തോളോട് തോൾ ചേർന്ന്: ഭാഗം 4

തോളോട് തോൾ ചേർന്ന്: ഭാഗം 4

എഴുത്തുകാരി: ജിച്ചന്റെ കാവു

അമ്പലത്തിൽ നിന്നും തിരിച്ചെത്തിയിട്ടും ധ്വനിയുടെ മനസ്സ് മറ്റെങ്ങോ ആയിരുന്നു… ഹരിനന്ദനുമായി അമ്പലത്തിനുള്ളിലേക്ക് നടക്കുമ്പോഴും തിരിച്ചിറങ്ങുമ്പോഴും അനന്ദുവിന്റെ കാര്യം മാത്രമായിരുന്നു അയാൾക്ക് പറയാൻ ഉണ്ടായിരുന്നത്… രണ്ടു വയസ്സിനു തമ്മിൽ വ്യത്യാസം ഉണ്ടെങ്കിലും അവരിരുവരും പരസ്പരം എല്ലാം തുറന്നു പറയുന്ന സുഹൃത്തുക്കളായിരുന്നു… അവന്റെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്ന അനന്ദു അവൾക്കുള്ളിൽ എങ്ങോ എവിടെയോ പതിഞ്ഞുപോവുന്നത് തെല്ലൊരു അത്ഭുതത്തോടെ തന്നെ അവളും തിരിച്ചറിഞ്ഞു… ആ തിരിച്ചറിവിന്റെ പ്രതിഫലനമായൊരു ചെറു പുഞ്ചിരി അവളിൽ നിറഞ്ഞു നിന്നിരുന്നു…

തിരിച്ചു വരും വഴി നന്ദനോട് സംസാരിച്ചുകൊണ്ട് അവനൊപ്പം തന്നെ വലിച്ചെത്തിച്ചു നടക്കുന്നവൻ പെണ്ണിന്റെ കണ്ണുകളെ മാത്രമല്ല മനസ്സിനെയും അവനിൽ തന്നെ പിടിച്ചു നിർത്തിയിരുന്നു… നെഞ്ചിൽ ചേർത്തു പിടിച്ചിരിക്കുന്ന കുഞ്ഞിനെ മറ്റാർക്കും കയ്യ്മാറാതെ അവളെയും കൊണ്ട് ആടിയുലയുന്ന ശരീരവുമായി നീട്ടി കാലുകൾ വച്ചു നടക്കുന്നവന്റെ ചുണ്ടിലെ മായാത്ത പുഞ്ചിരി ആ ഹൃദയത്തിന്റെ നേർമയായിരുന്നു… ” ന്നിട്ട് കാലിനു വയ്യാത്ത ആ മോനാണോ കുഞ്ഞിനെ എടുത്ത് ഇത്രേടം വരെ നടന്നത്??.. ” അത്ഭുതതാൽ വിടർന്ന കണ്ണുകളോടെ ഭാനുമതി ദേവൂട്ടിയോട് ചോദിക്കുമ്പോൾ അവൾ അമ്മയുടെ കൈയ്കളിൽ പിടി മുറുക്കി… ” ആന്നെ… ഞാൻ പറഞ്ഞില്ലേ അമ്മേ…

അനന്ദുവേട്ടൻ ആർക്കും എടുക്കാൻ കൊടുത്തില്ല.. ആ വാവേനെ മേത്തു ചേർത്തു പിടിച്ചിട്ട് ആൾ നടന്നെ… അപ്പൊ ഇണ്ടല്ലോ… അപ്പൊ ഇങ്ങനെ ആടിയുലയുമ്പോ വാവ എന്തു ചിരിയായിരുന്നെന്നോ… ” കണ്ണുകൾ വിടർത്തിയും പുഞ്ചിരിച്ചും ദേവൂട്ടി ഓരോ കാര്യങ്ങൾ അമ്മയ്ക്ക് പറഞ്ഞുകൊടുക്കുമ്പോൾ അവരും വല്ലാത്തൊരു ആവേശത്തോടെ കേട്ടിരുന്നു… ഇടക്കെപ്പോഴോ അവന്റെ കാലുകളെ കുറിച്ചുള്ള വിവരണം വന്നതും അവരുടെ മുഖവും മങ്ങി.. കണ്ണുകളിൽ ദയനീയത നിറഞ്ഞു… ” കുഞ്ഞാവേടെ അമ്മ ഭയങ്കര സാധനാത്രേ… അനന്ദുവേട്ടൻ വാവേ തൊടാൻ പോലും ആ ചേച്ചി സമ്മതിക്കില്ലന്ന്… അതോണ്ടാ… അമ്പലത്തിലേക്ക് കള്ളം പറഞ്ഞു വാവേ അപ്പു എടുത്തോണ്ട് വരുന്നത്…

