തോളോട് തോൾ ചേർന്ന്: ഭാഗം 23

തോളോട് തോൾ ചേർന്ന്: ഭാഗം 23

എഴുത്തുകാരി: ജിച്ചന്റെ കാവു

തുറന്നിട്ടിരിക്കുന്ന ജനൽപാളികളിലൂടെ കടന്നുവരുന്ന പ്രകാശത്തിന്റെ കിരണങ്ങൾ കണ്ണുകളിൽ ഇക്കിളി കൂട്ടിയതും ധ്വനി പതിയെ കൺചിമ്മി… അനന്ദുവിന്റെ കഴുത്തിടുക്കിൽ മുഖമുരസി… ചുറ്റും നിറഞ്ഞിരിക്കുന്ന പ്രാണനായവന്റെ ഗന്ധം കൊതിയോടെ ഉള്ളിലേക്കെത്തിച്ചു… വലതുകയ്യുയർത്തി താടിയിൽ തലോടി… ഒരു ചെറു പുഞ്ചിരിയോടെ ചുറ്റിപ്പിടിച്ചിരിക്കുന്ന അവന്റെ കൈയ്കൾ മാറ്റി എഴുന്നേറ്റു… കാലിൽ ചുറ്റിക്കിടക്കുന്ന കൊലുസ്സിനുള്ളിലേക്ക് കടത്തിക്കൊണ്ട് ചുരുട്ടിവച്ചിരിക്കുന്ന അവന്റെ വലതുപാദത്തിന്റെ പെരുവിരൽ കൊലുസ്സിനെ മുറുക്കുമ്പോൾ ഇരുന്നുകൊണ്ട് തന്നെ അതിനെ വേർപെടുത്താൻ നോക്കി…

അല്പം ചെരിഞ്ഞു നിൽക്കുന്ന കാൽപത്തിയിൽ ചുരുണ്ടു നിൽക്കും വിരലിനുള്ളിൽ നിന്നും കൊലുസ് പതിയെ അടർത്തുമ്പോൾ കൈയിവിരലുകൾ പ്രണയം കയ്യ്മാറാൻ തയ്യാറെടുക്കുകയായിരുന്നു… എല്ലാവരാലെയും കുത്തുവാക്കുകളും കളിയാക്കലും ഏറ്റു വാങ്ങിക്കൊണ്ട് അനന്ദുവിനെ മുന്നോട്ട് നടക്കാൻ കൂടെ നിൽക്കുന്ന വലതുകാൽ… അവളൊന്ന് പതിയെ ആ കാൽപാദത്തിലൂടെ വിരലോടിച്ചു… അവളുടെ പ്രണയം തിരിച്ചറിഞ്ഞ വണ്ണം അവയൊന്നനങ്ങി… മുട്ടിനു കീഴെ ശോഷിച്ചിരിക്കുന്ന കാലിലൂടെ പ്രണയത്തോടെ കൈയിവിരലുകൾ തഴുകി നീങ്ങി… ഇടതുകാലിന്റെ ആധിപത്യം പലപ്പോഴും ഏറ്റുവാങ്ങിക്കൊണ്ട് നൊന്തിരുന്നത് ഓർമയിൽ വന്നതും അറിയാതെ തന്നെ വലതുപാദത്തിൽ ചുണ്ട് ചേർത്തു… പുഞ്ചിരിയോടെ താഴെക്കിറങ്ങി… അടഞ്ഞു കിടക്കുന്ന അച്ഛന്റെ മുറിയിലേക്കൊന്നു നോക്കിക്കൊണ്ടവൾ അടുക്കളയിലേക്ക് നടന്നു…

