തോളോട് തോൾ ചേർന്ന്: ഭാഗം 18

തോളോട് തോൾ ചേർന്ന്: ഭാഗം 18

എഴുത്തുകാരി: ജിച്ചന്റെ കാവു

“അച്ഛൻ…” ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെങ്കിൽ കൂടി അപ്പുവിന്റെ വാക്കുകളിലും താഴത്തെ മുറിയിലെ ആൽബത്തിലും നിറഞ്ഞുനിൽക്കുന്ന ആ മുഖം… അനന്ദുവിന്റെ അച്ഛൻ… സ്വന്തം ഭാര്യയുടെ മരണം മകന്റെ ഭാഗ്യദോഷംകൊണ്ടാണെന്ന് വിശ്വസിച്ച് അവനെ തള്ളിക്കളഞ്ഞ മനുഷ്യൻ… ആഞ്ഞു ശ്വാസം വലിക്കുന്നതിനിടയിലും അവളുടെ കണ്ണുകൾ മിഴിഞ്ഞു നിന്നിരുന്നത് ആ മനുഷ്യന്റെ മുഖത്തെ ദേഷ്യം കണ്ടുകൊണ്ടായിരുന്നു… അമ്മയുടെ ഫോട്ടോ തൂക്കിയിട്ടിരിക്കുന്ന ചുമരിന് താഴെ മുഖം കുനിച്ചു നിൽക്കുന്ന അനന്ദുവിനോട് കയർക്കുകയാണയാൾ…

മഴയുടെ ഉയർന്നു കേൾക്കുന്ന സ്വരത്തിൽ അയാളുടെ വാക്കുകൾ പലതും അലിഞ്ഞു പോവുന്നുണ്ടെങ്കിലും ആ മുഖത്തെ വലിഞ്ഞ പേശികളും കഴുത്തിലെ പിടയ്ക്കുന്ന ഞരമ്പുകളും അയാളുടെ ദേഷ്യത്തെ അവൾക്കുമുൻപിൽ വെളിവാക്കികൊടുത്തു… ഒരടിപോലും അനങ്ങാനാവാതെ അനന്ദുവിന്റെ കുനിഞ്ഞ മുഖത്തിലേക്ക് തന്നെ കണ്ണുകൾ പായിച്ചുകൊണ്ടവൾ നിൽക്കുമ്പോൾ അപ്പുവിന്റെയും ഹരിയുടെയും മധുവിന്റെയും പേരെല്ലാം മഴയുടെ സ്വരത്തിനിടയിലും കേട്ടു… ഒരുപാട് നേരം നിന്നതിന്റെയോ എന്തോ അവനാ ചുമരിൽ ചാരി നിൽക്കുമ്പോൾ പെണ്ണിന്റെ കണ്ണുകൾ നിറഞ്ഞുവന്നു…

ഉള്ളിലെ നോവ് പുഞ്ചിരിയാൽ മറയ്ക്കുന്ന അനന്ദു അവിടെ ഉണ്ടായിരുന്നില്ല… അവനെയും തോൽപ്പിച്ചുകൊണ്ടുള്ള മുറിവുണ്ടാക്കാൻ കെൽപ്പുള്ളവർ തുനിഞ്ഞിറങ്ങുമ്പോൾ പുഞ്ചിരിയുടെ മറ പോലും തോറ്റുപോവുകയാണോ… വലുപ്പം കുറവെങ്കിലും ദൃഢമാർന്ന ഇടതുകാൽ ആധിപത്യം കാണിക്കാൻ തുടങ്ങി… പുറകിലേക്കാക്കി ചെരിച്ചുവച്ചിരിക്കുന്ന വലതുകാൽ എല്ലാവരിൽനിന്നും ഒളിക്കാൻ ശ്രമിച്ചു… പഴിയേറ്റുവാങ്ങാൻ ഇനിയും മടിപിടിക്കും പോലെ ഒളിച്ചിരിക്കുന്ന കാലിൽ ഇടതു പെരുവിരൽ അമർന്നു… ശക്തമായ് തന്നെ… ഉള്ളിലെ നോവിനെ അവൻ ശരീരത്തിന്റെ നോവാക്കി മാറ്റുമ്പോൾ തെറ്റുകളേതും ചെയ്യാതെ തന്നെ വലതുകാൽ ഇടതുകാലിനടിയിൽ ഞെരിഞ്ഞമ്മർന്നു…

