വാക പൂത്ത നാളിൽ : ഭാഗം 24

vakapootha nalil

രചന: കടലാസിന്റെ തൂലിക

ഓരോന്ന് ആലോചിച്ചു പുറത്തേക്ക് നോക്കി ഇരുന്നപ്പോൾ പ്രതീക്ഷിക്കാതെ ഒരു മഴ പെയ്തു. ഒരു പാട് കാലം എത്തി പെയ്യുന്ന പ്രതീക്ഷിക്കാത്ത ഒരു മഴ. ചെറിയ ചാറ്റൽ മഴ അല്ല, വലിയ പെരു മഴയും അല്ല. എന്റെ ഉള്ളിൽ എന്തൊക്കെയോ വേലിയേറ്റങ്ങൾ ഉണ്ടായി.ആ മഴക്കും പ്രണയം ഉണ്ടെന്ന് തോന്നി പോയി... അറിയാതെ മഴയിലേക്ക് ഇറങ്ങി ചെന്നു. കൈകൾ നീട്ടി വിരിച്ചു മഴയെ എതിരെറ്റു. അപ്പോൾ ഞാൻ സഖാവിനെ പറ്റി മാത്രം മാത്രം ഓർത്തു. ഈ മഴയിൽ ഞങ്ങളുടെ പ്രണയ നിമിഷങ്ങളെ വെറുതെ സങ്കൽപ്പിച്ചു. കൈകളെ ശരീരത്തോട് ചേർത്ത് പിടിച്ചു കുറച്ചു നേരം ആ മഴയിൽ അങ്ങനെ അലിഞ്ഞു നിന്നു. "ഡി..." പെട്ടന്ന് ഒരു അലർച്ച കേട്ട് ഞാൻ തിരിഞ്ഞു നോക്കി. അവിടെ ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്നു സഖാവ്!!!! ഞാൻ ഞെട്ടി സഖാവിനെ തന്നെ നോക്കി.സഖാവ് ദേഷ്യത്താൽ എന്റെ അടുത്തേക്ക് വന്നു. "പരിസരബോധം ഇല്ലേ നിനക്ക്.എവിടെയാണ് ഉള്ളതെന്ന് ഓർമ ഇല്ലേ.. ചെറിയ കുട്ടി ആണെന്നാണോ വിചാരം.അവളുടെ ഒരു മഴ." പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.ചുറ്റും നോക്കുന്നുണ്ട്.ഞാൻ ഒന്നും കേട്ടില്ല.എന്റെ നോട്ടം സഖാവിൽ മാത്രം ഒതുങ്ങി നിന്നു.എന്റെ പ്രണയം എന്റെ ഇത്രയും അടുത്ത്...

അതും ഈ മഴയത്ത്..ഞാൻ അദ്ദേഹത്തിന്റെ ഓരോ ചെറിയ ഭാവവും ശ്രദ്ധിക്കാൻ തുടങ്ങി.ദേഷ്യത്തിനിടയിലും എവിടെ ഒക്കെയോ പ്രണയം തുളുമ്പുന്നുണ്ടോ..? "ഡീ..." പെട്ടന്ന് ദേഷ്യത്തിൽ ഉള്ള വിളി കേട്ട് വീണ്ടും ഞാൻ ആ മുഖത്തേക്ക് നോക്കി. "നിനക്ക് ചെവി കേൾക്കില്ലേ.." ഞാൻ യാന്ത്രികമെന്നോണം ഇല്ല എന്ന് കൂമൽ കൂച്ചി. പെട്ടന്ന് ഒട്ടും പ്രതീക്ഷിക്കാതെ സഖാവ് എന്നെ മഴയത്ത് നിന്നും വലിച്ചു കൊണ്ട് പോയി.എവിടേക്ക് ആണെന്ന് ഞാൻ ചോദിച്ചില്ല. എവിടെയോ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ പിടി വിട്ടു. എന്നിട്ട് ആർക്കോ ഫോൺ ചെയ്തു കുറെ ദേഷ്യപ്പെട്ടു. പെട്ടന്ന് വരാനും പറഞ്ഞു. മഴയത്തു നിന്ന് കേറി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഞാൻ വിറക്കാൻ തുടങ്ങിയിരുന്നു.പല്ലുകൾ കൂട്ടിയിടിച്ചു.മുടിയിൽ നിന്ന് വെള്ളം ഇറ്റി വീണു കൊണ്ടിരുന്നു. അപ്പോഴെനിക്ക് ചുറ്റും എന്താ നടക്കുന്നതെന്ന് അറിയാമായിരുന്നു. "bba യിലെ നന്ദൻ ആണ് എന്നോട് പറഞ്ഞത്.അപ്പോഴേക്കും കാഴ്ച കാണാൻ ആളുകൾ മുഴുവൻ കൂടിയില്ലേ..

