തോളോട് തോൾ ചേർന്ന്: ഭാഗം 9

തോളോട് തോൾ ചേർന്ന്: ഭാഗം 9

എഴുത്തുകാരി: ജിച്ചന്റെ കാവു

പൂജാമുറിയിലെ ശ്രീകൃഷ്ണവിഗ്രഹത്തിന് മുന്നിൽ ഇറുക്കിയടച്ച കണ്ണുമായി ധ്വനി നിൽക്കുമ്പോഴും കൂപ്പിപ്പിടിച്ച കയ്കൾക്കുള്ളിൽ ആലിലതാലി ഭദ്രമായിരുന്നു… പ്രാർത്ഥനയോടെ കണ്ണുകൾ തുറന്നുകൊണ്ട് കണ്ണനെ നോക്കുംനേരം മിഴിനീർ തുള്ളികൾ ചാലിട്ടൊഴുകി… പതിയെ തല ചെരിച്ചുകൊണ്ട് അടുത്തു നിന്നു കണ്ണുകളടച്ചു പ്രാർത്ഥിക്കുന്നവനെ നോക്കി… നെഞ്ചോരം ചേർന്നുകിടക്കും താലിയിൽ പിടിമുറുകുമ്പോൾ ഓർമ്മകൾ തലേന്ന് രാത്രിയിലേക്ക് പോയി… അനന്ദുവിനോട് ഒരിക്കലും പറയണമെന്ന് കരുതിയിരുന്നതല്ല… മനസ്സ് കയ്യ്‌വിട്ടുപോയ അന്നേരം അറിയാതെ ഉള്ളിലുള്ള ഇഷ്ടം പുറത്തുവന്നതാണ്…

അറിഞ്ഞിട്ടും വെപ്രാളത്തോടെ തന്നിൽ നിന്നും അകലാൻ വെമ്പുന്നവനെ കണ്ടു നിൽക്കാനാവാതെ വീട്ടിലേക്ക് ഓടുമ്പോൾ പിന്നാമ്പുറത്തെ ചായിപ്പിനരികിൽ നിൽക്കുന്ന അമ്മയുടെ മുൻപിലാണ് ചെന്നെത്തിയത്…. ആ ഒരു അവസ്ഥയിൽ അമ്മയെ ഒറ്റക്ക് കാണും നേരം എല്ലാം മറന്നുകൊണ്ട് മാറിൽ ചാഞ്ഞിരുന്നു… ചങ്കുപൊട്ടി കരയുന്നതിനൊപ്പം ഉള്ളിനുള്ളിൽ അറിയാതെ മുളച്ചുവന്ന പ്രണയവും അത് നൽകും നോവുമെല്ലാം അമ്മയ്ക്ക് മുൻപിൽ വെളിവാക്കുമ്പോൾ മറ്റൊന്നും തന്നെ ചിന്തിച്ചിരുന്നില്ല… കുഞ്ഞുകൊച്ചിനെ പോലെ അമ്മയുടെ മാറിൽ പതുങ്ങിക്കൊണ്ട് അനന്ദുവിനെ മറക്കാനാവില്ലെന്നു കരഞ്ഞു അപേക്ഷിക്കുകയായിരുന്നു… അന്നേരമെല്ലാം എതിർത്ത് ഒന്നും പറയാതെ അമ്മയും അവളെ ഇരു കയ്യാലെയും പൊതിഞ്ഞു പിടിച്ചിരുന്നു… കരച്ചിൽ അടങ്ങും വരെ ആ അമ്മയുടെ കയ്യ്കളവളുടെ തലയിൽ തഴുകിക്കൊണ്ടിരിക്കെ വല്ലാത്തൊരു ആശ്വാസം അവളിലും നിറഞ്ഞു…