അനന്ദുവേട്ടന് എടുക്കാൻ… അതാ ആർക്കും കൊടുക്കാത്തെ ഏട്ടൻ… ” പെണ്ണിന്റെ മുഖത്തും സങ്കടം നിറഞ്ഞു… അമ്മയും എന്തൊക്കെയോ ആലോചനകളിൽ മുഴുകി…. പിന്നെയും സംസാരങ്ങൾ തുടർന്നു… ഹരിനന്ദനും അനന്ദുവും ശ്രീമോളും അപ്പുവുമെല്ലാം അവരുടെ സംസാരത്തിൽ നിറഞ്ഞു… ഒപ്പം രാവിലെയുള്ള സുഖമുള്ള കാൽനടയാത്രയും… ” പാവം കുഞ്ഞ്… അതിന്റെ കാലിനെന്താവോ പറ്റിയത്??.. ” എപ്പോഴോ അമ്മയും സംസാരത്തിനിടയിൽ അനന്ദുവിന്റെ കാലിലേക്ക് തന്നെ പിന്നെയും വന്നെത്തി… ദേവൂട്ടിയുടെ മുഖവും മങ്ങി… ” നിക്ക് അറിയില്ല… ഞാൻ ചോദിച്ചേമില്ല… വെറുതെ അവരെ വെഷമിപ്പിക്കണ്ടല്ലോ… പാവം അനന്ദുവേട്ടൻ…

എന്തു ഐശ്വര്യമാണെന്നോ അമ്മേ മുഖത്ത്… കണ്ടാ അറിയാം.. പാവാന്ന്… ” പെണ്ണ് പിന്നെയും അനന്ദുവിനെ പറ്റിയുള്ള വിവരണങ്ങൾ അമ്മയ്ക്ക് നൽക്കുമ്പോൾ അടുക്കളയിൽ നേരിയ രീതിയിൽ ഇവരുടെ സംസാരം കേട്ട് പണിചെയ്തുകൊണ്ടിരുന്ന ധ്വനിയും ചിന്തകളിൽ മുഴുകി.. “ശരിയാണ്… പാവമാണ്… കണ്ടാൽ തന്നെ അറിയാം… കുഞ്ഞുങ്ങളെക്കാൾ നിഷ്കളങ്കമായ പുഞ്ചിരി… മുഖത്താകമാനം നല്ല ഐശ്വര്യം.. ഒരൊറ്റനോട്ടത്തിൽ ആരുടേയും ഉള്ളിൽ പതിഞ്ഞുപോവും… എന്നാൽ എന്തൊക്കെയോ ഒളിപ്പിക്കുന്നില്ലേ ആ കണ്ണുകൾ??…. ചുണ്ടിലെ മായാത്ത പുഞ്ചിരി ഉള്ളിനെ മറച്ചുപിടിക്കും മൂടുപടമല്ലേ??… എന്തോ… അവനൊരു സമസ്യയാണെന്ന് തോന്നിപ്പോവുന്നു…