അവൾ ആണെങ്കിൽ നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പൊലെയും.അല്ല... ഞാൻ ഇതൊക്കെ ആരോടാ പറയുന്നേ.. അവൾ ഇപ്പോഴും പൊട്ടൻ കടിച്ച പോലെ നിൽക്കുവല്ലേ.." ഞാൻ ചുറ്റും നോക്കിയപ്പോൾ ആരെയും കണ്ടില്ല.സഖാവ് ഒറ്റക്ക് പറയുവാണോ ഇതൊക്കെ.ഇനി സഖാവിനും വട്ടാണോ..? "കിട്ടിയോ..." വീണ്ടും ഉള്ള ചോദ്യം കേട്ട് ഞാൻ സഖാവ് നിൽക്കുന്ന ഭാഗത്തേക്ക്‌ നോക്കി.അവിടെ ദേവേച്ചി ഉണ്ടായിരുന്നു.ദേവേച്ചി അപ്പോൾ ഒരു തോർത്തും ഷാളും പിടിച്ചു നിൽപ്പുണ്ടായിരുന്നു. "മ്മ്.. തോർത്തി കൊടുക്ക്.സഖാവ് അതും പറഞ്ഞു കുറച്ചു കൂടി മാറി നിന്നു." അപ്പോഴാണ് ഞാൻ എന്നെ തന്നെ ഒന്ന് നോക്കിയത്.വസ്ത്രവും മുടിയും ശരീരത്തോട് വളരെ ഒട്ടി നിൽക്കുന്നു...!!ഇങ്ങനെ ആണോ ഞാൻ ആ മഴയിൽ നിന്നത്. ദേവേച്ചി അപ്പോഴേക്കും എന്റെ തല തുവർത്താൻ ആരംഭിച്ചു.ഞാൻ ഒന്നും പറയാതെ അനുസരണ ഉള്ള കുട്ടിയെ പോലെ നിന്ന് കൊടുത്തു. തല തുവർത്തി കഴിഞ്ഞു ആ ഷാൾ എന്റെ മേലെ പുതച്ചു തന്നു.ഞാൻ ആ ഷാലും പിടിച്ചു വിറച്ചു നിന്നു.

"ഈ വേഷത്തിൽ എങ്ങനെയാ കോളേജിന് അകത്തു കയറ്റുന്നത്.നീ ഒരു ഡ്രസ്സ്‌ കൂടി ഒപ്പിക്ക്." അഭിയേട്ടൻ ദേവേച്ചിയോട് പറഞ്ഞപ്പോൾ ഞാൻ വീണ്ടും അങ്ങോട്ടേക്ക് നോക്കി. "പിന്നെടാ.. എനിക്ക് ഡ്രസ്സ്‌ കട ഒന്നും ഇല്ല. പറയുമ്പോൾ പറയുമ്പോൾ ഓരോ ഡ്രസ്സ്‌ എടുത്തു തരാൻ.ഇത് തന്നെ അവർ നാടകം പ്രാക്ടീസ് ചെയ്യുന്നിടത്ത് നിന്ന് വാങ്ങിയതാ.." "എന്നാൽ നീ ഇവൾക്ക് പറ്റിയ ഒരു ഡ്രസ്സ്‌ കൂടി അവരോട് ചോദിക്ക്". "ഇനി വല്ലതും ഞാൻ അവിടെ നിന്ന് ചോദിച്ചാൽ അവരെന്നെ ഓടിപ്പിക്കും. ശരിക്കും എന്താ സംഭവിച്ചത് " "ആർക്കറിയാം. ഞാൻ വന്നപ്പോൾ മുതൽ അവളോട് ചോദിക്കുന്നതാ.. അവൾ ഒരു അക്ഷരം മൊഴിയുന്നില്ല. ചിലപ്പോൾ ഇതും ആ പാർട്ടി ക്കാർ പറഞ്ഞിട്ടാവും." അപ്പോഴേക്കും ഞാൻ കരയാൻ തുടങ്ങിയിരുന്നു. "ദ കിടന്ന് മോങ്ങുന്നു. ഡീ..കരച്ചിൽ നിർത്തടി.. നിർത്താൻ." സഖാവ് എക്സ്ട്രീം കലിപ്പ് ആയപ്പോൾ ഞാൻ വേഗം കണ്ണ് തുടച്ചു. "അഭി... നീ അങ്ങോട്ട് പോയെ.. നാളേക്കുള്ള കാര്യങ്ങൾ നോക്ക്.ഇത് ഞാൻ നോക്കി കോളം.ചെല്ല് " ദേവേച്ചി എന്തൊക്കെയോ പറഞ്ഞു

