ഉണ്ണിയേട്ടൻ: ഭാഗം 7

രചന: സനാഹ് ആമിൻ
ഒറ്റയിരിപ്പിന് ഫിസിക്സ് മൂന്ന് ചാപ്റ്റർ പഠിച്ചു.. ഇന്നത്തേക്ക് ഇതുമതി.. പത്തുമണി പോലും ആയിട്ടില്ല.. പക്ഷേ, നല്ല ഉറക്കം വരുന്നുണ്ട്.. ഞാൻ ബുക്സ് മടക്കി കൊണ്ടു വെച്ചു. പെട്ടെന്നാണ് ബുക്കുകളുടെ ഇടയിൽ മയിൽപീലിയുടെ പടമുള്ള ആ ബുക്ക് ശ്രദ്ധയിൽ പെട്ടത്.. എന്റെ ഭാവനയിൽ വിരിഞ്ഞ ഉണ്ണിയേട്ടന്റെ നവരസങ്ങൾ വരച്ചിട്ടുള്ള ബുക്കാണത്.. അത് കൈയ്യിലെടുക്കണോ വേണ്ടയോ..? വേണ്ടെന്നു തന്നെ മനസ്സിലുറപ്പിച്ചു ബെഡിൽ വന്നിരുന്നു.. ഇത്രയും നേരം കഷ്ട്ടപ്പെട്ടു പഠിച്ച ഗ്രാവിറ്റേഷനും.... തെർമോഡൈനാമിക്സും... kinetic theory യുമൊക്കെ അപ്പാടെ മറന്നു പോയോ? ഞാനതൊക്കെ ഓർത്തെടുക്കാൻ നോക്കി.. ഈശ്വരാ.. ഒന്നും ഓർമ്മവരുന്നില്ല.. മനസ്സു മുഴുവൻ ആ ബുക്കിൽ ഉടക്കിയെന്നാ തോന്നുന്നേ.. ഇനി അത് കൈയ്യിലെടുക്കാതെ വേറെ വഴിയില്ല.. മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റ് പോയി ബുക്ക് കൈയ്യിലെടുത്തു..
അതു തുറന്നു എങ്കിലും അതിലേക്ക് നോക്കാൻ മനസ്സ് അനുവദിച്ചില്ല.. ജീവിതത്തിൽ ആദ്യമായി ഇഷ്ട്ടം തോന്നിയ ആളാ.. ഒരിക്കലും സ്വന്തമാകില്ലെന്നു നല്ല വിശ്വാസവുമുണ്ട്.. പക്ഷേ, ഉണ്ണിയേട്ടനെ ഇന്ന് ഈ നിമിഷം വരെയും വെറുത്തിട്ടില്ല.. എന്നെ ഇത്രെയും പരിഹസിച്ചിട്ടു പോലും.. ഞാൻ ആ ചിത്രത്തിലേക്ക് നോക്കി.. #ശാന്തം ആഹ് ബെസ്റ്റ്.. ഈ രസം ഇപ്പൊ ഉണ്ണിയേട്ടനെ പറ്റി ചിന്തിക്കുമ്പോൾ.. എന്റെ മനസ്സിൽ പോലും വരാറില്ല.. ഞാൻ മറ്റൊരു പേജ് മറിച്ചു.. #ശൃംഗാരം ഉണ്ണിയേട്ടന്റെ സുന്ദരിയായ ഭാര്യയുടെ മുഖമാ മനസ്സിൽ തെളിഞ്ഞത്.. എനിക്ക് ചെറുതായിട്ട് അസൂയ തോന്നുന്നുണ്ടോ? തോന്നലല്ല സത്യമാ.. ചെറുതായിട്ടല്ല ഒരുപാടുണ്ട്.. Hmm.. ഇനീപ്പോ അവളുമായിട്ട് എത്രയെന്നു വെച്ചാൽ അത്രേം ശൃംഗരിക്കാലോ.. ഞാൻ അസൂയയോടെ മറ്റൊരു പേജ് മറിച്ചു... #രൗദ്രം ഇതാണ് ശരിക്കും ഇപ്പൊ സംഭവിക്കുന്നത്.. ഈ മോന്തായം തന്നെയാ ഇപ്പോ ഉള്ള ഉണ്ണിയേട്ടന്.. ദുഷ്ട്ടൻ.. ഞാനാ ചിത്രത്തിലേക്ക് തുറിച്ചു നോക്കി.. എനിക്കെന്തോ പെട്ടെന്ന് ദേഷ്യം വന്നു.. ഞാനാ ബുക്കെടുത്തു നിലത്തേക്ക് വലിച്ചെറിഞ്ഞു.