ആരാലെയും മനസിലാക്കുവാൻ പോലും കഴിയാത്ത സമസ്യ… കുഞ്ഞിനെ ചേർത്തു പിടിച്ച ആ കൈയ്കൾ പോലും എന്തോ പറയുന്നുണ്ട്… മറ്റാരെങ്കിലും തന്നിൽ നിന്നവളെ അടർത്തിമാറ്റും എന്നുള്ള ഉള്ളിലെ ഭയമാണോ??… അതോ കയ്യ്ക്കുള്ളിലെ മുത്തിനെ പൊതിഞ്ഞുപിടിക്കാൻ കാണിക്കും വ്യഗ്രതയോ???.. നീട്ടം കുറഞ്ഞ ഇടതുകാലിനും വലിച്ചു ചെരിച്ചു കുത്തുന്ന വലതുകാലിനും എന്തൊക്കെയോ പറയാനില്ലേ??.. ഉണ്ട്… അവയെല്ലാം എന്തൊക്കെയോ സംവദിക്കുന്നുണ്ട്… ആരും തിരിച്ചറിയാതെ… ആർക്കുമാർക്കും പിടികൊടുക്കാതെ… എന്തോ… തന്റെ മുറിയിൽ കിടക്കയിൽ മലർന്നു കിടന്നുകൊണ്ട് നന്ദൻ രാവിലെ കണ്ട ധ്വനിയുടെ രൂപം പിന്നെയും ഓർത്തെടുക്കുകയായിരുന്നു…

ആ ഓർമ പോലും അവന്റെ പൂച്ചകണ്ണുകളെ കൂടുതൽ തിളക്കമുള്ളതാക്കുമ്പോൾ ചുണ്ടിൽ അവൾക്കായി മാത്രം വിരിയുന്നൊരു പുഞ്ചിരിയും ഉണ്ടായിരുന്നു… എന്തുകൊണ്ടെന്ന് അവനും തിരിച്ചറിയാനാവുന്നില്ലായിരുന്നു.. എന്തോ… അവൾക്കെന്തോ പ്രേത്യേകത പോലെ… കാണുമ്പോൾ പലപ്പോഴും സ്വയം മറന്നുകൊണ്ടവളെ നോക്കി നിന്നുപോവുകയാണ്.. സംസാരിക്കുമ്പോൾ പോലും അവളുടെ നക്ഷത്രകണ്ണുകളിൽ പുഞ്ചിരി നിറഞ്ഞു നിൽക്കും… എന്തിനും ഏതിനും പുഞ്ചിരിയാലാണ് കൂടുതലും മറുപടി പറയുന്നത്… അമ്മാവന്റെ കയ്യിൽനിന്നും അമ്മയെയും അനിയത്തിയെയും രക്ഷിച്ചുകൊണ്ട് ഇറങ്ങിപോരാൻ അവൾ കാണിച്ചാൽ ധൈര്യം…

അതൊന്നു മതി അവളിലെ പുഞ്ചിരിക്കു പിന്നിൽ മറഞ്ഞിരിക്കും ആയിരമായിരം തലങ്ങൾ തിരിച്ചറിയാൻ… ആ മുഖത്ത്.. അവളുടെ ആ കണ്ണുകളിൽ വിരിയുന്ന ഭാവങ്ങൾ എല്ലാം പുതുമയുള്ളവ പോലെ… ഇതുവരെ ആരിലും കാണാത്ത എന്തൊക്കെയോ ഭാവങ്ങൾ പോലെ… രണ്ടാഴ്ച നീളുന്ന അവധിദിനങ്ങൾ കൂടി കഴിഞ്ഞാൽ അവൾ തന്റെയൊപ്പം… കോളേജിൽ… ഒരേ ഡിപ്പാർട്ടുമെന്റിൽ… ഒരേ വിഷയത്തിൽ പഠിപ്പിക്കാൻ… അവനൊന്നു കണ്ണുകളടച്ചുകൊണ്ട് വരാനിരിക്കുന്ന സുന്ദരനിമിഷങ്ങൾ ഭാവനയിൽ വരച്ചു നോക്കി… അവയ്ക്കെല്ലാം പ്രണയത്തിന്റെ ചുവപ്പുനിറമായിരുന്നു… അവയിലെല്ലാം കയ്യോട് കൈയ് ചേർത്തുപിടിച്ചുകൊണ്ട് നക്ഷത്രകണ്ണുള്ള മാലാഖയും ഉണ്ടായിരുന്നു… അവളുടെ കണ്ണുകളിൽ പ്രണയം തെളിഞ്ഞു നിന്നിരുന്നു…

