തോളോട് തോൾ ചേർന്ന്: ഭാഗം 8

തോളോട് തോൾ ചേർന്ന്: ഭാഗം 8

എഴുത്തുകാരി: ജിച്ചന്റെ കാവു

അടച്ചിട്ടിരിക്കുന്ന വാതിൽ തള്ളി തുറന്ന് ശ്രീമോൾ മുറിയിലേക്ക് കയറുമ്പോൾ കട്ടിലിൽ കമഴ്ന്നു കിടന്നിരുന്ന അപ്പു ഞെട്ടിപിടഞ്ഞെഴുന്നേറ്റു… വീർത്ത് നിന്നിരുന്ന അവളുടെ കണ്ണുകളും ചുവന്നുകിടക്കുന്ന മുഖവുമെല്ലാം ഉള്ളിലെ നോവിനെ വിളിച്ചോതുന്നത് കാണെ ശ്രീമോളുടെ ഉള്ളവും വിങ്ങി… ചുണ്ടിലൊരു പുഞ്ചിരി വരുത്താൻ പെണ്ണ് ശ്രമിക്കുമ്പോഴും പരാജയപെട്ടുകൊണ്ടിരുന്നു.. “എത്രനാളിങ്ങനെ കിടക്കാനാ അപ്പു??.. ഇന്നലെ നീയെന്ത് പറഞ്ഞാ എന്റെയടുത്തുന്നു പോന്നത്??.. ഏഹ്ഹ്??.. ഹരിയേട്ടന് വേണ്ടി ഇനി കരയില്ലെന്നു പറഞ്ഞതാണോ??.. എന്നിട്ടാണോടാ??.. എന്താടാ നീ ഇങ്ങനെ???… രണ്ട് ആഴ്ച കഴിഞ്ഞാൽ അവരുടെ കല്യാണമാണ്…” കുനിഞ്ഞിരിക്കുന്ന അപ്പുവിന്റെ മുഖത്തെ പിടിച്ചുയർത്തി ചോദിക്കുന്നതിനൊപ്പം ശ്രീമോൾ ആ കണ്ണുനീർ കൈയിവിരലാൽ ഒപ്പിയെടുത്തു… ” നിക്ക്… ന്നെക്കൊണ്ട് പറ്റുന്നില്ല ശ്രീ…

നെഞ്ച് പൊട്ടിപോവാ… ന്റെ ഹരിയേട്ടനെ ഞാൻ…. എങ്ങനെ വിട്ടുകൊടുക്കാ…. ” ദയനീയമായി ശ്രീയെ നോക്കിക്കൊണ്ട് അപ്പു പറയുമ്പോൾ സ്വരം ഇടരുകയും വാക്കുകൾ മുറിഞ്ഞുപോവുകയും ചെയ്തിരുന്നു… കണ്ണുകൾ പിന്നെയും പെയ്യുമ്പോൾ ഏന്തിക്കൊണ്ട് പെണ്ണ് ശ്വാസമെടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.. ” നിന്നോട് ഞാൻ മര്യാദക്ക് പറഞ്ഞതല്ലെടാ… ഏട്ടനോട് നമുക്ക് എല്ലാം പറയാംന്ന്…. വൈകിപ്പോയി…ന്നാലും… പറയാം അപ്പു… ഏട്ടൻ മനസ്സിലാക്കാതിരിക്കില്ല നിന്നെ… ” അവളുടെ കൈയ്കളിൽ മുറുക്കെ പിടിച്ചുകൊണ്ട് ശ്രീ പറയുമ്പോഴും അപ്പുവിന്റെ അവസ്ഥ മനസ്സിലാക്കിയിട്ടും ഒന്നും ചെയ്യാനാവാതെ വേദനിക്കുകയായിരുന്നു അവളും.. ” ഇല്ല ശ്രീ… ഹരിയേട്ടനെന്നെ മനസിലാവില്ല… ഏട്ടന്റെ ഉള്ളിൽ ധചേച്ചിയാണെന്ന് നീയും കേട്ടതല്ലേ??..

