വാക പൂത്ത നാളിൽ : ഭാഗം 32

vakapootha nalil

രചന: കടലാസിന്റെ തൂലിക

*മറന്നേക്ക് ഗൗരി...* ആ വാക്കുകൾ അവളുടെ കാതുകളിൽ അലയടിച് കേട്ടു. *സ്വന്തമാവില്ലെന്നറിഞ്ഞിട്ടും വീണ്ടും പ്രണയിക്കണം.. അത്രമേൽ ഭ്രാന്തമായി അവനെ മാത്രം...* അവനായി അവൾ എഴുതിയ ഓരോ വരികളും അവളുടെ ചെവിയിൽ തന്നെ അലയടിച് കേട്ടു. *ഈ വാകകൾ ഇനിയും പൂക്കും ഗൗരി... അവർ അവരുടെ പ്രണയത്തിന് മേൽ വിപ്ലവം തീർക്കും. വാക പൂക്കുന്ന നാളിലിനായി കാത്തിരിക്കുക. അന്ന് നിന്റെ പ്രണയവും പൂത്തു നിൽക്കുന്നുണ്ടാവും.* ഭാമയുടെ അന്നത്തെ വാക്കുകൾ ചെവിയിലേക്ക് അരിച്ചു കേറിയപ്പോൾ അവൾ കണ്ണടച്ച് ചെവി പൊത്തി. പിന്നെ പതിയെ കണ്ണുകൾ തുറന്നു. ""മറക്കണം "" കരഞ്ഞു കൊണ്ടെങ്കിലും അവളുടെ ചുണ്ടുകൾ പതിയെ മൊഴിഞ്ഞു. കൂടുതൽ നേരം അവിടെ നിൽക്കാൻ തോന്നിയില്ല. ഫാഹീംക്കനോട് എനിക്ക് തലവേദന ആണെന്ന് പറയാൻ ഭാമയെ ഏല്പിച് ഞാൻ വീട്ടിലേക്ക് പോയി. *** "ഇന്ന് എന്തു പറ്റി നേരത്തെ ആണല്ലോ.." അമ്മയുടെ ചോദ്യത്തിന് മറുപടി ഒന്നും പറയാൻ നിന്നില്ല. "അച്ഛൻ വന്നിട്ടില്ലല്ലോ.." "ഇന്ന് വരാൻ സാധ്യത ഇല്ലെന്ന പറഞ്ഞെ." അത് എനിക്ക് വലിയ ഒരു ആശ്വാസം ആയിരുന്നു. "മ്മ്.. ഞാൻ പോയി കിടക്കട്ടെ.ചെറിയൊരു തലവേദന." "ബാം വല്ലതും വേണോ മോളെ.."

"വേണ്ടമ്മേ.. ഒന്ന് കിടന്നാൽ മാറിക്കോളും." അതും പറഞ്ഞു ഞാൻ പതിയെ മുറിയിൽ പോയി. വാതിൽ അടച്ചു കുറ്റി ഇട്ടു. തോളിൽ കിടന്ന ബാഗ് അഴിച് നിലത്തേക്കിട്ട് ബെഡിൽ പോയി കിടന്നു. കുറച്ചു നേരം അങ്ങനെ കിടന്ന് ഇത്ര നേരം പിടിച്ചു വെച്ച കണ്ണുനീരിനെ തുറന്നു വിട്ടു. എന്തിനാ എന്നിൽ പ്രണയം നിറച്ചത്. ഞാൻ എന്തു തെറ്റ് ചെയ്തിട്ടാ.. ഓർക്കും തോറും വിതുമ്പലിന്റെ എണ്ണം കൂടി വന്നു. ഒത്തിരി കരഞ്ഞു. കരയും തോറും ഉള്ളിലെ നോവ് കൂടി വരുന്നത് പോലെ തോന്നി. കരയാതിരിക്കാനും പറ്റിയില്ല. ഉള്ളിലാരോ ഇരുന്നു ഹൃദയം കീറി മുറിക്കുന്നത് പോലെ തോന്നി. തൊണ്ട മുഴുവൻ വറ്റിയ പോലെ.. അന്ന് മുദ്രാവാക്യം വിളിച് കൊണ്ടിരിക്കുന്ന സഖാവിനെ ആദ്യമായി കണ്ടത് മുതൽ ഇഷ്ടം തോന്നിയതും ആരും അറിയാതെ മനസ്സിൽ കൊണ്ട് നടന്നതും കത്തുകൾ എഴുതിയതും സഖാവിന്റെ വീട്ടിൽ പോയതും എല്ലാം ഒരു സിനിമയിൽ എന്ന പോലെ ഉള്ളിലേക്ക് കടന്ന് വരാൻ തുടങ്ങി. അവസാനം ഇന്ന് മറ്റൊരു പെൺകുട്ടിയുമായി പ്രണയം ആണെന്ന് പറഞ്ഞത് ഓർമ വന്നപ്പോൾ സഹിക്കാൻ ആയില്ല.