ഒരുവേള കാലുകളിലെ നോവിക്കലിന്റെ ബലപ്രയോഗം കണ്ണുകളിൽ പതിഞ്ഞതും പെണ്ണിന്റെ ഹൃദയം വിങ്ങും നോവുണർന്നു… ചെവിയിൽ വന്നടിക്കുന്ന ശബ്ദങ്ങൾക്കിടയിലെ പരുപരുത്ത ദേഷ്യമാർന്ന സ്വരം നിശ്ചലമാക്കിയ കാലുകൾ അനന്ദുവിന്റെ പ്രവർത്തിയിൽ സ്വതന്ത്രമാകുമ്പോൾ അവളവനടുത്തേക്ക് പാഞ്ഞടുത്തു… ” അനന്ദൂ… ” കാലിലെ കൊലുസിന്റെ സ്വരത്തിനോടൊപ്പം ഉയർന്ന പെണ്ണിന്റെ സ്വരത്തിൽ വേദനയും ശാസനയും ഒരുപോലെ നിറഞ്ഞു… മുഖംകുനിച്ചിരുന്ന അനന്ദുവിനോടൊപ്പം ദേഷ്യത്താൽ ഒച്ചയെടുത്തിരുന്ന കൃഷ്ണകുമാറും അവളെ തന്നെ ഉറ്റുനോക്കി… ചുവന്നുകലങ്ങിയ അനന്ദുവിന്റെ കണ്ണുകൾ അവളെ തളർത്തുമ്പോൾ കാലുകളുടെ ബലം നഷ്ടപെടുന്നതറിഞ്ഞു…

എങ്ങനെയോ അവന്റെ അടുത്തേക്കാഞ്ഞു നിറഞ്ഞൊഴുകുന്ന കണ്ണുകളെ തലോടാൻ കയ്യുയർത്തുമ്പോഴേക്കും കൃഷ്ണകുമാരിന്റെ സ്വരവും ഉയർന്നു… ” ഓഹ്… ഇവളാണോ???… ഇവൾക്കുവേണ്ടിയാണോടാ നീയെന്റെ അപ്പുമോളെ ബലിയാക്കിയത്???.. ” മുഴങ്ങുന്ന സ്വരത്തിൽ പുച്ഛവും കലർന്നിരുന്നു.. പെണ്ണൊന്ന് നടുങ്ങിക്കൊണ്ട് അയാളെയും അനന്ദുവിനെയും മാറി മാറി നോക്കി.. അവളുടെ കണ്ണുകളിലെ നോവ് അനന്ദുവിനെ കൂടുതൽ തളർത്തുമ്പോൾ ചേർത്തുപിടിച്ചു നിർത്താൻ തോന്നി… ” മതിയായില്ലേടാ നിനക്ക്???… പൊന്നുപോലെ കൊണ്ടുനടന്ന അമ്മേനെ ഇല്ലാതാക്കീലേടാ??.. അതൊന്നും പോരാഞ്ഞിട്ടാണോ ഇപ്പോൾ എന്റെ അപ്പൂനേം???… നിനക്ക് സുഖിക്കാൻ എന്റെ മോളെ വച്ച് കളിച്ചില്ലെടാ… നീയാരാ അവൾടെ… അച്ഛനായ ഞാൻ ജീവിച്ചിരിക്കെ കണ്ണിൽകണ്ടവർക്ക് എന്റെ കുഞ്ഞിനെ പിടിച്ചുകൊടുക്കാൻ നീ ആരാന്ന്???…”

ദേഷ്യം കൊണ്ട് അയാളുടെ മൂക്കിൻതുമ്പ് പോലും വിറയ്ക്കുകയായിരുന്നു… അയാളുടെ ഓരോ ചോദ്യങ്ങൾക്കും അനന്ദു എന്തോ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിൽ കൂടി നിർത്താതെ ഉയർന്നു മുഴങ്ങുന്ന സ്വരത്തിൽ അവയെല്ലാം നിഷ്പ്രഭമായി പോയിരുന്നു… ദയനീയമായ മുഖത്തോടെ ചുമരിൽ താങ്ങിനായി അവൻ ചേർന്ന് നിൽക്കുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ധ്വനിയും ഒരു നിമിഷം നിശ്ചലയായി നിന്നു… ” എന്നെ നാണംകെടുത്താൻ ഉണ്ടായതല്ലെടാ നീ ??… ഞാൻ ഉറപ്പിച്ച കല്യാണം… മധുവിന്റെ ആങ്ങളായായിട്ടുള്ള കല്യാണം നീ മനപ്പൂർവം മുടക്കിയതാണ്… എന്നെ നാണം കെടുത്താൻ… എന്റെ വാക്ക് തെറ്റിക്കാൻ… എന്ന് നിന്റെ തല പുറത്തു കണ്ടോ അന്ന് തുടങ്ങിയതാണ് മറ്റുള്ളവരുടെ മുന്നിൽ മനുഷ്യൻ നാണം കെടാൻ….