കൂട്ടുകാരന്റെ പ്രണയം കുഞ്ഞേട്ടനും പറഞ്ഞു കേട്ടു … അപ്പു മറന്നോളാം.. പതിയെ ആണേലും മറന്നോളാം… ” ഒഴുകിയിറങ്ങുന്ന കണ്ണീരിനെ തുടച്ചുകൊണ്ട് പുഞ്ചിരി ചുണ്ടിൽ ബലമായി വരുത്തിച്ചു പറയുന്നവളെ ശ്രീ നോക്കി നിന്നു… അവളെ ചുറ്റിപ്പിടിച്ചു മൗനത്തെ കൂട്ടുപിടിച്ചു… ഹരിക്ക് ധ്വനിയോടുള്ള സ്നേഹത്തിനാഴം അവനിൽ നിന്നും തന്നെ അറിയേണ്ടി വന്നതിനാൽ അപ്പുവിന്റെ ഇഷ്ടം അവനെ അറിയിക്കുന്നതിൽ നിന്നും സ്വയം പിൻവലിയുകയല്ലാതെ നിവർത്തിയുണ്ടായിരുന്നില്ല ശ്രീക്കും… അത്രമേൽ ആഗ്രഹത്തോടെ പ്രണയസാഫല്യത്തിന് കാത്തിരിക്കുന്ന ഏട്ടനെ എങ്ങനെ പിന്തിരിപ്പിക്കുമെന്നറിയാതെ നോവുമ്പോൾ അപ്പു തന്നെയാണ് സ്വന്തം പ്രണയം മറന്നുകൊണ്ടിനി ജീവിക്കാൻ ശ്രമിക്കാമെന്നു വാക്ക് പറഞ്ഞത്… എന്നിട്ടും എത്രമേൽ ശ്രമിച്ചിട്ടും കഴിയുന്നില്ലായിരുന്നു ആ പെണ്ണിന്…

അത്രമേൽ ആഴത്തിൽ വേരൂന്നിയ പ്രണയം ഹൃദയത്തെ മുറിവേൽപ്പിച്ചുകൊണ്ടിരുന്നു… “ഇവിടാരേലും ചത്തോ??.. നിങ്ങളൊക്കെ ഇവിടെ വെപ്പും കുടീമില്ലേ??..” താഴെനിന്നും ഉയർന്നു കേൾക്കുന്ന മധുവിന്റെ സ്വരം ഇരുവരെയും ചിന്തകളിൽ നിന്നുണർത്തുമ്പോൾ മുഖമുയർത്തി പരസ്പരം അവർ നോക്കി… ” ഏട്ടത്തി വന്നെന്ന് തോന്നുന്നു… ഇപ്പൊ തൊടങ്ങും… വാ ശ്രീ… കുഞ്ഞേട്ടനെ അവര് അല്ലേൽ കൊല്ലാകൊല ചെയ്യും… ” ഇരു കയ്യാലെയും മുഖം തുടച്ചു ദൃതിപെട്ട് പറഞ്ഞുകൊണ്ട് അപ്പു ഉടുത്തിരിക്കുന്ന ദാവണി നേരെയാക്കി താഴേക്ക് പാഞ്ഞു.. ഒപ്പം ശ്രീമോളും… പടികൾ ഇറങ്ങുമ്പോഴേ കണ്ടു അനന്ദുവിനെ വിസ്താരം ചെയ്യാനെന്നവണ്ണം തയ്യാറായി നിന്നുകൊണ്ട് എന്തൊക്കെയോ ചോദ്യങ്ങൾ ചോദിക്കുന്ന മധുവിനെ….

അവരുടെ കയ്യിലുള്ള കുഞ്ഞിൽ മാത്രം കണ്ണുകൾ പതിപ്പിച്ചുകൊണ്ട് നിൽക്കുകയാണ് അനന്തുവും… ഇടക്കെപ്പോഴോ മധുവിന്റെ കണ്ണുകൾ പടികൾ ഇറങ്ങി വരുന്നവരിലേക്ക് നീണ്ടതും അവയിൽ പുച്ഛം നിറഞ്ഞു… ” ഓഹ്… ഇവിടെയുണ്ടായിരുന്നോ കൊച്ചമ്മ…. കണ്ടില്ലെന്ന് വിചാരിച്ചേ ഉള്ളൂ… ഇതെന്തോന്നാടി കോലം??… ഇവിടെ എന്താന്ന്??.. ഏഹ്?? ഞങ്ങൾ വരുമെന്നറിഞ്ഞൂടെ… ഒരു കോപ്പും കഴിക്കാനും ഉണ്ടാക്കിയിട്ടില്ലല്ലോ..??.. ” പടികളിൽ നിൽക്കുന്ന അപ്പുവിലേക്കും താഴെയുള്ള അനന്ദുവിലേക്കും കണ്ണുകൾ പായിച്ചുകൊണ്ടവർ ഒച്ചയെടുക്കുമ്പോൾ കയ്യിലുള്ള മിത്തുമോളോന്നു ഭയന്നു… കുഞ്ഞിപ്പെണ്ണ് ചിണുങ്ങി കരയാൻ തുടങ്ങിയതും ഓടിവന്നുകൊണ്ട് അപ്പു അവളെ വാരിയെടുത്തു കൊഞ്ചിക്കുമ്പോൾ രൂക്ഷമായി മധുവിനെ നോക്കിയിരുന്നു…

