ്പോ ഇറങ്ങൂ… ” ശ്രീയെ ഏറുകണ്ണിട്ട് കൂർപ്പിച്ചു നോക്കി രമ ഹരിയോടായി പറയുമ്പോൾ അവളുടെ മുഖത്തെ കുറുമ്പുകൾ നോക്കി കാണുകയായിരുന്നു അപ്പുവും… ” ഓഹ്… ഈ അമ്മയോടിത് എത്ര വട്ടം പറയണം… ഞാൻ നോക്കി നടക്കാഞ്ഞിട്ടല്ല.. ഏതോ ഒരു അലവലാതി എന്നെ ഉന്തി ഇട്ടു ഓടിയതാണ് ഏട്ടാ … ” അമ്മയോട് മുഖം വീർപ്പിച്ചു പറഞ്ഞുകൊണ്ടവൾ അവസാനമായപ്പോഴേക്കും ദയനീയമായ മുഖത്തോടെ ഹരിയേ നോക്കി…

അതെ മുഖഭാവത്തോടെ അപ്പുവിനെയും അച്ഛനെയും ഒന്ന് നോക്കിക്കൊണ്ട് കൈയ് മുട്ട് മടക്കി ഊതാൻ തുടങ്ങി… മുന്നിലേക്ക് നീണ്ടുവന്ന കൈയിലെ ചോറുരുള കണ്ടുകൊണ്ടവൾ വിടർന്ന കണ്ണുകൾ ഹരിയിലേക്ക് പായിച്ചു .. അവനൊന്നു കണ്ണു ചിമ്മികാണിക്കുമ്പോൾ പെണ്ണ് ആവേശത്തോടെ അവന്റെ കൈയിലെ ഉരുള വായിലേക്കാക്കിയിരുന്നു… വിജയീഭാവത്തോടെ മറ്റെല്ലാരേയും നോക്കിക്കൊണ്ട് ഹരി വാരികൊടുത്ത ഭക്ഷണം ശ്രീ കഴിക്കുമ്പോൾ ചിരിയോടെ കൃഷ്ണനും അപ്പുവും ഇരുന്നു… രമ അപ്പോഴും മുഖം വീർപ്പിച്ചു പെണ്ണിനെ ചൊടിപ്പിച്ചു… തനിക്കുമുന്നിലെ ഭക്ഷണത്തിലേക്ക് ശ്രദ്ധ തിരിക്കും നേരമാണ് അപ്പുവും അവളിലേക്ക് നീളുന്ന ചോറുരുള കാണുന്നത്…

വിശ്വസിക്കാനാവാതെ മുഖമുയർത്തുമ്പോഴേക്കും ഹരിയത് അവളുടെ അധരങ്ങളിലേക്കടുപ്പിച്ചിരുന്നു… അവന്റെ കണ്ണുകളിലേക്ക് നോക്കി പെണ്ണത് കഴിക്കുമ്പോൾ നിറഞ്ഞൊഴുകിയ മിഴികൾ അവളുടെ കുഞ്ഞേട്ടനെ ഓർത്തുകൊണ്ടായിരുന്നു… അവർക്കിടയിലൊരു തടസ്സം തോന്നാതിരിക്കാൻ കൃഷ്ണനും രമയും പെട്ടന്ന് കഴിച്ച് തീർത്ത് എഴുനേൽക്കുമ്പോൾ ഹരി അവന്റെ ഇരുവശമുള്ളവരെ ഊട്ടിക്കൊണ്ടിരുന്നു… നിറഞ്ഞ വാത്സല്യത്തോടെ… അത്രയധികം സ്നേഹം ചാലിച്ച ഓരോ ഉരുള ചോറും ശ്രീയും അപ്പുവും അതിലധികം ആവേശത്തോടെ ആസ്വദിച്ചുകഴിക്കുന്നത് ഹരിയുടെ ഉള്ളം നിറച്ചു… എപ്പോഴോ അറിയാതെ അപ്പുവിന്റെ അധരത്തിൽ കൈയിവിരൽ തൊടുമ്പോൾ പെണ്ണിനുണ്ടാവുന്ന വിറയലും അവനിലേക്കെത്തുന്ന തരിപ്പും ഉള്ളിലെ വാത്സല്യത്തെ മറികടന്നു മുന്നേറി…