നിറഞ്ഞൊഴുകും കണ്ണുകളും ഏന്തലുകളും ബാക്കി നിൽക്കെ എപ്പോഴോ അമ്മയും അവളോട് സംസാരിച്ചിരുന്നു… അവളുടെ ഉള്ളം കൂടുതൽ അറിയാൻ ശ്രമിച്ചിരുന്നു… അനന്ദുവിനെ ആദ്യമായി കണ്ടതുമുതൽ തന്നിൽ തോന്നിയ മാറ്റങ്ങളും സ്നേഹവുമെല്ലാം അമ്മയോടായവൾ പറയുമ്പോൾ ഓരോന്നും ശ്രദ്ധയോടെ അമ്മയും കേൾക്കാൻ ശ്രമിച്ചു.. … അവളെ ഇരു കയ്യാലെയും പൊതിഞ്ഞുപിടിച്ചുകൊണ്ട്…. അവളുടെ ഉള്ളം തൊട്ടറിഞ്ഞുകൊണ്ട് സ്നേഹത്തോടെ അതിലുപരി വാത്സല്യത്തോടെ ഒരമ്മയുടെ സ്വപ്നങ്ങളും ആധികളും വ്യാകുലതകളും വ്യക്തമാക്കികൊടുക്കുമ്പോൾ അവളും അതെല്ലാം മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു… ” അനന്ദു നല്ല പയ്യനാ ധച്ചൂ… അമ്മക്കറിയാം… അവനിലെ നന്മ തിരിച്ചറിയാതെ പറയുകയല്ല അമ്മ… നിക്ക് എന്നും എപ്പോഴും വലുത് ന്റെ മക്കളുടെ ഭാവിയാണ്… ഞാനെന്നല്ല ഏതൊരമ്മയും സ്വാർത്ഥയായിപ്പോകും മോളെ… സ്വന്തം കുഞ്ഞിന്റെ കാര്യം വരുമ്പോൾ ആരും സ്വാർത്ഥയായി പോവും…

ന്റെ മോൾക്ക് ഏറ്റോം നല്ലൊരു ജീവിതം ഉണ്ടാവണമെന്നേ അമ്മ ആഗ്രഹിക്കുന്നുള്ളൂ… അനന്ദു… അവന്റെ വൈകല്യം ഇന്നെന്റെ മോൾക്കൊരു കുറവായി തോന്നില്ല… പക്ഷെ ജീവിതമാണ് ധച്ചു… അമ്മക്ക്… അമ്മക്ക് മോളുടെ ജീവിതം വച്ച് കളിക്കാനാവില്ല… ന്റെ കുട്ടിക്ക് അവനെ മറന്നുകൊണ്ട് ഹരിയേ സ്നേഹിക്കാൻ പറ്റും… പറ്റണം… അനന്ദു ഒരിക്കലും നിന്നെപ്പോലൊരു കുട്ടിയുടെ ജീവിതം സ്വന്തമാക്കാൻ ആഗ്രഹിക്കില്ല… സ്വന്തം ബുദ്ധിമുട്ടുകൾക്കിടയിലേക്ക് മറ്റൊളോരുവളെ കൂടെ കൂട്ടില്ല… ” വൈകല്യമുള്ള ഒരുവനെക്കാൾ എന്തുകൊണ്ടും മകൾക്ക് യോജിച്ചവനെ തന്നെയാണ് അവൾക്കായി കണ്ടെത്തിയിരിക്കുന്നത് എന്നുള്ള ആത്മവിശ്വാസം അമ്മയിൽ തെളിഞ്ഞു കാണെ അവൾക്കുള്ളം നൊന്തു… പിന്നെയും… സ്വന്തം മകളുടെ ജീവിതത്തിനു മുൻപിൽ ഏതൊരു മാതാപിതാക്കളെയും പോലെ ഭാനുമതിയും സ്വാർത്ഥയായി മാറുന്നത് അവളും കണ്ടുകൊണ്ടിരുന്നു…

