വാക പൂത്ത നാളിൽ : ഭാഗം 35

vakapootha nalil

രചന: കടലാസിന്റെ തൂലിക

മിക്കപ്പോഴും ഭാമ ആണ് ലെറ്റർ ഇടാറ്.ഇത് ഇപ്പോൾ അവൾ ഇല്ലാത്തത് കൊണ്ട് ഞാൻ തന്നെ ഇടണം. ചുറ്റും ഒന്ന് നോക്കി ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി ഞാൻ ആ ലേഖനം ലെറ്റർ ബോക്സിലേക്ക് ഇട്ടു. ഇട്ടില്ല... അപ്പോഴേക്കും ആരോ ലെറ്ററോട് കൂടെ എന്റെ കയ്യിൽ പിടിച്ചിരിക്കുന്നു.. എന്റെ നെഞ്ചു വല്ലാതെ മിടിക്കാൻ തുടങ്ങി. ഞാൻ പേടിയോടെ തിരിഞ്ഞു നോക്കിയപ്പോൾ അവിടെ ഉള്ള ആളെ കണ്ടു എന്റെ കിളി പാറാൻ തുടങ്ങി. സഖാവ്!!!!!! കുറെ നേരം ഞാൻ ഞെട്ടലോടെ ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു. ഞാൻ എന്തെങ്കിലും പറയാൻ തുടങ്ങുന്നതിനു മുൻപ് സഖാവ് എന്റെ കൈ വലിച്ചു എങ്ങോട്ടോ കൊണ്ട് പോയിരുന്നു... **** ബോട്ടണി ലാബിൽ തലയും കുമ്പിട്ടു സഖാവിന്റെ മുന്നിൽ നിൽക്കുമ്പോൾ എന്റെ മനസ്സ് വല്ലാതെ പിടക്കുന്നുണ്ടായിരുന്നു.എന്തിനെന്ന് അറിയാതെ മനസ് ഉഴറി. നേരെ നോക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും ഉള്ളിലെ പേടി അതിന് സമ്മതിച്ചില്ല.ഇനി എന്താണ് അടുത്തത് എന്ന് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല എനിക്ക്. എന്റെ ലെറ്റർ സഖാവിന്റെ കയ്യിൽ ഉണ്ടായിരുന്നു.സഖാവ് അതിനെ എന്തു ചെയ്യുന്നു എന്ന് എനിക്ക് അറിയണമായിരുന്നു.അത് കൊണ്ട് പേടി ഉണ്ടെങ്കിലും ഞാൻ മെല്ലെ തലയുയർത്തി നോക്കി. ഞാൻ നിൽക്കുന്നതിന്റെ കുറച്ചു മാറി എന്റെ നേരെയായി ഉള്ള ഒഴിഞ്ഞ ബെഞ്ചിൽ ഇരിക്കുകയായിരുന്നു സഖാവ്.കയ്യിൽ ആ കത്തും ഉണ്ട്.അത് വായിക്കുന്നുണ്ടായിരുന്നു അപ്പൊൾ.