ഇളം ചുവപ്പ് നിറത്തിലുള്ള അവളുടെ കുഞ്ഞ് ചുണ്ടിൽ പറ്റിയിരിക്കും ചോറിന്റെ അംശം ചെരിച്ചുപിടിച്ച കയ്യ്ത്തണ്ടയാൽ തുടയ്ക്കുമ്പോൾ വിറകൊള്ളുന്ന ആദരങ്ങളെക്കാൾ അവന്റെ കണ്ണുകൾ പതിഞ്ഞതവളുടെ പിടയ്ക്കുന്ന മിഴികളിലായിരുന്നു… വല്ലാത്തൊരു ആകർഷണീയത ആ കണ്ണുകളിൽ നിറയെ ഉള്ളം അവളിലെക്കടുക്കുവാൻ വെമ്പൽ കൊണ്ടു… മുഖം പൊത്തി ചിരി കടിച്ചമർത്തുന്ന ശ്രീമോളുടെ സ്വരം ഇരുവരെയും അവളിലേക്ക് തിരിക്കുമ്പോൾ ചമ്മലോടെ അപ്പു മുഖം താഴ്ത്തി… ശ്രീയെ നോക്കിയൊന്നു കണ്ണുരുട്ടി കാണിച്ചുകൊണ്ട് ഹരി പിന്നെയും ഭക്ഷണം വാരികൊടുക്കുമ്പോൾ ചേട്ടനിൽ വന്നുചേർന്ന മറ്റത്തെ നോക്കികാണുകയായിരുന്നു അവൾ… അത്രമേൽ സന്തോഷത്തോടെ…

***************** തുറന്നിട്ട ജനലിലൂടെ അകത്തേക്കിരച്ചു കയറുന്ന തണുത്ത കാറ്റ് അനന്ദുവിനെ തഴുകി കടന്നു പോകുമ്പോൾ അതെ കാറ്റിനാൽ കുളിരണിയാൻ കൊതിക്കുകയായിരുന്നു ധ്വനിയും… കട്ടിലിലിരുന്ന് മുട്ടുകാലിൽ മുഖം ചെരിച്ചു വച്ചുകൊണ്ട് അവന്റെ ഓരോ അനക്കങ്ങളും ഉള്ളിൽ നിറയ്ക്കുമ്പോൾ മുറിയിൽ ചെറിയ മഞ്ഞവെളിച്ചം മുഴുവനായും അവനിലേക്ക് ചൂണ്ടും പോലെ തോന്നുകയായിരുന്നു പെണ്ണിന്… കയ്യില്ലാത്ത വെള്ളബനിയനിൽ മഞ്ഞ വെളിച്ചം പതിഞ്ഞുണ്ടാകുന്ന നിറ വ്യത്യാസം അവന്റെ അഴക് വർധിപ്പിക്കുമ്പോൾ മറ്റേതോ ലോകത്തെന്നപോലെ ഇളം പുഞ്ചിരിയാൽ എന്തൊക്കെയോ കുത്തികുറിക്കുകയായിരുന്നവൻ… ഇടക്ക് ആ നുണക്കുഴി കവിളുകൾ തെളിയുകയും താടിരോമങ്ങൾക്കിടയിൽ അവ ഉദിച്ചു വരികയും കാണുമ്പോൾ അവയിലൊന്നു തലോടാൻ ധ്വനിക്കുള്ളം തുടിച്ചു…

