തോളോട് തോൾ ചേർന്ന്: ഭാഗം 19

തോളോട് തോൾ ചേർന്ന്: ഭാഗം 19

എഴുത്തുകാരി: ജിച്ചന്റെ കാവു

പകുതി നനഞ്ഞ ചുരിദാറിന്റെ ഷാൾ കസേരയിലേക്കിട്ടുകൊണ്ട് അപ്പു അലമാരയിൽ നിന്നും പഴയൊരു ചുരിദാർ തപ്പിയെടുത്തു… വെള്ളത്തുള്ളികൾ ഉറ്റുവീഴുന്ന മുടി ഒന്നിച്ചു മുന്നിലേക്കെടുത്തു ഉണങ്ങിയ തോർത്തിനാൽ വെള്ളം ഒപ്പി… പുറകിൽ വാതിലടയുന്ന സ്വരം കേൾക്കെ അവൾ തെല്ലൊന്ന് ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ അടച്ചിട്ടിരിക്കുന്ന വാതിലിൽ ചാരി നിന്നുകൊണ്ട് മാറിൽ ഇരു കൈയ്കളും പിണച്ചു നിൽക്കുന്ന ഹരിയേയാണ് കണ്ടത്…

മുഖത്തെ മറച്ചു വീണുകിടക്കുന്ന അവന്റെ നീണ്ട മുടിയിഴകളിലെ നനവ് ആ മുഖത്തെ കൂടുതൽ മനോഹരമാക്കുമ്പോൾ അവളൊരു നിമിഷം അവനെ തന്നെ നോക്കി നിന്നു… പിന്നെയും മുഖം തിരിച്ചുകൊണ്ട് മുടിയിലെ വെള്ളം തുടയ്ക്കൽ തുടർന്നു… പുറംകഴുത്തിൽ പതിഞ്ഞ നിശ്വാസത്തിനോടൊപ്പം അവന്റെ കൈയ്കളും പെണ്ണിന്റെ അരയിലൂടെ ചുറ്റി വരിഞ്ഞു… അവളൊന്നു പിടഞ്ഞുകൊണ്ട് അവനിൽ നിന്നും അകലാൻ നോക്കുമ്പോൾ ഒന്നുകൂടി പിടി മുറുക്കികൊണ്ടവൻ അവളെ ചേർത്തുപിടിച്ചു…

നനവാർന്ന തല ചെറുതായി കുനിച്ചുകൊണ്ട് അവളുടെ മേലെ കുടയുമ്പോൾ നഗ്നമായ പുറം കഴുത്തിലും ചുരിദാറിന്റെ പുറത്തുമായി വെള്ളത്തുള്ളികൾ പറ്റിച്ചേർന്നു… ” ഹരിയേട്ടാ… ” ഇടുപ്പിനെ ചുറ്റി വരിഞ്ഞ കൈയ്കളിൽ പിടിമുറുക്കികൊണ്ടവൾ ശാസനയോടെ വിളിച്ചു… അവനൊന്നു മൂളിക്കൊണ്ട് പെണ്ണിന്റെ പുറം കഴുത്തിലൂടെ താടിത്തുമ്പ് ഉരസി തോളിലേക്ക് മുട്ടിച്ചു വച്ച് ചെവിയോരം മുഖമടുപ്പിച്ചുകൊണ്ട് പതിയെ മുത്തി… ” എന്റെ കൂടെ വരാൻ പറ്റില്ലല്ലേ നിനക്ക്???.. എന്താ പറഞ്ഞേ കൂട്ടുക്കാരുടെ കൂടെ പോവാണെന്നോ??… അപ്പൊ എന്തേ അപ്പൂസ് ഓർത്തില്ലേ ഈ ഹരിയേട്ടന്റെ അടുത്തോട്ട് തന്നെയാ എത്തിച്ചേരാന്ന്??.. ഏഹ്??.. ”