തലകുനിയാൻ… ഇപ്പോഴും അതെ… മനപ്പൂർവം ആണ് നീ… നിന്റെ ദോഷംകൊണ്ട് എനിക്കെന്റെ അംബിയെ നഷ്ടപ്പെട്ടു… ഇവിടെ ഒരു സമാധാനം പോലും കിട്ടാത്തത് നീ കാരണം ആണെന്ന് അറിയുമ്പോഴെങ്കിലും ഒഴിഞ്ഞു പൊക്കൂടെ… എല്ലാവർക്കും ശല്ല്യാവാൻ… വെറുതെയാണോ നിന്നെയെല്ലാവരും ഒന്ന… ” “മതി…. നിർത്ത്…” ഉയർന്നു കേൾക്കുന്ന മഴയെ പോലും തോൽപ്പിച്ചുകൊണ്ട് അയാളുടെ സ്വരത്തെ പാതിവഴിയിൽ തടയാൻ ഉതകും വിധം അത്രമേൽ ശക്തമായിരുന്നു ധ്വനിയുടെ വാക്കുകൾ… ദേഷ്യത്താൽ വിറക്കുന്നതിനോടൊപ്പം കണ്ണുകൾ പെയ്യുന്നുണ്ടായിരുന്നു അവളുടെ… അച്ഛനെ പോലും നിശ്ചലമാക്കികൊണ്ടുള്ള അവളുടെ ഒച്ചയിൽ ഞെട്ടി അനന്ദു കൈയിൽ മുറുക്കെ പിടിക്കുമ്പോൾ അവളൊന്നു അവനെ നോക്കി…

ആകെ തളർന്നുള്ള ആ നിൽപ് അവളെ പിന്നെയും നോവിച്ചുകൊണ്ടിരുന്നു… ” അച്ഛനെന്താ പറയുന്നതെന്ന് ബോധ്യമുണ്ടോ??… ഇതച്ഛന്റെ മോനല്ലേ??.. അപ്പൂന്റെ കാര്യത്തിൽ കാണിക്കുന്ന താല്പര്യത്തിന്റെ ഒരംശം പോലും കാണിച്ചില്ലേലും കുഴപ്പമില്ല… ഒരു മനുഷ്യൻ തന്നെയാ ഇതെന്നുള്ള പരിഗണന നൽകിക്കൂടെ… അനന്ദുവെന്താ ചെയ്തേ??.. അവന്റെ എന്ത് തെറ്റാ അച്ഛൻ ഈ പറയുന്നത്?? വാക്കോ മനസ്സോ അറിയാത്ത കാര്യങ്ങൾ പറഞ്ഞാണ് അച്ഛൻ ഈ മനുഷ്യനെ നോവിക്കുന്നത്… അപ്പുവിനെ ആരും നിർബന്ധിച്ചു കെട്ടിച്ചുവിട്ടതല്ല… അവളുടെ ഒരാളുടെ ഇഷ്ടംപോലെയാണ് ഹരിമാഷുമായുള്ള കല്യാണം നടന്നത്… അതും കെട്ട് നടക്കുന്നതിനു നിമിഷങ്ങൾ മുൻപ് തീരുമാനിക്കപ്പെട്ടത്… ” ശ്വാസംപോലും എടുക്കാതെയുള്ള പെണ്ണിന്റെ വാക്കുകളിൽ ഇരുവരും തളയ്ക്കപെടുമ്പോൾ അവൾ അനന്ദുവിലേക്ക് ഒന്ന് കണ്ണുകൾ പായിച്ചു… ”

അന്നും ദേ ഇതേപോലെ നിസ്സഹായനായി നോക്കി നിൽക്കണേ ഈ മനുഷ്യന് കഴിഞ്ഞുള്ളൂ… എന്തോണ്ടാന്നോ??? പൊന്നുപോലെ അവളെ ഈ മനുഷ്യൻ സ്നേഹിക്കുന്നതുകൊണ്ട്… അവളുടെ സന്തോഷത്തിനും ഇഷ്ടത്തിനുമപ്പുറം ഒരു വാക്കുപോലും എതിർക്കാൻ പറ്റാത്തതുകൊണ്ട്….അനിയത്തിയേക്കാൾ ഉപരി മകളായി കാണുന്നതോണ്ട്… ” അവനെനോക്കി പറഞ്ഞുകൊണ്ട് ധ്വനി ആഞ്ഞു ശ്വാസമെടുത്തു… നിറഞ്ഞൊഴുകുന്ന മിഴികളെ സ്വാതന്ത്രമാക്കി വിട്ടു… മുഖത്തെ ഭാവത്തിൽ അവനോടുള്ള പ്രണയം നിറഞ്ഞു… ” അച്ഛൻ ചോദിച്ചില്ലേ കല്യാണം നടത്തികൊടുക്കാൻ അനന്ദു ആരാണെന്ന്… അച്ഛനാണ്… ഈ നെഞ്ചിൽ ഇട്ടു വളർത്തിയ അനിയത്തികുട്ടിയുടെ അച്ഛൻ…

