വെണ്ണിലാവേ..💔: ഭാഗം 36

vennilave niha

രചന: NIHAA

മിഥിലയുടെ കൂടേ റോഡ് ക്രോസ് ചെയ്യാൻ ആയി ആത്മിക കാലുകൾ മുന്നോട്ട് വെച്ചു... എന്തോ ഒരു ആപത്തു സംഭവിക്കാൻ ഇരിക്കുന്നത് പോലെ..ആകാശത്ത് മൂടി കെട്ടി വരുന്ന കാർമേഘം കാണെ അവളുടെ മനസ്സ് അസ്വസ്ഥതയോടെ നൂൽ പൊട്ടിയ പട്ടം പോലെ സഞ്ചരിച്ചു.. എന്തു കൊണ്ടോ മനസ്സ് അസ്വസ്ഥമായിരുന്നു.. എന്തെക്കെയോ ഭയം പിടി മുറുക്കും പോലെ.. കൈകൾ പരസ്പരം കൂട്ടി തിരുമ്മി കൊണ്ട് അവൾ പതിയെ പിന്നിലേക്കും ഇരുവശങ്ങളിലേക്കും മിഴികൾ പായിച്ചു.. തിരിഞ്ഞു നോക്കി.. ഇല്ല.. ആരും ഇല്ല.. പക്ഷെ താൻ അനുഭവിച്ചത് ആണ്.. തന്നെ ആരോ പിന്തുടരുന്നത് പോലെ..തന്നെ ആരോ നോക്കി നിൽക്കുന്നത് പോലെ.. മുന്നിലേക്ക് തന്നെ തിരിഞ്ഞു നോക്കിയവൾ സീബ്ര ലൈനിലൂടെ കാലുകൾ ചലിപ്പിച്ചു.. എന്നാൽ പെട്ടന്ന് അന്തരീക്ഷം മുഴുവൻ പൊടി പറത്തി കൊണ്ട് എവിടെ നിന്നോ ചീറി പാഞ്ഞു വന്ന ബ്ലാക്ക് സ്കോർപിയോ ആമിയുടെ തൊട്ട് മുന്നിൽ ആയി സഡൻ ബ്രേക്ക്‌ ഇട്ടു.. ആമി പകച്ചു കൊണ്ട് പിന്നിലേക്ക് കാൽ വെച്ചതും ഡോർ തുറന്നു വന്ന കൈകൾ അവളെ ഞൊടി ഇട കൊണ്ട് കാറിലേക്ക് വലിച്ചിട്ടിരുന്നു.. "ആഹ്.. "!! അവളിൽ നിന്നൊരു ആർത്തനാദം ഉയർന്നു.. മിഥില ആണേൽ പകച്ചു കൊണ്ട് ആ കാഴ്ച നോക്കി നിന്നു..

എന്നാൽ സ്വബോധം വീണ്ടെടുത്ത മിഥി ഡോർ അടക്കാൻ തുനിഞ്ഞവന്റെ കയ്യിൽ പിടിച്ചു കൊണ്ട് ആമിയേ പിടിക്കാൻ ശ്രമിച്ചു എങ്കിലും അയാൾ ഊക്കോടെ മിഥിയെ തള്ളിയിരുന്നു.. അയാളുടെ തള്ളിന്റെ ശക്തി കൊണ്ടോ എന്തോ പിന്നിലേക്ക് തെറിച്ച അവളെ ഇരുകൈകൾ താങ്ങി പിടിച്ചു...പകച്ചു കൊണ്ട് മിഥി മിഴികൾ ഉയർത്തി നോക്കിയതും തന്നെ താങ്ങി പിടിച്ചവന്റെ മുഖം കാണെ പിടഞ്ഞു കൊണ്ട് അവനിൽ നിന്ന് അകന്നു നിന്നു.. "അമലേട്ടൻ.. " മിഥിയുടെ ചുണ്ടുകൾ പതിയെ മൊഴിഞ്ഞു(ആദ്യദിവസം തങ്ങളെ റാഗ് ചെയ്ത നീളൻ മുടിയൻ..) "എന്താ ഉണ്ടായേ.. " അവന്റെ ചോദ്യത്തിൽ ആധി കലർന്നിരുന്നു..അവൻ അതു കണ്ട് കൊണ്ടാണ് ഓടി വന്നത്.. മിഥി പിടപ്പോടെ മിഴികൾ പായിച്ചു. സ്കോർപിയോ തങ്ങളിൽ നിന്ന് അകന്നിരിക്കുന്നു.. മിഥിലയുടെ മിഴികൾ കലങ്ങി മറിഞ്ഞു.. മറ്റാരോ അവളെ കിഡ്നാപ് ചെയ്തത് ആണെന്ന് അവൾ കരുതി..അമലിനെ അവൾ നിറഞ്ഞ മിഴിയോടെ നോക്കി.. ഒന്ന് ഒച്ച വെച്ചു കരയാൻ പോലും അവസരം തന്നില്ല.. അങ്ങനെ എങ്കിലും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റി അവളെ രക്ഷിക്കാമായിരുന്നു.. "എന്റെ ആമി എവിടെ.. !!" പെട്ടന്ന് കേട്ട അപശബ്ദം.. കണ്ണിൽ വേവലാതി നിറച്ചു എവിടെ നിന്നോ ഓടി വന്നൊരു ചുരുളൻ മുടിയൻ..