ഒരു കൂസലുമില്ലാതെ അവർ സംസാരം തുടർന്നു… കരയുന്ന കുഞ്ഞിനെയൊന്നു വാരിയെടുത്തു നെഞ്ചോരം ചേർക്കുവാൻ അനന്ദുവിന്റെ ഉള്ളവും തുടിച്ചു… ” മാധവ് വരുന്നുണ്ട്… ബാംഗ്ലൂർന്ന്…” മധുവിന്റെ വാക്കുകൾ കേട്ടതും ഞെട്ടലോടെ അപ്പു അനന്ദുവിനെ നോക്കി… അവനിലും ഞെട്ടൽ വ്യക്തമായിരുന്നെങ്കിലും പുഞ്ചിരിയുടെ മൂടുപടമണിയാൻ ശ്രമിച്ചുകൊണ്ടവൻ അപ്പുവിനോടായി കണ്ണുചിമ്മി… മാധവിനെ കുറിച്ചുള്ള കേട്ടറിവിൽ ഭയന്ന് ശ്രീമോളും നിന്നുപോയി… മധുവിന്റെ സഹോദരനായിരുന്ന അയാൾ എല്ലാവരുടെ മുന്നിലും നല്ലവനായ ഉണ്ണിയായിരുന്നെങ്കിലും പലപ്പോഴായി അപ്പുവിനെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ട്… പറഞ്ഞാൽ പോലും മറ്റാരും വിശ്വസിക്കാത്ത രീതിയിൽ എല്ലാവരുടെയും വിശ്വാസം പിടിച്ചുപറ്റി സഹോദരിയെക്കാളും വീട്ടുക്കാരെക്കാളും നല്ലവൻ എന്നൊരു പേര് സമ്പാദിച്ചു വച്ചിരിക്കുകയാണവൻ… ”

ഈ വരവിൽ ഇവളേം കെട്ടികൊണ്ട് പോണമെന്നു ചെക്കന്… എത്രന്ന് വെച്ചാ പറഞ്ഞ് മനസ്സിലാക്കാൻ നോക്കാ.. അവനു ഇതിനെ തന്നെ മതിയെങ്കിൽ കെട്ടി അനുഭവിക്കട്ടെ… ആങ്ങളേം പെങ്ങളേം അറിയിച്ചില്ലന്ന് പറയണ്ട… കേട്ടില്ലേ… ഒരുങ്ങിയിരുന്നോ… ” വാക്കിലും നോക്കിലും അവക്ഞ നിറച്ചുകൊണ്ടവർ പറയുമ്പോൾ ഉള്ളിലുള്ള വേദനകൾക്കൊപ്പം മുൻപേ അനുഭവിക്കേണ്ടി വന്നിട്ടുള്ള കൈപ്പേറിയ അനുഭവങ്ങൾ അപ്പുവിൽ ഭയമുളവാക്കി… ചുണ്ടിലെ പുഞ്ചിരിയിൽ കുടിലത ഒളിപ്പിച്ചുകൊണ്ടുള്ളവന്റെ ബലപ്രയോഗങ്ങൾ ഓർമയിൽ തെളിഞ്ഞതും വെട്ടി വിയർക്കാൻ തുടങ്ങിയവൾ… ” വേണ്ട ഏട്ടത്തി… അപ്പൂനും കൂടെ ഇഷ്ടാണോന്ന് നോക്കീട്ട് മതി തീരുമാനം..” അപ്പുവിന്റെ അവസ്ഥ തിരിച്ചറിഞ്ഞുകൊണ്ട് അനന്ദു പറഞ്ഞ് നിർത്തി… പതിയെയെങ്കിലും ഉറപ്പേറിയ അവന്റെ സ്വരത്തിൽ മധുവൊന്നു മൗനമായി… രൂക്ഷമായി അപ്പുവിലേക്കും പിന്നീട് അനന്ദുവിലേക്കും നോട്ടമെയ്തു…

” ഇവൾടെ ഇഷ്ടമൊന്നും ആരും നോക്കണ്ട… മാധവിനു ഇവൾ മതിയെന്നാ… അത് അങ്ങു നടക്കും… അഭിയേട്ടനെക്കൊണ്ട് ഞാൻ സമ്മതിപ്പിച്ചോണ്ട്.. വേറെ ആരും ഒന്നും പറയാൻ വരണ്ട…” അനന്ദുവിലേക്കെത്തിയ കണ്ണുകളിൽ പുച്ഛവും വെറുപ്പും നിറച്ചുകൊണ്ട് മധു പറയുമ്പോൾ എപ്പോഴുമുള്ള പുഞ്ചിരി അവന്റെ ചുണ്ടുകളിൽ നിറഞ്ഞിരുന്നു… ഉള്ളിലെ നോവിനെ മറച്ചുകൊണ്ട്… ” അഭിയേട്ടനെ പോലെ ന്റെ ഏട്ടൻ തന്നെയാ ഇതും.. ന്റെ അനന്ദുവേട്ടന് മനസിലാവും എന്നെ.. ഏട്ടൻ ഇതിനു സമ്മതിക്കില്ല.. ഞാനും…” ചെന്നിയിലൂടെ ഭയത്തിന്റെ വിയർപ്പുകണങ്ങൾ ഒഴുകുമ്പോഴും തന്റെ കുഞ്ഞേട്ടനെ തരംതാഴ്ത്തും സംസാരം കേട്ടുനിൽക്കാനാവാതെ വീറോടെ അപ്പു പറഞ്ഞ് നിർത്തി… കണ്ണുകളാൽ അനന്ദു കൂടുതലൊന്നും പറയരുതെന്നു അവളെ വിലക്കി…