. ഇന്ന് മൊത്തം അവിടെ കിടന്നോ.. ഞാൻ ലൈറ്റ് ഓഫ് ചെയ്ത് ബെഡിലേക്ക് വീണു.. സ്കൂളിലേക്ക് പോകാൻ തയ്യാറായി അമ്മയോട് ബൈ പറഞ്ഞിറങ്ങി.. പക്ഷെ ആ രൂപേഷിനെ കുറിച്ചോർത്ത് ഒരു സമാധാനക്കുറവ് കീർത്തി ഇല്ലാത്തത് പിന്നെയും സഹിക്കാം.. ആ കപീഷ് പൊട്ടനെ എങ്ങനെ സഹിക്കും.. ഈശ്വരാ കാത്തോളണേ.. ഞാൻ രണ്ടും കൽപ്പിച്ചു ഇറങ്ങി.. പൂച്ചയെ പോലെ പതുങ്ങി പതുങ്ങി ഗേറ്റിനടുത്തേക്ക് വന്നു, ശബ്ദമില്ലാതെ ഗേറ്റ് തുറന്നു വഴിയിലേക്ക് എത്തി നോക്കി.. ഹോ ഭാഗ്യം അവനില്ല.. ഞാൻ ആശ്വാസത്തോടെ ഒരു ദീർഘശ്വാസമെടുത്തു തിരിഞ്ഞപ്പോ ഇളിച്ചോണ്ട് മുന്നിൽ നിൽക്കുന്നു... "നീ... " ഞാൻ ചോദ്യഭാവത്തിൽ അവനെ നോക്കി.. "യെസ്.. ഞാൻ തന്നെ.. എന്നെ കാണാതെ വിഷമിച്ചു നിൽക്കുവായിരുന്നോ?" അവൻ കൂളായി ചോദിച്ചു.. ഞാൻ മറുപടിയൊന്നും പറയാൻ നിൽക്കാതെ ധൃതിയിൽ നടന്നു.. "ശ്ശെടാ... ഇത്രയും സ്പീഡ് എന്തിനാ.. ഒന്ന് പതുക്കെ പോ.." "എനിക്ക് പതുക്കെ പോകാൻ അറിയില്ല.. താനെന്തിനാ എന്റെ പിന്നാലെ വരുന്നേ.." "തന്റെ മേലൊരു കണ്ണുണ്ടാകണം എന്ന് കീർത്തി പറഞ്ഞത് താൻ മറന്നോ.. "
"കീർത്തി അങ്ങനെ പലതും പറയും.. അതും കേട്ടോണ്ട് എന്റെ പിന്നാലെ വരണ്ട.." "സത്യം പറഞ്ഞാൽ തന്റെ പിന്നാലെ നടക്കാൻ എനിക്ക് ഒട്ടും താല്പര്യമില്ല.. താൻ ഇതെന്റെ ഒരു ഔദാര്യമായി കണ്ടാൽ മതി.. പിന്നെ, കീർത്തി എന്റെ ബെസ്റ്റ് ഫ്രണ്ടാ.. അവളൊരു കാര്യം പറഞ്ഞാൽ എനിക്കത് ചെയ്യാതിരിക്കാൻ ആവില്ലല്ലോ.." അവന്റെ വർത്താനം എന്നെ വല്ലാതെ ചൊടിപ്പിച്ചു.. "തന്റെ ഒരു ഔദാര്യവും എനിക്ക് ആവശ്യമില്ല.. പിന്നെ കീർത്തി.. അവളെന്റെയും ബെസ്റ്റ്ഫ്രണ്ടാ.. അതുകൊണ്ട് ഞാൻ പറയുന്നു. താൻ എന്റെകൂടെ ഇങ്ങനെ നടക്കണ്ട.. എനിക്കത് ഇഷ്ട്ടല്ല.. " "തനിക്ക് ഇഷ്ടമല്ലെങ്കിൽ വേണ്ടാ.. പക്ഷേ എനിക്കിഷ്ട്ടമാ.. " അവന്റെ അർത്ഥം വെച്ചുള്ള സംസാരം എനിക്കെന്തോ പിടിച്ചില്ല.. "ആ ഇഷ്ടവും കൊണ്ട് താൻ ഇങ്ങോട്ട് വരണ്ട.. " "വന്നാലോ? " "ഇതെന്ത് ശല്ല്യമാ.. മര്യാദക്ക് ഇവിടുന്ന് പൊയ്ക്കോ.. ഇല്ലേൽ, താൻ വിവരമറിയും..
