വാക പൂത്ത നാളിൽ : ഭാഗം 39

vakapootha nalil

രചന: കടലാസിന്റെ തൂലിക

"നീ ഇനിയും കത്തുകൾ എഴുതണം ഗൗരി... നിന്റെ കത്തുകൾ ആണെന്നിൽ പ്രണയത്തെ നിറച്ചത്.എനിക്ക് നിന്നോടുള്ള പോലെ നിനക്ക് എന്നോടും പ്രണയം ആയിരുന്നു എന്ന് വിളിച്ചു ഓതിയത് നിന്റെ കരിമഷി കണ്ണുകളും നിന്റെ കൈ പടയിൽ എഴുതിയ കത്തുകളുമായിരുന്നു.." ആ വാക്കുകൾ എന്നിൽ പ്രണയത്തെ നിറച്ചു. കുറച് നേരം ഞാനാ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. "ഇവിടെ അധിക നേരം നിൽക്കണ്ട. ക്യാമ്പയിൻ ഉള്ളതല്ലേ.. പൊയ്ക്കോ.." "ഉം" "പിന്നെ അവന്മാർ എന്തെങ്കിലും പറയുകയോ ഭീഷണി പെടുത്തുകയോ ചെയ്യുന്നുണ്ടെങ്കിൽ പ്രതികരിക്കണം. എന്നോട് പറയണം. വെറുതെ കയ്യും കെട്ടി നോക്കി നിൽക്കരുത്. കേട്ടല്ലോ.." "ശരി സഖാവെ....." "ഉം. ചെല്ല്." ഞാൻ ഒരു പുഞ്ചിരിയോടെ അവിടെ നിന്ന് നടന്നു നീങ്ങി. ഉച്ചക്ക് ശേഷം ക്യാമ്പയിൻ ആരംഭിച്ചു.ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ ഒരുപാട് മുകളിൽ ആയിരുന്നു ആ ബെഞ്ച് ടു ബെഞ്ച് ക്യാമ്പയിൻ. ഇലക്ഷന് കമ്പയിനിൽ വെച്ച് ഏറ്റവും വലുത്. വിദ്യാർത്ഥികളുടെ ചോദ്യങ്ങൾ കേട്ട് ഞാൻ കണ്ണും തള്ളി പോയി. ഓരോരുത്തരുടെ ഉള്ളിലും ഇത്രക്കും രാഷ്ട്രീയ മനോഭാവങ്ങൾ ഉണ്ടോന്ന് ഓർത്ത് പോയി. കൂടുതൽ ചോദ്യങ്ങൾക്കും മറുപടി കൊടുത്തത് സീനിയർസ് ആയിരുന്നു.

ഞങ്ങൾ വെറുതെ കാഴ്ച വസ്തു ആയി നിന്നു.കുറച്ചു കഴിഞ്ഞപ്പോഴേക്കും ഉള്ളിൽ ഒരു ആവേശം പൊട്ടി പുറപ്പെട്ടിരുന്നു.ചെയർമാൻ സ്ഥാനത്തേക്കാണ് മത്സരിക്കുന്നത് എന്നതിനാൽ കുറച്ചു ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാൻ ഞാനും ബാധ്യസ്ഥ ആയിരുന്നു. ഓരോ ക്ലാസ്സിലും മണിക്കൂറുകൾ നീണ്ട ക്യാമ്പയിൻ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ആണ് സഖാവിന്റെ വിപ്ലവശബ്ദം അകലെന്ന് കേട്ടത്. സഖാവിന്റെ ശബ്ദം എവിടെ നിന്ന് കേട്ടാലും എനിക്കറിയാം.എന്റെ കാലുകൾ അങ്ങോട്ടേക്ക് ചലിച്ചു. ഒരു ക്ലാസ്സിന് വെളിയിലെത്തിയപ്പോൾ കണ്ടു ഉള്ളിൽ ഉള്ളിൽ ക്യാമ്പയിൻ നടക്കുന്നത്. ദേവേച്ചി ഉൾപ്പെടെ ഒരുപാട് സഖാക്കൾ ഉണ്ടായിരുന്നു അതിനുള്ളിൽ. അവരുടെ ക്യാമ്പയിൻ കേട്ട് ശരിക്കും ഞെട്ടി പോയി.അവർക്കെതിരെ ഉന്നയിക്കുന്ന ചോദ്യങ്ങളെ എല്ലാം കൂടുതൽ ശക്തിയോടെ തെളിവ് നിരത്തി ഒന്നും അല്ലാതെ ആക്കി തീർക്കുന്നു അവർ. ഈ കോളേജിലെ ഓരോ ഇടനാഴിയെ കുറിച്ചും അവർക്ക് നന്നായി അറിയാമെന്നു അതിലൂടെ മനസ്സിലാക്കുകയായിരുന്നു.