ഇരുകണ്ണുകളും ചിമ്മി കാണിച്ചുകൊണ്ടവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു… ” ഓഹ്… ഒരു അനന്ദുവേട്ടൻ… ഈ ഒന്നരക്കാലനെ കണ്ട് മോള് തുള്ളല്ലേ… നേരെ നടക്കാൻ മേലാത്തോനാ…” യാതൊരു സങ്കോചിവുമില്ലാതെ അതിലും വീറോടെ മധു വിളിച്ചു പറയുമ്പോൾ ഒരു നിമിഷം ശ്രീയും അപ്പുവും നിശ്ചലരായി നിന്നുപോയിരുന്നു… അവരുടെ വായിൽ നിന്നും വീണ വാക്ക് പലപ്പോഴായി തന്നിലേക്കെത്തുന്നതാണേൽ കൂടി പിന്നെയും പിന്നെയും അനന്ദുവിനെ മുറിവേൽപ്പിച്ചു… ഉള്ളം പിടഞ്ഞു… അറിയാതെ തന്നെ കണ്ണുകൾ നിറയാൻ തുടങ്ങിയതും പാടുപെട്ടവയെ അടക്കി നിർത്താൻ ശ്രമിച്ചുകൊണ്ടിരുന്നു… ഒന്നരക്കാലൻ… ചുണ്ടിലെ പുഞ്ചിരി നോവിനെ മറച്ചു… ” ദേ നിങ്ങളോടൊരു നൂറു വട്ടം പറഞ്ഞിട്ടുണ്ടങ്ങനെ പറയരുതെന്ന്… മനസാക്ഷിയുണ്ടോ നിങ്ങൾക്ക്?? ഏഹ്ഹ്???.. എന്തൊക്കെയാ വിളിച്ചു പറയുന്നത്??.. വായേൽ നാവുണ്ടെൽ എന്തും പറയാമെന്നു കരുതരുത്…

ഒരിക്കൽ… ഒരിക്കൽ കൂടി നിങ്ങളിങ്ങനെ വിളിച്ചാൽ അടിച്ചിരിക്കും ഞാൻ നിങ്ങളെ… ” കരഞ്ഞുപോയെങ്കിലും അപ്പു ഉറച്ച സ്വരത്തോടെ പറയുമ്പോൾ മധു അവളെ രൂക്ഷമായി നോക്കികൊണ്ട് അനന്ദുവിനടുത്തേക്ക് നടന്നു… അവന്റെ മടക്കി കുത്തിരിക്കുന്ന മുണ്ടിന് കീഴെ കാണും കാലുകളിൽ നോക്കി നിന്നു… ഉള്ളിലെ അറപ്പു കാണിക്കും വിധം ചുണ്ടിലൊരു ഭാവം വരുത്തി… ചെരിഞ്ഞിരിക്കുന്ന കാൽപ്പത്തിയും ചെറുങ്ങനെ ശോഷിച്ച വലതുകാലും അവൻ പുറകോട്ട് നീക്കാൻ ശ്രമിച്ചു.. അവളുടെ നോട്ടത്തിൽ നിന്നും മറയ്ക്കാനെന്നവണ്ണം… മധുവിന്റെ മുഖത്തെ അറപ്പുളവാക്കും നോട്ടം പുഴുക്കളെപോൽ കാലിലൂടെ അരിച്ചു കയറുന്നതവൻ അറിഞ്ഞു… ” ദേ… ഈ കാലിനെ പിന്നെ ഒന്നരക്കാലെന്നല്ലാതെന്ത് വിളിക്കണം??.. ” പിന്നെയും വാക്കുകളിൽ പുച്ഛം… അനന്ദുവിന്റെ ഇറുക്കിയടച്ച കണ്ണുകൾ പെയ്യും മുൻപേ അടിയുടെ ശബ്ദം കേട്ടുകൊണ്ടവൻ ഞെട്ടി കണ്ണുകൾ വലിച്ചു തുറന്നു…

