വെണ്ണിലാവേ..💔: ഭാഗം 6

vennilave niha

രചന: NIHAA

""ചേച്ചി പ്ലീസ്.. ചേച്ചി പറഞ്ഞാൽ ദർശൻ കേൾക്കും.. "" തനിക്ക് മുന്നിൽ നിന്ന് കെഞ്ചുന്ന നേത്രയേ വെണ്ണില നിസ്സഹായതയോടെ നോക്കി.. ""നീ തന്നെ പറഞ്ഞോ നേത്രേ.. "" കയ്യൊഴിയുന്ന മട്ടിൽ വെണ്ണില ചെറു ചിരിയോടെ പറഞ്ഞതും നേത്രയുടെ മുഖം മങ്ങി.. ""ഞാൻ പറഞ്ഞാൽ ആ തെണ്ടി കേൾക്കത്തില്ല.. ചേച്ചി പറഞ്ഞാൽ അവൻ സമ്മതിക്കും.. ഉറപ്പ്... പ്ലീസ്.. പ്ലീസ്.. നല്ല ചേച്ചി അല്ലെ.. എന്റെ ചേച്ചി പെണ്ണ് അല്ലെ.. പ്ലീ...... സ്... "" വെണ്ണിലയുടെ കൈ പിടിച്ചു കുലുക്കി കൊണ്ട് നേത്ര നീട്ടി വലിച്ചു കെഞ്ചി..കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നാണല്ലോ... 🤭 അവളുടെ കെഞ്ചൽ കണ്ട് വെണ്ണില വിളറിയ ചിരി നൽകി.. ""ശെരി.. ശെരി.. ഞാൻ പറയാം.. സമ്മതിക്കുമോ എന്ന് എനിക്ക് അറിയില്ല.. ""

അവളുടെ കാൽ പിടിച്ചുള്ള കെഞ്ചൽ സഹിക്ക വയ്യാതെ വെണ്ണില പറഞ്ഞതും നേത്രയുടെ മുഖം പ്രകാശിച്ചു.. ""അതൊക്ക അവൻ സമ്മതിക്കും.. ചേച്ചി ഒന്ന് പോയി ചോദിച്ചാൽ മതി.. "" വെണ്ണിലയേ മുന്നോട്ട് ഒന്ന് തള്ളി കൊണ്ട് പല്ലിളിച്ചു പറയുന്ന നേത്രയേ ഒന്ന് അമർത്തി നോക്കി കൊണ്ട് വെണ്ണില പതിയെ നടന്നു.. എങ്ങനെ പറഞ്ഞു തുടങ്ങും.. അറിയില്ല.. പതിയെ ചുവടുകൾ മുന്നോട്ട് ചുവടുകൾ വെച്ചു കൊണ്ട് അവൾ ഉമ്മറത്തേക്ക് നടന്നു. ഉമ്മറത്തെ കസേരയിൽ ഇരുന്നു കാലുകൾ തിണ്ണയിലേക്ക് കയറ്റി വെച്ചു ഇരിക്കുന്ന ദർശനെ കാണെ അവളിൽ വല്ലാത്തൊരു വിറയൽ രൂപപ്പെട്ടു.. ഒരു ധൈര്യത്തിന് എന്നോണം സാരിയിൽ വിരൽ ചുറ്റി കൊണ്ട് അവന്റെ അരികിൽ ആയി വന്നു നിന്നു..