തിടുക്കത്തിൽ പണികൾ ഓരോന്നും ചെയ്യുന്നതിനൊപ്പം രണ്ട് ഗ്ലാസ്സുകളിൽ കട്ടൻ ചായയും പകർത്തി അകത്തേയ്ക്ക് നടന്നു… ഊണുമേശയിൽ കൈയ്കൾ പിണച്ചുവച്ചുകൊണ്ട് കസേരയിൽ ഇരിക്കുന്ന അനന്ദുവിനെ കണ്ടതും താടി ചുഴി നാണത്താൽ ചിരിച്ചു… അവന്റെ അരികെ ഒരു ഗ്ലാസ്സ് ചായ വച്ചുകൊണ്ട് അച്ഛന്റെ മുറിയിലേക്ക് നടന്നു… ” അച്ഛൻ പോയി… ” പുറകിൽ നിന്നുള്ള സ്വരം പെണ്ണിന്റെ കാലുകളെ തടഞ്ഞു… പിന്തിരിഞ്ഞുകൊണ്ടവൾ എന്താണെന്ന ഭാവത്തിൽ അവനെ നോക്കി പുരികമുയർത്തി… ” ഒളിച്ചോട്ടം… ഇടയ്ക്കിടെ ഉണ്ടല്ലോ… രാത്രിയിൽ പോയോ രാവിലെ പോയോ… അറിയില്ല… ഞാനിപ്പോ മുറിയിൽ നോക്കിയപ്പോൾ കണ്ടില്ല… ബാഗും ഇല്ല അവിടെ… ” കുമ്പിട്ടിരുന്നുകൊണ്ട് തന്നെ പറയുമ്പോൾ എപ്പോഴൊക്കെയോ അവന്റെ സ്വരവും ഇടറി… അവളവന്റെ അരികെ വന്നു നിന്നിട്ടും മുഖമുയർത്തിയില്ല…

ഇന്നലത്തോടെ അല്പമെങ്കിലും മാറ്റം അച്ഛനിൽ വന്നുകാണുമെന്നു അവനും കരുതിക്കാണും… സ്നേഹത്തോടെ ഒരു നോട്ടമെങ്കിലും പ്രേതീക്ഷിച്ചുകാണും… ധ്വനി അവന്റെ തോളിൽ പതിയെ കയ്യ്ചേർക്കുമ്പോൾ മുഖം ചരിച്ചുകൊണ്ടവൻ അവളുടെ കൈയിൽ കവിൾ ചേർത്തു… ***************** ദിവസങ്ങൾ പലതും കടന്നുപോയികൊണ്ടിരുന്നു… ആഴ്ചയിൽ ഒരിക്കലുള്ള ഒത്തുചേരലിൽ എല്ലാ ബന്ധങ്ങളും ദൃഢമാക്കി… പ്രണയം നോട്ടത്തിലൂടെ മൗനമായി ഭരതും ദേവൂട്ടിയും കൈയ്മാറുമ്പോൾ ശ്രീമോളെ ദേഷ്യം പിടിപ്പിച്ചുകൊണ്ട് ഭഗതും അവനെ കൂർപ്പിച്ചുനോക്കിക്കൊണ്ട് ശ്രീയും തുടർന്നു… പലപ്പോഴും അതിരുകടക്കുന്ന അവന്റെ തമാശകൾക്ക് ദേവൂട്ടി ശിക്ഷയേറ്റുവാങ്ങിക്കൊണ്ടിരുന്നു… അതിന്റെ ദേഷ്യമെല്ലാം ദേവൂട്ടീ ഭഗതിനോടെടുക്കുമ്പോൾ ഇരുവരും മുടി പിടിച്ചു വലിച്ചും പിച്ചികൂട്ടിയും തല്ലിട്ടുകൊണ്ടിരുന്നു…

ഒരിക്കൽ നഷ്ടമായ ഈ കുറുമ്പുകൾ എല്ലാം ദേവൂട്ടിക്കും ഭഗതിനും ഒപ്പം മറ്റെല്ലാവരും ആസ്വദിച്ചു… അനന്ദുവും ധ്വനിയും കൂടിച്ചേരുന്ന കൈവിരലുകളിലൂടെയും ഗാഢമായി പുൽകുന്ന കണ്ണുകളിലൂടെയും പ്രണയം കൈമാറി… നെറ്റിയിലെ ചുംബനങ്ങൾ അതിന് മാറ്റുകൂട്ടി… ഒന്നിച്ച് വീട്ടിലെ ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും കുസൃതികൾ കാണിച്ചുകൊണ്ട് പുഞ്ചിരിക്കുന്നവൻ പെണ്ണിന്റെ ഉള്ളിനെ ഓരോ നിമിഷവും തൊട്ടുണർത്തിക്കൊണ്ടിരുന്നു… ഓരോ ദിവസവും കൊതിയോടെ അനന്ദുവിന്റെ പാട്ടിൽ ലയിച്ചുകൊണ്ട് അവൾ നിദ്രയെ പുൽകി… മറ്റുള്ളവരുടെ മനസ്സിനെ മുറിവേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ടുള്ള കളിയാക്കലുകളും ഇരട്ടപ്പേരുകളും തുടർന്നും കേട്ടുകൊണ്ടിരിക്കെ അവയോടുള്ള മനോഭാവം തന്നെ അനന്ദു മാറ്റിയെടുത്തു…

