തോളോട് തോൾ ചേർന്ന്: ഭാഗം 28

തോളോട് തോൾ ചേർന്ന്: ഭാഗം 28

എഴുത്തുകാരി: ജിച്ചന്റെ കാവു

മുഖത്തേറ്റ മൂന്നാമത്തെ അടിയിൽ മധു താഴെ വീഴാൻ ആയുമ്പോൾ അവളുടെ കയ്യ്കളിലെ പിടുത്തവും അഭി വിട്ടിരുന്നു… താഴെ സോഫയുടെ ചാരെ വീണു കിടന്നുകൊണ്ടവൾ അടി കൊണ്ട കവിളിൽ കൈയ് ചേർത്തുകൊണ്ട് അവനെ നോക്കി… അവന്റെ മുഖത്ത് അപ്പോഴും അതെ ദേഷ്യവും വെറുപ്പും നിറഞ്ഞു നിന്നിരുന്നു… സോഫയിൽ ഇരുന്നു കളിച്ചിരുന്ന മിത്തുമോൾ ഇടക്കണ്ണിട്ട് അച്ഛനെയൊന്ന് നോക്കി… തിരികെ പാവക്കുട്ടിയെ എടുത്തുമ്മവയ്ച്ചുകൊണ്ട് കളികൾ തുടർന്നു… അടി കണ്ട് തറഞ്ഞു നിൽക്കുന്ന മധുവിന്റെ അച്ഛനമ്മമാരെ ചലിക്കാൻ അനുവദിക്കാത്ത വിധം തന്നെ അവൻ ആദ്യമേ അടക്കി നിർത്തി…

മകളുടെ വേദന കണ്ടുകൊണ്ട് പിടിക്കാൻ ആഞ്ഞ അമ്മയെ സോഫയുടെ പുറകിലേക്ക് നീക്കി നിർത്താൻ അവന്റെ ഒരു നോട്ടത്തിന് കഴിഞ്ഞതും അങ്ങനെയായിരുന്നു… ” ചോദിച്ചു വാങ്ങിയതാണ് മധു… ഓരോ അടിയും… ഓരോ അടിയും നീയെന്റെന്ന് ചോദിച്ചു വാങ്ങിയതാണ്… ” കയ്യൊന്നു കുടഞ്ഞുകൊണ്ടവൻ അവളെ വലിച്ച് പൊക്കി നേരെ നിർത്തി… ” ദേ നിന്നെ വളർത്തി ഈ വിധം ആക്കിയവരുടെ മുന്നിൽ വച്ച് ഇത് തരണമെന്ന് കരുതിക്കൂട്ടി വച്ചിട്ട് കുറച്ചായി ഞാൻ… തെറ്റല്ല ചെയ്യുന്നതെന്ന് അത്രയ്ക്ക് ബോധ്യം ഉള്ളതുകൊണ്ടാ… ഇത്രയൊന്നും തന്നാൽ പോര നിനക്ക്… ” ദേഷ്യത്താൽ ചുവന്നു വരുന്ന കണ്ണുകളാലെ അവളുടെ അച്ഛന്റെയും അമ്മയുടെയും നേരെ നോട്ടമെറിഞ്ഞുകൊണ്ട് അവളോടായി അഭി പറഞ്ഞുകൊണ്ടിരുന്നു… ” എന്തൊരു അഭിനയമായിരുന്നെടി… എന്റെ ഭാര്യയായി ആ വീട്ടിലേക്ക് വന്നിട്ട്??…

ഞാൻ നാട്ടിൽ ഉണ്ടായ ഒരു മാസം അത്രനാൾ നീ അഭിനയിച്ചു കൂട്ടിയതാണെന്ന് മനസിലാക്കാൻ തിരിച്ചു പോയിട്ട് ഒരേ ഒരു ആഴ്ചകൊണ്ട് എനിക്ക് പറ്റി… ന്നിട്ടും പ്രേതീക്ഷിച്ചു… നീ എന്നേലും നന്നാവുമെന്ന്… ന്റെ കുഞ്ഞുണ്ടായപ്പോ എങ്കിലും…” അവനൊന്നു നിർത്തി… മോളെ നോക്കി… ഉള്ളിൽ സങ്കടം തികട്ടി വന്നു… കണ്ണുകൾ ഇറുക്കിയടച്ചു തുറന്നു… ” ഇനി നീ നന്നാവില്ല… എനിക്കുറപ്പാ… ന്റെ അനന്ദൂനെ… എന്തൊക്കെയാടി പറഞ്ഞുകൂട്ടിയത്??.. ഒരു ചേട്ടത്തിയമ്മയുടെ വായിക്കാൻ നിന്നും വരുന്ന വാക്കുകളാണോ നീയവനെ പറഞ്ഞതൊക്കേം???.. ഏഹ്ഹ്??… കുഞ്ഞല്ലെടി ന്റെ അപ്പു… സ്വന്തം മോളെ പോലെ കാണേണ്ട അവളെ വരെ ദ്രോഹിച്ചതല്ലേ നീ… മതിയായി എനിക്ക്… ” ഇരുകായ്യാലെയും മുടിയിൽ കൊരുത്തുവലിച്ചുകൊണ്ടവൻ ആഞ്ഞു ശ്വാസമെടുത്തു… നിറഞ്ഞ കണ്ണുകളെ വാശിയോടെ തടഞ്ഞു നിർത്തി… മുഖം കുനിച്ചു നിന്നുകൊണ്ടവളും കരഞ്ഞു…