അവൾക്ക് ആകെ ഒരു തരിപ്പ് പോലെ.. വിളിക്കണോ.. വേണ്ടയോ.. വിളിക്കാതെ കാര്യം പറയാതെ തിരികെ ചെന്നാൽ നേത്ര വെറുതെ വിടത്തില്ല.. പക്ഷെ.. എങ്ങനെ വിളിക്കും.. നേരത്തെ വിളിച്ചപോലെ ദേവേട്ടാ ന്ന് വിളിക്കേണ്ടി വരുവോ.. അല്ലേൽ തോണ്ടി വിളിച്ചാലോ.. ഓരോന്നും ഓർത്തവൾ നഖം കടിച്ചു... ഫോണിൽ സ്ക്രോൾ ചെയ്തിരിക്കുന്ന ദർശൻ വെണ്ണില അടുത്തു വന്നത് ഒന്നും കണ്ടില്ലായിരുന്നു.. പുള്ളി തിരക്കിട്ട പണിയിൽ ആയതിനാൽ അവൻ ശ്രദ്ധിച്ചതും ഇല്ല.. അവസാനം രണ്ടും കല്പ്പിച്ചു അവൾ വിളിക്കാൻ തീരുമാനിച്ചു.. കൈ പതിയെ നീട്ടി കൊണ്ട് അവൾ ദർശനെ തോണ്ടി.. അവളുടെ വിളി കേട്ട് തല ഉയർത്തി നോക്കിയ ദർശൻ തന്റെ തൊട്ടടുത്തു നിൽക്കുന്ന വെണ്ണിലയേ കാണെ ഒന്ന് അമ്പരന്നു..

പിന്നീട് ആ ഭാവം ഒന്നും പുറത്തേക്ക് കാണിക്കാതെ അവൻ പുരികം പൊക്കി.. ""മ്മ്.. എന്താ..? "" ""അത് പിന്നേ.. ദേവേട്ടാ.. നമ്മൾക്ക് ഒന്ന് പുറത്തേക്ക് പോയാലോ.. "" അവളുടെ ചോദ്യം കേട്ടവന്റെ കണ്ണ് തള്ളി.. ഇത് തന്റെ ഭാര്യ വെണ്ണില തന്നെ ആണോ എന്ന മട്ടിൽ അത്ഭുതത്തോടെ നോക്കിയതും വെണ്ണില വെളുക്കനെ ഇളിച്ചു.. ""അതുപിന്നെ കല്യാണം കഴിഞ്ഞിട്ട് നമ്മൾ പുറത്ത് ഒന്നും പോയില്ലല്ലോ.. എന്റെ വീട്ടിൽ മാത്രം അല്ലെ പോയൊള്ളു.. "" പിറകിലേക്ക് ഒന്ന് പാളി നോക്കി കൊണ്ട് അൽപ്പം പതർച്ചയോടെ വെണ്ണില പറഞ്ഞു.. അവളെ വാക്കുകൾ കേൾക്കെ ദർശൻ കണ്ണും മിഴിച്ചു നോക്കി.. പിന്നിലേക്ക് ഇടക്കിടക്ക് പാളി നോക്കുന്ന വെണ്ണിലയേ കണ്ട് പുരികം ചുളിച്ചു കൊണ്ട് അവൻ അവൾ നോക്കുന്നിടത്തേക്ക് പാളി നോക്കി..

അവിടെ വാതിൽ മറവിൽ നിൽക്കുന്ന നേത്രയുടെ പാറി പറക്കുന്ന ചുരിദാറിന്റെ ഷാളിന്റെ തുമ്പ് കാണെ ദർശനിൽ ചിരി പൊട്ടി.. പെണ്ണിന് തന്റെ അടുത്തു വന്നാൽ ഉള്ള പരിവാടി ആണ് ഈ പുറത്തേക്ക് ഉള്ള പോക്ക്.. അത് സ്വമേധയാ വന്നു ചോദിക്കില്ല.. അച്ഛനെയോ ലച്ചൂനെയോ കൂട്ട് പിടിക്കും.. ഇപ്പൊ നില ഉള്ളത് കൊണ്ട് അവളെ പറഞ്ഞു മയക്കി കാണും.. അവൻ ഓരോന്നും ഓർത്തു കൊണ്ട് ചിരിച്ചു..അവന്റെ ചിരി കണ്ട് വെണ്ണിലയുടെ നേത്രഗോളങ്ങൾ വികസിച്ചു.. ""ശെരി ഒരുങ്ങി നിൽക്ക്..നിന്റെ പിന്നിൽ ഒളിക്കുന്ന ആ മുതലിനെയും വിളിച്ചോ... "" ഇരിപ്പിടത്തിൽ നിന്നും എഴുനേൽറ്റു കൊണ്ട് അവൻ അവളെ പിറകിലേക്ക് പാളി നോക്കി പറഞ്ഞു.ദർശന്റെ പുഞ്ചിരി കണ്ടു വെണ്ണിലയിലും സന്തോഷം അലയടിച്ചു..