തലയിണയെ മുറുകെ കെട്ടിപിടിച്ചു ഞാൻ.. പിന്നെ പതിയെ അതിൽ മുഖം ചേർന്ന് കിടന്നു. മറക്കണം എന്ന് മനസ്സിനോട് ഒരു നൂരവർത്തി പറഞ്ഞു.മറക്കും തോറും അവനെന്നിൽ കൂടുതൽ ഓർമയായി കൊണ്ടിരിക്കുന്നു. "ഗൗരി...നീ അവിടെ കിടക്കുകയാണോ .. വന്നിട്ട് കുറേ നേരം ആയില്ലേ..നീ ഒന്ന് പോയി കുളിക്ക്.അപ്പോഴേക്കും അമ്മ ചായ ആയിട്ട് വരാം." പുറത്തു നിന്ന് അമ്മ വിളിച്ചു പറഞ്ഞു.കേട്ടപ്പോൾ എന്റെ വിഷമം കുറയാൻ അതും ചിലപ്പോൾ ഒരു കാരണം ആയാലോ എന്ന് തോന്നി. മഴയത്തു നിൽക്കുമ്പോൾ ചില വിഷമങ്ങൾ മഴയോട് കൂടി അങ്ങനെ അലിഞ്ഞു ഇല്ലാത്തവരുണ്ട്.ആരും അറിയാതെ ഒന്ന് പൊട്ടി കരയാൻ തോന്നുന്നുമ്പോൾ അതാണ് നല്ലതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.മുറിയിൽ വാതിൽ എത്ര ബന്ധയാക്കി അടച്ചിട്ടു ഇരുന്നാലും ഞാൻ ഒന്ന് പൊട്ടികരഞ്ഞാൽ അമ്മ അത്‌ അറിയും. ആരും അറിയാതെ ആരെയും അറിയിക്കാതെ ഒന്ന് കരയാൻ മഴയാണ് നല്ലത്.പക്ഷെ മഴയെവിടെ..? മഴ പോലും എനിക്ക് എതിരാണോ.. അത്‌ ആലോചിച്ചപ്പോൾ വീണ്ടും എന്നെ വിഷമം വന്നു പിടി കൂടി.എന്തിനാണ് ഞാൻ ഇങ്ങനെ സങ്കടപ്പെടുന്നത് എന്ന് ഓർത്ത് എനിക്ക് ഒരു മറുപടി കിട്ടിയില്ല.

