വാക പൂത്ത നാളിൽ : ഭാഗം 9

vakapootha nalil

രചന: കടലാസിന്റെ തൂലിക

"നിനക്ക് കിട്ടുന്ന പ്രേമ ലേഖനകളുടെ എണ്ണം കൂട്ടാൻ നീ മനഃപൂർവം അല്ലേടാ ഇങ്ങനെ ഒരു പരിപാടി ഒപ്പിച്ചത്." കാന്റീനിൽ അഭിയുടെ ചുറ്റുമായി ഇരുന്ന് കൊണ്ടവർ ചോദിച്ചു. അഭി വെറുതെ ഒന്ന് ചിരിച്ചു കൊടുത്തു. "ചിരിക്കല്ലേ മോനെ.. സത്യം പറ എന്താ നിന്റെ ഉദ്ദേശം." "എന്തുദ്ദേശം'" "നീ ഒന്നും ഇല്ലാതെ ഈ ലെറ്റർ പരിപാടി ഇവിടെ കൊണ്ട് വരില്ല എന്ന് ഞങ്ങൾക്ക് അറിയാം.ഇത് ഇവിടെ നടപ്പാക്കിയാലും ഇല്ലെങ്കിലും നിനക്ക് കിട്ടാനുള്ള പ്രേമ ലേഖനത്തിൽ ഒരു കുറവും ഉണ്ടാവാൻ പോണില്ല." അജു പറഞ്ഞപ്പോൾ എല്ലാവരും അത് തലയാട്ടി സമ്മതിച്ചു. "കുറയാൻ പോണില്ലല്ലോ.. പിന്നെ എന്താ പ്രശ്നം." "പ്രശ്നം ഒന്നും ഇല്ല......"അമൽ ഇരുന്ന് പല്ല് കടിച്ചു. "അസൂയക്കും കുശുമ്പിനും മരുന്നില്ല അമലേ.." അഭി അവന്റെ തോളിൽ കയ്യിട്ട് കൊണ്ട് അടക്കി പിടിച്ച ചിരിയോടെ പറഞ്ഞു. "ഇത് നീ ഇടക്കിടക്ക് പറയണം എന്നില്ല". "ഓഹ്.. പറയണ്ടെങ്കിൽ പറയണ്ട. എടാ ഗോകുലേ നീ ആ പെണ്ണിനെ കണ്ട് പിടിച്ചോ.." "ഇല്ലടാ.. പക്ഷെ ഞാൻ കണ്ടു. അവൾ എന്നെ കണ്ടില്ല. "അവളുടെ അടുത്തേക്ക് ഞാൻ ചെല്ലുമ്പോഴേക്കും അവൾ അവിടെ നിന്ന് പോയി. "ചെ.. പോയോ.. എന്തായാലും അവൾ ഈ കോളേജിൽ തന്നെ അല്ലെ.. നമുക്ക് കണ്ടു പിടിക്കന്നെ.."