എന്റെ നെഞ്ച് വീണ്ടും എന്തിനോ വേണ്ടി പിടച്ചു തുടങ്ങി.കത്തു വായിക്കുമ്പോൾ ആ മുഖത്തെ ഭാവം എന്താണെന്ന് അറിയണം എന്ന് എനിക്ക് തോന്നി.പക്ഷെ ഒരിക്കൽ കൂടി തലയുയർത്തി നോക്കാൻ എനിക്ക് ധൈര്യം വന്നില്ല. "എന്താണ് ഇത്." ഗംഭീര്യം ഏറിയ ആ ശബ്ദം ചെവിയിൽ വന്നു പതിച്ചതും നിന്നിടത്തു നിന്നും ഞാൻ വിറക്കുന്നു എന്ന് തോന്നി. "ചോദിച്ചത് കേട്ടില്ല എന്നുണ്ടോ..?" ഞാൻ ഒന്ന് ഞെട്ടി ആ മുഖത്തേക്ക് നോക്കി.ആ മുഖത്ത് ഉണ്ടായ ഗൗരവം എന്റെ ധൈര്യത്തെ മുഴുവൻ ചോർത്തി കളഞ്ഞു. "അത് പിന്നെ ഞാൻ... ഇത് തനിക്കുള്ളതല്ല." "ഓഹോ.. എന്നിട്ട് ഇതിന്റെ പുറത്ത് സഖാവ് അഭിനന്ദ് ശിവാനന്ദൻ എന്ന് വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി വെച്ചിട്ടുണ്ടല്ലോ..." "അത് പിന്നെ... ഞാൻ വെറുതെ തമാശക്ക്.." "തമാശക്ക്..?" "തമാശക്ക് എഴുതിയതാണ്." "അപ്പൊ നീ തന്നെ ആണ് ഇത് എഴുതിയത് എന്ന് സമ്മതിച്ചു." സഖാവ് അത് പറഞ്ഞപ്പോൾ ഞാൻ ചമ്മി. ശ്യേ.. ഞാനല്ല എഴുതിയത് എന്ന് പറഞ്ഞാൽ മതിയായിരുന്നു. "ഞാൻ..." "ആ ലെറ്റർ ബോക്സ് അവിടെ സ്ഥാപിച്ചത് മുതൽ ഇന്ന് വരെ മുടക്കം ഇല്ലാതെ 'സഖാവിന്റെ സ്വന്തം സഖി ' എന്ന മേൽ വിലാസത്തിൽ എനിക്ക് കത്തുകൾ അയച്ചത് നീയല്ല എന്ന് നിനക്ക് നിഷേധിക്കാൻ പറ്റുമോ..?" സഖാവ് പറഞ്ഞത് കേട്ട് ഒന്ന് കൂടി ഞാൻ ഞെട്ടി.

എന്താ ഇപ്പോൾ പറയാ.. അല്ലെന്ന് പറഞ്ഞാൽ അത് 100% കള്ളമാണ്. അത് സഖാവ് കണ്ടു പിടിക്കുകയും ചെയ്യും.എന്തായാലും ഇത് അധിക കാലം മറക്കാൻ പറ്റില്ല. ആണെന്ന് പറഞ്ഞാൽ എന്തിനാ അത് അയച്ചത് എന്ന് ചോദിച്ചാൽ എന്തു പറയും.എന്റെ പ്രണയത്തെ കുറിച്ച് പറയേണ്ടി വരില്ലേ.. Ksq കാരിക്ക് sfy കാരനോട് തോന്നിയ പ്രണയം. നല്ല കഥ.. "നിഷേധിക്കാൻ പറ്റുമോ നിനക്ക്." ആ ശബ്ദം കുറച്ചു കൂടി അടുത്ത് നിന്ന് കേട്ടു. "ഇല്ല." താഴെ നോക്കിയാണ് ഞാൻ പറഞ്ഞത്. "ഇതിൽ എഴുതിയിരിക്കുന്ന പ്രണയം സത്യമാണോ അതൊ.." "സത്യമാണ്." കണ്ണടച്ച് കൊണ്ട് ഞാൻ പറയുമ്പോൾ മുഖമടച്ചുള്ള ഒരു അടിയായിരുന്നു പ്രതീക്ഷിച്ചത്. പക്ഷെ എന്റെ എല്ലാ പ്രതീക്ഷയെയും തെറ്റിച്ചു കൊണ്ട് സഖാവിന്റെ ഭാഗത്തു നിന്ന് ചിരിയാണ് കേട്ടത്. "അതിനർത്ഥം നിനക്കെന്നോട് പ്രണയമാണോ ഗൗരി.." ഒറ്റപിരികം പൊക്കി ആക്കിയുള്ള ആ ചോദ്യം കേട്ടപ്പോൾ എന്റെ തല വീണ്ടും താണു.. ഇതിപ്പോൾ കൊല്ലാനാണോ അതൊ വളർത്താൻ ആണോ.. "എത്ര നാളായി തുടങ്ങിയിട്ട്." "കുറെ ആയി." കുറച്ചു നേരം ഞങ്ങൾക്ക് ഇടയിൽ മൗനം തങ്ങി നിന്നു. എനിക്ക് വല്ലാത്ത വിറയൽ വന്നു. എന്തായിരിക്കും സഖാവിന്റെ പ്രതികരണം. ഈ മൗനത്തിന്റെ അർത്ഥം...എന്തായാലും അനുഭവിക്കുക. അത്ര തന്നെ.