പുഞ്ചിരിചാലിച്ച ഒന്നോ രണ്ടോ വാക്കുകളിൽ മറുപടി പറഞ്ഞു ഒതുക്കുമ്പോൾ വേദനയ്ക്ക് പകരം ഉള്ളിൽ പ്രണയംകൊണ്ട് മാന്ത്രികത തീർത്തവൾ നിറഞ്ഞു… ഇടതുകാലിനെ എന്ന പോലെ വലതുകാലിനെയും സ്നേഹിക്കാൻ തുടങ്ങി… ആധിപത്യം കാണിച്ചുകൊണ്ട് സ്വയം നോവിപ്പിക്കുന്നത് അവസാനിപ്പിക്കുമ്പോൾ പെണ്ണിലേക്കടുക്കുവാൻ ഓരോ നിമിഷവും വലതുകാൽ തിടുക്കം കൂട്ടി… ഒരിക്കെ മനസിലാക്കാതെ പോയ അപ്പുവിന്റെ പ്രണയത്തിനാഴം ഓരോ നിമിഷവും ഹരിയെ കൂടുതൽ ശക്തിയോടെ പുണർന്നുകൊണ്ടിരുന്നു… ക്ലാസ്സിൽ പലപ്പോഴും സ്വയം വിലക്കിയിട്ടും ഹരിയുടെ കണ്ണുകൾ അവന്റെ പെണ്ണിനെ തേടി നടന്നു… അവളുടെ കണ്ണുകളിൽ സ്വയം നഷ്ടപെടുമ്പോൾ വാരി നെഞ്ചോരം ചേർക്കാൻ വെമ്പി… വീട്ടിൽ അമ്മയുടെയും ശ്രീയുടെയും കണ്ണുവെട്ടിച്ചുകൊണ്ട് പെണ്ണിനെ ചുംബനങ്ങൾ കൊണ്ട് മൂടി…

അവളെ നെഞ്ചിൽ ചേർത്തുപിടിച്ചുകൊണ്ട് ഓരോ രാവിനെയും വരവേറ്റു… ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കുന്ന മെസ്സേജുകൾക്ക് എപ്പോഴൊക്കെയോ ശ്രീയുടെ ചുണ്ടിൽ പുഞ്ചിരി വിരിയിക്കാൻ കഴിഞ്ഞു… തീർത്തും മാന്യമായ വാക്കുകളിലൂടെ പ്രണയം വരച്ചിടുകയും ചെറു കവിതകളായി അവയെ ഒഴുക്കുകയും ചെയ്യുന്ന മുഖം ഇനിയും വ്യക്തമല്ലാത്ത ആ മനുഷ്യൻ അവളുടെ ഉള്ളിലും എവിടെയോ പതിഞ്ഞു… അവൻ ആരെന്നോ എന്തെന്നോ അറിയാതെ… തമ്മിലുള്ള ബന്ധം ഇപ്പോഴും എന്തെന്ന് ചിന്തിക്കാതെ… പലപ്പോഴും അവനിൽ നിന്നും വരുന്ന മെസ്സേജുകൾക്കായി ഉള്ളം കൊതിച്ചു… ശ്രീയിൽ വന്ന മാറ്റത്തെ അപ്പുവും ദേവൂവും കൂടി കണ്ടെത്തുമ്പോൾ അവർക്കു മുൻപിലും അദൃശ്യനായ കാമുകന്റെ കഥകൾ വെളിവാക്കി… വാക്കുകൾക്കൊണ്ട് മായാജാലം തീർക്കുന്ന വരികൾ പങ്കു വച്ചു… ശ്രീയുടെ പോലെ അവരിലും ആരാണവൻ എന്നറിയാനുള്ള ആകാംഷ നിറഞ്ഞു…