അവൾക്ക് കിട്ടാതെ പോയ അമ്മയുടെ സ്നേഹവും വാത്സല്യവും കൊടുക്കുന്നവൻ… അവളുടെ ഇഷ്ടത്തിനെ എതിർക്കാൻ പറ്റാതെ എല്ലാവരുടെയും മുൻപിൽ തലകുനിച്ചു നിന്നേ ഉള്ളൂ അനന്ദു… ഒരു വാക്ക്കൊണ്ട് പോലും അവളെ അതിന് നോവിച്ചിട്ടില്ല…” പിന്നെയും കൃഷ്ണകുമാറിന് നേരെ തിരിഞ്ഞുകൊണ്ട് സംസാരിക്കുമ്പോഴും അവളുടെ ഓരോ വാക്കിലും ഭാവത്തിലും അനന്ദുവിനോടുള്ള സ്നേഹം മുന്നിട്ടു നിന്നു… അതറിഞ്ഞുകൊണ്ട് തന്നെ മിഴിനീരിനിടയിലും അനന്ദുവിന്റെ കണ്ണുകൾ തിളങ്ങി… അവന്റെ നോവിനെ അവളും പങ്കിട്ടെടുക്കും പോലെ തോന്നുകയായിരുന്നു അവന്… ” എന്നെ കിട്ടാൻ വേണ്ടി അനന്ദു കളിച്ചെന്നോ??..അങ്ങനെയല്ലേ അച്ഛൻ പറഞ്ഞേ??.. എന്ത് കളിയാണ് അച്ഛാ???..

അനിയത്തികാരണം കല്യാണം മുടങ്ങിയവളെ ഈ മനുഷ്യന്റെ താലികൊണ്ട് തൃപ്തിപെടുത്താൻ എല്ലാവരും ശ്രമിക്കുമ്പോൾ നിന്നു കൊടുത്തതാണോ ഇവന്റെ തെറ്റ്‌???… ജീവനെപ്പോലെ ഞാൻ ഇവനെ മാത്രം സ്നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും കൂട്ടുകാരന്റെ സ്നേഹത്തിനു മുൻ‌തൂക്കം നൽകിയിട്ടുള്ളൂ അന്നേരവും… ഇപ്പോഴും ഈ താലി കഴുത്തിൽ വീണിട്ടും എന്നെ സ്നേഹിക്കാനും അംഗീകരിക്കാനും പാടുപെട്ട് ശ്രമിക്കുന്ന മനുഷ്യനാണോ എന്നെ കിട്ടാൻ അപ്പുവിനെ വച്ച് കളിച്ചെന്നു അച്ഛൻ പറഞ്ഞത്???… എന്തറിഞ്ഞിട്ടാണ് അച്ഛൻ ഇങ്ങനെ???… ” അയാളോടുള്ള സംസാരത്തിന്റെ രീതിയിൽ പോലും ബഹുമാനം കാണിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഉള്ളിലുരുതിരിഞ്ഞുവരുന്ന ചോദ്യങ്ങൾ ചോദിക്കാതിരിക്കാൻ അവൾക്കായില്ല…

” എന്നെ ഉപദേശിക്കാൻ നീയാരാ???.. ഒക്കേം ഇവൻ പറഞ്ഞു പഠിപ്പിച്ചേക്കാവും ലെ???.. എനിക്കറിയാടി… വാസുവും മധുമോളും പറഞ്ഞു എന്നോടെല്ലാം… ” പെണ്ണിന്റെ വാക്കുകൾ ഓരോന്നും തനിക്കുനേരെ വന്നു നിൽക്കുമ്പോൾ അധികരിച്ച ദേഷ്യത്തെ തടുക്കാനാവാതെ അയാൾ പിന്നെയും ചീറികൊണ്ടിരുന്നു… ” അച്ഛനൊന്നും അറിയില്ല… ഒന്നും… ഈ വാസു എന്ന് പറയുന്നത് മധുവേടത്തിയുടെ അച്ഛൻ അല്ലേ??.. അച്ഛനും മോളും പറയുന്നത് വിശ്വസിച്ച് അവരുടെ നിർദേശങ്ങൾക്കനുസരിച്ചു ചലിക്കുകയാണ് അച്ഛനിപ്പോ ചെയ്യുന്നത്… അപ്പുവിനെ അവരുടെ മോനെകൊണ്ട് കെട്ടിക്കാൻ നോക്കിയല്ലോ??… അവനവളെ എത്രത്തോളം ഉപദ്രവിച്ചിട്ടുണ്ടെന്ന് അറിയാമോ??… അവന്റെ ഏതേലും സ്വഭാവം അറിയാമോ??..