"എന്നെ മര്യാദ പഠിപ്പിക്കാൻ നീയാരാ.. പിന്നെ, നീ പറയുന്നത് അനുസരിക്കാൻ ഞാൻ നിന്റെ വേലക്കാരനും അല്ല.. ഈ വഴി അതു നിന്റെ തറവാട്ട് സ്വത്തും അല്ല .. അതുകൊണ്ട് മാഡം എന്നെ വിവരം അറിയിച്ചു ബുദ്ധിമുട്ടേണ്ട കാര്യവുമില്ല മനസ്സിലായോ.. " അവൻ ദേഷ്യത്തിലെങ്ങനെ പറഞ്ഞപ്പോ പെട്ടെന്നെന്തോ മനസ്സൊന്നു വേദനിച്ചു.. കണ്ണും നിറഞ്ഞപോലെ.. ഞാനത് മുഖത്തു കാട്ടാതെ തിരിഞ്ഞു നോക്കാതെ സ്കൂളിലേക്ക് ഓടി.. അവനെന്റെ പിന്നാലെ വന്നെങ്കിലും ഞാൻ നിൽക്കാൻ കൂട്ടാക്കിയില്ല.. എന്റെ പിന്നാലെ കൂടിയിട്ട് എന്നോട് ദേഷ്യപ്പെടുന്നോ... ഒരക്ഷരം പോലും അവനോട് ഇനി മിണ്ടരുത്.. അവനിനി എത്ര പ്രകോപിപ്പിച്ചാലും കണ്ടഭാവം പോലും കാട്ടരുത്.. ക്ലാസ്സിലിരുന്നപ്പോ ഇതൊക്കെ ഞാനെന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.. ************* കീർത്തിയില്ലാതെ ക്ലാസ്സിൽ ജീവനുള്ള ശിലപോലെയാ ഞാൻ ഇരുന്നത്.. വല്ലാത്തൊരു ഒറ്റപ്പെടൽ.... അവളുണ്ടായിരുന്നെങ്കിൽ, ഒരു നിമിഷം പോലും ബോറടിക്കില്ല.. അവളടുത്തുള്ളപ്പോൾ വല്ലാത്തൊരു ഉത്സാഹമാ..
എത്ര വലിയ ടെൻഷനിൽ ഇരുന്നാലും രണ്ടു മിനിറ്റ് അവളോട് മിണ്ടിയാൽ മതി.. എല്ലാ ടെൻഷനും സ്റ്റേറ്റ് വിടും.. LKG മുതൽ തുടങ്ങിയ ഫ്രണ്ട്ഷിപ്പാ, ഇതുവരെ ഒരു പകലിൽ കൂടുതൽ ഞങ്ങൾ പിണങ്ങിയിരുന്നിട്ടില്ല.. ക്ലാസ്സിൽ തന്നെ എത്രപേർക്കാ ഞങ്ങടെ ഫ്രണ്ട്ഷിപ് കണ്ടു അസൂയ്യ തോന്നിയിട്ടുള്ളത്, ഇടക്ക് ആരെങ്കിലും ഒരാൾ ലീവ് ആയാൽ അന്ന് പിന്നെ മറ്റാരോടും മിണ്ടാൻ കൂടി തോന്നില്ല.. അങ്ങനെ കീത്തിയുടെ ഓർമ്മകളിൽ മുഴുകി ഇടുന്നപ്പോഴാ നിഖിത എന്റടുത്ത് വന്നിരുന്നത്.. ഓഹ് നശിപ്പിച്ചു.. അവൾക്ക് വന്നിരിക്കാൻ കണ്ട നേരം.. എനിക്ക് അവളോട് നല്ല ദേഷ്യം തോന്നി.. അവൾക്കെന്തെങ്കിലും വരാക്കാനോ എഴുതാനോ ഉണ്ടെങ്കിൽ മാത്രമേ ഇങ്ങനൊക്കെ വന്നിരിക്കാറുള്ളു.. ഇത്തവണയും വരവിന്റെ ഉദ്ദേശം അത് തന്നെയാകാനാ സാധ്യത.. എങ്ങനെയെങ്കിലും ഇവളെ ഒഴിവാക്കി വിട്ടിട്ടു തന്നെ ബാക്കി കാര്യം.. "നീ ബോട്ടണി റെക്കോർഡ്‌സ് എഴുതി തീർന്നോ രേവൂ".. നിഷ്കളങ്ക ഭാവത്തിലുള്ള അവളുടെ ചോദ്യം കേട്ട് എനിക്ക് കൈ തരിച്ചു മോന്തക്കിട്ട് ഒരെണ്ണം കൊടുക്കാനാ തോന്നിയെ..
