വെണ്ണിലാവേ..💔: ഭാഗം 33

vennilave niha

രചന: NIHAA

പോകുന്ന വഴിയിൽ ഉടനീളം ആത്മികയുടെ മനസ്സിൽ ആ വീടും വീട്ടുകാരും ആയിരുന്നു.. എന്തു കൊണ്ടോ ഉളളം പിടയുന്ന പോലെ.. താരയുടെ നിർത്താതെ ഉള്ള സംസാരവും ആ വീട്ടുകാരുടെ കളങ്കം ഇല്ലാത്ത സ്നേഹവും ഉള്ളാലെ കൊതിച്ചു പോകുന്നു.. കണ്മുന്നിൽ വാ തുറന്നാൽ പൊട്ടത്തരം മാത്രം പറഞ്ഞു മറ്റുള്ളവരെ ചിരിപ്പിച്ചു സ്വയം കോമാളിയാകുന്ന ഒരുവന്റെ മുഖം തെളിഞ്ഞതും അവളുടെ ചൊടികളിൽ പുഞ്ചിരി തത്തി.. ചുരുണ്ട മുടി ഇഴകളും താരയെ പോലെ ചെറിയ നേർത്ത ചൊടികളും അൽപ്പം മാത്രം മീശയും അവനെ കബളിപ്പിക്കാൻ എന്നോണം മുളച്ചു നിൽക്കുന്ന താടിയും ഉള്ള ആ ഇരുപത്തി രണ്ട് പോലും തോന്നിക്കാത്ത ഇരുപത്തി അഞ്ചു കാരന്റെ മുഖം.. അതെ തേജസ്‌ സുകുമാരൻ..പേര് പോലെ തന്നെ മുഖത്തു തേജസ്‌ നിറഞ്ഞു തുളുമ്പുന്നവൻ.. തന്നിലെ പെണ്ണിനെ സംരക്ഷിച്ചു തന്നെ സുരക്ഷിതമായി ഒരിടത് എത്തിക്കാൻ പ്രയത്നം ചെയ്ത അവന്റെ മുഖം മനസ്സിൽ അറിയാതേ ആണേൽ പോലും കൊത്തി വെച്ചിരിക്കുന്നു.. എന്തേ.. തന്റെ ഹൃദയം തന്റെ കൂടേ വരാതേ അവിടെ കുടുങ്ങി പോയോ.. അറിയില്ല.. സ്വയം തല കുടഞ്ഞവൾ കാർ ഓടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു..നേരം പതിനോട് അടുത്തത് കൊണ്ട് പട്ടണം വളരെ തിരക്ക് ആണ്..