"നീ ക്ലാസ്സ്‌മേറ്റ്സ് സിനിമ കണ്ടിട്ടുണ്ടോ ഗൗരി.." സഖാവ് ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസ്സിലാകാതെ നെറ്റിച്ചുളിച് ഞാൻ നോക്കി. "കണ്ടിട്ടുണ്ടോ..?" "മ്മ്.." "അതിൽ താര കുറിപ്പ് സുഖുമാരനോട് കെമിസ്ട്രി ലാബിൽ വെച്ച് തന്റെ പ്രണയം തുറന്നു പറയുന്നത് പോലെ ഇന്ന് ഗൗരി ഈ അഭിയോട് ബോട്ടണി ലാബിനെ സാക്ഷി നിർത്തി അവളുടെ പ്രണയം തുറന്നു പറയുന്നു." സഖാവ് പറയുന്നത് കേട്ട് ഞാൻ കണ്ണും തള്ളി സഖാവിനെ നോക്കി. ദൈവമേ.. താരയെ പോലെ എന്റെ പ്രണയം തുറന്നു പറയാൻ എനിക്ക് ധൈര്യം ഉണ്ടോ.. അതിന് സാധിക്കുമോ എനിക്ക്.. "നീ പേടിക്കേണ്ടതില്ല ഗൗരി.. നിന്റെ പ്രണയം ഒരു സഖാവിനോട് ആണെങ്കിൽ അവനെ പ്രണയിക്കുന്നവൾക്കും ആ ധൈര്യം വേണ്ടുവോളം കിട്ടിയിരിക്കും." സഖാവിന്റെ വാക്കുകൾ ശരിക്കും ധൈര്യം തന്നു. മറുപടി എന്തും ആയ്ക്കൊള്ളട്ടെ എന്റെ പ്രണയം ഞാൻ തുറന്നു പറയും എന്ന് മനസ്സിൽ കരുതി. കണ്ണുകൾ അടച്ചു ഒരു ദീർഘ നിശ്വാസം എടുത്തു. "കോളേജിൽ വന്ന അവൾ ആദ്യമായി കേട്ടത് തീപാറുന്ന ഒരു വിപ്ലവ ശബ്ദത്തെ ആണ്.ആദ്യം അവൾക്ക് ആരാധന ആയിരുന്നു. പിന്നീട് എപ്പോഴോ ആ വിപ്ലവത്തിന്റെ നായനെ അവൾ പ്രണയിച്ചു തുടങ്ങി. സ്നേഹിച്ച പുരുഷൻ തന്റെ എതിർ സ്ഥാനാർഥി ആണെന്നറിഞ്ഞിട്ടും പ്രണയം ഒരിക്കലും തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും വീണ്ടും അവനറിയാതെ പ്രണയിച്ചു .