തണുത്ത വെള്ളം തലയിലൂടെ വീഴുമ്പോൾ ഒരു ആശ്വാസം കിട്ടുമെന്ന് തോന്നിയെങ്കിലും അത്‌ ഉണ്ടായില്ല.കുറെ നേരം ആ ഷവറിന്റെ ചുവട്ടിൽ ഇരുന്നു കരഞ്ഞു. അത്ര മാത്രം.. കുളി കഴിഞ്ഞു വന്നു തല ശരിക്കും ഒന്ന് തോർത്തുക പോലും ചെയ്യാതെ നേരെ വന്നു കിടന്നു. "എന്താ ഗൗരി നീ ഈ കാണിക്കുന്നേ..കുളി കഴിഞ്ഞിട്ട് നേരെ വന്നു കിടക്കുകയാണോ.. പനി പിടിക്കും നിനക്ക്. തലയും ശരിക്ക് തോർത്തിയിട്ടില്ലല്ലോ.. മോളെ.. ഗൗരി.. വല്ലതും വന്നു കഴിക്ക്.വന്നിട്ട് ഒന്നും കഴിച്ചില്ലല്ലോ.." അമ്മ എന്തൊക്കെയാ പറയുന്നുണ്ടായിരുന്നു.ഒന്നും കേട്ടതായി ഭാവിച്ചില്ല.ഉറങ്ങിയ പോലെ കിടന്നു. കുറെ പറഞ്ഞു കഴിഞ്ഞു അമ്മ പോവുന്നത് കണ്ടു. അന്ന് രാത്രി ഉറക്കം എന്നെ ഒട്ടും തലോടിയില്ല. തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടന്നു. കണ്ണുനീർ പോയതോഴിയാതെ അപ്പോഴും കൂടെ ഉണ്ടായിരുന്നു. മൗനമായി അതെന്നെ വേട്ടയാടി കൊണ്ടേ ഇരുന്നു. കരയാൻ ഇത്ര മാത്രം കണ്ണുനീർ എന്നിൽ ഉണ്ടോ എന്ന് ചിന്തിച്ച നിമിഷങ്ങൾ ആയിരുന്നു അത്‌.. സഖാവിന്റെ മുഖം ആയിരുന്നു മനസ്സിൽ. പിന്നെ ഇത് വരെ കാണാത്ത സഖാവിന്റെ ആ പ്രണയിനിയുടെയും. ആരായിരിക്കും ആള്.എങ്ങനെ ആയിരിക്കും.എനിക്ക് അറിയുന്ന കുട്ടി തന്നെ ആവുമോ..

അതൊ വല്ല മുറപ്പെണ്ണ് എങ്ങാനും.. അതാവാൻ വഴി ഇല്ല. എന്നാലും ആരായിരിക്കും.എന്നെ പോലെ ഒന്നും ആയിരിക്കില്ലല്ലേ.. കുറെ മുടി ഉണ്ടാവോ.. പൊക്കം എങ്ങനെ ആയിരിക്കും.ഒരു ഫോട്ടോ കിട്ടിയിരുന്നെങ്കിൽ.. അല്ലെങ്കിലും എന്തിനാ എനിക്ക് ഫോട്ടോ.. അത്‌ കണ്ടു അസൂയ പെടാനോ.. കൊക്കിൽ ഒതുങ്ങുന്നതെ കൊത്താവു എന്ന് അമ്മ പഠിപ്പിച്ചതല്ലേ.. എന്നിട്ടും ഞാൻ എന്തിനാ ഇങ്ങനെ.... പണ്ട് മുതലേ ഇങ്ങനെ തന്നെയാ.. ആഗ്രഹിച്ചത് ഒന്നും ലഭിച്ചിട്ടില്ല.ഏറ്റവും ആഗ്രഹിച്ചതാ അച്ഛന്റെ സ്നേഹം.അത്‌ പോലും ലഭിച്ചിട്ടില്ല.അല്ലെങ്കിലും സഖാവിനെ പ്രണയിക്കാൻ എനിക്കെന്തു യോഗ്യത ആണ് ഉള്ളത് വീണ്ടും ഒഴുകി എത്തുന്ന കണ്ണുനീരിനെ കണ്ടപ്പോൾ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.