തറഞ്ഞു നിൽക്കുന്ന അപ്പുവും ശ്രീയും… ഇടതുകവിളിൽ കൈയ് ചേർത്തുകൊണ്ട് അമ്പരന്നു നിൽക്കുന്ന മധുവിന്റെ വലതുകയ്യിൽ പിടിച്ചു ഞെരിച്ചുകൊണ്ട് ധ്വനി… അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നെങ്കിലും തീ പാറും നോട്ടത്താൽ മധുവിനെ തന്നെ നോക്കികൊണ്ട്‌ നിൽക്കുകയായിരുന്നവൾ… ” നിങ്ങളുടെ ദുഷിച്ച വാക്കുകൾ കേട്ട ആദ്യ ദിനം തന്നെ തരണമെന്ന് കരുതിയതാണിത്.. പറ്റിയില്ല… ഇനി പറ്റുമോന്നും അറിയില്ല… ഈ മനുഷ്യൻ ഇത്രയും കേട്ട് മിണ്ടാതിരിക്കുന്നത് നിങ്ങളെ പേടിച്ചിട്ടല്ല… ഏട്ടന്റെ ഭാര്യയെന്നെ സ്ഥാനത്തോടുള്ള ബഹുമാനംകൊണ്ടാണ്… എനിക്കങ്ങനെ നിങ്ങളെ ബഹുമാനിക്കണ്ട ആവശ്യമില്ല… ” ഒരു കയ്യാൽ മധുവിന്റെ കൈയ്യെ ഞെരിക്കുന്നതിനൊപ്പം ഉറച്ച സ്വരത്തിൽ പറഞ്ഞുകൊണ്ട് ധ്വനി അനന്ദുവിനെ നോക്കുമ്പോൾ ആ കണ്ണുകളിലെ ഭാവം അവളെ തളർത്തി… അവിശ്വസനീയത മാത്രമായിരുന്നോ അവയിൽ???… അല്ല…

അവിശ്വസനീയതയ്‌ക്കൊപ്പം മറ്റെന്തോ തിളക്കം കൂടി…. മറ്റെന്തോ ഭാവം കൂടി… ഒരു നിമിഷം പതറി പോയെങ്കിലും വീറോടെ ധ്വനിയുടെ കയ്യ് തട്ടി മാറ്റികൊണ്ട് മധു എന്തോ പറയാനായി അവളിലേക്കാഞ്ഞതും അനന്ദു അവർക്കിടയിലേക്ക് കയറി നിന്നു… തൊട്ടു മുൻപിലായവന്റെ സാമീപ്യം തിരിച്ചറിഞ്ഞുകൊണ്ട് ധ്വനിയുടെ ഹൃദയം പതിവിലും വേഗത്തിൽ മിടിക്കുമ്പോൾ അവനിലെ ഗന്ധത്തെ സിരകളിലൂടെ ശരീരത്തിലാകമാനം പടർത്താൻ ശ്രമിക്കുകയായിരുന്നു അവൾ… അതവളെ തളർത്തിക്കൊണ്ടിരിക്കുമ്പോൾ ഏതോ അഗാധ ഗർത്തിലെന്നവണ്ണം തനിക്കുവേണ്ടി ഏട്ടത്തിക്കുനേരെ ശബ്ദമുയർക്കുന്നവന്റെ സ്വരവും കേൾക്കുന്നുണ്ടായിരുന്നു… ആദ്യമായുയർന്നു കേട്ട സ്വരത്തിനേക്കാൾ തൊട്ടടുത്തായുള്ള ആ സാമീപ്യം അവളെ പിന്നെയും അവനിലേക്കടുപ്പിക്കുമ്പോൾ വിറയ്ക്കുന്ന കയ്യ്കളാലെ ആദ്യമായവൾ അവന്റെ പുറത്തൊന്നു തൊട്ടു…

ഷർട്ടിനു മേലെ പടർന്നിരുന്ന വിയർപ്പിനെ കൈവിരലാൽ സ്വന്തമാക്കി… വിരലുകളിൽ പിന്നെയും വിറയൽ… അതിലുപരി ആവേശം… ചുറ്റുമുള്ള എല്ലാം മറന്നുകൊണ്ട് പെണ്ണ് പിന്നെയും അവനിലേക്കടുക്കുമ്പോൾ ഏതോ രാത്രിയിൽ അവൻ മൂളിയ ഗാനം മാത്രം കാതിൽ നിറഞ്ഞു… അതവളെ പ്രണയിനിയാക്കിക്കൊണ്ടിരുന്നു… പെട്ടന്ന് പിന്തിരിഞ്ഞു നോക്കിയ അനന്ദുവിനെ കാണെ എന്താണ് ചെയ്യാൻ പോയതെന്ന ബോധം വന്നതും തിരിഞ്ഞു നടന്നു.. കാലുകൾക്ക് വേഗത നൽകി ഓടി… തെങ്ങിൻതടി പാലത്തിലെത്തി ആഞ്ഞു ശ്വാസം വലിച്ചുകൊണ്ടവിടെ തളർന്നിരുന്നു… സ്വന്തമാക്കാനാവില്ലെന്നുള്ള വസ്തുത പിന്നെയും ഹൃദയത്തെ നോവിച്ചുകൊണ്ടിരുന്നു… ദിവസങ്ങൾ പൊഴിഞ്ഞു… പകലിലെ പുഞ്ചിരിയെ രാത്രിയിലെ കരച്ചിൽ തോൽപ്പിച്ചുകൊണ്ടിരുന്നു…