മകളുടെ നല്ല ഭാവി കാലിനു വൈകല്ല്യമുള്ളവനിൽ അമ്മ കാണുന്നില്ലെന്നു തിരിച്ചറിഞ്ഞതും അവളുടെ ഹൃദയം ആദ്യത്തതിനേക്കാൾ പിടഞ്ഞു… അവളിൽ പ്രണയമല്ലെന്നും സഹതാപം കൊണ്ടുണ്ടായ വികാരം മാത്രമാണെന്നും ആ അമ്മ പറയവേ എതിർത്തു പറയുവാൻ തോന്നിപോയി അവൾക്ക്… ഇപ്പോൾ പ്രേശ്നമായി തോന്നാത്ത വൈകല്യം തുടർജീവിതത്തിൽ ഭാരമായി മാറുമെന്നും മകളുടെ സന്തോഷപൂർണമായ ജീവിതത്തെ അത് ബാധിക്കുമെന്നും അമ്മ വ്യാകുലപ്പെട്ടു.. പതിയെ അനന്ദുവിനെ മറന്നുകൊണ്ട് പുതിയ ജീവിതം തുടങ്ങുവാൻ ഉപദേശിക്കുമ്പോഴും ചേർത്തുപിടിച്ചിരിക്കുന്ന അമ്മയുടെ കൈയ്കൾ വാത്സല്യത്തോടെ തഴുകുകയായിരുന്നു അവളെ… സ്നേഹംകൊണ്ട് മുറിവേൽക്കുകയായിരുന്നവൾക്ക്… ആ രാത്രിയിൽ തെല്ലൊരു ഭയത്തോടെ അവളെ തന്നിലേക്ക് ചേർത്തുപിടിച്ചുകൊണ്ടൊരമ്മ ആസ്വസ്ഥതയോടെ കിടക്കുമ്പോൾ പ്രണയവും മാതൃസ്നേഹവും ഇരു ചങ്ങലയായി അവളെ എതിർ ദിക്കുകളിലേക്ക് കെട്ടിവലിച്ചുക്കൊണ്ടിരുന്നു….

അമ്മയുടെ വലതുമാറിൽ പതുങ്ങി ഇതൊന്നുമറിയാതെ ദേവൂട്ടി ചേച്ചിയുടെ കല്യാണസ്വപ്‌നങ്ങളിൽ മുഴുകി നിദ്രയെ പുൽകി… പിറ്റേന്നും കലങ്ങിമറിഞ്ഞ മനസ്സുമായി എല്ലാത്തിനും ഇരുന്നുകൊടുക്കുമ്പോൾ ഉള്ളിൽ അമ്മയുടെ വാക്കുകൾ ഓരോന്നും മുഴങ്ങിക്കൊണ്ടിരുന്നു… അവയ്ക്ക് ഹൃദയത്തിലെ അനന്ദുവിന്റെ ചിത്രത്തെ മറയ്ക്കാൻ കെൽപ്പുണ്ടായിരുന്നു… വേദനയോടെ അവയുടെ ആധിപത്യം തിരിച്ചറിഞ്ഞുകൊണ്ടിരുന്നുകൊടുത്തു… എല്ലാത്തിനും… ചുറ്റും പരിചയമുള്ള മുഖങ്ങൾ പലതും നിറഞ്ഞു… പലരുടെയും സംസാരങ്ങളും… എല്ലാത്തിനുമിടയിൽ വെറുമൊരു പാവയായവൾ മാറി കഴിഞ്ഞിരുന്നു… ചിന്തകളും മനസ്സും മറ്റെങ്ങോ… എപ്പോഴോ മണ്ഡപത്തിലേക്ക് ആനയിക്കപ്പെടുന്നതും ദേവൂട്ടിയുടെ കളിചിരികളും അറിഞ്ഞു… താലികെട്ടാൻ തൊട്ടുമുൻപിൽ നിൽക്കുന്നവന്റെ സാമീപ്യം തളർത്തുമ്പോൾ വേദനയോടെ അമ്മയുടെ മുഖത്തേക്കൊന്നു നോക്കിയിരുന്നു…

പുഞ്ചിരികൊണ്ട് ഉള്ളിലെ ആധി മറച്ചുപിടിക്കുവാൻ ശ്രമിക്കുന്ന അമ്മ ആ പെണ്ണിന്റെ ഉള്ളിലെ നോവിനാഴം കൂട്ടി… അതെ നോവോടെ ചുറ്റും കണ്ണോടിക്കുംനേരം ആളുകൾക്കിടയിൽ വലതുഭാഗത്തേക്ക് നീങ്ങി നിന്നുകൊണ്ട് തന്നെ തന്നെ നോക്കുന്നവനെ കണ്ടു… അവന്റെ ചുണ്ടിലെ പുഞ്ചിരി മറയ്ക്കും നോവ് ആദ്യമായി അവൾക്കുമുൻപിൽ വെളിവായി… കണ്ണുകൾ അവനിൽ മാത്രം പതിപ്പിച്ചുകൊണ്ട് നിൽക്കുമ്പോൾ ചുറ്റുമുള്ള മറ്റെല്ലാം മറന്നിരുന്നു അവൾ… രാത്രിയിൽ അവന്റെ തോളോട് ചാഞ്ഞിരുന്നത്… ആ സ്വരം ഉള്ളിൽ നിറച്ചത്… ആ ഗന്ധത്തെ സിരകളിൽ പടർത്തിയത്… പ്രണയം പറഞ്ഞത്… ആ ഓർമ്മകൾ മാത്രം ഉള്ളിൽ തെളിയെ കണ്ണുകളിൽ അവൻ മാത്രം… കാതിൽ അവന്റെ സ്വരവും… ചുറ്റും ഉയർന്നുകേൾക്കുന്ന ശബ്ദങ്ങൾ തിരിച്ചറിയാനാവാതെ തന്നിലേക്ക് മാത്രം നീളുന്ന കണ്ണുകളിൽ അടിമപ്പെട്ടവൾ നിന്നുപോയി… എപ്പോഴോ ആ കണ്ണുകൾ തന്നിൽ നിന്നും മാറുന്നതും അവയിൽ ഞെട്ടൽ വെളിവായതും അത് പിന്നെ ദയനീയതയായി മാറുന്നതും നോക്കിനിൽക്കേ അവ്യക്തമായ എന്തൊക്കെയോ സ്വരങ്ങളും ചുറ്റും നിറയുന്നതവൾ അറിഞ്ഞു…