ഒരു പാട്ട് കേൾക്കണം എന്നെ തോന്നിയെങ്കിലും ഇപ്പോൾ അത്‌ ഉചിതം അല്ലെന്ന് തോന്നി. അന്ന് രാത്രി എങ്ങനെ ഒക്കെയോ നേരം വെളുപ്പിച്ചു എന്ന് പറയാം.കോളേജിൽ പോകേണ്ട കാര്യം ആലോചിച്ചപ്പോൾ എങ്ങോട്ടെങ്കിലും ഇറങ്ങി ഓടാൻ തോന്നി. ഒരു ഉത്തരവാദിത്തം ഏറ്റെടുത്തത് കൊണ്ട് അതിൽ നിന്ന് ഒളിച്ചോടാൻ എനിക്ക് സാധിക്കുമായിരുന്നില്ല.അത്‌ കൊണ്ട് മാത്രം വീണ്ടും കോളേജിൽ പോയി. തിരക്കുകളിൽ ഏർപ്പെട്ടാൽ ഈ വക വിഷമങ്ങളിൽ നിന്ന് ഒരു പരിധി വരെ രക്ഷപ്പെടാം എന്ന് ആരോ എപ്പോഴോ പറഞ്ഞിട്ടുള്ളത് കൊണ്ട് ഞാൻ മനപ്പൂർവം തിരക്കിൽ ആയി.പക്ഷെ പ്രണയിച്ചിരുന്ന സമയത്തെക്കാൾ കൂടുതൽ ആയി മറക്കാൻ ശ്രമിച്ചപ്പോൾ ആ മുഖം എന്റെ മനസ്സിലേക്ക് ഓടി എത്തി.

പിന്നീട് ഉള്ള എല്ലാ ദിവസങ്ങളിലും ഇത് തന്നെ ആയിരുന്നു അവസ്ഥ.സഖാവിനെ പല സ്ഥലത്ത് വെച്ച് ഞാൻ കാണുന്നുണ്ടായിരുന്നു.സൗഹൃദത്തിന്റെ പേരിലും പ്രണയത്തിന്റെ പേരിലും അവരെല്ലാം ഒന്നിച്ചു കൂടിയപ്പോഴും തിരക്ക് ആണെന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി.സഖാവിന് ഒരു വരണ്ട ചിരി മാത്രം സമ്മാനിച്ചു. എലെക്ഷൻ അടുത്ത് കൊണ്ടിരിക്കുന്നു. ഒരു കാര്യത്തിലും എനിക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. എല്ലാത്തിലും ഞാൻ വീഴ്ച കാട്ടി. ഒന്നും മനപ്പൂർവം ആയിരുന്നില്ല. സംഭവിച്ചു പോകുന്നതാണ്. പലരിൽ നിന്നും അതിന്റെ പേരിൽ ചീത്ത കേൾക്കുമ്പോഴും ഞാൻ തലതാഴ്ത്തി നിന്നു. മൂന്നാല് ദിവസം കടന്ന് പോയപ്പോഴേക്കും എന്നിൽ വന്ന മാറ്റം എല്ലാവരെയും വിഷമത്തിൽ ആക്കി. മാറാൻ ഞാനും ആഗ്രഹിച്ചു. പക്ഷെ മറക്കും തോറും അഭിയേട്ടൻ എന്നിൽ കൂടുതൽ നിറഞ്ഞു നിന്നു. ഭമാക്കായിരുന്നു കൂടുതൽ വിഷമം. എന്റെ പ്രണയത്തിന് ജീവനുള്ള ഏക സാക്ഷി അവളല്ലേ.. എന്റെ പ്രണയം ഞാൻ പറഞ്ഞതും അവളോട് ആയിരുന്നില്ലേ... എന്റെ അതേ അവസ്ഥ ആ ദിവസങ്ങളിൽ അവളിലും കണ്ടു.എന്റെ കാര്യത്തെക്കാൾ ഉപരി ആയി അവളിൽ മറ്റെന്തോ ഒരു വിഷമം ഉണ്ടെന്ന് എനിക്ക് ഉറപ്പായി.പക്ഷെ തിരക്കുകൾ കൊണ്ടാവണം അവളെ കൂടുതൽ അറിയാൻ എനിക്ക് സാധിച്ചില്ല.