വിങ്ങുന്ന ഹൃദയം പലപ്പോഴും കേഴുന്നത് അനന്ദുവിന്റെ പേരും ചൊല്ലിക്കൊണ്ടാണെന്ന് മനപ്പൂർവം അവൾ മറക്കാൻ ശ്രമിച്ചു… അമ്മയുടെയും അനിയത്തിയുടെയും സന്തോഷം മാത്രം ഉള്ളിൽ പടർത്താൻ നോക്കി… വിവാഹത്തിനു വേണ്ടതെല്ലാം ഇരുവീട്ടിലും ഹരിയോടൊപ്പം അനന്ദുവും ചേർന്ന് ചെയ്തുപോന്നു… ഹരിയുടെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളിലെ സന്തോഷത്തിൽ നിന്നും കാലിന്റെ അവസ്ഥയുടെ പേരിൽ മാറി നിൽക്കാൻ അനന്ദുവും തയ്യാറായിരുന്നില്ല… പലപ്പോഴെല്ലാം അപ്പുവിന്റെ മുഖത്തെ സങ്കടങ്ങൾ അനന്ദുവിനെ പോലെ തന്നെ ഹരിയുടെയും ശ്രദ്ധയിൽ പെടുമ്പോൾ അവരുടെ ചോദ്യങ്ങളെയെല്ലാം പുഞ്ചിരിയാൽ നേരിട്ടുകൊണ്ടവൾ സ്വയം ഉരുകി… ഏട്ടനെപോലെ വേദന ഒളിപ്പിക്കും അവളുടെ പുഞ്ചിരി അനന്ദുവിനു തിരിച്ചറിയാൻ കഴിയുമ്പോൾ ഒന്നും മനസ്സിലാവാതെ തന്നെ ഉള്ളിലെവിടെയോ അവളുടെ കണ്ണുകൾ കൊളുത്തിവലിക്കുന്നത് ഹരിയും തിരിച്ചറിയുകയായിരുന്നു…

എന്തുകൊണ്ടെന്നോ എന്തിനെന്നോ അറിയാതെ…. കല്യാണതലെന്നുള്ള ചടങ്ങുകൾക്കെല്ലാം പ്രതിമ കണക്കെ ഇരുന്നുകൊടുക്കുമ്പോഴും വലതുകാൽ വലിച്ചു വച്ചു നടക്കുന്നവനിലേക്ക് കണ്ണുകൾ അനുസരണയില്ലാതെ പാഞ്ഞുകൊണ്ടിരുന്നു… അവന്റെ ഇളം നിറത്തിലുള്ള ഷർട്ട്‌ വിയർത്തൊലിച്ചു പുറത്തൊട്ടിപിടിച്ചിരിക്കുന്നത് കാണെ കണ്ണുകൾ നിറഞ്ഞു… അവനെ അത്രമേൽ പ്രണയിക്കുന്നോരുവളെ മറ്റൊരാൾ സ്വന്തമാക്കാൻ തുടങ്ങുന്ന വേളയിലും ഒന്നും അറിയാതെ പാഞ്ഞു നടന്നു ജോലി ചെയ്തുകൊണ്ടിരിക്കുന്നു… അല്പം നടന്നാൽ കഴയ്ക്കുന്ന കാലും വലിച്ചു നീട്ടിവെച്ചു ഓടി നടക്കുന്നു… സഹതാപത്തോടെയും അവക്ഞയോടെയും ഉള്ള നോട്ടങ്ങളെ പുഞ്ചിരിയോടെ വരവേറ്റുകൊണ്ട് ആരോടും പരിഭവമില്ലാതെ… മടുപ്പിക്കുന്ന ചടങ്ങുകൾക്കിടയിൽനിന്നും മോചനം കിട്ടിയതും മറ്റൊന്നും ഓർക്കാതെ ഉടുത്തിരിക്കുന്ന സാരിപോലും മാറ്റിയുടുക്കാതെ ധ്വനി പറമ്പിന്റെ പിന്നാമ്പുറത്തുള്ള ചാലിനരികിലേക്ക് നടന്നു..