മുഖത്തെ തേജസിനുമപ്പുറം നിഷ്കളങ്കത നിറഞ്ഞ മുഖം..ആ മുഖത്തു വെപ്രാളവും വേവലാതിയും.. മിഴികൾ ചുറ്റും അലയുന്നു.. "ആമിടെ ആരാ.." ഉത്തരം ഇല്ലായിരുന്നു അവനിൽ.. തല കുനിച്ചു അൽപ്പനേരം ഇരുന്നു.. "ഞാൻ ചോദിച്ചതിന് മറുപടി താ.. എന്റെ ആമി എവിടെന്ന്.." ശാന്തം ആയിരുന്നില്ല.. അലർച്ചയായിരുന്നു.. മിഥിയുടെ ഇരുതോളിലും കൈ വെച്ചു അവളെ പിടിച്ചു ഉലച്ചു കൊണ്ട് തേജസ്‌ അലറി.. അവന്റെ ശബ്ദം ആ പ്രദേശത്തെ മുഴുവൻ പിടിച്ചു കുലുക്കാൻ മാത്രം കെൽപ്പുള്ളത് ആയിരുന്നു.. ഞെട്ടി വിറച്ച മിഥില ചുണ്ട് വിതുമ്പി കൊണ്ട് തങ്ങളിൽ നിന്ന് മറഞ്ഞു പോകുന്ന ബ്ലാക്ക് സ്കോർപിയോയിലേക്ക് വിരൽ ചൂണ്ടി.. മിഴികൾ അങ്ങോട്ട് ആയി പായിച്ച തേജസ്‌ ചീറി പാഞ്ഞു പോകുന്ന വണ്ടി കാണെ ദേഷ്യം കൊണ്ട് പല്ലിറുമ്പി തുടയിൽ ആഞ്ഞടിച്ചു.. "ഷിറ്റ്.. ഓക്കേ ഫൈൻ.. അതിൽ ഉള്ള ആളെ കണ്ടിരുന്നോ.. " ശ്വാസം ആഞ്ഞു വലിച്ചു സൗമ്യമായി ചോദിച്ചതും മിഥി ഇല്ലെന്ന് തലയനക്കി.. "ഇല്ല.. ശ്രദ്ധിച്ചില്ല.. ആമിയെ ഞാൻ പിടിച്ചിറക്കാൻ ശ്രമിച്ചതാ.. പക്ഷെ അയാൾ എന്നേ പിന്നിലേക്ക് ആഞ്ഞു തള്ളി.. " തേജസ്‌ നെറ്റിയിൽ വിരൽ കൊണ്ട് ഉഴിഞ്ഞു..അവന് പ്രാന്ത് പിടിക്കും പോലെ തോന്നി..പോകുന്നത് എവിടേക്ക് ആണെന്ന് അറിയാം..

പക്ഷെ അവളെ കാത്തു എന്തൊക്കെ ആപത്തുകൾ ആണ് നടക്കാൻ ഇരിക്കുന്നത് എന്ന് ഊഹിക്കാൻ ഉള്ളതെ ഒള്ളു.. കണ്ണിൽ നിന്നും മറയുന്ന കാറിനെ അവൻ നിർവികാരമായി ചലനമില്ലാതെ നോക്കി നിന്നു.. അവളെ ഏട്ടന്മാർ ആയിരിക്കില്ല.. ചിലപ്പോൾ അർജിത്ത് ആകാം .. അവളെ കയ്യിൽ കിട്ടിയാൽ എന്തും ചെയ്യാൻ മടിക്കില്ല.. അവളുടെ വാക്കിൽ നിന്ന് അതെല്ലാം വ്യെക്തമായത് ആണ്.. കണ്ണിൽ നിന്ന് മറയുവോളം അവൻ നോക്കി നിന്നു..ചലനശേഷി നഷ്ടപ്പെട്ടവനെ പോലെ.. നിലച്ച ഹൃദയവും ആയി.. കൈ കൊണ്ട് മുഖം അമർത്തി തുടച്ച തേജസ്‌ ഫോൺ എടുത്തു ദർശന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു.. "എന്താടാ..? " ഒറ്റ റിങ്ങിൽ ഫോൺ എടുത്തതും തേജസ്‌ ആശ്വാസത്തോടെ ശ്വാസം വലിച്ചു.. "നീ.. നീ സ്കൂളിൽ എത്തിയോ.. " അവന്റെ സ്വരം ഇടറിയിരുന്നു..സങ്കടം വന്നാൽ അങ്ങനെയാണ് പിടിച്ചു നിൽക്കാനോ നിയന്ത്രിക്കാനോ കഴിയില്ല.. അല്ല അറിഞ്ഞൂടാ.. "ഇല്ലാ.. എത്താറായി. " "നീ ഒന്ന് വരാവോ.. " "എന്താടാ..എന്തേലും പ്രശ്നം.." തേജസിന്റെ പതിഞ്ഞ സ്വരം കേൾക്കെ എന്തോ അവനെ അലട്ടുന്നുണ്ട് എന്ന് മനസ്സിൽ ആയി.. അതുകൊണ്ട് തന്നെ ഒത്തിരി സങ്കോചത്തോടെ ആണ് ദർശൻ അവനോട് മറുപുറത്തു നിന്നും ചോദിച്ചത്.. "മ്മ്ഹ്.. ഉണ്ട്...നിനക്ക് ഇന്ന് ലീവ് എടുത്തു വരാൻ ഒക്കുമോ.."