കണ്ണുകളിൽ അവനെ മാത്രം നിറച്ചുകൊണ്ട് സ്വപ്നങ്ങളിലേക്കാഴ്ന്നിറങ്ങുമ്പോൾ പുറത്തെ മഴയുടെ സ്വരവും പതിഞ്ഞു വന്നിരുന്നു… മുഖത്തേക്ക് തട്ടുന്ന ചൂടുള്ള കാറ്റിനൊപ്പം ദേഹത്തേക്കമരുന്ന ഭാരവും അനുഭവപ്പെടുമ്പോഴാണവൾ കണ്ണുകൾ വലിച്ചു തുറക്കുന്നത്… തൊട്ടടുത്തായി കാണുന്ന അനന്ദുവിന്റെ മുഖം കണ്ട് തെല്ലൊന്ന് ഭയന്ന് പിന്നോട്ട് ആഞ്ഞുപോയ അവൾ ഒരുനിമിഷം ചുറ്റും കണ്ണോടിച്ചു… കിടക്കയിൽ കിടക്കുന്ന അവളുടെ തൊട്ടടുത്ത് ചേർന്ന് കിടക്കുന്ന അനന്ദു ചുരുണ്ടു കൂടി പിന്നെയും അവളിലേക്ക് അടുത്തുവരുന്നു… ചെറുങ്ങനെ വിറയ്ക്കുന്ന അവന്റെ ചുണ്ടുകൾ നോക്കികൊണ്ട് തന്നെ പതിയെ കയ്യുയർത്തി ധ്വനി അവന്റെ നെറ്റിയിൽ തൊട്ടമാത്രയിൽ തന്നെ കൈ പിൻവലിച്ചുപോയി..

അത്രമേൽ പൊള്ളുന്ന ചൂട്… പുതപ്പിനാൽ അര വരെ പുതച്ചിട്ടുണ്ടെങ്കിലും പിന്നെയും ചുരുണ്ടുകൂടി ചൂട് തേടി അവൻ അവളിലേക്ക് അടുക്കുമ്പോൾ വെപ്രാളപ്പെട്ട് ധ്വനി പിടഞ്ഞെഴുനേറ്റു… ചെറുതായി കീറിയെടുത്ത തുണികഷ്ണം വെള്ളത്തിൽ മുക്കി അനന്ദുവിന്റെ നെറ്റിയിൽ ചേർത്തു വയ്ക്കുമ്പോൾ അവളിൽ നിറഞ്ഞു നിന്നത് മാതൃഭാവമായിരുന്നു… അനന്ദു പുതച്ചിരുന്ന പുതപ്പിനു മേലെ മറ്റൊരു കട്ടിയാർന്ന പുതപ്പും വിരിച്ചിട്ട് അവന്റെ അടുത്ത് ചേർന്ന് കിടക്കുമ്പോൾ അവളുടെ സാന്നിധ്യം തിരിച്ചറിഞ്ഞെന്നവണ്ണം അനന്ദുവും അവളിലെക്കടുത്തിരുന്നു… തൊട്ടടുത്തായി കാണുന്ന അവന്റെ വിറയലാർന്ന ശരീരത്തെ കൈയ്കളാൽ പൊതിഞ്ഞു ചേർത്തുപിടിക്കുമ്പോഴും ശരീരത്തിൽ കത്തി നിൽക്കുന്ന ചൂട് അവളുടെ ഉള്ളിനെ പൊള്ളിച്ചു…

അത്രമേൽ വാത്സല്യം തോന്നും ആ മുഖം നെഞ്ചിൽ ചേർത്തു മുറുക്കെ ചുറ്റിപിടിക്കുമ്പോൾ മറ്റെല്ലാം അവൾ മറന്നിരുന്നു … അവന്റെ ചുടുശ്വാസവും മുഖവും കഴുത്തിനു കീഴെ അമരുമ്പോൾ അവനിലെ ചൂട് അവളിലേക്കും പടരുകയാണെന്ന് അറിഞ്ഞിട്ടും ധ്വനി ചുറ്റിപ്പിടിച്ചിരിക്കുന്ന കൈയ്കളെ മുറുക്കി… ഉറങ്ങുന്നവരെ കണ്ടിരുന്നതിൽ നിന്നും തീർത്തും അവശനായി അവനെ കാണുമ്പോൾ നെഞ്ചം അത്രമേൽ വിങ്ങുകയായിരുന്നു പെണ്ണിന്… ഇടക്കെപ്പോഴോ ബലമേറിയ അവന്റെ കൈകളും അവളെ ചുറ്റിവരിഞ്ഞുകൊണ്ട് അവനിലേക്കടുപ്പിച്ചു… ചെറുങ്ങനെ മൂളിയും ഞെരങ്ങിയും വിറച്ചും ഒരുപാട് നേരം ആസ്വസ്ഥമായവൻ കിടക്കുമ്പോൾ അറിയാതെ തന്നെ പെണ്ണിന്റെ കണ്ണിൽ നിന്നും രണ്ട് തുള്ളി അവന്റെ നെറുകിൽ പതിച്ചു…