അവന്റെ കണ്ണുകൾക്കു പിന്നാലെ സഞ്ചരിക്കുമ്പോൾ ഹരിമാഷെ ഇറുക്കെ കെട്ടിപിടിച്ചു കരയുന്ന അപ്പുവിൽ ചെന്നവ എത്തി നിന്നു… അടഞ്ഞിരുന്ന കാതുകളിൽ എന്തൊക്കെയോ ശബ്ദങ്ങൾ മുഴങ്ങുന്നു… ഞെട്ടലോടെ തന്നെയും അപ്പുവിനെയും മാറി മാറി നോക്കിക്കൊണ്ട് ഹരിമാഷ് അവളെ അടർത്തിമാറ്റി കവിളിൽ ആഞ്ഞടിക്കുമ്പോൾ അവന്റെ കാലുകളിലേക്ക് വീണുകൊണ്ട് അപ്പു ചുറ്റിപ്പിടിച്ചു കരയുകയായിരുന്നു… ” ന്റെ ഹരിയേട്ടനല്ലേ… അപ്പൂനെ വിട്ട് പോവല്ലേ… നിക്ക് വേണം… മരിച്ചുപോവും അപ്പു… ഹൃദയംപൊട്ടി… നിക്ക്… നിക്ക് പറ്റണില്ല ഏട്ടാ…. ന്നെ സ്നേഹിച്ചൂടെ… നിക്കുവേണം… ന്റെയാ… ന്റെ ഹരിയേട്ടനാ… ” എപ്പോഴോ അവ്യക്തമായി തന്നെ അവളുടെ കരച്ചിൽനൊപ്പം വാക്കുകളും കേട്ടു… കണ്ണുകൾ പിന്നെയും ധൃതിയിൽ ആൾക്കൂട്ടത്തിലേക്ക് നീണ്ടിരുന്നു… അവനു വേണ്ടി… തിക്കും തിരക്കും കൂട്ടുന്നവർക്കിടയിൽ വലതുകാൽ വലിച്ചു വച്ചുകൊണ്ട് മണ്ഡപത്തിലേക്കടുക്കാൻ ശ്രമിക്കുന്നവന്റെ മുഖത്തെ ഭാവങ്ങൾ വേദന നിറഞ്ഞതായിരുന്നു…