അതികം നേരം ഞാനവിടെ നിന്നാൽ ശരിയാവില്ലെന്ന് തോന്നിയത് കൊണ്ട് അവിടെ നിന്ന് പോവാൻ തുടങ്ങുമ്പോൾ ആണ് ആ ക്ലാസ്സിലെ ഗേൾസ് നെ ഞാൻ ശ്രദ്ധിച്ചത്. ഒക്കെയും സഖാവിന്റെ രക്തം ഊറ്റി കുടിക്കുന്നത് കണ്ടു എന്റെ രക്തം തിളച്ചു. ദേഷ്യം വന്നിട്ട് എന്തു ചെയ്യണം എന്നുണ്ടായില്ല. എന്റെ ചെക്കനെ തന്നെ നോക്കാൻ കണ്ടുള്ളു അവർക്ക്. ചില പെണ്ണുങ്ങൾ അവരെ എല്ലാവരെയും മാറി മാറി വായ് നോക്കുന്നുണ്ട്.ഇത് പൊലെയും ഉണ്ടാവോ കോഴികൾ. ഞാൻ അതികം നേരം അവിടെ നിന്ന് പ്രഷർ കൂട്ടാതെ വേഗം ഇക്കാടെ അടുത്തേക്ക് പോയി. അന്നത്തെ ക്യാമ്പയിൻ ഒക്കെ കഴിഞ്ഞു നേരെ പോയത് ഭാമയുടെ വീട്ടിലേക്കു ആണ്. അവൾ ഇപ്പോൾ ഡിസ്ചാർജ് ആയി.അമ്മയോട് ആദ്യമേ പറഞ്ഞിരുന്നു. അച്ഛനോട് ചോദിക്കേണ്ട ആവിശ്യം ഇല്ല എലെക്ഷൻ വരെ എന്റെ ഇഷ്ടം പോലെ പെരുമാറാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ട്. അവളുടെ അടുത്ത് പോയി ആദ്യം പോയി കെട്ടിപിടിച്ചു വല്ലോം കഴിച്ചു കുളിച്ചു ഒക്കെ വന്നപ്പോഴേക്കും രാത്രി ആയി. പിന്നെ ഫുൾ വിശേഷങ്ങൾ പറയലായിരുന്നു പരിപാടി.സഖാവ് ഇഷ്ടം ആണെന്ന് പറഞ്ഞതും അത് പറഞ്ഞ വഴിയും ഒക്കെ പറഞ്ഞു കൊടുത്തു.3 വർഷം ആയി സഖാവ് എന്നെ പ്രണയിക്കുകയായിരുന്നു എന്ന് പറഞ്ഞപ്പോൾ മൂപ്പത്തിയുടെ കുറച്ചു കിളി ഒക്കെ പറന്നു പോയിരുന്നു.

