വാക പൂത്ത നാളിൽ : ഭാഗം 21

vakapootha nalil

രചന: കടലാസിന്റെ തൂലിക

"കർത്താവെ.. ഞങ്ങൾ ഇതാ പോവുകയാണ്. അവർ ചൂലെടുക്കാതെ കാത്തോളണേ..." ഞാൻ ഉറക്കെ പ്രാർത്ഥിക്കുമ്പോൾ ഫഹീംക്കയുടെ അടക്കി പിടിച്ച ചിരി എനിക്ക് കണ്ണാടിയിലൂടെ കാണമായിരുന്നു. ചെറിയൊരു ഇടവഴി കടന്ന് ബൈക്ക് ഒരു നാല് കെട്ട് വീടിന് മുമ്പിൽ വന്നു നിന്നു. എന്റെ ഉള്ളിൽ ചെറുതായി പേടി ഉടലെടുക്കാൻ തുടങ്ങിയിരുന്നു. "ഇക്കോയ്.. എനിക്ക് പേടി ആവുന്നുണ്ട്." "നീ പേടിക്കണ്ടടി.. നിന്റെ നാത്തൂൻ അല്ലെ.. മടൽ എടുക്കില്ലായിരിക്കും. അല്ലെ.." "അടിപൊളി.അപ്പോൾ ഇയാൾക്കും പേടി ഉണ്ടല്ലേ.." "ഇല്ല എന്നൊന്നും പറയാൻ പറ്റില്ല.അവൾ മടൽ എടുത്താൽ നമുക്ക് ഇവിടെ നിന്ന് ഓടാം." "നന്നായിട്ടുണ്ട്.ഇവിടെ നിന്ന് കഥകളി കളിക്കാതെ അകത്തേക്ക് കേറാം." "ഒന്ന് കൂടി ആലോചിച്ചിട്ട് മതിയോ.. "ഫഹീംക്ക ഇളിച്ചു കൊണ്ട് പറഞ്ഞപ്പോൾ ഞാൻ പല്ല് കടിച്ചു. "ഒറ്റ കുത്ത് ഞാൻ വെച്ചു തരും.നടക്ക് അങ്ങോട്ട് .." ഞാൻ ഇക്കാനെയും വലിച്ചു വീടിന്റെ മുമ്പിലേക്ക് പോയി. ഉമ്മറത്തു തന്നെ ഒരു മദ്യവയസ്കൻ ഇരിപ്പുണ്ടായിരുന്നു.കട്ടൻ ചായ കുടിക്കുന്നതിനൊപ്പം ദേശാഭിമാനി പത്രവും വായിക്കുന്ന അയാളെ കാണുമ്പോൾ തന്നെ ഒരു സഖാവ് ആണെന്ന് തോന്നിപ്പിച്ചു.