എപ്പോഴൊക്കെയോ ദേവൂട്ടിയുടെ ഉള്ളിൽ ഭഗതിനെ പറ്റിയുള്ള സംശയങ്ങൾ നിറഞ്ഞെങ്കിലും അവനാണോ എന്ന് തീർച്ചപ്പെടുത്താതെ അവന്റെ പേരും അവർക്കിടയിലേക്ക് കൊണ്ടുവരാതിരിക്കാൻ ശ്രമിച്ചു… കൂടുതൽ പ്രേതീക്ഷകൾക്ക് ശ്രീയെ വിട്ടുകൊടുക്കാതിരിക്കാൻ അവരിരുവരും ശ്രമം തുടർന്നു… അനന്ദുവിന്റെ വീട്ടിലേക്കുള്ള മധുവിന്റെ വരവ് പിന്നെ കുറഞ്ഞു… അഭി മാസമാസം അയക്കുന്ന പൈസ യാതൊരു മുടക്കവും കൂടാതെ അനന്ദു മധുവിന് എത്തിക്കാനുള്ള ഏർപ്പാടുകൾ ചെയ്തിരുന്നു… അത് വാങ്ങാണെന്ന പേരിൽ പോലും അവരുമായൊരു കൂടിക്കാഴ്ച അവനും ആഗ്രഹിച്ചിരുന്നില്ല… മധുവിന്റെയും മാധവിന്റെയും കാര്യങ്ങൾ ഒന്നും തന്നെ അഭിയെ അറിയിച്ചു വിഷമിപ്പിക്കാൻ അനന്ദു ശ്രമിക്കാതിരുന്നത് അവനു ഏട്ടന്റെ സങ്കടം കാണാൻ കഴിയാത്തതിനാൽ ആയിരുന്നു…

എന്നിരുന്നാലും ഇടയ്ക്കിടെ പെങ്ങളെ വിളിച്ചുകൊണ്ടിരുന്ന അഭി നാട്ടിലെ കാര്യങ്ങൾ എല്ലാം വിശദമായി തന്നെ അപ്പുവിൽ നിന്നും അറിഞ്ഞിരുന്നു… പലപ്പോഴും ഫോൺ കോളിലൂടെ മധുവിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുവാനും തിരുത്താനും അഭി ശ്രമിച്ചിരുന്നെങ്കിലും അവളതൊന്നും തന്നെ വിലവച്ചിരുന്നില്ല… തന്റെ പൈസക്ക് മാത്രമേ അവൾ വില കൊടുക്കുന്നുള്ളൂ എന്ന് വൈകാതെ അഭിയും മനസിലാക്കുകയായിരുന്നു… അച്ഛന്റെ കൂട്ടുകാരന്റെ മകളുടെ ആലോചന വന്നതും മറ്റൊന്നും കൂടുതൽ ഓർക്കാൻ നിൽക്കാതെ സമ്മതം മൂളിയതിനു പിന്നിലെ കാരണം ഓർക്കാൻ പോലും ശ്രമിക്കാറുണ്ടായിരുന്നില്ല അവൻ… എങ്കിലും ഓരോ വട്ടം മധുവിന്റെ ചെയ്തികൾ അപ്പു അറിയിക്കുമ്പോൾ കൂടുതൽ മികവോടെ ഉള്ളിൽ നിറഞ്ഞു വന്നിരുന്നത് കവിളിൽ കയ്യ്ചേർത്തു നിന്ന് വിതുമ്പിയ ഒരു കുഞ്ഞുമുഖം ആയിരുന്നു…

***************** പുതിയതായി വാങ്ങിയ പശുവിനും കിടാവിനും കാടി കലക്കി കൊടുക്കുകയായിരുന്നു അപ്പു… രണ്ടാഴ്ച മുൻപാണ് പശുവിനെ വളർത്തണമെന്ന മോഹവും പറഞ്ഞു കൃഷ്ണൻ വീട്ടിൽ കാര്യം അവതരിപ്പിച്ചത്… വീടിന്റെ പിന്നാമ്പുറത്തു ഉള്ള ചെറിയ രീതിയിലെ കൃഷിപണിയിൽ മാത്രം ഒഴിവുസമയം ചിലവാക്കുമ്പോൾ എപ്പോഴോ അയാൾക്ക്‌ തോന്നിയതായിരുന്നു പശുവളർത്തൽ കൂടി… പണികൾ കൂടുമെന്ന് പറഞ്ഞ് അതിന്റെ പേരിൽ രമ രണ്ട് ദിവസം പിണങ്ങി നടന്നതും അയാൾ അവർക്കു പുറകെ സമാധാനസന്ധിയുമായി നടക്കുന്നതുമെല്ലാം ഒത്തിരി കൗതുകത്തോടെ അപ്പു നോക്കി കണ്ടു… മുടി നരച്ചാലും തൊലിയിൽ ചുളുക്ക് വീണാലും ഒന്നും യദാർത്ഥ പ്രണയം മരിക്കുന്നില്ലെന്ന് ഓരോ നിമിഷവും കൃഷ്ണനും രമയും തെളിയിക്കുകയായിരുന്നു…