പേര് അറിയാതെ... 🥀 ___💔 ""എവിടെ പോകണം.. "" ഡ്രൈവിങ്ങിൽ നിന്ന് ശ്രദ്ധ വിടാതെ ദർശൻ ചോദിച്ചതും വെണ്ണില ചിരിയോടെ പിറകിൽ ഇരിക്കുന്ന നേത്രയേ നോക്കി.. അവൾ കണ്ണ് കൊണ്ട് പറയെന്നു കാണിച്ചതും വെണ്ണില ചെറു ചിരിയോടെ ദർശനെ നോക്കി.. ""ബീച്ചിൽ പോവാം.."" അവളെ മറുപടി കേട്ട് ദർശൻ പല്ല് കടിച്ചു.. മുന്നിലെ മിററിൽ കൂടി നോക്കി കൊണ്ട് നേത്രയേ നോക്കി കണ്ണുരുട്ടിയതും നേത്ര ഒന്നും അറിയാത്തവളെ പോലെ കാഴ്ച്ചയിൽ മുഴുകി ഇരുന്നു .. അവളെ ഒന്ന് അമർത്തി നോക്കി കൊണ്ട് ദർശൻ തന്റെ കാർ വേഗത്തിൽ മുന്നോട്ട് പായിച്ചു... വെണ്ണിലയേ നേത്ര നിർബന്ധിച്ചു ഇരുത്തിയത് ആണ് ദർശന്റെ കൂടേ മുന്നിൽ.. വെണ്ണില പലതും പറഞ്ഞു ഒഴിഞ്ഞു മാറാൻ ശ്രമിച്ചു എങ്കിലും നേത്രയുടെ വാശിക്ക് മുന്നിൽ അടിയറവ് പറയേണ്ടി വന്നു..

അവസാനം ഗെതി കെട്ട് വെണ്ണില ദർശന്റെ കൂടേ കയറി ഇരുന്നു... ഉയർന്നു വരുന്ന പരിഭ്രമം ഉള്ളിൽ അടക്കി കൊണ്ട് വെണ്ണില യാത്രയിൽ ഉടനീളം ഇരുന്നു.. ലച്ചൂനെ ഒരുപാടു വിളിച്ചെങ്കിലും ലച്ചു വരാൻ കൂട്ടാക്കിയില്ല.. ഓരോന്നും ഓർത്തവൾ സൈഡിലെ ഗ്ലാസ്സിലേക്ക് കവിൾ ചേർത്തു വെച്ചു.. സന്ധ്യസമയത്തെ സൂര്യന്റെ വെളിച്ചം ആ സ്ഫടികത്തെയും മറികടന്നു അവളുടെ മുഖത്തു തട്ടി പ്രതിഫലിച്ചു..അതവളുടെ മിഴികൾക്ക് പ്രത്യേകതിളക്കം ഏറി.. വാലിട്ടെഴുതിയ മിഴികളിൽ ആരെയും ആകർഷിക്കാൻ ഉള്ള ഒരു പ്രത്യേകതയുണ്ട്. ഏതൊരു ആളുടേയും നോട്ടം ചെന്നെത്തുന്നത് അവളുടെ മിഴികളിലേക്ക് ആണ്.അത്രമേൽ മനോഹരം ആണവ... ഇന്നാ കണ്ണുകളിൽ വിഷാദം ഇല്ല..