സഖാവിനെ പറഞ്ഞു വിട്ടു.പോകുന്നതിന് മുൻപ് സഖാവ് ഒരു തീക്ഷണമായ ഒരു നോട്ടം എന്നെ നോക്കിയിട്ടാരുന്നു പോയത്. "മ്മ്മ്.. നീയെന്ത മഴയത്തു ഇറങ്ങിയത്.." "അത് പിന്നെ മഴ കണ്ടപ്പോൾ കോളേജ് ആണെന്ന ബോധം ഒന്നും വന്നില്ല." "നിന്റെ ചുറ്റും ആൾക്കാർ കൂടി. വല്ലതും അറിഞ്ഞോ.." അത്‌ കേട്ട് ഞാൻ ശരിക്കും ഞെട്ടി പോയി. "ഇല്ല. ഞാൻ ഒന്നും അറിഞ്ഞില്ല. മോള് ഏതു ലോകത്ത് ആയിരുന്നു. സഖാവ് നിന്നെ വലിച്ചു കൊണ്ട് പോന്നത് കാരണം ആളുകൾ അധികം കൂടുന്നതിന് മുൻപ് കൊണ്ട് വന്നു. ഇല്ലായിരുന്നു എങ്കിൽ ഈ കോളേജ് മുഴുവൻ കൂടിയേനെ.ഇനി നാളെ ഇതിന്റെ പേരിൽ സഖാവിനെ കുറ്റം പറയാൻ ഉണ്ടാവും ഒരുപാട് പേര്.ചിലപ്പോൾ നിങ്ങളെ കളിയാക്കാനും ഉണ്ടാവും ആൾക്കാർ." ദേവേച്ചി പറയുന്നത് എല്ലാം ഒരു കുറ്റ ബോധത്തോടെ ആണ് ഞാൻ കേട്ട് നിന്നത്. ഞാൻ കാരണം സഖാവ് കൂടി.... "എന്തായാലും ഈ വേഷത്തിൽ അകത്തേക്ക് കയറാൻ പറ്റില്ല. ഇവിടെ പെട്ടന്ന് ആരും വരില്ല. നമുക്ക് കുറച്ചു സമയം ഇവിടെ ഇരുന്നു ഡ്രസ്സ്‌ ഉണങ്ങിയിട്ട് പോയാൽ മതി." ദേവേച്ചി അവിടുത്തെ വരാന്തയിൽ ഇരുന്നു.