പതിഞ്ഞ സ്വരത്തിലുള്ള ഹരിയുടെ വാക്കുകൾ കാതിൽ അലയടിക്കുമ്പോൾ അവളൊന്നു കുറിക്കുകൊണ്ട് മുഖം എതിർ ദിശയിലേക്ക് തിരിച്ചു… ” ന്നെ ചീത്ത പറഞ്ഞിട്ടല്ലേ… ” കുറുമ്പോടെ അവന്റെ കയ്യിലൊന്നു നുള്ളി… “ആഹ്… നുള്ളാതെടി… ചീത്ത പറഞ്ഞോന്നൂല്ല്യല്ലോ… ഞാൻ കാര്യം പറഞ്ഞതാ… കോളേജാ പെണ്ണെ… നീ പഠിക്കാൻ വരുമ്പോ പഠിക്കന്നെ വേണം… കേട്ടോ??.. ഹരിമാഷ്ടെ കെട്ടിയോള് എട്ടുനിലേൽ പൊട്ടിയാ ന്റെ വെല തന്നെ പോവില്ലേ കുഞ്ഞാ… അത് മാത്രോ… എല്ലാരും നമ്മളെ നോക്കി ഇരിക്കാവും… ചുമ്മാ എന്തിനാ വെറുതെ ഓരോരോ സംസാരങ്ങൾ… ” പെണ്ണിന്റെ തോളിൽ കുറ്റിതാടിയാൽ ഇക്കിളിക്കൂട്ടികൊണ്ട് ഹരി പറഞ്ഞു…

” ഹരിയേട്ടനും നോക്കീലോ ന്നെ… ” പരിഭവം വാക്കുകളിൽ അലതല്ലി… ” നോക്കീലോ… ഒട്ടും ന്നെ നോക്കണ്ടന്ന് അല്ലടാ പറഞ്ഞത്… പഠിക്കുന്ന നേരം പഠിപ്പിൽ ശ്രദ്ധിക്കണം… പ്രോബ്ലം ചെയ്യാൻ തന്നാൽ അത് ചെയ്യണം… ഞാൻ എക്സ്പ്ലൈൻ ചെയ്യുന്നുണ്ടേൽ പറയുന്നത് ശ്രദ്ധിക്കണം… അല്ലാതെ വായ്നോക്കി ഇരിക്കരുതെന്ന്… കേട്ടോടി കുറുമ്പി… ” അവന്റെ വാക്കുകളിൽ പെണ്ണൊന്നു പുഞ്ചിരിച്ചുകൊണ്ട് സമ്മതം മൂളി… തോളിൽ നിന്നും മുഖം ചെരിച്ചുകൊണ്ടവൻ കവിളിൽ പതിയെ മുത്തി… തണുപ്പിലും ചൂടുള്ള അധരസ്പർശം… ” പിന്നേയ്… കോളേജിലേ സാറും കുട്ടീം ഉള്ളൂ… അവിടന്ന് ഇറങ്ങി കഴിഞ്ഞ പിന്നെ ഹരീം പെണ്ണുമാട്ടോ… ” വാക്കുകളിൽ കുസൃതി നിറച്ചവൻ ഇടുപ്പിൽ പിടി മുറുക്കി… പെണ്ണവനെ തട്ടിമാറ്റി നീങ്ങി നിന്നു.. മുഖം കൂർപ്പിച്ചു…

” വണ്ടീൽ വന്നോണ്ടല്ലേ മുഴുവൻ നനഞ്ഞേ… നോക്കിയേ… എന്നേം ആകെ നനച്ചില്ലേ ഇപ്പോ… നോക്കിനിൽക്കാതെ തല തോർത്ത്‌ ഏട്ടാ… ” കൈയിലെ തോർത്ത്‌ അവന്റെ തോളിൽ ഇട്ടുകൊണ്ടവൾ മാറാനുള്ള ഡ്രെസ്സുമെടുത്തു ബാത്റൂമിലേക്ക് ഓടി… വാതിലിനടുത്തുത്തെത്തി തിരിഞ്ഞു നിന്നുകൊണ്ടവനെ നോക്കി കണ്ണിറുക്കി.. ചുണ്ടിലെ പുഞ്ചിരിയിൽ പ്രണയം ഒളിപ്പിച്ചുകൊണ്ട് ഹരിയും പെണ്ണിന്റെ കാട്ടായങ്ങൾ നോക്കി നിന്നു… ***************** അനന്ദുവിനും ധ്വനിക്കുമിടയിൽ വല്ലാത്തൊരു ഭീകരമായ നിശബ്ദത സ്ഥാനംപിടിക്കെ ഇരുവരും ചിന്തകളുടെ കെട്ടുപിടച്ചിലിൽ ആയിരുന്നു…