"എടീ.. ഇതാണ് ദേവിടെ അച്ഛൻ" "മമ്മ്മ്.. അതൊക്കെ ആദ്യമേ മനസ്സിലാക്കി വെച്ചിട്ടുണ്ട് അല്ലെ.. ഇനി ഇവിടുത്തെ അമ്മയെ അറിയുമോ.." "ചെറുതായിട്ട്. "ഇളിച്ചു കൊണ്ട് ഇക്ക പറഞ്ഞു. "ആരാ.. "തിരിച്ചെന്തെങ്കിലും പറയാൻ പോയപ്പോഴേക്ക് അയാൾ ചോദിച്ചിരുന്നു. "ദേവികേച്ചിയുടെ വീട് അല്ലെ.." "അതെ.." "ഞങ്ങൾ ദേവികേച്ചിയെ കാണാൻ വന്നതാ.." "ഓഹ്.. ദേവൂട്ടി.... " അയാൾ നീട്ടി വിളിച്ചപ്പോൾ ഞങ്ങൾ ഇളിയോടെ പരസ്പരം മുഖത്തേക്ക് നോക്കി. ഒരു കൊലുസിന്റെ മണിനാദം കേട്ടപ്പോൾ ഞങ്ങളുടെ നോട്ടം അങ്ങോട്ടേക്ക് പോയി. ചുവന്ന ദാവണി എടുത്തു നെറ്റിയിൽ ഒരു ചന്ദന കുറി തൊട്ട് കയ്യിൽ നിറയെ കുപ്പിവളകൾ അണിഞ്ഞു വന്ന ദേവേച്ചിയെ ഞങ്ങൾ കണ്ണിമ വെട്ടാതെ നോക്കി.ഞങ്ങൾ നോക്കി എന്നല്ല.. ഫഹീംക്ക നോക്കി എന്ന് വേണം പറയാൻ. "എന്താ അച്ഛ." "ഇവർ നിന്നെ കാണാൻ വന്നതാ.." "ആര്."തിരിഞ്ഞു നിന്ന് നോക്കിയപ്പോൾ ആണ് ദേവേച്ചി ഞങ്ങളെ കണ്ടത്.ഞങ്ങൾ രണ്ടും വേഗം ഇളിച്ചു കൊടുത്തു. ഞങ്ങളെ കണ്ടു ദേവേച്ചിയുടെ കിളി മൊത്തമായി പറന്നു പോയി എന്ന് വേണം പറയാൻ.ഒരു മിനിറ്റ് കഴിഞ്ഞു സ്വബോധം വന്നപ്പോൾ വേഗം മുറ്റത്തേക്ക് ഇറങ്ങി വന്നു. നിങ്ങൾ എന്താ ഇവിടെ.ഞെട്ടലോടെ തന്നെ ആയിരുന്നു ദേവേച്ചി ചോദിച്ചത്.

"അതെന്തു ചോദ്യം ആണ് നാത്തൂനെ.. നാത്തൂനെ കാണാൻ വേണ്ടി അല്ലെ ഞങ്ങൾ വന്നത്." ഞാൻ ഇളിച്ചു കൊണ്ട് പറഞ്ഞു. "എടി.. എടി..എടി.." "ആരാ മോളെ ഇവർ." "ഇത് എന്റെ ഫ്രണ്ട്‌സ് ആണ് അച്ഛാ.." "എന്നിട്ടാണോ നീ അവരെ പുറത്തു നിർത്തുന്നത്.അവരെ അകത്തേക്ക് കയറ്റി ഇരുത്ത്." അത് കേട്ടതും ദേവേച്ചി ഞങ്ങളെ മാറി മാറി നോക്കി. "ദേവൂട്ട..." "അകത്തേക്ക് വരു... "പല്ലും കടിച്ചു പിടിച്ചായിരുന്നു ദേവേച്ചി അകത്തേക്ക് ക്ഷണിച്ചത്.പക്ഷെ ഞങ്ങൾ അതൊന്നും കാര്യമാക്കാതെ കയറി. "വന്ന കാലിൽ നിർത്താതെ നീ അവർക്ക് കുടിക്കാൻ എന്തെങ്കിലും കൊടുക്ക്." അച്ഛൻ അത് പറയുന്നത് കേട്ടതും ചേച്ചി ഞങ്ങളെ തുറിച്ചു നോക്കി.ഞാൻ ഫഹീംയെ നോക്കി.ഇക്ക മുകളിലേക്ക് നോക്കി. "ദേവൂട്ട.. പോയി ചായ ഇട്ടേ..അവൾ ഇപ്പോൾ ചായ ആയിട്ട് വരും.അപ്പോഴേക്കും നിങ്ങൾ ഈ വീട് ഒക്കെ ഒന്ന് ചുറ്റി കണ്ടോളു.." "ശരി അച്ഛാ.. " ഫഹീംക്ക ആയിരുന്നു അത് പറഞ്ഞത്.അത് കേട്ട് ഞാൻ മൂപ്പരെ തുറിച്ചു നോക്കി.ഇപ്പോഴേ അച്ഛൻ വിളി ഒക്കെ തുടങ്ങി. ദേവേച്ചി ഭദ്രകാളിയുടെ പോലെ തുറിച്ചു നോക്കി അവിടെ നിന്ന് പോയി.ഞങൾ അപ്പോൾ അകത്തളത്തിലേക്ക് നടന്നു.