തിരക്കേറിയ മനുഷ്യരും അവരുടെ തിരക്ക് കണ്ടറിഞ്ഞു ചീറി പായുന്ന വാഹനങ്ങളും.. അന്തരീക്ഷത്തിൽ പടർന്ന വാഹനങ്ങളിൽ നിന്ന് പുറന്തള്ളപ്പെടുന്ന പുകയേ വകഞ്ഞു മാറ്റിയവൾ ആക്‌സിലേറ്ററിൽ കാൽ അമർത്തി സ്റ്റിയറിങ്ങിൽ വിരൽ മുറുകെ പിടിച്ചു തന്റെ വാഹനത്തെ അതിവേഗത്തിൽ കുതിപ്പിച്ചു.. വാട്സ്ആപ്പിൽ മെസ്സേജ് നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടതും കൈ എത്തിച്ചു കൊണ്ട് ഫോൺ ലോക്ക് അഴിച്ചു തുറന്നു നോക്കി.. തേജസിന്റെ നമ്പറിൽ നിന്നും വന്ന ഹോസ്റ്റൽ ലൊക്കേഷൻ കാണെ ഓപ്പൺ ചെയ്തവൾ റൂട്ട് നോക്കി ഗിയർ മാറ്റി വണ്ടിയെ ഓടിച്ചു.. °°°°°°°°°°°°°°° "നല്ല കൊച്ച് ആയിരുന്നു..പക്ഷെ ആമി നമ്മളെ ഒക്കെ ഇട്ടേച്ചു പോയല്ലേ.. " നഖം കടിച്ചു പറയുന്ന വെണ്ണിലയേ ദർശൻ ചിരിയോടെ നോക്കി..ആ കണ്ണുകളിൽ പരിഭവം നിറഞ്ഞിരിക്കുന്നു.. അതിന്റെ ഫലം എന്നോണം കീഴ്ചുണ്ട് പുറത്തേക്ക് തള്ളി വെച്ചിട്ട് ഉണ്ട്.. "അത് ശെരി.. ആ കുട്ടിക്ക് പഠിച്ചു ഒരു നിലയിൽ എത്തണ്ടേ.. നിന്നേം നോക്കി ഇരുന്നാൽ മതിയോ.. " നിലയുടെ തോളിലൂടെ കൈ കടത്തി അവളേം കൊണ്ട് അകത്തേക്ക് കയറിയ ദർശൻ പറഞ്ഞു.. അത് കേൾക്കെ വെണ്ണില അവനെ ചുണ്ട് കൂർപ്പിച്ചു നോക്കി.. "മ്മ്ഹ്.. ദേവേട്ടാ.. " ചിണുങ്ങി കൊണ്ട് വിളിക്കുന്നവളുടെ തോളിൽ പിടി മുറുക്കി അവൾക്ക് ഒന്ന് കണ്ണ് ഇറുക്കി കാണിച്ചു..

"ഓഹ്.. ഞാൻ ഇനി ഒന്നും പറയുന്നില്ലേ.." അകത്തേക്ക് കയറിയ അവർ നടുത്തളത്തിൽ ഇരിക്കുന്ന ലക്ഷ്മിയെയും സുമേഷ്നെയും ശാന്തയെയും സുകുമാരനെയും കാണെ വെണ്ണില അവന്റെ കൈ മാറ്റി അകന്ന് നിന്നു.. അവളുടെ ചെയ്തി ദർശന് അത്രക്ക് അങ്ങ് പിടിച്ചില്ല എങ്കിലും ഒന്നും മിണ്ടാതെ അവൻ അവരിലേക്ക് നടന്നു.. വെണ്ണില ആണേൽ മുകളിലേക്കും നടന്നു.. താര മുകളിൽ ആണ്.. "ഡാ.. വന്നിട്ട് കുറേ ആയില്ലേ..നമ്മൾക്ക് പോകണ്ടേ.. " "പോകണം.. എനിക്ക് ആണേൽ സ്കൂൾ തുറക്കാൻ ആയി.. അതിന് മുന്നേ ആയി സ്കൂളിൽ പോയി ഒന്ന് സെറ്റ് ചെയ്യാൻ ഉണ്ട്.. " "ആഹ്.. പിന്നേ നാട്ടിൽ ചെന്നിട്ട് എനിക്ക് ചില ജോലികളും ഉണ്ട്.." അവന്റെ വാക്കുകൾക്ക് ശെരി വെച്ചു കൊണ്ട് സുമേഷ് പറഞ്ഞു.. "ഡാ.. ദേവാ.. നീയും സ്കൂളിൽ പോയി തുടങ്ങിയാൽ പിന്നേ നിലു ഒറ്റക്ക് ആവില്ലേ..അവളെ തുടർപഠനം പാതി വഴിയിൽ ആണ്... " ലക്ഷ്മി അങ്ങനെ ഒരു കാര്യം എടുത്തിട്ടപ്പോൾ ആണ് അവൻ ഓർക്കുന്നത് പോലും.. പുരികം ഒന്ന് പൊക്കി താഴ്ത്തി കൊണ്ട് അവൻ താടി ഉഴിഞ്ഞു.. ശെരി ആണ് അവളെ പഠിപ്പിക്കണം.. ഇന്നേ വരെ അവൾ ഈ ഒരു ആവിശ്യം ഉന്നയിച്ചിട്ട് ഇല്ല.. താല്പര്യം ഉണ്ടാകില്ലേ.. അതോ ചോദിക്കാൻ ഉള്ള മടി കൊണ്ട് ആണോ.. മടിക്കാൻ മാത്രം എന്ത്.. ഞാൻ അവളുടെ ഭർത്താവ് അല്ലെ..