ഹരി അവന്റെ പുറത്തു തട്ടി. "എന്നെ ഇഷ്ടം ആയില്ലെങ്കിലോടാ.." ഞങ്ങളെ ചെറുക്കനെ ആരാ ഇഷ്ടപ്പെടാത്തെ. ആദ്യം അവൾ ആരാണെന്ന് അറിയ്. അത് കഴിഞ്ഞു ബാക്കി നോക്കാം.എന്തിനും ഞങൾ കൂടെ ഉണ്ടാവും. അഭിയുടെ വാക്കിന്റെ ആ ഉറപ്പ് മാത്രം മതിയായിരുന്നു അവർക്ക് ഉള്ള വിശ്വാസത്തിന്...അവരുടെ ചുണ്ടിൽ സമാധാനത്തിന്റെ ഒരു പുഞ്ചിരി വിടർന്നു. *** "ക്ലാസ്സ്‌ മുഴുവൻ ആ ലെറ്ററിനെ കുറിച്ച് ആണല്ലോടി സംസാരം." ഭാമ പറയുന്നത് കേട്ടു ഞാൻ ചുറ്റും നോക്കി. ശരിയാണ്.എല്ലാവരും ലെറ്റർ എഴുതുന്നതിന് കുറിച്ച് തന്നെയാ പറയുന്നത്. "നീ എഴുതുന്നുണ്ടോ.. "ആമി അപ്രതീക്ഷിതമായി അത് ചോദിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടി. "ഏയ്.. ഇല്ലില്ല. ഞാൻ.. ഞാൻ ആർക്ക് എഴുതാൻ ആണ്.നിങ്ങൾ എഴുതുന്നുണ്ടോ.." "ഞങ്ങളും ആർക്ക് എഴുതാൻ ആണ്.ആഹ്.. വരദക്ക് എഴുതാം. അവൾക്ക് ഒരു സീനിയർ ചേട്ടനെ ഇഷ്ടം ആണ്." "യ്യോ.. ഞങ്ങൾ അറിഞ്ഞില്ലല്ലോ.. നിനക്ക് ആരെയാടി ഇഷ്ടം. ഏതാ ക്ലാസ്സ്‌. എന്താ പേര്." ഭാമ എല്ലാം കൂടി ഒന്നിച്ചു തന്നെ ചോദിച്ചു. അവൾക്കുള്ളത് പോലെ എനിക്കും ഉണ്ട് ആ ആകാംഷ.അവളിൽ അപ്പോൾ ഒരു നാണം വിരിയുന്നത് ഞാൻ അത്ഭുതത്തോടെ നോക്കി കണ്ടു. "ഞാൻ സ്നേഹിക്കുന്ന ആളോട് ഞാൻ എന്റെ സ്നേഹം ഇത് വരെ പറഞ്ഞിട്ടില്ല. ആളെ എനിക്ക് പണ്ട് മുതലേ അറിയാവുന്നത.. ആള് ആരാണെന്ന് നിങ്ങളോട് ഇപ്പോൾ പറയില്ല. പറയും. ഞാൻ ഒരിക്കൽ.

അപ്പോൾ അത് മുഴുവൻ ആയിട്ട് പറയാട്ടോ.. അയാൾ ഈ കോളേളിൽ തന്നേയുള്ള സീനിയർ സ്റ്റുഡന്റണ്.3rd ഇയർ.ആൾക്ക് ഒരു പ്രേമ ലേഖനം എഴുതിയാലോ എന്നാണ് ഞാൻ ആലോചിക്കുന്നെ.." അവൾ പറയുമ്പോൾ എനിക്ക് അഭിയേട്ടനെ ഓർമ വന്നു. നാളെ ഞാനും ഒരു ലേഖനം എഴുതിയാലോ.. പെട്ടന്ന് എന്റെ ഉള്ളിൽ ഒരു പേടി കടന്ന് വന്നു. ദൈവമേ.. ഇനി ഇവൾ പ്രേമിക്കുന്നത് അഭിയേട്ടനെ ആയിരിക്കോ.. ഏയ് അല്ല. ഈ കോളേജിൽ തേർഡ് ഇയർ ആയിട്ട് അഭിയേട്ടൻ മാത്രമല്ലല്ലോ ഉള്ളത്. വേറെയും കുറെ പേർ ഇല്ലേ.. അവർ ആരെങ്കിലും ആവും. ദൈവമേ... അങ്ങനെ ആയിരിക്കണേ... ഉള്ളിൽ ആത്മാർത്ഥമായി തന്നെ പ്രാർത്ഥിച്ചു. വെറുതെ ഒരു സമാധാനത്തിനു മാത്രം. ഇപ്പോഴായെപ്പിന്നെ സമാധാനം വളരെ കുറവാണെന്നെ.. ഓരോന്നാലോചിച് വെറുതെ ഞാൻ ചിരിക്കുന്നത് കണ്ടപ്പോൾ ആമി എന്റെ തലക്ക് ഒരു കൊട്ട് തന്നു.അതോടെ ഞാൻ ഡീസന്റ് ആയി ഓരോ കാര്യങ്ങൾ പറഞ്ഞു ഇരുന്നു. **** "താമര പൂവിൽ വാഴും ദേവിയല്ലോ നീ..🎶" പിന്നിൽ നിന്നുള്ള ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി.