ആദവ് എന്ന പുരുഷന്റെ മുഖം ഉള്ളിൽ ഒരു ചോദ്യചിഹ്നം ആണെങ്കിലും ഇന്നവൾ സന്തോഷവതിയാണ്..എങ്കിലും മിഴികൾ ആദിക്ക് വേണ്ടി അലയുന്നുണ്ട്. കുറച്ചു നേരത്തെ യാത്രക്കൊടുവിൽ അവർ ബീച്ചിൽ എത്തി.. കാർ നല്ലൊരു സ്ഥലത്തു ഒതുക്കി നിർത്തിയ ശേഷം മൂവരും ഇറങ്ങി... മൂവരും അടിച്ചു വീശുന്ന കാറ്റിന്റെ ഓളത്തിനസൃതമായി മുന്നോട്ട് ചലിച്ചു.. അധികം ആൾ ഒന്നും ഇല്ലാത്ത ഒരു ഓരം നോക്കി അവർ ചെന്നു..തിരയെ പ്രണയത്തോടെ ചുംബിച്ചു പോകുന്ന കടലിനെ അവർ അത്രമേൽ കൗതുകത്തോടെ നോക്കി.. കടലിനു എന്നും പ്രണയം ആണ് തീരത്തോട്.. അടങ്ങാത്ത പ്രണയം.. ഉള്ളിൽ വേരുറച്ചു പോയ പ്രണയം.. ഒരു പാട് പ്രണയം പൂത്തുലഞ്ഞ ഇടം. പലരുടെയും ഉള്ളിലേ പ്രണയം ലോകം അറിഞ്ഞ ഇടം..

എന്നാൽ അതെ സമയം ഒരുപാടു വേദന ഉള്ളവരും ആശ്രയിക്കുന്ന ഇടം.. വിരഹവേദനകൾക്കും വേർപാടിന്റെ വേദനകൾക്കും ആശ്വാസം ഏകുന്ന കടലും തിരയും.. ആ കമിതാക്കൾ എന്നും ഒരു അത്ഭുതം തന്നെ ആണ്.. ഓരോ ചുംബനങ്ങളും നൽകി പോകുന്ന തന്റെ പ്രണയത്തെ കാത്തിരിക്കുന്ന തീരവും.. ഇനിയും വരും എന്ന ഉറപ്പ് നൽകി പോകുന്ന കടലും... മനോഹരം ആണവ.. അത്രമേൽ മനോഹരം.. കടൽ കണ്ട സന്തോഷം കൊണ്ട് നേത്ര ആർപ്പു വിളിച്ചു കൊണ്ട് വെള്ളത്തിലേക്കു പാഞ്ഞു.. അവളെ ഓട്ടം കണ്ട വെണ്ണില കുലുങ്ങി ചിരിച്ചു.. കൊച്ചു കുട്ടികളുടെ സ്വഭാവം ആണ് നേത്രക്ക്.. ഒരു അടുക്കും ചിട്ടയും ഇല്ലാതെ കലപില കൂട്ടി വാ തോരാതെ സംസാരിച്ചു നടക്കുന്ന ഒരു വായാടി പെണ്ണ്..