ഉള്ളിൽ മൊഴിഞ്ഞ ദർശൻ ലക്ഷ്മിയേ നോക്കി.. "അവൾക്ക് താല്പര്യം ഉണ്ടോന്ന് ചോദിക്കട്ടെ ഞാൻ..എങ്കിൽ അതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കാം. " ...... "നിലെ.. " "മ്മ്.. " രാത്രി ഉറങ്ങാൻ വന്നത് ആണ് ദേവും നിലയും മുറിയിൽ.. കട്ടിലിൽ കിടക്കാൻ ആയി ഒരുങ്ങിയ വെണ്ണിലയേ ദേവ് വിളിച്ചു.. നില മൂളി കൊണ്ടിരുന്നു.. "നിലെ.. " "മ്മ് .. " "നിലെ.. !!' "ഹോ.. എന്തോന്നാ മനുഷ്യ.. എന്റെ ചെവിക്കല്ല് പൊട്ടിക്കൊ.. " ഒരു തരം അലർച്ചയായിരുന്നു വെണ്ണില..ഉറക്കം വന്നു മാടി പോകുന്ന കാരണം അടഞ്ഞു പോകുന്ന മിഴികൾ പാട്പെട്ടാണ് തുറന്നു വെച്ചിരിക്കുന്നത്.. "നീ വിളി കേൾക്കാത്തത് കൊണ്ട് അല്ലെ.. " "അതിന് അല്ലെ ഞാൻ മൂളി തന്നത്.. " അവന്റെ കുറുമ്പൊടെ ഉള്ള മറുപടി കേൾക്കെ നില അവനിലേക്ക് തിരിഞ്ഞു കണ്ണുരുട്ടി പേടിപ്പിച്ചു ചോദിച്ചു . "മൂളിയാൽ മാത്രം മതിയോ.. " "പിള്ളേര് കളി കളിക്കാതെ കാര്യം പറയ് മനുഷ്യ.. " അവനെ ഒന്നുടെ കണ്ണുരുട്ടി പേടിപ്പിച്ചവൾ ചോദിച്ചു.. "ഹാ.അത് പിന്നേ നിന്നേ പഠിപ്പിക്കുന്ന കാര്യം അമ്മ പറഞ്ഞായിരുന്നു.. " "എന്തിന്.. " "അപ്പൊ നിനക്ക് പഠിക്കണ്ടേ കൊച്ചേ.." "അതൊക്ക റിസ്ക് അല്ലെ . " താല്പര്യം ഇല്ലാത്ത മട്ടിൽ ചുണ്ട് കോട്ടി പറയുന്നവളെ ദർശൻ മിഴിച്ചു നോക്കി.. "നിന്റെ... എന്റെ പൊന്നു മോളെ ഒരു ഹയർ സെക്കൻഡറി അധ്യാപകൻ ആണ് ഞാൻ..