മണിക്കൂറുകൾ കടന്നുപോകുമ്പോഴും ഒരു മുറിക്കുള്ളിൽ അടുത്തടുത്തിരുന്നുകൊണ്ട് മൂകതയുടെ മതിൽക്കെട്ടവർ അറിഞ്ഞുകൊണ്ട് തന്നെ പടുത്തുയർത്തി.. എന്തിനെന്നു അറിയുന്നില്ല… അനന്ദുവിന്റെ അച്ഛനിൽ നിന്നും വന്ന ഓരോ വാക്കിലും അവനെന്ന മകൻ എത്രത്തോളം നോവുന്നുണ്ടാവുമെന്ന് അവൾക്ക് ഊഹിക്കാൻ പോലും സാധിക്കുന്നില്ലായിരുന്നു… എന്തെല്ലാമോ അവനോടു പറയണമെന്നുണ്ട്… പക്ഷെ വാക്കുകൾ അവനൊരു ആശ്വാസത്തിനുമപ്പുറം മുറിവിനെ വ്രണപെടുത്തുമോ എന്നവൾ ഭയന്നു… ആ മനസ്സ് ഇപ്പോഴും താഴെ നടന്ന വാക്കുതർക്കങ്ങൾക്കിടയിൽ ഭീതിയോടെ നോവോടെ സ്വയം മുറിവേറ്റുകൊണ്ടിരിക്കുകയാണ്…

അടക്കിപിടിക്കുകയാണ് അവനെല്ലാം… ഉള്ളിനെ തന്നെ… മൗനത്തിലും അവരുടെ ഹൃദയങ്ങൾ തമ്മിൽ ആഞ്ഞുപുൽകിക്കൊണ്ടിരിക്കുകയായിരുന്നു…. ധ്വനി അവനെ നോക്കി… കണ്ണുകൾ എങ്ങോ പതിപ്പിച്ചിരുന്നെങ്കിലും ഹൃദയം വിങ്ങുകതന്നെയാണെന്ന് മുഖഭാവം വിളിച്ചോതുന്നു… നോവിനെ മറച്ചുപിടിക്കും പുഞ്ചിരി എങ്ങോ പോയ്മറഞ്ഞു… കുട്ടിത്തം നിറഞ്ഞ മുഖത്താകെ നിസ്സഹായതയും വേദനയും… കട്ടിലിൽ കുത്തി വച്ചിരിക്കുന്ന വലതുകയ്യ്കുമേൽ അവളവളുടെ കൈപത്തിയൊന്നു അമർത്തി… പെട്ടന്നൊരു വേവലാതിയോടെ നോക്കുന്നവനായി പുഞ്ചിരിച്ചു…

തിരിച്ചൊരു പുഞ്ചിരി നൽകാൻ പരാജയപ്പെട്ടുകൊണ്ടവൻ ദയനീയമായി നോക്കുമ്പോൾ അവളൊന്നു കണ്ണുചിമ്മി… അവനിലേക്ക് ചേർന്നിരുന്നുകൊണ്ട് കൈയിവിരലുകൾ തമ്മിൽ കെട്ടുപിണഞ്ഞു ഒത്തുചേരാൻ അനുവദിച്ചു… ” നിക്ക് ന്റെ അനന്ദൂനെ വേണം… എപ്പോഴും പുഞ്ചിരിച്ചുകൊണ്ട്… സ്നേഹിക്കാൻ മാത്രമറിയുന്ന അനന്ദൂനെ… ” മറുകയ്യ് അവന്റെ കവിളിൽ ചേർത്തുകൊണ്ട് അത്രമേൽ മൃദുവായവൾ പറഞ്ഞു… അവളെ തന്നെ നോക്കി നിന്നവന്റെ കണ്ണുകൾ നിറഞ്ഞുവന്നു… ” ന്തിനാ ടീച്ചറെ.. വെറുതെ.. ന്നെ… ” ” ഇഷ്ടായോണ്ട്… ന്റെ പ്രാണനായോണ്ട്… ” അനന്ദുവിന്റെ വാക്കുകളെ മുഴുവിപ്പിക്കാൻ അനുവദിക്കാതെ ധ്വനി പറഞ്ഞുകൊണ്ട് അവന്റെ കണ്ണുകളിൽ നോക്കി…