അവനോടെന്ത് മറുപടി പറയാനാണ്??… ചെയ്തതും പറഞ്ഞുകൂട്ടിയതുമായ പലതും അവൾക്കു മുൻപിൽ തെളിമയോടെ നിന്നു… ഇടയ്ക്കെന്തോ പറഞ്ഞുകൊണ്ട് വന്ന അവളുടെ അച്ഛനെ അഭിയൊരു നോട്ടം കൊണ്ട് അടക്കി നിർത്തി… അത്രമേൽ ക്ഷമ നഷ്ടമായിരുന്നു അവന്റെ… ” അനിയന്റെ വൃത്തികെട്ട സ്വഭാവം അറിഞ്ഞുവച്ചുകൊണ്ട് അല്ലേടി നീയെന്റെ അപ്പുവിനെ അവനുവേണ്ടി ആലോചിച്ചത്??… നിന്റെ ഉപദ്രവം പോരാഞ്ഞിട്ടാണോടി ആ ദുഷ്ടനെന്റെ കുഞ്ഞിന്റെ ദേഹത്ത് കൈയ് വച്ചത്??… പെറ്റിട്ടപ്പോ പോയതാടി ന്റെ അമ്മ… ആ അവളെ മോളെപോലെ ഞാനും അനന്ദൂം നോക്കിയെടുത്തെ… അവളെയാ അവൻ…. കിട്ടിയതൊന്നും പോര അവനു… ഞാൻ വരുമ്പോക്കും കടന്നു കളഞ്ഞതല്ലേ അവൻ… വരട്ടെ… എന്നേലും ഈ നാട്ടിൽ കാലുകുത്തുമല്ലോ… ന്റെ കയ്യ്കൊണ്ട് ആവുമവന്റെ അന്ത്യം… നോക്കിക്കോ നീയ്… ”

നിറഞ്ഞൊഴുകിയ അഭിയുടെ കണ്ണുനീർ നെഞ്ചിന്റെ വേദനയെ എടുത്തുകാട്ടി… അത്രമേൽ നോവിൽ അവൻ ഉള്ളാൽ ഉറക്കെ കേണു… വാക്കുകളിൽ നോവും ദേഷ്യവും ഇടകലർന്നു… അവനോടു ഒരു വാക്കുപോലും പറയാനാവാതെ മൂന്ന് പേരും തല കുനിച്ചു… ” അച്ഛന്റെ തീരുമാനത്തെ അനുസരിച്ചപ്പോ എനിക്ക് പറ്റിയൊരു തെറ്റ്‌… അതാണ്‌ നിന്റെ കഴുത്തിലെ താലി… എന്നേലും.. എന്നേലും നീയെന്നെ മനസിലാക്കിയിട്ടുണ്ടോ മധു??.. സ്നേഹിച്ചിട്ടുണ്ടോ??… ന്റെ വീട്ടുകാരെ സ്നേഹിച്ചിട്ടുണ്ടോ??… സ്നേഹത്തോടെ ഒരു വാക്ക്?? ഒരു വാക്ക് എങ്കിലും അവരോട് പറഞ്ഞിട്ടുണ്ടോ??… നിന്റെ വീട്ടുകാരുടെ വാക്കിനനുസരിച്ചു തുള്ളുമ്പോ അഭിയുടെ പൈസ മാത്രല്ലേ നീയും മോഹിച്ചിട്ടുള്ളൂ???… മതിയായി എനിക്ക്… ” അഭി പിന്നെയും തുടർന്നു…ഉള്ളിലുള്ളതൊക്കെയും പറഞ്ഞുകൊണ്ടിരുന്നു… ഇടക്കെപ്പോഴോ ദയനീയമായവൾ അവനെ ഉറ്റുനോക്കി…