ചുണ്ടിൽ നാണത്താലുള്ള പുഞ്ചിരിയും… ” നിന്റെ ചേട്ടന്റെ തോന്നിവാസത്തിനു തുള്ളിക്കാൻ ഉള്ളതല്ല ന്റെ കുഞ്ഞ്… എത്ര വട്ടം പറയണം അപ്പൂ??.. ഇതിനാണോ???.. ഇതിനാണോ ന്റെ വീട്ടിൽ വന്നു കൊച്ചിനേം കൊണ്ട് രാവിലെ നീ പോയത്??.. നിന്നോടാ അപ്പൂ ചോദിക്കുന്നേ.. ” കൈയിലെ കുഞ്ഞിനെ നെഞ്ചോരം ചേർത്ത് പൊതിഞ്ഞു മുറുക്കെപിടിച്ചുകൊണ്ട് മധുമിത അപ്പുവിനോടായി കയർത്തു… ദയനീയമായ മുഖത്തോടെ അപ്പു ഭക്ഷണം കഴിക്കാൻ വന്നിരിക്കുന്നവനെയൊന്ന് നോക്കി.. അവന്റെ താഴ്ന്നിരിക്കുന്ന മുഖം കണ്ട് അവളുടെ ഉള്ളൊന്നു പിടഞ്ഞു… ” ന്താ ഏടത്തി അതിലിപ്പോ പ്രശ്നം??.. മിത്തൂനെ കൊണ്ടുപോയതുപോലെ തന്നെ ഇങ്ങു കൊണ്ടുവന്നില്ലേ ഞങ്ങൾ??..

പിന്നെന്താ ഏടത്തി??.. ” മധുവിനെ സമാധാനിപ്പിക്കും വിധം സൗമ്യമായി പറയാൻ ശ്രമിച്ചുകൊണ്ട് പിടയുന്ന ഉള്ളിന്റെ സങ്കടം മറയ്ച്ചുവച്ചു അപ്പു പറഞ്ഞു… മുന്നിലെ ഭക്ഷണത്തിൽ വെറുതെ നോക്കിക്കൊണ്ട് അനന്ദു ഏട്ടത്തിയുടെ വാക്കുകൾ ഏൽപ്പിച്ച വേദനയെ ഉള്ളിൽ തളച്ചിടാൻ ശ്രമിക്കവേ മിത്തുമോളുടെ ചിണുങ്ങി കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു… ” കൊണ്ടുപോയപോലെ കൊണ്ടെന്നെന്നോ??… ന്റെന്നു നീയാ ഇവളെ വാങ്ങിക്കൊണ്ട് പോയത്… ന്നിട്ട് നീയാണോ കുഞ്ഞിനെ എടുത്തേ?? ഏഹ്ഹ്??.. ആണോന്ന്??.. നേരെ ചൊവ്വേ നടക്കാൻ വയ്യാത്ത നിന്റെ ഏട്ടന് പൊക്കി താങ്ങി കൊണ്ടുനടക്കാനുള്ളതല്ല എന്റെ മോള്… അല്ലേൽ തന്നെ ആർക്കറിയാം??…