ഒടുക്കം കൃഷ്ണന്റെ ആഗ്രഹത്തിന് രമ സമ്മതം മൂളുമ്പോൾ ചെറുതായി നരച്ചുതുടങ്ങിയ മുടിയിഴകൾക്കിടയിൽ തിളങ്ങുന്ന സിന്ദൂരചുവപ്പിൽ അയാൾ അമർത്തി ചുംബിച്ചിരുന്നു… ചുറ്റുമുള്ള മക്കളെ പോലും മറന്നുകൊണ്ട്… അന്നേരത്തെ രമയുടെ വെപ്രാളം ഓർക്കവേ അപ്പുവിന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു… വലിയൊരു തൊട്ടിയിൽ ആക്കിയ കാടി പശുവിന് മുൻപിൽ നീക്കി വച്ചു കൊടുത്തുകൊണ്ടവൾ തൊഴുത്തിൽ നിന്നും ഇറങ്ങാൻ തിരിയുമ്പോഴേക്കും അരയിലൂടെ ബലിഷ്ടമായ രണ്ട് കരങ്ങൾ ചുറ്റി വരിഞ്ഞിരുന്നു… ഒപ്പം നനുത്ത ചുണ്ടുകളുടെ തലോടൽ വിയർപ്പു നിറഞ്ഞ പുറംകഴുത്തിൽ പതിഞ്ഞു… അവളൊന്നു പുഞ്ചിരിച്ചുകൊണ്ട് അവന്റെ കൈയിൽ കൈയ് ചേർക്കുമ്പോൾ ഹരിയവളെ എടുത്തുയർത്തി വൈകോൽ കൂമ്പാരത്തിനടുത്തേയ്ക്ക് നടന്നു…

മാഞ്ഞു തുടങ്ങുന്ന സൂര്യന്റെ നേർത്ത പ്രകാശത്തിലും പെണ്ണിന്റെ മുഖം തിളങ്ങുന്നത് നോക്കികൊണ്ട് തന്നെ അവൻ അവളിലേക്ക് മുഖമടുപ്പിച്ചു… വൈകോലിൽ ചാരി നിന്നുകൊണ്ട് തന്നെയവൾ ഹരിയുടെ ഷർട്ടിൽ കൈയ്കൾ തെരുത്തുപിടിച്ചുകൊണ്ടവനെ വലിച്ചടുപ്പിക്കുമ്പോൾ ഉള്ളിനുള്ളിൽ എല്ലാ അർത്ഥത്തിലും അവന്റേതായി മാറാനുള്ള മോഹം കത്തിപടർന്നു… കൊതിയോടെ പെണ്ണിന്റെ ചുണ്ടുകളെ നുകർന്നുകൊണ്ടവൻ അവളിലെ മോഹത്തെ അതിലും തീവ്രതയോടെ തന്നിലേക്കും നിറച്ചു… ബലമാർന്ന കൈയ്കൾ പെണ്ണിന്റെ ഇടുപ്പിനെ തലോടികൊണ്ടും നോവിച്ചുകൊണ്ടും മുന്നേറി പൊക്കിളിച്ചുഴിയിലെത്തി നിന്നു… ചുണ്ടുകളെ മോചിപ്പിച്ചുകൊണ്ടവൻ ചുംബനത്തിനായി പൊക്കിളിച്ചുഴിയിലേക്ക് മുഖം അമർത്തുമ്പോൾ അവളൊന്നു ഏങ്ങി…

ചെറുതായി പല്ലുകൾ ആഴ്ത്തിക്കൊണ്ട് ചുംബിക്കുമ്പോൾ വേദനയുടെ സ്വരവും അവളിൽ നിന്നുയർന്നു… ” അതേയ്… ഭക്ഷണം കഴിച്ചു പണികളൊക്കെ വേഗം തീർത്തിട്ട് പെട്ടന്ന് മുറിയിലേക്ക് വന്നേക്കണം… നിക്ക് ന്റെ കുഞ്ഞനെ സ്നേഹിക്കാൻ തോന്നാ… ഒത്തിരി… ” പെണ്ണിന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തവെ അവൻ പതിയെ പറഞ്ഞു… അവളൊന്നു കുറികികൊണ്ട് മൂളുമ്പോഴും ഹരിയുടെ അധരം തീർക്കുന്ന മാന്ത്രികതയിൽ തന്നെ ആയിരുന്നു… പൂർണമായും സൂര്യൻ മറഞ്ഞുകൊണ്ട് ഇരുട്ട് പടർന്നു തുടങ്ങുമ്പോഴും പെണ്ണിലേക്ക് ചേർന്നു നിന്നുകൊണ്ട് ചുംബനങ്ങളാൽ അവളെ വിവശയാക്കുകയായിരുന്നു അവൻ… ***************** കുളികഴിഞ്ഞു വാരിചുറ്റിയ കോട്ടൺ സാരിതുമ്പ് അരയിൽ കുത്തി നനഞ്ഞിരിക്കുന്ന മുടിയെ തോർത്തുകൊണ്ട് കൂട്ടികെട്ടി അനന്ദുവിനോപ്പം അടുക്കളയിലെ പണികളെല്ലാം ധൃതിയിൽ ചെയ്ത്തുതീർക്കുകയായിരുന്നു ധ്വനി…