അവളുടെ സ്നേഹം ചോദ്യം ചെയ്യപ്പെട്ടതിൽ നോവ് തോന്നി… അവന്റെ ആ ചോദ്യങ്ങൾക്ക് മുൻപിൽ മറുപടി പറയാൻ ആവാതെ അവൾ നിന്നു… എടുത്തടിച്ചുള്ള മറുപടികൾ കിട്ടാതെ അല്ല… അവൾക്കുള്ളിലെ പ്രണയം അതിനവളെ അനുവദിക്കാത്തതുകൊണ്ട് മാത്രം… സ്നേഹിച്ചിട്ടില്ലേ?? സ്വയം ചോദിച്ചു… ജീവനല്ലേ??… ആണെന്ന് തന്നെ ഉള്ളം പറഞ്ഞു… അവനെ… അവനെ മാത്രം… ഒരുപാട് സ്നേഹിച്ചിരുന്നു… പണ്ടുമുതലേ എപ്പോഴൊക്കെയോ…. അവനെ മാത്രേ കണ്ടുള്ളൂ… അവനെ മാത്രേ വേണ്ടിയിരുന്നുള്ളൂ… വീട്… വീട്ടുകാർ… എല്ലാമെല്ലാം ഭാരമായിരുന്നു… അവനെ മാത്രം മോഹിച്ചു… എപ്പോഴോ അവനയക്കുന്ന പൈസയെയും സ്വത്തിനെയും… ” ന്റെ കുഞ്ഞിനെ കൂടെ ഈ സ്വഭാവം പഠിപ്പിക്കാമെന്ന് അമ്മേം മോളും കരുതണ്ട… കൊണ്ടുപോവാ ഞാൻ… ന്റെ വീട്ടിലോട്ട്…” പറയുന്നതിനൊപ്പം സോഫയിൽ ഇരുന്നു കളിക്കുന്ന കുഞ്ഞിനെയവൻ വാരിയെടുത്തു നെഞ്ചോരം ചേർത്തു…

മധു ഒരു ഞെട്ടലോടെ അവനെ നോക്കി നിന്നു… അച്ഛന്റെ കൈയ്കളിൽ എത്തിയ മിത്തുമോള് കുറച്ചുനേരം അവനെ നോക്കി നിന്നു വിതുമ്പാൻ തുടങ്ങിയപ്പോഴേക്കും അവനവളുടെ കുഞ്ഞി നെറ്റിയിൽ നെറ്റി മുട്ടിച്ചിരുന്നു…കുഞ്ഞി മൂക്കിൽ ചുംബിച്ചു… ” നിങ്ങൾടെ കുഞ്ഞൊ??… അത് ന്റേം കൂടെ കുഞ്ഞാ അഭിയേട്ടാ… ന്റെ മോളെ ഞാൻ ആർക്കും വിട്ട് തരില്ല… ” കരച്ചിലിനിടയിലും വാശിയോടെ പറഞ്ഞുകൊണ്ട് അവൾ അഭിയുടെ കയ്യിലുള്ള മോളെ പിടിച്ചു വലിച്ചു… കുഞ്ഞു കരയുന്നതൊന്നും തന്നെ ബാധിക്കാത്ത രീതിയിലുള്ള അവളുടെ ബലപ്രയോഗം അവനിൽ അത്രമേൽ ദേഷ്യം ജനിപ്പിക്കുമ്പോൾ അവളെ തട്ടിമാറ്റികൊണ്ട് കുഞ്ഞിനെ നെഞ്ചോരം ചേർത്തു പൊതിഞ്ഞു… തെറിച്ചു വീണവളെ വെറുപ്പോടെ നോക്കി… ” തൊട്ട് പോവരുത് ഇനി നീ ഈ കുഞ്ഞിനെ… ന്റെ മോൾക്ക് വേണ്ടാ ഇങ്ങനെ ദുഷിച്ച മനസ്സുള്ള ഒരമ്മയെ… നിക്കും… ”