അത്രമേൽ വേദനയോടെ മുറുക്കെ അവനെ തന്നിലേക്ക് ചേർത്തുപിടിച്ചുകൊണ്ടവൾ നെറുകിൽ ചുണ്ട് ചേർത്തു… കാറ്റിനെ പോലും അവർക്കിടയിലേക്ക് കടത്തിവിടാൻ അനുവദിക്കാതെ കട്ടിയാർന്ന പുതപ്പിനടിയിൽ അവനോട്‌ ചേർന്ന് കിടന്നുകൊണ്ട് ഇടയ്ക്കിടെ തഴുകിയും നെറ്റിയിലും നെറുകിലും ചുണ്ട് ചേർത്തും അവൾ ഉറങ്ങാതെ സമയം തള്ളിനീക്കികൊണ്ടിരുന്നു… ഇടക്കെപ്പോഴോ കണ്ണുകൾ അടയുമ്പോഴും നെറുകിലെ അധരങ്ങളെയോ അനന്ദുവിനെ ചുറ്റിപിടിച്ചിരുന്ന കൈകളെയോ വ്യതിചലിപ്പിച്ചിരുന്നില്ല… ***************** ശ്രീമോളുടെ കൈയിലെ മുറിവിൽ മരുന്ന് പുരട്ടി കൊടുത്തുകൊണ്ട് അവളുടെ മുറിയിൽ നിന്നും ഇറങ്ങുമ്പോൾ ഇതുവരെ ഇല്ലാതിരുന്ന വെപ്രാളം തന്നെ പൊതിയുന്നത് അപ്പു അറിയുന്നുണ്ടായിരുന്നു…

എത്ര നിയന്ത്രിച്ചിട്ടും സാധിക്കാതെ ഹൃദയം പതിന്മടങ്ങായി മിടിക്കുമ്പോൾ വലതുകയ്യാൽ ശക്തമായതിനെ അമർത്തികൊണ്ടവൾ വൃഥാ എന്തിനോ ശ്രമിച്ചുകൊണ്ടിരുന്നു… തുറന്നിട്ടിരിക്കുന്ന ഹരിയുടെ മുറിക്കരികെ ചുമരോട് ചാരി നിന്നുകൊണ്ടവൾ ഒന്നാഞ്ഞു ശ്വാസമെടുത്തു… തിരിച്ചറിയാൻ തുടങ്ങിയ പ്രണയമാണവളെ തളർത്തുന്നത്… ഇന്നൊരു ദിവസംകൊണ്ട് ഹരിക്കുണ്ടായ മാറ്റങ്ങൾ ഓർക്കുമ്പോൾ തന്നെ പെണ്ണിന്റെ കവിളുകൾ ചുവന്നു വന്നിരുന്നു… ഉള്ളാകെ സന്തോഷം വന്നു നിറയുംപോലെ… എന്നോ എപ്പോഴോ കണ്ടിരുന്ന സ്വപ്നമെല്ലാം പാഴ്കിനാവുകൾ ആവാതെ അവയെല്ലാം പൂവണിയാൻ പോവുന്നു… പെണ്ണിന്റെ കണ്ണുകളിൽ പോലും പ്രണയം തുളുമ്പി…