തെങ്ങിൻ പാലത്തിലിരുന്നുകൊണ്ട് ചാലിലെ തെളിനീരിൽ കാലുകളിറക്കി… ഏകാന്തതയെ കൂട്ടുപിടിച്ചുകൊണ്ടവൾ ചിന്തകളിൽ മുഴുകി… നിലാവെട്ടവും തണുത്ത കാറ്റും കണ്ണുകളിറുക്കിയടച്ചിരിക്കും പെണ്ണിനെ പൊതിഞ്ഞു…. എപ്പോഴോ പ്രിയപെട്ടവന്റെ ഗന്ധവും… ഞെട്ടിപിടഞ്ഞുകൊണ്ട് കണ്ണുകൾ തുറക്കുമ്പോൾ തൊട്ടടുത്തായി അകലങ്ങളിലേക്ക് കണ്ണും നട്ട് അവന്റെ മുഖവും… ഒരു വേള കണ്ണിമ ചിമ്മാതവൾ ആ മുഖത്തെ കൊതിയോടെ നോക്കി കണ്ടു… ” അനന്ദൂ… ” നിലാവിന്റെ ശോഭ ആ മുഖത്തെ കൂടുതൽ മനോഹരമാക്കുമ്പോൾ അറിയാതെ തന്നെ അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു… ചെറു പുഞ്ചിരിയോടെ മുഖം ചെരിച്ചുകൊണ്ടവൻ അവളെ നോക്കി… ” ഹരിമാഷെ സ്വപ്നം കാണാൻ ഈ രാത്രിയിൽ ഒറ്റക്കിവിടെ വരണമായിരുന്നോ ടീച്ചറേ??.. ” കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചുകൊണ്ടുള്ള അവന്റെ ചോദ്യം പെണ്ണിന്റെ ഉള്ളിലെ പിടച്ചിൽ കൂട്ടി…

എന്നിട്ടും വെറുതെ പുഞ്ചിരിച്ചു… ഹരിമാഷെ അല്ല അനന്ദുവിനെയാണ് ഇന്നും സ്വപ്നം കാണുന്നതെന്നു പറയാൻ തോന്നി… വെറുത… വെറുതെ ഒരു തോന്നൽ… ” നിക്ക്.. ഒരു പാട്ട് പാടിതരോ അനന്ദു??.. ” അല്പനേരത്തെ മൗനത്തെ വെടിഞ്ഞുകൊണ്ടവൾ അവനോട് ചോദിക്കും നേരം കണ്ണുകളിൽ അപേക്ഷയായിരുന്നു… ഇനിയീ സ്വരം രാത്രികളിൽ തന്നിലേക്കെത്തില്ലെന്നു ഓർക്കുംതോറും നോവുണർന്നു… വിടർന്ന കണ്ണുകളാലെ പെണ്ണിനെ നോക്കി അവനും ഒരു നിമിഷം ഇരുന്നു… അവളുടെ കാലിനെ തഴുകി ഒഴുകും തെളിനീരിൽ കാലിട്ട് പതിയെ ആട്ടി താളം പിടിച്ചു… ഇരുവരെയും തഴുകി ഇളംകാറ്റ് വീശുമ്പോൾ പതിയെ മൂളാൻ തുടങ്ങി… “”””മേടമാസച്ചൂടിലെ നിലാവും തേടി.. നാട്ടുമാവിൻ ചോട്ടിൽ നാം വന്നിരിക്കുമ്പോൾ.. കുഞ്ഞുകാറ്റിൻ ലോലമാം കുസൃതിക്കൈകൾ… നിന്റെയോമൽ പാവാടത്തുമ്പുലയ്ക്കുമ്പോൾ…. ചാഞ്ചക്കം ചെല്ലക്കൊമ്പിൽ ചിങ്കാരച്ചേലിൽ മെല്ലെ താഴം‌പൂവായ് തുള്ളുമ്പോൾ .. നീയെനിയ്ക്കല്ലേ…

നിൻ പാട്ടെനിയ്ക്കല്ലേ… നിലാവിന്‍റെ നീലഭസ്മ കുറിയണിഞ്ഞവളേ.. കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ.. ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം.. “”” അവന്റെ സ്വരത്തിൽ ഓരോ വരികളും കാതിൽ പതിയുമ്പോൾ കൂടുതൽ ആഴത്തിലവ ഹൃദയത്തെ വരിഞ്ഞുമുറുക്കുന്നതവൾ അറിഞ്ഞു… ശരീരമാകമാനം അവന്റെ സ്വരം തീർത്ത മാന്ത്രികതയിൽ അവനിലേക്കടുക്കാൻ വെമ്പുമ്പോഴും ഉള്ളം തടഞ്ഞുകൊണ്ടിരുന്നു… പിരിമുറുക്കത്തിൽ ഹൃദയം പിടഞ്ഞു… ഇറുക്കി കണ്ണുകളടച്ചുകൊണ്ടവൾ ഇനി ഒരിക്കലും കഴിഞ്ഞില്ലെങ്കിലോ എന്ന് ഭയന്നുകൊണ്ട് അവനിൽ നിന്നുതീരും സ്വരത്തെയും ഗന്ധത്തെയും വ്യഗ്രതയോടെ ഉള്ളിൽ നിറച്ചു… ഇളം കാറ്റിൽ ഉലയുന്ന നെൽകതിരുകളെ നിലാവെട്ടത്തിൽ നോക്കിയിരുന്നുകൊണ്ട് പാടി കൊണ്ടിരിക്കുന്നവന്റെ തോളിലേക്ക് അവൾ ചാഞ്ഞു… ”