എന്തിന് ഏട്ടത്തിയുടെ സ്വഭാവം അറിയോ??? ആ സ്ത്രീ ഇവിടെ വന്നു അനന്ദുവിനെ എന്തൊക്കെ പറയുന്നുണ്ടെന്നു കേട്ടിട്ടുണ്ടോ അച്ഛൻ???… കേട്ട് നോക്കണം… സ്വന്തം മകനെ അത്രത്തോളം ഒരുവൾക്ക് ചവിട്ടിതാഴ്ത്താൻ അവസരം ഉണ്ടാക്കി കൊടുത്തത് അച്ഛൻ ഒരാളാണ്… അച്ഛന്റെ തെറ്റാ… എല്ലാം… ന്റെ അന്ദുവിനെ പഴിചാരേണ്ട എന്നിട്ട്… ” ” ധ്വനി… വേണ്ടാ… ഇതെന്റെ അച്ഛനാണ്… നിന്റെം… അങ്ങനെ വേണം നീ കാണാനും പെരുമാറാനും… മതി പറഞ്ഞത്… ” ധ്വനിയുടെ വാക്കുകളെ തടുത്തുകൊണ്ട് അനന്ദു അവളോടായി പറയുമ്പോൾ ജീവിതത്തിലെ ഉപേക്ഷിക്കാനാവാത്ത രണ്ട് ബന്ധങ്ങളെയും തമ്മിൽ ഉടക്കാൻ അനുവദിക്കാതിരിക്കാൻ ശ്രമിക്കുകയായിരുന്നു അവൻ… അവളുടെ കൈയിൽ കൈയ് മുറുക്കികൊണ്ട് പുറകിലോട്ട് വലിച്ചു നീക്കി..

” മതിയെടാ… ഭാര്യേം ഭർത്താവും കൂടിയുള്ള ഒത്തുകളി… എനിക്കൊന്നും മനസിലാവില്ല ന്ന് കരുതണ്ട നീയ്… ” പിന്നെയും അയാൾ അവർക്കുനേരെ ശബ്ദമുയർത്തി… ദേഷ്യത്താൽ കഴുത്തിലെ ഞെരമ്പുകൾ പിടച്ചു… അതുകാണെ അവളൊന്നു പുഞ്ചിരിച്ചു… അനന്ദുവിനെ തിരിഞ്ഞു നോക്കി നോക്കി.. അതെ പുഞ്ചിരിയോടെ പിന്നെയും അച്ഛനെയും നോക്കി ഒരു നിമിഷം നിന്നു… ” ഇതാ… ഇതാ അച്ഛാ കുഴപ്പം… ഇത്രമേൽ അച്ഛൻ കുത്തുവാക്കുകൾ കൊണ്ട് വേദനിപ്പിച്ചിട്ടും അനന്ദുവിന് അച്ഛനെ ഒരു വാക്കുകൊണ്ട് പോലും കുറ്റപ്പെടുത്തുന്നത് സഹിക്കാൻ പറ്റുന്നില്ല… മറിച് അച്ഛന്റെ കാര്യമൊന്നും നോക്കൂ… അവന്റെ അഭിനയം ആയാണ് ഇതെല്ലാം അച്ഛന് തോന്നുന്നത്… ഒരുവർഷത്തെ പരിചയമേ എനിക്കിവനെ ഉള്ളൂ…