കൂടെ ഞാനും ഇരുന്നു. പെട്ടന്ന് ദേവേച്ചിക്ക് ഒരു കാൾ വന്നു. "ആഹ്.. അമ്മേ പറ." "എന്റെ പൊന്ന് അമ്മേ.. അവൾക്ക് തിരക്കല്ലേ.." "ഓഹ്.. ശരി ശരി. ഞാൻ കൊടുക്കാം." ദേവേച്ചി ഫോൺ ഹോൾഡിൽ ഇട്ട് എനിക്ക് ഫോൺ തന്നു.ഞാൻ അപ്പോൾ ദേവേച്ചിയെ നോക്കി. "എന്റെ അമ്മ ആണ്. നിന്നോട് സംസാരിക്കണം എന്ന് കുറെ ആയി പറയുന്നു. നീ എന്തെങ്കിലും ഒക്കെ പറഞ്ഞു വെച്ചോ.." എന്തു പറയണം എന്നെനിക്ക് ഉണ്ടായില്ല എന്നാലും ഹോൾഡ് മാറ്റി ഹലോ പറഞ്ഞു. "ഹലോ മോളെ കേൾക്കുന്നുണ്ടോ " "ഉണ്ട് അമ്മേ.." "എത്ര നാളായി മോളുടെ ശബ്ദം കേട്ടിട്ട്. ഞങ്ങളെ ഒക്കെ മറന്നോ.." "ഏയ്.. ഇല്ല അമ്മേ.." "അന്ന് ഇവിടെ വന്നപ്പോൾ മാത്രം അല്ലെ മോളെ ഞങ്ങൾ കണ്ടിട്ടുള്ളു.. മോളെ കാണാൻ ഞങ്ങൾക്ക് നല്ല ആഗ്രഹം ഉണ്ട്. ഞാൻ എപ്പോഴും ദേവൂട്ടിയെ വിളിച്ചു നിനക്ക് കൊടുക്കാൻ പറയും. അവൾ നിനക്ക് ഫോൺ തരില്ല. മോൾക്ക് എന്തൊക്കെയോ തിരക്ക് ഉണ്ടെന്ന് പറഞ്ഞു. ഇപ്പോൾ തിരക്ക് ഒഴിഞ്ഞോ മോളെ.." "മ്മ്മ്.." സന്തോഷം കൊണ്ട് എന്തു പറയണം എന്നുണ്ടായിരുന്നില്ല.

എന്നെ ഒരു വട്ടം കണ്ടപ്പോഴേക്കും സഖാവിന്റെ പെണ്ണ് ഞാനാണ് എന്ന് അവർ കരുതിയപ്പോഴേക്കും അവരെന്നെ ഇത്രയും സ്നേഹിച്ചിരിക്കുന്നു. ഇനി ഞാൻ സഖാവിന്റെ യഥാർത്ഥ സഖി ആയി മാറിയാൽ എനിക്ക് ചുറ്റും എന്നെ സ്നേഹിക്കാൻ എത്ര പേര... "മോളെ.." "ഓ.. പറ അമ്മേ.." "മോള് ഇനി എന്നാണ് ഇങ്ങോട്ട് വരുന്നത്." "അത്... ഞാൻ വരാം.. നിങ്ങളെ ഒക്കെ കാണാൻ ഞാൻ എന്തായാലും വന്നിരിക്കും.അച്ചമ്മ എവിടെ." "അച്ഛമ്മ മോളെ ഇപ്പോൾ ചോദിച്ചതെ ഉള്ളു..ഞാൻ ഫോൺ കൊടുക്കാം.. ഇതാ അമ്മേ ഗൗരി മോള" "മോളെ... അച്ഛമ്മയ.." അച്ഛമ്മയുമായും ഒരുപാട് സംസാരിച്ചു.ഫോൺ വെക്കാൻ നേരം അവർ എന്തൊക്കെയോ പറഞ്ഞു കരഞ്ഞു.അവരുടെ സ്നേഹത്തിൽ ഞാൻ ഉരുകി പോവുകയാണ് എന്ന് തോന്നി. "ഞാൻ അവരെ പറ്റിക്കുകയല്ലേ ചെയ്യുന്നത്." ഫോൺ വെച്ച ശേഷം വളരെ വിഷമത്തോടെ ആണ് ഞാൻ അത് ദേവേച്ചിയോട് ചോദിച്ചത്. "നീ ഒന്നും ചെയ്തില്ലല്ലോ ഗൗരി.. എല്ലാത്തിനും കാരണം ഞാൻ അല്ലെ.. അവർ പാവങ്ങൾ ആട.. നാളെ ഇതെല്ലാം കള്ളമാണ് എന്ന് അറിഞ്ഞാൽ അവരുടെ മനസ് തകരുമായിരിക്കും. പക്ഷെ അഭിക്ക് വേറെ ഒരു പെൺകുട്ടിയെ ആണ് ഇഷ്ടം എന്നറിഞ്ഞാൽ അത് മാറിക്കോളും."