എന്നിട്ടും നിന്നേ പഠിപ്പിച്ചു ജോലി ആക്കി തന്നില്ലേൽ നാണക്കേട് എനിക്കാ.. " "വോ.. അങ്ങനെ.." ചുണ്ട് പുച്ഛത്തോടെ കോട്ടി കൊണ്ട് അവൾ കണ്ണ് അടച്ചു. 'നിനക്ക് എന്തിനോടാ താല്പര്യം.." "എനിക്ക് ഫിലോസഫിയിൽ പി എച് ഡി എടുത്താൽ കൊള്ളാമായിരുന്നു.. " കണ്ണ് അടച്ചു പറയുന്നവളെ ദർശൻ ചിരിയോടെ നോക്കി.. ഉറക്കം ശല്യപ്പെടുത്തിയതിന്റെ ദേഷ്യവും മുഷിപ്പും ആണ് തന്നോട്.. എങ്കിലും ആഗ്രഹം പറഞ്ഞെല്ലോ.. ആശ്വാസം.. "അങ്ങനെ ആണേൽ അങ്ങനെ.. ഡോക്ടറേറ്റ് നേടാലോ.. " "ഹാ.. " "പിന്നേ ഇല്ലേ.. നിലെ.. നമുക്ക് ഇല്ലേ.. " "നമുക്ക്. " അവന്റെ അർത്ഥം വെച്ചുള്ള ചിരിയും തന്നെ കുസൃതിയോടെ നോക്കിയുള്ള പറച്ചിലും കാണെ വെണ്ണില കണ്ണുകൾ വലിച്ചു തുറന്നു.. "കൊച്ചുങ്ങൾ ഒക്കെ വേണ്ടെടി.. " അവളിലേക്ക് നീങ്ങി അവളുടെ മുഖത്തോട് മുഖം അടുപ്പിച്ചു കുസൃതിയോടെ ചോദിച്ചതും വെണ്ണിലയിൽ പരവേശം നിറഞ്ഞു.. വെപ്രാളം പൊതിഞ്ഞു.. ശരീരത്തിൽ വിറയൽ അനുഭവപ്പെട്ടു.. "എന്തിന്.. ഞാൻ തന്നെ ഒരു കൊച്ച് അല്ലെ.. പിന്നേ എന്തിനാ ദേവേട്ടാ നമുക്ക് മറ്റൊരു കൊച്ച്.. " പരിഭ്രമം മറച്ചു വെച്ചു തമാശ രൂപേണ പറയുന്നവളെ ദർശൻ കാറ്റ് അഴിച്ചു വിട്ട ബലൂൺ കണക്കെ നോക്കി.. "ആഹ്.. അത് നേരാ.. നീ ഇപ്പോഴൊന്നും പ്രസവിക്കാത്തതാ നല്ലത്..നീയേ ഒരു കൊച്ചു കുഞ്ഞു അല്ലെ.. "

"ആന്നെ.. അതുകൊണ്ട് ഞാൻ ഉറങ്ങട്ടെ ദേവേട്ടാ.. ഗുഡ് നൈറ്റ്‌.. " പറച്ചിലോടൊപ്പം പുതപ്പ് തല വഴി മൂടി ശ്വാസം ആഞ്ഞു വലിച്ചു.. "നിന്നേ ഞാൻ പിന്നേ എടുത്തോളാമെടി.. കുശുമ്പി പാറൂ.. " അവളുടെ പറച്ചിലും പ്രവർത്തിയും കാണെ ദർശൻ ചിരിയോടെ പറഞ്ഞു കൊണ്ട് കണ്ണ് അടച്ചു.. ••••••••••• തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും പുൽകാത്ത നിദ്രയേ തേജസ്‌ മുഷിപ്പോടെ പ്രാകി.. കാലിൽ ഇട്ട പുതപ്പ് മാറ്റിയവൻ എഴുന്നേറ്റു ഇരുന്നു.. കിടക്കുന്ന കട്ടിലിന്റെ ഓരത്ത് ഉള്ള ജനൽ പാളി മലർക്കെ തുറന്നു വെച്ചവൻ താടിക്ക് കൈ ഊന്നി ഇരുന്നു..തന്റെ ചുരുണ്ട മുടി ഇഴകളിൽ നിന്ന് ഒന്ന് താഴോട്ട് വലിച്ചു മുകളിലേക്ക് തന്നെ വിട്ടു കൊണ്ട് പതിയെ നിലത്തേക്ക് കാൽ ഊന്നി എഴുന്നേറ്റു നടന്നു.. വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങിയ അവൻ മനസ്സിനെ തണുപ്പിക്കാൻ എന്നോണം പതിയെ നടന്നു.. താരയുടെ മുറിയും കഴിഞ്ഞു ആമി കിടന്ന മുറിയിലേക്ക് നടന്നു.. അടച്ചിട്ട വാതിൽ തള്ളി തുറന്നവൻ അകത്തേക്ക് പ്രവേശിച്ചു..മുറിയിൽ ആകെ അവളുടെ ഗന്ധം..പോകും മുന്നേ മുറി ഒക്കെ ഒതുക്കി വെച്ചിട്ട് ആണ് പോയത്.. അവളുടെ ഒരു വസ്തു പോലും ഇല്ല.. എങ്കിലും അവന്റെ കണ്ണുകൾ എന്തിനോ വേണ്ടോ പരതി കൊണ്ട് അലഞ്ഞു നടന്നു.. എവിടെയോ എന്തോ തനിക്ക് പ്രിയപ്പെട്ട ഒന്നുണ്ട് എന്ന് പറയും പോലെ..