ഒളിപ്പിച്ചുപിടിച്ചിരുന്ന ഓർമകളുടെ സാഗരം അന്നാദ്യമായി ആ കണ്ണുകൾ അവൾക്കുമുൻപിൽ വെളിവാക്കികൊടുത്തു… മറ നീക്കി പുറത്തുവരാൻ വെമ്പിയിരുന്ന അവന്റെ കണ്ണുകളുടെ നിഷ്കളങ്കത ഇടക്കൊന്നു ഒളിഞ്ഞുനോക്കി… കവിളിൽ ചേർത്തുപിടിച്ച അവളുടെ കൈയ് അനന്ദുവിന്റെ ചെവിയിലേക്കും അവിടന്ന് താടിത്തുമ്പിലേക്കുമെല്ലാം ഇഴഞ്ഞുകൊണ്ട് ആ മുഖത്തെ ഉയർത്തി തന്നെ പിടിച്ചു… എപ്പോഴോ മറുകയ്യും അവന്റെ കവിളിനെ പുൽകാൻ തുടങ്ങി… വർഷങ്ങൾക്കിപ്പുറം ആദ്യമായി അനുഭവിക്കുന്ന വാത്സല്യത്തിൽ അവൻ പണ്ടത്തെ കുഞ്ഞിചെറുക്കാനായി തീർന്നു… ആ കണ്ണുകളിൽ തന്നെ നോട്ടമെയ്തുകൊണ്ടിരുന്ന പെണ്ണിന് മുൻപിൽ മറച്ചുപിടിച്ച ഓർമ്മകൾ ഓരോന്നായി തെളിഞ്ഞു വന്നു…

ജനനം മുതൽ ഇന്നേവരെ പറഞ്ഞും കേട്ടും അനുഭവിച്ചും തീർന്ന ഓരോ ദിനവും വാക്കുകൾക്കൊപ്പം കണ്ണുകളിലൂടെ അവൾ കാണുമ്പോൾ നിറഞ്ഞൊഴുകുന്ന അവന്റെ മിഴികൾക്കൊപ്പം അവളുടെ മിഴികളും മത്സരിച്ചു… മുഖത്തെ ഉയർത്തിപിടിച്ചിരുന്ന കയ്യ്കളിലെ തള്ളവിരലുകൾ മിഴിനീർ തുടച്ചു… ഇതുവരെ കണ്ടതിലും അറിഞ്ഞതിലും അപ്പുറം അനന്ദുവിനെ അവന്റെ കണ്ണിലൂടെ തന്നെ നോക്കി കാണെ അത്രമേൽ ആഴത്തിൽ പലതും അവളെയും മുറിവേൽപ്പിച്ചു… അത്രമേൽ കൊതിയോടെ… അതിലുപരി വാത്സല്യത്തോടെ അവൾ അനന്ദുവിന്റെ മുഖം കയ്യ്കുമ്പിളിലെടുത്തുകൊണ്ട് നെഞ്ചോരം ചേർത്തു മുറുക്കെ ചുറ്റിപ്പിടിച്ചു….

ഏങ്ങലടികളും നിശ്വാസങ്ങളും ഉയരുമ്പോഴും ഉള്ളിലുള്ള നോവെല്ലാം വാക്കുകളായി അവനിൽ നിന്നും ഒഴുകി കൊണ്ടിരുന്നു… ഒരു വാക്കുപോലും ഉരിയാടാതെ അവളൊരു കേൾവിക്കാരി മാത്രമായി.. പലപ്പോഴൊക്കെ നെറുകിൽ ചുംബിച്ചുകൊണ്ട് ചേർത്തുപിടിക്കുന്ന അമ്മയും…. പെണ്ണിന്റെ ഇടുപ്പിലൂടെ ചുറ്റിയ കൈയ്കൾ പിരിമുറുക്കത്താൽ മുറുകുമ്പോഴും ഏന്തലടികളിൽ ശരീരം വിറയ്ക്കുമ്പോഴും അവളവനെ വിടാതെ ചുറ്റിപ്പിടിച്ചു തന്നിലേക്ക് ചേർത്തു… ” തനിക്കു തോന്നുന്നുണ്ടോ??… ന്റെ അമ്മയെ… ഞാൻ…. ഞാൻ കാരണാ … അമ്മ.. പോയെന്ന്… ഞാൻ.. അമ്മയെ… അറിഞ്ഞോണ്ട്…. ഉപദ്രവിക്കോ… ”