അവൾക്ക് കിട്ടാത്ത സ്നേഹം മറ്റുള്ളവർക്ക് കൊടുക്കുന്നത് കണ്ടപ്പോൾ വെറുതെ വഴക്കടിച്ചു ദേഷ്യം പിടിപ്പിച്ചു. രാത്രി അവനെ മാത്രം സ്വപ്നം കണ്ടു അവനായി ആ പൊട്ടിപെണ്ണ് കത്തുകൾ എഴുതി കൊണ്ടേ ഇരുന്നു..." എവിടെയോ നോക്കി അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും എന്റെ മനസ് ശൂന്യമായി കഴിഞ്ഞിരുന്നു. "അവൾ അവനെ കണ്ടത് ഈ കോളേജ് ക്യാമ്പസ്സിൽ വെച്ചായിരുന്നു എങ്കിൽ അവൻ അവളെ കണ്ടത് 3 വർഷം മുൻപ് ഒരു ബസ് സ്റ്റോപ്പിൽ വെച്ചായിരുന്നു.എങ്ങോ പോയി അവൾ മറഞ്ഞിട്ടും ചുറ്റിനും അവൻ കാണുന്നത് അവളെ മാത്രമായിരുന്നു. എതിർ പാർട്ടിയിലെ മന്ത്രിയുടെ മകൾ ആണ് അവൾ എന്നറിഞ്ഞിട്ടും അവന്റെ പ്രണയം പടർന്നു പന്തലിക്കാൻ തുടങ്ങി.നാട് കടത്തപ്പെട്ട അവളെ, കാണാൻ തോന്നുമ്പോഴൊക്കെ അവൻ പോയി കണ്ടു. അവൾ അറിയാതെ.. വർഷങ്ങൾക്കിപ്പുറം അവളെ അടുത്ത് കാണുവാനായി എതിർ പാർട്ടിക്കാരോട് തല്ലിട്ട് അവളെ ഈ ക്യാമ്പസ്സിൽ എത്തിചിട്ടും അവൾക്കും അവനോട് പ്രണയം ആണെന്നറിഞ്ഞിട്ടും അവന്റെ പ്രണയം അവളെ അറിയിച്ചില്ല.അവനെ തേടിയെത്തുന്ന കത്തിന്റെ ആദ്യ വരി മാത്രം മതിയായിരുന്നു അവന് ആ കത്തിന്റെ ഉടമയെ കണ്ടെത്താൻ.. അവനറിയാമായിരുന്നു അവളെ.. അവന്റെ പ്രണയത്തെ.. സഖാവിന്റെ പ്രിയ സഖിയെ...." പറഞ്ഞു കഴിഞ്ഞു ചിരിയോടെ എന്റെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കുന്ന അഭിയേട്ടനെ ഞെട്ടലോടെ ആണ് ഞാൻ നോക്കിയത്.

കുറെ നേരം മനസ് ഫുൾ ബ്ലാങ്ക് ആയി നിന്നു. ശ്വാസം പോലും വിലങ്ങുന്നു എന്ന് തോന്നി. കേട്ടതൊന്നും വിശ്വസിക്കാൻ എനിക്ക് പറ്റുന്നുണ്ടായില്ല. അഭിയേട്ടന് എന്നോട്... ഏയ്.. എനിക്ക് തോന്നിയതാണോ.. കേട്ടതിന്റെ കുഴപ്പം ആണോ.. പക്ഷെ എന്റെ കാതുകൾ എന്നോട് കള്ളം പറയുമോ..? "എന്താ ഗൗരി.. നിന്റെ കാതുകളെ നിനക്ക് വിശ്വസിക്കാൻ കഴിയില്ലേ.." ഞാൻ ഇല്ലെന്ന് തലയാട്ടി. "സത്യമാണ് ഗൗരി.. സഖാവിന്റെ പ്രണയം അവന്റെ എതിർ പാർട്ടിക്കാരിയോട് ആയിരുന്നു. ചുറ്റും ഉള്ളവർ നീലയെ പ്രണയിച്ചപ്പോൾ അവൾ മാത്രം ചുവപ്പിനെ പ്രണയിച്ചു.. സഖാവിന്റെ വാകയെ പ്രണയിച്ചു.. വാക പൂക്കുന്ന നാളിലിനായി കാത്തിരുന്നു.." ഞാൻ കണ്ണുകൾ വീണ്ടും വിടർന്നു. അഭിയേട്ടൻ ഇതെല്ലാം എങ്ങനെ അറിഞ്ഞു എന്ന് എനിക്ക് അപ്പോഴും അറിയുന്നുണ്ടായില്ല. പക്ഷെ എന്റെ പ്രണയം... അത് എനിക്ക് കിട്ടിയിരിക്കുന്നു. നഷ്ടപ്പെട്ടതെന്ന് കരുതിയ പ്രണയം.. ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന്‌ ഉറപ്പുള്ള പ്രണയം... ഓർക്കും തോറും കണ്ണുനീർ ഉരുണ്ടു കൂടി. അതൊരിക്കലും ദുഃഖത്തിന്റെതയിരുന്നില്ല.മറിച്ചു ഇത്ര കാലം അനുഭവിച്ച ദുഃഖങ്ങളുടെ ഒടുക്കത്തിടേത് ആയിരുന്നു. "മ്മ്.. അപ്പൊൾ എന്തു പറയുന്നു ഗൗരി.. പോരുന്നോ എന്റെ കൂടെ.." ഞാൻ ഓടി പോയി സഖാവിനെ ഇറുക്കെ പുണർന്നു. സഖാവ്... എന്റെ സ്വന്തം... എന്റെ മാത്രം.. സഖാവിന്റെ സഖി.. അത്.. അത് ഞാനാണ്. ആലോചിക്കുംതോറും സന്തോഷം ഇരട്ടിച്ചു. അവൾ അവനെ കൂടുതൽ ശക്തി ആയി പുണർന്നു.