മറ്റുള്ളവർ എന്തു വിചാരിക്കും എന്നുള്ള ഒരു ചിന്തയെ അവൾക്ക് ഇല്ല.. അതുകൊണ്ട് തന്നെ അവൾ ഏറെ സന്തോഷവതിയാണ്... ചിലപ്പോൾ നല്ല പക്വതയോടെ സംസാരിക്കുന്നതും കാണാം.. ""ചേച്ചി വാ.. നല്ല രസം ഉണ്ട് ചേച്ചി.. ദർശാ.. വാ.. "" വെണ്ണിലയുടെ കൈ പിടിച്ചു മുന്നോട്ട് വലിച്ചു കൊണ്ട് നേത്ര ഓടി..അവളുടെ കൂടേ സാരിയും പൊക്കി പിടിച്ചു ഓടാൻ ആവുന്നില്ലായിരുന്നു വെണ്ണിലക്ക്.. അടിച്ചു വീശുന്ന തിരമാല അവളുടെ വെളുത്തു ചുവന്ന കാലുകളെ ഈറൻ അണിയിച്ചു കൊണ്ട് പോയതും കാലിൽ ഇക്കിളി കൂട്ടിയതിന്റെ ഫലം ആയി ഒന്ന് പുളഞ്ഞു കൊണ്ട് സാരിയും മുൻഭാഗം ഒന്ന് ഉയർത്തി പിടിച്ചു.. വെള്ളത്തിലേക്ക് ആയി ഇറങ്ങി ചെന്ന അവളുടെ മിഴികളിൽ അത്ഭുതം നിറഞ്ഞു.. ഒത്തിരി തവണ വന്നിട്ട് ഉണ്ട്..

എങ്കിലും കടൽ കാഴ്ച കണ്ട് കണ്ണ് കടക്കാർ ഇല്ല.. ____💔 ശക്തിയോടെ അടിച്ചു വീശാൻ വെമ്പി വരുന്ന ഒരു തിരമാലയേ കണ്ട് നേത്ര ഒന്ന് ഉയർന്നു കൊണ്ട് ആ തിരമാലയിലേക്ക് എടുത്തു ചാടി.. അവളുടെ ചാട്ടത്തിന്റെ ഫലം ആയി വെണ്ണിലയിടെ മേലേക്ക് വെള്ളം തെറിച്ചതും വെണ്ണില പിറകിലേക്ക് ഒന്ന് വേച്ചു.. എന്നാൽ ആരുടെയോ നെഞ്ചിൽ തട്ടി നിന്ന വെണ്ണില പിടപ്പോടെ തല ചെരിച്ചു നോക്കിയതും തന്നെ ഉറ്റു നോക്കുന്ന ദർശനെ കാണെ തറഞ്ഞു നിന്നു..തന്നെ ഉറ്റുനോക്കുന്ന ദർശനെ കാണെ അവളുടെ ഹൃദയതാളം ഉച്ചത്തിൽ ആയതു പോലെ. കൈകാലുകൾക്ക് വിറയൽ അനുഭവപ്പെടുന്നത് പോലെ.. ഇരുവരുടെയും മിഴികൾ പരസ്പരം കോർത്തു.. പരസ്പരം കഥകൾ കൈമാറി..അടിവയറ്റിൽ മഞ്ഞു വീഴും പോലെ.. മിഴികളിലെ പിടിപ്പും അവളുടെ വിറക്കുന്ന ശരീരവും..

എല്ലാം അറിയവേ ഇതൊരു പൊതു ഇടം ആണെന്ന് ഉള്ള ബോധം ഉദിക്കവേ അവൻ മനസ്സില്ലാമനസ്സോടെ മിഴികൾ പിൻവലിച്ചു.. അവൻ നോട്ടം മാറ്റിയത് അറിഞ്ഞ വെണ്ണില ഞെട്ടി പിടഞ്ഞു കൊണ്ട് അവനിൽ നിന്ന് അകന്നു.. മുഖത്തു നോക്കാൻ പ്രയാസം തോന്നി അവൾക്ക്.. ഒരുമാത്രെ താനും അറിയാതെ ആ മിഴികളിൽ ലയിച്ചു പോയി..മീശക്ക് ഇടയിലേക്ക് ഒളിഞ്ഞു നോക്കുന്ന ആ ഇളം ചുവപ്പ് ചുണ്ടുകളിൽ കണ്ണുകൾ ഉടക്കി പോയി... ഓരോന്നും ഓർത്തവൾ സ്വയം തലക്ക് കൊട്ടി കൊണ്ട് മുന്നോട്ട് നോട്ടം പായിച്ചു.. ""വാ... "" പെട്ടന്ന് അവളുടെ കൈ വലിച്ചു കൊണ്ട് ദർശൻ വെള്ളത്തിലേക്ക് ഇറങ്ങി ചെന്നു.. അവൻ പിടിച്ച കൈകളിലേക്ക് വെണ്ണില പിടപ്പോടെ ഉറ്റു നോക്കി.. തന്റെ കാലിണകളെ നനയിച്ചു പോകുന്ന തിരമാലയുടെ സ്പർശം അറിയവേ അവൾ അവനിൽ നിന്നുള്ള നോട്ടം മാറ്റി...