ഇവന്റേന്ന് ന്റെ കുഞ്ഞ് വീണോ ന്ന്?? വല്ല ചതവോ മുറിവോ ഉണ്ടോന്ന് നന്നായി നോക്കട്ടെ… ” വല്ലാത്തൊരു വാശിയോടെ പറ്റാവുന്നത്ര ഒച്ചയിൽ പറഞ്ഞുകൊണ്ട് കുഞ്ഞിന്റെ കയ്യും കാലും പിടിച്ചു പരിശോധിക്കുന്ന മധുവിന്റെ ഭാവങ്ങൾ ഒരു പകപ്പോടെ അപ്പു നോക്കി നിന്നു… കുഞ്ഞിന്റെ കരച്ചിലിന്റെ സ്വരം അല്പം ഉയർന്നതും അവളുടെ അമ്മ നല്കുന്ന നോവിനെക്കാൾ കൂടുതൽ കുഞ്ഞികരച്ചിൽ ഏൽപ്പിക്കുന്ന വേദനയിൽ അനന്ദു മുഖമുയർത്തി അവരെ നോക്കി… മധുവിന്റെ ദേഹത്തേക്ക് മുറുക്കിപിടിച്ചുകൊണ്ട് അവർ കുഞ്ഞിന്റെ കയ്യും കാലും പിടിച്ചു നോക്കുന്നത് കാണെ പിന്നെയും നൊവേറി… ഹൃദയം പിടഞ്ഞു… ൻറെ ഏട്ടന്റെ കുഞ്ഞല്ലേ.. ഞാൻ നോവിക്കോ ഏട്ടത്തി എന്ന് ചോദിച്ചുകൊണ്ട് കുഞ്ഞിനെ വാരിയെടുക്കുവാൻ തോന്നിപോയി അവനു…

നിസ്സഹായനായി വലതുകാലിലേക്ക് ഒന്ന് നോക്കി… ചെരിഞ്ഞിരിക്കുന്ന കാൽപാദവും വിരലുകളും മാറി മാറി നോക്കികൊണ്ടിരുന്നു… എന്തോ ദേഷ്യം തീർക്കും പോലെ ഇടതുകാൽ ഉപ്പുറ്റിക്കൊണ്ട് വലതുകാലിൽ അമർത്തി… സ്വയം നോവിച്ചുകൊണ്ടിരുന്നു… മുഖത്തപ്പോഴും പുഞ്ചിരി നിറഞ്ഞു… വേദനയുടെ പുഞ്ചിരി… ” മതി ഏട്ടത്തി… ഇങ്ങു താ കുഞ്ഞിനെ… ” മധുവിന്റെ കൈയിൽ നിന്നും കുഞ്ഞിനെ തട്ടിപ്പറച്ചെടുക്കും പോലെ അപ്പു ബലമായി പിടിച്ചുവാങ്ങി.. അപ്പോഴും മധു കുഞ്ഞിന്റെ കാലിനടിയും തുടയും പിടിച്ചു നോക്കികൊണ്ടിരുന്നു… ഒരു പുച്ഛത്തോടെ അനന്ദുവിനെ നോക്കി… കുഞ്ഞിനെ നോക്കി സങ്കടപ്പെട്ടിരിക്കുന്ന അവന്റെ മുഖത്തെ ഭാവം ഉള്ളിൽ നിറച്ചു…

വാശി പിടിച്ചു കരയുന്ന കുഞ്ഞിനെ കിലുക്കാംപെട്ടിയും കുഞ്ഞിക്കരടിയുടെ ബൊമ്മയും കാണിച്ചു കളിപ്പിച്ചുകൊണ്ട് കരച്ചിൽ മാറ്റാൻ ശ്രമിക്കുമ്പോഴും അനന്ദുവിന്റെ അവസ്ഥ മനസിലാക്കുകയായിരുന്നു അപ്പു… നിലത്തായി നിരന്നു കിടക്കുന്ന കളിപ്പാട്ടങ്ങൾക്കിടയിൽ കിടത്തിക്കൊണ്ട് അപ്പു കുഞ്ഞിനരികെയിരുന്നു… കളിപ്പിച്ചു… കുഞ്ഞുമുത്തങ്ങൾ നൽകി.. ഇക്കിളി കൂട്ടി… മധു അപ്പോഴും ഓരോന്ന് പറഞ്ഞു പിറുപിറുക്കുന്നുണ്ട്.. ഇടക്ക് സ്വരം ഉയരുന്നത് അനന്ദുവിനുമേലെ പഴിവാക്കുകൾ ചൊരിയുന്നതിനായിട്ടായിരുന്നു… എല്ലാം കേട്ടുകൊണ്ട് വിളമ്പിവെച്ച ഭക്ഷണത്തിനു മുന്നിൽ സ്വയം വേദനിപ്പിച്ചുകൊണ്ടവൻ ഇരുന്നു.. എപ്പോഴോ അപ്പു മുഖത്തേക്ക് നോക്കിയപ്പോൾ ഒന്നുമില്ല എന്നാ രീതിയിൽ കണ്ണു ചിമ്മി കാണിച്ചു…