പിന്നിൽ ചെറുപുഞ്ചിരിയാലെ കൈ കെട്ടി അവൻ നിൽപ്പുണ്ടായിരുന്നു. അവൾ അവനെ ദേഷ്യത്താൽ തുറിച്ചു നോക്കി. "ഓ.. ഇപ്പോൾ സഖാവിന്റെ സഖി മാറ്റി പുതിയ പാട്ട് ഇറക്കിയോ.." "നീയല്ലേ പറഞ്ഞത് അങ്ങനെ വിളിക്കണ്ട എന്ന്. അത് കൊണ്ടല്ലേ ഞാൻ നിനക്ക് വേണ്ടി പുതിയ പാട്ട് ഇറക്കിയത്." "ഓ.. ഇത് പുതിയ പാട്ട് ആയിരുന്നോ.. അറിഞ്ഞില്ല." "എന്റെ ദേവൂട്ടി ഇപ്പോൾ അറിഞ്ഞല്ലോ.." "നിന്റെ ദേവൂട്ടിയോ.. ഞാൻ എപ്പോഴാടാ നിന്റെ ദേവൂട്ടി ആയത്." "3 വർഷങ്ങൾക്ക് മുൻപ്." "എന്റെ പൊന്ന് മോനെ..3 വർഷം ആയില്ലേ എന്റെ പിന്നാലെ ഇങ്ങനെ നടക്കാൻ തുടങ്ങിയിട്ട്. ഞാനാണെകിൽ നിന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് കൂടി ഇല്ല.എന്നിട്ടും എങ്ങനെയാ എന്റെ പിന്നാലെ ഇങ്ങനെ നടക്കുന്നെ.." "പ്രണയം അങ്ങനെയാണ് ദേവി.. എന്നെങ്കിലും ഒരിക്കൽ തിരിച്ചു കിട്ടും എന്ന് കരുതി അല്ല. കിട്ടില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ ഞാൻ നിന്നെ സ്നേഹിക്കുന്നില്ലേ.." "അപ്പോൾ അറിയാം കിട്ടില്ല എന്ന്." "കിട്ടും. കിട്ടണമല്ലോ.. കിട്ടേണ്ടതാണല്ലോ.." "എടൊ.. തനിക്ക് വട്ടാണോ.." "അതേല്ലോ.. നിന്നെ കണ്ട അന്ന് മുതൽ എനിക്ക് ഭ്രാന്താണ് ദേവി..."

"യ്യോ.. ഇത് വല്ലാത്ത ശല്യം ആയല്ലോ.." അവൾ അതും പറഞ്ഞു വേഗത്തിൽ തിരിഞ്ഞു നടന്നു തുടങ്ങി. "ഞാൻ നിന്നെയും കൊണ്ടേ പോവു മോളെ...." പിറകിൽ നിന്നവൻ ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു. അത് കേട്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. ആരും കാണാതെ അവൾ മനോഹരമായി ചിരിച്ചു. പെട്ടന്ന് ആ ചിരി നിന്നു.എവിടെ ഒക്കെയോ മൂകത പടർന്നു. അതവളെ വലിയൊരു സങ്കടത്തിലാഴ്ത്തി.. **** "ഗൗരി..." ആരോ വിളിക്കുന്നത് കേട്ട് ഞാൻ തിരിഞ്ഞു നോക്കി.പതിവ് പോലെ അവർ തന്നെ ആയിരുന്നു.ഫഹീംക്കയും ഗാങ്ങും. ഞാൻ ഭാമയെയും കൂട്ടി അങ്ങോട്ടേക്ക് നടന്നു. "എങ്ങനെ ഉണ്ട് ക്ലാസ്സ്‌ ഒക്കെ".നിരഞ്ജൻ ചേട്ടൻ ആണ്. "നല്ല രീതിയിൽ തന്നെ പോകുന്നു." "അച്ഛന് സുഖല്ലേ.." "അതെ.സുഖം തന്നെയാണ്." "പിന്നെ ഗൗരി.. അവർ ഒരു ലെറ്റർ പരിപാടി കൊണ്ട് വരുന്നുണ്ട്.അത് തടയണം എന്ന് ഞാൻ പറയുന്നില്ല. പക്ഷെ സഹകരിക്കരുത്." ബിനീഷ് ഏട്ടൻ പറഞ്ഞപ്പോൾ എന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി. "എന്താ അങ്ങനെ പറഞ്ഞത്..അവർ എല്ലാവർക്കും കൂടി അല്ലെ അങ്ങനെ ചെയ്യുന്നേ.." "അത് അങ്ങനെ ആണ് ഗൗരി.. നമ്മൾ ഒരു പരിപാടി നടത്തുമ്പോൾ അവരിൽ നിന്ന് ഒരു സഹകരണവും ഉണ്ടാവില്ല. അത് പോലെ അവരുടെ നമ്മളും ചെയ്യും.