അവളുടെ മുഖത്തുനോക്കി പറഞ്ഞു നിർത്തി… കുഞ്ഞിനെ ചേർത്തുപിടിച്ചുകൊണ്ട് തിരിഞ്ഞു നടന്നു… പിന്നിലൂടെ എഴുനേറ്റുവന്നവൾ ചുറ്റിപ്പിടിച്ചു കരയുമ്പോൾ പിന്നെയും കൈയ്കളാൽ തട്ടിമാറ്റി… ചൂണ്ട് വിരൽ അവളിലേക്ക് ചൂണ്ടിക്കൊണ്ട് രൂക്ഷമായി നോക്കി… ” അഭി ഇനി നാട്ടിൽ തന്നെ കാണും… ന്റെ മോളും… ന്റെ വീട്ടിൽ… അല്ല… ന്റെയും അനന്ദുവിന്റെയും അപ്പുവിന്റെയും സ്വന്തമായ ആ വീട്ടിൽ… ആ പറമ്പിലേക്ക് പോലും നിന്റെ കാലെടുത്തു വച്ചാൽ കൊന്ന് കളയും ഞാൻ… പറഞ്ഞില്ലെന്നു വേണ്ടാ… ” അവനൊന്നു പറഞ്ഞു നിർത്തി… പൊട്ടികരയുന്ന പെണ്ണിനെ നോക്കി പുച്ഛിച്ചു… മോളെ ഒന്ന് തഴുകി… ” കുഞ്ഞിനെ കിട്ടാൻ കേസ് കൊടുക്ക് നീ… അന്ന് ഞാൻ കെട്ടിയ താലിയും ഉപേക്ഷിക്കാൻ തയ്യാറായിരുന്നോ… അല്ലാതെ കരച്ചിലും അഭിനയവും ആയി ഇനിയും അഭിയുടെ അടുത്ത് വന്നേക്കരുത്… ” അവളെ നോക്കി പറഞ്ഞുകൊണ്ടവൻ നടന്നു… മധു പിന്നെയും കുഞ്ഞിന്റെ പേരും പറഞ്ഞുകൊണ്ട് കരഞ്ഞു അവന്റെ പുറകെ ഇറങ്ങി..

മുറുക്കെ ചുറ്റിപ്പിടിച്ചുകൊണ്ട് എന്തെല്ലാമോ പുലമ്പി… ദേഷ്യം സഹിക്കാൻ വയ്യാതായപ്പോ ഒരിക്കൽ കൂടി കൈയ് നീട്ടി അവളുടെ കവിളിൽ തന്നെ ഒന്ന് കൊടുത്തു… പിടിവലിക്കും ബഹളങ്ങൾക്കുമിടയിൽ മിത്തുമോൾ കരയുമ്പോൾ അവൻ കുഞ്ഞിനേയും ദയനീയമായി നോക്കുന്നവളെയും മാറിമാറി നോക്കി… ” എന്ന് നിന്റെ ദുഷിച്ച സ്വഭാവവും ഈ വീട്ടുകാരെയും ഉപേക്ഷിച്ചു നീ വരുന്നോ അന്നേ ഇനി അഭിയും നീയും തമ്മിൽ എന്തേലും ബന്ധം ഉണ്ടാവുള്ളൂ… അതും അഭിനയമല്ലന്ന് എനിക്ക് ബോധ്യമായാൽ മാത്രം… ” അത്രയും കൂടെ പറഞ്ഞുകൊണ്ടവൻ കുഞ്ഞിനേയും എടുത്തു നടന്നകന്നു… ചങ്കുപൊട്ടി കരയുമ്പോഴും കൂടുതൽ വാശി കാണിച്ചുകൊണ്ട് അഭിയുടെ ദേഷ്യം കൂട്ടാൻ മുതിരാതെ അവളും ശ്രമിച്ചു…. ആദ്യമായി ജീവിതത്തിൽ ഒന്നും നേടിയില്ലെന്ന് തോന്നി… സ്നേഹിക്കപ്പെടാൻ ഒരു മനസ്സ് പോലും… കുഞ്ഞിന്റെ കരച്ചിൽ ദൂരേക്ക് അകന്ന് നേർത്തു വരുമ്പോൾ മാറിടങ്ങൾ വിങ്ങി… അതിലേറെ ഹൃദയവും… *****************