"ശ്വാസം മുട്ടിച്ചു കൊല്ലോ നീയെന്നെ.." സഖാവ് പറയുന്നത് കേട്ട് പെട്ടന്ന് ഞാൻ ഞെട്ടി. സഖാവിനെ കെട്ടിപിടിച്ചു നിൽക്കുവായിരുന്നു ഞാനെന്ന് ഓർത്തപ്പോൾ ആകെ ചമ്മൽ തോന്നി. ആ മുഖത്തേക്ക് നോക്കാൻ വലിയ പ്രയാസം പോലെ.. ഉടനെ ഞാൻ അവിടെ നിന്നും ഓടി.. എങ്ങോട്ടെന്ന് ഇല്ലാതെ.. സന്തോഷം മാത്രം ആയിരുന്നു എനിക്കപ്പോൾ.. ബോട്ടണി ലാബിൽ നിന്ന് അവൾ ചിരിയോടെ ഇറങ്ങി ഓടുന്നത് അവനും ചെറു പുഞ്ചിരിയോടെ നോക്കി നിന്നു. അവർ അറിയാതെ അവരുടെ പ്രണയം കണ്ടു രണ്ട് കണ്ണുകൾ അപ്പോൾ ദേഷ്യത്താൽ ചുവന്നു. ***** ഞാൻ നേരെ ക്ലാസ്സിലെക്ക് ആണ് ചെന്നു കയറിയത്. ഓടി പോയി ആമിയെ ചെന്നു ഇറുക്കെ കെട്ടിപിടിച്ചു. "കൊല്ലോ നീയെന്നെ.." അവൾ അത് പറഞ്ഞപ്പോൾ വീണ്ടും എനിക്ക് സഖാവിനെ ഓർമ വന്നു. ഒന്നൂടെ അവളെ ഇറുക്കെ കെട്ടിപിടിച്ചു അമർത്തി ഒരു ഉമ്മയും വെച്ച് അവിടെ നിന്നും ഇറങ്ങി ഓടി.. "ഇവൾക്കിത് എന്തു പറ്റി" ആമി വരദയോട് ചോദിച്ചപ്പോൾ അവൾ കൈ മലർത്തി. "ആ... ഓരോ നേരവും ഓരോ വട്ടല്ലേ പെണ്ണിന്." അവർ ഉറക്കെ പറഞ്ഞു ചിരിച്ചു.അപ്പോഴും എന്തൊക്കെയോ മനസ്സിലായ പോലെ ലച്ചു തലയാട്ടി ചിരിച്ചു. **** നേരെ ഓടി പോയത് എന്റെ പ്രിയ വാക മര ചുവട്ടിലേക്കാണ്. ചുറ്റും ആരൊക്കെയോ ഉണ്ടായിരുന്നു.