ഇടക്കെപ്പോഴൊക്കെയോ ആവർത്തിച്ചാവർത്തിച്ചു അനന്ദു അമ്മയുടെ കാര്യം പറഞ്ഞു കരയുമ്പോൾ അത്രമേൽ മുറിവേറ്റ ഹൃദയത്തോടെ അവളും പൊട്ടികരഞ്ഞുപോയിരുന്നു… ഇനി ഒരാളിനാലും തകർക്കാൻ അവനെ വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിക്കുമ്പോൾ അവനുള്ള മരുന്നായവൾ സ്വയം മാറിക്കൊണ്ടിരുന്നു… എല്ലാത്തിനുമൊടുവിൽ തളർന്നുകൊണ്ട് അവളുടെ മടിയിൽ തല ചേർത്തുകിടക്കുന്ന അനന്ദുവിന്റെ മുടിയിഴകളെ പോലും ആ പെണ്ണ് ഭ്രാന്തമായി പുണർന്നു… സ്നേഹം വിരൽത്തുമ്പാൽ പകർന്നു… വാത്സല്യത്താൽ ചേർത്തണച്ചു… *****************

തൊട്ടുമുൻപിലെ കഞ്ഞിയിലേക്കും അടഞ്ഞുകിടക്കുന്ന താഴത്തെ മുറിയിലേക്കും മാറി മാറി നോക്കികൊണ്ട് അനന്ദു ഇരുന്നു… രാത്രിയിൽ അത്താഴത്തിനു നേരമായിട്ടുകൂടി മുറിയിൽ നിന്നും അച്ഛൻ പുറത്തിറങ്ങാതിരിക്കുന്നത് അവനെ നോവിക്കുമ്പോൾ ആ മുഖത്ത് പടരുന്ന നിരാശ നോക്കികണ്ട ധ്വനി അത്ഭുതപ്പെട്ടു… ഇത്രയേറെ പറഞ്ഞിട്ടും പിന്നെയും അച്ഛന്റെ സ്നേഹത്തിനു വേണ്ടി അവനുള്ളം തുടിക്കുന്നു… ഒരു വറ്റുപോലും കഴിക്കാതെ സ്പൂൺകൊണ്ട് വെറുതെ കഞ്ഞിയിൽ ഇളക്കി മുഖം കുനിച്ചവൻ ഇരുന്നു.. ആ മനസ്സിൽ അന്നേരം കടന്നുപോവുന്ന ചിന്തകൾ മനസിലാക്കികൊണ്ട് തന്നെ ധ്വനി അവന്റെ ഇടതുകയ്യിൽ കയ്യ്മുറുക്കി…

ദയനീയമായ മുഖത്തോടെ നോക്കിയ അവന്റെ കണ്ണുകളിൽ അച്ഛനെപ്പറ്റിയുള്ള ആധി നിറഞ്ഞു… ഒരുനിമിഷം മറ്റൊന്നും ചിന്തിക്കാതവൾ അച്ഛന് കഴിക്കാൻ വേണ്ടതെല്ലാം എടുത്തു മുറിയിലേക്ക് നടന്നു.. അടഞ്ഞു കിടക്കുന്ന വാതിലിൽ എത്തിനിന്നുകൊണ്ട് അനന്ദുവിനെ നോക്കുമ്പോൾ അവന്റെ കണ്ണുകളും അവളിൽ തന്നെയായിരുന്നു… അവനോടൊന്നു കണ്ണുചിമ്മി കാണിച്ചുകൊണ്ട് വാതിലിൽ മുട്ടുമ്പോൾ അകത്തുനിന്നും യാതൊരു പ്രതികരണവും കിട്ടുന്നുണ്ടായില്ല… തെല്ലൊന്ന് ബലത്തിൽ വാതിൽ തള്ളിയപ്പോൾ കുറ്റിയിടാതിരുന്നതുകൊണ്ട് അത് മലർക്കേ തുറന്നു… കട്ടിലിൽ സാരികൾ തീർത്തൊരു കൂമ്പാരത്തിനുള്ളിൽ കമഴ്ന്നു കിടക്കുന്ന അച്ഛനെ ഒരുനിമിഷം അവൾ നോക്കി നിന്നു…