” ദേവാ… അഭിയേട്ടനോട് ഏട്ടത്തിയെയും കൊണ്ട് വരാൻ ഒരിക്കൽക്കൂടി പറഞ്ഞു നോക്കിയാലോ??… എന്തോ.. മോൾക്ക് മൂന്ന് വയസ്സല്ലേ ആവുന്നുള്ളൂ… അമ്മയെ കാണാതെ എങ്ങനെയാ… ” അനന്ദു അവനുള്ളിലെ ആവലാതികൾ പെണ്ണിനോടായി പറയുകയാണ്… എഴുതുന്നതിനിടയിൽ ധ്വനി അവനെ തിരിഞ്ഞു നോക്കി… അഭിയുടെ വാശിയ്ക്ക് മുൻപിൽ മറ്റുള്ളവരുടെ വാക്കുകൾക്ക് സ്ഥാനം ഇല്ലെന്നറിയുമെങ്കിലും കുഞ്ഞിന്റെ കരച്ചിൽ പലപ്പോഴും ഉയരുമ്പോൾ വേദനയോടെ അനന്ദു അവനെ തിരുത്താൻ ശ്രമിച്ചിരുന്നു… ഒരിക്കൽ കൂടി വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നു മധുവിന് ഒരു അവസരം കൂടി കൊടുക്കാൻ പറയുമ്പോൾ അഭി പൂർണമായും അതിനെ എതിർത്തു തന്നെ നിന്നു… തിരിച്ചു ഗൾഫിലേക്കൊരു മടങ്ങിപോക്ക് വേണ്ടെന്ന് തീരുമാനിക്കുന്നതിനൊപ്പം കവലയിലെ പലചരക്കുകട വിപുലീകരിച്ചു പച്ചക്കറിയും പഴവർഗങ്ങളും ഉൾപ്പെടുത്തി അനന്ദുവിനും അഭിയുക്കും കൂടി നടത്താമെന്ന തീരുമാനവും ആയി… ” വേണ്ട അനന്ദൂ… ഒത്തിരി പറഞ്ഞില്ലേ…

ഇനി അഭിയേട്ടന്റെ ഇഷ്ടത്തിന് വിടാം… അല്ലേലും ഏട്ടൻ അധികം ദിവസം ബലം പിടിച്ചു നിൽക്കില്ലടോ… തനിക്കറിഞ്ഞൂടെ ഏട്ടനെ… ഏട്ടത്തിയെ ഒന്ന് മാറ്റിയെടുക്കാനുള്ള അടവ് അല്ലേ ഇത്… മോളെ കാണാതാവുമ്പോ ഏട്ടത്തി എന്തായാലും ഏട്ടനടുത്തു വരും… ഉറപ്പാ… ” അനന്ദുവിനെ നോക്കി കണ്ണുചിമ്മി അവൾ പറയുമ്പോൾ അത് ശരിയാണെന്ന് അവനും തോന്നി… എന്നിരുന്നാലും ആ കുഞ്ഞിന് അമ്മയുടെ സാമീപ്യം നിഷേധിക്കുന്നതിൽ അവനു വിഷമം തോന്നി… എത്രയായാലും അമ്മയും കുഞ്ഞും അല്ലേ അവര്… അവർക്കിരുവർക്കും ഒരുപോലെ നോവില്ലേ… അമ്മയെ നഷ്ടമായ ഒരുവന് ആ വേദന അനുഭവമാണ്… ഒരുനിമിഷം പഴയ ഓർമകളിലേക്കവൻ കടന്നു… എപ്പോഴോ ഏട്ടത്തിയുടെ നോവും തിരിച്ചറിഞ്ഞു… ചിന്തകൾ കെട്ടുപിണഞ്ഞു… കണ്ണുകൾ പിന്നെയും പെണ്ണിലേക്ക് തന്നെ വന്നെത്തി… അവളെ നോക്കും തോറും ഉള്ളിൽ എപ്പോഴത്തെയും പോലെ പ്രണയം മാത്രം നിറഞ്ഞു…

” ഇതിപ്പോ പിള്ളേർക്കാണോ ടീച്ചർക്കാണോ എക്സാം??.. ” മേശയ്ക്കരികെ ഇരുന്നു ദൃതിയിൽ പിന്നെയും എന്തൊക്കെയോ വായിക്കുകയും എഴുതുകയും ചെയ്യുന്ന ധ്വനിയോടായി അനന്ദു ചോദിക്കുമ്പോൾ അവൾ അവനെ തിരിഞ്ഞുനോക്കി… കട്ടിലിൽ ഇരുന്നുകൊണ്ട് തുടയിൽ ഇരു കയ്യ്മുട്ടുകളും കുത്തിപിടിച്ചു കൈയ്കളിൽ മുഖം താങ്ങിയിരുന്നാണ് ചോദ്യം… അവന്റെ മുഖത്തെ ഭാവം പെണ്ണിൽ ചിരി വിരിയിക്കുമ്പോൾ അവളവനെ തന്നെ നോക്കിയിരുന്നു പുഞ്ചിരിച്ചു… ” ഇപ്പൊ കഴിയുമെന്നെ… അനന്ദു ഉറക്കം വരുന്നുണ്ടേൽ കിടന്നോ.. ” അതെ പുഞ്ചിരിയോടെ പറഞ്ഞുകൊണ്ടവൾ പുസ്തകങ്ങളിലേക്ക് മടങ്ങുമ്പോൾ അനന്ദുവിന്റെ കണ്ണുകളിൽ കുസൃതിയായിരുന്നു… അവനവിടെ നിന്നും എഴുന്നേറ്റുകൊണ്ട് പെണ്ണിനരികെ വന്ന് മേശയുടെ അരികെ കേറിയിരുന്നു…