"ഇതൊരു പഴയ തറവാട് ആണെന്ന് തോന്നുന്നു അല്ലെ.. ഞാൻ ആദ്യായിട്ട ഇത് കാണുന്നത്."നടക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു. "ഞാനും" "അതിരിക്കട്ടെ.. നേരത്തെ അച്ഛാ എന്നൊക്കെ വിളിക്കുന്നുണ്ടായിരുന്നല്ലോ..." "അത് പിന്നെ.. എന്റെ ഭാവി അമ്മായിഅച്ഛൻ അല്ലെ.." "മ്മ്മ്.. എന്റെ നാത്തൂൻ ചായയിൽ വിം കലക്കി കൊണ്ട് വരാതിരുന്നാൽ മതി." "ഏയ്.. എന്റെ ദേവി അങ്ങനെ ഒന്നും ചെയ്യില്ല." "നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ.." "ആമീൻ" അപ്പോഴേക്കും ദേവേച്ചി ചായയും ആയി വന്നു. ഞങൾ ഒന്നിളിച്ചു കൊണ്ട് ചായ എടുത്തു. "നിങ്ങൾ എന്താ ഇവിടെ." വീണ്ടും വന്നു ചോദ്യം "അത് പിന്നെ ഞങ്ങൾ... സമ്മേളനം കഴിഞ്ഞു വരുന്ന വഴി വെറുതെ ഒന്ന് കയറിയത.." "ഓഹോ..സമ്മേളനം കഴിഞ്ഞു വരുന്ന വഴി എതിർ പാർട്ടിക്കാരുടെ വീട്ടിൽ മാത്രമേ കേറാൻ ഉള്ളു.." "അങ്ങനെ പറയല്ലേ നാത്തൂനെ..നാത്തൂന് അറിയാലോ ഞങ്ങൾ നാത്തൂനെ കാണാൻ ആണ് വന്നത് എന്ന്. നാത്തൂന് അറിയോ ഇന്നലെ എന്റെ ഇക്ക നാത്തൂനേ കാണാതെ ഉറങ്ങിയില്ല" ഞാൻ അത് പറഞ്ഞപ്പോൾ ഇക്ക 'ഇതെപ്പോ' എന്ന മട്ടിൽ എന്നെ നോക്കി.ഞാൻ അപ്പോൾ ഒരു കണ്ണ് ഇറുക്കി കാണിച്ചു. "അതിന് ഇന്നലെ ഞങ്ങൾ കണ്ടതാണല്ലോ..."

"അതെ... ഇന്നലെ കണ്ടതാണ്.എന്നാലും ഇന്ന് കാണാതെ ഉറക്കം വരില്ലല്ലോ.. നാളെയും കാണില്ലല്ലോ.." "അതിന്." "വീട്ടിൽ വരുന്നവരോട് ഇങ്ങനെ ആണോ ചേച്ചി പെരുമാറുന്നത്. അറ്റ്ലീസ്റ്റ് ഇരിക്കാൻ എങ്കിലും പറഞ്ഞൂടെ.." ഞാൻ പെട്ടന്ന് കളം മാറ്റി ചവിട്ടി. അല്ലെങ്കിൽ ശരിയാവില്ല. ദേവേച്ചി ഒന്ന് അമർത്തി മൂളിയിട്ട് ഇരിക്കാൻ പറഞ്ഞു. ഞങ്ങളുടെ അടുത്ത് വന്നു ദേവേച്ചിയും ഇരുന്നു. ഞാൻ അപ്പോൾ ഒന്ന് ഇളിച്ചു കൊടുത്തു. എന്റെ ചിരി ചേച്ചിയിലേക്കും പകർന്നു. ചേച്ചിയും ചിരിച്ചു. അത് കണ്ടപ്പോൾ ഞങ്ങൾക്ക് ഒരുപോലെ സന്തോഷം ആയി. "ദേവേച്ചി എന്നും വീട്ടിൽ ദാവണി ആണോ എടുക്കാറ്." "ഏയ്.. അല്ല. ഞാൻ എപ്പോഴും ചുരിദാർ ആണ് ഇടാറ്. ഇന്ന് എന്തോ ദാവണി എടുക്കണം എന്ന് തോന്നി. അപ്പോൾ എടുത്തിട്ടു". "മ്മ്മ്..ഞങൾ വരുന്നുണ്ടെന്ന് ചേച്ചിക്ക് മുമ്പേ അറിവ് കിട്ടി എന്ന് തോന്നുന്നു,അല്ലെ ഇക്ക.." അതും പറഞ്ഞു ഞാൻ ഇക്കാക്ക് ഒരു പിച് കൊടുത്തു.അപ്പോഴാണ് ജി ദേവേച്ചിനെ വായ്നോക്കി കൊണ്ടിരുന്ന ഇക്കാക്ക് ബോധം വന്നത്. "ആ.. അതെ."ഇക്കയും കൂടി പറഞ്ഞപ്പോൾ ചേച്ചി ഒന്ന് നോക്കി പേടിപ്പിച്ചു.ഞങൾ അത് കാര്യമാക്കാൻ നിന്നില്ല. പെട്ടന്ന് ഒരു ബുള്ളറ്റിന്റെ ശബ്ദം കേട്ടു. "അത് ആരാ.." "എന്റെ ആങ്ങള ആയിരിക്കും.ചെന്നു നോക്ക്."