ഇലക്ഷന് ഏതാനും ദിവസം മാത്രം ബാക്കി നിൽക്കെ ബഞ്ച് യോ ബഞ്ച് ക്യാമ്പയിന് ആയി തയ്യാറെടുക്കുകയായിരുന്നു ഞാൻ.അപ്പോഴാണ് കരഞ്ഞു കൊണ്ട് ലക്ഷ്മി എന്റെ അടുത്തേക്ക് വന്നത്. "എന്താടാ എന്തു പറ്റി." അവൾ എന്തൊക്കെയോ ആംഗ്യം കാട്ടി .പക്ഷെ ഒന്നും എനിക്ക് മനസ്സിലായില്ല.എന്റെ ഭാവം കണ്ടു അവൾ എന്നെ വലിച്ചു കൊണ്ട് പോയി.എതിർപ്പില്ലാതെ ഞാനും ടെൻഷനോടെ പിന്നാലെ പോയി. വളരെ കുറച്ചു പേർ അവിടെ വട്ടം കൂടി നിൽപ്പുണ്ടായിരുന്നു.അവരെ ഒക്കെ മറികടന്നു അവൾ എന്നെയും കൊണ്ട് ഏറ്റവും ഉള്ളിലേക്ക് പോയി.അവിടെ ഞങ്ങളുടെ ഗാങ്ങിൽ ഉള്ള എല്ലാവരും ഉണ്ടായിരുന്നു. നടുക്ക് ഹരിയേട്ടനും അയാളോട് എന്തോ പറഞ്ഞു തർക്കിക്കുന്ന ഭാമയും!!! "താൻ ഇപ്പോഴും ആ പഴയ തേച്ചിട്ട് പോയ പെണ്ണിനേയും ഓർത്തു ഇരുന്നോ.. തന്നെ ഞാൻ ജീവന് തുല്യം സ്നേഹിക്കുന്നുണ്ടെന്ന് തനിക്ക് അറിയോ.. എന്താ എന്റെ സ്നേഹം മനസിലാക്കാത്തെ." ഭാമ പറയുന്നത് കേട്ട് ഞാൻ ഞെട്ടി!! അവൾക്ക് ഒരു പ്രണയം ഉണ്ടെന്ന് തോന്നിയിരുന്നു.അത്‌ ഹരിയേട്ടനോട് ആയിരുന്നോ.. അവൾ ഓരോന്ന് പറയുന്നതിനോടൊപ്പം ദേഷ്യപ്പെടുന്നും കരയുന്നും ഉണ്ടായിരുന്നു.അവളുടെ കണ്ണും മുഖവും കരഞ്ഞു കലങ്ങിരുന്നു.ഹരിയേട്ടൻ എപ്പോഴത്തെയും പോലെ തന്നെ ഇന്നും കൈ കെട്ടി ശാന്ദനായി നിൽപ്പുണ്ട്.ആ മുഖത്തെ ഭാവം ശരിക്ക് വായിച്ചെടുക്കാൻ ആയില്ല. "ഞാൻ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞതല്ലേ..