"ഏഹ്.. സഖാവിന്.. സഖാവിനെ വേറെ ഒരു പെൺകുട്ടിയെ ഇഷ്ടം ആണോ.." "ഇത് വരെ ഇല്ല.അഭിയുടെ പെണ്ണിനെ കണ്ടു പിടിക്കാൻ ഉള്ള തിരക്കിൽ ആണ് ഞാൻ." "അതെന്താ അങ്ങനെ. എനിക്ക് ആകാംഷ കൂടി." "അതൊക്കെ ഉണ്ട്. ഇനിയും നീ എന്തെല്ലാം അറിയാൻ കിടക്കുന്നു." "മ്മ്. ചേച്ചി ഫാഹീംക്കയോട് ഇഷ്ടം ആണെന്ന് എന്താ പറയാത്തത്." "ഏഹ്.. എനിക്ക് ഫാഹീംക്കയെ ഇഷ്ടം ആണെന്ന് നിന്നോടാരാ പറഞ്ഞെ." "അത് ആരെങ്കിലും പറയണം എന്നുണ്ടോ.. ചേച്ചിയുടെ പെരുമാറ്റം കണ്ടാൽ അറിയില്ലേ.. എന്തിനാണ് ആ മനസ്സിനെ വിഷമിപ്പിക്കുന്നത്.തുറന്നു പറഞ്ഞൂടെ ആ പ്രണയം." "ഫഹീം ഒരു വലിയ മുസ്ലിം കുടുംബത്തിലെ കുട്ടിയ ഗൗരി.. ഞാൻ അവനെ സ്നേഹിക്കുന്നുണ്ട് എന്ന് തുറന്നു പറഞ്ഞാൽ എന്റെ കൂടെ അവൻ എന്തിനും നിൽക്കും.ചിലപ്പോൾ അവന് അവന്റെ വീട്ടുകാരെ വരെ നഷ്ടപ്പെടും.ഈ പ്രണയം അവന് നഷ്ടമേ നൽകു.അവനെ വിഷമിപ്പിക്കാൻ എനിക്ക് ആവില്ല." "എത്ര നാൾ ഈ പ്രണയം മറച്ചു വെക്കും" "അറിയില്ല.കഴിയുന്ന അത്ര കാലം മറച്ചു പിടിക്കണം.അവന് അറിയാം എനിക്ക് അവനെ ഇഷ്ടം ആണെന്ന്.ഞാൻ അത്‌ തുറന്നു പറയുന്ന കാലം വരെയേ ഈ ടോം ആൻഡ് ജെറി കളിക്കേണ്ടി വരുകയുള്ളു..

അത് കൊണ്ട് ഇത് ഇങ്ങനെ തന്നെ നിലനിൽക്കട്ടെ." കുറച്ചു നേരം ഞങ്ങൾക്ക് ഇടയിൽ മൗനം തങ്ങി നിന്നു.അപ്പോഴത്തെ എന്റെ ആലോചന മുഴുവൻ ഫാഹീംക്കയെ കുറിച്ചായിരുന്നു. "ഡ്രസ്സ്‌ ഉണങ്ങിയില്ലേ.. ഇനി നമുക്ക് പോയാലോ.. ബെല്ലടിക്കാൻ ഇനി ഒരു മണിക്കൂർ കൂടിയേ ഉള്ളു.." "വാ പോവാം." **** ദേവേച്ചിയുടെ കൂടെ അവരുടെ ക്ലാസ്സ്‌ വരെ ചെന്നപ്പോൾ കണ്ടു ക്ലാസ്സിന് പുറത്തേക്ക് ഇറങ്ങി വരുന്ന സഖാവിനെ. "ഓ.. ഇവളുടെ ഡ്രസ്സ്‌ ഒക്കെ ഉണങ്ങിയോ.." സഖാവിന്റെ മുഖത്തു പുച്ഛം ആയിരുന്നു. "എന്റെ ഡ്രസ്സ്‌ ഉണങ്ങിയാലും ഇല്ലെങ്കിലും തനിക് എന്താ.. "ഞാനും വിട്ടു കൊടുത്തില്ല. "കണ്ടോ കണ്ടോ.. അഹങ്കാരി.അവളുടെ വർത്താനം കേട്ടില്ലേ.." "അഹങ്കാരി ആണെങ്കിൽ കണക്കായി പോയി." "ഞാൻ നിന്നോട് ചോദിച്ചില്ലല്ലോ.. മഴയത്തു നിന്നപ്പോൾ വലിച്ചു കൊണ്ട് വന്നതാ തെറ്റായത്." "തന്നോട് ആരും പറഞ്ഞില്ലല്ലോ വലിച്ചു കൊണ്ട് വരാൻ." ഞങ്ങൾ ദേഷ്യത്തിൽ അങ്ങോട്ടും ഇങ്ങോട്ടും പറയുമ്പോൾ ദേവേച്ചി നിന്ന് ചിരിക്കുകയായിരുന്നു. "പെണ്ണായ് പോയി.ഇല്ലെങ്കിൽ ഒന്ന് തന്നേനെ ഞാൻ."