"നീ കാര്യം പറയെടാ.. " തേജസ്‌ കാര്യങ്ങൾ ഒക്കെ വിശദീകരിച്ചു..എല്ലാം കേട്ടു നിന്ന ദർശൻ മൗനമായിരുന്നു..അവന്റെ സ്വരത്തിലെ ആധി..എല്ലാം കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചു പോകാൻ സാധിക്കുന്നില്ല.. നെഞ്ചകം ചുട്ടു പൊള്ളും പോലെ.. താരയും നേത്രയും കൂടാതെ തനിക്ക് കിട്ടിയ മൂന്നാമത്തെ പെങ്ങൾ കുഞ്ഞ് ആണ് ആമി..രക്തം കൊണ്ട് സ്വന്തം അല്ലെങ്കിലും കർമം കൊണ്ട് തന്റെ പെങ്ങൾ ആയി പ്രതിഷ്ഠിച്ചത് ആമിയേ തന്റെ ഹൃദയത്തിൽ... ഒരുപാട് അനുഭവിക്കുന്നുണ്ട് പാവം.. ഇനിയും അവളെ ചെന്നു രക്ഷിച്ചില്ലേൽ ആ പാവം പെണ്ണ് മരണത്തിന് കീഴടങ്ങും.. അതിന് അവളെ അനുവദിച്ചു കൂടാ.. പോരാത്തതിന് തേജസിന്റെ ഇടറിയ സ്വരം.. ആ സ്വരത്തിൽ കലർന്ന വേവലാതി.. വെപ്രാളം.. ഭയം.. വേദന തുടങ്ങിയ പലതരം വികാരങ്ങൾ.. °°°°°°°°°°°° തന്നെ പിടിച്ചിരിക്കുന്നവനിൽ നിന്നും കുതറി കൊണ്ടിരുന്നു ആമി..അവന്റെ ബലമായ പിടുത്തത്തിൽ നിന്ന് സ്വതന്ത്രയാവാൻ അവൾ കഴിയുന്നതും പരിശ്രമിച്ചു.. "ന്നേ.. വിട്.. വിടാൻ.. " "ഹാ.. അടങ്ങി നില്ലെടി ഊളെ.. " "എന്നേ വിടാനാ പറഞ്ഞെ... " മറുപടി നാക്ക് കൊണ്ട് ആയിരുന്നില്ല..കൈ വീശിയായിരുന്നു.. ശക്തമായ പ്രഹരത്തിൽ ആമി സീറ്റിലേക്ക് ചാഞ്ഞു പോയി.. "ഈ അർജിത്തിന്റെ കണ്ണ് വെട്ടിച്ചു നിനക്ക് മുങ്ങാം എന്ന് കരുതി അല്ലേടി പന്ന മോളെ..ഒറ്റ നിമിഷം കൊണ്ട് എനിക്ക് എടുക്കാൻ ഉള്ളതെല്ലാം ഈ ശരീരത്തിൽ നിന്ന് എടുക്കാം.. പക്ഷെ ഞാൻ നിന്നേ ഇപ്പോഴേ ഉപയോഗിച്ചു തീർക്കില്ല..അതിൽ ഒരു ത്രില്ല് ഇല്ലെന്നേ..

