തോളോട് തോൾ ചേർന്ന്: ഭാഗം 20

തോളോട് തോൾ ചേർന്ന്: ഭാഗം 20

എഴുത്തുകാരി: ജിച്ചന്റെ കാവു

” നമുക്കൊന്ന് മാവിൻചോട്ടിൽ പോയാലോ??.. ” പെട്ടന്ന് വന്നൊരു തോന്നലിൽ അനന്ദു ചോദിക്കുമ്പോൾ ധ്വനിയുടെ കണ്ണുകളും വിടർന്നു… അവളുടെ ഉത്സാഹം മുഖത്ത് തെളിഞ്ഞതും പുഞ്ചിരിയോടെ അനന്ദുവും എഴുന്നേറ്റ് പുറത്തേക്ക് നടന്നു… എപ്പോഴോ പുറകിൽ നടക്കുന്ന പെണ്ണിനോപ്പം ചേർന്ന് ചെറുവിരൽ അവളുടെ ഇടതു ചെറുവിരലിൽ കോർക്കുമ്പോൾ തെല്ലൊരു ഞെട്ടലോടെ അവളവനെ നോക്കി… ചുണ്ടിന്റെ കോണിലെ ഒളിച്ചിരിക്കും പുഞ്ചിരി പെണ്ണിന്റെ ഉള്ളിലൊരു പുതുവസന്തത്തിന് നാമ്പിടുകയായിരുന്നു…

***************** തങ്ങളെ തലോടി കടന്നുപോവുന്ന കാറ്റിന്റെ കുളിരിൽ വെള്ളത്തിലേക്ക് കാലുകൾ ഇട്ടുകൊണ്ട് അവർ ഇരുന്നു… മൗനം നിറഞ്ഞ നിമിഷങ്ങളിൽ കോത്തുപിടിച്ചിരുന്ന ചെറുവിരലുകൾ ഇരുവരുടെയും ഹൃദയത്തെ കൈമാരി… തണുത്ത വെള്ളത്തിൽ നിന്നും പടരുന്ന കുളിരിനെ കാലുകൾ ശരീരത്തിലേക്ക് കയറ്റി വിടുമ്പോൾ ഒന്നായി തീർന്ന ചെറുവിരൽ പരസ്പരം ചൂട്പകർന്നു… മനസിനുള്ളിലെ ചിന്തകൾക്കെല്ലാം അവളുടെ മുഖം മാത്രമാണെന്നവൻ അറിഞ്ഞു… ചുണ്ടിൽ പ്രണയം വിരിയിച്ചു… ” ടീച്ചർ പാടോ??.. ” നേരിയ വെട്ടത്തിൽ എടുത്തുകാണിക്കുന്ന പെണ്ണിന്റെ മുഖത്തേയ്ക്ക് ഉറ്റു നോക്കി അവൻ ചോദിക്കുമ്പോൾ അവൾ അത്ഭുതത്തോടെ അവനെ നോക്കി…

ഇല്ലെന്ന് പതിയെ തലയനക്കി… അപ്പോഴും അവന്റെ കണ്ണുകളിൽ കുസൃതിയായിരുന്നു… ” പ്ലീസ്… രണ്ടേ രണ്ടു വരി… കൂടുതലൊന്നും വേണ്ട… എന്തോ… പാടുന്നത് കേൾക്കാൻ ഒരു തോന്നൽ… ” കണ്ണുകൾ അവളിൽ നിന്നും തെല്ലുപോലും ചലിപ്പിക്കാതെ പറയുന്നതിനൊപ്പം ചെറു വിരലാലുള്ള പിടുത്തവും മുറുക്കി… അവളവനെ തന്നെ നോക്കി നിന്നു… കണ്ണിലെ കുസൃതിക്ക് ഒപ്പം എത്തി നോക്കാൻ വെമ്പുന്ന മറ്റൊരു ഭാവവും… അതവളുടെ ഹൃദയത്തെ കാന്തം പോലെ വലിച്ചടുപ്പിക്കുന്നു… ” കളിയാക്കരുത്… ” ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി അവനായി നൽകി പറഞ്ഞു നിർത്തുമ്പോൾ അവൻ ഇല്ലെന്ന് തല ചലിപ്പിച്ചു.. പെണ്ണൊരു ദീർഘ നിശ്വാസമെടുത്തുകൊണ്ട് കണ്ണുകൾ താഴെ വെള്ളത്തിൽ കാണും ഓളങ്ങളിൽ പതിപ്പിച്ചു മൂളി തുടങ്ങി….