പക്ഷെ അതൊന്നും ഞാൻ ശ്രദ്ധിച്ചില്ല. ഞാൻ ആ വാക മരച്ചില്ലയെ മാത്രം നോക്കി കൊണ്ടിരുന്നു. ഈ വാകകൾ ഇനിയും പൂക്കും ഗൗരി.. അവർ അവരുടെ പ്രണയത്തിന് മേൽ വിപ്ലവം തീർക്കും. വാക പൂക്കുന്ന നാളിലിനായി കാത്തിരിക്കുക. വാക പൂക്കുന്ന നേരത്ത് നിന്റെ പ്രണയവും പൂത്തു നിൽപ്പുണ്ടാവും. ഭാമയുടെ വാക്കുകളെ മനസ്സിലേക്ക് ഓടി എത്തിയതും ഞാൻ വീണ്ടും കണ്ണടച്ചു. സന്തോഷം കൊണ്ട് എന്തു ചെയ്യണം എന്ന് എനിക്ക് അറിയുന്നുണ്ടായില്ല. ഭാമ ഇപ്പോൾ എന്റെ അടുത്ത് ഉണ്ടെങ്കിൽ എന്ന് തോന്നി. വീണ്ടും ഒരിക്കൽ കൂടി ആ ചില്ലകളിലേക്ക് നോക്കി. ഇലകൾ എല്ലാം തിങ്ങി നിൽക്കുന്നു. വാകകൾ പൂക്കാൻ ഇനിയും സമയം ആയിട്ടില്ല. പക്ഷെ എന്റെ പ്രണയം പൂത്തിരിക്കുന്നു. അത് എന്നോ പൂത്തതാണെന്ന് ഞാൻ അത്ഭുതത്തോടെ ഓർത്തു. ഞാൻ വാക മരച്ചുവട്ടിൽ ഇരുന്നു. മൂന്ന് വർഷമായി സഖാവ് എന്നെ പ്രണയിക്കുകയായിരുന്നോ..? എന്നിട്ടും ഞാൻ അത് എന്തെ അറിയാതെ പോയി. വിധി എനിക്കായ് കാത്തു വെച്ചതാവും എന്റെ സഖാവിനെ.. സമയം ആവുമ്പോൾ ആ പ്രണയം എന്നെ അറിയിക്കാൻ. ഞങ്ങളുടെ പ്രണയം അതിന്റെ പരമോന്നതയിൽ എത്തുമ്പോൾ ഈ വാകകൾ പൂത്തു ചുവന്നു നിൽപ്പുണ്ടാവും. അവ ഞങ്ങളുടെ മേൽ അതിന്റെ പൂക്കളെ വർഷിക്കും.

ചിന്തകൾ പല ഇടങ്ങളിലേക്ക് പോയി. പെട്ടന്ന് എനിക്ക് സഖാവിനെ കാണാൻ തോന്നി.അവിടെ നിന്ന് വേഗത്തിൽ പോകാൻ ഒരുങ്ങുമ്പോൾ ആണ് പിന്നിൽ നിന്ന് ഒരു വിളി വന്നത്. "ഗൗരി... താൻ ഇത് എവിടെയാ.. തന്നെ ദ അവിടെ എല്ലാവരും തിരക്കുന്നു.താൻ വാ.." ബിനീഷ് ചേട്ടൻ ആയിരുന്നു അത്. "ഞാൻ വരണോ ചേട്ടാ.." "ബെഞ്ച് ടു ബെഞ്ച് ക്യാമ്പയിൻ വേണ്ട കാര്യങ്ങൾ എല്ലാം ചർച്ച ചെയ്യാൻ ആണ്.നീ വാ എന്റെ കൂടെ.." ഇതും പറഞ്ഞു ബിനീഷ് ഏട്ടൻ മുമ്പിൽ പോയി.ഞാൻ ഒട്ടും താല്പര്യം ഇല്ലാതെ ചേട്ടന്റെ പിന്നാലെ പോയി. ***** പാർട്ടി ഓഫീസിൽ ഇരിക്കുമ്പോഴും എന്റെ മനസ് സഖാവിനന്റെ കൂടെ ആയിരുന്നു. ചുറ്റും നിന്ന് അവർ എന്തൊക്കെയോ ചർച്ച ചെയ്യുമ്പോഴും ഞാൻ സഖാവിന് ഒത്തു ഉണ്ടായ നിമിഷങ്ങൾ ആലോചിച്ചു. രാത്രി എന്നെ ആ ബുള്ളറ്റിൽ ഇരുത്തി പോയപ്പോഴും ബസിലെ ശല്യം ഉൾപ്പെടെ എന്നെ പലപ്പോഴും പലതിൽ നിന്നും രക്ഷപ്പെടുത്തുമ്പോഴും സഖാവിന്റെ കണ്ണുകളിൽ പ്രണയം ഉണ്ടായിരുന്നോ..? "ഗൗരി... നീ ഇത് എവിടെ ആണ് ശ്രദ്ധിക്കുന്നെ .." സിദ്ധാർഥ് ഏട്ടന്റെ ദേഷ്യത്തിൽ ഉള്ള ചോദ്യം കേട്ട് പെട്ടന്ന് ഞാൻ ഞെട്ടി പോയി. പാർട്ടി ഓഫീസിൽ ഉണ്ടായ എല്ലാവരും എന്നെ തന്നെ നോക്കി നിന്നു. "അത്‌.. ഞാൻ.. വെറുതെ...ഓരോന്ന് " "വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടാനാണോ ഇവിടെ നിൽക്കുന്നത്.