എങ്കിലും അവൻ പിടിച്ചിരിക്കുന്ന തന്റെ കൈകളിലേക്ക് അവൾ ഇടക്ക് ഇടക്ക് ഇടംകണ്ണാലെ പാളി നോക്കി കൊണ്ടിരുന്നു.. തിരികെ പോകുന്ന തിരമാലയുടെ ഗതിക്ക് അനുസരിച്ചു ഊർന്നു പോകുന്ന കാലിനടിയിലെ മണൽ അവിടം അവളുടെ കാൽപാദത്തിന്റെ അടയാളം പതിപ്പിച്ചു... നോട്ടം മാറ്റിയ അവൾ സമുദ്രത്തിലേക്ക് മുങ്ങി താഴാൻ വെമ്പുന്ന സ്വർണം പൂശിയ സൂര്യനേ വിടർന്ന മിഴിയാലെ ഇമ ചിമ്മാതെ നോക്കി നിന്നു .. ഉള്ളിൽ അലയടിക്കുന്ന അതിയായ സന്തോഷം.. പേര് അറിയാത്തൊരു അനുഭൂതി .. 🥀 ____💔 ""എന്താ വേണ്ടേ..? "" കടൽകാഴ്ച ഒക്കെ കണ്ട് നേരം ഇരുട്ടിയപ്പോൾ ഇനി അവിടെ രണ്ടു പെൺകുട്ടികളേം കൊണ്ട് നിൽക്കുന്നത് അത്ര പന്തിയല്ലെന്നു തോന്നിയതും ദർശൻ ഇരുവരെയും കൂട്ടി അവിടെ നിന്നും വിട്ടു..

നേത്ര പോരാൻ കൂട്ടാക്കിയില്ല എങ്കിലും ദർശൻ അവളെ വലിച്ചു കൊണ്ട് പോന്നു.. മൂവരും രാത്രിയിലെ ഭക്ഷണം കഴിക്കാൻ അടുത്തുള്ള ഒരു റെസ്റ്റോറന്റിൽ കയറിയത് ആണ്.. ദർശന്റെ ചോദ്യം കേട്ട് വെണ്ണില നേത്രയേ നോക്കി.. ""എന്റെ പൊന്നു നിലെ നിനക്ക് പ്രത്യേകിച്ച് ഒരു ഇഷ്ട്ടവും ഇല്ലേ..എല്ലാം ഇവളോട് ചോദിക്കാൻ.. "" അൽപ്പം ശബ്ദം ഉയർത്തി കൊണ്ട് ദേഷ്യത്തോടെ ദർശൻ ചോദിച്ചത് നേത്രയും അതിനെ ശെരി വെച്ച്.. ""അതെ.. ചേച്ചി എന്താ ഇങ്ങനെ..സ്വന്തം ആയിട്ട് ഒരു ഇഷ്ട്ടവും ഇല്ലേ.. ശെരിയാ പുറത്തേക്ക് പോവാനും അത് ബീച്ചിലേക്ക് ആക്കാനും ഒക്കെ ഞാൻ പറഞ്ഞു എന്നുള്ളത് നേരാ.. പക്ഷെ എല്ലാത്തിനും എന്നേ നോക്കിയാൽ എങ്ങനെയാ..ചേച്ചിക്ക് ഇഷ്ട്ടം ഉള്ളത് എന്താന്ന് വെച്ചാൽ അങ്ങ് ദർശനോട് പറഞ്ഞൂടെ.. എല്ലായിപ്പോഴും ഞാൻ ഉണ്ടാവില്ലല്ലോ.. "" ഒന്ന് നിർത്തിയ നേത്ര വീണ്ടും തുടർന്നു...