പെണ്ണിന്റെ ചുണ്ടിലെ പുഞ്ചിരി മായാതെ നിൽക്കുമ്പോൾ അതിൽ പ്രണയം കൂടെ കലർന്നു… താടി തുമ്പ് ചിരിതൂകി… അനന്ദു കണ്ണുകൾ കുറുക്കികൊണ്ടവളുടെ ഇടതുകരത്തിൽ കൈയ് കോർത്തു മുറുക്കി… തുറന്നിട്ടിരിക്കുന്ന ജനലിലൂടെ അകത്തേക്ക് കടക്കുന്ന കാറ്റിൽ പെണ്ണിന്റെ മുടിയിഴകൾ പാറി നടന്നു… അവനിലെ നോട്ടം തന്നില്ലേക്കാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയവൾ എഴുതുന്നത് തുടർന്നു… ചുണ്ടിലെ കുസൃതി ഒളിപ്പിച്ചു പിടിച്ചു… അവനവളുടെ പാറി നടക്കുന്ന മുടിയിഴകളെ ചെവിക്കു പിന്നിലേക്ക് ഒതുക്കി കൊടുത്തു… അവളിലെ ഓരോ ഭാവത്തെയും നോക്കിയിരുന്നു… പെണ്ണിന്റെ കൈവിരൽതുമ്പു ചുണ്ടോടു ചേർത്തു… കവിളിനകളിൽ ചുവപ്പ് പടരുന്നത് നോക്കികണ്ടു… അവനുള്ളിലും ചുവപ്പ് പടർന്നു… പ്രണയത്തിന്റെ… പതിയെ കുനിഞ്ഞുകൊണ്ട് പെണ്ണിന്റെ ചെവിയ്ക്ക് പിന്നിൽ ഒളിപ്പിച്ച മുടിയിഴകളെ ഊതി… അവ പിന്നെയും കവിളുകളെ ചുംബിച്ചു തുടങ്ങി… അവനിലൊരു കുഞ്ഞു അസൂയ…പതിയെ കവിളിലൂടെ വിരലോടിച്ചുകൊണ്ടിരിക്കെ അവളൊന്ന് മുഖം ചെരിച്ചു.. പുഞ്ചിരിച്ചു…

എഴുതി തീർത്ത് പെണ്ണ് എഴുനേൽക്കുമ്പോൾ ഇരു കാലുകളാളെയും അനന്ദു അവളെ ചുറ്റി അടുത്തേക്ക് വലിച്ചു… മുഖത്ത് പടരുന്ന നാണത്തെ മറച്ചുകൊണ്ടവൾ അവനെ കൂർപ്പിച്ചു നോക്കി പുരികം പൊക്കുമ്പോൾ അവൾക്കു മാത്രം സ്വന്തമായ കുസൃതി ചിരിയായിരുന്നു അവനിൽ… ” ഞാനല്ല ദേവാ… ഇവരല്ലേ.. ” അതെ കുസൃതിയോടെ കാലുകളിലേക്ക് നോക്കി അവൻ പറയുമ്പോൾ പെണ്ണിന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു… ” ഒത്തിരി സന്തോഷോം സങ്കടോം ഒരേപോലെ ഉണ്ടല്ലോ ഇന്ന്??.. ” പെണ്ണവനിലേക്ക് ചേർന്നു നിന്നുകൊണ്ട് ചോദിക്കുമ്പോൾ അവളെ ചുറ്റിപ്പിടിച്ച കാലുകൾ മുറുക്കികൊണ്ടവൻ കണ്ണുചിമ്മി…കയ്കളവളുടെ കഴുത്തിനെ ചുറ്റി… ” മോളെ എടുത്തു നടന്നു കൊതിതീർന്നോ??.. ” അവന്റെ കവിളിൽ കൈയ് ചേർത്തുകൊണ്ട് പെണ്ണ് ചോദിക്കുമ്പോൾ ആ കണ്ണുകളിലെ സന്തോഷത്തിന്റെ നീർത്തിളക്കം അവളിലേക്കും പടർന്നു…കുഞ്ഞിനെ കയ്യിലെടുത്തു നെഞ്ചോരം ചേർത്തുപിടിച്ചുകൊണ്ട് ഉലഞ്ഞു നടക്കുകയും അവളുടെ ചിരിയൊളികളെ അതിലും സന്തോഷത്തോടെ നെഞ്ചിലേറ്റുകയും ചെയ്യ്തിരുന്ന അനന്ദുവിന്റെ രൂപം ഉള്ളിൽ നിറഞ്ഞു…