“”””” അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടും നെഞ്ചോടൊതുക്കി കിടന്നിരുന്നു.. കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ കവിളോടുരുമ്മി കിതച്ചിരുന്നു.. പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു… “”””” വളരെ പതിയെ അത്രമേൽ മൃദുലമായി ധ്വനി പാടുമ്പോൾ അവളുടെ സ്വരത്തിനെക്കാളേറെ പാട്ടിലെ ഓരോ വരികളും ഉള്ളിലേക്കരിച്ചിറങ്ങുകയായിരുന്നു അവന്റെ… ചുണ്ടിലെ ചെറു പുഞ്ചിരിയോടെ മുഖം കുനിച്ചിരുന്നു പാടുന്ന പെണ്ണിനെ തന്നെ നോക്കിക്കാണുമ്പോൾ കഴുത്തിലെ താലി അവൾ അവന്റെ മാത്രമാണെന്ന് പിന്നെയും ഓർമിപ്പിച്ചു…

ചുറ്റും വീശുന്ന കാറ്റിനു ശക്തിയേറി… ചെറുവിരലിൽ നിന്നും പെണ്ണിന്റെ കൈയ്കളെ മുഴുവനായും അവൻ പൊതിഞ്ഞു പിടിക്കുമ്പോൾ മുഖമുയർത്തി അവളവനെ നോക്കി… അവന്റെ കണ്ണുകളിൽ പെട്ട് സ്വയം മറന്നുകൊണ്ട് ബാക്കി മൂളി… “””” അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത കവിതകൾ മൂളി പഠിച്ചിരുന്നൂ.. മുറുകാൻ തുടങ്ങുമെൻ വിറയാർന്ന വേളയിൽ മാറോടമർത്തി കൊതിച്ചിരുന്നു… എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ എത്രയോ സ്നേഹിച്ചിരുന്നിരുന്നു… “””” അടക്കാനാവാത്ത പ്രണയത്തോടെ തന്നെ തന്നെ നോക്കിയിരിക്കുന്ന പെണ്ണിന്റെ മുഖം ഇരുകയ്കളിലും കോരിയെടുക്കുമ്പോൾ അനന്ദുവിനും ഒരുതരം വെപ്രാളമായിരുന്നു…

ആഞ്ഞു വീശിക്കൊണ്ടിരിക്കുന്ന കാറ്റിൽ പെണ്ണിന്റെ ദാവണിക്കൊപ്പം മുടിയിഴകളും പറന്നു കളിച്ചു… അവളുടെ കണ്ണുകളിലും നെറ്റിയിലെ സിന്ദൂരത്തിലും മൂക്കിൻ തുമ്പിലും ചുണ്ടിലെ കുഞ്ഞ് പുഞ്ചിരിയിലുമെല്ലാം അതെ പ്രണയത്തോടെ കണ്ണുകൾ പായിക്കുമ്പോൾ അവന്റെ കൈയ്കളിൽ അമർത്തി പിടിച്ചവളും ഇരുന്നു… ” ദേവാ… ” അത്രമേൽ പ്രണയത്തോടെ അനന്ദു വിളിക്കുമ്പോൾ ധ്വനി വിടർന്ന കണ്ണുകളാലെ അവനെ തന്നെ ഉറ്റുനോക്കി… ചെറുതായി പൊടിഞ്ഞ മഴത്തുള്ളികൾ ഇരുവരെയും പുൽകാൻ തിടുക്കം കൂട്ടി… മുഖത്തടിക്കുന്ന ചെറുതുള്ളികൾ പെണ്ണിന്റെ കണ്ണുകളെ അടപ്പിക്കുമ്പോൾ അവളുടെ കവിളിൽ പറ്റിയിരിക്കും മഴത്തുള്ളികളെ പെരുവിരലാൽ അവൻ തുടച്ചു നീക്കി…