ഓരോ വട്ടം അവൾക്കടുത്തുകൂടെ നടക്കുമ്പോഴും കവിളിലോ ചെവിയിലോ കുഞ്ഞു കുഞ്ഞു മുത്തങ്ങൾ അനന്ദു നൽകികൊണ്ടിരുന്നു… തിരക്കിനിടയിൽ കണ്ണിൽ കുസൃതി ഒളിപ്പിച്ചു വരുന്നവനെ കണ്ണുരുട്ടി നോക്കുമ്പോൾ തീർത്തും നിഷ്കളങ്കമായ ഭാവവുമായി അവന്റെ നുണക്കുഴി എത്തിനോക്കി… പതിവുപോലെ കവലയിലേക്ക് അവനോടൊപ്പം ഇറങ്ങുമ്പോൾ തൊട്ട് മുൻപിലായി ശ്രീയും ദേവൂട്ടിയും അപ്പുവും നടന്നു തുടങ്ങിയിരുന്നു… അവർക്കു പുറകെ പതിയെ ഉലയുന്ന ശരീരവുമായി നടക്കുന്നവന്റെ കൂടെ തന്നെ ധ്വനിയും നടന്നു… എത്ര ദിവസങ്ങൾ ഇങ്ങനെ ഒരുമിച്ച് നടന്നാലും ആദ്യമായി ഒന്നിച്ചു കവലയിലേക്ക് നടന്ന അതെ സന്തോഷം തന്നെയാണ് പൊതിയുന്നതെന്ന് അവൾ പുഞ്ചിരിയോടെ ഓർത്തു…

ആഞ്ഞു നടക്കുമ്പോൾ പൊടിയുന്ന വിയർപ്പിൽ അത്തറും കൂടി കലർന്നുകൊണ്ടുള്ള ഗന്ധം പെണ്ണിന്റെ സിരകളിലേക്ക് പടർന്നു… ഇടയ്ക്കിടെ അവന്റെ മുഖത്തേയ്ക്ക് പ്രണയത്തോടെ നോക്കി… ചുണ്ടിലെ പുഞ്ചിരിക്കൊപ്പം താടിരോമങ്ങൾക്കിടയിൽ നുണക്കുഴി തെളിയുമ്പോൾ തന്റെ നോട്ടം അവനിലും മാറ്റങ്ങൾ കൊണ്ടുവരുന്നതറിഞ്ഞു… നടക്കുമ്പോൾ നീട്ടി വയ്ക്കുന്ന വലതുപാദം ഉത്സാഹത്തോടെ അവനെ മുന്നോട്ട് നയിച്ചു… ” ടാ… അനന്ദു… ” വഴിയരികിൽ കൂടിനിൽക്കുന്ന ചെറുപ്പക്കാരിൽ ആരോ അവനെ നീട്ടി വിളിച്ചു… അവനൊരു പുഞ്ചിരിയോടെ ധ്വനിയോട് ഇപ്പോൾ വരാമെന്നും പറഞ്ഞു അവർക്കരികിലേക്ക് നീങ്ങി… ഈ ഒരു കൂട്ടം ആളുകൾ ഇവിടെ പതിവാണ്… പലപ്പോഴും ഉറക്കെ വിളിച്ചു പറഞ്ഞില്ലെങ്കിലും എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നവരെ അവളും ശ്രദ്ധിച്ചിട്ടുണ്ട്… കൂടുതലും അനന്ദുവിന്റെ പ്രായമോ അതിലും മുതിർന്നവരോ ആണ്…