"തീർന്നു.. " വല്യ താല്പര്യമില്ലാത്ത പോലെ ഞാൻ പറഞ്ഞു.. "ഡാ.. എനിക്ക് ഒരു experiment ഒന്നും മനസ്സിലാകുന്നില്ല.. ഞാനന്ന് ലീവ് ആയിരുന്നു അതൊന്നു പറഞ്ഞു തരുമോ..? " "ഏത് experiment? " "Respiration in plants" "സോറി ഡാ.. എനിക്കും അത് അറിയില്ല.. ഞാൻ ചുമ്മാ എഴുതി വെച്ചു എന്നേ ഉള്ളൂ.. " അറിയാമെങ്കിലും മനഃപൂർവ്വം ഇല്ലന്ന് പറഞ്ഞു ഒഴിവാക്കാനായിരുന്നു എന്റെ പ്ലാൻ.. പക്ഷേ.. "ആണോ? എന്നാ അത് എനിക്കൂടി എഴുതി താ.... " ഞാൻ എന്തെങ്കിലും പറയുന്നതിന് മുന്നേ അവള് റെക്കോർഡ് ബുക്ക് എന്റെ കൈയ്യിൽ തന്നു എണീറ്റു. " നാളെ തന്നാൽ മതി.. പിന്നെ ആ പടവും വരക്കണേ.. " ബുക്കെടുത്തു നിലത്തിടാനാ തോന്നിയെ.. ശ്ശേ.. എന്ത് കഷ്ട്ടമാ.. ഞാൻ പിറുപിറുത്തു കൊണ്ട് ആ ബുക്കിനൊരു അടികൊടുത്തു.. വൈകിട്ടു സ്കൂൾ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ രൂപേഷ് അവിടെ എന്നെയും കാത്തു നിൽക്കുന്നു... ഞാൻ മൈൻഡ് ചെയ്യാതെ എന്റെ ക്ലാസ്സിലെ കുട്ടികളുടെ കൂടെ നടന്നു.. അവരും അതേ ട്യൂഷൻ സെന്ററിൽ ആണ് പഠിക്കുന്നത്.. ഭാഗ്യം.. ഇവരൊക്കെ കൂടെ ഉള്ളത്..