സാവധാനം വേദന എന്തേന്ന് അറിയിച്ചു കൊണ്ട് മാത്രം.. നിന്റെ വെണ്ണക്കൽ കൊത്തി വെച്ച പോലുള്ള മേനി ഞാൻ സ്വന്തം ആക്കും...അതല്ലേ ത്രിൽ.. " സീറ്റിലേക്ക് ചാഞ്ഞ ആമി മുഖം പൊത്തി കരഞ്ഞു കൊണ്ടിരുന്നു..അവളുടെ കരച്ചിലിന്റെ ചീളുകൾ ആ കാറിൽ അലയടിച്ചു..അതു അർജിത്തിൽ ഹരം ഏറി.. "പക്ഷെ നിന്നേ അങ്ങനെ വെറുതെ വിട്ടാൽ എങ്ങനെയാ.. " അവന്റെ ചുണ്ടിൽ ക്രൂരത നിറഞ്ഞ വശ്യമായ പുഞ്ചിരി വിടർന്നു.. സീറ്റിൽ ചാഞ്ഞിരുന്നു തേങ്ങുന്നവളെ അവൻ വശ്യമായി തന്നെ ഉറ്റു നോക്കി . കരയുന്നതിന്റെ ഫലം ആയി ചുവന്നു തുടുത്ത ചുണ്ടുകളും കവിളുകളും മൂക്കിൻ തുമ്പും കാണെ അവനെ വികാരബരിതൻ ആക്കി മാറ്റിയിരുന്നു.. മുന്നിൽ ഡ്രൈവ് ചെയ്യുന്ന തന്റെ കൂട്ടാളിയേ കണ്ണു കൊണ്ട് ആക്ഷൻ കാണിച്ചു കൊണ്ട് ആമിയേ ബലം ആയി സീറ്റിലേക്ക് കിടത്തി... അയാളുടെ ചെയ്തികൾ ഞെട്ടലോടെ അറിഞ്ഞ ആമി അവനിൽ നിന്ന് കുതറാൻ ശ്രമിച്ചു എങ്കിലും അർജിത്തിന്റെ പിടിയിൽ നിന്നും കുതറാൻ ഉള്ള ആരോഗ്യം അവൾക്ക് ഉണ്ടായിരുന്നില്ല.. അവന്റെ വലിയ ശരീരം ആ പെണ്ണിന്റെ മുകളിൽ അമർന്നതും ആമി കരഞ്ഞു കൊണ്ട് ചുണ്ട് വിതുമ്പി...അർജിത്ത് ആണേൽ ആമിയുടെ ഉടലാകെ നോക്കി കൊണ്ട് ആ ചുവന്നു തുടുത്ത അധരം തള്ളവിരലും ചൂണ്ടു വിരൽ കൊണ്ടും ഞെരിച്ചു...

ആ ചുണ്ടുകൾക്ക് ഒന്നുടെ ചുവപ്പ് ഏറി.. വിറക്കുന്നുണ്ടായിരുന്നു ആ പെണ്ണുടൽ.. അതൊരിക്കലും പിടപ്പോടെ അല്ലായിരുന്നു.. പേടിയോടെ ആയിരുന്നു.. മുഖം അവളിലേക്ക് കുനിച്ചു കൊണ്ട് ആ ചോര തൊട്ടെടുക്കാൻ പാകത്തിൽ ഉള്ള കവിളിൽ കുത്തി പിടിച്ചു ആ ചുണ്ടുകൾ അയാൾ വായ്ക്കുള്ളിൽ ആക്കി.. ആ ചുവന്ന ചുണ്ടുകളിൽ പല്ലുകൾ ആഴ്ത്തിയ അവൻ ഒരുതരം ഭ്രാന്തോടെ കടിച്ചു വലിച്ചു.. ഉമിനീരിൽ ഉപ്പു രസം അറിഞ്ഞതും അരച്ച് ചവക്കും പോലെയാ ചുണ്ടുകളെ പല്ലുകൾ കൊണ്ട് പൊട്ടി മുറിച്ചു കൊണ്ട് അവളിൽ നിന്ന് അകന്നു നിന്നു... കിതപ്പോടെ അവളിൽ നിന്ന് അകന്നു നിന്ന അർജിത് ഒരുതരം വിജയിലാശ്രളിത ഭാവത്തോടെ സീറ്റിൽ കിടന്നു പുളയുന്നവളെ നോക്കി.. തന്റെ ചെയ്തികൾ മൂലം പൊട്ടി നറുനാശം ആയ ചുണ്ടുകൾ കാണെ അർജിത്തിൽ പുച്ഛത്തോടെ ഉള്ള ചിരി വിടർന്നു.. വിരലിനടിയിൽ കുത്തി വെച്ച സിഗരറ്റ് ചുണ്ടിൽ വെച്ചു കൊണ്ട് ലൈറ്റർ എടുത്തു കത്തിച്ച അവൻ പുക ഊതി വിട്ടു... എ സി ഇട്ടു ഗ്ലാസ് അടച്ച കാറിനുള്ളിൽ പുക നിറഞ്ഞതും അതിന്റെ ഗന്ധം ആമിയേ മനം മടുപ്പിച്ചു.. കൂടാതെ തന്റെ ശരീരത്തിൽ ഇഴയുന്ന അർജിത്തിന്റെ കരങ്ങൾ.. എല്ലാം അവളെ ചുട്ടു പൊള്ളിക്കും പോലെ..ഒന്ന് തട്ടി മാറ്റാൻ സാധിക്കുന്നില്ല..