കൂട്ടത്തിൽ ഇന്ന് കണ്ടുപരിചയമില്ലാത്ത രണ്ട് മൂന്ന് ആളുകളും ഉണ്ട്… അവരുമായി പുഞ്ചിരിയോടെ അനന്ദു സംസാരിക്കുമ്പോൾ അവർക്കടുത്തുനിന്നും അല്പം മുൻപോട്ട് നടന്ന് ധ്വനി മാറി നിന്നു… ” അല്ല അനന്ദു.. നിനക്കൊരു ടുവീലർ വാങ്ങിക്കൂടെ??.. ഈ ഗിയർലെസ്സ് ടൈപ്പ് എന്തേലും??.. നേരെ കുത്താൻ പറ്റാത്ത ഈ കാലും വച്ച് എന്തിനാ വലിഞ്ഞു നടക്കുന്നത്??.. വണ്ടീലാവുമ്പോ കാലിന്റെ പ്രശ്നം ആരും ശ്രദ്ധിക്കേമില്ല…” എപ്പോഴോ അവരിലാണോ ചോദിച്ച ചോദ്യം കെട്ട് ധ്വനി അനന്ദുവിനെ തന്നെ നോക്കി നിന്നു… അവനിൽ അപ്പോഴും പുഞ്ചിരിയായിരുന്നു… കൂടെയുള്ള പലരിലും പുച്ഛം നിറഞ്ഞ ചിരിയോ സഹതാപമോ ഒക്കെ… ” നേരെ കുത്താൻ പറ്റിയില്ലെങ്കിൽ ന്താ… ന്റെ ഈ ശരീരത്തിന്റെ പകുതി ഭാരവും ചുമക്കാൻ ദേ ഈ ശോഷിച്ച കാലിനെക്കൊണ്ട് പറ്റുന്നുണ്ട്… യാതൊരു വിധ മടിയും കൂടാതെ ന്നെ ഇവൻ മുന്നോട്ട് നയിക്കുന്നുമുണ്ട്…

പിന്നെ വീട്ടീന്ന് നടന്നാൽ കഷ്ടിച്ച് അഞ്ചുമിനിറ്റിൽ കവലയിൽ എത്താലോ… അത്രേം നേരമൊക്കെ പുല്ലുപോലെ ഇവനെന്നെ ചുമന്നോളും… ” അതെ പുഞ്ചിരിയോടെ വലതുകാലിൽ ഒന്ന് തഴുകിക്കൊണ്ട് അനന്ദു പറയുമ്പോൾ പലരും മറുപടിയില്ലാതെ നിന്നുപോയി… അവനിൽ നിന്നും ഇത്തരത്തിൽ ഒരു പ്രതികരണം ആരും പ്രതീക്ഷിക്കാത്തതിനാലാവാം എല്ലാവരിലും ഒരു ചെറിയ ഞെട്ടൽ പ്രകടമായിരുന്നു… ” എന്തായാലും ന്നെ എവിടെ വേണേലും നടന്നെത്തിക്കാൻ ഈ കാലുകൊണ്ട് പറ്റുന്നുണ്ട്… പിന്നെ നിക്ക് ഇത് ആരിൽ നിന്നും മറച്ചുപിടിക്കേണ്ട ആവശ്യവും തോന്നുന്നില്ല… അനന്ദുവിന്റെ കാലിങ്ങനെയാണെന്ന് അറിയാത്തവർ ആരൂല്ല്യാലോ… 28 കൊല്ലമായി ന്റെ കാലിങ്ങനെത്തന്നെയാണ്… ഇനിയും ഇതുപോലെ തന്നെയായിരിക്കും… ഒന്ന് നോക്കാച്ചാ ഇങ്ങനെയെങ്കിൽ ഇങ്ങനെ ഒരു കാലുള്ളതുകൊണ്ട് എനിക്കാരേം ആശ്രയിക്കാതെ നടക്കാൻ പറ്റുന്നുണ്ടല്ലോ…