കട്ടിലിനടുത്തേക്ക് നടന്ന അവൻ പതിയെ നിലത്ത് മുട്ട് കുത്തി ഇരുന്നു തല കുനിച്ചു കട്ടിലിനടിയിലേക്ക് നോക്കി.. അടിയിൽ മിന്നി തിളങ്ങുന്ന ഒരു വസ്തു കയ്യിൽ എടുത്തു കൊണ്ട് എഴുന്നേറ്റു നിന്നു.. കൈകളിൽ ചുരുട്ടി പിടിച്ച വസ്തു കൺമുന്നിൽ തൂക്കി പിടിച്ചു.. തിളങ്ങുന്ന മുത്ത് കോർത്ത കറുപ്പ് ചരട്....അത്യാവശ്യം ഭാരം ഉണ്ട്.. കാണാൻ ആണേൽ അതിമനോഹരം.. അവളുടെ വെളുത്ത കാലുകളിൽ ആണേൽ ഒന്നുടെ ഭംഗി കൂടുതൽ ആയിരിക്കും..മുത്ത് കോർത്ത ചരട് ഇല്ലാത്തതതിനാൽ ആ കാലിന്റെ ഭംഗി നഷ്ടപ്പെട്ടിരിക്കാം.. തേജസിന്റെ ചുണ്ടിന് കോണിൽ എവിടെയോ പുഞ്ചിരി വിടർന്നു.. ചെമ്പൻ മുടി ഇഴകൾ ചെവിക്കരുകിൽ ഒതുക്കി വെച്ചു നീല മിഴികൾ വിടർത്തി നോക്കുന്നവളുടെ മുഖം തെളിയവേ അവന്റെ ഉളളം തണുത്തു.. എങ്കിലും ഉള്ളിൽ എവിടെയോ ഒരു നീറ്റൽ.. !! ബുദ്ധി പറയുന്നത് ഒന്നും അല്ല പ്രവർത്തിക്കുന്നത്.. മറ്റെന്തോ അദൃശ്യ ശക്തി നിയന്ത്രിക്കും പോലെ.. കാലുകൾ പതിയെ ചലിച്ചു.. കട്ടിലിലേക്ക് തന്നെ.. കട്ടിലിൽ ഇരുപ്പ് ഉറപ്പിച്ച അവൻ തന്നുള്ളിലെ ആർത്തിരമ്പുന്ന കടലോളത്തെ ശമിപ്പിക്കാൻ എന്ന വണ്ണം കട്ടിലിൽ കിടന്നു തലയണയിൽ മുഖം അമർത്തി.. അവളുടെ ഗന്ധം... അതെ തനിക്ക് പ്രിയപ്പെട്ട ഗന്ധം..അവളുടെ ചെമ്പൻ മുടി ഇഴകളിൽ നിന്ന് വമിക്കുന്ന ചെമ്പകത്തിന്റെ ഗന്ധം..ശരീരത്തിൽ നിന്ന് വമിക്കുന്ന ചെമ്പകത്തിന്റെ ഗന്ധം.. അതെ ചെമ്പകം പൂത്ത ഗന്ധം..