"പെണ്ണിന് എന്താഡോ കൊമ്പുണ്ടോ.. നീ അടിക്കട.."" "പെണ്ണിനെ ബഹുമാനിക്കണം എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്.പക്ഷെ നിന്നെയൊക്കെ കാന്താരി മുളക് അറിഞ്ഞു തേക്കുകയാ വേണ്ടത്." തല്ല് കൂടി കൂടി കൂടി ആൾക്കാർ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ ദേവേച്ചി സഖാവിനെയും വലിച്ചു കൊണ്ട് പോയി. സഖാവ് പോയപ്പോൾ എനിക്കെന്തോ നഷ്ട ബോധം തോന്നി.തല്ല് കൂടാൻ ആയാലും ഞങ്ങൾ തമ്മിൽ ഉള്ള നിമിഷങ്ങൾ ഞാൻ ഒരുപാട് ആസ്വദിച്ചിരുന്നു. വെറുതെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഫാഹീംക്കയെ അനേഷിച്ചു ഇറങ്ങി. ***** "നിലാവിന്റെ നീല ഭസ്മ കുറിയണിഞ്ഞവളെ..🎶🎶" ഞാൻ ചെന്നു നോക്കുമ്പോൾ ഫഹീംക്ക പാട്ടും കേട്ട് കണ്ണടച്ച് ഇരിക്കുകയായിരുന്നു. "ഇക്കോയ്." ആള് ഞാൻ വന്നത് ഒന്നും അറിഞ്ഞില്ല.ഞാൻ വേഗം പോയി പാട്ട് ഓഫ് ചെയ്തു.ആള് അപ്പോൾ പതിയെ കണ്ണ് തുറന്നു. "ആഹ്.. നീയോ..വാ ഇരിക്ക്." "എന്താണ് മോനെ.. പാട്ട് ഒക്കെ കേട്ട് ആരെ ഓർത്ത് ഇരിക്കുവാ.." "സംശയം ഉണ്ടോ.. അത് എന്റെ ദേവിയെ തന്നെയാ.." "ഓഹോ.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ.സീരിയസ് ആയി അത് എടുക്കണം."

"മ്മ്.ചോദിക്ക്." "ദേവേച്ചി ഒരിക്കലും ഇഷ്ടം പറഞ്ഞില്ലെങ്കിൽ ഇക്ക എന്തു ചെയ്യും." "ഞാൻ വീണ്ടും പ്രണയിക്കും ഗൗരി.. അവൾ എന്നെ ഇഷ്ടമാണെന്ന് പറയണം എന്നോ ഞങ്ങൾ പരസ്പരം പ്രണയിക്കണം എന്നോ എനിക്കില്ല.എനിക്ക് അവളെ ഇഷ്ടമാണ്. അത്രയും ഉള്ളു.. എന്റെ പ്രണയം അത് ഇങ്ങനെ തുടരട്ട.. ഞാൻ മണ്ണോടലിയും വരെ എന്റെ പ്രണയം അവൾക്കായ് മാത്രം ആയിരിക്കും.ജീവിക്കുന്ന ഓരോ നിമിഷവും ഞാൻ അവളെ മാത്രം ആണ് പ്രണയിക്കുന്നത്. ഇനിയും അങ്ങനെ തന്നെ മതി. അങ്ങനെ തന്നെ ആയിരിക്കും.പിന്നെ ഇടക്ക് ഓരോ വേദന തോന്നും. അത് എന്റെ ഉള്ളിൽ തന്നെ കിടക്കും.തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും നഷ്ടപ്പെടും എന്ന് അറിഞ്ഞിട്ടും വീണ്ടും പ്രണയിച്ചിട്ടുണ്ടോ.. അത് വല്ലാത്ത ഒരു ഫീൽ ആണ്. ഉരുകി ഉരുകി തീരുന്ന വേദന. ആ വേദനയോട് പോലും ഇന്നെനിക്ക് പ്രണയമാണ് ഗൗരി.." ഫാഹീംക്കയുടെ ഓരോ വാക്കുകളും എന്നിൽ എന്തൊക്കെയോ വികാരങ്ങളെ കൊണ്ട് വന്നു. എന്റെ പ്രണയവും ഇത് പോലെ ആയിരിക്കും. നഷ്ടപ്പെടും എന്നറിഞ്ഞിട്ടും വീണ്ടും പ്രണയിക്കും.