അവന്റെ ക്രൂരമായ ചെയ്തിയിൽ ജീവൻ നഷ്ടപ്പെട്ടത് പോലെ..ചുണ്ട് ഒന്നാകെ നീറി പുകയുന്നു.. രക്തം നിൽക്കുന്നില്ല.. വായിൽ ആകെ രക്തം... ഒന്ന് അലറി കരയാൻ പോലും തോന്നി പോയി അവൾക്ക്.. ഈ പോകുന്ന കാർ എവിടെ എങ്കിലും പോയി ഇടിച്ചു താൻ ഒന്ന് മരിച്ചു പോയെങ്കിൽ.. ഉള്ളിലെ ചിന്തകൾക്കുമപ്പുറം അവൾ അതിയായി ആഗ്രഹിച്ചു പോയിരുന്നു.. °°°°°°°°°°° കുറച്ചു നേരത്തെ യാത്രക്ക് ഒടുവിൽ അർജിത്തിന്റെ സ്കോർപിയോ ആമിയുടെ വീടിനു മുന്നിൽ ആയി വന്നു നിർത്തി.. വണ്ടി നിന്നതു അറിഞ്ഞു എഴുനേൽക്കാൻ ശ്രമിച്ച ആമിയേ അർജിത്ത് പിടിച്ചിറക്കി...അവളുടെ മുടി കുത്തിൽ പിടിച്ചു വലിച്ചു അവൻ അവളെ നിലത്തേക്ക് വലിച്ചിട്ടു.. ശബ്ദം കേട്ട് വീട്ടിലുള്ളവർ മുഴുവനും ഇറങ്ങി വന്നു.. അതുവരെ ക്രൂരമായ ഭാവത്തോടെ നിന്ന അർജിത്തിൽ വേദന നിറഞ്ഞു.. കാശിനാഥനെയും രാംനാഥ്‌നെയും അവൻ ദയനീയമായി നോക്കി "വരാൻ കൂട്ടാക്കിയില്ല.. അൽപ്പം ബലം പ്രയോഗിക്കേണ്ടി വന്നു.." ആട്ടിൻ തോലിട്ട ചെന്നായ എന്നൊരു അപരനാമം ചേർക്കാൻ അനുയോജ്യനായ അർജിത്ത് കണ്ണിൽ വേദന നിറച്ചു കാശിനാഥനെ നോക്കിയതും അയാൾ നിലത്ത് ഇരിക്കുന്ന ആമിയേ നോക്കി.. അവശയായിരിക്കുന്നു. കണ്ണിൽ നീർത്തിളക്കം.. തന്നെ കണ്ടത് കൊണ്ട് ആകാം.. ആ നീലമിഴികൾ വിടർന്നു..

എന്നാൽ കാശിയുടെ തീക്ഷണമായ നോട്ടത്തിൽ പതറി പോയ ആമി മിഴികൾ താഴ്ത്തി.. അവളുടെ കോലം കണ്ട് കബനിയും രേഷ്മയും പൂജയും പല്ലവിയും മുഖത്തോട് മുഖം നോക്കി..ആരോ ഉപദ്രവിച്ച പോലുള്ള കോലം. വായിൽ നിന്ന് രക്തം തുപ്പുന്നവളെ അവർ ഞെട്ടലോടെ നോക്കി.. കബനിക്ക് ആയിരുന്നു കൂടുതൽ സങ്കടം.. ആ പെൺകുട്ടിയുടെ യാതന കാണാൻ കഴിയാതെ ആണ് പേര് ഏതെന്നോ ആരെന്നോ അറിയാത്ത ഒരുത്തന് അവളെ ഏൽപ്പിച്ചത്.. എന്നാൽ അർജിത്ത് അവളെ അവിടെ പോയി വലിച്ചിറക്കി കൊണ്ട് വന്നിരിക്കുന്നു.. "ഇനി എന്തു നോക്കി നിൽക്കാ എല്ലാവരും..മുഹൂർത്തം ആവും മുന്നേ ഇവളെ മണ്ഡപത്തിൽ കയറ്റിയിരിക്കണം.. അവളെ ഒരുക്കുന്നതിന് ഉള്ള തയ്യാർ എടുപ്പുകൾ എടുത്തോളൂ.. പൂജേ.." ആമി ഞെട്ടി കൊണ്ട് ചുറ്റും നോക്കി.. അതെ കല്യാണനത്തിന് ആയി ഒരുങ്ങി കെട്ടിയ വീട്.. പന്തൽ കെട്ടി വീടും പരിസരവും മനോഹരം ആക്കി മാറ്റിയിരിക്കുന്നു.. തങ്ങളെ ഉറ്റുനോക്കുന്ന ഒരുപാടു കുടുംബാംഗങ്ങൾ..ബന്ധുക്കൾ.. നാട്ടുകാർ.. ഇവന്റ് വർക്കേഴ്സ്..ഇന്നത്തെ ദിവസം.. ഈ ദിവസത്തേക്ക് ആയിരുന്നു. അന്ന് നടത്തിയ എൻഗേജ്‌മെന്റിൽ ഫിക്സ് ചെയ്ത ഡേറ്റ്.. അതിന്നായിരുന്നു.. ആമിയിൽ ഒരുതരം പേടി ഉടൽ എടുത്തു.. തന്നെ പരിഹാസത്തോടെ നോക്കുന്ന അർജിത്തിനെ കാണെ ആ കണ്ണുകളിൽ ഭയം നിറഞ്ഞു.. "എ.. എന്താ അച്ഛാ.. " പൂജ വിളിക്ക് ഉത്തരം നൽകി.. പേടിയോടെ ആയിരുന്നു റാമിന്റെ വിളിക്ക് പൂജ ഉത്തരം നൽകിയത്..