മുറുക്കിയടച്ച കണ്ണുകളും വിറയാർന്ന അധരങ്ങളും പെണ്ണിലേക്കടുപ്പിക്കും നേരം അവളിലേക്ക് ചേർന്നിരുന്നുകൊണ്ട് അനന്ദു നെറ്റിയിൽ ചുണ്ട് ചേർത്തു… വേർപെടുത്താൻ ആഗ്രഹിക്കാതെ നിമിഷങ്ങളോളം പെണ്ണിന്റെ സിന്ദൂരരേഖയെ ചുംബനചുവപ്പിനാൽ പൊതിയുന്നവനെ അവളും മുറുക്കെ ചേർത്തുപിടിച്ചു… ഇരുവരുടെയും കണ്ണിൽ നിന്നുതിർന്ന തുള്ളികളും മഴത്തുള്ളിക്കൊപ്പം ചേർന്നൊഴുകി… ആഞ്ഞുവീശുന്ന കാറ്റിനൊപ്പം മഴയുടെ ശക്തിയും വർദ്ധിക്കുമ്പോൾ കാമുകിക്കും ഭാര്യയ്ക്കും മുൻപിൽ അവളിലെ വാത്സല്യം മുന്നിട്ട് നിന്നു… ദാവണി ഷാളിനാൾ അവന്റെ നെറുകിൽ പതിയുന്ന മഴത്തുള്ളികളെ തടയാൻ ശ്രമിക്കുന്നതിനൊപ്പം ചേർത്തു പിടിച്ചുകൊണ്ട് തെങ്ങിൻതടി പാലത്തിൽ നിന്നും അവനെ എഴുന്നേൽപ്പിച്ചു…

അവനെയും വിളിച്ചുകൊണ്ടു ശക്തമായി പതിയുന്ന മഴത്തുള്ളികളെ വകഞ്ഞുമാറ്റി വീട്ടിലേക്ക് നടക്കാൻ തുടങ്ങുന്ന പെണ്ണിന്റെ മുഖത്തെ വെപ്രാളവും അവളുടെ ആധിയുമെല്ലാം നോക്കി കാണെ അനന്ദുവിന്റെ ചുണ്ടിൽ പുഞ്ചിരിയായിരുന്നു… അവന്റെ കയ്യ്ത്തണ്ടയിൽ പതിഞ്ഞിരിക്കുന്ന പെണ്ണിന്റെ വലതുകരം പിടിച്ചു വലിച്ചു മാവിന്റെ തടിയിലേക്ക് അവളെ ചേർത്തു നിർത്തിക്കൊണ്ട് അവളിലേക്കായി അമരുമ്പോൾ ഇതുവരെ ഉള്ളിൽ ഒളിപ്പിച്ചുപിടിച്ചിരുന്ന പ്രണയമെല്ലാം പുറത്തേക്കൊഴുകുകയായിരുന്നു… പെണ്ണൊരു ഞെട്ടലോടെ അവന്റെ പ്രവർത്തിയിൽ തറഞ്ഞു നിൽക്കുമ്പോൾ അവൾക്കിരുവശവുമായി കൈയ് രണ്ടും കുത്തിക്കൊണ്ടവൻ അവളെ തന്നെ നോക്കി നിന്നു… ” എന്തിനാടി പെണ്ണെ ഇങ്ങനെ സ്നേഹിക്കുന്നെ…

ഓരോ നിമിഷോം… ഓരോ നിമിഷോം അനന്ദു അടിമപ്പെട്ട് പോവാ ദേവാ…” നനഞ്ഞിരിക്കുന്ന പെണ്ണിന്റെ കാതോരം മുഖമടുപ്പിച്ചു അവൻ പറയുമ്പോൾ മഴയുടെ സ്വരത്തിലും അവന്റെ വാക്കുകൾ പെണ്ണിന്റെ ഹൃദയത്തിലേക്കിറങ്ങി… ശരീരമാകെ നിറഞ്ഞ തണുപ്പിൽ അവന്റെ നിശ്വാസം ചൂടേകി… മരത്തിന്റെ നിറഞ്ഞു പടർന്നു നിൽക്കും ഇലകൾക്കിടയിലൂടെ മഴത്തുള്ളികൾ പാഞ്ഞു വന്ന് ഇരുവരെയും പുണർന്നു… ” ദേവാ… ” പിന്നെയും പെണ്ണിന്റെ മുഖത്തേയ്ക്ക് തന്നെ കണ്ണുകൾ പായിച്ചുകൊണ്ടാവൻ ആർദ്രമായ് വിളിച്ചു.. അവളൊന്നു മൂളിക്കൊണ്ട് കുനിഞ്ഞിരിക്കുന്ന മുഖം അതേപടി പിടിച്ചു… ഒത്തിരി ആഗ്രഹിക്കുന്നുണ്ടെങ്കിൽ കൂടി എന്തുകൊണ്ടോ ആ പെണ്ണ് വിറച്ചുപോവുന്നു… ശരീരമാകെ തളരുംപോലെ…