” കൊതി തീരില്ല ദേവാ… ഒത്തിരി ആശിച്ചതല്ലേ… എത്ര എടുത്തു നടന്നാലും പോരാതെ വരും… എപ്പോഴും നെഞ്ചോരം ചേർക്കാൻ തോന്നും… ” അത്രമേൽ പതിയെ ആയിരുന്നെങ്കിലും സന്തോഷവും സങ്കടവും നിറഞ്ഞതായിരുന്നു അവന്റെ സ്വരം… ” നന്ദാ… ” പതിയെ വിളിച്ചു… പ്രണയത്തോടെ… അവളവനെ നോക്കികൊണ്ട് തന്നെ അവനിലേക്ക് ചാഞ്ഞു… നെറ്റിയിൽ പതിയെ ചുണ്ട് ചേർത്തു… ഇരുകായ്യാലെയും അവന്റെ മുഖം തെല്ലുയർത്തിക്കൊണ്ട് കണ്ണുകളിലെ നീർത്തിളക്കം ഒപ്പിയെടുത്തു… ചെറുതായി വിടർത്തിയ അധരങ്ങൾ അവന്റെ അധരങ്ങളിൽ ചേർത്തു വച്ചു… *****************രാവിലെ കോളേജിലേക്ക് പോകാൻ ദൃതിയിൽ കുളിക്കുകയായിരുന്നു ഹരി… കയറിയപ്പോൾ തൊട്ട് തുടങ്ങിയതാണ് അപ്പു വാതിലിൽ കൊട്ടുന്നത്… എണീട്ടപ്പോ തൊട്ട് പെണ്ണിനെ കണ്ടിട്ടില്ല…ലേറ്റ് ആയതുകൊണ്ട് തന്നെ നേരെ ഫ്രഷ് ആവാൻ കയറുകയായിരുന്നു… മേത്തു വെള്ളം വീണപ്പോ തൊട്ട് വാതിലിൽ തുടരെ തുടരെ ഇടി ആണ് അവൾ… ആദ്യമൊക്കെ മര്യാദക്ക് പറഞ്ഞു നോക്കി കുളിക്കുകയാണെന്ന്… പെണ്ണിന് പിന്നെയും വാശി…

അതവന്റെ ദേഷ്യത്തെ കൂട്ടുമ്പോൾ തോർത്താൻ പോലും നിൽക്കാതെ കൈയിൽ കിട്ടിയ ടർക്കി വാരി ചുറ്റി വാതിൽ തുറന്നു… വായേൽ വന്ന നാല് ചീത്ത വിളിക്കാനായാണ് തുറന്നതെങ്കിലും അപ്പോഴേക്കും കാറ്റുപോലെന്തോ അവന്റെ ദേഹത്തേക്ക് ഇടിച്ചു നിന്നിരുന്നു… തെല്ലൊന്ന് പുറകിലേക്ക് ആഞ്ഞുപോയ അവൻ വീഴാതെ ബാലൻസ് ചെയ്തു നിൽക്കുമ്പോൾ ചുറ്റിപ്പിടിച്ച പെണ്ണിന്റെ കൈയ്കൾ അവനെ പിന്നെയും വരിഞ്ഞു മുറുക്കുകയായിരുന്നു… എന്താണ് നടക്കുന്നതെന്ന് മനസിലാകാതെ സ്തംഭിച്ചു നിൽക്കുമ്പോൾ തണുത്ത നെഞ്ചിൽ പെണ്ണിന്റെ കണ്ണുനീരിന്റെ ചൂടും ഏന്തലും പതിഞ്ഞു…അവനൊന്നു ഞെട്ടികൊണ്ടവളെ അടർത്തി മാറ്റാൻ ശ്രമിക്കുമ്പോൾ കൈയ്കളുടെ മുറുക്കം കൂടിക്കൊണ്ടിരുന്നു… ” ന്തേടാ??… കുഞ്ഞാ… ടാ… ന്തിനാ കരയണേ??.. ” ആധിയോടെ ഹരിയുടെ സ്വരം… മുടിയിഴകളിൽ നിന്നും ഇറ്റുവീഴുന്ന വെള്ളം ഇരുവരെയും ഒരുപോലെ പുണർന്നു… പെണ്ണിന്റെ കൈയ്കളുടെ മുറുക്കവും ഏന്തലും കൂടി… ” ഹ.. ഹരിയേട്ടാ… ” ഏന്തിക്കൊണ്ട് വിളിച്ചു…