അതന്നെ വല്ല്യ കാര്യം…” ചുണ്ടിലെ പുഞ്ചിരി അതേപടി നിലനിർത്തിക്കൊണ്ട് അനന്ദു പറയുമ്പോൾ കുറച്ച് മാറി തന്നെ തന്നെ നോക്കി നിൽക്കുന്ന ധ്വനിയെ നോക്കി ഒന്ന് കണ്ണുചിമ്മി… അപ്പോഴേക്കും കൂട്ടത്തിലുള്ളവരുടെ പുച്ഛം നിറഞ്ഞ നോട്ടത്തിൽ വിദ്വേഷവും കലർന്നു തുടങ്ങിരുന്നു… ” ഓഹ്… കാലിന് ആരോഗ്യം ഇല്ലേൽ എന്താ… അതും കൂടി നിന്റെ നാക്കിനു ഉണ്ടല്ലോ… നല്ലത് പറഞ്ഞ് തരാൻ നിൽക്കുന്ന ഞങ്ങളെ പറഞ്ഞാൽ മതി… വെറുതെയല്ല എല്ലാരും ഒന്നരക്കാലൻ എന്ന് വിളിക്കുന്നത്… ” മറുപടി ദഹിക്കാത്ത ആരോ ഒരാൾ അവനോടു പറയുമ്പോൾ അത് ശരിവയ്ക്കും വിധം മറ്റുള്ളവരും പിന്താങ്ങി… ” നാക്കിന് ആരോഗ്യം ഉണ്ടായിരുന്നില്ല… അതുകൊണ്ടാണ് അനന്ദുവിനെ പലരും പലതും പറഞ്ഞു നോവിച്ചിരുന്നത്… ഇനിയിപ്പോ എന്തായാലും നാക്ക് നല്ലതൊരെണ്ണം ഉണ്ടെന്ന് ഓർത്ത് തന്നെ നോവിക്കാനായാലും സ്നേഹിക്കാനായാലും വന്നാൽ മതിട്ടോ… ”

തൊട്ടടുത്തു നിൽക്കുന്നവന്റെ തോളിൽ പതിയെയൊന്നു തട്ടികൊണ്ട് അനന്ദു പുഞ്ചിരിയോടെ തിരികെ നടന്നു… രണ്ടടി വയ്ച്ചുകൊണ്ട് പിന്തിരിഞ്ഞു അവരെ നോക്കി.. ” പിന്നേയ്… എന്നേക്കാൾ ആരോഗ്യമുള്ള കയ്യും കാലും ഒക്കെ നിങ്ങൾക്കും ഉണ്ടല്ലോ… ഇതുപോലെ യാതൊരു പണിയും ചെയ്യാതെ മറ്റുള്ളവരെ കളിയാക്കിയും കുറ്റം പറഞ്ഞും നിൽക്കാതെ പണിയെടുത്തു ജീവിക്ക്… ഈ ഒന്നരക്കലനെകൊണ്ട് പണിയെടുത്തു ജീവിക്കാൻ പറ്റുമെങ്കിൽ രണ്ട് കാലിലും നിവർന്നു നിൽക്കുന്നവർക്ക് എന്തേ അത് പറ്റുന്നില്ലേ??.. ആരും കേൾക്കണ്ട… മോശം നിങ്ങൾക്ക് തന്നെയാ… ” അവരെ നോക്കി പറഞ്ഞുകൊണ്ട് ധ്വനിക്ക് അരികിലേക്ക് നടന്നു… പല തരം മുറുമുറുക്കലുകൾ പുറകിൽ നിന്നും കേട്ടെങ്കിലും അതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന ഭാവമായിരുന്നു അവനിൽ…

ധ്വനി ആ കണ്ണുകളിലേക്ക് തന്നെ സൂക്ഷിച്ചുനോക്കി… പുഞ്ചിരിയിൽ വേദന ഒളിപ്പിക്കുവാൻ അവൻ പിന്നെയും ശ്രമിക്കുകയാണോയെന്ന് തിരഞ്ഞു… പെണ്ണിന്റെ നോട്ടം കണ്ടതും അനന്ദുവോന്നു ചിരിച്ചു… ” മതി നോക്കീത്… വേഗം നടന്നില്ലേൽ ടീച്ചറുടെ ബസ്സ് കിട്ടില്ല… ” കുസൃതിയോടെ പറഞ്ഞുകൊണ്ടവൻ നടന്നു നീങ്ങി… ഒപ്പം ധ്വനിയും.. അവനെ തന്നെ ഇടയ്ക്കിടെ നോക്കികൊണ്ടിരുന്നു… ” ടീച്ചർ ന്താ നോക്കണേ??.. ” ഒറ്റപുരികമുയർത്തി ചോദിക്കുമ്പോഴും നുണക്കുഴികവിൾ തെളിഞ്ഞു നിന്നു… ” ന്റെ അനന്ദു തന്നെയാണോ ഇതെന്ന് നോക്കീതാ… ” തെല്ലു കുറുമ്പോടെ അവൾ മറുപടി പറയുമ്പോൾ പെണ്ണിന്റെ ഇടതുകയ്യിലെ ചെറുവിരലിൽ അനന്ദുവും വിരൽ കോർത്തു… ഇരുവരിലും പുഞ്ചിരി നിറഞ്ഞു… പ്രണയം പടർന്നു…………………………  (തുടരും)………….

തോളോട് തോൾ ചേർന്ന്: ഭാഗം 22

മുഴുവൻ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story