ആ എനിക്ക് അനന്ദുവിനെ മനസിലാക്കാൻ പറ്റുന്നുണ്ടെങ്കിൽ ജനനം തൊട്ട് അവനെ കാണുന്ന അച്ഛന് എന്തുകൊണ്ട് പറ്റില്ല??… വേണ്ടെന്ന് വച്ചിട്ടല്ലേ??? മനപ്പൂർവം അല്ലേ??… ” സൗമ്യമെങ്കിലും ഉറച്ചവാക്കുകൾ… അതയാളുടെ ദേഷ്യത്തെ ഉച്ചിയിൽ എത്തിക്കുമ്പോൾ നെറ്റിയിലെ നീല ഞരമ്പുകൾ പിടച്ചു… ” ആടി… നീ പറഞ്ഞത് നേരാ.. ഇവന്റെ ജനനം മുതൽ കാണുന്നതാ ഞാനിവനെ… ആ എന്റെ അത്രേം ഇന്നലെ വന്നുകയറിയ നിനക്കറിയില്ല… മതിയായില്ലേടാ നിനക്ക്???… നിന്റെ ഭാര്യയെകൊണ്ട് അച്ഛനെ നാവിനാൽ തല്ലിച്ചിട്ട്… പൊന്നുപോലെ കൊണ്ടുനടന്നതല്ലേ??… നിന്നെ നെഞ്ചോരം ചേർത്ത് പൊതിഞ്ഞുപിടിച്ചതല്ലേ എന്റെ അംബി… ഞാനായിട്ട് ഒരിക്കൽപോലും നിറയ്ക്കാത്ത ആ കണ്ണുകൾ നീ.. നീ ഒരാൾ വന്നതിൽ പിന്നെയാ നിറഞ്ഞിരുന്നത്… നിന്നെയൊർത്ത്… നിന്റെ ഈ കാലിനെ ഓർത്ത്… അവൾ കരഞ്ഞ അത്രേം ആരും കരഞ്ഞു കാണില്ല…

ആ അവളുടെ ജീവൻ പോലും നിന്റെ ദോഷം കൊണ്ട് എടുത്തില്ലെടാ…. അതൊന്നും പോരാഞ്ഞിട്ടാ.. പിന്നെയും ഇവിടെ… ” ” അച്ഛാ… ഇനീം പറയല്ലേ അച്ഛാ… നിക്ക് കേട്ടുനിൽക്കാൻ പറ്റുന്നില്ല… ഞാൻ ന്റെ അമ്മേനെ… ” അനന്ദുവിന്റെ തൊട്ടു മുൻപിൽ വന്നുനിന്നുകൊണ്ടയാൾ പറയുന്ന വാക്കുകൾ കേട്ട്നിൽക്കാൻ കെൽപ്പില്ലാതെ അവൻ തടഞ്ഞു… ഹൃദയം വിങ്ങി… വാക്കുകൾ ഇടറുമ്പോൾ കണ്മുമ്പിൽ അമ്മയുടെ പുഞ്ചിരിച്ച മുഖം… നീട്ടിവരച്ച ചന്ദനകുറിക്കുതാഴെ വലുപ്പമേറിയ ചുവന്ന പൊട്ടും ചുണ്ടിലെ മായാത്ത പുഞ്ചിരിയും… അവന്റെ ഇടനെഞ്ചിന്റെ പിടച്ചിൽ അറിഞ്ഞെന്നോണം വലതുകയ്യാൽ അവളവിടെ ഒന്ന് അമർത്തി… പതിയെ… ” അച്ഛനെന്താ പറയുന്നത്??.. അനന്ദുവിന്റെ കുറ്റമാണോ കാലിന്റെ വയ്യായ??..

അനന്ദുവിന്റെ എന്നല്ല ആരുടെയെങ്കിലും കുറ്റമാണോ ഇത്??.. എന്തിനാണ് അച്ഛാ ഈ പേരും പറഞ്ഞു ഇവനെയൊരു ഭാഗ്യദോഷിയായി കാണുന്നത്??.. എങ്ങനെ പറ്റുന്നു നിങ്ങൾക്ക്??… നെഞ്ചോരം ചേർത്തുപിടിച്ചു വളർത്തേണ്ട അച്ഛൻ തന്നെ ഇങ്ങനെ…” പിടയുന്ന നെഞ്ചിന്റെ കേഴൽ അവളുടെ വാക്കുകളെ പോലും തടഞ്ഞു നിർത്തി… ” എങ്ങനെ??.. നിനക്കിപ്പോ എന്തുവേണേലും പറയാലോ… ഒരു അച്ഛനോ അമ്മയോ ആയി ഞങ്ങൾ കടന്ന അവസ്ഥയിലൂടെ കടന്നു നോക്കണം… ഈ ഒരുത്തൻ കാരണം കുടിച്ചുതീർത്ത കണ്ണീർ ഉണ്ടല്ലോ… നിങ്ങൾക്കും നാളെ കുഞ്ഞുങ്ങൾ ഉണ്ടാവുമല്ലോ.. അന്ന് നോക്ക്.. ആ കുഞ്ഞിനൊരു വൈകല്യം ഉണ്ടേൽ നിങ്ങൾ എത്രത്തോളം വേദനിക്കുമെന്നും എത്രത്തോളം മാറുമെന്നും അപ്പൊ അറിയാം… അതും ഇവിടെയല്ല… ഈ വീടിനു പുറത്തു… എന്നിട്ട് എന്നെ കുറ്റം പറയാൻ വാ… ”