കുറച്ചു നേരം വേണ്ടി വന്നു പോയ കിളി എല്ലാം തിരിച്ചു വരാൻ. പിന്നെ ഇന്ന് നടന്ന ക്യാമ്പയിനെ പറ്റിയും ക്ലാസ്സിലെ വിശേഷങ്ങളും ഒക്കെ പറഞ്ഞപ്പോൾ അവൾക്കും വരണം എന്നായി കോളേജിലേക്ക്. ഹരിയേട്ടൻ ഇഷ്ടം ആണെന്ന് പറഞ്ഞിട്ട് ഞങ്ങൾക്ക് സ്വസ്ഥം ആയി എവിടെയും ഇരുന്നു വർത്താനം പറയാൻ പോലും പറ്റിയിട്ടില്ല. അതൊക്കെ ശരിയാവുമടി.. ഇനിയും കിടക്കല്ലേ രണ്ടര വർഷം. ഈ കയ്യും വെച്ച് കോളേജിലേക്ക് വരാതിരിക്കുന്നതാ നല്ലത്. "എന്തായാലും ഇലക്ഷന് ഞാൻ വരും. എനിക്ക് വോട്ട് ചെയ്യാൻ ഉള്ളതാ.." "നീ ഏത് പാർട്ടിക്കാണ് മോളെ വോട്ട് കൊടുക്കാൻ പോകുന്നത്." "അത് തീരുമാനിച്ചില്ല. എന്തായാലും മാഗസിൻ എഡിറ്ററുടെ വോട്ട് ഹരിയേട്ടനെ പോകു.. അത്‌ ksq വിന് കിട്ടും എന്ന് പ്രതീക്ഷിക്കണ്ട." "അല്ലേലും നമ്മൾ ഒന്നും പ്രതീക്ഷിക്കുന്നില്ലേ.". ഞാൻ ഒരു കള്ള പരിഭവം നടിച്ചു തിരിഞ്ഞിരുന്നു. "നീ വിഷമിക്കണ്ട. ചെയർമാൻ സ്ഥാനാർഥിയുടെ വോട്ട് നിനക്ക് തന്നെ ആയിരിക്കും ഞാൻ ചെയ്യുന്നത്." "മ്മ്.." അവൾ പറഞ്ഞപ്പോൾ പെട്ടന്ന് അഭിയേട്ടനെ ഓർത്ത് പോയി. ഇങ്ങനെ ഒരു സ്ഥാനത്തേക്ക് മത്സരിച്ചില്ലായിരുന്നു എങ്കിൽ അഭിയേട്ടന് വേണ്ടി വോട്ട് ചെയ്യാൻ പറയേണ്ടവൾ അല്ലെ ഞാനും.. "ഗൗരി.."

നിങ്ങളിൽ ആര് ജയിക്കും എന്ന് നിനക്ക് പേടി ഉണ്ടോ അവൾ പറഞ്ഞത് കേട്ട് ഒന്ന് ഞാൻ ഞെട്ടി. ഞാൻ ഇതേ വരെ അതിനെ പറ്റി ചിന്തിച്ചിട്ടില്ല ഭാമേ.. ഞങ്ങളുടെ ഇടയിലും അങ്ങനെ ഒരു സംസാരം ഉണ്ടായിട്ടില്ല. "തമ്മിൽ ആര് ജയിക്കും എന്നറിയാത്ത പോരാട്ടം.കോളേജ് മുഴുവൻ ഉറ്റു നോക്കുന്നത് നിങ്ങളിൽ ആണ്.നിന്റെ പാർട്ടിക്ക് അധികാരം നേടി കഴിഞ്ഞാൽ അവർ ചെയ്തു വെക്കാൻ ഇടയുള്ള കാര്യങ്ങൾ ഓർത്താൽ സഖാവ് ജയിക്കുന്നതാണ് നല്ലത് എന്ന് തോന്നും. ഒരു ക്യാമ്പസിന് മുഴുവൻ അതാണ് നല്ലത്. പക്ഷെ നീ ജയിച്ചില്ലെങ്കിൽ നിന്റെ അച്ഛൻ..." "ഉം." പുറം ലോകം കാണിക്കില്ലെന്ന പറഞ്ഞത്. "നിനക്ക് പേടി ആവുന്നില്ലേ ഗൗരി.." "എന്തിന്. എനിക്കിപ്പോ പുച്ഛം മാത്രം ആണ് തോന്നുന്നത്. സ്വന്തം മക്കളുടെ മനസ് അറിയാത്ത ഒരു അച്ഛൻ. ആദ്യം ഒക്കെ പേടിച്ചിരുന്നു. സഖാവിനെ പ്രണയിക്കാൻ തുടങ്ങിയതിൽ പിന്നെ ആ പേടി ഞാൻ അറിഞ്ഞിട്ടില്ല. ഇപ്പോൾ എന്റെ എല്ലാ പ്രശനങ്ങളും അറിഞ്ഞു അഭിയേട്ടൻ എന്റെ ഒപ്പം ഉണ്ട്. അത്‌ മതി എനിക്ക്." ഭാമ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. തിരികെ ഞാനും.. പിന്നെ വേഗം ഫോൺ എടുത്തു. നെറ്റ് ഓണാക്കി ആദ്യം നോക്കിയത് അഭിയേട്ടന് ഓൺലൈനിൽ ഉണ്ടോ എന്നാണ്. ഇല്ല എന്ന് കണ്ടപ്പോൾ എന്തോ ഒരു വിഷമം. പിന്നെ മെസ്സേജ് കൾക്ക് റിപ്ലൈ കൊടുത്തു സ്റ്റാറ്റസും നോക്കി ഇരുന്നു. എല്ലാ സ്റ്റാറ്റസിലും സ്ഥാനാർഥികളെ വിജയിപ്പിക്കാൻ പറഞ്ഞുള്ള പോസ്റ്ററുകൾ ആണ്. അതിനിടയിലും പ്രണയം കാണാം,.