എത്ര നാളുകൾ ആയി.എന്നിട്ടും എന്ത് കൊണ്ട് എന്നെ അറിയുന്നില്ല." അവൾ പൊട്ടി കരയുകയായിരുന്നു.കണ്ടു നിന്ന ഞങ്ങളുടെയും കണ്ണുകൾ നിറഞ്ഞു.ഇപ്പോഴും ശാന്തനായി നിൽക്കുന്ന ഹരിയേട്ടനെ കണ്ടു എനിക്ക് ദേഷ്യം വന്നു തുടങ്ങി. "അവൾ എന്നെ ഉപേക്ഷിച്ചു പോയെന്ന് വെച്ചോ വേറെ ഒരാളെ സ്നേഹിച്ചത് കൊണ്ടോ എനിക്ക് പഴയ ആ സ്നേഹം പോയിട്ടില്ല ഭാമേ.. എന്റെ പ്രണയം ഇപ്പോൾ അവളോട് അല്ല.ഞങ്ങൾ പ്രണയിച്ചിരുന്ന ആ നിമിഷങ്ങളോട് ആണ്.പിന്നെ എന്റെ പ്രസ്ഥാനത്തോടും.ഇനിയും ഒരു പെണ്ണിന്റെ ജീവിതം കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.എനിക്ക് അതിന് കഴിയുകയും ഉണ്ടെന്ന് തോന്നുന്നില്ല.ഞാനും എന്റെ പ്രണയത്തിന്റെ ഓർമകളും എന്റെ കവിതളും ആയി കഴിഞ്ഞോളം.ഈ പ്രണയം ഒരു ആകർഷണം ആവാം.കുറച്ചു കഴിയുമ്പോൾ അത്‌ താനെ മാറിക്കോളും." "എത്ര പറഞ്ഞാലും തനിക് എന്താ മനസ്സിലാകാതെ.. എനിക്ക് തന്നെ ജീവൻ ആണ്.അല്ല.. അതിനേക്കാൾ ഏറെ ഇഷ്ടം ആണ്.താൻ ഇല്ലെങ്കിൽ ഞാൻ മരിച്ചു പോവും.ഇതിനേക്കാൾ കൂടുതൽ എങ്ങനെയാ ഞാൻ പറഞ്ഞു തരുന്നത്." അവൾ മുഖം പൊത്തി കരയുന്നത് കണ്ടപ്പോൾ സഹിച്ചില്ല.അവളിൽ ഇത്രയും വലിയ ഒരു പ്രണയം ഉണ്ടെന്ന് എന്തു കൊണ്ട് ഞാൻ അറിഞ്ഞില്ല.. "എനിക്ക് ഇനിയും ആരെയും പ്രണയിക്കാൻ കഴിയില്ല ഭാമേ.." അത്‌ കേട്ട് അവൾക് ദേഷ്യം വന്നു. "തനിക് ഭ്രാന്താടോ.. ഭ്രാന്ത്.തേച്ചോട്ടിച്ച പെണ്ണിന് വേണ്ടി ഇപ്പോഴും കവിതകൾ എഴുതി കൊണ്ടിരിക്കുന്നു.

തനിക് ചുറ്റും താൻ ജീവന് തുല്യം സ്നേഹിക്കുന്നവരെ കാണാതെ ഇപ്പോഴും അവളെ ഓർത്ത് നടന്നോ.. ഒരിക്കൽ ഇതിനെല്ലാം താൻ ഖേദിക്കേണ്ടി വരും.അന്ന് എന്നെ ഓർത്ത് താൻ വിഷമിക്കും.ഇത് കുറിച്ച് വെച്ചോ.." കണ്ണുനീരിനോപ്പം ദേഷ്യവും നിറച്ചു കൊണ്ട് അവൾ അയാളുടെ നേരെ കൈ ചൂണ്ടി.പിന്നെ പിന്തിരിഞ്ഞു വേഗത്തിൽ നടന്നു. "ഭാമേ.." പിന്നാലെ ഞാൻ ചെല്ലാൻ പോയപ്പോൾ ഫാഹീംക്ക എന്റെ കയ്യിൽ പിടിച്ചു. "കുറച്ചു നേരം അവൾ ഒറ്റക്ക് ഇരിക്കട്ടെ.." "മ്മ്മ്.." നേരെ എന്റെ കണ്ണുകൾ പോയത് സഖാവിന്റെ മുഖത്തേക്ക് ആണ്. പെട്ടന്ന് ആ മുഖത്തെ നേരിടാൻ പറ്റിയില്ല.വേഗം തലതിരിച്ചു.ആരോടും ഒന്നും പറയാതെ ഞാൻ വേഗം പാർട്ടി റൂമിലേക്ക് പോയി. കുറെ നേരം ഒറ്റക്ക് ഇരുന്നു.ഭാമയിൽ ഇത്രയും വലിയ വിഷമം ഉണ്ടായിട്ടും ഞാൻ അത് അറിയാതെ പോയത് എന്നിൽ ഏറെ കുറ്റബോധം ഉണ്ടാക്കി.എന്റെ പ്രണയവും കുടുംബവും സാഹചര്യവും എല്ലാം അറിയുന്നവൾ അല്ലെ അവൾ.അവൾ മാത്രം.. എന്നിട്ടും... എന്നിട്ടും അവളുടെ ഉള്ളിൽ ഉള്ളത് ഞാൻ അറിയാതെ പോയില്ലേ.. "എന്താ ഒറ്റക്ക് ഇരിക്കുന്നെ.." "ഫാഹീംക്കാ വന്നു എന്റെ അടുത്ത് ഇരുന്നു." "ഭാമ...." "അവൾ വീട്ടിലേക്ക് പോയി.ആരെയും ഫേസ് ചെയ്യാൻ കഴിയുന്നുണ്ടാവില്ല." "മ്മ്മ്.. ഞാൻ അവളെ പറ്റി ആലോചിക്കുവായിരുന്നു.അവളുടെ ഉള്ളിലെ വിഷമം എന്നോടെങ്കിലും പറഞ്ഞിരുന്നെങ്കിൽ അവൾക്ക് ആശ്വാസം കിട്ടിയേനെ... പക്ഷെ അവളുടെ മനസ് ഞാൻ കണ്ടില്ല."