തലേന്നുള്ള അയാളുടെ വാക്കുകളിൽ മുന്നിട്ടു നിന്നിരുന്ന ഭാര്യയോടുള്ള സ്നേഹം ഓർത്തു… ഒരുവേള സഹതാപം തോന്നിപ്പോയോ… അറിയില്ല… എന്തോ… ആ കിടപ്പ് ഉള്ളിലൊരു നൊമ്പരം ഉണ്ടാക്കുന്നു… ഒപ്പം അനന്ദുവിനെപ്പറ്റി പറഞ്ഞ വാക്കുകൾ ഓർക്കുമ്പോൾ അച്ഛനെന്നു വിളിക്കാൻ പോലും തോന്നുന്നില്ല… അത്രയും വെറുപ്പും ദേഷ്യവും തോന്നിപ്പോവുന്നു… അവളൊന്നു മുരടനക്കിക്കൊണ്ട് മുറിക്കുള്ളിൽ കയറി… അതിനു മുന്നേ ഒരുവട്ടം ആലോചിച്ചു… അച്ഛനെന്നു വിളിക്കാൻ ഉള്ളം വിലക്കി കൊണ്ടിരുന്നു… അവളുടെ സാമീപ്യം അറിഞ്ഞുകൊണ്ട് തന്നെ അയാൾ തലയുയർത്തി നോക്കി… നിരാശയിൽ തളർന്നിരുന്ന കൺകളിൽ ദേഷ്യം ഇറച്ചു കയറി…

കയ്യിലുള്ള ഭക്ഷണം അവൾ അടുത്തുള്ള മേശയിൽ വയ്ക്കുമ്പോൾ കട്ടിലിൽ എണീറ്റിരുന്നുകൊണ്ടായാൽ അവളുടെ പ്രവർത്തികൾ നിരീക്ഷിച്ചു… നെറ്റിയിലെയും കഴുത്തിലെയും ഞെരമ്പുകൾ പിടഞ്ഞു… ” എടുത്തോണ്ട് പൊക്കോ… വിഷം കലക്കി തന്ന് ന്നെ കൊല്ലാൻ അവൻ പറഞ്ഞുവിട്ടതാവും… ” കടിച്ചുപിടിച്ച പല്ലുകൾക്കിടത്തിൽ നിന്നും സ്വരവും ഉയർന്നു… അവളൊന്ന് അയാളെ നോക്കി നിന്നു… അച്ഛനെന്ന സ്ഥാനത്തിനുപോലും അർഹനാണോ എന്ന് ഓർത്തു… മക്കളെ സ്നേഹംകൊണ്ട് വീർപ്പുമുട്ടിച്ചൊരു അച്ഛനുണ്ടായിരുന്നു അവൾക്ക്… ഒരു തരത്തിലും ആ മനുഷ്യന്റെ അടുത്തുപോലും നിൽക്കാൻ യോഗ്യനല്ല അനന്ദുവിന്റെ അച്ഛനെന്ന് തോന്നി…

” വിഷല്ല… ഞങ്ങളും കഴിക്കുന്ന അതെ ഭക്ഷണമാണ്… അച്ഛനിവിടെയിങ്ങനെ കിടക്കുന്നതുകൊണ്ട് ഒരു തുള്ളി വെള്ളം പോലും ഇറങ്ങാത്തൊരു മനുഷ്യനുണ്ട് പുറത്ത്… ഒരിക്കെ… ഒരിക്കെ തിരിച്ചറിയും അനന്ദൂനെ… അന്ന് ഈ പറയുന്നതിനൊക്കെ വേദനിക്കേണ്ടി വരും.. ഓർത്ത് ഓർത്ത് വേദനിക്കേണ്ടി വരും…” അയാളെ തന്നെ ഉറ്റുനോക്കി പറയുമ്പോൾ ഇടക്കെപ്പോഴോ അവളുടെ സ്വരമൊന്നിടറി… മറുപടി പറയാതെ ദേഷ്യത്താലുള്ള നോട്ടംകൊണ്ട് അയാൾ ഇരുന്നിരുന്നത് അവളെ തെല്ലു അത്ഭുതപെടുത്തി… ”