മേശയോട് ചേർന്നിരുന്നുകൊണ്ട് കാര്യമായെന്തോ വായിക്കുകയായിരുന്ന ഹരിയേ നോക്കി തന്നെ അപ്പു മുറിയിൽ കയറി… അവനൊരു ബുദ്ധിമുട്ടാവാതെ പതിയെ നടന്നു ചെന്ന് കട്ടിലിൽ ഇരിക്കുമ്പോൾ ചെറുങ്ങനെ വിറയൽ പടരും പോലെ… ഹരിയൊന്നു പിന്തിരിഞ്ഞു അവളെ നോക്കി പുഞ്ചിരിച്ചു… ഒരു നിമിഷം പെണ്ണാ പുഞ്ചിരിയിൽ സ്വയം മറന്നിരുന്നുപോയി… അത്രമേൽ മനോഹരമായ ഒന്ന്… പെണ്ണിന്റെ മുഖത്തെ നാണത്തെ നോക്കികണ്ടുകൊണ്ട് ഹരി പിന്നെയും ചെയ്തിരുന്ന ജോലിയിൽ മുഴുകുമ്പോൾ ചുണ്ടിൽ കുസൃതി ഒളിപ്പിച്ചിരുന്നു… അവളൊരു വെപ്രാളത്തോടെ ചുമരോരം ചേർന്ന് കിടന്നുകൊണ്ട് കണ്ണുകളടച്ചു… അപ്പോഴും കണ്മുൻപിൽ അവന്റെ മുഖം… ഓർമയിൽ എപ്പോഴും കൂട്ടുകാരാൽ കളിയാക്കപ്പെടുകയും പിന്തള്ളപ്പെടുകയും പെടുന്ന കുഞ്ഞേട്ടനെ കൂടെകൂട്ടുന്ന ഒരേയൊരു കളിക്കൂട്ടുകാരന്റെ മുഖം…

സഹതാപമോ കളിയാക്കലുകളോ കൂടാതെ കൂടെ ചേർത്തു പിടിക്കുന്നവന്റെ ചുണ്ടിലെ പുഞ്ചിരി… ആദ്യമായി ആ കുഞ്ഞുപെണ്ണിന്റെ ഹൃദയത്തിലേക്ക് ഹരിനന്ദൻ കടന്നുവന്നത് അവളുടെ കുഞ്ഞേട്ടനോട് കാണിക്കുന്ന സ്നേഹംകൊണ്ടായിരുന്നു… അരയിൽ പതിഞ്ഞ കൈയിനൊപ്പം നനുത്ത അധരങ്ങൾ കവിളുകളെ പുണരുമ്പോൾ അവളൊന്നു പിടഞ്ഞു… ” അപ്പൂ… ” കാതിൽ പതിഞ്ഞ സ്വരത്തോടൊപ്പം ചെറു ചൂടുള്ള നിശ്വാസവും… അവളൊന്നു കുറുകികൊണ്ട് മൂളി… ” ഇങ്ങു നോക്ക് പെണ്ണെ… നമുക്കൊത്തിരി സംസാരിക്കാനില്ലേ… ഇതുവരെ പറയാതേം അറിയാതേം പോയതെല്ലാം… ” വയറിനെ ചുറ്റി വരിഞ്ഞുകൊണ്ട് പതിയെ ഹരി പറയുമ്പോൾ ചുണ്ടിലെ ഒളിപ്പിച്ചുപിടിച്ച പുഞ്ചിരിയാലെ അപ്പു തിരിഞ്ഞുകിടന്നുകൊണ്ടവനെ നോക്കി…