അന്ന് രാത്രി എഴുതാൻ ഇരിക്കുമ്പോൾ ഞാൻ ഏറെ സന്തോഷവതി ആയിരുന്നു. എന്റെ ഉള്ളിൽ ആ മഴ ചിത്രം ഓർമ വന്നു. സഖാവിന്റെ കേറിങ് ഓരോന്നായി ഓർത്തു. എന്തിനായിരിക്കും അത്. ഞാൻ മഴയത്തു നിൽക്കുന്നത് കണ്ടവർ ആരും ചെയ്യാത്തത് എന്തു കൊണ്ട് സഖാവ് ചെയ്തു.എനിക്ക് ഷാലും തോർത്തും തന്നു.എന്റെ കാര്യങ്ങളിൽ ശ്രദ്ധിച്ചു. എന്തുമായ് കൊള്ളട്ടെ.സഖാവ് എന്നോടൊത്ത് ഉണ്ടായ ആ ഓരോ നിമിഷവും എനിക്ക് സന്തോഷം മാത്രം ആണ്.എന്റെ പ്രണയത്തിൽ എന്റെ സങ്കല്പത്തിൽ സഖാവ് സഖാവ് എന്റെത് മാത്രം ആണല്ലോ.. അത് മതി എനിക്ക്. അന്ന് പ്രണയ ലേഖനം എഴുതുമ്പോൾ ചുരുങ്ങിയ വാക്കിൽ എന്റെ പ്രണയത്തെ ഞാൻ ഏറെ വർണ്ണിച്ചു.ഹൃദയമായി എഴുതി.പ്രണയം മുഴുവൻ അതിൽ ഉൾകൊള്ളിക്കാൻ ഞാൻ ശ്രമിച്ചു.എല്ലാം കഴിഞ്ഞു വായിച്ചു നോക്കിയപ്പോൾ എനിക്ക് തന്നെ ഒരു തൃപ്തി തോന്നി.പുഞ്ചിരിയോടെ ബെഡിലേക്ക് മറിഞ്ഞു.

പിറ്റേ ദിവസം വെള്ളിയാഴ്ച ആയിരുന്നു.നേരത്തെ കോളേജിൽ എത്തിയത് കൊണ്ട് ഞാൻ തന്നെ ആ ലെറ്റർ പോസ്റ്റ്‌ ചെയ്തു. അന്നും ക്ലാസുകൾ തോറും ക്യാമ്പയിൻ ഉണ്ടായിരുന്നു.ഉച്ചക്ക് എല്ലാം കഴിഞ്ഞു ക്ഷീണിച്ചു ഫുഡ്‌ കഴിക്കുന്നതിനു ഇടക്കാണ് ആമി പതിവ് പോലെ ഓടി കിതച് വന്നത്.ഇന്ന് എന്താണ് വിശേഷം എന്ന് വിചാരിച്ചു ഞങ്ങൾ അവളെ നോക്കി. "നിങ്ങൾ അറിഞ്ഞോ..എന്നും കത്തുകൾ വായിച്ചു നോക്കി 2 കത്തു എടുക്കാറുള്ള സഖാവ് ഇന്ന് ഒരു കത്ത് മാത്രമേ എടുത്തിട്ടുള്ളു.. എടുത്ത ലെറ്റർ ആൽമരത്തിന് ഉള്ളിലുള്ള വെച്ചിട്ടുണ്ട്.സഖാവിന് ഇഷ്ടപ്പെട്ട ആ പെൺകുട്ടി ആരാണെന്ന് അറിയണം എങ്കിൽ വേഗം വാ.." അവൾ പറഞ്ഞു തീർന്നതും എന്റെ കാലുകൾ ആൽമരത്തെ ലക്ഷ്യമാക്കി കുതിച്ചിരുന്നു....... (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story