വിരഹം കാണാം.,ചില എഴുത്തു കുത്തുകൾ കാണാം...അങ്ങനെ പലതും.ഞാൻ വീണ്ടും ഒന്ന് കൂടി സഖാവ് ഓൺലൈനിൽ ഉണ്ടോന്ന് നോക്കി.അപ്പോഴും അഭിയേട്ടനെ ഓൺലൈനിൽ കണ്ടില്ല. "നീ എന്താ ശോക മൂക്കയായി ഇരിക്കുന്നത്." "അഭിയേട്ടന് ഓൺലൈനിൽ ഇല്ലടി.." "ഓ.. അതാണോ.. അവർക്ക് 7 മണിക്ക് ശേഷം പാർട്ടി മീറ്റിംഗ് ഉണ്ടെന്ന് ഹരിയേട്ടൻ വിളിച്ചപ്പോൾ പറഞ്ഞിരുന്നു.അതായിരിക്കും.ഇന്നിനി നോക്കിയിട്ട് കാര്യമില്ലത്രെ.." അവൾ പറയുന്നത് കേട്ടപ്പോൾ എവിടെയോ ഒരു കുഞ്ഞു വിഷമം.എന്തെ എന്നോട് ഒന്നും പറയാഞ്ഞേ.. ഞാൻ വെറുതെ അഭിയേട്ടൻ അയച്ച വോയിസ്‌ മെസ്സേജ് കൾ ഓരോന്ന് കേട്ടു. കേട്ടത് തന്നെ വീണ്ടും വീണ്ടും കേട്ടു. ആ ശബ്ദത്തിന് എന്തോ പ്രത്യേകത ഉണ്ട്. ഒരു മാജിക്കൽ വോയിസ്‌. ആ ശബ്ദത്തിലൂടെ ആണ് ഞാൻ അഭിയേട്ടനെ ആദ്യമായി അറിഞ്ഞത് പോലും.. "എന്തു രാസാണല്ലേ അഭിയേട്ടന്റെ ശബ്ദം കേൾക്കാൻ.എത്ര കേട്ടാലും മതിവരില്ല." "ആവോ.. എനിക്കറിയൂല.കാക്കക്ക് തൻ കുഞ് പൊൻ കുഞ്.എനിക്ക് ഇഷ്ടം എന്റെ ഹരിയേട്ടന്റെ ശബ്ദം കേൾക്കാന.." ഞാൻ അറിയാതെ ചിരിച്ചു പോയി. പ്രണയം നമ്മളെ അന്ധൻമാരാക്കും എന്ന് പറയുന്നത് ശരിയല്ലേ.. കുറേ നേരം കൂടി സംസാരിച്ചു ഇരുന്നു ഞങ്ങൾ കിടന്നു. കിടക്കുമ്പോൾ എന്റെ ഉള്ളിൽ ഒറ്റ ചോദ്യമേ ഉണ്ടായുള്ളൂ.. തമ്മിൽ ആര് ജയിക്കും.? ***** രാവിലെ അഭി കോളേജിലേക്ക് ഇറങ്ങുമ്പോൾ ആണ് ഒരുങ്ങി വരുന്ന അച്ഛനെ കണ്ടത്.