മറ്റുള്ളവരെ വകഞ്ഞുമാറ്റി മുന്നോട്ടായാൻ പ്രായസ്സപ്പെടുന്നവന്റെ വലതുകാൽ അവനെ തോൽപ്പിച്ചുകൊണ്ടിരുന്നു… പിന്നെയും അവനെ മാത്രം കണ്ണും കാതും വരവേൽക്കുമ്പോൾ അവനാ തിരക്കിൽ നോവോടെ കടന്നുവരാൻ ശ്രമിക്കുന്നത് ഉള്ളിനെ പൊള്ളിച്ചു… അവന്റെ മുഖത്തെ വേദന ഹൃദയത്തെ മുറിവേൽപ്പിച്ചു… പ്രയാസപെട്ട് ഒരു വിധനെ മണ്ഡപത്തിലേക്ക് കടന്നുവന്നുകൊണ്ടവൻ അപ്പുവിനെ ഹരിയുടെ കാലിൽ നിന്നും അടർത്തി മാറ്റാൻ ശ്രമിക്കുമ്പോൾ പിന്നെയും പരാജയപ്പെട്ടുകൊണ്ടിരുന്നു… അവനിൽ മാത്രം കണ്ണും മനസ്സും അർപ്പിച്ചിരിക്കുന്ന പെണ്ണും അവനൊപ്പം പരാജയപെട്ടു… കണ്ണുനീരോഴുകി… അനന്ദുവിനെ നെഞ്ചോരം ചേർത്തുപിടിച്ചു സമാധാനിപ്പിക്കുവാനുള്ളം വെമ്പി… ചുറ്റുമുള്ള നൂറായിരം ആളുകളുടെ ബഹളങ്ങൾക്കിടയിൽ അനന്ദുവിന്റെ സ്വരം മാത്രം കാതുകൾ ഉള്ളിലേക്കെത്തിച്ചു… അപ്പുവിനെ ചുറ്റിപ്പിടിച്ചുകൊണ്ട് പിന്നോക്കം നീക്കുവാൻ ശ്രമിക്കുന്നവൻ എപ്പോഴോ മുഖമുയർത്തി ധ്വനിയെയും നോക്കിയിരുന്നു…

അവന്റെ ആ നോട്ടത്തിൽ തളർന്നുപോയ പെണ്ണ് ആരുടെയോ ബലത്തിൽ വീഴാതെ നിന്നു… മനസ്സെങ്ങോ ആയിരുന്നെങ്കിലും കണ്ണുകളിൽ എപ്പോഴോ കൃഷ്ണമാമ അനന്ദുവിനെ ചേർത്തു പിടിക്കുന്നതും ഹരിമാഷ് അപ്പുവിനെ കാലിൽ നിന്നും പിടിച്ചേൽപ്പിക്കുന്നതും അവളൊരു പൊട്ടികരച്ചിലോടെ ആ മനുഷ്യനെ പൂണ്ടടക്കം കെട്ടിപിടിക്കുന്നതും എല്ലാമെല്ലാം തെളിഞ്ഞു… എപ്പോഴോ അവളെ നെഞ്ചോരം ചേർത്തുകൊണ്ടമ്മ കെട്ടിപ്പിടിച്ചു കരയുന്നതും അറിഞ്ഞു…അന്നേരം അമ്മ പറയുന്നതെന്തെന്നോ ഏതെന്നോ തിരിച്ചറിയാനാവാതെ തലേന്ന് രാത്രിയിലെ അമ്മയുടെ വാക്കുകൾ മാത്രം ഉള്ളിൽ മുഴങ്ങി… കണ്ണീരിൽ ചാലിച്ച അമ്മയുടെ മുത്തങ്ങൾ ഏറ്റുവാങ്ങി… അവ്യക്തമായ ശബ്ദങ്ങൾ ചുറ്റും നിറയെ കരയാൻ പോലും മറന്നിരുന്നു അവൾ… നിർവികാരത നിറയെ എല്ലാവരെയും മാറി മാറി നോക്കുന്നെങ്കിലും ഉള്ളം മറ്റൊരു ലോകത്തിലെത്തി നിൽക്കുകയായിരുന്നു… ദേവൂട്ടിയുടെ ചുറ്റിപ്പിടിച്ച കൈകൾ വയറിൽ മുറുകും നേരം തല ചെരിച്ചുകൊണ്ടവളെ നോക്കി..

കരഞ്ഞു തളർന്ന ആ കുഞ്ഞുമുഖം ആദ്യമായി അവളിൽ മാറ്റങ്ങളൊന്നും വരുത്താതിരുന്നു… ധ്വനി എങ്ങോ പോയിമറഞ്ഞിരുന്നു… കണ്മുൻപിൽ നടക്കുന്നതിലും സംഘർഷം ഉള്ളിൽ നടന്നുകൊണ്ടിരിക്കെ ധ്വനി അവളല്ലാതായികൊണ്ടിരുന്നു… ആഴ്ചകളായുള്ള കരച്ചിലും മനസ്സിന്റെ വിങ്ങലും പുറമെ ചിരിച്ചുകാണിച്ചുകൊണ്ടുള്ള അഭിനയത്തിനുമെല്ലാം തിരശീല വീണു കഴിഞ്ഞു… കണ്ണുകൾ പിന്നെയും അനന്ദുവിലേക്ക് വ്യഗ്രതയോടെ നീണ്ടു… ദയനീയമായ മുഖത്തോടെ അപ്പുവിനോടും ഹരിയോടും കൃഷ്ണനോടുമെല്ലാം എന്തൊക്കെയോ പറയുകയും ഒഴുകുന്ന കണ്ണീരിനെ പുറംകയ്യാൽ തുടച്ചുമാറ്റുകയും ചെയ്തുകൊണ്ടിരുന്നു അവൻ… ഇടക്കെല്ലാം വയ്യാത്ത കാലും വലിച്ചു നടന്നു അപ്പുവിനെ ഹരിയിൽ നിന്നും അടർത്തിമാറ്റാൻ ശ്രമിക്കുന്നു…