ഒറ്റക്കായിരുന്നെങ്കിൽ അവൻ എങ്ങനെങ്കിലും വന്നു മിണ്ടിയേനെ.. ഇനി മിണ്ടാനുള്ള ഒരവസരവും ഞാൻ കൊടുക്കില്ല നോക്കിക്കോ.. വൈകിട്ട് ട്യൂഷൻ കഴിഞ്ഞു ഇറങ്ങിയപ്പോഴും അവനവിടെ എന്നെയും പ്രതീക്ഷിച്ചു നിൽപ്പുണ്ട്.. ഇനിയിപ്പോ എന്ത് ചെയ്യും.. ഞാൻ പോകുന്ന വഴിയെ പോകാൻ മറ്റാരുമില്ല.. പിന്നെ ഒന്നും ചിന്തിക്കാൻ നിൽക്കാതെ ഞാൻ സ്പീഡിൽ നടത്തം തുടർന്നു.. അവനും എന്റെ പിന്നാലെ തന്നെ കൂടി.. "രേവൂ " "സോറി " "എന്തെങ്കിലും ഒന്ന് മിണ്ടെടോ.." "രണ്ടു വഴക്കെങ്കിലും പറഞ്ഞോ.." "താനിനി എന്ത് പറഞ്ഞാലും ഞാൻ തിരിച്ചൊന്നും പറയില്ല.." "അന്നേരം താൻ അങ്ങനെ പറഞ്ഞപ്പോ പെട്ടെന്ന് തോന്നിയ ദേഷ്യത്തിൽ പറഞ്ഞതാ ഒന്ന് ക്ഷമിക്കടോ.. " വീടെത്തുന്ന വരെ അവൻ എന്റെ പിന്നാലെ വന്നു ക്ഷമാപണം നടത്താൻ ശ്രമിച്ചു, പക്ഷേ.. ഞാനൊന്നും മൈൻഡ് ചെയ്തില്ല.. പിറ്റേന്ന് സ്കൂളിൽ പോയപ്പോളും ഇത് തന്നെയായിരുന്നു അവസ്ഥ.. വൈകിട്ട് ട്യൂഷൻ കഴിഞ്ഞു വന്നപ്പോഴും ഇന്നലെ വൈകിട്ടും രാവിലെയും പറഞ്ഞ അതേ ഡയലോഗുകൾ തന്നെ റിപ്പീറ്റ് ചെയ്ത് പറഞ്ഞു കൊണ്ടിരുന്നു..
ഒരേ കാര്യം തന്നെ ഇങ്ങനെ ആവർത്തിച്ചു കേട്ടിട്ട് എനിക്ക് സഹിക്കെട്ടു.. പിന്നെ ഞാൻ സ്വയം കണ്ട്രോൾ ചെയ്തു.. പിന്നാലെ നടന്നു സോറി പറഞ്ഞു അവനു സ്വയം മടുത്തെന്നു തോന്നുന്നു.. അവസാനം അവൻ വഴിമുടക്കി മുന്നിൽ വന്ന് കൈ കൂപ്പി നിന്നു.. "പ്ലീസ് രേവൂ പ്ലീസ്.." "ഇത്തവണത്തേക്ക് ക്ഷമിക്കൂ.. " "പ്ലീസ്.. " അവൻ ഒരുപാട് നേരം കെഞ്ചിയപ്പോൾ എന്തോ പാവം തോന്നി.. എന്റെ ദേഷ്യമൊക്കെ ഇത്തിരി കുറഞ്ഞു എന്ന് തോന്നുന്നു.. "It's ok.. ഇത്തവണത്തേക്ക് ക്ഷമിച്ചു.." എന്ന് പറയാൻ തുടങ്ങിയപ്പോഴേക്കും അതാ എന്റെ മുന്നിൽ ഉണ്ണിയേട്ടൻ ബൈക്കിൽ വന്നു നിന്നു.. ഉണ്ണിയേട്ടനെ കണ്ടതോടെ എന്റെ ഹൃദയമിടിപ്പ് കൂടി.. താൻ ബുക്കിൽ വരച്ച അതേ രൗദ്ര ഭാവം തന്നെയാണ് ഉണ്ണിയേട്ടന്റെ മുഖത്തും.. എനിക്ക് തൊണ്ടവരണ്ട പോലെ തോന്നി.. ഞാൻ ഒളികണ്ണിട്ടു രൂപേഷിനെ നോക്കി.. എന്റെ മുന്നിൽ കൈകൂപ്പി നിന്നപോലെ അതേ നിൽപിൽ വെള്ളത്തിൽ വീണ പൂച്ചകുഞ്ഞിനെ പോലെ നിൽക്കുന്നു.. ഈ പൊട്ടനെന്താ കൈ താഴ്ത്തി ഇടാത്തെ.. എന്റെ mind voice ഇനി കേട്ടോ എന്തോ അവൻ പെട്ടെന്ന് ബോധം വന്നപോലെ കൈ താഴ്ത്തിയിട്ടു ഒരു ചമ്മിയ ചിരി ഉണ്ണിയേട്ടന്റെ നേരെ പാസ്സാക്കി.. ഉണ്ണിയേട്ടൻ ഞങ്ങളെ രണ്ടുപേരെയും അടിമുടി ഒന്ന് നോക്കി..