"ഒരുപാട് തിരക്കുകൾ ആയത് കൊണ്ടല്ലേ അതിന് സാധിക്കാതെ ഇരുന്നത്. എനിക്ക് അറിയാം നീ ഇപ്പോൾ അവളെ ശരിക്ക് കാണാറ് കൂടി ഇല്ലെന്ന്." "മ്മ്മ്.. അതേ.പക്ഷെ എന്റെ എല്ലാ രഹസ്യവും അറിഞ്ഞിട്ടും എന്റെ ബെസ്റ്റി ആണെന്ന് ഞാൻ പറഞ്ഞു കൊണ്ട് നടന്നിട്ടും അവളുടെ മനസ്സിലുള്ളത് ഞാൻ അറിയാതെ പോയില്ലേ.." "ഈ രഹസ്യം എന്ന് പറയുന്നത് എന്താ.. അഭിയുടെ കാര്യം ആണോ.." ഞാൻ ഞെട്ടി കൊണ്ട് ഫഹീംക്കയെ നോക്കി. "ഇങ്ങനെ ഞെട്ടി നോക്കേണ്ട കാര്യം ഒന്നും ഇല്ല.നിന്റെ ഓരോ ചലനവും ഇപ്പോൾ എനിക്ക് മനപ്പടം ആണ് ഗൗരി.. നീ ആദ്യമായി ലെറ്റർ ഇടാൻ പോയപ്പോൾ തന്നെ എനിക്ക് തോന്നിയ സംശയം ആണ്.പിന്നെ എപ്പോഴോ കണ്ടു പിടിച്ചു.മ്മ്.. അത്‌ പോട്ടെ.." ഫാഹീംക്കാ അത് കണ്ടു പിടിച്ചു എന്ന് പറഞ്ഞപ്പോൾ വീണ്ടും എനിക്ക് കുറ്റബോധം തോന്നി.എന്റെ ആങ്ങളയെ പോലെ കണ്ടിട്ടും പറയാൻ തോന്നിയില്ലല്ലോ എനിക്കത്. കുറച്ചു നേരം ഞാൻ മിണ്ടാതെ ഇരുന്നു.ഇക്കയും ഒന്നും മിണ്ടിയില്ല. ഫോൺ ബെല്ലടിക്കുന്ന ശബ്ദം ആണ് മൗനത്തെ കീറി മുറിച്ചത്.ഫോൺ എടുത്തിട്ട് അവിടെ നിന്ന് പറയുന്ന കാര്യം കേട്ട് ഇക്ക ഞെട്ടി എന്റെ മുഖത്തേക്ക് നോക്കി. "എന്താ... എന്തു പറ്റി ഇക്ക..ആരാ വിളിച്ചേ.." "ഭാമ.. അവൾ.." ഫാഹീംക്ക പറയാൻ ഒന്ന് മടിച്ചു. "എന്താ ഇക്ക... എന്താണെങ്കിലും പറ." "She tried to commit suicide!!!"..... (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story