അവനെ മുഖമുയർത്തി നോക്കുവാനാവാതെ ഉടുത്തിരിക്കുന്ന ദാവണിയിൽ തന്നെ പിടിമുറുക്കികൊണ്ടവൾ നിൽക്കെ അനന്ദു അവളിലേക്ക് കൂടുതൽ ചേർന്നു നിന്നു… അവളൊന്നു ഏങ്ങിക്കൊണ് മുഖമുയർത്തി അവനെ നോക്കി… തലമുടിയിൽ നിന്നും ഇട്ടുവീഴുന്ന വെള്ളത്തുള്ളികൾ മുഖത്തൂടെ ഒഴുകുന്നു… കൺപീലിയിൽ പറ്റിയിരിക്കും തുള്ളികൾ ഇടയ്ക്കവയെ ബലമായി അടപ്പിക്കുന്നു… വിഷമങ്ങൾ ഒളിപ്പിച്ചിരുന്ന ആ കണ്ണുകളിൽ പ്രണയം മാത്രം… തന്നിലുള്ളപോലെ അതെ ആഴത്തിൽ നിറഞ്ഞു നിൽക്കും പ്രണയക്കടൽ… വല്ലാത്തൊരു ആവേശത്തോടെ പെണ്ണവന്റെ കണ്ണുകളിലേക്കിറങ്ങി ചെല്ലവേ അറിയാതെ തന്നെ വലതുകരം അവന്റെ കൺപീലികളെ തഴുകാൻ തുടങ്ങി…

ഇരു കണ്ണുകളുമടച്ചുകൊണ്ട് അനന്ദു ആ തലോടൽ ഏറ്റുവാങ്ങുമ്പോൾ പൂപോലുള്ള പെണ്ണിന്റെ വിരലുകൾ അവനിൽ തീർക്കുന്ന മാറ്റങ്ങൾ വരവേറ്റു… കണ്ണുകളടച്ചുകൊണ്ട് തന്നെ അവളുടെ വലതുകരം പിടിച്ച് വിരൽ തുമ്പ് ചുണ്ടോടു ചേർത്തു… ” ഇനിയും ഒളിച്ചുവയ്ക്കാൻ ആവിലെനിക്ക്… താനന്ന് പറഞ്ഞില്ലേ… എന്നേലും അനന്ദുന് ധ്വനിയെ കൂടാതെ ജീവിക്കാനാവില്ലെന്ന് തോന്നുമെന്ന്… സത്യാണ്… നിക്ക്… നിക്ക് ന്റെ ദേവയെ കൂടാതൊരു നിമിഷംപോലും പറ്റില്ല… ” പെണ്ണിന്റെ വലതുകരത്തിൽ കയ്യ്കോർത്തു സ്വന്തം കവിളിൽ പിടിപ്പിച്ചുകൊണ്ട് അനന്ദു പറയുമ്പോൾ അവന്റെ വാക്കുകളും പ്രവർത്തിയും തീർത്ത മാന്ത്രികലോകത്തിലായിരുന്നു ധ്വനി… പിന്നെയും പെണ്ണിന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയത് അത്രമേൽ സന്തോഷത്തിന്റെയായിരുന്നു…