ഉണ്ണിയേട്ടന്റെ ആ നോട്ടം കണ്ടു ഞാൻ മുഖം കുനിച്ചു.. "വന്ന് വണ്ടിയിൽ കയറെടാ.. " ഉണ്ണിയേട്ടന്റെ ഗൗരവം നിറഞ്ഞ ശബ്ദം എക്കോ അടിച്ചു കേട്ടപോലെ എനിക്ക് തോന്നി.. അനുസരണയോടെ തിരിഞ്ഞു പോലും നോക്കാതെ അവൻ പോയി ബൈക്കിന്റെ പിന്നിലിരുന്നു.. ഉണ്ണിയേട്ടന്റെ രൗദ്രഭാവം ഇതുവരെ മാറിയിട്ടില്ല.. എന്നെ പുച്ഛത്തോടെ ഒരിക്കൽ കൂടി നോക്കിയിട്ടു ബൈക്ക് സ്റ്റാർട്ട് ചെയ്തു അവർ പോയി.. ബൈക്ക് വളവും കഴിഞ്ഞു പോകുന്നത് വരെ ഞാൻ നിന്നു.. എന്റെ ശരീരത്തിലുള്ള ജലാംശമെല്ലാം വറ്റിപോയ പോലൊരു ഫീൽ.. ഏറെ നാൾക്ക് ശേഷം ഉണ്ണിയേട്ടന്റെ ആ ആറ്റിട്യൂട് എന്റെ ഉറക്കം കെടുത്തി.. തിരിഞ്ഞും മറിഞ്ഞുമൊക്കെ കിടന്നു നോക്കി നോ രക്ഷ.. എന്നെയും രൂപേഷിനെയും അങ്ങനെ ഒരു സിറ്റുവേഷനിൽ ഒരുമിച്ചു കണ്ടിട്ട് ഉണ്ണിയേട്ടൻ എങ്ങനെ പ്രതികരിച്ചു കാണും.. ഇനി എന്നോട് മിണ്ടരുതെന്നു അവനെ വിലക്കി കാണുമോ? അങ്ങനെ ഒരായിരം സംശയങ്ങൾ മനസ്സിൽ രൂപപ്പെട്ടു.. നേരം ഒന്ന് വെളുത്തെങ്കിൽ.. ഒടുവിലെപ്പോഴോ ഉറങ്ങി പോയി..
പിറ്റേന്ന് പതിവിലും നേരത്തെ വീട്ടിൽ നിന്നിറങ്ങി.. ആദ്യം രൂപേഷിനെ കണ്ടു എന്താ സംഭവിച്ചതെന്നറിയണം. ഗേറ്റ് തുറന്നിറങ്ങി വഴിയിലേക്ക് ആകാംക്ഷയോടെ നോക്കിയപ്പോ എന്നെയും പ്രതീക്ഷിച്ചെന്ന പോലെ അവനവിടെ നില്പുണ്ട്.. അവനെ കണ്ടതോടെ ഇത്രയും നേരം ഉണ്ടായിരുന്ന ജിജ്ഞാസയെല്ലാം ഒറ്റയടിക്ക് മാറിയപോലൊരു ഫീൽ.. എന്താ സംഭവിച്ചതെന്ന് ചോദിക്കണോ വേണ്ടയോ? ആകെ കൺഫ്യൂഷൻ. വേണ്ട... ഇവന്റെ മുന്നിൽ തോൽക്കാൻ മനസ്സില്ല.. ഞാൻ അവനെ മൈൻഡ് ചെയ്യാതെ ധൃതിയിൽ നടന്നു... "ശെടാ.. " "ഇതുവരെ തന്റെ പിണക്കം മാറിയില്ലേ".. അവൻ എന്റെ പിന്നാലെ നടത്തം തുടങ്ങി.. "ഞാൻ കരുതി എന്നെ കണ്ടയുടനെ താൻ, ഇന്നലെ എന്താ സംഭവിച്ചതെന്ന് ചോദിക്കുമെന്നാ.. " "ഈശ്വരാ.. ചോദിക്കാനത് കാര്യമായി.." ഞാൻ മനസ്സിലോർത്തു.. "താൻ ചോദിച്ചില്ലെങ്കിലും തനിക്കതു അറിയാൻ ആകാംക്ഷയുണ്ടെന്നു എനിക്കറിയാം.. അതുകൊണ്ട് ഞാൻ പറയാം.. ഇന്നലെ പുള്ളിക്കാരന്റെ മട്ടും ഭാവവും കണ്ടപ്പോ ഞാൻ നല്ലപോലെ പേടിച്ചു..