എതിർക്കാൻ വയ്യ.. അതിന്റെ ദേഷ്യം കൂടേ ആമിയേച്ചിയോട് തീർക്കും.. "ഈ എരണം കെട്ടവളെയും കൊണ്ട് മുറിയിലേക്ക് ചെല്ല്..അവിടെ ബ്യൂട്ടീഷ്യൻ ഉണ്ട്..ഒരുക്കാൻ പറ..പറഞ്ഞ മുഹൂർത്തത്തിൽ കല്യാണപെണ്ണ് ആയി അവൾ വന്നിരിക്കണം... " അതിനും പൂജ പേടിയോടെ തലയാട്ടി.. ശേഷം കബനിയേ നോക്കി ആ അമ്മ ദയനീയമായി നോക്കിയതും പൂജ പല്ലവിയെ കണ്ണ് കൊണ്ട് വരാൻ കാണിച്ചു കൊണ്ട് പതിയെ ആമിയിലേക്ക് നടന്നു.. റെഡ് കാർപെറ്റ് വിരിച്ച നിലത്ത് നിർവികാരമായ ഇരിക്കുന്ന ആമിയുടെ തോളിൽ പൂജ പതിയെ കൈ വെച്ചു.. ആമി അവളെ തല ഉയർത്തി നോക്കി.. ആ നിറഞ്ഞ കണ്ണുകൾ കാണെ പൂജ ചുണ്ടിൽ വരുത്തിച്ച ചിരിയോടെ നോക്കി.. പതിയെ രണ്ട് പേരും കൂടേ ആമിയേ എഴുന്നേൽപ്പിച്ചു.. ആമിയാണേൽ ജീവൻ ഇല്ലാത്തൊരു ശരീരം പോലെ അവരുടെ കൂടേ നടന്നു.. കാലുകൾ വേച്ചു നടന്നു പോകുന്നവളെ കബനിയും രേഷ്മയും വേദനയോടെ നോക്കി എന്തെല്ലാം അനുഭവിക്കണം.. !! റാമിനും കാശിയും ഈ കാഴ്ചകൾ സംശയത്തോടെ നോക്കി നിന്ന തന്റെ കുറച്ചു ബിസ്സിനെസ്സ് പാർട്ണർസ് കണ്ടതിൽ നാണക്കേട് തോന്നി.. എങ്കിലും കൂടുതൽ നാണം കെടാതെ അവളെ തിരികെ കിട്ടിയെല്ലോ.. അതിൽ അവർ അർജിത്തിനോട് മനസ്സിൽ നന്ദി പറഞ്ഞു..