ഞങ്ങൾ ഇപ്പോൾ പറഞ്ഞ വല്ല കാര്യവും നിനക്ക് ഓർമ ഉണ്ടോ.... അല്ല..അതിന് വല്ലതും നീ കേട്ടോ.." സിദ്ധാർഥ് ഏട്ടൻ ദേഷ്യത്തിൽ തന്നെ ആയിരുന്നു. എന്നെ തല പതിയെ താഴ്ന്നു. "ഇടക്കിടക്ക് ചിരിക്കുന്നുണ്ടായല്ലോ നീ.. എന്തോർത്തിട്ട.. നിനക്ക് ഇപ്പോഴും എല്ലാം കുട്ടിക്കളി ആണല്ലേ ഗൗരി.. ഇത് എത്രപേരുടെ അധ്വാനം ആണെന്നോ.. എത്ര പേരുടെ പ്രതീക്ഷ ആണ് നിന്നിൽ ഉള്ളത്.എന്നിട്ടും അത് വല്ലതും നീ ഓർക്കുന്നുണ്ടോ.. കളിച്ചു നടക്കുകയാ ഇപ്പോഴും.കുട്ടി ആണെന്ന വിചാരം." ഞാൻ അപ്പോഴും തല കുമ്പിട്ടു തന്നെ നിന്നു. "ഹാ.. കളയാടാ.കാമ്പയിന്റെ കാര്യം ഞാൻ പഠിപ്പിച്ചു കൊടുത്തോളം." ഫഹീംക്ക പറഞ്ഞപ്പോൾ സിദ്ധാർഥ് ഏട്ടൻ ഒന്ന് അമർത്തി മൂളി കൊണ്ട് പോയി. "ഐഷ്.. ഇനി അതിന് കരയണ്ട." ഫാഹീംക്കാ എന്റെ അടുത്ത് വന്നു പതിയെ പറഞ്ഞു. "അതിന് ആര് കരയുന്നു." ഞാൻ ചിരിച്ചു കൊണ്ട് അത് പറഞ്ഞപ്പോൾ ഫാഹീംക്ക അന്തം വിട്ടു എന്നെ നോക്കി. "ഏഹ്.. അപ്പോൾ നീ വിഷമത്തിൽ നിൽക്കുന്നുണ്ടായല്ലോ.." "ഇതൊക്കെ ഒരു അടവ് അല്ലെ.. അല്ലെങ്കിൽ പിന്നേം കേൾക്കാം കുറെ ചീത്ത." "അമ്പടി കള്ളി..." "ഈ.... ഒന്നില്ലെങ്കിലും ഞാൻ ഒരു രാഷ്ട്രീയക്കാരന്റെ മോളല്ലേ ഇക്കോയ്.." "മ്മ്മ്മ്മ്മ്.. അത്‌ വിട്.നീ ഒറ്റക്ക് നിന്ന് ചിരിക്കുന്നുണ്ടായല്ലോ.. അത് എന്തെ..