അപ്പോഴും തെറ്റൊന്നും ചെയ്യാതെ തന്നെ വലതുകാൽ ഇടതുകാലിനാൽ നോവിക്കപ്പെട്ടു… ” നാശം… ആർക്ക് കണ്ണുതട്ടാതിരിക്കാനാണാവോ ഇങ്ങനെയൊരു സാധനം…” വീറോടെ പറയുന്ന മധുവിന്റെ വാക്കുകളിൽ ഞെട്ടി പിടഞ്ഞുകൊണ്ട് അപ്പു ചാടി എഴുന്നേൽക്കുമ്പോൾ അറിയാതെ തന്നെയവളുടെ കണ്ണുകൾ പെയ്തു തുടങ്ങി.. നിറഞ്ഞൊഴുകുന്ന മിഴികളിൽ അപ്പോഴും ഞെട്ടൽ മാറിയിരുന്നില്ല.. അതെ ഭാവത്തോടെ അനന്ദുവിലേക്ക് കണ്ണുകൾ പായും നേരം കണ്ടു ഉയർന്നു നിന്നിരുന്ന മുഖം കുനിയുന്നത്… ആ കണ്ണുകളിൽ നിന്നും താഴേക്കുറ്റുവീണത് ഹൃദയത്തിൽ നിന്നൊലിച്ച ചുടു രക്തമായിരുന്നോ… “ദേ… നിങ്ങളെ ന്റെ അഭിയേട്ടൻ കെട്ടിക്കൊണ്ടെന്നെന്നു കരുതി എന്തും വിളിച്ചുപറയാമെന്നു കരുതരുത്…

തോന്നിവാസം പറഞ്ഞാൽ ഏട്ടത്തിയാണെന്ന് ഈ അർപ്പിത അങ്ങു മറക്കും…” നിറഞ്ഞൊഴുകുന്ന കണ്ണുകളെ വാശിയോടെ തുടച്ചുമാറ്റിക്കൊണ്ട് മധുവിനു നേരെ കൈയ് ചൂണ്ടി നിന്നു അപ്പു പറയുമ്പോൾ അവൾ വല്ലാതെ കിതച്ചിരുന്നു… ഓരോ വാക്കുകൾക്കൊപ്പം പിന്നെയും കണ്ണുകൾ പെയ്യ്തെങ്കിലും സ്വരത്തിലെ ദൃഢത അതേപോലെ നിലനിർത്തിക്കൊണ്ട് രൂക്ഷമായി മധുവിനെ നോക്കി… കുനിഞ്ഞ മുഖം ഉയർത്താതെ അനന്ദു അതേപടി ഇരുന്നു… ഉള്ളിലെ നോവിനെ മറയ്ക്കാനുള്ള മൂടുപടങ്ങൾ സ്വയം തയ്യാറാക്കിയെടുത്തുകൊണ്ടിരുന്നു… ചുവന്ന കണ്ണുകളെ മിഴിനീർ പൊഴിക്കുന്നതിൽ നിന്നും തടഞ്ഞു നിർത്തി… ഇടത്തെ കാൽ ഒരിക്കൽ കൂടി വലതുകാലിന്മേൽ ആധിപത്യം കാണിച്ചു..