""ചേച്ചി പറ ചേച്ചിക്ക് എന്താ വേണ്ടത് എന്ന് ..മടിക്കാനൊന്നും ഇല്ല.. കൂടേ ഉള്ളത് ചേച്ചിയുടെ ഭർത്താവും അനിയത്തിയും അല്ലെ.. അതുകൊണ്ട് പറ... "" നേത്രയുടെ പക്വതയോടെ ഉള്ള വാക്കുകൾ കേട്ട് ദർശനിൽ അമ്പരപ്പ് നിറഞ്ഞു..അത്ഭുതത്തോടെ അവളെ ഉറ്റു നോക്കി.. ""നിനക്ക് ഇങ്ങനെ ഒക്കെ സംസാരിക്കാൻ അറിയോ കുഞ്ഞീമ.. "" പൊട്ടി വരുന്ന ചിരിയെ അടക്കി കൊണ്ട് ദർശൻ ചോദിച്ചതും നേത്രയുടെ കണ്ണ് കൂർത്തു... ""കുഞ്ഞീമ നിന്റെ.. ദേ ദർശാ എന്നേ കൊണ്ട് പറയിപ്പിക്കരുത്.. ഞാൻ നിന്നോട് എത്ര പറഞ്ഞിട്ട് ഉണ്ടെടാ മരവാഴേ എന്നേ ആ പേര് വിളിക്കരുത് എന്ന് .. എനിക്ക് ഇഷ്ട്ടം അല്ല ആ പേര്.. മനുഷ്യൻ ഇവിടെ സീരിയസ് കാര്യം പറയുമ്പോഴാ അവന്റെ ഒരു... ""

നേത്ര ബാക്കി പറയാതെ ചുണ്ട് അനക്കി തെറി വിളിച്ചു കൊണ്ട് പിന്നിലേക്ക് ചാഞ്ഞു മാറിൽ കൈ കെട്ടി പിണങ്ങി ഇരുന്നു...അവളുടെ ഓരോ ചെയ്തികളും നോക്കി നിന്ന ദർശിലും വെണ്ണിലയിലും ചിരി പടർത്തി.. പരസ്പരം നോക്കി ചിരിച്ചു കൊണ്ട് അവർ നേത്രയേ നോക്കി.. ദർശന്റെ ചിരി കണ്ട് സഹിക്ക വയ്യാതെ നേത്ര കണ്ണുരുട്ടി.. ""പോടാ പട്ടി.. "" അവനെ നോക്കി കൊഞ്ഞനം കുത്തി അത്രയും വിളിച്ചു കൊണ്ട് നേത്ര വെണ്ണിലയിലേക്ക് തിരിഞ്ഞു.. ""ചേച്ചി പറ.. ചേച്ചിക്ക് എന്താ വേണ്ടേ.. "" ""മസാലദോശ.. "" അൽപ്പം പോലും നേരം വൈകിക്കാതെ വെണ്ണിലയിൽ നിന്ന് മറുപടി വന്നതും നേത്ര ചിരിച്ചു.. ""ദർശാ മൂന്ന് മസാലദോശ.. "" അതിന് അവൻ ചിരിയോടെ തലയാട്ടി കൊണ്ട് ഓർഡർ കൊടുക്കാൻ ഇരിപ്പിടത്തിൽ നിന്നും എഴുനേൽറ്റു പോയി......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story