"എന്ന ഞാൻ ചെന്നു നോക്കട്ടെ." അവർക്ക് ഒരു പ്രൈവസി എന്ന നിലക്കും ചേച്ചിയുടെ സഹോദരനെ കാണുക എന്ന നിലക്കും ഞാൻ തുള്ളി ചാടി മുറ്റത്തേക്ക് പോയി. മുറ്റത്ത് ബൈക്ക് നിർത്തി വെച്ചു അകത്തേക്ക് വരുന്ന ആളെ കണ്ടു ഞാൻ ഞെട്ടി!! സഖാവ്!!! ഞാൻ ഞെട്ടി തരിച്ചു നിൽക്കുന്നത് പോലെ മൂപ്പരും ഒരു നിമിഷം ഞെട്ടി തരിച്ചു നിന്നു. "നീയെന്ത ഇവിടെ". പെട്ടന്ന് ബോധം വന്നപ്പോൾ എന്നോട് ചോദിച്ചു. "അത് പിന്നെ.. ഞാൻ...." ഞാൻ നിന്ന് തപ്പി കളിക്കുകയായിരുന്നു. സഖാവ് ഇവിടേക്ക് വരും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ഇങ്ങോട്ടേക്കു വരുന്ന യാത്രയിൽ സഖാവ് ഇവിടെ വരുമായിരിക്കും എന്ന് ഞാൻ എന്തു കൊണ്ട് ആലോചിച്ചില്ല?? "അഭി... നിനക്ക് അറിയോ ഇവരെ. ദേവൂട്ടീടെ ഫ്രണ്ട്സ് ആണ്."ദേവേച്ചിയുടെ അച്ഛൻ അത് പറഞ്ഞപ്പോൾ സഖാവ് എന്നെ ഒന്ന് നോക്കി. ഉഫ്... ആ നോട്ടത്തിൽ ഞാൻ ഉരുകി പോവാഞ്ഞത് ഭാഗ്യം. "മമ്മ്മ്... അറിയാം" "അഭിക്ക് അറിയാതെ ഇരിക്കോ.. എന്നേക്കാൾ കൂടുതൽ അഭിക്കല്ലേ അറിയുന്നത്" ദേവേച്ചി അടക്കി പിടിച്ച ചിരിയോടെ അങ്ങോട്ടേക്ക് വന്നു പറഞ്ഞപ്പോൾ ഞാനും സഖാവും പരസ്പരം നോക്കി.എന്നിട്ട് പരസ്പരം ഒന്ന് പുച്ഛിച്ചു. അപ്പോഴേക്കും ദേവേച്ചിയുടെ അമ്മയും മുത്തശ്ശിയും എല്ലാം പുറത്തേക്ക് വന്നു. "നീയും വന്നിട്ടുണ്ടോ...