ഒന്നിനും സാധിക്കാത്തവന്റെ ദയനീയത അമർഷവും നോവുമായി തീരുമ്പോൾ ഇരുകായ്യാലെയും മുടിയിൽ കോർത്തുവലിച്ചുകൊണ്ട് അടുത്തുള്ള തൂണിലേക്ക് ചാഞ്ഞു നിൽക്കുന്നവൻ ധ്വനിയുടെ ഉള്ളിലും പടർന്നു കയറി… അവന്റെ വേദന തെളിഞ്ഞു നിൽക്കും മുഖം പെണ്ണിന്റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു… അവനിലേക്ക് അടുക്കുവാൻ വെമ്പുന്ന ഹൃദയത്തോടൊപ്പം ശരീരവും ചലിക്കാൻ തുടങ്ങവേ അമ്മയുടെ കയ്കളവനെ തഴുകുന്നതു കണ്ടു… അവനോടായി അമ്മ നിറമിഴിയാലേ സംസാരിക്കുന്നതറിഞ്ഞു… അവന്റെ മുഖത്തെ മറയ്ക്കാനെന്നവണ്ണം ആരൊക്കെയോ പിന്നെയും അവനുചുറ്റും കൂടുമ്പോൾ പെണ്ണിന്റെ കണ്ണുകൾ നിരാശയോടെ താഴ്ന്നു… ഇടക്കെപ്പോഴോ തോന്നിയൊരു ഉൾവിളിയിൽ മുഖമുയർത്തി നോക്കുമ്പോൾ ഹരിയേട്ടനെ ചുറ്റി വരിഞ്ഞുകൊണ്ട് അപ്പു പതം പറഞ്ഞ് കരഞ്ഞുകൊണ്ടിരിക്കുന്നതും നിറഞ്ഞൊഴുകുന്ന കണ്ണുകളാലെ അവളെ മാത്രം ശ്രദ്ധിച്ചുകൊണ്ട് അവൻ നിൽക്കുന്നതും കണ്ടു…

എപ്പോഴോ ആ കൈയ്കളും അവളുടെ തളർന്നുപോവാൻ തുടങ്ങിയ ശരീരത്തെ പൊതിഞ്ഞിരുന്നു… അപ്പോഴെല്ലാം വല്ലാത്തൊരു വെപ്രാളമായിരുന്നു ഹരിനന്ദനിൽ…. ആ വെപ്രാളം അവനുള്ളിൽ എവിടെയോ ഉള്ള അപ്പുവിന്റെ സ്ഥാനം വെളിവാക്കുമ്പോൾ ഒരു ചെറു പുഞ്ചിരി ധ്വനിയിലും വിടർന്നിരുന്നു… എന്തിനെന്നറിയാതെ… പിന്നെയും മുഖം കുനിച്ചു നിന്നു… അടുത്തായരോക്കെയോ വന്നുനിൽക്കുന്നതും പലതും പറയുന്നതും എങ്ങോ എന്നപോലെ അറിഞ്ഞു… എപ്പോഴോ തൊട്ടടുത്തുവന്നുനിന്നവന്റെ വിയർപ്പിന്റെയും അത്തറിന്റെയും സമ്മിശ്ര ഗന്ധം നാസികയെ തുളച്ചു ഹൃദയത്തിലേക്ക് നേരിട്ടിറങ്ങി തണുപ്പ് പടർത്തുമ്പോൾ വെപ്രാളത്തോടവൾ മുഖമുയർത്തി… അന്നേരം തന്നെ കഴുത്തിലൊരു മഞ്ഞചരടിൽ കോർത്ത താലി വീണു കഴിഞ്ഞിരുന്നു… ഉയർത്തിയ കണ്ണുകൾ താലിയിൽ ഉടക്കിക്കൊണ്ട് നെഞ്ചിലേക്ക് നീളുമ്പോഴേക്കും മൂന്ന് കെട്ടിനാൽ അവനവളെ സ്വന്തമാക്കിയിരുന്നു… അവിശ്വസനീയതയോടെ കണ്ണുകൾ അവനിലേക്ക് പായിക്കുമ്പോൾ അവനാ പെണ്ണിന്റെ നെറുകയിൽ സിന്ദൂരം കൊണ്ട് ചുമപ്പിക്കുകയായിരുന്നു…