കല്യാണത്തിനു ക്ഷണിച്ചവർ ഒക്കെ വരുന്നതേ ഒള്ളു.. അതുകൊണ്ട് തന്നെ ഈ നാണംകെടുന്ന കാഴ്ച്ച കുറച്ചു ബന്ധുക്കളും കുടുംബാംഗങ്ങളും തങ്ങളുടെ കുറച്ചു ഫ്രണ്ട്സും... പിന്നേ അർജിത്തിന്റെ ഫാമിലിയാണ്.. അവർക്ക് മുന്നിൽ തങ്ങളുടെ ഇമേജ് മൊത്തം ഡാമേജ് ആയത് പോലെ... റാമും കാശിയും മണ്ഡപത്തിനു വേണ്ട ഒരുക്കങ്ങൾക്ക് ആയുള്ള തിരക്കിൽ ഏർപ്പെട്ടു.. ഒരുതരം ഒളിച്ചോട്ടം പോലെ. °°°°°°°°°°°°° ഇന്റർവ്യൂ കഴിഞ്ഞിറങ്ങിയ വെണ്ണില അത്യധികം സന്തോഷത്തോടെ ബാഗ് നെഞ്ചോട് ചേർത്തു നടന്നു... സർവകാലശാലയ്ക്ക് ഉള്ളിലൂടെ നടക്കുമ്പോൾ അവളുടെ ചൊടികളിൽ നനുത്ത പുഞ്ചിരി വിടർന്നു... ഇനി മുതൽ ഇവിടുത്തെ ഫിലോസഫി ഡോക്ട്ടറേറ്റ് പഠനത്തിൽ താനും പങ്കാളിയാണ്.. ഇവിടുത്തെ ഒരു വിദ്യാർത്ഥിയായി മാറിയിരിക്കുകയാണ് താനും.. റോഡിനു ഇരുവശവും നട്ട് പിടിപ്പിച്ച ബുഷ് ചെടിയുടെ അരികിലൂടെ അവൾ നടന്നു.. പുറത്തേക്ക് കടക്കാൻ ഉള്ള കവാടത്തിലൂടെ പുറത്തേക്ക് നടന്ന വെണ്ണില ഫോൺ എടുത്തു ദേവേട്ടൻ എന്ന് സേവ് ചെയ്ത നമ്പറിലേക്ക് ഡയൽ ചെയ്തു കാതോട് ചേർത്തു.. റിങ് ചെയ്യുന്നുണ്ട്.. പക്ഷെ എടുക്കുന്നില്ല.. ആ കണ്ണുകളിൽ പരിഭവം നിറഞ്ഞു. അതിന്റെ ഫലം എന്നോണം കീഴ്ചുണ്ട് പുറത്തേക്ക് ഉന്തി.. ക്ലാസ്സ്‌ എടുക്കുകയാവും..

ശല്യം ചെയ്യണ്ട.. സ്വയം പറഞ്ഞു മനസ്സിൽ ആക്കിയവൾ ബസ് സ്റ്റോപ്പ്‌ ലക്ഷ്യം വെച്ചു നടന്നു.. ഇവിടെ നിന്നും മൂന്ന് കിലോമീറ്റർ ദൂരം യാത്രയുണ്ട്.. എങ്കിലും തന്റെ വീട്ടിലേക്ക് പോകാൻ ആണ് എളുപ്പം.. ദർശന്റെ വീട്ടിലെക്ക് പിന്നെയും ദൂരം ഉള്ളത് കൊണ്ടും അവൻ അവളുടെ വീട്ടിലേക്ക് പോകാൻ പറഞ്ഞത് കൊണ്ടും തന്റെ നാട്ടിലൂടെ ഓടുന്ന ബസ് വന്നപ്പോൾ വെണ്ണില അതിൽ കയറി.. ബസിൽ തിരക്ക് കുറവാണ്.. ഒഴിവുള്ള ഒരു സീറ്റിൽ ഇരിപ്പ് ഉറപ്പിച്ച വെണ്ണില ബസ് നീങ്ങിയതും പുറത്തേക്ക് കണ്ണ് നട്ടിരുന്നു.. °°°°°°°°°°°°° "മോളെ.. വാ മുഹൂർത്തത്തിന് സമയം ആയി.. " കബനിയുടെ ശബ്ദം ആയിരുന്നു ആമിയേ സ്വബോധം വീണ്ടെടുത്തത്.. അവരുടെ മുഹൂർത്തം എന്നൊരു വാക്ക് കേൾക്കെ ആമി അവരെ ദയനീയമായി നോക്കി..അവരുടെ കലങ്ങി മറിഞ്ഞ കണ്ണുകൾ കാണെ ആമിയൊന്നു ചിരിക്കാൻ ശ്രമിച്ചു.. വിഫലം ആയിരുന്നു... ബ്യൂട്ടീഷ്യൻ വന്നു ഒരുക്കിയതാണ്.. അവൾ സ്വയം മുന്നിൽ ഉള്ള വലിയ കണ്ണാടിയിൽ നോക്കി.. ചുവന്ന ലഹങ്ക.. ഹെവി വർക്ക്‌ ചുവന്ന ലഹങ്കയിൽ സ്വർണമുത്ത് പതിച്ച അതിമനോഹരം ആയൊരു ആഡംബര പൂർണമായ വസ്ത്രം..ബ്ലൗസ് നാഭിച്ചുഴിക്ക് മുകളിൽ ആണ്.. അതുകൊണ്ട് തന്നെ വയറും കഴുത്തും നഗ്നമാണ്.. മുതുകും..ലഹങ്കയിൽ പതിപ്പിച്ച കല്ലുകളുടെയും മുത്തുകളുടെയും ഭാരം താങ്ങാവുന്നതിലും അപ്പുറം..തലയിൽ ഇട്ട ഹെവി വർക്ക്‌ ദുപ്പട്ടയും.. പാതി മുടിയെ പുറത്ത് കാണുന്നുള്ളൂ..