അത് ഒക്കെ സ്ഥിരം അല്ലെ.. ചിലർ പരിപാടി തകർക്കാൻ നോക്കും. അവരെ ആ രീതിയിലൂടെ ഇടപെടും.ഗൗരിക്ക് രാഷ്ട്രീയം വശം ഇല്ലേ.." "ഇല്ല. എനിക്ക് വലിയ താല്പര്യം ഇല്ല." "MLA ആയിട്ട് കൂടി ഞങ്ങൾ എല്ലാം ആരാധനയോടെ നോക്കുന്ന ഒരാളാണ് നിന്റെ അച്ഛൻ. അതിൽ നിന്നോട് ഞങ്ങൾക്ക് ബഹുമാനം ആണ്." അവർ പറയുന്നത് കേട്ടപ്പോൾ പുച്ഛം ആണ് തോന്നിയത്. രാഷ്ട്രീയം കണ്ടത് കൊണ്ട് മാത്രം ഒരാളെ വിലയിരുത്തരുത്. എന്റെ വീട്ടിൽ എന്റെ സ്വാതന്ത്ര്യം അറിഞ്ഞാൽ തീരുന്നതെ ഉള്ളു ഇത്. ഞങ്ങളോട് വല്ലാത്ത ഒരു ഭാവത്തിൽ ആണ് അച്ഛൻ പെരുമാറുക. എന്തോ ശത്രുക്കളെ പോലെ.. ഇവിടെ തന്നെ എന്നോട് ഒരുപാട് പേർക്ക് ബഹുമാനം ആണ്. അച്ഛന്റെ പേരിൽ കിട്ടുന്ന ബഹുമാനം. അത് എനിക്ക് ആവിശ്യം ആയിരുന്നില്ല. അത് കൊണ്ട് ഞാൻ ആരോടും പറയാൻ പോവാറില്ല mla യുടെ മകൾ ആണെന്ന്. വെറും mla ആയിട്ട് കൂടി അച്ഛൻ ആളുടെ ഹൃദയത്തിൽ കയറി പറ്റിയത് എങ്ങനെ ആണെന്ന് എനിക്ക് മനസ്സിലാവാറില്ല. "ഹെലോ.. ഗൗരി.. നീ ഇവിടെ ഒന്നും ഇല്ലേ.." ഫാഹീംക്ക കൈ മുഖത്തേക്ക് വീശിയപ്പോൾ ഞെട്ടികൊണ്ട് ഞാൻ അവർക്ക് ഒന്ന് ഇളിച്ചു കൊടുത്തു. "അത് പിന്നെ... ഞാൻ ഇങ്ങനെ.. വെറുതെ..." "മ്മ്മ്..നീ ഇവിടേക്ക് വരുമ്പോൾ ഞങ്ങൾക്ക് ഒത്തിരി പ്രതീക്ഷ ഉണ്ടായിരുന്നു