"അച്ഛൻ എങ്ങോട്ടാ ഇത്ര രാവിലെ" "നിന്റെ കോളേജിലേക്ക്." "എന്റെ കോളേജിലേക്കോ.. എന്തിന്." "എന്റെ മരുമോളെ കാണാൻ." "ഏഹ്.. അച്ഛൻ ഒന്ന് പോയെ.." "സുന്ദരൻ ആയിട്ടില്ലേ ഞാൻ" "പിന്നെ... ഭയങ്കര സുന്ദരൻ അല്ലെ.. പാടത്തു വെച്ച കോലം പോലെ ഉണ്ട്." "ഡയലോഗ് മാറ്റി പിടിക്ക് മോനെ.. ഇതൊക്കെ ഔട്ട്‌ ഓഫ് ഫാഷൻ ആയി. നിനക്ക് ഡയലോഗ് അറിയൂലെങ്കിൽ ഞാൻ പറഞ്ഞു തരാം" "ഹ.. ബെസ്റ്റ്. എന്തൊക്കെ പറഞ്ഞാലും അച്ഛനെ കോളേജിലേക്ക് കൊണ്ട് പോകുന്ന പ്രശ്നം ഇല്ല." "എന്തൊക്കെ പറഞ്ഞാലും നിന്റെ കൂടെ ഞാനിന്ന് കോളേജിൽ വരും." "ഓഹോ.. അങ്ങനെ ആണല്ലേ..ഞാൻ കൊണ്ട് പോയില്ലെങ്കിൽ?" "എടാ.. 20 വർഷം..20 വർഷം നിന്നെ താഴത്തും തലേലും വെക്കാതെ കഷ്ടപ്പെട്ട് നോക്കി വളർത്തി ഉണ്ടാക്കിട്ട് നീ ഇത് തന്നെ പറയണം മോനെ.." "യ്യോ.. നിർത്ത് . ഞാൻ കൊണ്ടോയിക്കോളാം. പിന്നെ മരുമോളെ കാണാൻ എന്ന് പറഞ്ഞിട്ട് അവളെ ഇങ്ങോട്ട് ഇപ്പോൾ തന്നെ വിളിച്ചു കൊണ്ട് വരണം എന്നൊന്നും പറയരുത് ട്ടാ.." "ആ കാര്യത്തിൽ നീ പേടിക്കണ്ട. അവളെ എപ്പോ ഇങ്ങോട്ട് കൊണ്ട് വരണം എന്ന് എനിക്ക് അറിയാം." "ആയിക്കോട്ടെ. വേഗം കേറിയലും." "കുറച്ചു സ്പീഡിൽ വിട്ടോ.." "നല്ല അച്ഛൻ" അവർ അവിടെ എത്തിയപ്പോൾ ആരെയോ പ്രതീക്ഷിച്ചെന്ന പോലെ വാക മര ചുവട്ടിൽ ഗൗരി അഭിയെയും കാത്തു ഇരിക്കുന്നുണ്ടായിരുന്നു.പ്രതീക്ഷിക്കാതെ അവന്റെ കൂടെ അച്ഛനെയും കൂടി കണ്ടപ്പോൾ അവൾ ഒന്ന് ഞെട്ടി.പിന്നെ വേഗം അവരുടെ അടുത്തേക്ക് പോയി.

"മരുമകളെ കാണാണം എന്ന് പറഞ്ഞു. കൊണ്ടു വന്നു.ഇനി നിങ്ങൾ തമ്മിൽ ആയിക്കോ.. ഞാൻ കോമേഴ്‌സ് ബ്ലോക്കിൽ ഉണ്ടാവും." അതും പറഞ്ഞു അഭി പോയി. "അച്ഛൻ എന്നെ കാണാൻ വന്നതാണോ.." "ആ.. അന്ന് നിന്നെ ശരിക്കൊന്ന് കാണാൻ കഴിഞ്ഞില്ല." "അതിന് എന്താ ഇപ്പോൾ കാണാലോ.." അവൾ ഒന്ന് മനോഹരമായി പുഞ്ചിരിച്ചു. ശിവാനന്ദൻ അവളുടെ തലയിൽ വാത്സല്യത്തോടെ തഴുകി.ഒരിക്കലും കിട്ടില്ലെന്ന് പ്രതീക്ഷിച്ച അച്ഛന്റെ സ്നേഹം ഒരു നിമിഷം കൊണ്ട് കിട്ടിയെന്ന് തോന്നി അവൾക്ക്. "നിന്നെ ഞങ്ങൾ ഒത്തിരി വിഷമിപ്പിച്ചൂലെ.." "എങ്ങനെ." "അഭിക്ക് നിന്നെ ഇഷ്ടം ആണെന്ന് എനിക്കറിയാമായിരുന്നു.അവൻ അത് ആദ്യം വന്നു പറഞ്ഞത് എന്നോടാണ്.എന്നിട്ടും നിന്നോട് അത് പറയാതെ ഒത്തിരി കളിപ്പിച്ചില്ലേ... ദേഷ്യം ഉണ്ടോ അച്ഛനോട്.." "ഒരിക്കലും ഇല്ല അച്ഛാ.. കിട്ടാതെ പോയ ഒരു അച്ഛന്റെ സ്നേഹം എനിക്ക് ആദ്യമായ് കിട്ടിയത് നിങ്ങളുടെ വീട്ടിൽ വന്നപ്പോൾ ആണ്.ഇങ്ങനെയും മക്കളെ സ്നേഹിക്കുന്ന അച്ചന്മാർ ഉണ്ടെന്ന് അറിഞ്ഞത് എന്റെ ഈ അച്ഛനോട് ആണ്.അന്ന് മുതൽ എന്തോ ഈ അച്ഛൻ എന്റെ സ്വന്തം ആയിരുന്നെങ്കിൽ എന്ന് പലപ്പോഴും ആശിച്ചിട്ടുണ്ട്." "മോളുടെ എല്ലാ ദുരിതങ്ങളും ഉടനെ തീരും.അഭി എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്.ഞങൾ ഉണ്ടാവും എന്നും കൂടെ."