അന്നത്തിനോട് വാശി വേണ്ടച്ഛാ… കഴിച്ചോളൂ… ” കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ മുറി വീട്ടിറങ്ങുമ്പോൾ പുറത്ത് അനന്ദു പ്രേതീക്ഷയോടെ നോക്കി നിൽക്കുന്നു… അവനെ നോക്കി കണ്ണുചിമ്മി പുഞ്ചിരിച്ചുകൊണ്ട് അവൾ നടക്കാനായുമ്പോൾ പെണ്ണിന്റെ കൈയ്കളിൽ കയ്യ്കോർത്തിരുന്നു അവനും… ഒരുവേള ഇനി അവളാ മനുഷ്യനെ തിരിഞ്ഞുപോലും നോക്കില്ലെന്ന് കരുതിക്കാണും അവനും… അത്രമേൽ വാക്കുകൾക്കൊണ്ട് അയാൾ മുന്നേറിയിരുന്നത് ഹൃദയങ്ങളെ നോവിച്ചായിരുന്നല്ലോ… എന്നിട്ടും അവളിൽ നിന്നും അന്നേരം ഉണ്ടായ പ്രതികരണം അവന്റെ ഉള്ളു നിറച്ചു… ഭക്ഷണം കഴിക്കുമ്പോഴും തുടർന്നും അവൻ ആ പെണ്ണിനെ തന്നെ പലപ്പോഴും നോക്കി നിന്നു…

അച്ഛനെതിരെ ആദ്യമായി അവന് വേണ്ടി ആ വീട്ടിൽ ഉയർന്ന ശബ്ദം… അവന്റെ ഭാര്യയുടെ സ്വരം… അപ്പോഴും അവളുടെ ചൂടും ഗന്ധവും അവനിൽ നിറഞ്ഞു നിൽക്കും പോലെ… അവളൊരു ഭാര്യയ്ക്കും അപ്പുറം എന്താല്ലാമോ ആയിരുന്നു മണിക്കൂറുകൾക്ക് മുൻപ്… നഷ്ടപെട്ട അമ്മയുടെ കരുതൽ പോലും അവനാ നിമിഷങ്ങളിൽ കിട്ടിയിരുന്നു… രാത്രിയിൽ മുറിയിലെത്തിയിട്ടും തുറന്നു വച്ച പുസ്തകങ്ങൾക്ക് മുൻപിൽ വെറുതെ അവൻ ഇരുന്നു… തുറന്നിട്ടിരുന്ന ജനാലപ്പാളികൾ കാറ്റിൽ ആടി സ്വരം ഉണ്ടാക്കുന്നതിനൊപ്പം കുളിര്മയേകുന്ന തണുത്തകാറ്റിനെ മുറിക്കുള്ളിലേക്ക് കടത്തിവിടുന്നു… അടുത്തൊരു മഴയ്ക്കായി പ്രകൃതി സ്വയം തയ്യാറാവുമ്പോൾ ഇന്നൊരു ദിവസം ജീവിതത്തിൽ തീർത്ത മായ്ക്കാനാവാത്ത ഓർമകളിലൂടെ സഞ്ചരിക്കുകയായിരുന്നു അനന്ദുവും… ഇടക്കെപ്പോഴോ അവന്റെ ചിന്തകൾ ധ്വനിയെ ചുറ്റിമാത്രം വട്ടമിട്ടു…

ഉള്ളിൽ ഒളിപ്പിച്ചിട്ടുണ്ടെങ്കിൽ കൂടി പുറത്തേയ്ക്ക് ഇന്നേവരെ പ്രകടിപ്പിക്കാത്ത സ്നേഹം അവനെ നോക്കി പുച്ഛിക്കുന്നു… അവളാണെങ്കിലോ ഓരോ നിമിഷവും അനന്ദുവിനോടുള്ള പ്രണയത്തെ അവനിലേക്കെത്തിച്ചുകൊണ്ട് ഒപ്പം നിൽക്കുന്നു… തിരിച്ചു കിട്ടുമോ എന്നുപോലും അറിയാതെ… ഉള്ളിലെ നോവിന്റെ ഓർമകൾക്ക് തലപൊക്കാൻ അനുവാദം നൽക്കാത്ത വിധം പെണ്ണവനിൽ നിറഞ്ഞു… വെറുമൊരു നോട്ടംകൊണ്ട്… സ്നേഹംകൊണ്ട്… പലപ്പോഴും അത്രമേൽ കരുതൽക്കൊണ്ട് അവളവനെ ചേർത്തുപിടിക്കുന്നു… മുറിയിലേക്ക് വന്ന ധ്വനി പതിവുപോലെ അനന്ദുവിനെ നോക്കി കട്ടിലിൽ ഇരുന്നു… മടക്കിക്കുത്തിനിർത്തിയിരിക്കുന്ന മുട്ടുകാലിൽ മുഖം ചെരിച്ചുവച്ചു അവനിൽ തന്നെ കണ്ണുകളെ പതിപ്പിക്കുമ്പോൾ അവന്റെ കണ്ണുകൾ പുറത്തെ ഇരുട്ടിൽ ആയിരുന്നു…