കണ്ണിമ ചിമ്മാൻ പോലും മറന്നുകൊണ്ടവൾ അവനെ തന്നെ നോക്കി നിന്നു… അവളുടെ പ്രണയം… അവളുടെ മാത്രം അനന്ദു… നനഞ്ഞൊട്ടിയ മുടിയിഴ ഒന്ന് അവളുടെ കവിളിലൂടെ ചുറ്റിവരിഞ്ഞു ചുണ്ടിലൂടെ താടിച്ചുഴിയിലെത്തി നിൽക്കുമ്പോൾ അതിന്റെ പാത പിന്തുടർന്നെന്നോണം അനന്ദുവിന്റെ ചൂണ്ടുവിരലും പെണ്ണിന്റെ മുഖത്തൊഴുകി… അവളൊന്ന് ഇറുക്കി കണ്ണുകളടച്ചുകൊണ്ട് അവനെ മുറുക്കെ പിടിച്ചു നിന്നു… വകഞ്ഞു മാറ്റിയ മുടിയിഴയെ ചെവിയ്ക്കുപിന്നിൽ വയ്ക്കുമ്പോഴും വിറയാർന്ന അധരങ്ങൾ അവനെ അടുപ്പിച്ചുകൊണ്ടിരുന്നു.. ഇരു കയ്യാലെയും പെണ്ണിന്റെ കവിളുകളിൽ പിടിച്ചുയർത്തുമ്പോൾ മറ നീക്കി പുറത്തേക്കൊഴുകുന്ന പ്രണയം ചിന്തകളെ പോലും മരവിപ്പിച്ചു… ” ദേവാ… ”

അവളിലെക്കടുത്തു കണ്ണുകളിൽ മാറി മാറി അമർത്തി മുത്തികൊണ്ട് അത്രമേൽ പ്രണയത്തോടെ പലയാവർത്തി അവനവന്റെ ദേവയെ വിളിച്ചുകൊണ്ടിരുന്നു… ഏങ്ങലുകൾക്കപ്പുറം ഓരോ വട്ടവും മൂളിക്കൊണ്ട് നിന്ന പെണ്ണിന്റെ അധരങ്ങൾ എപ്പോഴോ വിറയലോടെ അവനെയും വിളിച്ചു… ” നൻ.. നന്ദാ… ” അതുവരെ കണ്ണുകളെ പൊതിഞ്ഞ മുത്തങ്ങൾ നിർത്തിക്കൊണ്ടവൻ ഉള്ളിൽ നിറയുന്ന സന്തോഷത്തോടെ അവളെ മുറുക്കെ ചുറ്റിവരിഞ്ഞു നെഞ്ചിൽ ചേർത്തു… നെറുകയിൽ അമർത്തി മുത്തിക്കൊണ്ട് സ്നേഹം പകരുന്നവനിൽ പെണ്ണിന്റെ കൈയ്കളും മുറുകി… നനഞ്ഞൊട്ടിയ ദേഹങ്ങൾ തമ്മിലമർന്നു… ***************** നനഞ്ഞ വസ്ത്രങ്ങൾ മാറ്റി വന്നിട്ടും പിന്നെയും പിടിച്ചിരുത്തിക്കൊണ്ട് തല തോർത്തി തരുന്ന പെണ്ണിനെ തന്നെ നോക്കി അനന്ദു കട്ടിലിൽ ഇരുന്നു…

ഇടയ്ക്കൊന്നു തുമ്മിയതിനു മുഖം വീർപ്പിച്ചു പിടിച്ചുകൊണ്ട് മറ്റൊരു ഉണങ്ങിയ തോർത്തെടുത്തു നെറുകിൽ നന്നായിട്ടുണ്ട് തുടക്കുകയാണവൾ… കണ്ണുകളിൽ അവളുടെ പരിഭവങ്ങൾ നിറയെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയിൽ പ്രണയം നിറഞ്ഞു… അതെ ചിരിയോടെ വീർപ്പിച്ചു വച്ചിരിക്കുന്ന കവിളിലായൊന്നു തൊട്ടതും പെണ്ണിന്റെ കണ്ണുകൾ പിടയാൻ തുടങ്ങി… അവനൊന്നു ചിരിച്ചു… കവിളിലെ നുണക്കുഴി എത്തി നോക്കും ചിരി… അവളെ നോക്കി കണ്ണുചിമ്മിക്കൊണ്ട് കട്ടിലിൽ കിടക്കുമ്പോൾ അവളും നിറഞ്ഞ പുഞ്ചിരിയോടെ അവനരികെ കിടന്നു… ” താങ്ക്സ്.. ” മൗനം കഥ പറഞ്ഞ നിമിഷങ്ങൾ കടന്നു പോവേ എപ്പോഴോ ഇരുട്ടിൽ അവന്റെ സ്വരം ഉയർന്നു… എന്തിനെന്നറിയാതെ ധ്വനിയുടെ കണ്ണുകൾ കുഴിഞ്ഞു… ” എന്തിന്??.. ”