"അറിയാം അച്ഛാ.." "അമ്മ ഇല്ലാതെ വളർന്നതാണ് അഭി.. അമ്മയുടെ ഒരു കുറവും അറിയിക്കാതെ ആണ് വളർത്തിയത് എങ്കിലും അവന് അമ്മയെ മിസ്സ്‌ ചെയ്യുന്നുണ്ടാവും.എനിക്കറിയാം നീ അവന് ഒരു അമ്മയുടെ വാത്സല്യം കൂടി കൊടുക്കും എന്ന്. എന്നിരുന്നാലും ഒറ്റക്കാക്കരുത് ട്ടോ അവനെ.." "ഒരിക്കലും ഇല്ല അച്ഛാ.. മരണം വരെ ഞാൻ എന്റെ പ്രണയത്തിന് വേണ്ടി പോരാടുക തന്നെ ചെയ്യും." അവർ പിന്നെയും ഒരുപാട് സംസാരിച്ചു ഇരുന്നു. പോവാൻ നേരം ശിവാനന്ദൻ അവളുടെ തലയിൽ കൈ വെച് അനുഗ്രഹിച്ചു.അവളുടെ കണ്ണുകൾ വീണ്ടും എന്തിനോ നിറഞ്ഞു പോയി.അയാൾ അറിയാതെ അവൾ ആ കണ്ണുനീരിനെ തുടച്ചു. തിരിച്ചു പോകുമ്പോൾ അയാൾ ഒന്ന് തിരിഞ്ഞു നിന്ന് ഓര്മിപ്പിച്ചു. "അവന് ഇച്ചിരി ദേഷ്യവും വാശിയും കൂടുതൽ ആണ് ട്ടോ മോളെ..എല്ലാ പ്രശ്നങ്ങളിലും പോയി തല വെക്കും.ശ്രദ്ധിക്കണേ...." അവൾ അയാൾക്ക് അപ്പോൾ ഹൃദ്യമായ ഒരു പുഞ്ചിരി സമ്മാനിച്ചു ***** ഉച്ച വരെ എങ്ങനെ ഒക്കെയോ കടന്നു പോയി.സഖാവുമായി ഒന്നും തന്നെ സംസാരിക്കാൻ പറ്റിയില്ല.