വീറോടെ അയാൾ പറഞ്ഞു നിർത്തുമ്പോൾ എന്തുകൊണ്ടോ അനന്ദുവിന്റെയും ധ്വനിയുടെയും കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഒലിച്ചിറങ്ങി… ഇതുവരെ ഉതിർന്നതിൽ നിന്നും വ്യത്യസ്തമായതിന്റെ പൊള്ളൽ മുന്നിട്ടു നിന്നു… അയാളുടെ വാക്കുകളിൽ കൂടെ പിന്നെയും സഞ്ചരിക്കുമ്പോൾ ഭാവിയിലെന്നോ ജനിക്കാൻ പോവുന്ന കുഞ്ഞിനെ കൂടി ഇതിനിടയിലേക്ക് കടത്തികൊണ്ടുവന്നത് അവളെ മുറിവേൽപ്പിച്ചു… കൂടുതൽ ആഴമായി… ചിന്തകളിൽ പോലും കുഞ്ഞിനൊരു വൈകല്യം എന്ന് കടന്നു ചിന്തിച്ച അയാളുടെ മനസ്സ്… അതവൾക്കുമുന്നിൽ കൂടുതൽ വ്യക്തമായി… അനന്ദു അപ്പോഴും ഭീതിയോടെ കഴിഞ്ഞുപോയ കാലങ്ങളിൽ കൂടി സഞ്ചരിക്കുന്ന കുഞ്ഞ് ആവുകയായിരുന്നു…

നോവിച്ചും മുറിവേൽപ്പിച്ചും ചിരിക്കുന്ന ഒട്ടനവധി ആളുകൾക്കിടയിൽ പിടയുന്ന കുഞ്ഞ്… അതെ അവസ്ഥയിലൂടെ തന്റെ വാവയും കടന്നുപോവുന്നത് ഓർത്തുനോക്കാൻ കൂടാതവൻ കണ്ണുകൾ ഇറുക്കിയടച്ചു… പെണ്ണിന്റെ കൈയ്കളിൽ കൈയ് മുറുക്കി… ” എന്തായാലും എങ്ങനെയായാലും ന്റെ അനന്ദു ഞങ്ങളുടെ വാവേനെ ഉള്ളംകയ്യിൽ കൊണ്ട് നടക്കും അച്ഛാ… അവനനുഭവിച്ചപോലെ ഒരു വേദനയും ഒരു കുത്തുവാക്കും കേൾപ്പിക്കാതെ… നെഞ്ചിൽ ചേർത്ത് തന്നെ വളർത്തും… നിക്ക് ഉറപ്പാ… ” എങ്ങനെയോ അത്രയും പറഞ്ഞപ്പോഴേക്കും വാക്കുകൾ ഇടറിപോയിരുന്നു അവളുടെ… പറഞ്ഞു തീർക്കുന്നതിനൊപ്പം തിരിഞ്ഞുകൊണ്ട് അനന്ദുവിനെയവൾ ആഞ്ഞു പുൽകി…

ഇരു കയ്യാലെയും ചുറ്റിപ്പിടിച്ചുകൊണ്ട് അവന്റെ നെഞ്ചോരം മുഖം അമർത്തുമ്പോൾ കരച്ചിൽ ചീളുകൾ പുറത്തേക്ക് ശക്തമായൊഴുകി… ഇരു കയ്യ്കൊണ്ടും അവളെയും തിരിച്ചു പുണരുമ്പോൾ അവനും തേങ്ങിപ്പോയി… പെണ്ണിന്റെ നെറുകിൽ ചുണ്ട് ചേർത്തുകൊണ്ടവൻ ഒരു നിമിഷം അതേപടി നിന്നു… ” എപ്പോഴാ ഇറങ്ങണ്ടേയെന്നു പറഞ്ഞാൽ മതി അച്ഛാ… ഞങ്ങൾ പൊക്കോളാം… ഇനിയും അനന്ദു കാരണം ആരും നാണംകെടേണ്ട… ഇടക്ക്.. ഇടക്ക് വല്ലപ്പോഴും അമ്മേനേം നിങ്ങളെ എല്ലാരേം കാണാൻ അനുവദിച്ചാൽ മതി… വേറൊന്നും വേണ്ടെനിക്ക്… ” ചുണ്ടിൽ പുഞ്ചിരി വരുത്തിക്കൊണ്ട് അവൻ പറഞ്ഞുനിർത്തുമ്പോൾ അവളവനെ ഒന്നുകൂടെ മുറുക്കി വരിഞ്ഞു… ” ഞാനോ ഇവളോ ഇതുവരെ പറയുകയോ പ്രവർത്തിക്കുകയോ ചെയ്ത് തെറ്റായിരുന്നെങ്കിൽ അച്ഛൻ പൊറുക്കണം…”അച്ഛനോട് പറഞ്ഞുകൊണ്ട് ഒരിക്കൽ കൂടെ നെഞ്ചിൽ പതുങ്ങുന്ന പെണ്ണിന്റെ നെറുകയിൽ ചുംബിച്ചു…