പുരികം പൊക്കി പെണ്ണ് ചോദിച്ചു… ” എല്ലാത്തിനും… എന്റെ കൂടെ നിൽക്കുന്നതിനു… ഇതുപോലെ സ്നേഹിക്കുന്നതിനു… അമ്മയെ പോലെ ചേർത്തുപിടിക്കുന്നതിനു…അങ്ങനെ.. എല്ലാമെല്ലാം… ” വാക്കുകൾ ഇടറി… സ്വരത്തിലെ വ്യത്യാസം തിരിച്ചറിഞ്ഞുകൊണ്ട് പെണ്ണവന്റെ അടുത്തേയ്ക്ക് നീങ്ങി… ഇരുട്ടിൽ ചെറുതായി നിഴൽപോലെ കാണുന്നവന്റെ മുഖത്ത് തലോടി… കവിളിൽ കൈയ് ചേർത്തുപിടിച്ചുകൊണ്ട് ഉയർന്നു ചെന്ന് നെറ്റിയിൽ ചുണ്ട് ചേർത്തു… ” കഴിഞ്ഞതൊന്നും ഇനി ഓർക്കേണ്ട അനന്ദു…. എല്ലാവരുടെയും മുന്നിൽ തലയുയർത്തി തന്നെ ന്റെ അനന്ദു നടക്കണം… കുറ്റപ്പെടുത്താനും കളിയാക്കാനും വരുന്നവരെ നേരിട്ട് തന്നെ മുന്നേറണം… ഇടരാതെ ന്റെ അനന്ദുവിനെ താങ്ങാൻ ഈ കാലുകൾക്ക് പറ്റുമെന്ന് ഓരോരുത്തരും കണ്ടറിയണം… ”

നെറ്റിയിൽ നിന്നും ചുണ്ടുകൾ വേർപെടുത്താതെ തന്നെ ധ്വനി പറയുമ്പോൾ അവളുടെ വാക്കുകളിലെ ദൃഢത അവനുള്ളിലേക്കും പകരുകയായിരുന്നു… നിമിഷനേരം കൊണ്ട് നാണിച്ചു നിന്ന കാമുകിയിൽ നിന്നും അവൾക്കു വന്ന മാറ്റം… ഒരു സ്ത്രീയാൽ മാത്രം സാധ്യമായത്… സൃഷ്ടിക്കുവാനും സംരക്ഷിക്കുവാനും സംഹരിക്കുവാനും കഴിവുള്ളവൾ.. സ്ത്രീ… അനന്ദു അവളെ ചുറ്റിപ്പിടിച്ചു.. കഴുത്തിടുക്കിൽ മുഖം അമർത്തി… വാത്സല്യത്തോടെ അവനെ ചേർത്തുപിടിക്കുമ്പോൾ ഇരുവരിലും മറ്റ് വികാരങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല… ചേർത്തുപിടിച്ച കയ്യ്കളൊന്നിനാൽ അവളവന്റെ മുടിയിഴകളെ തഴുകി…  തിങ്ങി വളർന്നു നിൽക്കുന്ന മുടികൾക്കിടയിലൂടെ വിരലോടിച്ചു… പെണ്ണിന്റെ കഴുത്തിൽ ഒരു ചുടു തുള്ളി കണ്ണീർ വീഴുമ്പോൾ അവളവനെ അടർത്തി മാറ്റാൻ ശ്രമിച്ചു… കൂടുതൽ ശക്തമായി അനന്ദു അവളെ പുണർന്നു…