സാധാരണ പാർട്ടി ക്ലാസ്സുകളിൽ ശ്രദ്ധിക്കാതെ ഇരിപ്പുണ്ടെങ്കിലും ഇങ്ങനെ ഒറ്റക്ക് ചിരിക്കാറില്ല." "എന്തു പറ്റി മോളെ ഗൗരി.. നിന്റെ പ്രണയം പൂത്തു തളിർത്തോ.." "മ്മ്.." "ഏഹ്ഹ്.. "ഫഹീംക്ക ഒന്ന് ഞെട്ടി. ഞാൻ ഉണ്ടായ കാര്യം മുഴുവൻ ഫാഹീംക്കയോട് പറഞ്ഞു. ഞാൻ ഞെട്ടി നിന്ന പോലെ ഇക്കയും കുറച് നേരം ഞെട്ടി നിന്നു. "അമ്പട കള്ള സഖാവെ.. എന്നാലും നിന്റെ മൂന്ന് വർഷത്തെ പ്രണയം ഈ കാന്താരിയോട് ആയിരുന്നോ.." ഇക്ക മൂക്കിൽ വിരൽ വെച്ച് ചോദിച്ചപ്പോൾ ഞാൻ നന്നായി ഒന്ന് ഇളിച്ചു കൊടുത്തു. "ഓഹ് മൈ ലക്കി ഗേൾ..മാഷാ അല്ലാഹ്..അവനെ പോലെ ഒരു ചെക്കനെ കിട്ടണമെങ്കിൽ പുണ്യം ചെയ്യും.നിനക്ക് ആ ഭാഗ്യം ഉണ്ട് ഗൗരി.. യുവർ സൊ ലക്കി." എന്റെ മുഖം നാണത്താൽ താഴ്ന്നു. "മ്മ്.. ഇപ്പോൾ എന്താ വേണ്ടേ.. അഭിയെ കാണണോ." "മ്മ്മ് കാണണം." ഞാൻ ചുണ്ട് പിളർത്തി കൊണ്ട് പറഞ്ഞു. "മ്മ്മ്മ്മ്മ്.. ശരി ശരി.പോയി കണ്ടിട്ട് വാ.. അതികം നേരം ഒന്നും എടുക്കരുത്.സിദ്ധാർഥ് കണ്ടാൽ പ്രശ്നം ആണ്. അത് വരെ ഇവിടുത്തെ കാര്യം എല്ലാം ഞാൻ നോക്കി കോളം.."

"യ്യോ.. താങ്ക് യൂ....." "നീ എന്റെ കുഞ്ഞനിയത്തി അല്ലേടി.." ഇക്ക അതും പറഞ്ഞു ചേർത്ത് പിടിച്ചപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു. കണ്ണ് തുടച്ചു ഒന്ന് ഇളിച്ചു കാണിച്ചു ഞാൻ വേഗം സഖാവിന്റെ അടുത്തേക്ക് പോയി. ഇഷ്ടം പറഞ്ഞതിന് ശേഷം ഞാൻ സഖാവിന്റെ അടുത്തേക്ക് ആദ്യമായി പോവുകയാണ്.ഇപ്പോൾ അത് എന്റെ മാത്രം സഖാവ് ആണ്.എന്റെ മാത്രം പ്രണയം.അത്രമേൽ ആഗ്രഹിച്ചു കാത്തിരുന്നു ഞാൻ സ്വന്തം ആക്കിയ എന്റെ പ്രണയം.വിധി എനിക്കായ് കാത്തു നൽകിയ പ്രണയം..എന്റെ അഭിയേട്ടൻ.. അഭിയേട്ടനെ ഈ ക്യാമ്പസ്‌ മുഴുവൻ തിരയേണ്ട കാര്യം ഇല്ല.അഭിയേട്ടൻ ഇപ്പോൾ എവിടെ ആണെന്ന് എനിക്ക് അറിയാം. സഖാവിന്റെ അടുത്തേക്ക് നടക്കുമ്പോൾ ആ വാകയെ ഞാൻ വീണ്ടും ഒന്ന് നോക്കി. പെട്ടന്ന് എനിക്ക് ആ വരികൾ ഓർമ വന്നു. *ചോര ചുവപ്പ് കൊണ്ട് നീയിവിടെ വസന്തം തീർക്കുമ്പോൾ പ്രണയമേ.. നിന്നെ ഞാൻ എൻ ഇടനെഞ്ചിൽ കുറിച്ചിട്ടു കൊള്ളട്ടെ * .... (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story