പിന്നിൽ നോർത്ത് ഇന്ത്യൻ സ്റ്റൈലിൽ കെട്ടി വെച്ച ചെമ്പൻ മുടി ഇഴകൾക്ക് ചുറ്റും മുല്ലപ്പൂക്കൾ അല്ല പകരം ചുവന്നു തുടുത്ത പനിനീർ പൂക്കൾ ആണ്..എല്ലാം കൊണ്ടും ചുവപ്പിൽ മുങ്ങി നിവർന്നത് പോലെ.. കഴുത്തിൽ രത്നം പതിച്ച മാല..അതെ രൂപത്തിൽ ഉള്ളോരു നെറ്റി ചുട്ടിയും കാതിൽ വലിയ കമ്മലുകളും.. കൈകളിൽ കട്ടിയുള്ള ഡയമണ്ട് ന്റെ വളകൾ.. തന്നെ വിറ്റാൽ കോടികൾ സമ്പാദിക്കാം എന്ന് അവൾ പുച്ഛത്തോടെ ഓർത്തു.. ശരീരത്തിൽ ഉള്ള വസ്ത്രത്തിലും ആഭരണത്തിലും തീ പിടിച്ചതായി തോന്നി അവൾക്ക്.. വല്ലാതെ ചുട്ടു പൊള്ളും പോലെ.. അറക്കാൻ കൊണ്ട് പോകുന്ന മാടിനു എന്തിനാണ് ഇത്രയും വില കൂടിയ വസ്ത്രം.. പുച്ഛത്തോടെ അവൾ ഓർത്തു.. ചുണ്ടിൽ വരഞ്ഞ റെഡ് ഷെയ്ഡ് ലിപ്സ്റ്റിക്..പൊട്ടിയ ചുണ്ടുകൾ മുറിവിനെ പോലും മറക്കും വിധം ചായം തേച്ചു പിടിപ്പിച്ചിരിക്കുന്നു.. ചുവന്ന ചായം പൂശിയ കവിളുകൾ..കരിമഷി കൊണ്ട് കറുപ്പിച്ച നീല മിഴികളും.. ആ മിഴികൾക്ക് അതിർവരമ്പുകൾ പടുത്തുയർത്തപ്പോൾ ഭംഗി കൂടിയതായി തോന്നി കബനിക്ക്..ഒരിക്കലും അവൾ കണ്ണെഴുതി കണ്ടിട്ട് ഇല്ല.. നോർത്ത് ഇന്ത്യൻ സ്റ്റൈലിൽ ഒരുങ്ങിയവളെ പൂജയും പല്ലവിയും കബനിയും രേഷ്മയും കൗതുകത്തോടെ നോക്കി.. അത്രമേൽ ഭംഗി ഉണ്ടായിരുന്നു അവളെ കാണാൻ..

പക്ഷെ ചുണ്ടിൽ പതിവ് പോലെ ഉണ്ടായിരുന്ന പുഞ്ചിരി അതവളിൽ നിന്ന് അകന്നിരിക്കുന്നു..കണ്ണുകൾ കരഞ്ഞു വീർത്തു കെട്ടിയിരിക്കുന്നു.. അതവളുടെ ഭംഗി നഷ്ടപെടുത്തും പോലെ... ആ സാഗരം പോൽ അലയടിക്കുന്ന മിഴികൾക്ക് തിളക്കം നഷ്ടപെട്ടിരിക്കുന്നു.. "കഴിഞ്ഞില്ലേ.. " വാതിൽ തുറന്നു വന്ന റാം ചോദിച്ചു.. "ക.. കഴിഞ്ഞു.. " കബനിയായിരുന്നു മറുപടി നൽകിയത്.. അവർ വേഗം ആമിയുടെ കൈകളിൽ പിടിച്ചു.. കണ്ണുകൊണ്ടു യാചിക്കുന്ന കബനിയെ കാണെ ആമി അടക്കി പിടിച്ച കരച്ചിലോടെ തലയാട്ടി.. "ന്നേ.. ന്നേ ഒന്ന് കൊന്നു തരാവോ.. " "അങ്ങനെ ഒന്നും പറയാതെ മോളെ.. മുകളിൽ ഈശ്വരൻ എല്ലാം കാണുന്നില്ലേ.. ഒരു വഴി കാണിക്കാതിരിക്കില്ല.. " അവരുടെ മറുപടി കേൾക്കെ അവൾക്ക് പുച്ഛം തോന്നി.. ഈശ്വരൻ ഇത്രയും ക്രൂരൻ ആണോന്ന് പോലും തോന്നി പോയി അവൾക്ക്.. "കരയണ്ട..മുഖത്തു ഉള്ളത് ഒക്കെ നാശം ആകും.... ". രേഷ്മ പതിയെ കൈകളിൽ പിടിച്ചു.. "പോകാം.. " അത്രയും പറഞ്ഞു കൊണ്ട് രേഷ്മ അവളെയും കൊണ്ട് മുറിക്ക് പുറത്തേക്ക് നടന്നു..പിന്നിൽ അറക്കാൻ പോകുന്ന മാടിന്റെ ലാഘവത്തോടെ ആമിയും..........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story