” ന്റെ അമ്മ ചെയ്യാറുണ്ടിങ്ങനെ… ” വിറയലോടെ അനന്ദുവിന്റെ സ്വരം കേൾക്കെ അവളും ഒരു നിമിഷം നിശ്ചലയായി… തലമുടിയിൽ പിന്നെയും കൈവിരലുകൾ നുഴഞ്ഞു കയറി… നെറുകയിൽ കവിൾ ചേർത്തു വച്ചു… ” ഇനിമുതൽ ഈ ചുണ്ടിലെ പുഞ്ചിരിയിൽ വേദന ഒളിപ്പിക്കുന്ന പരിപാടി വേണ്ടാട്ടോ… ആരെന്ത് പറഞ്ഞാലും ഉള്ളിൽ കൊള്ളിക്കാൻ നിൽക്കണ്ട… നോവിക്കാൻ വരുന്നവർക്ക് നിന്നുകൊടുക്കുകയും വേണ്ട… പ്രതികരിക്കണം… ഈ ചുണ്ടിലെ പുഞ്ചിരി കൊണ്ട് തന്നെ മറുപടി കൊടുക്കണം… അനന്ദുവിന് പറ്റും… നിക്ക് ഉറപ്പാ… ” ഇരുട്ടിലും പെണ്ണിന്റെ സ്വരം അവനിലേക്കെത്തുമ്പോൾ അവളുടെ വാക്കുകളെല്ലാം ഉള്ളിൽ നിറയ്ക്കാൻ ശ്രമിക്കുകയായിരുന്നു അനന്ദു…

ഓരോ വട്ടം അവളുടെ കൂടെ ഉള്ള നേരങ്ങളിൽ തനിക്കെതിരെ വന്നിരുന്ന കളിയാക്കലുകളെ അവൾ നേരിട്ടിരുന്നത് ഓർത്തു… അറിയാതെ തന്നെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു… അവൾക്കായി മാത്രമുള്ള പുഞ്ചിരി… ചുറ്റുമുള്ളവർ പരിഹസിച്ചു തോൽപ്പിക്കാൻ ശ്രമിക്കുമ്പോൾ ഇവൾ പ്രണയിച്ചു തോൽപ്പിക്കുന്നു… അകറ്റിമാറ്റാൻ ശ്രമിച്ചപ്പോഴെല്ലാം കൂടുതൽ ശക്തമായ് ഉള്ളിൽ പതിയുന്നു… ” ദേവാ… നീയെന്റെ ഭാഗ്യമാണ്… കൈയിൽ എത്തി ചേർന്നിട്ടും അനന്ദു തിരിച്ചറിയാൻ വൈകിയ ഭാഗ്യം… അവക്ഞ്ജയുടെയും വെറുപ്പിന്റെയും സഹതാപത്തിന്റെയും ഇടയിൽ പ്രണയം കൊണ്ട് കൂടെകൂടിയവൾ.. വാത്സല്യം കൊണ്ട് ചേർത്തുപിടിച്ചവൾ… ” മൗനമായ് പറഞ്ഞുകൊണ്ടവൻ പെണ്ണിന്റെ കഴുത്തിടുക്കിൽ താലി മാലയും ചേർത്തുകൊണ്ട് പതിയെ ചുംബിച്ചു…

അപ്പോഴും പെണ്ണിന്റെ കയ്യ്കളവന്റെ മുടിയിഴകളിലൂടെ സഞ്ചരിക്കുന്നതിനോടൊപ്പം വാക്കുകൾ അവനുള്ളിലേക്ക് പടരുന്നുണ്ടായിരുന്നു… ***************** അച്ഛന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും യാതൊരു മാറ്റവും കൂടാതെ രണ്ട് ദിവസങ്ങൾ കൂടെ പോകെ ഒരു വീട്ടിൽ ഇരു ദ്രുവങ്ങളിൽ അവർ തുടർന്നു… മനപ്പൂർവം നോവിപ്പിക്കുന്ന അയാളുടെ വാക്കുകളെ മുറിവേൽപ്പിക്കാൻ അനുവദികാതെ തരണം ചെയ്യാൻ അനന്ദു പരിശ്രമിച്ചുകൊണ്ടിരുന്നു… മൗനവും കണ്ണുകൾ കയ്യ്മാറിയ രഹസ്യങ്ങളും കടന്ന് പ്രണയം ചെറു മുത്തങ്ങളിൽ എത്തി നിന്നു… അവളവന്റെ ദേവയും അവനവളുടെ നന്ദനുമായി പ്രണയം പകർന്നു… സ്വപ്‌നങ്ങൾ നെയ്തു……………………………  (തുടരും)………….

തോളോട് തോൾ ചേർന്ന്: ഭാഗം 19

മുഴുവൻ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story