തെല്ലൊരു പുഞ്ചിരിപോലുമില്ലാത്ത ആ മുഖത്തെ കണ്ണുകൾ നിറഞ്ഞു നിന്നിരുന്നത് ഏത് വികാരം കൊണ്ടായിരുന്നെന്നു പെണ്ണിന് തിരിച്ചറിയാനായില്ല… എന്തൊക്കെയാണ് ചുറ്റും നടക്കുന്നതെന്നു മനസിലാവാതെ പിന്നെയും കണ്ണുകളെ ചുറ്റും പായിക്കുമ്പോൾ അപ്പുവിന്റെ സിന്ദൂരരേഖ ചുവപ്പിക്കുന്ന ഹരിമാഷും കണ്ണിൽ തടഞ്ഞു… വിഷാദം മാത്രം നിറഞ്ഞു നിന്നിരുന്ന എല്ലാമുഖങ്ങളിലും ആശ്വാസം നിറയെ എപ്പോഴോ അനന്ദുവിന്റെ കണ്ണുകളും ധ്വനിയുടേതുമായി കൊരുക്കുമ്പോൾ ഇമ ചിമ്മാൻ മറന്നുകൊണ്ടിരുവരും കണ്ണുകളാൽ സംവദിച്ചുകൊണ്ടിരുന്നു… ആരോ തമ്മിൽ കൂട്ടിചേർത്ത കയ്യ്പത്തിയിൽ അവൻ മുറുക്കെ പിടിച്ചുകൊണ്ട് മണ്ഡപത്തിന് വലം വയ്ക്കുംനേരം ഇടതുകാലിൽ ബലം നൽകിക്കൊണ്ട് വലതുകാൽ നീട്ടി വയ്ക്കുന്നതിനൊപ്പം ശരീരവും ഉലയുന്നുണ്ടായിരുന്നു… അവനോടൊപ്പം ആ കൈയ്കളുടെ ചൂടിൽ പതുങ്ങി നടക്കുമ്പോൾ സ്വപ്നമോ മിഥ്യയോ എന്നറിയാതെ ഉഴറുകയായിരുന്നു ധ്വനിയുടെ ഉള്ളം…

പൂജാമുറിയിൽ കണ്ണുകളടച്ചു കാര്യമായി തന്നെ കണ്ണനോട് പ്രാർത്ഥിക്കുന്നവനെ നോക്കിയൊന്നു പുഞ്ചിരിച്ചുകൊണ്ട് ധ്വനി കഴുത്തിലെ താലിയെ കയ്യിലെടുത്ത് ചുംബിച്ചു… ഒരിക്കലും നേടാനാവില്ലന്ന് കരുതിയ ഒന്ന്… അനന്ദുവിന്റെ താലി… കൊതിയോടെ ഒരിക്കൽ കൂടെ താലിയിൽ മുത്തിക്കൊണ്ടവൾ ഇരുകണ്ണുകളുമടച്ചുകൊണ്ട് കണ്ണനോടായി നന്ദിപറഞ്ഞുകൊണ്ടിരുന്നു… വേദന മാത്രം ഏറ്റുവാങ്ങിയ ഒരുവന് കയ്യ്താങ്ങാവാൻ… അവനെ സ്നേഹംകൊണ്ട് പൊതിയാൻ… ഇടറും കാലുകളെ താങ്ങി നിർത്തുവാൻ… തോളോട് തോൾ ചേർന്നുകൊണ്ട് അവളും അവനോടൊപ്പം………..  (തുടരും)…..

തോളോട് തോൾ ചേർന്ന്: ഭാഗം 8

മുഴുവൻ ഭാഗവും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story