കണ്ണ് പാതി തുറന്നു വെച്ച അവൻ കയ്യിൽ മുറുകെ പിടിച്ച മുത്ത് കോർത്ത ചരട് നെഞ്ചോട് ചേർത്തു.. അറിയാതെ പോൽ തന്നെ തിരിഞ്ഞു നോക്കാത്ത പോയ നിദ്ര തിരികെ വന്നു പുൽകുന്നത് അവൻ പാതി മയക്കത്തിൽ അറിഞ്ഞു... °°°°°°°°°°°°° എന്നാൽ ഇതേ സമയം കിലോമീറ്ററുകൾ അപ്പുറം ഉറക്കമില്ലാതെ അവൾ ഹോസ്റ്റൽ മുറിയിലെ കട്ടിലിൽ ഒതുങ്ങി കൂടി.. തന്റെ എതിരായി കിടക്കുന്ന റൂംമേറ്റ് നല്ല ഉറക്കത്തിൽ ആണ്..പേര് മിഥില.. വന്ന ടൈം തന്നെ ഒരുപാടു സംസാരിച്ചു.. പരിചയപ്പെട്ടു വന്നപ്പോൾ ഒരേ ക്ലാസ്സിൽ.. അവളോട് അടുക്കാൻ ആദ്യം ഭയം തോന്നി എങ്കിലും ആരെയും മയക്കുന്ന ചിരിയിൽ വീണു പോയി.. ചുണ്ടിൽ സാദാസമയം പുഞ്ചിരിയോടെ സംസാരിക്കുന്നവളെ തെല്ലൊരു കൗതുകത്തോടെയായിരുന്നു നോക്കി കണ്ടത്..ഇത്രയും മണിക്കൂർ ആയിട്ട് തന്നോട് പുഞ്ചിരിയോടെ അല്ലാതെ ഒന്ന് മുഖം കറുപ്പിച്ചു സംസാരിച്ചിട്ട് പോലും ഇല്ലാ.. "Can you be my best friend? " തന്നിലേക്ക് വലത് കൈ നീട്ടി ചുണ്ടിൽ പതിവ് പുഞ്ചിരിയും വെച്ചു അവൾ ചോദിച്ചപ്പോൾ നിരസിക്കാൻ സാധിച്ചില്ല..

മടിച്ചു കൊണ്ട് ആണേലും ആ കൈകളിൽ കോർത്തു പിടിച്ചു.. പിണങ്ങാൻ പോലും അറിയാത്തൊരു സാധു.. രണ്ട് പേരും പരസ്പരം വിശേഷങ്ങൾ അല്ലാതെ വീട്ടുകാരെ കുറിച്ച് മിണ്ടിയില്ല.. ചോദിച്ചില്ല എന്ന് സാരം.. മിഥിയേ നോക്കി കിടന്ന ആമി പതിയെ തിരിഞ്ഞു കിടന്നു.. *ഇവളൊ..ഇവൾ ഞാൻ കെട്ടാൻ പോകുന്ന പെണ്ണ്.. അല്ലെ ആമി.. * കണ്ണ് അടച്ചാൽ തന്റെ തോളിൽ കൈ കടത്തി തന്നെ കുസൃതിയോടെ കണ്ണ് ഇറുക്കി അച്ചുവിനെ നോക്കി ചിരിക്കുന്നവനെ..തന്റെ കാലിലെ മുത്ത് കോർത്ത ചരടിലേക്ക് കൗതുകത്തോടെ നോക്കി നിന്നവനേ.. തന്റെ യാതനകൾ കേട്ടിരിക്കുമ്പോൾ കണ്ണിൽ വേദന നിറച്ചു ഇരിക്കുന്നവനെ.. ഭ്രാന്ത് പിടിക്കും പോലെ തോന്നി അവൾക്ക്.. തനിക്ക് എന്താണ് സംഭവിക്കുന്നത്.. അറിയില്ല.. വേറും മൂന്ന് ദിവസം ആണേൽ പോലും എന്തോ അകലാൻ പറ്റാത്ത വിധം അടുത്ത് പോയിരിക്കുന്നു.. ""ഇനി എനിക്ക് ആ മുടിയനോട് പ്രേമം എങ്ങാനും ആണോ ദേവ്യേ... ""!!......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story