അവളുടെ കണ്ണുകളിലേക്ക് തന്നെ നോട്ടമെറിഞ്ഞുകൊണ്ടവൻ നെറ്റിയിൽ മുത്തുമ്പോൾ പതിയെ കയ്യ്കളുയർത്തി അവളവന്റെ കവിളിൽ ഒന്ന് തൊട്ടു… ” കുഞ്ഞാ… ധ്വനിക്ക് അനന്ദുവിനെ ഇഷ്ടമായിരുന്നെന്നു നിനക്ക് അറിയാമായിരുന്നല്ലേ… ” അപ്പുവിന്റെ മൂക്കിൽ പതിയെ മൂക്കുമുട്ടിച്ചുകൊണ്ട് ഹരി ചോദിക്കുമ്പോൾ അവളവനെ അത്ഭുതത്തോടെ നോക്കി.. അനന്ദുവിനോടല്ലാതെ മറ്റാരോടും അവളതെപ്പറ്റി പറയാതിരുന്നത് മറ്റുള്ളവരെല്ലാം അവരെ കുറ്റപ്പെടുത്തുന്നത് തടയാനും കൂടെ വേണ്ടിയായിരുന്നു… ” അത്… ഞാൻ… ഹരിയേട്ടനോടാരാ പറഞ്ഞേ??.. ” വിടർന്ന കണ്ണുകളോടോടെ ചോദിക്കുന്ന പെണ്ണിന്റെ കവിളിൽ ഹരി പതിയെ തട്ടി കണ്ണു ചിമ്മി കാണിച്ചു… ” ധ്വനി… അവൾക്ക് അനന്ദുവിനെ ഇഷ്ടാണെന്ന് ധ്വനിയാ പറഞ്ഞത്…

അത് കേട്ടപ്പോ നിക്ക് തോന്നി… നീയും അറിഞ്ഞു കാണും ന്ന്… അത് അറിഞ്ഞതുകൊണ്ടല്ലേ അതുവരെ എന്നെ വിട്ടുകൊടുക്കാൻ തയ്യാറായ അപ്പൂസ് അന്നേരം വാശിപ്പിടിച്ചത്??.. അല്ലേ??.. നിക്കറിഞ്ഞൂടെ കുഞ്ഞാ… അല്ലേൽ നീ സ്വയം ഉരുകിയിട്ടായാലും ന്നെ വിട്ടുകൊടുത്തേനേ… ” കണ്ണുകളിലേക്ക് തന്നെ നോട്ടമെറിഞ്ഞു പറയുന്നവന്റെ വാക്കുകൾ പെണ്ണിന്റെ ഉള്ളിനെ തണുപ്പിച്ചു… പറയാതെ തന്നെ അവളെ അറിഞ്ഞിരിക്കുന്നു…ഇതാദ്യമായി… ഉള്ളാകെ സന്തോഷം നിറയുമ്പോൾ കണ്ണുകളും ചെറുതായി നിറഞ്ഞു വന്നു… നിറഞ്ഞ പുഞ്ചിരിയോടെ അവളവനെ ഇറുക്കെ പുണർന്നു… ” സോറി ഹരിയേട്ടാ… അന്നേരം അങ്ങനെ ചെയ്യാനാ തോന്നിയത്… അല്ലേൽ സത്യം മുഴുവൻ പറഞ്ഞാൽ എല്ലാരും കരുതും ഞങ്ങളൊക്കെ കരുതിക്കൂട്ടി ഏട്ടനെ പറ്റിക്കാൻ നോക്കാണെന്ന്… അതോണ്ടാ… ഞാൻ.. ”

കാതോരം മുഖമടുപ്പിച്ചു പറഞ്ഞുകൊണ്ട് അപ്പു കൈയ്കളുടെ മുറുക്കം കൂട്ടുമ്പോൾ അരക്കെട്ടിലൂടെ പെണ്ണിനെ ചുറ്റിയ ഹരിയുടെ കൈയ്കളും മുറുകുന്നുണ്ടായിരുന്നു… പെണ്ണിനെ ചുറ്റിപ്പിടിച്ചു പൊക്കിക്കൊണ്ടവൻ നെഞ്ചിലേക് ചേർത്തുകിടത്തുമ്പോൾ അവൾക്കുവേണ്ടി തുടിക്കുന്ന ഹൃദയത്തിന്റെ താളം അവൾ കാതോർത്തു… ആ താളത്തിൽ ലയിച്ചുകൊണ്ട് അവളുടെ പ്രണയത്തിന്റെ ഓർമ്മകൾ അവനുമായി പങ്കുവയ്ക്കുമ്പോൾ വല്ലാത്തൊരു ആവേശത്തോടെ ഹരിയതെല്ലാം ഉള്ളിൽ നിറച്ചു.. ഇടയ്ക്കിടെ നെറുകിൽ ചുംബിച്ചുകൊണ്ട് ആ കുഞ്ഞുപെണ്ണിനെ പ്രണയപൂർവം തഴുകി… അവളുടെ വാക്കുകളിലൂടെ കഴിഞ്ഞുപോയ കാലവും തിരിച്ചറിയാതെ പോയ പ്രണയത്തിനാഴവും പരതി… ഒന്നായ് ചേർന്ന് പ്രണയകടലിൽ മുങ്ങി…