വർഷങ്ങൾ ആയി ഇവിടെ വാഴുന്ന ചുവന്ന കോടിക്ക് പകരം നീല കൊടി ആക്കാൻ നിന്നാൽ കഴിയും എന്ന്. ഇപ്പോഴും ഉണ്ട് ആ പ്രതീക്ഷ. ഞങ്ങളുടെ പ്രതീക്ഷ തെറ്റിക്കോ നീ.." "ഒന്നും പറയാൻ പറ്റില്ല.. രാഷ്ട്രീയം എനിക്ക് താല്പര്യമേ ഇല്ല. എന്നെ വിട്ടേക്ക്. ദ ബെല്ലടിച്ചു. ഫിസിക്സ്‌ ആണ് പിരീഡ്. പിന്നെ വരാം." അവരോട് ബൈ പറഞ്ഞു പോരുമ്പോഴും എന്തോ എന്നെ കൊത്തി വലിക്കുന്ന പോലെ തോന്നി. **** ക്ലാസ്സ്‌ എല്ലാം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോൾ എന്റെ ഉള്ളിൽ മുഴുവൻ പ്രണയലേഖനത്തെ എഴുതണം എന്ന് തന്നെ ആയിരുന്നു. അവർ അങ്ങനെ പറഞ്ഞാലും എന്റെ ഊമ കത്ത് ആരും അറിയാതെ ഇരുന്നാൽ പോരെ.. വീട്ടിൽ എത്തി കുളിച്ചു ഫ്രഷായി ഒരു കട്ടൻ കുടിച്ചു. അപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു. ഞാൻ എന്റെ മുറിയിലേക്ക് പോയി. എഴുത്ത് മേശക്ക് അരികിൽ ചെന്ന് ഇരുന്നു. എന്തെഴുതും ഞാൻ.. ഇത് വരെ ഒരു പ്രേമ ലേഖനം എഴുതിയിട്ടില്ല.വായിച്ചത് മുഴുവൻ ഈ ഐ ലവ് യൂ മോഡൽ ആണ്. ഈ കത്തു അങ്ങനെ പോരാ.. ഒരു എഴുത്തുകാരന് കൊടുക്കുന്നതാണ്. അപ്പോൾ അതിന്ടെതായ രീതിയിൽ എഴുതണ്ടേ.. സാഹിത്യം വിളമ്പിയാണോ.. ആഹ്. വിളമ്പിയേക്കാം. എന്നാലും എന്തെഴുതും. ഒരുപാട് നേരത്തെ ചിന്തക്കൊടുവിൽ ഒരു കടലാസും തൂലികയും ഞാൻ എടുത്തു.

വീണ്ടും ചിന്ത വന്നു. എങ്ങനെ തുടങ്ങും.എന്തു വിളിച്ചു അഭിസംബോധന ചെയ്യും. എല്ലാവരും അഭിനന്ദ് ഏട്ടൻ എന്നല്ലേ വിളിക്കാ.. അവരുടെ ഗാങ് അല്ലാതെ ആരും അഭിയേട്ടൻ എന്ന് വിളിച്ചു കേട്ടിട്ടില്ല. പ്രിയപ്പെട്ടവർ മാത്രം ആയിരിക്കും അങ്ങനെ വിളിക്കുക. ഞാനും അഭിയേട്ടൻ എന്ന് എഴുതാലേ.. വീണ്ടും എന്തൊക്കെയോ ആലോചിച്ചിരുന്ന് എഴുതി തുടങ്ങി. 'പ്രിയപ്പെട്ട അഭിയേട്ടന്,' അയ്യേ.. അത് വേണ്ട. ഒരുമാതിരി ഫോർമൽ ലെറ്റർ പോലെ. 'പ്രിയ അഭിയേട്ടന്.' ശ്യേ.. ശരിയാവുന്നില്ലല്ലോ.. ഒരു ഗുമ്മ് പോരാ.വീണ്ടും ആലോചിച്ചപ്പോൾ ഒരു പേര് കിട്ടി.ചുണ്ടിൽ ഒരു പുഞ്ചിരിയിടൊപ്പം ഞാൻ എഴുതി.. പ്രിയ സഖാവിന്, ഇത് മതി. ഒരുപാട് സഖാക്കന്മാർ ഉണ്ടെങ്കിൽ എന്റെ സഖാവ് ഒന്നല്ലേ ഉള്ളു.. ഇത് ആണ് നല്ലത്. അടുത്തത് എന്തെന്ന് ആലോചിച്ചു ഇരുന്നിട്ട് ഒന്നും കിട്ടാതെ ആയപ്പോൾ പതിയെ കണ്ണടച്ചു പിന്നിലേക്ക് ചാരി ഇരുന്നു. സഖാവിനെ ആദ്യമായ് കണ്ടത് മുതൽ ഉള്ള കാര്യങ്ങൾ മനസ്സിലേക്ക് ഓടി എത്തി. കവിത വന്നു. മാഗസിൻ വന്നു. ആ പുഞ്ചിരി കൂടി കടന്ന് വന്നതോടെ പതിയെ കണ്ണുകളെ തുറന്നു. പിന്നെ മെല്ലെ എഴുതുവാനായി തുടങ്ങി........ (തുടരും )......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story