പ്രചാരണത്തിന് ഇടയിൽ പരസ്പരം കണ്ടപ്പോൾ ഒരു പുഞ്ചിരി കൈ മാറി... അത്രമാത്രം.! ഭക്ഷണം കഴിച്ചു നേരെ ഞാൻ ഇക്കയുടെ അടുത്തേക്ക് വിട്ടു. ഇക്ക എന്തോ ആലോചിച്ചു ഇരിക്കുകയായിരുന്നു അപ്പോൾ. ഒന്നും മിണ്ടാതെ ഞാൻ അടുത്ത് പോയി ഇരുന്നു. ഞാൻ വന്നത് ഒന്നും ആള് അറിഞ്ഞിട്ടില്ല. ആദ്യം ഒന്ന് പേടിപ്പിക്കാം എന്ന് കരുതിയെങ്കിലും ആ മുഖം കണ്ടപ്പോൾ ഒന്നും ചെയ്തില്ല.ഒരു തരം നിസങ്കത ഉണ്ടായിരുന്നു ആ മുഖത്ത്. "ഇക്കോയ്..." "ആഹാ.. ഇതാര്. എന്റെ വായാടി പെങ്ങളോ. അളിയനെ കാണാൻ പോയിട്ട് എപ്പോ എത്തി." "ഞാൻ വന്നതൊന്നും എന്തെ ഇക്ക അറിയാഞ്ഞത്.വേറെ ഏതോ ലോകത്ത് ആയിരുന്നല്ലോ.." "ഏയ്... ഞാൻ ഇങ്ങനെ ഓരോന്ന്.." എനിക്കറിയാമായിരുന്നു ഇക്ക ഇപ്പോൾ ആലോചിക്കുന്നത് ദേവേച്ചിയെ കുറിച്ച് ആണെന്ന്. കുറച്ചു നാൾ സഖാവിനെ സ്നേഹിക്കുമ്പോൾ ഇടക്ക് അനുഭവിക്കുന്ന വിരഹ വേദന എനിക്ക് അറിയാവുന്നതാണ്. അങ്ങനെ ഉള്ളപ്പോൾ ഈ 3 വർഷം ഇക്ക എന്തോരം വിഷമിച്ചു കാണും. "ഇക്ക ദേവേച്ചിയെ കണ്ടിരുന്നോ ഇന്ന്." "ആ.. കണ്ടിരുന്നു. ഹരിയുടെ കൂടെ." "എന്നിട്ട് നിങ്ങൾ സംസാരിച്ചോ" "ഞങ്ങൾ എന്തു സംസാരിക്കാൻ ആണ് ഗൗരി.. ഞങ്ങൾ രണ്ട് അപരിചിതർ മാത്രം അല്ലെ.." "എന്താ.. എന്തു പറ്റി ഇക്ക.." "ഏയ്.. ഒന്നുല്ലടാ.."

"അല്ല എന്തോ ഉണ്ട്." "ഒന്നുല്ലടാ.. ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിക്കുകയായിരുന്നു. എല്ലാവരും പറയുന്നത് പോലെ അവളുടെ പിറകെ ഇങ്ങനെ നടക്കുന്നതിൽ എന്തർത്ഥം ആണ് ഉള്ളത്. കിട്ടില്ല എന്ന് ഉറപ്പാണ്. നീയും അഭിയും തമ്മിൽ ആയാലും ഭാമയും ഹരിയും തമ്മിൽ ആയാലും എല്ലാം ഒരു ചേർച്ച ഉണ്ട്. ഞങ്ങൾ തമ്മിൽ എന്തിന്റെ ചേർച്ചയാ ഉള്ളത്. ജാതി, മതം, പാർട്ടി, പ്രദേശം, സ്വഭാവം അങ്ങനെ എല്ലാം വേറെ വേറെ. ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട്. എന്നിട്ടും എന്തിനോ സ്നേഹിച്ചു പോയി. എന്തിനാണെന്ന് ഇല്ല. ഒരുപക്ഷെ പ്രണയത്തെ മനോഹരം ആക്കുന്നത് ഇതാകും അല്ലെ ഗൗരി.." ഞാൻ ഒന്നും മിണ്ടിയില്ല. എല്ലാം കേട്ട് മാത്രം ഇരുന്നു. "എല്ലാം മതിയാക്കുകയാണ് ഗൗരി.. അവളുടെ ഉള്ളിൽ ഞാൻ ഉണ്ടെന്ന് എനിക്ക് അറിയാം എന്നാലും മതിയാക്കുകയാണ്.അവൾ ആ പ്രണയം തുറന്ന് പറയാൻ പോലും തയ്യാറാവുന്നില്ല.അവൾക്ക് പേടി എന്നെ ഓർത്താണ്.എന്നെ ആരെങ്കിലും എന്തെങ്കിലും ചെയ്യുമോ എന്നോർത്ത്.ഇനി അത് വേണ്ടെന്ന് പറഞ്ഞേക്ക്. എന്റെ ഉള്ളിൽ എന്നും അവൾ ഉണ്ടാവും. ഭദ്രമായി... അത് മാത്രം മതി. കൂടുതൽ ഒന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല.അല്ലെങ്കിലും എല്ലാ പ്രണയവും വിജയിക്കണം എന്നില്ലല്ലോ.." .... (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story