***************** രാവിലെ അനന്ദു കണ്ണുതുറക്കുമ്പോൾ തന്നെ ചുറ്റിവരിഞ്ഞു ചേർത്തുപിടിച്ചിരിക്കുന്ന ധ്വനിയെ കണ്ടോന്ന് അമ്പരന്നു… നെറ്റിയിൽ നനച്ചിട്ടിരുന്ന തുണി ഉണങ്ങി അവളുടെ കഴുത്തിൽ പറ്റികിടക്കുന്നത് കണ്ടതും ഏകദേശം കാര്യങ്ങൾ പിടികിട്ടിയിരുന്നു… വിടർന്ന കണ്ണുകളോടെ അവളെ തന്നെ നോക്കി കിടക്കുമ്പോൾ ഉള്ളാകെ സന്തോഷം വന്നു നിറയും പോലെ… അവളുടെ നിശ്വാസം മുഖത്തുവന്ന് പതിയുമ്പോൾ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു… അവളെ തിരിച്ചു പുണർന്നിരിക്കുന്ന തന്റെ കൈയ്കളെ തെല്ലൊരു വിറയലോടെ പിൻവലിക്കുമ്പോഴും പെണ്ണിന്റെ കഴുത്തിടുക്കിൽ പതിഞ്ഞിരിക്കുന്ന മുഖം അടർത്തിമാറ്റാൻ കഴിയുന്നില്ലായിരുന്നു അവന്…

വെണ്ണപ്പോൽ മൃദുലമാർന്ന അവളുടെ മേനിയിൽ തെളിഞ്ഞു കിടക്കുന്ന പാടുകൾ മീശരോമങ്ങളുടെ തലോടൽ ഏറ്റുവാങ്ങിയതാവുമെന്ന് ഓർക്കുമ്പോൾ അവയിലൂടെ ഒന്നു വിരലോടിക്കുവാൻ തോന്നിപോയി… അപ്പോഴും കഴുത്തിനെ ചുറ്റിപിടിച്ചുകൊണ്ടവളുടെ വലതുകയ്യ് അവനെ ചേർത്തുപിടിച്ചിരുന്നു… ഉള്ളിലേക്കാഴ്ന്നിറങ്ങുന്ന പെണ്ണിന്റെ ഗന്ധത്തെ കണ്ണുകളടച്ചുകൊണ്ട് ഒരുനിമിഷം അവൻ ഉള്ളിലേക്കാവാഹിച്ചു… കഴുത്തിലെ നിറം മാറി കിടക്കും പാടുകളിൽ അറിയാതെ തന്നെ മൂക്കുകൊണ്ടുരസുമ്പോൾ ഉള്ളിലൊളിപ്പിക്കും പ്രണയം പുറത്തേക്കൊഴുകാൻ വെമ്പുന്നതറിഞ്ഞു… കഴുത്തിൽ പതിയുന്ന അവന്റെ നിശ്വാസത്തിന്റെയും താടിരോമങ്ങളുടെയും തലോടലിൽ ഉറക്കം വിട്ട് അവളും പതിയെ എഴുന്നേൽക്കാൻ തുടങ്ങുകയായിരുന്നു… കണ്ണടച്ചുകൊണ്ട് ഒന്നും അറിയാത്തവനെ പോലെ കിടക്കുമ്പോൾ പെണ്ണിന്റെ കൈയ്കൾ നെറ്റിയിലും കഴുത്തിലുമെല്ലാം ആധിയോടെ പതിയുന്നതറിഞ്ഞു…