ന്നെ… ന്നെ സ്നേഹിക്കാമോ അനന്ദു… ” ഒന്ന് ഞെട്ടികൊണ്ടവൻ തല ചെരിച്ചു തോളിലേക്ക് നോക്കാനായുമ്പോഴേക്കും അവളുടെ സ്വരവും ഉയർന്നു… തറഞ്ഞിരുന്നു പോയിരുന്നു അനന്ദു… ” ഞാൻ അനന്ദുവിനെ സ്നേഹിക്കും പോലെ ഒന്നും വേണ്ടാ… ഇത്തിരി… ഇത്തിരി സ്നേഹിക്കാമോ അനന്ദു… ഹരിമാഷ്ക്ക് വിട്ടുകൊടുക്കാതെ ചേർത്തു നിർത്താമോ??.. ” ഉള്ളിലെ നോവിന്റെ ആഴം അവളുടെ ചിന്തകളെയും ശരികളെയും വിഴുങ്ങുമ്പോൾ വാക്കുകൾ പുറത്തേക്കൊഴുകി… തറഞ്ഞിരിക്കുന്നവന്റെ കൈയിൽ കയ്യ്കോർത്തുകൊണ്ട് തോളിൽ ചേർത്തു വച്ചിരുന്ന തലയുയർത്തി അവനെ നോക്കി… എപ്പോഴും തെളിഞ്ഞു നിൽക്കുന്ന പുഞ്ചിരി ആ മുഖത്തു കാണുന്നുണ്ടായില്ല… കണ്ണുകളിലെ ഭാവവും വ്യക്തമല്ല… ശ്വാസം പോലും എടുക്കാത്ത രീതിയിൽ ഇരിക്കുന്നവൻ പിന്നെയും നോവായി… ” നിക്ക്… നിക്ക് ഒത്തിരി ഇഷ്ടായോണ്ടാ… ഉള്ളിൽ അടക്കാവുന്നതിലും കൂടുതൽ… അനന്ദു..

. അനന്ദുവിന്റെയാണ് ധ്വനിയെന്ന് എല്ലാരോടും വിളിച്ചു പറയോ… ” എപ്പോഴോ മുഖത്തേക്ക് ഉറ്റു നോക്കിയവനോടായി പറയുമ്പോൾ വാക്കുകൾ ഇടറി പോവുന്നുണ്ടായിരുന്നു… പറയരുത്.. അവനെ ഒരിക്കലും അറിയിക്കരുതെന്നു കരുതിയിരുന്നെങ്കിലും കഴിയ്യുന്നില്ലായിരുന്നവൾക്ക്… ” ടീച്ചർ… ടീച്ചറെന്താ പറയണേ… ” വെപ്രാളത്തോടെ കൈയ്കൾ അവളുടെ കൈയിൽ നിന്നും വലിച്ചെടുത്തു ചോദിച്ചുകൊണ്ടവൻ തെങ്ങിൻ തടിയിൽ നിന്നും എഴുനേൽക്കാൻ ശ്രമിച്ചു… മുഖത്തെ അവളിൽ നിന്നും മറയ്ച്ചുപിടിച്ചു… ” ടീച്ചർ ചെന്നേ… വീട്ടിലേക്ക് ചെല്ല്… ” തിടുക്കത്തിന്റെയോ അതോ കാലിന്റെ അവസ്ഥയുടെയോ എന്തോ എഴുനേൽക്കാനാവാതെ ധൃതിപെട്ട് എന്തൊക്കെയോ കാട്ടിക്കൂട്ടുന്നതിനിടയിൽ അവളോടായി പറയുന്നുണ്ട്…

അവളിൽ നിന്നും എഴുന്നേറ്റു ദൂരെപോവാൻ ആഗ്രഹിക്കുന്നവന്റെ ഉള്ളിനൊപ്പം ശരീരവും വഴങ്ങാത്തതുകൊണ്ട് പാടുപെട്ട് എഴുനേറ്റുനില്ക്കാൻ ശ്രമിക്കുന്നവനെ ഒരു നിമിഷം നോക്കി ഇരുന്നു ധ്വനി… അവളുടെ പ്രണയം… അവളുടെ മാത്രം പ്രണയം… അവളിൽ നിന്നകലാൻ വെമ്പുന്നു…. “സോറി…” എങ്ങനെയോ പറഞ്ഞൊപ്പിച്ചുകൊണ്ടവൾ എഴുന്നേറ്റ് വീട്ടിലേക്കോടി… ഹൃദയത്തിന്റെ തേങ്ങൽ കാലിലെ കൊലുസ്സുകൾ ഏറ്റെടുത്തു…അപ്പോഴും കണ്ണുകളിൽ ഇടതുകാലിനു ബലം കൊടുത്തുകൊണ്ട് എഴുന്നേൽക്കാൻ ശ്രമിക്കുന്നവന്റെ മുഖത്തെ നോവ്…….  (തുടരും)

തോളോട് തോൾ ചേർന്ന്: ഭാഗം 7

മുഴുവൻ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story