"ഫാഹീംക്കയെ അപ്പോഴാണ് സഖാവ് കണ്ടെതെന്ന് തോന്നുന്നു. "അവർ നിന്നെ കാണാനാ വന്നത്". ദേവേച്ചി സഖാവിനെ നോക്കി പറഞ്ഞു.ഞങ്ങൾക്ക് ആർക്കും ഒന്നും മനസ്സിലായില്ല.പിന്നെയാണ് മനസ്സിലായത് ദേവേച്ചി കളം മാറ്റി ചവിട്ടിയതാണെന്ന്. "നാത്തൂനേ..... "ഞാൻ പല്ലും കടിച്ചു പിടിച്ചു വിളിച്ചു "നാത്തൂനോ... ഏത് നാത്തൂന്റെ കാര്യമാ പറഞ്ഞത്." ദേവേച്ചിയുടെ അച്ഛൻ അത് ചോദിച്ചപ്പോൾ ആണ് അവിടെ എല്ലാവരും ഉണ്ടായ കാര്യം എനിക്ക് ഓർമ വന്നത്. "അത് പിന്നെ അച്ഛാ... *ഗൗരി നമ്മുടെ അഭി സ്നേഹിക്കുന്ന കുട്ടിയ... അഭിയുടെ പെണ്ണാ *" ഞങ്ങളുടെ എല്ലാവരുടെയും കിളികളെ ഒരുമിച്ചു പറത്താൻ കഴിവുള്ളതായിരുന്നു ദേവേച്ചിയുടെ ആ വാക്കുകൾ. കിളികൾ എല്ലാം തിരിച്ചു വന്നിട്ടും ഞെട്ടൽ അപ്പോഴും വിട്ടു മാറിയില്ല. തല ചെരിച്ചു അഭിയേട്ടനെ നോക്കി. മൂപ്പരുടെ കിളികൾ തിരികെ വന്നപ്പോൾ മുപ്പർ ദേവേച്ചിയെ നോക്കി പേടിപ്പിക്കുകയാണ്. ദേവേച്ചി വീണ്ടും കളം മാറ്റി ചവിട്ടിയത് ആണെന്ന് എനിക്ക് മനസ്സിലായിരുന്നു. ഫാഹീംക്കാക്കും അഭിയേട്ടനും അത്‌ മനസായിലായിരിക്കണം. പക്ഷെ വീട്ടുകാർക്ക് അത് മനസ്സിലായതേ ഇല്ല.ദേവേച്ചിയുടെ അമ്മ എന്റെ അടുത്തേക്ക് വന്നു കയ്യിൽ പിടിച്ചു. "അഭിയുടെ പെണ്ണാണോ നീ..."

നിറക്കണ്ണുകളോടെ ഉള്ള ആ ചോദ്യം കേട്ട് അറിയാതെ തലയാട്ടി പോയി. ആ അമ്മയെന്നെ ഉടനെ കെട്ടിപിടിച്ചു. മുത്തശ്ശിയും അടുത്തേക്ക് വന്നു തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു. മുത്തശ്ശിയുടെ കണ്ണുകളും നിറഞ്ഞിരുന്നു "എന്താ അവിടെ നടക്കുന്നത് എന്ന് എനിക്ക് മനസ്സിലായതേ ഇല്ല." "എന്നാലും എന്റെ അഭി... നീ ഞങ്ങളോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ.. സമയമാവുമ്പോൾ വരും വരും എന്ന് പറഞ്ഞപ്പോൾ അത് ഇങ്ങനെ ആയിരിക്കും എന്ന് ഞങ്ങൾ കരുതിയില്ല." ദേവേച്ചിയുടെ അച്ഛൻ പറയുന്നത് കേട്ട് ഞാൻ സഖാവിനെ നോക്കി.അവർക്ക് മുമ്പിൽ ചിരിച് കൊടുക്കുന്നുണ്ടെങ്കിലും സഖാവിൽ ദേഷ്യത്തിന്റെ തീ ആളുകയാണ് എന്ന് എനിക്ക് മനസ്സിലായി. അമ്മയും മുത്തശ്ശിയും എന്റെ കൈ പിടിച്ചു കൊണ്ട് പോയി.നടക്കുന്നതിടയിൽ ഞാൻ അവരെ തിരിഞ്ഞു നോക്കി.ഞാൻ നോക്കുന്നത് കണ്ടു അവരും നോക്കി.സഖാവ് ചേച്ചിയെ ഇടിക്കാൻ വേണ്ടി തുടങ്ങുകയായിരുന്നു അപ്പോൾ. "ഡാ.. നീ ഇനി അവളെ ഇടിക്കണ്ട.സത്യം എന്നായാലും പുറത്തു വരും.അത് അവളുടെ വായിൽ നിന്നെങ്കിലും വന്നല്ലോ.."അവർ അതും പറഞ്ഞു വീണ്ടും എന്റെ കൈ പിടിച്ചു കൊണ്ട് പോയി.