ചുണ്ടിൽ ആരും കാണാതൊരു ചിരി മിന്നിമാറി… നിർബന്ധപൂർവം കടയിലേക്ക് പോവാൻ തുടങ്ങും വരെ അമ്മയെപ്പോലെ ശാസിച്ചും കുഞ്ഞ് കുഞ്ഞ് കാര്യങ്ങൾ വരെ ഒപ്പം നിന്നു ചെയ്ത് തന്നും ഇടക്കെല്ലാം മുഖം കൂർപ്പിച്ചും ധ്വനി അനന്ദുവിനോപ്പം കൂടുമ്പോൾ ആദ്യമായറിഞ്ഞ അനുഭൂതിയായിരുന്നവന് എല്ലാം… ഇതുവരെ ഉണ്ടായിരുന്നതിലും കൂടുതൽ ആഴത്തിൽ പെണ്ണവനിൽ പതിഞ്ഞുപോവുന്നത് അറിഞ്ഞുകൊണ്ട് തന്നെ അവളുടെ ഓരോ ഭാവങ്ങളും അവൻ നെഞ്ചിലേറ്റി… അവൾക്കായി മാത്രം ഹൃദയം തുടിക്കുന്നത് നോക്കികണ്ടു…ചേർത്തുപിടിച്ചുകൊണ്ട് ചെവിയിൽ പ്രണയമോതുവാൻ മോഹമുണർന്നു…. കടയിലേക്ക് പോവാൻ ഇറങ്ങും നേരം ഒപ്പം തന്നെ കൂടികൊണ്ടവൾ കൈയിലൊരു കുട വച്ചുകൊടുക്കുമ്പോൾ ചിരിയോടെ അനന്ദു അവളെ നോക്കി… മുഖത്തെ ഇതുവരെ മായാത്ത പരിഭവം തലേന്ന് രാത്രിയിലെ അവളുടെ ഭയവും വിശ്രമിക്കാതെ കടയിൽ പോവുന്നതിലുള്ള പിണക്കവും കാണിക്കുമ്പോൾ പുഞ്ചിരിയോടവൻ കണ്ണുചിമ്മി…

മുഖം തിരിച്ചു നടന്നു തുടങ്ങിയ പെണ്ണിന്റെ ചുണ്ടിൻകോണിലും പുഞ്ചിരി തത്തികളിച്ചു… അവനൊപ്പം ഓരോ അടിയും സാവധാനം വച്ചുകൊണ്ട് ഒരിക്കൽ കൂടെ കവലയിലേക്ക് നടക്കുമ്പോൾ ചെളി തെറിക്കാതിരിക്കാൻ അവൾ സാരിയൊരല്പം പൊക്കിപിടിച്ചു… ഉടുത്തിരുന്ന മുണ്ടിൻതുമ്പ് തേല്ലോന്നുയർത്തിപിടിച്ചുകൊണ്ടവൻ ചെളി നിറഞ്ഞ ഇടവഴിയിലൂടെ നടക്കും നേരം തൊട്ടുരുമ്മുന്ന ഇരുവരുടെയും കൈവിരലുകളെ പരസ്പരം കോർത്തുപിടിച്ചു… വിടർന്ന കണ്ണുകളോടെ അതിലുപരി അടക്കാനാവാത്ത സന്തോഷത്തോടെ പെണ്ണ് അവനെ തന്നെ ഉറ്റ് നോക്കുമ്പോൾ നേരെ നോക്കി നടക്കുന്നവന്റെ കവിളിലെ നുണക്കുഴിയൊന്നു എത്തിനോക്കി… ചേർത്തുപിടിച്ച കൈയ്കളിൽ അവൾ പ്രണയത്തോടെ കണ്ണുകളെ പതിപ്പിച്ചുകൊണ്ട് വിരലുകൾ മുറുക്കും നേരം എവിടെനിന്നോ ആ വിളിയും ഉയർന്നു… ” ഞൊണ്ടികാലൻ… “……………………  (തുടരും)…..

തോളോട് തോൾ ചേർന്ന്: ഭാഗം 15

മുഴുവൻ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story