പക്ഷേ, ഇങ്ങനെ കറങ്ങി നടക്കാതെ പോയി നാലക്ഷരം പഠിച്ചൂടെ എന്നുപറഞ്ഞു ഉപദേശിച്ചിട്ടു എന്നെ വീട്ടിൽ കൊണ്ടാക്കിയിട്ട് പുള്ളിയങ്ങു പോയി.. " അതുകേട്ടതോടെ ഒരു വലിയ മഴക്കാറ് പെയ്തിറങ്ങിയ പോലൊരു ഫീൽ.. ഞാനതു മുഖത്തു പ്രകടമാക്കാതെ നടത്തം തുടർന്നു.. "ഒന്ന് നിക്കടോ.. രണ്ടു ദിവസമായി താൻ എന്നോട് മിണ്ടിയിട്ട്.. " മിണ്ടണം എന്നൊക്കെ എനിക്കും തോന്നി പക്ഷേ.. എന്തോ.. മനസ്സ് ഗൗരവം മാറ്റാൻ അനുവദിക്കുന്നില്ല. ഞാൻ തിരിഞ്ഞു പോലും നോക്കാതെ ട്യൂഷൻ സെന്ററിലേക്ക് കയറി... ട്യൂഷൻ കഴിഞ്ഞു വരുമ്പോഴും അവനവിടെയുണ്ട്. പക്ഷെ മുഖത്തു എപ്പോഴും ഉണ്ടാകാറുള്ള ആ ഇളി ഇല്ല പകരം, ഭയങ്കര ഗൗരവമാണ്.. ഞാൻ ധൃതിൽ നടത്തം തുടർന്നു.. അവനും പിന്നാലെയുണ്ട് പക്ഷേ നിശബ്ദമായാണ് വരവ്.. ഇതെന്താ പുതിയൊരു ഭാവം.. ഒന്നും മനസ്സിലാകുന്നില്ലല്ലോ.. ഞാൻ വേഗത കുറച്ചു നടന്നു.. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഒന്നും മിണ്ടാതെ അവൻ വഴി മുടക്കി മുന്നിൽ വന്നു നിന്നു.. "തന്റെ ആട്ടും തുപ്പും സഹിച്ചു ഇനിയും ഞാൻ പിന്നാലെ വരില്ല.."
ഒരുനിമിഷം എന്ത് ചെയ്യണമെന്നറിയാതെ ഞാൻ പകച്ചു നിന്നു.. അവൻ എന്റെ മുഖത്ത് അവസാനമായെന്നോണം ദയനീയമായി നോക്കി.. "ഇനി താൻ പൊയ്ക്കോ.. " പോകാൻ മനസ്സ് വന്നില്ല എന്നാലും എന്ത് ചെയ്യണമെന്നറിയാതെ കുറച്ചു നേരം നിന്നിട്ട് ഞാൻ നടന്നു.. പോകണ്ടെന്നു പറഞ്ഞാലോ..? ഞാൻ ക്ഷമിച്ചു എന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നമേയുള്ളൂ.. അല്ലെങ്കിലും, ഞാൻ പറഞ്ഞതിനുള്ള മറുപടിയെ അവൻ പറഞ്ഞിട്ടുള്ളു.. അനാവശ്യമായി സംസാരിച്ചു ഒരു കാര്യവുമില്ലാത്ത കാര്യം ഊതിപെരുപ്പിച്ചത് ഞാനാണ്.. എന്തായാലും ഒരു സോറി പറഞ്ഞേക്കാം.. ഞാൻ ഒരു നിമിഷം കണ്ണടച്ചു നിന്നിട്ട് .. തിരിഞ്ഞു നോക്കാൻ തുടങ്ങിയതും.. "എന്നോട് മിണ്ടാതെ പോയാൽ നിന്റെ തലയിൽ തേങ്ങ വീഴും നോക്കിക്കോ.. " അവൻ ദേഷ്യത്തോടെ അലറി.......കാത്തിരിക്കൂ.........
നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.