” പറയെടാ… അപ്പൂസേ… ന്തേടാ ന്റെ കുഞ്ഞന്??.. ഏട്ടനോട് പറ… ന്തിനാ ഇങ്ങനെ കരയണേ??.. ആരേലും വഴക്ക് പറഞ്ഞോ??… പറയെടാ… ” അവനിൽ പിന്നെയും ആധി… പെണ്ണിന്റെ നെറുകിൽ ചുംബിച്ചുകൊണ്ട് അവളുടെ മുടിയികളെ തഴുകി… പുറത്ത് തട്ടി സമാധാനിപ്പിച്ചു… ” പറയ് കുഞ്ഞാ… ന്താ സങ്കടാണോ??.. ” കുഞ്ഞുമുഖം നെഞ്ചിൽ നിന്നും തെല്ലു അടർത്താൻ ശ്രമിക്കവേ ചോദിച്ചു… പെണ്ണ് ഇരുവശത്തേക്കും തലയനക്കി… കണ്ണിൽ നിന്നും ഒരു തുള്ളി അവന്റെ കൈയിൽ പതിഞ്ഞു… ” സൻ… സന്തോഷം കൊണ്ടാ… ” ഏന്തിക്കൊണ്ട് പിന്നെയും പെണ്ണിന്റെ വാക്കുകൾ… അവനൊരു നിമിഷം നിശ്ചലനായി…അവളുടെ കണ്ണുകളിലേക്ക് നോക്കി… അവളും അവനെ നോക്കികൊണ്ട് പെരുവിരൽ കുത്തി ഉയർന്നു… നിറയെ വെള്ളത്തുള്ളികൾ ഉറ്റു നിൽക്കും ചുണ്ടിൽ പതിയെ ചുംബിച്ചു… ഏന്തലുകൾ തുടർന്നു… ” അത്… ഹരിയേട്ടൻ.. നമ്മൾക്ക്… കുഞ്ഞാവ വരാൻ… പോവാ… ” കണ്ണീരിനിടയിലും നാണത്തിന്റെ സ്വരം… ആദ്യത്തെ ഞെട്ടലിലിൽ നിന്നും മുക്തനാകുമ്പോൾ പെണ്ണിനെ തഴുകിയ കൈയ്കൾ ആവേശമേറി…

അവളെ ഇടുപ്പിലൂടെ ചുറ്റിവരിഞ്ഞുകൊണ്ട് പൊക്കിയുയർത്തി… അവന്റെ കണ്ണുകളും നിറഞ്ഞു… അത്രമേൽ സന്തോഷത്തിന്റെ… എടുത്തുയർത്തിയ പെണ്ണിന്റെ നെറുകിലും നെറ്റിയിലും കണ്ണുകളും തുടങ്ങി ഇടതടവില്ലാതെ ചുംബിച്ചുകൊണ്ടിരുന്നു… തന്റെ കുഞ്ഞിന്റെ അമ്മയ്ക്കുള്ള ചുംബനങ്ങൾ… അവളും കരഞ്ഞുകൊണ്ടവയെല്ലാം അത്രമേൽ കൊതിയോടെ സ്വീകരിച്ചു… സന്തോഷത്തിന്റെ മൂർച്ചയിൽ പെണ്ണിന്റെ കണ്ണുകൾ നിർത്താതെ പെയ്തുകൊണ്ടിരുന്നു… ” ഇതെന്റെ കുഞ്ഞിന്റെ അമ്മയ്ക്ക്… ന്റെ മാത്രം അപ്പൂട്ടന്…” വിറകൊള്ളുന്ന അധരത്തെ ബന്ധിക്കും മുൻപേ അവന്റെ അധരങ്ങൾ മൊഴിഞ്ഞു… ഇരു മിഴിനീരും സന്തോഷത്തോടെ ചുംബനത്തിലേക്ക് അലിഞ്ഞു ചേർന്നു… പെണ്ണിന്റെ ദാവണി വിടവിലൂടവന്റെ കൈയ്കൾ ഉദരത്തെ തൊട്ടു… പതിയെ തഴുകി… കണ്ണുകൾ നിറയുമ്പോഴും അവന്റെ ചുണ്ടുകൾ മനോഹരമായി പുഞ്ചിരിച്ചു… അച്ഛന്റെ ആദ്യ സ്പർശം അറിഞ്ഞുകൊണ്ടൊരു കുഞ്ഞു ജീവൻ അവൾക്കുള്ളിൽ തുടിച്ചു……………………………….  (തുടരും)………….

തോളോട് തോൾ ചേർന്ന്: ഭാഗം 27

മുഴുവൻ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story