അവളുടെ ഉള്ളിൽ അന്നേരം നെഞ്ചോരം ചേർന്ന് പൊട്ടിക്കരഞ്ഞ അനന്ദുവും അവന്റെ കഴിഞ്ഞുപോയ കാലങ്ങളിലെ ഓർമകളും നിറഞ്ഞു… പെണ്ണിന്റെ ഉടൽപോലും ഏന്തും വിധം അവ പടരെ സ്നേഹംകൊണ്ടവനെ വീർപ്പുമുട്ടിക്കണമെന്ന് തോന്നി…ചുംബനങ്ങളാൽ പൊതിയണമെന്ന് തോന്നി… പിന്നെയും പിന്നെയും നെഞ്ചോരം ചേർത്ത് അടക്കിപിടിക്കുവാൻ തോന്നി… എന്തുകൊണ്ടോ…. പതിവിന് വിപരീതമായവൻ യാതൊന്നും കുത്തിക്കുറിക്കാതെ അതെ ഇരുപ്പ് ഇരുന്നു… എപ്പോഴോ തിരിഞ്ഞുകൊണ്ട് പെണ്ണിനെ നോക്കി… അവളുടെ കണ്ണുകളും തന്നിൽ തന്നെയാണെന്ന് അറിഞ്ഞതും ഹൃദയമിടിപ്പിന്റെ വേഗതയേറി…. കണ്ണിലും ഉള്ളിലും അവൾ മാത്രം നിറഞ്ഞു… പിരിക്കാൻ ആവാത്ത വിധം കണ്ണുകൾ പരസ്പരം പുൽകാൻ തുടങ്ങി…

ഗാഢമായി…. തണുത്ത കാറ്റ് മുറിയിലാകെ നിറഞ്ഞു… അവളുടെ കവിളുകളെ തലോടുന്ന നീണ്ട മുടിയിഴകളെ അവനൊരു അത്ഭുതത്തോടെ നോക്കി കണ്ടു… അറിയാതെ തന്നെയൊരു പുഞ്ചിരി ചുണ്ടിൽ വിരിഞ്ഞു… ” നമുക്കൊന്ന് മാവിൻചോട്ടിൽ പോയാലോ??.. ” പെട്ടന്ന് വന്നൊരു തോന്നതിൽ അനന്ദു ചോദിക്കുമ്പോൾ ധ്വനിയുടെ കണ്ണുകളും വിടർന്നു… അവളുടെ ഉത്സാഹം മുഖത്ത് തെളിഞ്ഞതും പുഞ്ചിരിയോടെ അനന്ദുവും എഴുന്നേറ്റ് പുറത്തേക്ക് നടന്നു… എപ്പോഴോ പുറകിൽ നടക്കുന്ന പെണ്ണിനോപ്പം ചേർന്ന് ചെറുവിരൽ അവളുടെ ഇടതു ചെറുവിരലിൽ കോർക്കുമ്പോൾ തെല്ലൊരു ഞെട്ടലോടെ അവളവനെ നോക്കി… ചുണ്ടിന്റെ കോണിലെ ഒളിച്ചിരിക്കും പുഞ്ചിരി പെണ്ണിന്റെ ഉള്ളിലൊരു പുതുവസന്തത്തിന് നാമ്പിടുകയായിരുന്നു………………………….  (തുടരും)………….

തോളോട് തോൾ ചേർന്ന്: ഭാഗം 18

മുഴുവൻ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story