മറുപടിയേതും പറയാതെ കൃഷ്ണകുമാർ താഴെയുള്ള മുറിയിൽ കയറി വാതിൽ കൊട്ടിയടച്ചു… തന്നിലേക്ക് അവളെ ചേർത്തുപിടിച്ചുകൊണ്ട് അനന്ദു പടികൾ കയറി മുറിയിലേക്ക് നടന്നു… നോവിനിടയിലും തളരാതെ വലതുകാൽ അവനെ തുണച്ചു… ആടിയുലയുന്ന ശരീരത്തെ താങ്ങാൻ ഇടതുകാലിനൊപ്പം കൂട്ട് നിന്നു… പെണ്ണിന്റെ നനഞ്ഞ സാരിയിൽ നിന്നും അപ്പോഴും വെള്ളത്തുള്ളികൾ ഇറ്റു വീണു… തുരുമ്പുപിടിച്ചു തുടങ്ങിയ പഴയ ഇരുമ്പലമാരിയിലെ നിറഞ്ഞിരിക്കുന്ന സാരിയിലൊന്നു അയാൾ വലിച്ചെടുത്തു… കട്ടിലിലെ വിരിപ്പിനു മേലെ അത് വിരിച്ചുകൊണ്ട് കൈവിരലാൽ തഴുകി… ഇളം മഞ്ഞയിൽ ചുവന്ന പൂക്കളുള്ള മറ്റൊരു സാരി വലിച്ചെടുത്തുകൊണ്ട് മുഖത്തോട് ചേർത്തുപിടിച്ചു ചുംബിച്ചു…. കണ്ണുകൾ അടച്ചുകൊണ്ട് അതിനെ നെഞ്ചോരം ചേർത്തുപിടിക്കുമ്പോൾ അയാൾക്ക്‌ മുൻപിൽ അവരായിരുന്നു… അയാളുടെ പ്രണയം… അയാളുടെ കുട്ടികളുടെ അമ്മ… അംബിക…

നെഞ്ചോരം ചേർത്ത സാരി മുഖത്തേക്കടുപ്പിച്ചുകൊണ്ട് കട്ടിലിൽ മലർന്നുകിടന്നു… തൊട്ടടുത്തായി അംബികയുടെ സാമീപ്യം… ചെറിയൊരു പുഞ്ചിരി ചുണ്ടിൽ മിന്നിമാറുമ്പോൾ കണ്ണുകൾ തുറന്നു… ശൂന്യമായ ചുറ്റുപാടും കണ്ണോടിക്കുമ്പോൾ ചുണ്ടിലെ പുഞ്ചിരി മായുന്നതിനൊപ്പം കണ്ണുകൾ രക്തവർണ്ണമായി… കാതിൽ അപ്പോഴും മുഴങ്ങി കേൾക്കുന്ന പലരുടെയും വാക്കുകൾ… അനന്ദുവിന്റെ വൈകല്യം ശാപമാണ്… ദോഷമുള്ളവൻ… അപശകുനം…. മൃത്യു വിളിച്ചുവരുത്തുന്നവൻ…. ഭാഗ്യം കെടുത്തുന്നവൻ…. നിർഭാഗ്യവാൻ… അയാളുടെ നെറ്റിയിലെയും കഴുത്തിലെയും ഞെരമ്പുകൾ പിടച്ചു…പല്ലുകൾ കൂട്ടികടിച്ചുള്ള ശബ്ദം ഉയർന്നു… അതിനിടയിലും ധ്വനിയുടെ വാക്കുകളും അനന്ദുവിന്റെ നോട്ടവും ഉള്ളിൽ മിന്നിമാറി… കുമ്പിട്ടുകൊണ്ട് കണ്ണീർവാർക്കുന്ന എട്ടര വയസ്സുകാരൻ കൂടുതൽ മികവോടെ ഉള്ളിൽ നിറഞ്ഞു……………………….  (തുടരും)…..

തോളോട് തോൾ ചേർന്ന്: ഭാഗം 17

മുഴുവൻ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story