സഖാവ് ദേവേച്ചിയേയും വലിച്ചു കൊണ്ട് പോകുന്നതും പിന്നാലെ ഫാഹീംക്കാ പോകുന്നതും ഞാൻ കണ്ടു. അവർ എന്നെ പിടിച്ചു ഒരു സ്ഥലത്തു ഇരുത്തി.അപ്പുറവും ഇപ്പുറവും ആയി അവർ രണ്ട് പേരും ഇരുന്നു.കുറച്ചു മാറി അച്ഛനും. അവർ എന്നോട് ഓരോന്ന് ചോദിക്കാൻ തുടങ്ങി.ഞാൻ ഓരോന്ന് പറയാനുംപറയുന്നതിന് ഇടക്ക് പല പ്രാവശ്യം അവർ രണ്ട് പേരും എന്റെ തലയിൽ തലോടി.. ഇടക്ക് വരുന്ന കണ്ണുനീരിനെ തുടച്ചു കളഞ്ഞു..എന്താണ് നടക്കുന്നത് എന്ന് അപ്പോഴും എനിക്ക് മനസ്സിലായില്ല.അവർക്ക് എന്ധോക്കെയോ എന്നോട് പറയാൻ ഉള്ളത് പോലെ തോന്നി. എന്താണെന്ന് മാത്രം മനസ്സിലായില്ല. പെട്ടന്ന് അവർ അച്ഛനെ കുറിച്ച് ചോദിച്ചു. ഞാൻ എന്തു പറയും എന്നറിയാതെ നിസഹായാവസ്ഥയിൽ നിന്നു. അപ്പോഴേക്കും അവർ തിരികെ വന്നു. "നേരം സന്ധ്യ ആവാറായി.അവർക്ക് വീട്ടിൽ പോകണം.കുശാലാനേഷണം ഒക്കെ പിന്നെ ആവാം.. "സഖാവ് അവരുടെ മുഖത്തു നോക്കാതെ പറഞ്ഞു. "അവർ ഇപ്പോൾ ഇങ്ങോട്ട് വന്നതല്ലേ ഉള്ളു.. ഇപ്പോൾ തന്നെ പോവുകയാണോ.." "ഞങ്ങൾ പിന്നെ ഒരു ദിവസം വരാം അമ്മേ.."ഞാനത് പറഞ്ഞപ്പോൾ ആ അമ്മയെന്നെ ഒന്ന് നോക്കി.വീണ്ടും തലയിൽ തലോടി. "നീ ശിവന് ഇവളെ കാണിച്ചു കൊടുത്തോ.. "ദേവേച്ചിയുടെ അച്ഛൻ ആണ് അത് ചോദിച്ചത്.