കൂടുതൽ ബലമായി… യാതൊരു ഭാവവ്യതാസവുമില്ലാതെ മധുമിത അപ്പുവിനെ നോക്കി പുച്ഛിച്ചു… അതെ പുച്ഛത്തോടെ അനന്ദുവിനെ നോക്കി.. കണ്ണുകളിൽ അറപ്പ് നിറച്ചു… അനന്ദു പതിയെ എഴുന്നേറ്റുകൊണ്ട് അപ്പുവിനടുത്തേയ്ക്ക് വലതുകാൽ വലിച്ചു വെച്ചു നടന്നു… നോവുന്നുണ്ടായിരുന്നു അവനു.. ആ നോവിനെയും ആസ്വദിക്കാൻ പഠിച്ചിരിക്കുന്നു… “ദേ ഈ ഇവനെ കണ്ടിട്ടാണോ മോള് നെഗളിക്കുന്നത്?? ഏഹ്ഹ്??.. നേരെ ചൊവ്വേ നിക്കാൻ പോലും പറ്റാത്ത ഈ ഒ….” “ഏട്ടത്തി…. മതി…. ന്റെ അനന്ദുവേട്ടനെ ഇനിയും ഓരോന്ന് പറഞ്ഞുകൂട്ടണ്ട… നിക്ക് ഇഷ്ടല്ല അത്… ” മധുവിനെ മുഴുവൻ പറയാൻ അനുവദിക്കാതെ കയ്യ്കൊണ്ട് വിലക്കി അപ്പു ശബ്ദമുയർത്തുമ്പോൾ മുഖം കുനിച്ചിരുന്നിരുന്ന അനന്ദു പകപ്പോടെ അവളെ നോക്കി… ” ഓഹ്… അവൾക്ക് പിടിച്ചില്ല…

അല്ലേലും ആർക്കും പിടിക്കില്ലല്ലോ ഇവനെ പറഞ്ഞാൽ… അനന്ദു അനന്ദു അനന്ദു… എല്ലുമുറിയെ പണിയെടുക്കുന്നത് ന്റെ അഭിയേട്ടൻ… എന്നിട്ടോ… പേര് അനന്ദുന്… പൈസയുടെ കയ്യ്കാര്യോം അനന്ദുന്… കൊള്ളാലോ… ” അവളൊരു പുച്ഛത്തോടെ അനന്ദുവിനെയും അപ്പുവിനെയും മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞതും എന്തോ മറുപടി പറയാൻ മുന്നോട്ടാഞ്ഞ അപ്പുവിന്റെ കൈയ്കളിൽ അനന്ദു പിടിമുറുക്കി… തിരിഞ്ഞു നോക്കിയ അവളെ നോക്കി അരുതെന്നു വിലക്കി തലയനക്കി… വേദന മാത്രം തെളിഞ്ഞു നിന്ന ആ മുഖത്തൊരു പുഞ്ചിരി വരുത്തിച്ചു… മൂടുപടമണിഞ്ഞു… ” അങ്ങനെയൊന്നും… അങ്ങനെയൊന്നുമില്ല ഏട്ടത്തി… അവൾ പറയുന്നത് കേൾക്കണ്ട.. കുഞ്ഞല്ലേ… അറിവില്ലായ്മയാ… അവൾക്കും നിക്കും അഭിയേട്ടനെ കഴിഞ്ഞല്ലേ വേറെ ആരും ഉള്ളൂ…

അഭിയേട്ടന്റെ ഭാര്യേം കുഞ്ഞും ഞങ്ങൾക്ക് എല്ലാമല്ലേ… ഏട്ടനോട് ഞാൻ എത്ര വട്ടം പറഞ്ഞിട്ടുണ്ടെന്നോ എന്റെ പേരിൽ പൈസ അയക്കേണ്ടന്നു.. ഏട്ടൻ സമ്മതിക്കാത്തൊണ്ടല്ലേ… അത് ബാങ്കിൽ നിന്നെടുത്തു ഏട്ടത്തിയുടെ കൈയിൽ ഏൽപ്പിക്കുന്നില്ലേ… അതെന്റെ കടമയല്ലേ ഏട്ടത്തി… അങ്ങനെയേ കരുതിയിട്ടുള്ളൂ അനന്ദു… നിക്ക് പൈസ കയ്യ്കാര്യം ചെയ്യാനൊന്നും അറിവില്ല… ചെയ്യേം വേണ്ടാ… അപ്പു.. അപ്പു പറയുന്നതൊക്കെ വിവരമില്ലായ്മയാ… അമ്മേടെ സ്ഥാനല്ലേ ഏട്ടത്തിക്ക്…. ഏട്ടത്തി ക്ഷമിക്കണം…” പുച്ഛം നിറഞ്ഞ ചിരിയാൽ തന്നെ തന്നെ നോക്കി നിൽക്കുന്ന മധുവിനോടായി പറയുമ്പോൾ അപ്പുന്റെ വലതുകരം അവൻ മുറുക്കെ പിടിച്ചിരുന്നു…

മറുതൊന്നും പറയരുതെന്നുള്ള അപേക്ഷ പോലെ… കണ്ണുകളിലും ചുണ്ടിലും പരിഹാസം നിറച്ചുകൊണ്ട് മധുവിന്റെ നോട്ടം അവന്റെ മുഖത്തു നിന്നും തെന്നിമാറിയതും ആ കണ്ണുകൾ എവിടേക്കാണെന്നു തിരിച്ചറിഞ്ഞുകൊണ്ട് തന്നെ അപ്പുവിന്റെ കൈയിലെ പിടിത്തം വിട്ടുകൊണ്ടവൻ തിരിഞ്ഞു നടന്നു.. ഓരോ കാലടി നീട്ടി വയ്ക്കുമ്പോഴും കൺകോണിൽ ഉരുണ്ടു കൂടിയ നീർമുത്തുക്കളെ പുഞ്ചിരിയാൽ മറച്ചുപിടിച്ചു… അകത്തപ്പോഴും ചുറ്റും നടക്കുന്നതൊന്നും അറിയാതെ മിത്തുമോൾ അവളുടെ ചെറിയച്ഛൻ കൊണ്ടുകൊടുത്ത കിലുക്കാംപ്പെട്ടി കിലുക്കിക്കൊണ്ട് നീന്തികളിച്ചു… ഉമ്മറപ്പടിയിലേക്ക് നടന്നടുക്കുമ്പോഴേക്കും തടഞ്ഞു നിർത്തിയ മിഴിനീർക്കണങ്ങൾ കവിളിലൂടെ ചാലിട്ടൊഴുകി… താടിരോമങ്ങൾക്കിടയിൽ അവ ഒളിച്ചു..

അവയെ തിരക്കിയെന്നോണം പിന്നെയും നീർമുത്തുകൾ കവിളിലൂടെ താടിരോമങ്ങൾക്കിടയിലേക്ക് കടന്നുവന്നു.. ചുണ്ടിലപ്പോഴും പുഞ്ചിരിയായിരുന്നു… ഉമ്മറത്തേക്കുള്ള വാതിൽപടിയിൽ പിടിച്ചുകൊണ്ട് വലതുകാൽ പൊക്കി ഇറയത്തേക്ക് വയ്ക്കുംനേരം കണ്ണുകൾ ഉമ്മറപ്പടിയിൽ തറഞ്ഞുനിൽക്കുന്നവരിൽ എത്തി… ഒരു വെപ്രാളത്തോടെ മുഖം ചെരിച്ചുകൊണ്ട് തോളിൽ കണ്ണുകൾ അമർത്തി തുടച്ചു… പുഞ്ചിരിയോടെ അവരെ നോക്കി… നിറഞ്ഞൊഴുകിയ കണ്ണുനീരിനെ തുടച്ചുമാറ്റാൻ പോലും ശ്രമിക്കാതെ പുഞ്ചിരിയാൽ വേദനയെ മറയ്ക്കുന്നവനെ തന്നെ നോക്കി ധ്വനി നിന്നു.. തൊട്ട് മുൻപിലുള്ള അമ്മയുടെയോ അനിയത്തിയുടെയോ സാമീപ്യം പോലും വിസ്മയിച്ചു… കണ്ണുകളിൽ അവന്റെ കണ്ണുകളും പുഞ്ചിരിയും… എപ്പോഴോ കണ്ണുകൾ തമ്മിൽ കൊരുത്തു… ചുവന്നിരിക്കുന്ന ആ കണ്ണുകൾ അവളുടെ ഹൃദയത്തെ നോവിച്ചു… അവന്റെ ചുണ്ടിലെ പുഞ്ചിരി അവളെ കൂടുതൽ മുറിവേൽപ്പിച്ചു……..  (തുടരും)

തോളോട് തോൾ ചേർന്ന്: ഭാഗം 4

Share this story