"ഇല്ല.അച്ഛനോട് ഞാൻ പറഞ്ഞിട്ടില്ല."ദേവേച്ചിയെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി ആയിരുന്നു അത് പറഞ്ഞത്. "എന്നാൽ ദേവൂട്ട... നീ ഞങ്ങളുടെ ഒരു ഫോട്ടോ എടുക്ക്."അമ്മ എന്നെ ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു. "ഫോട്ടോയോ.. എന്തിന്". "ശിവേട്ടൻ കണ്ടിട്ടില്ലല്ലോ മരുമകളെ.. വരുമ്പോൾ കാണിച്ചു കൊടുക്കാം." "ഗൗരിയുടെ ഫോട്ടോ എന്റെ കയ്യിൽ ഉണ്ട് അത്‌ കാണിച്ചു കൊടുത്താൽ പോരെ.." "അത് വേണ്ട ദേവൂട്ടിയെ.. ആകെ കുറച്ചു സമയം അല്ലെ ഞങ്ങളുടെ കൊച്ചിനെ ഒന്ന് അടുത്ത് കിട്ടിയത്. ഓർത്തു വെക്കാൻ ഒരു ഫോട്ടോ എങ്കിലും എടുക്കണ്ടേ.. നീ ഒരു ഫോട്ടോ എടുക്ക് എന്റെ ദേവൂട്ടിയെ.." അമ്മ പറയുന്നത് കേട്ട് ഞാൻ ശരിക്കും ഞെട്ടി പോയിരുന്നു. അവരെല്ലാം ഞാൻ അഭിയേട്ടന്റെ പെണ്ണ് ആണെന്ന് പാടെ വിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി അവരെ ആ വിശ്വാസത്തിൽ നിന്ന് മാറ്റാൻ കഴിയും എന്ന് തോന്നുന്നുണ്ടോ..? അമ്മയും മുത്തശ്ശിയും ഇടവും നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുമ്പോഴും എന്റെ മനസ് ഇവിടെ ഒന്നും ആയിരുന്നില്ല. "ഗൗരി... നമുക്ക് പോവാം". ഫാഹീംക്ക പറഞ്ഞപ്പോൾ ഞാൻ അവരെ നോക്കി. "ഞാൻ പോവുകയാണ് ട്ടോ.. പിന്നെ വരാം.. പോട്ടെ അമ്മേ.. മുത്തശ്ശി.. അച്ഛാ.." എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ ഇറങ്ങി. "നാത്തൂനേ.. പോവുകയാണ് ട്ടോ.."

നിസഹായാവസ്ഥയിൽ ഞാൻ ദേവേച്ചിയെ നോക്കി. ദേവേച്ചി തിരിച്ചു എന്നെയും. "അല്ല... മോന്റെ പേര് എന്താ.. "ഫാഹീംക്കയോട് ആയി അവർ ചോദിച്ചു. "ഫഹീം." "ഓ.. നിങ്ങൾ എല്ലാം ഫ്രണ്ട്‌സ് ആണല്ലേ.." "ഫാഹീംക്കാ എന്റെ കൂടെ പിറപ്പിനെ പോലെ ആണ്.അല്ല, അല്ല കൂടെ പിറപ്പ് തന്നെ ആണ്.എന്റെ സ്വന്തം ആങ്ങള." ഞാൻ പുഞ്ചിരിയോടെ പറഞ്ഞു.ഫാഹീംക്കയുടെ അപ്പോഴത്തെ നോട്ടത്തിൽ ഉണ്ടായിരുന്നു ഇക്കയുടെ സന്തോഷം. എല്ലാവരുടെ മനസും നിറഞ്ഞിരുന്നു.പോരുവാൻ നേരം ഞാൻ സഖാവിനെ ഒന്ന് നോക്കാൻ തോന്നി.എന്റെ പ്രണയത്തെ അയാൾ അറിയാതെ കാണാൻ.. ഞാൻ നോക്കിയ നിമിഷം സഖാവ് എന്നെയും നോക്കുകയായിരുന്നു.രണ്ട് പേരുടെയും കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോൾ എന്തോ ഒരു ശക്തി എന്നെ അങ്ങോട്ട് വലിക്കുന്നത് പോലെ തോന്നി.കഷ്ടപ്പെട്ട് പെട്ടന്ന് തന്നെ ഞാനാ നോട്ടത്തെ പിൻവലിച്ചു. എല്ലാവരോടും ഒരിക്കൽ കൂടി യാത്ര പറഞ്ഞു ആ വീട് വിട്ടു ഇറങ്ങി. ഇടവഴി കഴിഞ്ഞപ്പോൾ കണ്ടു ഒരു വെള്ള കാർ ഞങ്ങളുടെ നേരെ വരുന്നത്.അതിന്റെ മുമ്പിലെ ബോഡിൽ MLA എന്ന് എഴുതിയിരുന്നു........ (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story